"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 8, വെള്ളിയാഴ്‌ച

സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയ്യണമോ? - സഞ്ജയ് സിംഗ്വി


ഒരു നൂറ്റാണ്ടു കാലമായിട്ട് സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയ്യുന്നതിനെ കുറിച്ചുള്ള സംവാദങ്ങള്‍ നടന്നു വരികയാണ്. 1917-ലാണ് സാര്‍വ്വദേശീയ തൊഴില്‍ സംഘടന (ഐഎല്‍ഒ) രൂപീകരിക്കപ്പെട്ടത്. 1919-ല്‍ തന്നെ സ്ത്രീകളുടെ രാത്രി ജോലിയുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷന്‍ (കണ്‍വെന്‍ഷന്‍ നമ്പര്‍ 4) നടക്കുകയുണ്ടായി. ഈ കണ്‍വെന്‍ഷന്‍ 1934ലും 1948ലും യഥാക്രമം കണ്‍വെന്‍ഷന്‍ നമ്പര്‍ 41-ഉം 89-ഉം മുഖേന വീണ്ടും സംഘടിപ്പിക്കപ്പെട്ടു. ദേശീയമായ അടിയന്തിര സാഹചര്യങ്ങളിലും പ്രകൃതി ക്ഷോഭങ്ങളുടെ വേളകളിലും ഒഴികെ രാത്രി സമയങ്ങളില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിര്‍ദ്ദേശമാണ് ഈ കണ്‍വെന്‍ഷനുകള്‍ മുന്നോട്ടു വെച്ചത്. രാത്രിയിലെ 11 മണിക്കൂറുകളാണ് ഇതിന് വേണ്ടി കണക്കാക്കപ്പെടുന്നത്. രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് തുടര്‍ച്ചയായ 7 മണിക്കൂറുകള്‍ ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്. മാനേജീരിയല്‍ സ്ഥാനങ്ങളിലും ഉത്തരവാദപ്പെട്ട സാങ്കേതിക വിദ്യാപദവികളിലും ഉള്ള സ്ത്രീകളെ കണ്‍വെന്‍ഷന്‍ ഒഴിവാക്കിയിട്ടുണ്ട്. വ്യവസായങ്ങള്‍, ഖനികള്‍, ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങള്‍, ഷിപ്പ്‌യാര്‍ഡുകള്‍, കെട്ടിട നിര്‍മ്മാണ സൈറ്റുകള്‍ തുടങ്ങിയ മേഖലകളെയായിരുന്നു കണ്‍വെന്‍ഷന്‍ പ്രതിപാദിച്ചത്. ഈ കണ്‍വെന്‍ഷനുകളില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് പ്രത്യേകം പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇവിടങ്ങളില്‍ കോടതിയുടെ പ്രവര്‍ത്തന മേഖല ഫാക്ടറികളിലും ഖനികളിലു മായി നിയന്ത്രിക്കപ്പെട്ടതായിരുന്നു. ഇന്ത്യ ഭരണഘടന അംഗീക രിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍, 1950 ഫെബ്രുവരി 27ന് കണ്‍വെന്‍ഷനെ അംഗീകരിച്ചു. 

1948ലെ ഫാക്ടറി ആക്ടിന്റെ സെക്ഷന്‍ 66(1)ബി ഇപ്രകാരം പ്രസ്താവിക്കുന്നു: പകല്‍ ആറു മണി മുതല്‍ രാത്രി 7 വരെയല്ലാതെ സ്ത്രീകളെ ഒരു ഫാക്ടറിയിലും ജോലികള്‍ ചെയ്യിക്കാന്‍ പാടുള്ളതല്ല. 1976ലെ അടിയന്തിരാവസ്ഥക്കാലത്ത് ഇതില്‍ ഭേദഗതി വരുത്തുകയുണ്ടായി. 1976ലെ 94-ാം ഭേദഗതി ഇപ്രകാരമാണ്: രാവിലെ 6 മണിയ്ക്കും വൈകീട്ട് 7 മണിയ്ക്കും ഇടയിലുള്ള സമയത്തല്ലാതെ സ്ത്രീകളെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയോ അനുവദിയ്ക്കുകയോ ചെയ്യരുത്. 

മല്‍സ്യസംസ്‌കരണ മേഖലയിലെ സ്ത്രീകളെമേല്‍പ്പറഞ്ഞ സെക്ഷന്‍ 66(1)ബി പ്രകാരമുള്ള സമയപരിധിയില്‍ നിന്ന് ഒഴിവാക്കിയെടു ക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ സെക്ഷന്‍ 66(2) ഉപയോഗപ്പെടുത്തിയപ്പോള്‍ പറഞ്ഞ ന്യായീകരണം ഇങ്ങിനെ ചെയ്യുന്നത് അസംസ്‌കൃത വസ്തുക്കള്‍ നശിച്ചു പോകാതിരി ക്കാന്‍ വേണ്ടിയാണെന്നായിരുന്നു. 1963ലെ മഹാരാഷ്ട്ര ഫാക്ടറീസ് റൂള്‍സിലെ 102-എ നിയമം അനുസരിച്ച് (ഈ നിയമം അവതരി പ്പിക്കപ്പെട്ടത് 2005ല്‍ ഉണ്ടാക്കിയ ഭേദഗതി മുഖേനയായിരുന്നു.) വീട്ടില്‍ നിന്നും തിരിച്ചും സൗജന്യ യാത്രാസൗകര്യങ്ങള്‍, ക്രഷുകള്‍, വിശ്രമ മുറികള്‍ തുടങ്ങിയവ മല്‍സ്യസംസ്‌കരണ മേഖലയിലെ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഇത്തരത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വെയ്ക്കുന്ന സംരക്ഷണ നിര്‍ദ്ദേശങ്ങളിലൊന്നാണ്. 

1990ല്‍ ലോക സാമ്പത്തിക രംഗത്ത് നവ ഉദാരീകരണ നയങ്ങള്‍ ശക്തിപ്പെടുകയായിരുന്നു. ഐഎല്‍ഒ കണ്‍വെന്‍ഷന്‍ നമ്പര്‍ 89ല്‍ ഒരു നിയമം കൊണ്ടുവരികയുണ്ടായി. ഇതിന്റെ ഫലമായി രാത്രി ജോലി സമയത്തെ മണിക്കൂറുകളുടെ കാര്യത്തിലും നൈറ്റ് ഷിഫ്റ്റുകള്‍ക്ക് സ്ത്രീകള്‍ക്കുണ്ടായ നിരോധനത്തിന്റെ കാര്യ ത്തിലും വ്യതിയാനമുണ്ടായി. ഉദ്യോഗസ്ഥരുടെയും തൊഴിലാളി കളുടെയും ഉത്തരവാദപ്പെട്ട സംഘടനകളെന്നു വിവക്ഷിക്കുന്ന വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു തീരുമാനിച്ചതാണ് ഇത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നിയമത്തിന്റെ ഫലമായി ചില സ്ഥാപനങ്ങളില്‍ നൈറ്റ് ഷിഫ്റ്റ് അനുവദിക്കുന്ന തിനുള്ള ഉടമ്പടികള്‍ ഒപ്പു വെയ്ക്കപ്പെടുക കൂടിയുണ്ടായി. ഇത്തരത്തില്‍ നൈറ്റ് ഷിഫ്റ്റുകള്‍ ഏര്‍പ്പാടാക്കുന്നതിന് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമുള്ളതാണ്. ഗര്‍ഭിണികള്‍ക്ക് പ്രസവത്തിന് മുമ്പും പിമ്പും ആയി 15 ആഴ്ചയെങ്കിലും അവധി നല്‍കേണ്ടതുണ്ട്. അതില്‍ ചുരുങ്ങിയത് 8 ആഴ്ചയെങ്കിലും പ്രസവത്തിന് മുമ്പ് അവധി നല്‍കേണ്ടതുണ്ട്. 1990ലെ ഈ പ്രോട്ടോക്കോള്‍ ഇന്ത്യയും അംഗീകരിച്ചു. 

സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയ്യുന്നതിലുള്ള നിബന്ധനകള്‍ പല കാരണങ്ങള്‍ പറഞ്ഞു കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നല്‍കുന്ന സംരക്ഷണം വിവേചനം ഇല്ലാതാക്കനാ ണോ അതോ കൂടുതല്‍ അസമത്വം വളര്‍ത്താനാണോ എന്ന കാര്യമായിരുന്നു കോടതികളില്‍ ഉന്നയിക്കപ്പെട്ടത്. 1999ല്‍ പ്രത്യേക സാമ്പത്തിക മേഖലകളില്‍ സ്ത്രീകള്‍ക്ക് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് മുംബൈ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത് ഈ ദിശയിലുള്ള നീക്കമായിരുന്നു. 

2001ല്‍ തമിഴ്‌നാട് ഹൈക്കോടതിയുടെ ഒരു ഏക ജഡ്ജി വിധി 1948ലെ ഫാക്ടറി നിയമത്തിന്റെ സെക്ഷന്‍ 66(1)ബി റദ്ദാക്കി. തന്റെ വിധിന്യായത്തില്‍ അദ്ദേഹം താഴെ പറയുന്ന രീതിയില്‍ വിശദീകരിച്ചിരിക്കുന്നു: 

വീട്ടുകാര്യങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന സ്ത്രീകളോടുള്ള പരമ്പരാഗതമായ സമീപനത്തിന്റെ ഫലമായി അവര്‍ക്ക് പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ പറ്റില്ലെന്നുള്ള ചിന്താഗതി ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് നിരവധി തസ്തികകളില്‍ സ്ത്രീകളെ ഒഴിവാക്കുന്നത്. പുരുഷന്‍ ആഹാരത്തിന് വകയുണ്ടാക്കി തിരിച്ചു വരുന്നതും നോക്കി വീട്ടിലിരിക്കേണ്ടയാളല്ല സ്ത്രീ. വീട്ടു ചെലവുകള്‍ക്കുള്ള സാമ്പത്തിക ഭാരം തുല്യമായി പങ്കിടേണ്ടവരാണ് സ്ത്രീയും പുരുഷനും. ഇത്തരത്തിലുള്ള സാമൂഹിക മാറ്റം സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളില്‍ തന്നെ മാറ്റമുണ്ടാക്കും. ഇതിന് വേണ്ടി നിയമങ്ങളില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതാണ്. ഭരണഘടനാപരമായി നല്‍കപ്പെടുന്ന ഉറപ്പുകളെ മുന്നോട്ടു കൊണ്ടു പോകന്നതായിരിക്കും പുതിയ നിയമങ്ങള്‍. ഭരണഘടന സമത്വം ഉറപ്പാക്കുന്നതിനാല്‍ അത്തരം നിയമങ്ങളും വ്യവസ്ഥകളും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 16, 19 ഉറപ്പു വരുത്തുന്ന അവകാശങ്ങളെ നിഷേധിക്കുന്ന താവരുത്. നിയമം ഇത്തരത്തിലുള്ള മാറ്റത്തെ തടയുന്നതിന് പകരം സമത്വത്തെ മുന്നോട്ടു കൊണ്ടു പോകുന്നതാവണം. ഒരു പക്ഷേ ശാരീരികമായി സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുള്ള തസ്തികകള്‍ ഒഴികെ മറ്റെല്ലാം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായി തുറന്നു കൊടുക്കപ്പെടുന്ന സമയം സമാഗതമായിരിക്കുകയാണ്. 

സാര്‍വ്വദേശീയ തലത്തില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉണ്ടായി ട്ടുള്ള സാഹചര്യങ്ങളെ കുറിച്ച് ഐഎല്‍ഓ തയ്യാറാക്കിയ ചില എഴുത്തുകളും കോടതി നിരീക്ഷിച്ചു. അതില്‍ താഴെ പറയുന്ന രീതിയിലുള്ള പരാമര്‍ശങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി: 

നൈറ്റ്ഷിഫ്റ്റില്‍ സ്ത്രീകള്‍ പാടില്ലെന്നുള്ള നിരോധന നിയമം 20 രാജ്യങ്ങളില്‍ ഇല്ല. ചില രാജ്യങ്ങളില്‍ ഇത് പുതിയ സാഹച ര്യമല്ല. ബര്‍ബദോസ്, ഗയാന, അയര്‍ലന്റ്, സ്‌പെയിന്‍, ന്യൂസീലാന്റ്, ഇസ്രായേല്‍, കാനഡ, സുരിനാം എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ നിരോധനം പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ആസ്‌ത്രേലിയയിലും യുഎസിലും ഇതുമായി ബന്ധപ്പെട്ട ഫെഡറല്‍, സ്റ്റേറ്റ് നിയമങ്ങള്‍ പിന്‍വലി ക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളില്‍ ഇത്തര ത്തിലുള്ള പിന്‍വലിക്കല്‍ പുരോഗമിക്കുന്നു. ശ്രീലങ്ക പോലുള്ള രാജ്യങ്ങളില്‍ നിയമപരമായ കാര്യങ്ങളില്‍ ഒട്ടേറെ ഇളവുകള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. 

കുറച്ചു രാജ്യങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും രാത്രി ജോലി നിരോധിച്ചിരിക്കുന്നു. ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത് കുറേക്കൂടി വിശാലമായ രീതിയിലായതു കൊണ്ട് സ്ത്രീകളെ അപേക്ഷിച്ച് എളുപ്പത്തില്‍ പുരഷന്മാരെ ലഭിയ്ക്കുന്നു. സ്വീഡന്‍ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീ-പുരുഷ ഭേദമില്ല. നെതര്‍ലാന്റ്‌സില്‍ 1986ലുണ്ടായ നിയമം സ്ത്രീകളെ ഒഴിവാക്കിയിട്ടുള്ളത് പുരുഷന്മാര്‍ക്ക് ബാധകമായ രീതിയിലാണ്. 

കോടതി സെക്ഷന്‍ 66(1)ലെ വകുപ്പുകള്‍ റദ്ദാക്കിയപ്പോള്‍ അതിനോടൊപ്പം നൈറ്റ്ഷിഫ്റ്റില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തു ന്നതിന് 25 നിബന്ധനകള്‍ കൂടി മുന്നോട്ടു വെച്ചിരുന്നു. അവര്‍ക്ക് ഗതാഗത സൗകര്യങ്ങളൊരുക്കുക, നൈറ്റ്ഷിഫ്റ്റില്‍ സ്ത്രീകളുള്ള പ്പോള്‍ മൂന്നില്‍ രണ്ടു പേരും സ്ത്രീകളായിരിക്കണം, മൂന്നിലൊന്ന് സൂപ്പര്‍വൈസര്‍മാര്‍ സ്ത്രീകളായിരിക്കണം തുടങ്ങിയവയാ യിരുന്നു അവ. അതേസമയം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇതിനെതിരെ രംഗത്തു വരുകയും ഇത്തര ത്തില്‍ സെക്ഷന്‍ 66(1)ബി റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാ ണെന്ന് പ്രസ്താവിക്കുകയും ചെയ്തു. 

2001ല്‍ കെ.എസ്. ത്രിവേണിയുടെ കേസില്‍ ആന്ധ്ര ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചെന്നൈ ഹൈക്കോടതി വിധിയെ ഉയര്‍ത്തിപ്പി ടിക്കുകയും സെക്ഷന്‍ 66(1)ബി റദ്ദാക്കുകയും ചെയ്തു. 2004ല്‍ ലീലയുടെ കേസില്‍ കേരളഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മേല്‍പ്പറഞ്ഞ രണ്ടു വിധികളും തള്ളിക്കളയുകയും സെക്ഷന്‍ 66(1)ബി നിയമവിധേയമാണെന്ന് വിധിയ്ക്കുകയും ചെയ്തു. പ്രസ്തുത വിധിയില്‍ താഴെ പറയുന്ന രീതിയില്‍ പരാമര്‍ശിച്ചി രിക്കുന്നു:

ഞങ്ങള്‍ മേല്‍പ്പറഞ്ഞ വിധികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക യുണ്ടായി. ആന്ധ്ര ഹൈക്കോടതിയുടെ വിധിപ്രകാരം സെക്ഷന്‍ 66(1)ബിയിലുള്ള വകുപ്പുകള്‍ സ്ത്രീകള്‍ക്കല്ല ഗുണം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് തൊഴില്‍ കിട്ടാനുള്ള അവകാശത്തിന് മേല്‍ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് സെക്ഷനിലുള്ള വകുപ്പുകള്‍ എന്ന് മദ്രാസ് ഹൈക്കോടതിയും അഭിപ്രായപ്പെട്ടി രിക്കുന്നു. ഈ നിലപാടുകള്‍ അംഗീകരക്കാന്‍ സാദ്ധ്യമല്ലെന്ന് വ്യസനസമേതം അറിയിക്കട്ടെ. പ്രസ്തുത സെക്ഷന്‍ സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ലിംഗപരമായ വിവേചനം സെക്ഷനില്‍ ഇല്ലെന്ന് ഞങ്ങള്‍ കരുതുന്നു. 

2005 ആഗസ്റ്റ് മാസത്തില്‍ ഫാക്ടറീസ് ആക്ട് ഭേദഗതി ചെയ്യാനു ള്ള ബില്‍ യുപിഎ സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ചു. സെക്ഷന്‍ 66 ഇപ്രകാരം ഭേദഗതി ചെയ്യാനായിരുന്നു ഉദ്ദേശിച്ചി രുന്നത്: 66. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിബന്ധനകളുടെ കൂടെ ഇനിപ്പറയുന്ന നിബന്ധനകള്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്:

1. സെക്ഷന്‍ 54ലെ വ്യവസ്ഥകളില്‍ നിന്ന് സ്ത്രീകള്‍ ഒഴിവാകുന്നതല്ല. 
2. അവധികള്‍ക്കോ അവധി ആഴ്ചയ്‌ക്കോ ശേഷമല്ലാതെ ഷിഫ്റ്റ് മാറാന്‍ പാടുള്ളതല്ല. 
66. സ്ത്രീകളുടെ ഫാക്ടറി ജോലിയുമായി ബന്ധപ്പെട്ട് ഈ അദ്ധ്യായത്തില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകളോട് താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്:
1. സെക്ഷന്‍ 54ന്റെ പരിധിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കേണ്ടതില്ല.
2. അവധികള്‍ക്കോ അവധിആഴ്ചയ്‌ക്കോ ശേഷമല്ലാതെ ഷിഫ്റ്റ് മാറാന്‍ പാടുള്ളതല്ല. 

മതിയായ സംരക്ഷണ നടപടികള്‍ എടുത്തിട്ടുണ്ടെന്നും വിശ്രമ മുറികള്‍, ലഞ്ച് റൂമുകള്‍, രാത്രി ക്രഷുകള്‍, സ്ത്രീകള്‍ക്കു മാത്രമായുള്ള ടോയ്‌ലറ്റുകള്‍, ആദരവിനും അന്തസ്സിനുമുള്ള സംരക്ഷണം, ലൈംഗിക പീഢനത്തില്‍ നിന്നുമുള്ള സംരക്ഷണം, ജോലിയിലുള്ള സംരക്ഷണം, ആരോഗ്യസംരക്ഷണം, ഓഫീസില്‍ നന്ന് വീടു വരെയുള്ള ഗതാഗത സൗകര്യം, പുരുഷനും സ്ത്രീയ്ക്കും തുല്ല്യാവസരങ്ങള്‍ എന്നീ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോ അതിന്റെ പ്രതിനിധിയ്‌ക്കോ സംതൃപ്തി രേഖപ്പെടുത്താനായാല്‍ ഗസറ്റിലെ വിജ്ഞാപനം നടത്തുകയും തൊഴിലുടമയും തൊഴിലാളി പ്രതിനിധികളുമായിട്ടുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതിന് ശേഷം സ്ത്രീകളെ രാത്രി 7 മണി മുതല്‍ പകല്‍ 6 മണി വരെയുള്ള സമയത്ത് ജോലിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്. 

ഒരു സ്ത്രീയുടെ പ്രസവ ദിനത്തിന് മുമ്പും പിമ്പുമായി പതിനാറു ആഴ്ചകളില്‍ ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കണം. അതില്‍ എട്ട് ആഴ്ചകള്‍ എങ്കിലും പ്രസവത്തിന് മുമ്പ് ആയിരിക്കണം. കുഞ്ഞിന്റെയോ അമ്മയുടെയോ ആരോഗ്യത്തെ പരിഗണിച്ച് കൂടുതല്‍ വിശ്രമം ഡോക്ടര്‍മാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മുഖേന ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതു കൂടി നല്‍കണം. 

ഒരു സ്ത്രീ തന്റെയോ കുഞ്ഞിന്റെയോ ആരോഗ്യത്തിന് തകരാറൊന്നുമുണ്ടാവില്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിക്കൊണ്ട് നേരത്തേ ജോലിയ്ക്ക് കയറാന്‍ വേണ്ടി അപേക്ഷ നല്‍കുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ നിബന്ധനയില്‍ ഇളവ് ചെയ്തു കൊടുക്കാവുന്നതാണ്. 

2005ല്‍ നിര്‍ദ്ദേശിക്കപ്പെട്ട മാറ്റങ്ങള്‍ തന്നെയാണ് ഏറെക്കുറേ മുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാറ്റങ്ങളും. താഴെപ്പറയുന്ന വ്യത്യാസങ്ങളാണ് ഇവ തമ്മിലുള്ളത്: 

1. നൈറ്റ്ഷിഫ്റ്റില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് ചെയ്യുന്നതിന് തൊഴിലാളികളും തൊഴിലാളിപ്രതിനിധികളും തൊഴില്‍ഉടമയും അവരുടെ പ്രതിനിധികളും ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനിക്കാനാണ് 2005ലെ ഭേദഗതി നിബന്ധനകള്‍ പറഞ്ഞിരുന്നതെങ്കില്‍ മേല്‍പ്പറ ഞ്ഞതില്‍ സ്ത്രീകളുമായിട്ടു കൂടി ചര്‍ച്ച ചെയ്യണമെ ന്നെഴുതി യിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ടായാല്‍ എന്തു തീരുമാനമാണ് ഒടുവിലെടുക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

2. മേല്‍പ്പറഞ്ഞ ഭേദഗതികള്‍ 2005ലേതിനെ അപേക്ഷിച്ച് കൂടുതല്‍ സംരക്ഷണ സംവിധാനങ്ങള്‍ നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്‌ലറ്റുകള്‍, വിശ്രമമുറികള്‍, ക്രഷുകള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. 


3. 1990ലെ ഐഎല്‍ഓ പ്രോട്ടോക്കോളിന്റെ ചുവടു പിടിച്ച് ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ നിന്നൊഴിവാക്കുന്നത് ഇപ്പോഴത്തെ ഭേദഗതിയിലും ഉണ്ടെങ്കിലും അവരുടെ അപേക്ഷ പ്രകാരം ഈ ഒഴിവാക്കല്‍ നിബന്ധനയില്‍ ഇളവ് ചെയ്തു കൊടുക്കാനുള്ള നിര്‍ദ്ദേശം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ഉപസംഹാരം

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തിന് കമ്പോളത്തെ വിശാലവല്‍ക്കരിക്കുകയോ ആഴമേറിയതാക്കി ത്തീര്‍ക്കുകയോ ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മാര്‍ക്‌സിസ്റ്റ് വിശകലനത്തിലൂടെ നാം മനസ്സിലാ ക്കുന്നു. മാനുഷിക-പ്രകൃതി വിഭവങ്ങളെ കൂടുതല്‍ കൊള്ളയടി ക്കുകയാണ് ഇതിന്റെ ഫലമായിട്ടുണ്ടാവാന്‍ പോകുന്നത്. കമ്പോളത്തിന്റെ ദേശീയാതിര്‍ത്തികളെ ഇല്ലാതാക്കാനുള്ള ആവശ്യത്തില്‍ നിന്നാണ് ആഗോളീകരണം വരുന്നത്. എങ്കിലും മുതലാളിത്തത്തിന്റെ പ്രതിസന്ധി മൂര്‍ഛിക്കുക തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. തൊഴില്‍ എന്നതും കമ്പോളത്തിന്റെ ഭാഗമാണ്. അതായത്, തൊഴില്‍ ശക്തി കമ്പോളവല്‍ക്കരി ക്കപ്പെടുന്നു. പ്രതിസന്ധി മൂര്‍ഛിച്ചപ്പോള്‍ ഈ കമ്പോളം കൂടി വികസിപ്പിക്കേണ്ടി വന്നു. സ്ത്രീകളുടെ തൊഴില്‍ ശക്തിയുടെ കമ്പോളത്തിനുള്ള നിയന്ത്രണങ്ങളെടുത്തു മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് സ്ത്രീകളുടെ നൈറ്റ് ഷിഫ്റ്റിനുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള നിയമങ്ങളുണ്ടാവുന്നത്. 

മുതലാളിത്തം എല്ലാത്തിനെയും ചരക്കുകളാക്കി മാറ്റുന്നു. സ്ത്രീകളുടെ തൊഴില്‍ ശക്തിയും ഒരു ചരക്കാണ്. പുരുഷ തൊഴിലാളികളുടെ തൊഴില്‍ ശക്തിയേക്കാള്‍ കൂടുതല്‍ സ്ത്രീത്തൊഴിലാളികളുടെ തൊഴില്‍ ശക്തിയെ പിഴിയുന്നതാണ് സൗകര്യമെന്നിരിക്കെ ഈ ചരക്കിന് ആവശ്യകത കൂടുതലാണ്. 

1919ലോ മറ്റോ ആണ് സ്ത്രീകള്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. 1980കള്‍ വരെ സാമ്രാജ്യത്വ രാജ്യങ്ങള്‍ സ്ത്രീകളുടെ തൊഴില്‍ ശക്തിയില്‍ തുല്യത പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഐല്‍ഒ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത് 1990ലാണ്. അതേ സമയത്താണ് ആഗോളീകര ണത്തിന് തുടക്കം കുറിയ്ക്കുന്ന ഡങ്കല്‍ ഡ്രാഫ്റ്റ് അവസാന രൂപത്തിലെത്തിയതെന്നത് യാദൃശ്ചികമല്ല. 

ഇങ്ങിനെ നോക്കുമ്പോള്‍ മുതലാളിത്തം അതിന്റെ പ്രതിസന്ധി വേളയില്‍ കൂടുതല്‍ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് സ്ത്രീകളുടെ നൈറ്റ്ഷിഫ്റ്റ് നിയന്ത്രണങ്ങളില്‍ അയവു വരുത്താനുള്ള തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. കൂടുതല്‍ ചൂഷണം നടത്താനുള്ള പരിസരമൊരുക്കുക എന്ന ലക്ഷ്യത്തോടയൊണ് കോര്‍പ്പറേറ്റുകള്‍ മോദിയ്ക്ക് പിന്നില്‍ അണി നിരന്നത്. ഇതിലൂടെ കോണ്‍ഗ്രസ്സ് അവതരിപ്പിച്ചിട്ടുള്ള ചൂഷണ മാര്‍ഗ്ഗങ്ങളെ ശക്തിപ്പെടുത്തുകയെന്ന അവര്‍ ലക്ഷ്യം വെയ്ക്കുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ കൂലി ലഭിയ്ക്കും എന്നതിനേക്കാള്‍ കൂടുതല്‍ ലാഭം മുതലാളിത്തത്തിനുണ്ടാക്കാന്‍ കഴിയുമെന്നതാണ് നൈറ്റ് ഷിഫ്റ്റ് കൊണ്ടുണ്ടാവുന്ന പ്രയോജനം. 

അതേ സമയം ചൂഷണത്തിന്റെ പുതിയ രൂപങ്ങളില്‍ നിന്ന് പല സാമൂഹ്യ മുന്നേറ്റങ്ങളും ഉണ്ടാവുന്നുണ്ട്. വടക്കുള്ള മില്ലുകളിലും ഫാക്ടറികളിലും ജോലി ചെയ്യാന്‍ വേണ്ടിയാണ് അമേരിക്കയിലെ തെക്കുള്ള അടിമകള്‍ വിമോചിക്കപ്പെട്ടത്. ഇന്ത്യയില്‍ സതി അവസാനിപ്പിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളാണ്. 

ഇന്ന് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുക യെന്നത് അടിയന്തിര കടമയാണ്. സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കേണ്ടതുണ്ട്. മുതലാളിത്ത ലോകത്ത് കൂലിയടിമത്തം കൊണ്ടു മാത്രമേ സ്ത്രീകള്‍ക്ക് ഇത് സാദ്ധ്യമാവൂ. വന്‍ചൂഷണം ഇതിന്റെ പിന്നിലുണ്ടെങ്കിലും കഠിനവും വിരസവുമായ വീട്ടു ജോലിയേക്കാള്‍ നല്ലതാണ്. ഒരു കാലത്ത് പുരുഷന്മാരുടെ കുത്തകയാണെന്നവശകാശപ്പെട്ടിരുന്ന പല മേഖലകളിലും സ്ത്രീകള്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. ലോകം മുഴുവന്‍ സ്ത്രീകള്‍ ട്രക്കുകള്‍ ഓടിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചുമടെടുക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ എസ്ടി, ബെസ്റ്റ് തുടങ്ങിയവയില്‍ ബസ്സ് ഡ്രൈവറായിട്ട് ജോലി നോക്കുന്നുണ്ട്. സ്ത്രീകള്‍ മാത്രം ഓടിയ്ക്കുന്ന കാബ് ഉള്ള കമ്പനികള്‍ നമുക്കുണ്ട്. ബിപിഓ വ്യവസായങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. എയര്‍ലൈന്‍സ് വ്യവസായത്തില്‍ അവര്‍ വന്‍തോതില്‍ ജോലിയെടുക്കുന്നു. ഈ സ്ഥലങ്ങളിലെല്ലാം തന്നെ അവര്‍ രാത്രി ജോലി ചെയ്യണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ വ്യവസായങ്ങളിലുള്ള നൈറ്റ് ഷിഫ്റ്റുകളില്‍ ജോലിയെടുക്കുന്നത് നിരോധിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. 

അതേ സമയം, ജാതിയും മതവും പുരുഷാധിപത്യവും ശക്തമായ നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് പീഢനത്തിനും ബലാല്‍സംഗത്തിനുമുള്ള ലൈസന്‍സായിട്ടാണ് കണക്കാക്കപ്പെടുന്നത്. സമീപകാലം വരെ പുരുഷന്മാര്‍ ചെയ്തിരുന്ന ദുരദേശങ്ങളിലേയ്ക്ക് യാത്ര ചെയ്തു കൊണ്ടുള്ള ജോലികള്‍ സ്ത്രീകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് നേരെയുള്ള ബലാല്‍ക്കാര വാര്‍ത്തകള്‍ വന്‍തോതില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട് നമ്മുടെ രാജ്യത്തില്‍. ഇതു കൊണ്ട് പുരുഷന്മാരെ പോലെ സ്ത്രീകള്‍ ഈ ജോലി ചെയ്യരുതെന്നര്‍ത്ഥമില്ല. മതിയായ സംരക്ഷണം ഉണ്ടാവുന്നില്ല എന്നതാണ് വിഷയം. 

സ്ത്രീകളെ ഏറ്റവും അടുത്തുള്ള സ്ഥലത്തു വരെ കൊണ്ടു പോയി വിടുകയല്ല വീട്ടില്‍ തന്നെ കൊണ്ടു പോയി വിടാനുള്ള ഗതാഗതസൗകര്യമാണ് വേണ്ടതെന്നും അതിനുള്ള നിര്‍ദ്ദേശം ഭേദഗതിയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശം ജൂലൈ 5ന് ടിയുസിഐ അയയ്ക്കുകയുണ്ടായി. നൈറ്റ് ഷിഫ്റ്റില്‍ നിന്നൊഴി വാക്കുന്നതിന് സ്ത്രീകളുടെ സമ്മതം കൂടി വേണ്ടതാണ് എന്ന കാര്യവും പ്രധാനമാണ്. സ്ത്രീകളെയാണ് ഒഴിവാക്കിയത് അല്ലാതെ ഒരു ഫാക്ടറിയെ അല്ല എന്നത്പ്രധാനമായ കാര്യമാണ്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ വിസമ്മതം കാണിക്കുന്ന സ്ത്രീകളോട് വിവേചനപരമായി പെരുമാറാതിരിക്കാനുള്ള വകുപ്പു കൂടി എഴുതിച്ചേര്‍ക്കേണ്ടതാണ്. 

സിഐടിയു, എഐടിയുസി തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനു കളുടെ നിലപാടുകള്‍ എങ്ങും തൊടാത്ത തരത്തിലുള്ളതാണ്. സെക്ഷന്‍ 66 നിലനിര്‍ത്തണമെന്നും അതില്‍ ഒഴിവുകഴിവ് കാണിക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് 2001ല്‍ അഖിലേന്ത്യാ ജനാധിപത്യ വനിതാ അസോസിയേഷന്‍ പ്രക്ഷോഭം നടത്തുകയു ണ്ടായി. 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി സ്ത്രീകളെ നൈറ്റ്ഷിഫ്റ്റില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ ഇവര്‍ പ്രക്ഷോഭം നടത്തുകയോ ഇത് ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരികയോ ചെയ്തില്ല. 2011ല്‍ നരേന്ദ്ര ജാദവ് നേതൃത്വം കൊടുക്കുന്ന വിദഗ്ദ്ധ സമിതി ഇവര്‍ പറയുന്നത് കേള്‍ക്കുന്ന നേരവും സംവാദത്തിനെന്ന നിലയ്ക്ക് ഇവര്‍ ഇക്കാര്യം മുന്നോട്ടു വെയ്ക്കുകയുണ്ടായില്ല. ഭേദഗതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സംവാദം നടത്താന്‍ വേണ്ടി അവതരിപ്പിക്കു ന്നതിന് മുമ്പ് തങ്ങളോട് ചര്‍ച്ച ചെയ്തില്ല എന്ന പരാതി ഉയര്‍ത്തുക മാത്രമാണ് അവര്‍ ചെയ്തത്. അവരോട് വിദഗ്ദ്ധ കമ്മിറ്റി സംസാരിച്ചു കഴിഞ്ഞിരുന്നതിനാല്‍ ഈ പരാതി കേവലം സാങ്കേതികം മാത്രമാണ്. വിദഗ്ദ്ധ കമ്മിറ്റിയ്ക്ക് മേല്‍ ഇവരുടെ ഏതെങ്കിലും നിര്‍ദ്ദേശം സര്‍ക്കാര്‍ ചെവിക്കൊള്ളുമെന്ന് വിചാരിക്കുന്നത് അബദ്ധമായിരിക്കും. 

സാമ്രാജ്യത്വത്തിന്റെ കൊള്ളയ്‌ക്കെതിരെ തൊഴിലാളിവര്‍ഗ്ഗം ഐക്യപ്പെടുകയെന്നതാണ് ഇന്നത്തെ ആവശ്യം. ഇതിന്റെ ഭാഗമായി തൊഴില്‍ നിയമങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട ഭേദഗതികളെ എതിര്‍ക്കാന്‍ വേണ്ടി രാജ്യമാസകലമുള്ള സമാനമനസ്ഥിതിക്കാരായ യൂണിയനുകളെ നാം ഐക്യപ്പെടുത്തേ ണ്ടതുണ്ട്. 

@സഖാവ് മാസിക 2015 fഫെബ്രുവരി ലക്കം.