"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 23, ശനിയാഴ്‌ച

സ്വര്‍ണമെന്ന കാല്‍പ്പനിക വസ്തു - ശശിക്കുട്ടന്‍ വാകത്താനം


സ്വര്‍ണം ഉപയോഗം വ്യാപകമാകുന്നതിനു മുന്‍പുതന്നെ കേരളത്തിലെ പലരാജാക്കന്മാര്‍ക്കും സ്വര്‍ണത്തോട് ഒരു കാല്‍പ്പനികാഭിനിവേശം തന്നെയുണ്ടായിരുന്നു. സംഘകാലകൃതികള്‍ ഇതിനുദാഹരണമാണ്. യവന ക്കപ്പലുകളില്‍ കൊണ്ടുവന്ന തണുപ്പും വാസനയുമുള്ള മധു മനോഹരമായ സ്വര്‍ണക്കോപ്പകളില്‍ ഭംഗിയുള്ള വളകളണിഞ്ഞ സുന്ദരിമാര്‍ രാജാക്കന്‍മാര്‍ക്കു പകര്‍ന്നു കൊടുത്തിരുന്നതായി പുറംനാനൂറിലും (പുറം-50) പെരിയാറില്‍ വെണ്‍നുരകള്‍ കലക്കിക്കൊണ്ട് കപ്പല്‍ നിറയെ പൊന്നുമായി വന്ന് കുരുമുളകുമായി യവനര്‍ മുചരി(കൊടുങ്ങല്ലൂര്‍) പട്ടണത്തില്‍നിന്നും മടങ്ങിപ്പോയതായി അകംനാനൂറിലും (അകം-149) പരാമര്‍ശമുണ്ട്. സ്വര്‍ണത്തെ കാല്‍പ്പനികതയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിലോ തമിഴ്‌നാട്ടിലോ സ്വര്‍ണം വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. പതിറ്റുപ്പത്തില്‍ പ്പറയുന്ന ചേര രാജാക്കന്മാരില്‍ പ്രധാനിയായിരുന്ന നാര്‍മുടി ചേരന്‍ പനനാരുകൊണ്ടുള്ള കിരീടമാണ് ധരിച്ചിരുന്നത്.

റോമന്‍ വ്യാപാരബന്ധങ്ങള്‍ കേരളത്തില്‍ വികസിച്ചിരുന്നതിന്റെ തെളിവായി കേരളത്തില്‍ പലയിടങ്ങളില്‍ നിന്നും റോമന്‍ സ്വര്‍ണ നാണയങ്ങള്‍ ധാരാളം ലഭിച്ചിരുന്നു. വയനാട്, കീഴൂര്‍, എയ്യാല്‍, നിരണം, വള്ളുവള്ളി, പനങ്ങാട്, പൂഞ്ഞാര്‍, പാല, നെടുകണ്ടം, ഇടുക്കിയിലെ ഹൈറേഞ്ച് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ലഭിച്ചിരുന്നു. 1851ല്‍ വയനാട്ടില്‍നിന്ന് അഞ്ചു തലച്ചുമടില്‍ കുറയാത്ത റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ലഭിച്ചിരുന്നതായി പറയുന്നു. കേരളത്തിന്റെ കാര്‍ഷിക ബന്ധങ്ങളിലും ഭൂ ബന്ധങ്ങളിലും വാണിജ്യത്തിലും സ്വര്‍ണ നാണയങ്ങളുടെ ഉപയോഗം പ്രചാരത്തിലു ണ്ടായിരുന്നു എന്നാണിതു തെളിയിക്കുന്നത്. സ്വര്‍ണത്തിന്റെ ഈ കടന്നുവരവ് അക്കാലത്ത് ആഭരണ ഭ്രമത്തിലേക്ക് എത്തിയിരുന്നില്ല.

സ്വര്‍ണം വ്യാപകമായി നാണയവ്യവസ്ഥയില്‍ എത്തിയ കാലത്ത് നാണയങ്ങളുടെ വലുപ്പം വളരെ ചെറുതായിരുന്നു. (കായംകുളം കൊട്ടാരത്തില്‍ ഇത്തരത്തിലുള്ള ചെറിയ നാണയങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്). ആരോമല്‍ ചേകവരുടെ പാട്ടുകഥകളില്‍ 'അഴുവന്‍ കൊണ്ടഞ്ഞാഴി പ്പണമെടുത്ത്' എന്നുകാണുന്നു. പണം എണ്ണിക്കൊടുക്കുന്നതിനുപകരം അളന്നെടുക്കുകയായിരുന്നു. പണം അളന്നെടുക്കാന്‍ അനേകം കുഴികളോടുകൂടിയ മരപ്പലകയാണുപയോഗിച്ചിരുന്നത്. മരപ്പലകയിലെ കുഴിയില്‍ നിറക്കുന്നതായിരുന്നു കണക്ക്.

തുലാപുരുഷദാനം

വന്‍തോതില്‍ സ്വര്‍ണ ദാനം നടന്നിരുന്നത് തുലാപുരുഷദാനം, ഹിരണ്യ ഗര്‍ഭം എന്നീ പേരില്‍ നടത്തിയിരുന്ന രാജകീയ നടപടികളായിരുന്നു. 1758-59ല്‍ സ്ഥാനാരോഹണം നടത്തിയ മാത്താണ്ഡവര്‍മ്മയുടെ കാലം മുതല്‍ ഈ ചടങ്ങുകള്‍ മുടക്കം കൂടാതെ നടത്തിയിരുന്നു. രാജാവിനു തുല്യതൂക്കം സ്വര്‍ണം മറുതട്ടില്‍ വയ്ക്കുന്നതാണ് തുലാപുരുഷദാനം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി വ്യാസവുമുള്ള താമര സ്വര്‍ണം കൊണ്ടുനിര്‍മ്മിക്കുന്നു. ഇതിലുള്ള തീര്‍ത്ഥത്തില്‍ രാജാവു മുങ്ങിക്കുളി ക്കുന്നു. ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഈ സ്വര്‍ണമെല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്യും. 1850ല്‍ തുലാപുരുഷ ദാനത്തിന്റെ കണക്ക് (പി. ശങ്കുണ്ണിമേനോന്‍ 1988: 63) ആകെ ചെലവഴിച്ച സ്വര്‍ണം 22924 കഴഞ്ച്. ഈ സ്വര്‍ണം കണക്കു പ്രകാരം ദാനം ചെയ്തിട്ടും 84 കഴഞ്ച് മിച്ചം വന്നു. ദാനം ചെയ്തതത്രയും ബ്രാഹ്മണര്‍ക്കായിരുന്നു.

നാണയ വ്യവസ്ഥ

ചരക്കുകള്‍ തമ്മിലുള്ള കൈമാറ്റത്തിന്റെ സ്ഥാനത്ത് നിശ്ചിതമൂല്യമുള്ള ഒരു മൂന്നാം ചരക്കായി വരുന്നത് ലോഹങ്ങളാണ്. ഒരു ചരക്കിനു പകരം എത്ര സ്വര്‍ണം അല്ലെങ്കില്‍ എത്ര ഇലക്ട്രം എന്നുള്ള പൊതു ധാരണയായിരുന്നു ചരക്കിന്റെ മൂല്യം ആദ്യം കണക്കാക്കിയിരുന്നത്. പിന്നീടാണ് ഇതു നാണയമായി മാറുന്നത്. നാണയമായി ഉപയോഗിച്ചിരുന്നത് ഇലക്ട്രം ആയിരുന്നതിനാല്‍ പലയിടത്തും ഇലക്ട്രത്തിന്റെ അനുപാതം പലതായിരുന്നു. അതിനാല്‍ താമസിയാതെ ഇതുകൊണ്ടുള്ള നാണയമടി നിര്‍ത്തി. ഗ്രീസില്‍ വെള്ളിയുടെ അടിസ്ഥാനത്തിലാണ് നാണയ സമ്പ്രദായം തുടങ്ങിയത്. കുറഞ്ഞതരം നാണയം വെങ്കലത്തില്‍ അടിച്ചിരുന്നു.

ഇറ്റലിയില്‍ വിലപിടിപ്പുള്ള ലോഹങ്ങള്‍ കുറവായിരുന്നതിനാല്‍ വലിയ വെങ്കല തകിടുകളാണ് നാണയ വ്യവസ്ഥക്ക് അടിസ്ഥാനമായി സ്വീകരിച്ചത്. 3-ാം നൂറ്റാണ്ടില്‍ മാത്രമാണ് വെള്ളി ഖനനംചെയ്യാന്‍ തുടങ്ങുന്നത്.

കുടിയേറ്റത്തിന്റെയും കോളനി സ്ഥാപനത്തിന്റെയും ഫലമായി കയറ്റുമതി കമ്പോളങ്ങളുടെ വ്യാപ്തി വര്‍ദ്ധിച്ചപ്പോള്‍ നിര്‍മ്മിത വസ്തുക്കള്‍ക്കുള്ള ചോദനവും വര്‍ദ്ധിച്ചു. വാണിജ്യ വികസനത്തിലൂടെ സമ്പത് കേന്ദ്രീകരിക്കപ്പെട്ടു. ഇത് തൊഴിലാളികളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചു. സ്വര്‍ണത്തിന്റെ ഉപയോഗവും വിനിമയവും അധികാരവുമായി ബന്ധപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടുകളില്‍ രൂപം കൊണ്ട സാമൂഹിക ഘടന ഇത്തരത്തില്‍ ശ്രദ്ധേയമാണ്. കാരായ്മ ജാതിയില്‍പ്പെട്ട സമ്പന്ന കുടുംബങ്ങള്‍, നാട്ടുകച്ചവടക്കാര്‍, നായര്‍ കുടുംബങ്ങള്‍, ചെട്ടിമാര്‍, പോറ്റിമാര്‍ എന്നി1289 മുതല്‍ 1931 വരെ തിരുവിതാംകൂര്‍ രാജക്കന്മാര്‍ തുലാഭാരകാശുകള്‍ കമ്മട്ടം ചെയ്തിരുന്നു. വിനിമയ നാണയങ്ങള്‍ അല്ലായിരുന്നു ഇവ. ഒരുവശത്ത് ശ്രീ പത്മനാഭ എന്ന് മൂന്നു വരിയിലും മറുവശത്ത് മുന്തിരിക്കൊടികളാല്‍ ചുറ്റപ്പെട്ട ശംഖും മുദ്രണം ചെയ്തിരിക്കുന്നു. പത്മനാഭസ്വാമികളുടെ സ്വര്‍ണ ശേഖരത്തില്‍ ധാരാളമായി ഈ നാണയങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.