"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 23, ശനിയാഴ്‌ച

കുറവര്‍; ഭരണാധികാരികളും യോദ്ധാക്കളം രാജാക്കന്മാരും - കുന്നുകുഴി എസ് മണി


മലയര്‍, കാടര്‍ എന്നീ വര്‍ഗക്കാരുടെ ആചാര്യന്മാരാണ് കുറവര്‍ എന്നാണ് ബുക്കാനന്‍ എന്ന വിദേശ ചരിത്രകാരന്‍ വെളിപ്പെടുത്തുന്നത്. സംഘകാലകൃതികളായ പുറനാനൂറ്, പത്തുപാട്ട് എന്നിവയില്‍ കുറവരുടെ യുദ്ധ സാമര്‍ത്ഥ്യത്തേയും അവരുടെ കോട്ട കൊത്തളങ്ങളേയും രാജാക്കന്മാരേയും പറ്റിയുള്ള വിവരങ്ങള്‍ കാണാം. ആ കാലത്ത് കുറവര്‍ നല്ല നിലയിലായിരുന്നു. വന്‍മാടങ്ങളിലും ഏഴുനിലക്കെട്ടിടങ്ങലിലും അവര്‍ താമസിച്ചിരുന്നു. നഞ്ചക്കുറവന്‍ എന്ന രാജാവ് നഞ്ചനാട് ഭരിച്ചിരുന്നു. എ ഡി 1117 ല്‍ തിരുവിതാംകൂര്‍ രാജാവ് അദ്ദേഹത്തെ തോല്പിച്ച് ഓടിച്ചതായും തിരുവിതാംകൂര്‍ ചരിത്രം പറയുന്നുണ്ട്. മറ്റൊരു കുറവ രാജാവിനെ ഒരു നമ്പ്യാര്‍ കുടുംബത്തോടൊപ്പം വധിക്കുകയും ആ കുറവരാജ്യവും രാജധാനിയും കൈക്കലാക്കിയതായും വാമൊഴിയായും കേള്‍ക്കുന്നുണ്ട്.

നഞ്ചനാട്ടിലെ ആ കുറവരാജാവിനെ സംബന്ധിച്ച് പുരുഷോത്തം ചോന്‍ തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു; 'കൊനാന്‍ഗി എന്ന കുറവനും അയാളുടെ രണ്ടു ഭാര്യമാരും കുട്ടികളും കുട്ട നെയ്യാനുള്ള ഓലക്കു വേണ്ടി കാട്ടില്‍ തിരയുകയായിരുന്നു. ഒരു ഈത്തപ്പനയുടെ കട അരിവാള്‍ കൊണ്ടു വെട്ടിയപ്പോള്‍ അരിവാള്‍ സ്വര്‍ണ നിറമായി മാറിയത്രെ. ചുറ്റും നോക്കിയപ്പോള്‍ അവിടെ ഒരു പഴയ കിണറും കണ്ടു. ആ കിണറ്റില്‍ ഇരുമ്പുകൊണ്ടുള്ള എന്തു മുക്കിയാലും സ്വര്‍ണമായി മാറിയിരുന്നുവത്രെ. (അയാള്‍ ഒരു വലിയ നിധി കണ്ടെത്തി എന്നുമാത്രം ഇതിന് അര്‍ത്ഥം കല്പിച്ചാല്‍മതി). കൊനന്‍ഗി കുറവന്‍ ധനവാനായി. ക്രമേണ ചുറ്റുള്ള ഗ്രാമങ്ങളെല്ലാം തന്റെ അധീനത്തിലാക്കി. നികുതിയായി ഇരുമ്പു കൊണ്ടുള്ള സാമഗ്രികള്‍ മാത്രമേ വാങ്ങിയിരുന്നുള്ളൂ. നല്ല ഭരണമായിരുന്നു. കൊനന്‍ഗി കുറവന്‍ 35 കൊല്ലം ഭരിച്ചു. ശേഷം മകന്‍ ബോമയ്യ രാജാവായി. പതിനായിരം കാലാള്‍പ്പടയും നൂറ് ആനകളും ഉണ്ടായിരുന്നു. അതിനുശേഷം നന്‍ജിക്കുറവന്‍ രാജാവായി. ഏഴ് പ്രാവശ്യം വിവാഹം കഴിച്ചു. ഒരു മകന്‍ പിറക്കാന്‍ വേണ്ടി. മകന്‍ ഉണ്ടായപ്പോള്‍ ജനങ്ങള്‍ക്കു മുഴുന്‍ വിഭവങ്ങളും സമ്മാനങ്ങളും കൊടുത്തു. അവരോട് നാട്ടു വിശേഷങ്ങള്‍ ചോദിച്ചറി യുമ്പോഴാണ് നാട്ടില്‍ പല ജാതി വിഭാഗക്കാരുണ്ടെന്നും അവരില്‍ വെള്ളാളരാണ് ( വേള്‍ + ആളര്‍ = വേളാളര്‍) ഏറ്റവും ഉയര്‍ന്നവര്‍ എന്നും. രാജാവ് വെള്ളാളരോട് തന്റെ കൊച്ചുമകനു ഭാര്യയായി ഒരു കുട്ടിയെ അവരുടെ ജാതിയില്‍ നിന്നും കൊടുക്കുവാനായി അപേക്ഷിക്കുന്നു. പലരും ഈ അപേക്ഷയില്‍ മിണ്ടാതിരുന്നു. പെരിയവീട്ടുമുതലി എന്ന വെള്ളാളന്‍ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാമെന്നു സമ്മതിച്ചു. പെരിയ വീട്ടില്‍ മുതലിയെ തന്റെ മന്ത്രിയുമാക്കി. ഇതിനു ശേഷം വെള്ളാളര്‍ എല്ലാം സൂത്രത്തില്‍ സഭകൂടി ഈ കുറവരാജനെ നിഷ്‌കാസനം ചെയ്യാനുള്ള പരിപാടി തയാറാക്കി.....'1 ഒടുവില്‍ വിവാഹം നടക്കുമ്പോള്‍ ചതിയില്‍ പ്പെടുത്തി കുറവരാജാവിനേയും കുടുംബത്തേയും വധിക്കുകയും രാജഭരണം പെരിയവീട്ടു മുതലി എന്ന വെള്ളാളന്‍ കൈക്കലാക്കുകയും ചെയ്തു. ഇതൊരു മിത്താണെങ്കിലും അതില്‍ ചരിത്രാംശങ്ങളും ചേര്‍ന്നു കിടപ്പുണ്ട്. വെള്ളാളര്‍ ചതിയന്മാരാണെന്നും ഇക്കഥ നമ്മെ ഓര്‍മപ്പെടു ത്തുന്നു.

കൊറെവൈ എന്ന യുദ്ധ ദേവതയെയും കുറവര്‍ ആരാധിക്കുന്നവരാണ്. യുദ്ധ നിപുണന്മാരായിരുന്നു കുറവര്‍. മഹാഭാരതത്തിലെ കുരുവംശ ക്കാരാണ് ഇന്നത്തെ കുറവ ജനതയെന്ന് കുറ്റിക്കാട്ട് പുരുഷോത്തമ ചോന്‍ തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ ഭരണം തമിഴകത്തു നിലനിന്നിരുന്ന കാലത്ത് അവരുടെ അനേകം സാമന്ത രാജാക്കന്മാരുണ്ടായിരുന്നു. അവരെ കുറുനില മന്നന്‍ എന്നാണ് വിളിച്ചിരുന്നത്. പഴനില, പറമ്പുമല, കോടൈമല, പൊതിയമല (അഗസ്ത്യാകൂടം), തിരുക്കുറ്റാമല, കൊല്ലിമല, കോട്ടിമല, കുതിരമല, മുതിരമല, വിന്ധ്യാചലം, അശമ്പുമല, പാവനാശം, ഇമയമല, മഹേന്ദ്രഗിരി, വേളിമല, നമ്പിമല, നാഞ്ചില്‍നാട്, വള്ളിയൂര്, ഭൂതപിണ്ടി തുടങ്ങിയ മലകളുടെ അധിപന്മാരും ഭരണാധികാരികളു മായിരുന്നു ഒരു കാലത്ത് കുറവര്‍.2 നെഗ്രിറ്റോ വംശത്തില്‍ പെട്ട കുറവര്‍ പാശ്ചാത്യ നാട്ടില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിപ്പാര്‍ത്ത വരാണെന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി യിട്ടുള്ളത് ശരിയല്ല. മലനിരകളില്‍ നിന്നും പുനര്‍ജനിച്ച് നാട്ടിലെത്തിയവരാണ് കുറവര്‍.