"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 9, ശനിയാഴ്‌ച

മൈക്രോക്രെഡിറ്റ് പദ്ധതികള്‍ സാര്‍വത്രിക പരാജയം


ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീകളും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനുമായി ലോകബാങ്കിന്റെയും സാമ്രാജ്യത്വഫണ്ടിങ്ങ് ഏജന്‍സികളുടെയും അന്താരാഷ്ട്ര എന്‍ജിഒ ശൃംഖലകളുടെയും മറ്റും മുന്‍കയ്യില്‍ ആവിഷ്‌ക്കരിച്ചുനടപ്പാക്കിയ 'പങ്കാളിത്തവികസന പദ്ധതി'കളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് ''മൈക്രോക്രെഡിറ്റ്'' സംരംഭങ്ങളായിരുന്നു. ലോകബാങ്കിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ 1000 മൈക്രോക്രെഡിറ്റ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെട്ടതിനൊപ്പം നിരവധി മൈക്രോ ക്രെഡിറ്റ് ഉച്ചകോടികളും സംഘടിപ്പിക്കപ്പെട്ടു. ലോകബാങ്ക് ഈ രംഗത്തു നടത്തിയ പ്രചണ്ഡമായ പ്രചരണങ്ങളുടെ വിജയമെന്ന നിലയില്‍ ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കിനും അതിന്റെ തലവനായ മുഹമ്മദ് യൂനസിനും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകവരെയുണ്ടായി. ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ നീരാളിക്കൈകള്‍ ഗ്രാമങ്ങള്‍ വരെ എത്തിക്കുന്നതിനും എന്നാല്‍ ആ പ്രക്രിയക്ക് ജനകീയ പങ്കാളിത്തത്തിന്റെ മുഖംമൂടി ചാര്‍ത്തുന്നതിനും സാമ്രാജ്യത്വ കേന്ദ്രങ്ങള്‍ക്കും ഭരണവര്‍ഗ്ഗ ങ്ങള്‍ക്കും ഇതു സഹായകരമായി. ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കു ജീര്‍ണ്ണിച്ച കപടഇടതുപക്ഷങ്ങളും ഈ പരിപാടിയില്‍ കണ്ണി ചേര്‍ന്നതിന്റെ ഭാഗമായി കേരളത്തിലെ കുടുംബശ്രീയും ഈ ആഗോള പങ്കാളത്തവികസന പദ്ധതികളില്‍ കണ്ണിയായി. ജനകീയ രോഷത്തെ വ്യതിചലിപ്പിക്കുന്ന സേഫ്ടി വാല്‍വായി പ്രവര്‍ത്തിച്ചു. കേരളത്തിലെ കത്തോലിക്കാ പള്ളിയുടെയും നടേശ ഗുരുവിന്റെയും പെരുന്നപോപ്പിന്റെയും മറ്റും നേതൃത്വത്തിലുള്ള എണ്ണമറ്റ സ്വയംസഹായ-മൈക്രോ ക്രെഡിറ്റ് സംരഭങ്ങള്‍ ഈ ഭരണവര്‍ഗ്ഗ ദൗത്യം ഏറ്റെടുത്തു.

എന്നാലിപ്പോള്‍, സാമ്രാജ്യത്വ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു ഗവേഷണം നടത്തുന്ന ഒരു സംഘം വിദഗ്ധര്‍ അഭിപ്രായപ്പെട്ടി രിക്കുന്നത് ലോകമാകെ നടന്നുകൊണ്ടിരിക്കുന്ന മൈക്രോക്രെഡിറ്റ് സംരംഭങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനു സഹായകരമല്ലെന്നും അവ സ്ഥിതി വഷളാക്കുകയാണെന്നുമാണ്. അമേരിക്കയിലെ പേരെടുത്ത ഗവേഷണസ്ഥാപനമായ മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(MIT)യുടെ അനുബന്ധസ്ഥാപനമായ ദാരിദ്ര്യപ്രയോഗത്തിലെ നൂതനസംരംഭങ്ങള്‍ (Innovations for Poverty Action- 1PA) എന്ന വിഭാഗത്തിലെ ഗവേഷകര്‍ നാലു ഭൂഖണ്ഡ ങ്ങളിലായി നടത്തിയ ആറു പഠനങ്ങളാണ് ആഗോളതലത്തില്‍ നടപ്പായ ആയിരക്കണക്കിനു മൈക്രോ ക്രെഡിറ്റ്-സ്വയംസഹായ സംഘങ്ങള്‍ക്ക് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തിലോ ശാക്തീകരണത്തിന്റെ കാര്യത്തിലോ ഒന്നും അവകാശപ്പെടാ നില്ലെന്ന് തെളിവുകള്‍ നിരത്തിസ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയും ഈ പഠനത്തിലെ ഒരു ലക്ഷ്യകേന്ദ്രമായിരുന്നു. മൈക്രോ ക്രെഡിറ്റ് സംരംഭങ്ങളില്‍നിന്നും വായ്പ വാങ്ങിയ നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന മുന്‍ ആന്ധ്രപ്രദേശിലെ ഹൈദരാ ബാദിലെ സ്പന്ദന എന്ന മൈക്രോഫൈനാന്‍സ് ഗ്രൂപ്പിനെയടക്കം പഠനവിധേയമാക്കിയ ഗവേഷകര്‍ 2015 ജനുവരി 24നാണ് അവരുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മേഖലകളെയും തൃണമൂല തലങ്ങളെയും കേന്ദ്രീകരിച്ചുള്ള പഠനനിരീക്ഷണങ്ങള്‍ക്ക് (field experimentation) ഇതോടകം ലോകത്ത് ഏറ്റവും പ്രശസ്തി നേടിയ ഈ സംഘടന ഇതര സാമ്രാജ്യത്വ ഫണ്ടിങ്ങ് കേന്ദ്രങ്ങളെയും ലോകബാങ്കിനെത്തന്നെയും തുറന്നുകാട്ടിയിരിക്കുകയാണ്. ബോസ്‌നിയ ഹെര്‍സഗോവിന, എത്യോപ്യ, മെക്‌സിക്കോ, മംഗോളിയ, മെറോക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ മൈക്രോക്രെഡിറ്റ് സംരംഭങ്ങളെ സംബന്ധിച്ച പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സൂക്ഷ്മ വായ്പ (micro credit) ലഭിച്ച സ്വയം സഹായ അംഗങ്ങളെയും അതു ലഭ്യമാകാത്ത വിഭാഗങ്ങളെയും താരതമ്യം ചെയ്ത് ഇത്തരം വായ്പകള്‍ ദാരിദ്ര്യ ദുരീകരണത്തിലും ജീവിതനിലവാര ഉയര്‍ച്ചയിലും വഹിച്ച പങ്ക് പരിശോധിക്കുക യെന്ന ശാസ്ത്രീയ സമീപനമാണ് ഗവേഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഉപഭോഗ നിലവാരത്തിലോ, ജീവിതഗുണത്തിലോ, കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിലോ, സ്ത്രീശാക്തീകരണത്തിലോ വായ്പ ലഭിച്ചവര്‍ക്ക് അതു ലഭിക്കാത്തവരെക്കാള്‍ ഒരു സ്ഥായിയായ മെച്ചവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഹൈദരാബാദ് നഗരത്തില്‍ മാത്രം 120 കേന്ദ്രങ്ങളിലായി 10000 രൂപ വരെ സ്പന്ദന എന്ന എന്‍ജിഒ നിരവധി പേര്‍ക്ക് വായ്പ നല്‍കുക യുണ്ടായി. അഞ്ചു വര്‍ഷക്കാലത്തെ ഇത്തരമാളുകളുടെ ജീവിതം പരിശോധിച്ചതില്‍നിന്നും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാ ക്തീകരണം എന്നീ കാര്യങ്ങളില്‍ ഒരു പുരോഗതിയും സൃഷ്ടി ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. കേരളത്തില്‍ കുടുംബശ്രീയും ജനശ്രീയും മറ്റും ഉണ്ടാക്കി സൂക്ഷ്മവായ്പ കളിലൂടെ ശാക്തീകരണം കൊണ്ടുവരാന്‍ അഹോരാത്രം പണിപ്പെടുന്ന സിപിഐ(എം)കാരും കോണ്‍ഗ്രസ്സു കാരുമെല്ലാം സ്വയംസഹായസംഘങ്ങള്‍ കെട്ടിപ്പൊക്കുന്ന മതസമുദായ പ്രമാണിമാരുമായി ചേര്‍ന്ന് ങകഠ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് വായിച്ചുനോക്കുന്നത് നന്നായിരിക്കും.

@സഖാവ് മാസിക. 2015 ഫെബ്രുവരി ലക്കം.