"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 7, വ്യാഴാഴ്‌ച

അയ്യന്‍കാളിയും ശങ്കരാചാര്യരും - ദലിത്ബന്ധു എന്‍ കെ ജോസ്


ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ കോണിലെ കേരളം ചരിത്ര ത്തിന്റെ പല ഘട്ടങ്ങളിലും സാംസ്‌കാരികമായി ഏറ്റവും മുന്നണിയിലായിരുന്നു. കേരള തനയരില്‍ ഏറ്റവും ധിഷണാശാലി ശങ്കരാചാര്യരാണ് എന്നാണല്ലോ പറയപ്പെടുന്നത്.10 ശങ്കരാചാര്യര്‍ ഇന്നൊരു ഇതിഹാസപുരുഷനാണ്. ശങ്കരാചാര്യരുടെ പേരില്‍ ഇന്നറിയപ്പെടുന്നതെല്ലാം ഒരു ശങ്കരാചാര്യരുടേത് തന്നെയാണ് എന്നു സമ്മതിക്കുവാന്‍ ഹൈന്ദവ ദാര്‍ശനികരില്‍ പോലും പലരും വിസമ്മതിക്കുന്നു. പരസ്പരവിരുദ്ധമെന്നു പറയാവുന്നതു പലതും പരിശുദ്ധനായ ഒരു ഋഷിയോ ദാര്‍ശനികനോ, യോഗീന്ദ്ര നോ എഴുതിയതും പ്രവര്‍ത്തിച്ചതുമാണ് എന്നംഗീകരിക്കുവാന്‍ ബുദ്ധിമുട്ടു ള്ളത് പലതും ഇന്നു ശങ്കരാചാര്യരുടെ പേരില്‍ ആരോപിക്കപ്പെടുന്നുണ്ട്. ശങ്കരാചാര്യര്‍ ജീവിച്ചു എന്നുപറയു ന്നത് ആകെ 32 വര്‍ഷമാണ്. അദ്ദേഹത്തിന്റെ കാലം ഏ. ഡി. 788 മുതല്‍ 821 വരെയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍മാരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്. അതില്‍ 16 വര്‍ഷമെങ്കിലും ബാല്യവും കൗമാരവുമായി നഷ്ടപ്പെട്ടിരിക്കും. ബാക്കിയുള്ള 16 വര്‍ഷത്തില്‍ബാക്കിയുള്ള 7 വര്‍ഷമെങ്കിലും രാത്രിയായിരുന്നു. ശേഷമുള്ള 9 വര്‍ഷത്തിനു ള്ളില്‍ അദ്ദേഹം ചെയ്ത മഹത്കാര്യങ്ങളുടെ പട്ടിക വളരെ നീണ്ടതും ആരെയും അത്ഭുതപ്പെടുത്തുന്നതും അവിശ്വസിപ്പിക്കു ന്നതുമാണ്.

അദ്ദേഹത്തിന്റെ രചനകളായ മഹാഭാഷ്യങ്ങളും അദ്വൈത വേദാന്ത നിബന്ധങ്ങളും കാവ്യങ്ങളും മാത്രമല്ല 32-ാമത്തെ വയസില്‍ മരിച്ചതായി ഐതീഹ്യം പറയുന്ന ഈ അത്ഭുത ധിഷണശാലിയുടെ നേട്ടങ്ങള്‍. ഹിമാലയത്തിലെ ബദരീനാഥിലും ഒറീസ്സയിലെ പുരിയിലും മൈസൂറിലെ ശൃംഗേരിയിലും മഠങ്ങള്‍ സ്ഥാപിച്ചു. ബ്രാഹ്മണമതത്തിന് ഒരു സന്യാസക്രമമുണ്ടാക്കിയ വ്യക്തിയും അദ്ദേഹമാണ്. ഇന്ത്യയുടെ വടക്കുകിഴക്കെഅറ്റത്തെ ആസ്സാമിലും വടക്കേയറ്റത്തെ കാശ്മീരിലും പടിഞ്ഞാറെ അറ്റത്തിനു പുറത്ത് കിടക്കുന്ന അഫ്ഗാനിസ്ഥാനിലും ദക്ഷിണേ ന്ത്യയില്‍ ആകെത്തന്നെയും അദ്വൈതത്തിന്റെ വിദ്യാ ദിഗ്‌വി ജയമായ വിവാദങ്ങള്‍ നടത്തികൊണ്ട് അദ്ദേഹം നിരന്തരം സഞ്ചരിക്കുകയും ചെയ്തു. കേരളം വിട്ടതിനുശേഷം ഐതീഹ്യ പ്രകാരം അദ്ദേഹം വീണ്ടും കേരളത്തില്‍ വന്ന ഏക സന്ദര്‍ഭം അമ്മ മരിക്കുന്നു എന്ന് ദിവ്യദൃഷ്ട്യാ അറിഞ്ഞു അമ്മയുടെ പിണ്ഡകര്‍മ്മങ്ങള്‍ ചെയ്യുന്നതിനാണ്. ആചാര്യരുടെ അമ്മയുടെ ചാരിത്രവിശുദ്ധിയില്‍ സംശയാലുക്കളായ നമ്പൂതിരിമാര്‍ പിണ്ഡകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ശാസ്ത്രവിധി ഇല്ലെന്ന് ശഠിച്ച് അതില്‍നിസ്സഹകരിച്ചുവെങ്കിലും ശൂദ്രസഹായത്തോടെയാണ് ആ ശവ സംസ്‌കാരം അദ്ദേഹം നടത്തിയത് എന്നും ഐതീഹ്യം പറയുന്നു. (അമ്മയുടെ ജഡം ചിതയിലേക്ക് എടുത്തുവയ്ക്കാന്‍ ആരുടെയും സഹായമില്ലാതിരുന്നതിനാല്‍ പല ഖണ്ഡങ്ങളാ ക്കിയാണ് അദ്ദേഹം തന്നെ ചിതയിലേക്ക് വച്ചതുപോലും. സഹായികളായ ശൂദ്രര്‍ക്കും ബ്രാഹ്മണജഡം തൊടാന്‍ പാടില്ലല്ലോ.) സ്വജനങ്ങളുടെ ഈ അത്യാചാരാനുഭവങ്ങളുമായി കേരളം വിട്ട ശങ്കരാചാര്യര്‍ ഇന്ത്യയുടെ അങ്ങേയറ്റത്തുള്ള ആസ്സാമില്‍ അദ്വൈത വിദ്യാ വിവാദങ്ങളുമായി വീണ്ടും സഞ്ചരിക്കുന്ന കാലത്താണ് വീണ്ടും ആവര്‍ത്തിക്കട്ടെ 32-ാമത്തെ വയസ്സില്‍ ചരമഗതിപ്രാപിച്ചു എന്ന് പി. കെ. ബാലകൃഷ്ണന്‍ ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥത്തില്‍ പറയുന്നു.11

അദ്ദേഹത്തിന്‍േറതായി 108 കൃതികളെയാണ് ഡോ. കുഞ്ചുണ്ണി രാജാ എടുത്തു പറയുന്നത്.12 കൂടാതെ കാമശാസ്ത്രത്തില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ ജയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പരകായപ്രവേശം നടത്തി ഒരു രാജാവില്‍ രണ്ടുവര്‍ഷക്കാലം ജീവിച്ച് കാമശാസ്ത്രം അനുഭവത്തിലൂടെ പഠിച്ചതും ഇക്കാലത്തിനുള്ളിലാണ്. 64 ആചാരങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തി എന്നു കൂടി അദ്ദേഹം പറയുന്നുണ്ട്. സ്വന്തം മാതാവിന്റെ ശവസംസ്‌ക്കാര ത്തിനുപോലും സഹകരിക്കാത്ത ജനതയില്‍ അദ്ദേഹം പുതിയ ആചാരം ഏര്‍പ്പെടുത്തി എന്നുപറയുന്നതിലെ പൊരുത്തക്കേട് ഐതിഹ്യ നിര്‍മ്മാതാക്കള്‍ കണ്ടില്ലായിരിക്കാം. അതെല്ലാം ഒരു മനുഷ്യന്‍ ചെയ്തു എന്ന് സമര്‍ത്ഥിക്കുന്നതിനു ഐതിഹ്യം തന്നെ വേണം. അതിനാല്‍ ശങ്കരാചാര്യര്‍ ഇന്ന് കേവലം ഒരു ഐതീഹ്യപുരുഷനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനം എന്ന് ആരോപിക്കപ്പെടുന്ന മെയ് 13 തത്വജ്ഞാനദിനമായി ആചരിക്കു വാന്‍ ഒരിക്കല്‍ കേരളസര്‍ക്കാര്‍ തയ്യാറാവുകയും അഖിലേന്ത്യാ തലത്തില്‍ ആ ദിനം ആചരിക്കുവാന്‍വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ പിന്നെ അതു തുടര്‍ന്നില്ല. അത് ഈ രാജ്യത്തെ പിന്നോക്ക-ദലിത് വിഭാഗങ്ങളോടു നടത്തുന്ന ഒരു അക്രമമായി ചിത്രീകരിക്കപ്പെടും എന്ന ഭയം കൊണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഐതീഹ്യങ്ങളെല്ലാം മാറ്റിയാല്‍ ശങ്കരാചാര്യര്‍ എന്ന ചരിത്ര പുരുഷന്‍ വേദഗ്രന്ഥങ്ങള്‍ക്ക് ഏതാനും വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. അതുതന്നെ അദ്ദേഹം ജനിച്ച സമുദായം അദ്ദേഹ ത്തിനു നല്‍കിയ പാരമ്പര്യ നേട്ടങ്ങളുടെ ഫലമാണ്. ആ പാരമ്പര്യങ്ങള്‍ അയ്യന്‍കാളിയില്‍നിക്ഷേപിക്കപ്പെട്ടിരുന്നുവെങ്കില്‍ ശങ്കരാചാര്യരാണ് കേരളതനയരില്‍ ഏറ്റവും ധിഷണാശാലി എന്ന പ്രസ്താവന സത്യസന്ധമാകുമാ യിരുന്നില്ല. അദ്ദേഹം ഒരു കേരളീയനാണ് എന്നത് ഒരു ആരോപണം മാത്രമാണ്. ചരിത്രവ സ്തുതയല്ല.

1941 ല്‍ അയ്യന്‍കാളി നിര്യാതനാകുമ്പോള്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവും സഞ്ചാരസ്വാത ന്ത്ര്യവും സാധുജനങ്ങള്‍ക്കുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേകം സ്‌ക്കൂളുകളും സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ പ്രവേശനവും ലഭിച്ചിരുന്നു. സ്വന്തമായി ഒരു സാമുദായിക സംഘടനയും അതിനു രാജ്യമൊട്ടാകെ ശാഖകളുമുണ്ടായി. നിയമസഭയില്‍ പ്രാതിനിധ്യവും സര്‍ക്കാര്‍ജോലികളില്‍ നിയമന സാധ്യതയും അവര്‍ കൈവരിച്ചിരുന്നു. വേലയുടെ കാര്യത്തില്‍ സ്വാതന്ത്ര്യവും ജോലിചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശവും അവര്‍ക്ക് ലഭിച്ചിരുന്നു. ആധുനിക ദലിത് സമുദായത്തിലേയ്ക്കുള്ള വളര്‍ച്ചയുടെ എല്ലാ അടിസ്ഥാനങ്ങളും അന്ന് ഉറപ്പിക്കപ്പെട്ടിരുന്നു.

ഇതെല്ലാം അത്ര വലിയ നേട്ടങ്ങളാണോ എന്ന് ഇന്നത്തെ തലമുറയ്ക്ക് തോന്നിയേക്കാം. മനുഷ്യന്റെ പ്രാഥമികമായ ജീവിതാവശ്യങ്ങളാണതെല്ലാം. അതുപോലും അന്നവര്‍ക്ക് ഉണ്ടായിരു ന്നില്ല. അവയെല്ലാം സമരം ചെയ്തു നേടിയെടുക്കേണ്ട പരിതസ്ഥിതി യിലാണ് അയ്യന്‍കാളിയും അദ്ദേഹത്തിന്റെ സമുദായവും അന്ന് കഴിഞ്ഞിരുന്നത്. ആ തലത്തില്‍നിന്നും അദ്ദേഹം തന്റെ സമുദായത്തെ പൊക്കിയെടുത്തു എന്നറിയുന്ന വര്‍ ഇന്ന് എത്രപേരുണ്ട്. കഴിഞ്ഞതലമുറ കടന്നുപോയ പാതയെപറ്റിയുള്ള ഒരു ഏകദേശ ജ്ഞാനത്തിന്റെ അടിസ്ഥാനം ചരിത്രമാണ്. ചരിത്രബോധമില്ലാത്തവര്‍ നിലാവത്തിറങ്ങിയ കോഴിയെപ്പോലെയാണ്. അതിനാല്‍ ആദിശങ്കരാചാര്യര്‍ എന്ന ഐതിഹ്യപുരുഷനോട് ഒരുവിധത്തിലും തുലനം ചെയ്യാവുന്നതല്ല അയ്യന്‍കാളി എന്ന ചരിത്രപുരുഷന്‍. ഇനിയും അയിത്തവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അരക്കിട്ടുറപ്പിക്കാന്‍ യത്‌നിച്ച ശങ്കരാചാര്യരെന്ന ആ കഥാപാത്രം, ജാതിക്കോട്ടയെ ഭേദിച്ചു മനുഷ്യന് സ്വാതന്ത്ര്യം നല്‍കാന്‍ ജീവിതം ഹോമിച്ച അയ്യന്‍കാളിയുടെ മുന്നില്‍ നിഷ്പ്രഭനാണ്.