"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 14, വ്യാഴാഴ്‌ച

പി കെ കൊടിയന്‍ എം പി.



1929 സെപ്തംബര്‍ 22 ന് എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ വില്ലേജിലാണ് പണ്ടാരത്തില്‍ കൊടിയന്‍ ജനിച്ചത്. അച്ഛന്റെ പേരും കൊടിയന്‍ എന്നു തന്നെയാണ്. അമ്മയുടെ പേര് താര. ഇവരുടെ രണ്ടാമത്തെ മകനാണ് പി കെ കൊടിയന്‍. മൂത്ത സഹോദരി കുറുമ്പ, പി കെ കൃഷ്ണന്‍, കണ്ടങ്കോരന്‍, സുമതി എന്നിവരാണ് കൊടിയന്റെ സഹോദരങ്ങള്‍. ഏറ്റവും ഇളയ സഹോദരി സുമതി ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു.

പി കെ കൊടിയന്‍ ഞാറക്കല്‍ ഹൈസ്‌കൂളിലെ വിദ്യാഭ്യാസ ത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിരുദം നേടി.

1946 ല്‍, അയിത്തജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള അവകാശത്തി നായി നടന്ന പാലിയം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി.

1954 - 57 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യില്‍ അംഗമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു.

1957 - 62 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ അംഗമായി.

1961 - 64 ല്‍ പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായി. തുടര്‍ന്ന് സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ അംഗമായി. 

1972 - 74 ല്‍ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെ സെക്രട്ടറിയും തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുമായി. 

1975 ല്‍ ട്രേഡ് യൂണിയന്‍ ഇന്റര്‍ നാഷനല്‍ ദി അഗ്രിക്കള്‍ച്ചര്‍ വൈസ്പ്രസിഡന്റായി. വനം - തോട്ടം മേഖല തൊഴിലാളികളുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചു.

1957 - 62 അടൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടാം ലോക്‌സഭയില്‍ അംഗം. 

1977 - 79 ആറാം ലോക്‌സഭയിലും അംഗം. 

1977 - 78 ല്‍ അതേ കാലയളവില്‍ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയില്‍

1980 - അടൂരില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളികളായ ദലിതരെ അവകാശപ്പോരാട്ടങ്ങള്‍ക്കായി സംഘടിപ്പിച്ചത്, പി കെ കൊടിയന്‍ സാമൂഹ്യ പുരോഗതിക്കു വേണ്ടി നടത്തിയ പ്രയത്‌നങ്ങളില്‍ പ്രമുഖമാണ്. ദലിത് (അന്നത്തെ പ്രയോഗം ഹരിജന്‍) വിദ്യാര്‍ത്ഥികളുടെ സംഘടന (ഹരിജന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍) സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ചത് പി കെ കൊടിയനാണ്.

1958 ഫെബ്രുവരി നാലിന് പി കെ കൊടിയന്‍ ബി എസ് സിസിലിയെ വിവാഹം ചെയ്തു. സിസിലി പെരുമ്പാവൂര്‍ സ്വദേശിയും ഈഴവ സമുദായംഗവുമാണ്. നഴ്‌സിങ് പാസായ സിസിലി, ഇന്ത്യന്‍ പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദിന്റെ സ്റ്റാഫില്‍ അംഗമായി ഡെല്‍ഹിയില്‍ എത്തിയപ്പോഴാണ് പി കെ കൊടിയന്‍ പരിചയപ്പെടുന്നത്. സിസിലിയുടെ മാതാപിതാക്കള്‍ പുരോഗമന ചിന്താഗതിക്കാരും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരു മായിരുന്നു.

മികച്ച ഒരു വായനക്കാരനും കായിക പ്രേമിയുമായിരുന്നു പി കെ കൊടിയന്‍. ജാതിവ്യവസ്ഥക്കെതിരെ പോരാടാനും അയിത്ത ജാതിക്കാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കാനുമായിരുന്നു ഏറെ താത്പര്യം.

1964 ല്‍ ബള്‍ഗേറിയയും ഗ്രീസും 1964, 70, 74, 75 എന്നീ വര്‍ഷങ്ങലില്‍ യുഎസ്എസ്ആര്‍ ഉം 1976 ല്‍ ചെക്കോസ്ലോവാക്യയും അള്‍ജീറിയയും ഫ്രാന്‍സും പോളണ്ടും പി കെ കൊടിയന്‍ സന്ദര്‍ശിച്ചു.

2001 ഒക്ടോബര്‍ 28 ന് ന്യൂഡെല്‍ഹിയില്‍ വെച്ച് തന്റെ 78 ആമത്തെ വയസില്‍ പി കെ കൊടിയന്‍ അന്തരിച്ചു.