"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

സ്വര്‍ണം: വസ്തുതകള്‍ - ശശിക്കുട്ടന്‍ വാകത്താനം.കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹ്യ ഘടനയാണ് ഇന്ത്യയില്‍ വികസിച്ചുവന്നത്. ഇന്ത്യയിലെ എഴുപത്തിരണ്ടുശതമാനം വരുന്ന ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. കാര്‍ഷികമേഖലയുടെ വികാസത്തിനു കാരണമായത് ഇരുമ്പിന്റെ കണ്ടെത്തലും അതുമായി ബന്ധപ്പെട്ട കൈത്തൊഴിലിന്റെ വികാസവുമായിരുന്നു. പരമ്പരാഗത തൊഴില്‍ സൃഷ്ടിച്ച സംസ്‌ക്കാരവും കൃഷിയുടെ വികാസവും ഇന്ത്യന്‍ ഗ്രാമീണ വ്യവസ്ഥയെ സ്വയംപര്യാപ്തമാക്കി. ഉല്‍പാദന പ്രക്രിയയുമായി ബന്ധപ്പെട്ടു നിന്ന വിദേശ ബന്ധങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടുവരെ സ്വതന്ത്രമായി തുടര്‍ന്നുപോന്നിരുന്നു. കാര്‍ഷികമേഖലയില്‍നിന്നും കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും തുടങ്ങിയവയും കൈത്തൊഴില്‍ മേഖലയില്‍നിന്നും പട്ടും കയറും പരുക്കന്‍ തുണികളും മറ്റു വസ്തുക്കള്ളും കയറ്റിക്കൊണ്ടുപോയിരുന്നു. പകരം സ്വര്‍ണം, വെള്ളി, ചെമ്പ്, രസം, കര്‍പ്പൂരം തുടങ്ങിയ വസ്തുക്കള്‍ വന്നുകൊണ്ടിരുന്നു. ഇത് സ്വര്‍ണ്ണപ്പണി, ചെമ്പുപണി, വാര്‍ക്കപ്പണി തുടങ്ങിയ കൈത്തൊഴില്‍ മേഖലകളെ വികസിപ്പിച്ചു. ഇതുവഴി മൊത്തം ഉല്‍പാദനപ്രക്രിയ ഒരു സാമൂഹിക സ്വഭാവം കൈവരിച്ചിരുന്നു. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെമേല്‍ തൊഴിലാളികള്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. ഇത് സാമൂഹികവും രാഷ്ടീയവും ബുദ്ധിപരവുമായ ജീവിതത്തിന്റെ പൊതുസ്വഭാവത്തിലേക്കെത്തി. അതോടൊപ്പം കൂടുതല്‍ ഉയര്‍ന്ന ഉല്‍പാദന ബന്ധങ്ങളിലേക്ക് വികസിക്കുകയും ചെയ്തു. ഇതൊരുഘട്ടം പിന്നിടുന്നതോടെ പഴയ ഗര്‍ഭപാത്രം പിളര്‍ന്ന് പുതിയ രൂപം രംഗത്തെത്തും. ഇതു പരിഹരിക്കാന്‍ ഉല്‍പാദന ശക്തികള്‍ത്തന്നെ അതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. അതിനുള്ള ശേഷി ആര്‍ജിക്കാന്‍ തൊഴിലാളികളായ വിശ്വകര്‍മ്മജര്‍ക്കു കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ് അവരുടെ പിന്നോട്ടുപോക്കിനു കാരണമായതും. 

വിദേശ വ്യാപാരത്തിന്റെ വളര്‍ച്ചയോടെ ചെറുകിട ഉല്‍പാദകര്‍ അദ്ധ്വാനത്തിന്റെ ചൂഷണത്തിലൂടെ വന്‍കിട ഉല്‍പാദകരായി മാറി. അതോടൊപ്പം തൊഴിലാളികള്‍ക്കിടയിലെ ഏതാനും ചിലരും സമ്പന്നരാകുകയും ചെയ്തു. ഇവര്‍ക്കൊപ്പം പണിയെടു ത്തിരുന്നവരും തൊഴിലഭ്യസിച്ചിരുന്നവരും കൂലിത്തൊഴിലാളി കളായി മാറി.വ്യാപാരമൂലധനം കൈത്തൊഴില്‍ വ്യവസായത്തെ കീഴ്‌പ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തതിനു ശേഷം വ്യവസായ മൂലധനമായി പരിവര്‍ത്തിക്കപ്പെട്ടു. 

നിക്ഷേപ മൂലധനം എന്നതിലുപരി ഭാരതീയരെ സംബന്ധിച്ച് സ്വര്‍ണ്ണം ഒരു ആരാധ്യവസ്തുവായിരുന്നു. അതിനു ദൈവത്തോളം തന്നെ പവിത്രതയും കല്‍പ്പിച്ചിരുന്നു. തന്മൂലം ഇതിനെ ജാതിവ്യവസ്ഥയുമായി കൂട്ടിക്കെട്ടി. നായന്മാര്‍ മുതല്‍ താഴോട്ടുള്ളവര്‍ക്കും നമ്പൂതിരി സ്ത്രീകള്‍ക്കും സ്വര്‍ണം ധരിക്കാന്‍ അവകാശമില്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് രാജാവിന്റെ അനുമതിയോടെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം ധരിക്കുന്നതിന് അനുവാദം കൊടുത്തു. സ്വര്‍ണാഭരണം അണിയാനുള്ള അവകാശം നിഷേധിച്ചിരുന്നതു പോലെ തന്നെ അടിമത്വത്തിന്റെ ചിഹ്നമായി ചില ആഭരണങ്ങള്‍ അണിയണമെന്നതും നിര്‍ക്കര്‍ഷിച്ചിരുന്നു. ഇതിനെതിരെ നടന്ന കലാപമായിരുന്നു കൊല്ലം ജില്ലയിലെ പെരിനാടു കലാപം.(കല്ലമാല ബഹിഷ്‌ക്കരണം)

മുതലാളിത്ത ഉല്‍പാദനരംഗത്തെ വികാസം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവച്ചു. ചെറുകിട വ്യവസായങ്ങള്‍ വന്‍കിട വ്യവസായ ങ്ങള്‍ക്കു വഴിമാറിക്കൊടുത്തു. പുതിയ ഉല്‍പാദനോപാധികളുടെ വരവ് മുതലാളിമാര്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുന്നതിന പ്പുറത്തേക്ക് ഉല്‍പാദനം വര്‍ദ്ധിച്ചു. ഇവ വിറ്റഴിക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമായി വന്നു. ഇതിനുവേണ്ടിവരുന്ന മൂലധനത്തിനായി കൂടുതല്‍ സംരംഭത്തിന്റെ രൂപത്തിലുള്ള കോര്‍പ്പറേറ്റ് ഉടമസ്ഥതയിലേക്കു നയിച്ചു. കോര്‍പ്പറേറ്റ് ഉടമസ്ഥതയുടെ ആധിപത്യംമൂലം ചെറു സംരംഭകര്‍ ക്രമേണ പൂട്ടിപ്പോവുകയും ചെയ്തു. 

കേരളത്തിന്റെ സമ്പദ്ഘടനയില്‍ 65 ശതമാനവും കൈകാ ര്യം ചെയ്യുന്നത് സ്വര്‍ണവും മദ്യവും ഊഹമേഖലകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുമാണ്. ജനങ്ങളുടെ ആഡംബര ജീവിതവും ആഭരണഭ്രമവും വര്‍ദ്ധിപ്പിക്കാനും ഉപഭോഗതൃഷ്ണയെ ത്വരിപ്പിക്കാനും കച്ചവടക്കാര്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. അക്ഷയ ത്രിതീയ പോലുള്ള അന്ധവിശ്വാസ ങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയും മാനസികാടിമത്വത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തുകൊണ്ടി രുന്നു. മറ്റുപലതിലുമെന്നതുപോലെ ഈ രംഗത്തും ഇപ്പോള്‍ മാഫിയാ പ്രവര്‍ത്തനം ശക്തവുമാണ്.

ഇത്തരത്തിലുള്ള ഭീഷണമായ കാലത്തിലാണ് സ്വര്‍ണതൊഴിലാ ളികള്‍ ജീവിക്കുന്നത്. ഈയൊരു പശ്ചാത്തലമാണ് കേരളത്തിലെ സ്വര്‍ണത്തൊഴിലാളികളും സ്വര്‍ണവ്യവസായവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഈ പുസ്തകം. അന്യാധീനപ്പെട്ട സ്വര്‍ണത്തൊ ഴിലാളികള്‍ നൂറുകണക്കിനുപേര്‍ ആത്മഹത്യയില്‍ അഭയംപ്രാപി ക്കുകയും ശേഷിച്ചവര്‍ സമൂഹത്തിന്റെ പിന്നാംപുറത്തേക്ക് ആട്ടിപ്പായിച്ച ഒരു കാലവുമാണിത്. ചരിത്രം ഒരിക്കലും ഒരു തിരിച്ചുവരവിലേക്കല്ല പോകുന്നത് എന്നത് വസ്തുതയായിരി ക്കുമ്പോള്‍ ഈ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരി ന്റെ ഉത്തരവാദിത്വമായി തീര്‍ന്നിട്ടില്ലന്നതും ഇവരുടെ ഭാവിയുടെ ദുരന്തത്തെയാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം ചരിത്ര പ്രതിസന്ധികളുടെ വഴികളില്‍ പരമ്പരാഗത സമൂഹത്തിന് ഇനിയും വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയും എന്നൊരു യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. 

പരമ്പരാഗത സമൂഹം ഊതിക്കാച്ചിപോന്നതും അടിച്ചു തിളക്കം വരുത്തിയതുമായ അവരുടെ ജീവിതത്തിന്റെ തിളക്കം നഷ്ടപ്പെടു മ്പോഴും അവരുടെ നെരിപ്പോടില്‍നിന്നും പ്രവഹിച്ചുകൊണ്ടിരുന്ന ചൂട് സമൂഹത്തിലെവിടെയും വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ആഗോളീകരണത്തിന്റെ ഷോക്കേസായി മാറിയിരിക്കുന്ന കേരളം പ്രതിസന്ധിയില്‍നിന്നും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊ ണ്ടിരിക്കുമ്പോള്‍ ഇവിടെ വ്യാപാരശിഷ്ടപ്രതിസന്ധി സൃഷ്ടിക്കു ന്നവരില്‍ പ്രധാനികള്‍ സ്വര്‍ണകച്ചവടക്കാരാണെന്ന് കണക്കുകള്‍ പറയുന്നു. ആയിരക്കണക്കിനു കിലോ സ്വര്‍ണമാണ് നിയമവി രുദ്ധമായി കേരളത്തിലെ സ്വര്‍ണവ്യവസായികളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കൈവശം വച്ചിട്ടുള്ളത്. ഈയൊരു പശ്ചാത്തല ത്തിലും നികുതിയിനത്തില്‍ വന്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ഭരണാധികാരികള്‍ നടത്തിക്കൊ ണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സേവക്ക് അധിക കാലം മുന്നോട്ടു പോകാന്‍ കഴിയില്ലെന്നുള്ളത് ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈ അര്‍ത്ഥത്തില്‍ കേരളത്തിലെ എട്ടുലക്ഷം വരുന്ന പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ ഏറ്റെടുക്കേണ്ട കടമ വലുതാണ്.

എല്ലാ ഭരണവര്‍ഗ്ഗ പാര്‍ട്ടികളും സ്വര്‍ണത്തൊഴിലാളികളെ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ തൊഴില്‍പരമായ അവസ്ഥകളെ പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ ഇവര്‍ക്കു താല്‍പര്യമില്ലെന്നതും വസ്തുതയാണ്. തൊഴിലാളികളെ സ്വര്‍ണ മുതലാളിമാരുടെ പാദസേവകരായി തീര്‍ത്തിരിക്കുന്ന കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. സ്വര്‍ണതൊഴിലാളികള്‍ക്കായി രൂപീകരിച്ച ക്ഷേമനിധി ബോര്‍ഡുപോലും മാന്യമായി നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്തവരാണ് അതിന്റെ തലപ്പത്തിരിക്കുന്നവര്‍. വോട്ടുബാങ്കുരാഷ്ട്രീയത്തിലേക്ക് അധഃപ്പതിച്ച ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ക്ക് ഈ തൊഴിലാളികളെ തിരിച്ചറിയാന്‍ കഴിയുകയില്ല എന്നതും വസ്തുതയാണ്. 

സ്വര്‍ണപ്പണിക്കാരെ തട്ടാന്മാര്‍ എന്നാണ് പണ്ടുമുതല്‍ക്കേ വിളിച്ചിരുന്നത് അതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിരുന്നു എന്ന് അന്നു മുതല്‍ക്കേ ആരും ധരിച്ചിരുന്നുമില്ല. തട്ടാന്‍ എന്നാല്‍ തട്ടിപ്പു നടത്തുന്നവന്‍ എന്ന വ്യാഖ്യാനം മൂലമായിരിക്കാം ആ വാക്കിനോട് പ്രതിപത്തി കുറയാന്‍ കാരണം. തട്ടുക എന്നാല്‍ അടിക്കുക, അടിച്ചുപരത്തുക എന്നാണര്‍ത്ഥം. സ്വര്‍ണവ്യവസായ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിന്റെ ലക്ഷത്തില്‍ ഒരംശംപോലും ഒരു തൊഴിലാളി നടത്തുന്നില്ല എന്നതാണ് വസ്തുത. എന്നിട്ടും അവരെ കള്ളന്മാര്‍ എന്നുവിളിച്ച് ആക്ഷേപിക്കുന്നത് പുതിയ സംസ്‌ക്കാരത്തിന്റെ ഭാഗമായിത്തീ രുകയാണ്. ഈ സംസ്‌കാരത്തോട് പ്രതികരിക്കാനോ പ്രതികരി ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ പുറംപോക്കുകളി ലായിത്തീര്‍ന്നിരിക്കുകയാണ് വിശ്വകര്‍മ്മജര്‍. ഇത്തരം ചില യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവുമായുള്ള കടന്നുവരവാണ് ഈ പുസ്തകം എന്നുമാത്രം ഓര്‍മ്മിപ്പിക്കുന്നു.