"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 17, ഞായറാഴ്‌ച

കോണ്‍ഗ്രസ്സ് - ഈഴവ ബന്ധം - ദലിത്ബന്ധു എന്‍ കെ ജോസ്


വൈക്കം സത്യാഗ്രഹത്തില്‍ അവശ്യത്തിലധികം സവര്‍ണ്ണ സഹകരണമുണ്ടായിരുന്നു. സത്യാഗ്രഹം നയിച്ച കോണ്‍ഗ്രസ് ഒരു സവര്‍ണ്ണ സംഘടനയായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകം അതു വ്യക്തമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിന് കുറച്ചെങ്കിലും അനുയായികളു ണ്ടായിരുന്നതു മലബാറിലാണ്. തിരുവിതാംകൂറിലും കൊച്ചിയിലും അന്ന് വിരലിലെണ്ണാവുന്ന അംഗങ്ങള്‍പോലും കോണ്‍ഗ്രസ്സിനുണ്ടായിരുന്നില്ല. നാട്ടുരാജ്യ ങ്ങളില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. നാട്ടുരാജാക്കന്മാര്‍ വിദേശികളല്ലല്ലോ. മലബാറില്‍ കോണ്‍ഗ്രസ്സി ന്റെ ലക്ഷ്യം സവര്‍ണ്ണ താല്‍പര്യ സംരക്ഷണം മാത്രമായിരുന്നു. അവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍രാജാക്കന്മാരും പ്രഭുക്കന്മാരും സവര്‍ണ്ണരും മാത്രമായിരുന്നു. കാലാകാലങ്ങളില്‍ അവിടെ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ പാസ്സാക്കിയ പ്രമേയങ്ങള്‍ അതു വെളിവാക്കുന്നുണ്ട്. നായന്മാരെ കൂടുതലായി ബ്രീട്ടീഷ് പട്ടാളത്തില്‍ ചേര്‍ക്കണം എന്നുതുടങ്ങിയ പ്രമേയങ്ങളാ യിരുന്നു അവര്‍ പാസ്സാക്കിയത്.

തിരുവിതാംകൂറില്‍ നിന്നും അവര്‍ണ്ണനായി അന്ന് ഈഴവനായ ടി.കെ.മാധവന്‍ മാത്രമാണ് കോണ്‍ഗ്രസ്സിലുണ്ടായിരുന്നത്. അവര്‍ണ്ണരുടെ അവശതാ പരിഹാരത്തിന് സവര്‍ണ്ണരുടെ സംഘടനയായ കോണ്‍ഗ്ര സ്സിനെ ഒരുപകരണമാക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിനാണ് മാധവന്‍ കോണ്‍ഗ്രസ്സിനോട് സഹകരിച്ചത്. ഫലം പരാജയമായിരുന്നുഎന്നു വ്യക്തമാണ്. മാധവനേക്കാളേറെ കോണ്‍ഗ്രസ്സിനോടു ബന്ധപ്പെട്ട് അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രോവിന്‍സായ മദ്രാസിലെ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായിരുന്ന ഈ.വി.രാമസ്വാമി നായ്ക്കര്‍ക്ക് വൈക്കം സത്യാഗ്രഹമെന്ന സവര്‍ണ്ണ താല്‍പര്യ സംരക്ഷണത്തില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ആത്മാര്‍ത്ഥതയില്ലായ്മ അനുഭവപ്പെടുകയും തല്‍ഫലമായി വൈക്കത്തെ സത്യാഗ്രഹം കഴിഞ്ഞു നാട്ടിലെത്തിയ ദിവസംതന്നെ കോണ്‍ഗ്രസ്സിന്റെ പ്രൈമറി മെമ്പര്‍ഷിപ്പുകൂടി രാജിവയ്ക്കുകയും ചെയ്തു എന്നു പറഞ്ഞുവല്ലൊ. ടി.കെ.മാധവന്‍ അങ്ങനെയൊന്നും ചെയ്തിട്ടി ല്ലെങ്കിലും അയ്യന്‍കാളിക്കു കോണ്‍ഗ്ര സ്സിന്റെ ആരംഗത്തെ ആത്മാര്‍ത്ഥയില്ലായ്മ കാലേകൂട്ടിത്തന്നെ കണ്ട് സഹകരിക്കാതെ അകന്നു നില്‍ക്കാന്‍ കഴിഞ്ഞു. അയ്യന്‍കാളി വൈക്കംസത്യാഗ്രഹം ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തനത്തോടും ബന്ധപ്പെടാതിരുന്നത് അതുകൊണ്ടാണ്. കോണ്‍ഗ്രസ്സുകാര്‍ മാധവനെ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി ഉപയോഗിക്കുകയായിരുന്നു.

ഇംഗ്ലീഷുകാരെ ഇന്ത്യയില്‍നിന്നും പറഞ്ഞുവിടുക എന്ന അടിസ്ഥാനലക്ഷ്യത്തോട് മാധവന്‍ എന്നെങ്കിലും പ്രതികരിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തിലില്ല. മാധവനെന്നല്ല ഒരു ഈഴവനും അതിനു തയ്യാറായിട്ടില്ല. അക്കാര്യത്തില്‍ അയ്യന്‍കാളിയും അവര്‍ക്കനുകൂലമായിരുന്നു എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രധാന പ്രവര്‍ത്തകരിലൊരാളായ മാധവന്റെ കോണ്‍ഗ്രസ് പ്രേമം സഹപ്രവര്‍ത്തകരെ ആരെയും ബാധിച്ചില്ല. 603 ദിവസം കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് നടത്തിയ വഞ്ചന ടി.കെ.മാധവന് മനസ്സിലായില്ലെങ്കില്‍ മറ്റ് ഈഴവര്‍ക്ക് അത് മനസ്സിലായി.

വൈക്കം സത്യാഗ്രഹത്തിന് രണ്ട് വര്‍ഷത്തിനുമുമ്പ് 1922 ല്‍ ഇംഗ്ലണ്ടിലെ ചക്രവര്‍ത്തിയുടെ അടുത്ത അവകാശി വെയില്‍സ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ കോണ്‍ഗ്രസ് ആ സന്ദര്‍ശനം ബഹിഷ്‌കരിച്ചു. മഹാകവി കുമാരനാശാന്‍ രാജകുമാരന് സ്വാഗതമാശംസിച്ചുകൊണ്ട് കവിത എഴുതി സമര്‍പ്പിച്ചു. രാജകുമാരന്‍ മഹാകവിക്ക് പട്ടും വളയും സമ്മാനിച്ചു. അതില്‍ ഒരു അപാകതയും അന്നോ അതിനുശേ ഷമോ ഈഴവരാരും കണ്ടില്ല. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആ മുന്‍ സെക്രട്ടറിയെ അവര്‍ അഭിനന്ദിച്ചു. അതാണ് ഈഴവസമുദായവും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധം.

വൈക്കം സത്യാഗ്രഹത്തിന്റെ ആശയങ്ങള്‍ക്ക് തിരുവിതാം കൂറില്‍ പ്രചരണം കൊടുത്തത് സവര്‍ണ്ണ സംഘടനകള്‍ നയിച്ചജാഥകളായിരുന്നു. ഒരു സവര്‍ണ്ണനായ മന്നത്തു പത്മനാഭപിള്ളയായി രുന്നു വടക്കന്‍ ജാഥയുടെ ക്യാപ്റ്റന്‍. വൈക്കത്തു പൊതുനിരത്തുകള്‍ അവര്‍ണ്ണര്‍ക്കായി തുറന്നുകൊടു ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിലേക്ക് മെമ്മോറാണ്ടം നല്‍കിയതും സവര്‍ണ്ണ സംഘടന കളായിരുന്നു. ചങ്ങാനാശ്ശേരി പരമേശ്വരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഒരു ഡെപ്യൂട്ടേഷനാണ് അത് നിര്‍വഹിച്ചത്. എന്നാല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപകരില്‍ ഒരാളായ ഡോ.പല്‍പുവിന്റെ സഹോദരന്‍ മാനേജര്‍ പരമേശ്വരനാണ് സഞ്ചാരസ്വാതന്ത്ര്യ പ്രമേയത്തെ ഒരു വോട്ടിന് പരാജപ്പെടുത്തിയത്. അദ്ദേഹം ആദ്യകാല എസ്.എന്‍. ഡി.പി. യോഗത്തിന്റെയും അതിനുമുമ്പ് അരുവിപ്പുറത്ത് നിലനിന്നിരുന്ന വാവൂട്ടുസംഘത്തിന്റെയും സ്വത്തുക്കള്‍ നാരായണഗുരു വിന്റെ നിര്‍ദ്ദേശാനുസ രണം കൈകാര്യം ചെയ്തുപോന്ന ആളായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിനു മാനേജര്‍ എന്ന പേരുലഭിച്ചത്. വൈക്കം സത്യാഗ്രഹം യഥാര്‍ത്ഥത്തില്‍ ഈഴവര്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല. സത്യാഗ്രഹ ത്തിന് മുമ്പും ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ ഈഴവര്‍ പരസ്യമായിത്തന്നെ വൈക്കത്തെ തെരുവുകളിലൂടെ സഞ്ചരിച്ചിരുന്നു. എന്നുമാത്രമല്ല ആ വിവരാ രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടു നടപടി ഒന്നും ഉണ്ടായില്ല. നടപടി ഉണ്ടായത് പുലയര്‍ വൈക്കത്തെ തെരുവുകളിലൂടെ നടക്കാന്‍ തയ്യാറായപ്പോഴാണ്.


കുറിപ്പുകള്‍

1 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, കാണുക.
2 വേലായുധന്‍ പി.എസ്, എസ്.എന്‍.ഡി.പി യോഗചരിത്രം, കാണുക
3 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹത്തിലെ പുലയപങ്കാളിത്തം, കാണുക.
4 ദലിത്ബന്ധു, ശിപായി ലഹള-ഒരു ദലിത് മുന്നേറ്റം, കാണുക.
5 ശ്രീധരമേനോന്‍ എ,കേരളവും സ്വാതന്ത്ര്യസമരവും, പേജ് 18; കേരളചരിത്രം, പേജ് 386
6 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹത്തിലെ പുലയപങ്കാളിത്തം, കാണുക.
7 ഗാന്ധിയും കേരളവും, പേജ് 172
8 അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് റാണി ലക്ഷ്മീഭായി റീജന്റായിട്ടാണ്.
9 ഗാന്ധിയും കേരളവും, പേജ് 184
10 വൈക്കം സത്യാഗ്രഹ സ്മാരക ഗ്രന്ഥം, പേജ് 229
11 സത്യാഗ്രഹത്തെപ്പറ്റിയുള്ള ദലിത്ബന്ധുവിന്റെ നിര്‍വ്വചനം
12 വൈക്കം സത്യാഗ്രഹ സ്മാരക ഗ്രന്ഥം, പേജ് 213
13 വേലായുധന്‍ പി.എസ്, പ്രൊ, എസ്.എന്‍.ഡി.പി. യോഗചരിത്രം, അനുബന്ധം പേജ് ഘതതതക
14 ' അതേ പുസ്തകം, ഗ്രന്ഥം തഇകഢ
15 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, കാണുക.
16 ദലിത്ബന്ധു, ഈഴവ മെമ്മോറിയല്‍, കാണുക.
17 ശ്രീധരമേനോന്‍ എ, കേരളചരിത്രം, കാണുക
18 പത്മനാഭപിള്ള മന്നത്ത്, സമ്പൂര്‍ണ്ണകൃതികള്‍, പേജ് 557.
19 ദലിത്ബന്ധു, ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും, കാണുക.
20 കേശവമേനോന്‍ കെ.പി, കഴിഞ്ഞകാലം, കാണുക