"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 2, ശനിയാഴ്‌ച

പ്രസിദ്ധമായ തൊണ്ണൂറാമാണ്ട് ലഹള - എം എല്‍ ചോലയില്‍

എം എല്‍ ചോലയില്‍ 

 തൊണ്ണൂറാമാണ്ടത്തെ ലഹളക്കാലത്ത് ജീവിച്ചിരുന്ന അനുഭവ ജ്ഞനായ ഒരു വ്യക്തിയാണ് സ്വാമി പവിത്രാനന്ദന്‍. 83 വയസു കഴിഞ്ഞ് ഇന്നും ജീവിച്ചിരിക്കുന്ന (1983 ല്‍ എഴുതയ കുറിപ്പാണ് ഇത് - ബ്ലോഗര്‍) അദ്ദേഹത്തിന്റെ സ്മരണ മണ്ഡലത്തില്‍ വടുകെട്ടിക്കിടന്ന തിക്താനുഭവങ്ങളുടെ ഒരു സാമന്യ രൂപം ചിത്രീകരിക്കാന്‍ ശ്രമിക്കയാണ്.

കൊല്ലവര്‍ഷം 1090 റാമാണ്ട് കാലഘട്ടങ്ങളിലും ക്രിസ്ത്യാനി കളായ അവശ ജാതിക്കാര്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. അക്കാരണത്താല്‍ അയ്യനവരില്‍ അധികം പേരും ക്രിസ്ത്യാനികളായി മാറി. ഗവണ്മെന്റ് സ്‌കൂളുകളില്‍ പോലും ഹിന്ദുക്കളായ താണ ജാതിക്കാര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. ഒരു പരീക്ഷണമെന്ന നിലക്കു സമുദായ സ്‌നേഹികളും സംസ്‌കാര മോഹികളും വിദ്യ കൊണ്ടുവരാന്‍ അതിയായി മോഹിച്ചു.

അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പുലയ കുട്ടികളെ ഊരൂട്ടമ്പലം ഗവണ്മെന്റു സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരു ശ്രമം നടന്നു. ഇതു സവര്‍ണ ജാതിക്കാര്‍ക്കു സഹിച്ചില്ല. ഗവണ്മെന്റു, കുട്ടികളെ ചേര്‍ക്കുന്നതിനുള്ള ഉത്തരവു നല്കി. എങ്കിലും സര്‍വശക്തിയും പ്രയോഗിച്ചു മേലാളര്‍ അതു തടയുകയാണു ണ്ടായത്. മേല്‍ജാതിക്കുട്ടി കളോടൊപ്പം ചെറുമക്കിടാങ്ങ ളിരിക്കയോ? ഒട്ടും സഹിച്ചില്ല. തത്ഫലമായി പുലയരും നായന്മാരും തമ്മില്‍ ബലപ്രയോഗം നടന്നു. പുലയര്‍ നായരെ തല്ലി എന്ന പ്രചരണം വ്യാപകമായി. നായര്‍ക്കും, പൊതുവേ മറ്റു സവര്‍ണര്‍ക്കും അത് അഭിമാനക്ഷതമായി മാറി. കണ്ടലപ്പിള്ളക്കു ഒട്ടും സഹിച്ചില്ല. കൊല്ലും കൊലക്കും അധികാരമുള്ള ആളായിരുന്നു അദ്ദേഹം. ആ പ്രമാണിയുടെ ഗര്‍ജനം നായര്‍ക്ക് ആവേശം പകര്‍ന്നു. പുലയരെത്തല്ലാന്‍ കൂട്ടമായി സവര്‍ണജാതിക്കാര്‍ രംഗത്തെത്തി. അത് ഒരുലഹളയില്‍ കലാശിച്ചു.

പുലയ ലഹള എന്നു കുപ്രസിദ്ധമായ ഈ ലഹള, പുലയര്‍ നടത്തിയതല്ല. അവരെ അടിച്ചമര്‍ത്താന്‍ സവര്‍ണ ഹിന്ദുക്കള്‍ കല്പിച്ചു കൂട്ടിയുണ്ടാക്കിയ ലഹളയായിരുന്നു. അടിമകളായ താണവരെ അടിച്ചമര്‍ത്തി വീണ്ടും അടിമശ്ശവങ്ങളാക്കി ചവിട്ടടിയില്‍ ഒതുക്കാനുള്ള ഒരു തീവ്രശ്രമം. അതിഭീകരവും ക്രൂരവും നീചവുമായ ഒരുകടന്നാക്രമണം. അത് ചട്ടമ്പി പ്രമാണിമാരുടെ തേര്‍വാഴ്ചയായി മാറി. മേമ്പൊടിയായി 'പുത്തന്‍പട്ടാളം' ഇറങ്ങിയെന്നുള്ള കിംവദന്തിയും പ്രചരിച്ചു. സാമൂഹ്യ വിരുദ്ധരായ ചട്ടമ്പിമാരാണ് ലഹളക്ക് നേതൃത്വം കൊടുത്തത്. ഒരുതരം കൊള്ളയും കൊള്ളിവെപ്പുമായി അത് പടര്‍ന്നു പിടിച്ചു. പാവപ്പെട്ട താണജാതിക്കാരുടെ വീടുകളിലാണ് ഇതരങ്ങേറിയത്. ആട്, കോഴി തുടങ്ങിയ വളര്‍ത്തു ജന്തുക്കളെ കൊന്നും കൊല്ലാതെയും കടത്തിക്കൊണ്ടിരുന്നു. കൃഷിഫലങ്ങളും കട്ടുമുടിച്ചു. ഭീതരായ പാവപ്പെട്ട ജനം ജീവരക്ഷക്കായി പലായനം ചെയ്തു. സ്ഥലത്തെ ഹൃദയാലുക്കളായ ജന്മിമാര്‍ തങ്ങളുടെ അടിമകളായ പുലയരെ ഒളിച്ചോടി രക്ഷപ്പെടാന്‍ സഹായിച്ചു. അവരുടെ തന്നെ നെല്ലറകളിലെ കളിയലുകളില്‍ ഒളിച്ചിരുത്തിയും രക്ഷിച്ചു. അങ്ങനെ ഒരു കൂട്ടര്‍ ആക്രമിക്കയും മറ്റൊരു കൂട്ടര്‍ അഭയം നല്കുകയും ചെയ്ത വിരോധാഭാസമായ ഒരു രംഗം അന്ന് നടമാടിയിരുന്നു.

പകല്‍ സമയം ഏതെങ്കിലും ഒരു ചട്ടമ്പിപ്രമാണിയുടെ വീട്ടില്‍ താവളമടിക്കും. അപഹരിച്ച വസ്തുവകകള്‍ പാകപ്പെടുത്തിയും വിറ്റും തിന്നു മദിച്ചു രസിച്ചു. രാത്രിയായാല്‍ ഒരു പറ്റം സേവകരോടൊത്തു ചട്ടമ്പിമാര്‍ ക്രൂര താണ്ഡവം നടത്തും.

ഊരൂട്ടമ്പലത്തു നിന്നാരംഭിച്ച അടിച്ചമര്‍ത്തല്‍ ലഹള നെയ്യാറ്റിന്‍ കര താലൂക്കും പരിസരപ്രദേശവും ഭീതിമേഖലയാക്കി മാറ്റി. പ്രക്ഷുബ്ധമായ അന്തരീക്ഷം തന്നെ അത് സൃഷ്ടിച്ചു. ഓരോ സ്ഥലത്തും അതാതു സ്ഥലത്തെ ചട്ടമ്പിമാരാണ് നേതൃത്വം നല്കിയത്. വ്യാപകമായ തോതില്‍ ഭീതിദമായ നിലയില്‍ ഈ ലഹള എത്തിച്ചേര്‍ന്നു. അയ്യന്‍കാളിയും കൂട്ടരും ധീരതയോടെ പൊരുതി നിന്നു. ഒടുവില്‍ പുലയരല്ലാത്ത വരിലേക്കും ഈ ലഹള കടന്നു കയറി.

ചുള്ളിയൂര്‍ പ്രദേശത്തും 'പുത്തന്‍ പട്ടാളം' ഇറങ്ങിയെന്ന വ്യാജ വാര്‍ത്തയോടൊപ്പം കൊള്ള സംഘമെത്തി. സവര്‍ണരില്‍ ചിലര്‍ അടിയാന്മാരെ ഒളിച്ചു രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചു. ഇവിടെ അയ്യനവര്‍ സമുദായത്തിലും പ്രസിദ്ധരായ, അടിതട വിദ്യകള്‍ കരസ്ഥമാക്കിയ ആശാന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്കു ഈ ക്രൂരമായ അനീതി കണ്ട് കൈയും കെട്ടി നില്ക്കാന്‍ കഴിഞ്ഞില്ല. കപ്യാരാശാന്‍, ജോഷ്വാഭക്തര്‍, തുടങ്ങിയ വീരന്മാര്‍ ചുള്ളിയൂര്‍ അമേരിക്കന്‍ മിഷന്‍ പള്ളിയില്‍ സംഘം ചേര്‍ന്നു. ഏതൊരു വീട്ടിലായാലും കൊള്ളക്കാരെത്തിയാല്‍ കൂട്ടനിലവിളി നടത്താന്‍ ഏര്‍പ്പാടു ചെയ്തു. ഇരുപത്തഞ്ചു കരുത്തന്മാര്‍ എല്ലാ തയാറെടുപ്പോടും കൂടെ പള്ളിയില്‍ താവളമടിച്ചു. കപ്യാരാശാ നാണ് നേതാവ്. തോക്ക്, ചുരുട്ടു വാള്, വീശുവാള്, പിച്ചാത്തി, ചാക്കില്‍ കല്ല്, മുളകുപൊടി എന്നീ സമരായുധങ്ങലും സംഭച്ചി രുന്നു.

ലഹളസംഘത്തെ നയിച്ചത് പൊന്നന്‍പിള്ള ചട്ടമ്പി (നായര്‍) ഗോവിന്ദന്‍ ചട്ടമ്പി (ഈഴവ) കടുവാപ്പണിക്കര്‍ (ആശാരി) എന്നിവരായിരുന്നു. കോണത്തുവിളാകം വീടാണ് ചുള്ളിയൂര്‍ പ്രദേശത്തെ വേട്ടക്കു വിധേയമായത്. പൗലൂസിന്റെ അച്ഛന്റെ വീട്. സമ്പന്നമായ ഒരു അയ്യനവര്‍ കുടുംബം. 200 പേരാണ് ലഹളക്കാരുടെ അംഗസംഖ്യ. കൊള്ളവസ്തുക്കള്‍ ചുമക്കുന്നതി നാണ് അധികം പേരും.

കപ്യാരാശാന്റെ നേതൃത്വത്തില്‍ വെറും 25 പേര്‍ മാത്രം. 1090 മാണ്ട് വൃശ്ചികമാസം 14 ആം തിയതി ഞായറാഴ്ച വൈകു ന്നേരം 7 മണിക്കാണ് കോണത്തുവിളാകം വീടാക്രമിച്ചത്. അരണ്ട നിലാവും ചാറ്റവഴയും. ലഹളച്ചട്ടമ്പിമാര്‍ വയസായ കുടുംബ നാഥനേയും അംഗങ്ങളേയും ഭയപ്പെടുത്തി ആടുംകോഴിയും കൈക്കലാക്കി നടകൊണ്ടു. 

കൂട്ടനിലവിളി ഉണ്ടായ സ്ഥലം ലക്ഷ്യമാക്കി കപ്യാരാശാന്റെ നേതൃത്വത്തില്‍ പള്ളിയില്‍ സംഘം ചേര്‍ന്നിരുന്നവര്‍, ശേഖരിച്ച ആയുധങ്ങളുമായി ഓടിയെത്തി. കരിക്കല്‍കുളത്തിന്റെ മേല്‍ഭാഗത്ത് എത്തിയ കൊള്ള സംഘവുമായി അവര്‍ ഏറ്റുമുട്ടി. 'എട്ടരക്കൊഴലുകൊണ്ടു വെക്കടാ വെടി'. നേതാവിന്റെ ആജ്ഞ കിട്ടേണ്ട താമസം, വേട്ടക്കാരനായ തോക്കുധാരി കാഞ്ചി വലിച്ചു. വെടിശബ്ദവും ഇരട്ടക്കുഴലുള്ള തോക്കാണെന്ന ധാരണയും കൊണ്ടുതന്നെ കൊള്ളസംഘം വിരണ്ടോടി. (പൊടിഈയവും ചാമയരിയും നിറച്ചതായിരുന്നു തോക്ക്) കടുവാപ്പണിക്കന്റെ മുട്ടിലാണ് വെടിയേറ്റത്. തുടര്‍ന്ന് ഏറും. അതോടെ സംഘം ഛിന്നഭിന്നമായി. അഭ്യാസവിദഗ്ധന്മാരായ കപ്യാരാശാനും കൂട്ടരും കൂട്ടത്തല്ലും തുടങ്ങി. രക്ഷപ്പെട്ടോടി യവരില്‍ പലരും കുളത്തിലും പാടത്തും വീണു. അനേകം പേര്‍ ഓടിമറഞ്ഞു. ചട്ടമ്പിമാര്‍ ഓടാതെ എതിര്‍ത്തുനിന്നു. പൊന്നന്‍പിള്ളയും ഗോവിന്ദന്‍ ചട്ടമ്പിയും അവസാനം വരെ പൊരുതി നിന്നു. ഇവരെ അടിച്ചു നിലത്തിട്ടു വീശുവാളു കൊണ്ടു വെട്ടും തുടങ്ങി. അരഇഞ്ചില്‍ കൂടുതല്‍ താഴാത്ത വെട്ടുകള്‍! പൊന്നന്‍ പിള്ള ചട്ടമ്പിക്ക് 63 വെട്ടും ഗോവിന്ദന്‍പിള്ള ചട്ടമ്പിക്ക് 56 വെട്ടും ഏറ്റും അവശരായി. 'പൊന്നാശാനേ! കൊല്ലരുതേ' എന്നവര്‍ ഒടുവില്‍ കേണപേക്ഷിക്കേണ്ടി വന്നു.

ഈ അവസരത്തില്‍ മറ്റൊരു സ്ഥലത്തു കൂട്ടനിലവിളി ഉയര്‍ന്നു. കൊള്ളസംഘം അവിടെയും എത്തിയെന്ന ധാരണയില്‍ കപ്യാരാശാനും കൂട്ടരും സ്ഥലംവിട്ടു. ആ തക്കം നോക്കി ഒളിച്ചും പതുങ്ങിയും കഴിഞ്ഞ പലരും സ്ഥലത്തെത്തി വെട്ടേറ്റവരെ തോളിലേറ്റി നടകൊണ്ടു. കിഴക്കുഭാഗത്തെ വേലുവാശാന്റെ വീട്ടിലെത്തിച്ചു. വേലുവാശാന്റെ മകനായിരുന്നു ഗോവിന്ദന്‍ ചട്ടമ്പി. രക്തപ്രളയത്തില്‍ കുളിച്ചുകിടക്കുന്ന പുത്രനേയും പൊന്നന്‍പിള്ളയേയും കണ്ടു വീട്ടുകാര്‍ അമ്പരന്നു നിലവിളിച്ചു. എന്തുചെയ്യാം ദൈവനീതി ഏകപക്ഷീയമല്ലല്ലോ? കഴിയുന്നതും വേഗം വെട്ടേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച് പ്രാധമിക ശുശ്രൂഷകള്‍ നല്കി. 'മുറിവിനൊന്നും അരഇഞ്ചില്‍ കൂടുതല്‍ താഴ്ചയില്ല. പഠിച്ചവന്റെ വെട്ടാണ്.' ഡോക്ടരും സമ്മതിക്കേണ്ടിവന്നു.

കപ്യാരാശാനും കൂട്ടരും നിലവിളികേട്ട ഭാഗത്തു പാഞ്ഞെത്തി. അവിടെ കൊള്ളസംഘം എത്തിയതല്ല കാരണം. സമയം ഏറെയായിട്ടും വീടുകളില്‍ നിന്നും പോയവര്‍ തിരിച്ചെത്താത്തതു കൊണ്ടാണ്ടായിരുന്നു നിലവിളി പൊങ്ങിയത്. ശാന്തരായ കപ്യാരാശാനും കൂട്ടരും അവിടം വിട്ടു. പൊലീസന്വേഷണവും അറസ്റ്റും ഭയന്നായിരുന്നു ആ യാത്ര. ആ രാത്രിയില്‍ കുന്നത്തു കാല്‍ അരുമനായകം ചട്ടമ്പിയുടെ വീടാണ് ലക്ഷ്യം. കപ്യാരാ ശാന്റെ സിലോണില്‍ വെച്ചുള്ള ശിഷ്യനാണ് അരുമനായകം. പോകുന്ന പോക്കില്‍ സവര്‍ണ പ്രമാണിമാരുടെ പറമ്പിലുണ്ടാ യിരുന്ന കുലകളും മറ്റും അപഹരിക്കാനും മറന്നില്ല.

അരുമനായകം ചട്ടമ്പിയുടെ വീട്ടില്‍ 'പുത്തന്‍പട്ടാള'ത്തെ ഭയന്നു പലരും അഭയം പ്രാപിച്ചിരുന്നു. ആ സന്ദര്‍ഭത്തിലാണ് കപ്യാരാശാന്റെ പടയുടെ ആഗമനം. ഈ സംഘത്തിന്റെ വരവുകണ്ട അരുമനായകവും കൂട്ടരും ഭയന്നോട്ടമായി. അന്തിച്ചു നിന്ന കപ്യാരാശാന്‍ അരുമനായകത്തിന്റെ പേരു ഉറക്കെ വിളിച്ചു കൂവി അവരെ തടയാനുള്ള ഭാഷകള്‍ അറിയിച്ചു. തന്റെ പേര് എടുത്തു വിളിച്ചു പറയുന്ന ശബ്ദം ശ്രവിച്ചു, കപ്യാരാശാന്റെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. അവര്‍ തിരിച്ചെത്തി. അവര്‍ സംഘംചേര്‍ന്നു അരുമനായകം ചട്ടമ്പിയുടെ ഗൃഹത്തില്‍ അന്നു താവളമടിച്ചു.

അടുത്ത ദിവസം പാറശ്ശാല പപ്പന്‍ ചട്ടമ്പിയുടെ നേതൃത്വത്തി ലായിരുന്നു ആക്രമണം ആരംഭിച്ചത്. കപ്യാരാശാനും അരുമനാ യകവും ഒത്തുചേന്‍ന്നു പപ്പന്‍ ചട്ടമ്പിയേയും കൂട്ടരേയും എതിര്‍ത്തു. ആ ജീവന്മരണ പ്പോരാട്ടത്തില്‍ പപ്പന്‍ ചട്ടമ്പിയും കൂട്ടരും തോറ്റു പിന്മാറി. വെട്ടും കുത്തും പലര്‍ക്കും പരിക്കു ണ്ടാക്കി. അതോടുകൂടി പടര്‍ന്നു പിടിച്ച പുലയര്‍ ലഹളയുടെ അന്ത്യം കുറിച്ചു. ചട്ടമ്പിമാര്‍ മാളങ്ങളില്‍ അഭയം പ്രാപിച്ചു. നിലാവെന്നു കരുതി വെളുക്കുവോളം കട്ടാല്‍ കേടാവൂല്ലേ? അതാണ് സംഭവിച്ചത്. സവര്‍ണ മേധാവിത്വത്തിന്റെ ഭീകര വാഴ്ച, എന്തും കാട്ടിക്കൂട്ടാമെന്നുള്ള ചട്ടമ്പി മനോഭാവം അസ്തമിച്ചു. അധസ്ഥിത വര്‍ഗത്തിനെതിരായുള്ള ഈ ലഹളയില്‍ ഈഴവര്‍ പങ്കെടുത്തത്തില്‍ ശ്രീനാരായണ ഗുരുസ്വാമികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

കപ്യാരാശാനും സംഘവും പ്രതികളായി കേസു നടന്നു. മാരകമായ മുറിവുകളില്ലാത്തതിനാല്‍ കോടതി പ്രതികളെ തൂക്കാന്‍ വിധിച്ചില്ല. അഞ്ചുപേര്‍ക്കും മൂന്നു കൊല്ലം വീതം തടവു ശിക്ഷയുണ്ടായി. ഈ ഘട്ടത്തില്‍ ജോണ്‍ യേശുദാസനും കഴിവതും പരിശ്രമിച്ചു. വെള്ളക്കാരായ പാതിരിമാരെ സത്യസ്ഥിതി ബോധ്യപ്പെടുത്തി പൊലീസിനെക്കൊണ്ട് എതില്‍പ ക്ഷത്തിന്റെ പേരിലും കേസെടുപ്പിച്ചു. സവര്‍ണ ചട്ടമ്പിമാരേയും അറസ്റ്റു ചെയ്തു. കോടതി അക്കൂട്ടരേയും ശിക്ഷിച്ചു.

മൂന്നുകൊല്ലത്തേക്കു ശിക്ഷിച്ചവരെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മോചിപ്പിച്ചു. ഏതോ വിശേഷ ദിവസം പ്രമാണിച്ചാണ് ശിക്ഷ ഇളവു ചെയ്തത്. ജയിലില്‍ നിന്നു വന്നവരുടെ തല വെട്ടിയെ ടുക്കുമെന്ന് സവര്‍ണ ചട്ടമ്പിമാര്‍ ഭീഷണി മുഴക്കി. അതു നേരിടാന്‍ തന്നെ കപ്യാരാശാനും ഉറച്ചു. ഇരുപത്തഞ്ചു മല്ലന്മാര്‍ എല്ലാ സജ്ജീകരണ ങ്ങളോടെ മാരായമുട്ടം മുതല്‍ പെരുങ്കടവിള വരെ പരസ്യമായ ഒരു പ്രകടം നടത്തി. വീമ്പിളക്കിയ ഒരു ചട്ടമ്പിയുടെ നിഴലുപോലും കാണാനില്ലായിരുന്നു.

സ്‌റ്റേറ്റ് മാനുവല്‍ രണ്ടാം വാല്യം 107 ആം പേജില്‍ ടി കെ വേലുപ്പിള്ള ഈ ലഹളയെ ഇപ്രകാരം കുറിച്ചു:- 'ശ്രീമൂലം തിരുനാളിന്റെ കാലത്തുണ്ടായ ശ്രദ്ധേയമായ ഒരു സംഭവമാണ് ചരിത്രപ്രസിദ്ധമായ പുലയ ലഹള. നെയ്യാറ്റിന്‍കര താലൂക്കിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ ഇതു പടര്‍ന്നു പിടിച്ചു. ഇതു അക്കാലത്തുണ്ടായ ലഹളകളില്‍ അതിപ്രധാനമായിരുന്നു.'
-----------------------------
കടപ്പാട്: എം എല്‍ ചോലയില്‍ രചിച്ച് 1983ല്‍ എം ലോപസ് പ്രസിദ്ധീകരിച്ച 'അയ്യനവര്‍' എന്ന പുസ്തകം. ലഭ്യമാക്കിത്തന്ന കുന്നുകുഴി എസ് മണിക്ക് നന്ദി രേഖപ്പെടുത്തുന്നു.