"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 22, വെള്ളിയാഴ്‌ച

ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയും സ്വര്‍ണവും - ശശിക്കുട്ടന്‍ വാകത്താനം


എ ഡി ആദ്യ നൂറ്റാണ്ടുകള്‍ക്കു മുന്‍പു മുതല്‍ക്കുതന്നെ വികസിതമായൊരു സാമൂഹിക ക്രമം നിലനിന്ന പ്രദേശമായി രുന്നു ഭാരതം. ബി സി 3000 മുന്‍പു സിന്ധു നാഗരികതയുടെ കാലം മുതല്‍ സ്വര്‍ണവും ചെമ്പും പിച്ചളയും ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് എത്തിക്കൊണ്ടിരുന്നതായി തെളിവുകളുണ്ട്. ഇന്ത്യ/ഭാരതം എന്ന ഭൂമിശാസ്ത്ര/രാഷ്ട്രീയ ഘടന അന്നു നിലനിന്നിരുന്നില്ല. ഉത്തരേന്ത്യ സംസ്‌കൃത ഭാഷാധിപത്യമുള്ള പ്രദേശമെന്ന നിലയില്‍ പിന്നീട് 'ആര്യാവര്‍ത്തം' എന്നപേരില്‍ അറിയപ്പെട്ടിരുന്നു. മഹാഭാരതത്തിലെ ഭൂമിശാസ്ത്രത്തില്‍ ഉള്‍പ്പെട്ട സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളുടേയും അതിന്റെ പോഷക നദികളുടേയും നാടായിരുന്നു ആര്യാവര്‍ത്തം. ഇതിനിടയിലെ നാട്ടുരാജ്യങ്ങളായിരുന്നു അംഗം, വംഗം, കലിംഗം, കോസലം, അവന്തി, ഗാന്ധാരം, മഗഥം തുടങ്ങിയവ. ഈ ഭൂപ്രദേശം തെക്കോട്ട് ഡക്കാന്‍ പീഠഭൂമിയില്‍ വിന്ധ്യ, ശതപുര മലനിരകള്‍ വരെ വ്യാപിച്ചു കിടന്നു. ദക്ഷിണാപഥം എന്നു പറഞ്ഞുപോന്നിരുന്ന തെക്കേഇന്ത്യ ഗുജറാത്ത്, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നീ പ്രദേശങ്ങള്‍ ഉല്‍ക്കൊള്ളു ന്നതായിരുന്നു. 

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രമാണ് ഡക്കാന്‍. പശ്ചിമ ഡക്കാന്‍ പ്രദേശം മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ ആധിപത്യം ചെലുത്തിയിരുന്നത് ശതവാഹനന്മാര്‍ (എ ഡി 615-633) (മൂന്നു സമുദ്രത്തിന്റെയും അധിനായകന്മാര്‍) ആയിരുന്നു. ഡക്കാനിലെ ശതവാഹന ഭരണത്തിന്റെ കാലമാ യിരുന്നു തമിഴകത്തെ സംഘകാലം. ഇന്ത്യയുടെ ഈ ഭൂമിശാസ്ത്ര പരമായ സവിശേഷതയാണ് വിദേശിയരെ ഇന്ത്യയിലേക്ക് എത്താന്‍പ്രേരിപ്പിച്ചത്. ദക്ഷിണേന്ത്യ സമുദ്രതീരങ്ങളാല്‍ സമ്പന്നമായിരുന്നതിനാല്‍ വിദേശ കച്ചവടക്കാര്‍ക്ക് വന്നുചേരാന്‍ എളുപ്പമായിരുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റും വടക്കു കിഴക്കന്‍ കാലവര്‍ഷക്കാറ്റും കച്ചവടക്കാര്‍ക്ക് അനുകൂലമായിരുന്നു. അറബികള്‍, തുര്‍ക്കികള്‍, ഈജിപ്റ്റുകാര്‍, എത്യോപ്യക്കാര്‍, പേര്‍ഷ്യക്കാര്‍, ചൈനാക്കാര്‍ ഇവരായിരുന്നു കച്ചവടാര്‍ത്ഥം ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്നു വന്നിരുന്നത്. ഇവരില്‍ പലരും യൂറോപ്പുമായുള്ള കച്ചവടത്തിന് ഇന്ത്യയെ ഇടനിലയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ചെമ്പും വെള്ളിയും സ്വര്‍ണവുമായിരുന്നു ആദ്യകാലങ്ങളില്‍ വിദേശത്തുനിന്നും കൊണ്ടുവന്നിരുന്നത്. 

റോമിന്റെ ഉല്‍പാദനക്ഷമത കുറവായിരിക്കുകയും ഉല്‍പാദനം ഉപഭോഗത്തിനു വളരെ താഴെയായിരിക്കുന്നതിനാലും പുറംലോകത്തുനിന്നു കച്ചവടം നടത്താന്‍ അവര്‍ നിര്‍ബന്ധിത രായി. അത്തരത്തിലുണ്ടായ കച്ചവട ബന്ധമാണ് കേരളത്തില്‍ വളരെയധികം റോമന്‍ നാണയങ്ങള്‍ കണ്ടുകിട്ടാന്‍ കാരണം. ശാതവാഹനന്മാരും ചോളന്മാരും നാണയങ്ങള്‍ അടിച്ചിറക്കി യിരുന്നു. ചെമ്പ്, വെള്ളി, സ്വര്‍ണം ഇവയായിരുന്നു നാണയ ത്തിനുപയോഗിച്ചിരുന്നത്.

ഒരേ സമയം 13 കപ്പലുകള്‍ വരെ കോഴിക്കോട്ടു തീരത്തുനിന്നും 5000-6000 ചാക്കു കുരുമുളകും അതോടൊപ്പം ഇഞ്ചി, നീലം മറ്റു സുഗന്ധവസ്തുക്കള്‍, പരുക്കന്‍തുണി(ബക്രം) കയറ്റിക്കൊണ്ടു പോയിരുന്നു. പകരം സില്‍ക്ക്, സ്വര്‍ണം, വെള്ളി, ചെമ്പ്, പോര്‍സിലിന്‍പാത്രങ്ങള്‍ എന്നിവ കൈമാറ്റംചെയ്തിരുന്നു. ഒരുകപ്പലില്‍ത്തന്നെ 600 കച്ചവടക്കാരും 400യോദ്ധാക്കളും ഉണ്ടായിരുന്നു. (Kerala Archaeological Series 2000; 40 രാഘവവാര്യര്‍)

കൈമാറ്റവ്യവസ്ഥയും നാണയവ്യവസ്ഥയും 

നാണയവ്യവസ്ഥ നിലവില്‍ വരുന്നതിനു മുന്‍പ് കൈമാറ്റ വ്യവസ്ഥയായിരുന്നു (barter) നിവിലുണ്ടായിരുന്നത്. ഉപ്പു കൊടുത്തു നെല്ലു വാങ്ങുക, മാനിറച്ചിയും മദ്യവും കൊടുത്ത് കരിമ്പും അവലും വാങ്ങുക, തേനും കിഴങ്ങും കൊടുത്ത് മത്സ്യം, എണ്ണ, ചാരായം ഇവ വാങ്ങുക. ഇതിനെപ്പറ്റി പെരുണാമാറ്റുപ്പടൈയില്‍ (3-ാം നൂറ്റാണ്ട്) പറയുന്നു. ചിലപ്പതി കാരത്തിന്റെ കാലമായപ്പോഴേക്കും (5-ാം നൂറ്റാണ്ട്) നാണയ സമ്പദ്‌വ്യവസ്ഥ നിലവില്‍ വന്നു കഴിഞ്ഞിരുന്നു. ഒരു കഴഞ്ച്(ഒരു കഴഞ്ച് 4 ഗ്രാം) പൊന്ന് = 20 പറ നെല്ല് എന്നായിരുന്നു കണക്ക്. ക്രിസ്തു 869 മുതല്‍ 1189 വരെ ഐരാണിക്കുളം മുതല്‍ തെക്ക് കൊല്ലൂര്‍ മഠം വരെ പൊന്ന്-നെല്ല് അനുപാതം സ്ഥിരമായിരുന്നു. 9,10 നൂറ്റാണ്ടുകളുടെ ലിഖിതത്തില്‍ 1 ദിനാരം = 1 പഴം കാശ് =3 കഴഞ്ചു പൊന്ന് എന്നായിരുന്നു കണക്ക്. ക്രിസ്തു 861-968 കാലത്താണ് നാണയം പ്രത്യക്ഷപ്പെടുന്നത്. 1168ലെ കിളിമാനൂര്‍ രേഖയില്‍ അച്ച് പൊന്ന് അനുപാതം 1:1 ആയിരുന്നു. അതു പ്രകാരം 1 അച്ച് = 1/2 കാണം പൊന്നായിരുന്നു. പെരുമാള്‍ വാഴ്ചക്കു ശേഷം അര അച്ച്, കാല്‍പണം തുടങ്ങിയ പരാമര്‍ശ ങ്ങളുണ്ട്. ചെറുകിട കൈമാറ്റങ്ങളിലും ഇക്കാലം മുതല്‍ പണോപയോഗം കൂടി വരുന്നതായി കാണാം.(മധ്യകാല കേരളം -- രാഘവവാര്യര്‍ 1997:39)

കച്ചവടത്തിനായി വന്ന വിദേശിയരാണ് ഇന്ത്യയില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, രസം എന്നീ ലോഹങ്ങളും മുത്തുകളും കര്‍പ്പൂരവും സുഗന്ധലേപനങ്ങളും കൊണ്ടുവന്നത്. മൗര്യ സാമ്രാജ്യ ത്തിന്റെ ആദ്യകാലത്ത് തെക്കും വടക്കും പ്രദേശങ്ങള്‍ തമ്മിലുണ്ടായിരുന്ന വ്യാപാരത്തെ സംബന്ധിച്ച് കൗഡില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ സുപ്രധാനമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ശംഖുകള്‍, വസ്ത്രങ്ങള്‍, രത്‌നക്കല്ലുകള്‍, മുത്തുകള്‍, സ്വര്‍ണ്ണ സാധനങ്ങള്‍ എന്നിവകൊണ്ട് ദക്ഷിണാപഥം സമൃദ്ധമായിരുന്നു. ദക്ഷിണാപഥത്തില്‍നിന്നും തെക്കോട്ട് വ്യാപാരികള്‍ എപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നു. നേരിട്ടു വാണിജ്യ ബന്ധത്തിലേര്‍പ്പെട്ടി രുന്നവരുടെ കൈവശമാണ് സ്വര്‍ണ്ണം വന്നുചേര്‍ന്നിരുന്നത്. മൂല്യവസ്തു എന്ന നിലയിലായിരുന്നില്ല ഇതു കൈകാര്യം ചെയ്തിരുന്നത്. നാടുവാഴികള്‍ക്ക് കാഴ്ചവസ്തുവായി സംഭാവന ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ വലിയ സ്വര്‍ണ്ണ ശേഖരം പല രാജാക്കന്‍മാരുടെയും കൈകളിലുണ്ടാ യിരുന്നു. ഇംഗ്ലണ്ടില്‍നിന്നും ഇന്ത്യയിലേക്കു പുറപ്പെട്ട ചരക്കുകപ്പലിലെ ഹോക്കിന്‍സ് എന്ന നാവികന് മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ സമ്മാനിച്ചത് പ്രാവിന്‍ മുട്ടയുടെ വലുപ്പമുള്ള രത്‌നങ്ങളായിരുന്നു. അറേബ്യന്‍ സഞ്ചാരിയായ ഇബന്‍ ബത്തൂത്തക്ക് രാജാക്കന്മാര്‍ സംഭാവനയായികൊടുത്തത് പൊന്നും സുന്ദരിമാരെയുമായിരുന്നു.

കൈമാറ്റം നാണയവ്യവസ്ഥയിലേക്കു മാറിയതോടെ ഉള്ളടക്ക ത്തിലും മൂല്യത്തിലുമുള്ള വൈവിദ്ധ്യം(നാണയമായി ചെമ്പും പിച്ചളയും സ്വര്‍ണവും ഉപയോഗിച്ചിരുന്നു) പ്രധാനമായിരുന്നു. അതു കൈമാറ്റ വ്യവസ്ഥയിലേതുപോലെ മറ്റൊരു സംവിധാനം മാത്രമായിരുന്നു. ഉല്‍പാദകര്‍ തമ്മിലുണ്ടായിരുന്ന സാമൂഹിക ബന്ധത്തിന്റെ സ്ഥാനത്ത് അത് പണത്തെ പ്രതിഷ്ഠിച്ചു. ഈ പണരൂപം അദ്ധ്വാനത്തേയും ഉല്‍പ്പന്നത്തേയും ഒരേപോലെ ചൂഷണം ചെയ്തു. വ്യത്യസ്ഥലോഹത്തില്‍ നിര്‍മ്മിച്ച നാണയ ത്തിന്റെ മുഖവില ഒന്നാണെങ്കിലും അതിലുള്ള ലോഹത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരാണ് ഇതു പരിഹരിച്ചത്. നാണയം ഒറ്റലോഹത്തില്‍ അവര്‍ അടിച്ചിറക്കി.