"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 15, വെള്ളിയാഴ്‌ച

നവോത്ഥാനത്തെ വായിച്ചെടുക്കുന്നതില്‍ എന്തുകൊണ്ടാണ് പരാജയപ്പെട്ടത് - ശശിക്കുട്ടന്‍ വാകത്താനം


ഇന്ത്യയുടെ അടിസ്ഥാന വികസനത്തിനു തടസ്സമായിനില്‍ക്കുന്ന പ്രധാനപ്പെട്ട ഘടകം വര്‍ണവും ജാതിയുമാണെന്ന കാര്യത്തില്‍ തര്‍ക്കത്തിന്റെ കാര്യമില്ല. നൂറ്റാണ്ടുമുന്‍പു തുടങ്ങിയ പൗരന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് സവര്‍ണ്ണത്വം അടിച്ചേല്‍പ്പിച്ച, ബഹുഭൂരിപക്ഷത്തിന്റെ പുറത്താക്കല്‍ പഴയ രൂപത്തിലല്ലെങ്കിലും അതിന്നും തുടര്‍ന്നുപോരുന്നു. രാഷ്ട്രീയായുധ ങ്ങള്‍ക്കപ്പുറത്തുള്ള സാംസ്‌കാരിക മുന്നേറ്റങ്ങളിലൂടെ സവര്‍ണ്ണ പ്രത്യയശാസ്ത്രങ്ങള്‍ പുതിയ രൂപത്തില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അക്കാദമികളിലും യൂണിവേഴ്‌സിറ്റികളിലും ചരിത്ര കൗണ്‍സിലുകളിലും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ചിലരെ നിയോഗിക്കുകയും അവരെ മറ്റുചില കേന്ദ്രങ്ങളിലിരുന്ന് നിയന്ത്രിക്കുകയും ചെയ്തുകൊണ്ടി രിക്കുന്നു. 

വര്‍ണ്ണ- ജാതി വ്യവസ്ഥകളെ ചോദ്യംചെയ്തുപോന്ന ബുദ്ധമതവും ജൈനമതവും അക്കാലത്ത് ജനങ്ങളെ ആകര്‍ഷിച്ചവയായിരുന്നു. അഹിംസാസിദ്ധാന്തം മുന്നോട്ടുവച്ച ബുദ്ധമതം അതിന്റെ ആന്തരിക വൈരുദ്ധ്യംകൊണ്ടുതന്നെ ജീര്‍ണിച്ചു. ഭരണകൂട ഭീകരതയുടെ രൂപത്തിലാണ് ശ്രീലങ്കയിലും മ്യാന്‍മറിലും ബുദ്ധമതം ഇന്ന് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. പിന്നീടുണ്ടായ ഭക്തിപ്രസ്ഥാനം ബുദ്ധമതം പോലെതന്നെ ക്രമേണ ഹിന്ദുമത ത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ബ്രാഹ്മണ മതത്തിന്റെ ആക്രമണത്തിനും യാഗംപോലെയുള്ള കര്‍മ്മങ്ങള്‍ക്കും ഇതോടെ പ്രതിസന്ധി നേരിട്ടെങ്കിലും ജാതീയമായ പിന്നോക്കാവസ്ഥ ഇതുകൊണ്ടൊന്നും പരിഹരിക്കപ്പെട്ടില്ല. രാജകീയ ഭരണം ജാതീയമായ ഉച്ചനീചത്വങ്ങളെ മാറ്റാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ഉച്ചനീചത്വം നിയമപരമായി തുടര്‍ന്നുപോന്നു. അടിമത്ത്വം ഭരണവ്യവസ്ഥയുടെ ഭാഗമായി തുടര്‍ന്നുപോന്നു. കേരളത്തിലെ രാജാക്കന്മാര്‍ക്കു തന്നെ വലിയൊരു അടിമ ശേഖരണമുണ്ടായിരുന്നു. അവരെ വാടകയ്ക്കുകൊടുത്ത് ഖജനാവിലേക്ക് പണം സ്വരുക്കൂട്ടിയിരുന്നു.

ജാതി ഒരു യാഥാര്‍ത്ഥ്യവും ശ്രേണീപരവുമായിരുന്നതിനാല്‍ അതു ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. അത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണെന്നും മനസ്സിലാക്കിയിരുന്നില്ല. തലമുറകളായി തുടര്‍ന്നുപോന്നിരുന്നതിനാല്‍ ദൈവഹിതം എന്ന നിലയില്‍ ശിരസാവഹിക്കുകയായിരുന്നു. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയെ രൂപപ്പെടുത്തിയത് വര്‍ണ്ണവും ജാതിയും ആയിരുന്നു. ഈ സാമൂഹ്യ ഘടന പൊളിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ആരും എത്തിയിരുന്നുമില്ല. ഇതിനെതിരെ നിലപാടു സ്വീകരിക്കാന്‍ കഴിയാതിരുന്നതുകൊണ്ട് ജാതിക്കെതിരായി ഒരു രാഷ്ട്രീയ ശക്തിക്കും ഉയര്‍ന്നുവരാനും കഴിഞ്ഞിരുന്നില്ല. പാരമ്പര്യത്തിലൂടെ ഊറിക്കൂടിയ അടിമത്വ മനോഭാവവും അവരുടെ മാത്രമായ ആവാസ വ്യവസ്ഥയും ചലനരഹിതമാ യൊരു സമൂഹമായി അവരെ മാറ്റിത്തീര്‍ത്തിരുന്നു. പ്രാകൃത പണിയായുധങ്ങളും ഉല്‍പാദന രീതികളും സാമൂഹ്യമായ പിന്നോക്കാവസ്ഥയെ നിലനിര്‍ത്തിപ്പോന്നു. ചൂഷണത്തിനു വിധേയമായ ഉല്‍പാദന വ്യവസ്ഥക്കകത്തുനിന്നും പുറത്തു കടക്കാന്‍ കഴിഞ്ഞതുമില്ല. ഉപരിഘടനയിലെ സവര്‍ണ്ണത്വവും ഏറ്റവും താഴത്തെ അടിമത്ത്വ ജാതിയും ഒരേ ചരടില്‍ കോര്‍ത്ത സൃഷ്ടിയുടെ വൈജാത്യമാണെന്ന വിശ്വാസത്തെ പ്രതിഷ്ഠിച്ചു കൊണ്ട് അതിനെ ഹിന്ദു എന്ന ഒറ്റ നാമത്തില്‍ സ്ഥാപിച്ചെടുത്തു.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ വിധിവിശ്വാസങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. തൊഴില്‍ ജാതീയമായിരുന്നതിനാല്‍ പൗരോഹിത്യത്തിനുള്ള അവകാശം നമ്പൂതിരിമാരില്‍ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ദൈവങ്ങള്‍തന്നെ പരിഷ്‌കരിക്കപ്പെട്ടു. ചാത്തന്‍ ശാസ്താവായും ചക്കി ശക്തിയായും മായയക്കി മഹാലക്ഷ്മിയായും തീര്‍ന്നു. കൂട്ടത്തില്‍ പുതിയ ദൈവങ്ങളും പ്രത്യക്ഷപ്പെട്ടു. പഴയ മടപ്പുരകളും കോട്ടങ്ങളും വട്ടങ്ങളും ക്ഷേത്രങ്ങളായി മാറി. ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ സങ്കേതങ്ങളായി തീര്‍ന്നു. ക്ഷേത്രത്തിന് രാജാക്കന്മാരും കച്ചവടക്കാരും ജന്മികളും വലിയ സംഭാവനകള്‍ ചെയ്തു. ബ്രഹ്മസ്വവും ദേവസ്വവുമായി ഭൂമി കൊടുത്തു. ക്ഷേത്രങ്ങളോടു ചേര്‍ന്ന് പാഠശാലകളും ഊട്ടുപുരകളും ഉണ്ടാക്കി ബ്രാഹ്മണര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ഇത്തരത്തില്‍ ഏതെങ്കിലും സഹായം തൊഴിലെടുക്കുന്നവര്‍ക്കു ചെയ്തുകൊടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിരുന്നുമില്ല. എന്നു മാത്രമല്ല, തൊഴിലാളികളില്‍നിന്നും അമിതമായി കരം പിരിക്കുകയും ചെയ്തിരുന്നു. മരണത്തിനുവരെ നികുതി ചുമത്തിയിരുന്നു.

കേരളത്തിലേക്കു കച്ചവടത്തിനു വന്ന വിദേശീയരാകട്ടെ കാര്‍ഷിക -കൈത്തൊഴില്‍ മേഖലയെ വന്‍തോതില്‍ കൊള്ളയടിച്ചു കൊണ്ടിരുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ കൊള്ളയുടെ അളവു വര്‍ദ്ധിച്ചു. പരമ്പരാഗത കൈത്തൊഴില്‍ മേഖലയില്‍ യന്ത്രവല്‍ക്കരണം വന്നു. ആലപ്പുഴ, കൊല്ലം, കുളച്ചില്‍, ബേപ്പൂര്‍, പരപ്പനങ്ങാടി, പൊന്നാനി, തിരൂരങ്ങാടി, തിക്കൊടി, കൊയിലാണ്ടി, കല്ലായി എന്നിവിടങ്ങള്‍ വ്യവസായ നഗരങ്ങളായി ഉയര്‍ന്നു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും വന്‍തോതില്‍ കയര്‍ കയറ്റി അയച്ചിരുന്നു. ബാസല്‍മിഷന്‍ സ്ഥാപിച്ച ഓടുഫാക്ടറിയില്‍നിന്നും ബര്‍മ്മ, സിലോണ്‍, സിംഗപ്പൂര്‍, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് ഓടു കയറ്റി അയച്ചിരുന്നു. ഇത്തരത്തില്‍ വലിയ തൊഴില്‍സാധ്യത നിലനിന്നപ്പോഴും 'പട്ടിണിവേതനം' എന്ന നിലയിലാണ് കൂലി കൊടുത്തിരുന്നത്. ഈ തൊഴിലവസരം തൊഴിലാളികളെ സംഘടിത തൊഴിലാളി വിഭാഗമായി മാറാന്‍ അവസരമായി. ഈ സംഘടിത വിഭാഗവും പ്രധാനമായും ജാതീയമായിരുന്നു. കേരളത്തില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതീയമായി തീരാന്‍ കാരണവും ഇതാണ്. നാരായണഗുരുവില്‍നിന്ന് അയ്യങ്കാളിയിലേക്കുള്ള ദൂരം നിര്‍ണ്ണയിച്ചതും ഈ ജാതി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആ സമുദായത്തിനപ്പുറത്തേക്ക് ഇവര്‍ക്ക് സഞ്ചരിക്കാനും കഴിഞ്ഞില്ല. ഈ നവോത്ഥാനം ആത്മീയതയുടെ അകത്തളത്തില്‍ കെട്ടിയിടപ്പെട്ടതിലൂടെ പുതിയൊരു ദൈവത്തിന്റെ ആവശ്യത്താല്‍ നാരായണഗുരുവിന് ഒരു ദൈവത്തെ കണ്ടെത്തേണ്ടിയും വന്നു. അങ്ങനെയാണ് അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടന്നത്. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന് ഇത്തരം ഒരു അനുബന്ധം മറ്റാര്‍ക്കും സൃഷ്ടിക്കേണ്ടിവന്നതുമില്ല. ഇതിനെ ഉപയോഗിക്കാ നാണ് ഡോക്ടര്‍ പല്‍പ്പുവിനോട് വിവേകാനന്ദന്‍ പറഞ്ഞത്. നാരായണഗുരുവിനു മുന്‍പുതന്നെ ആറാട്ടുപുഴ വേലായുധനും ബ്രഹ്മാനന്ദ ശിവയോഗിയും ബ്രാഹ്മണിസത്തെ വെല്ലുവിളിച്ച് വിഗ്രഹപ്രതിഷ്ഠ നടത്തിയിരുന്നു. നാരായണഗുരു പറഞ്ഞ 'ഒരു ജാതി ഒരു മതം ഒരു ദൈവം' ബ്രഹ്മാനന്ദശിവയോഗിയില്‍നിന്നും ഗുരു സ്വീകരിച്ചതായിരുന്നു. 

പോര്‍ട്ടുഗീസുകാരുടെ വരവിനു മുന്‍പുതന്നെ സംഘടിത ശക്തിയായിത്തീര്‍ന്നിരുന്ന ക്രിസ്തുമതത്തിന് കോളനിവാഴ്ചയോടെ സമ്പന്നതയിലേക്ക് എത്താന്‍ കഴിഞ്ഞു. നമ്പൂതിരിമാരെപ്പോലെ സവര്‍ണ്ണതയുടെ ആഢ്യത്വം മറ്റുള്ളവരെ അവരില്‍നിന്നും അകറ്റിനിര്‍ത്തി. ക്രിസ്തുമതത്തിലെ പുരോഗമനവിഭാഗം പിന്നോക്കക്കാരെ ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കാന്‍ തുടങ്ങിയ തോടെ കോളനി ഭരണത്തിന് ഇത് കൂടുതല്‍ സഹായകമായി. അവരുടെ തോട്ടംമേഖലകളില്‍ അടിമപ്പണിക്കായി മതം മാറിയവരെ ഉപയോഗിച്ചു. ഇത്തരത്തില്‍പ്പെട്ട അടിമ വിഭാഗങ്ങളെ മോചിപ്പിക്കാന്‍വേണ്ടിയായിരുന്നു പൊയ്കയില്‍ യോഹന്നാനും (പിന്നീട് കുമാരഗുരുദേവന്‍) പാമ്പാടി ജോണ്‍ ജോസഫും ശ്രമം നടത്തിയത്. അടിമ സന്തതികളെ വീണ്ടും അടിമത്ത്വത്തിലേക്കു നയിക്കുന്നതിനപ്പുറം ബൈബിളില്‍ മറ്റെന്തെങ്കിലും സന്ദേശം നിലനില്‍ക്കുന്നില്ല എന്ന കണ്ടെത്തലാ യിരുന്നു ബൈബിള്‍ പണ്ഡിതനും സുവിശേഷകനുമായ യോഹന്നാന്‍ ഉപദേശിയെ വാകത്താനത്തുവച്ച് ബൈബിള്‍ കത്തിക്കാന്‍ പ്രേരിപ്പിച്ചത്. കേരളം മുഴുവന്‍ സഞ്ചരിച്ച യോഹന്നാന്‍ ഉപദേശി പലയിടത്തും അടിമ ജനതയെ സംഘടിപ്പിക്കുകയും അവര്‍ക്കായി ഭൂമി നേടിയെടുക്കുകയും ചെയ്തു. അതുവഴി വലിയതോതില്‍ സവര്‍ണ്ണരുടെ എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. ഇതിലേറെയാണ് അയ്യങ്കാളിക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍. അതിനെ നേരിടാനുള്ള കരുത്തും കാര്യശേഷിയും അയ്യന്‍കാളി നേടിയിരുന്നു. കൊച്ചിയില്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍ ഇവര്‍ നടത്തിയ സമരങ്ങള്‍ക്ക് കേരളീയ സമൂഹത്തില്‍ നിന്നും ലഭിച്ച സ്വീകരണങ്ങള്‍ ജാതികേരളത്തെ പുനര്‍ചിന്തയ്ക്കു വിധേയമാ ക്കുന്നതിനും മാറ്റത്തിലേക്കെത്തിക്കുന്നതിനും വലിയ പങ്കുവ ഹിച്ചു.

ജാതിക്കും മതത്തിനും എതിരായി കേരളത്തില്‍ ഉയര്‍ന്നുവന്ന ചലനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുംവിധം ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇവിടുത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കോ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കൊ കഴിഞ്ഞില്ല. ജാതിയെ തകര്‍ക്കാന്‍ ജാതിക്കെതിരായ സമരം കൊണ്ടുമാത്രമേ കഴിയുകയുള്ളു എന്ന അംബേദ്ക്കറിന്റെ കാഴ്ച്ചപ്പാടുകളോട് കമ്മ്യൂണിസ്റ്റുപാര്‍ട്ടി പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിച്ചിരുന്നത്. 'പുലയനയ്യപ്പന്‍' കൊണ്ടുവന്ന മിശ്രവിവാഹത്തെയും മിശ്രഭോജനത്തെയും സ്വീകരിക്കാന്‍ ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ കേരളത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. സാമ്പത്തിക അടിത്തറയില്‍ കെട്ടിപ്പൊക്കി യിരിക്കുന്ന ജാതി, സാമ്പത്തികാടിത്തറ തകരുമ്പോള്‍ താനെ തകര്‍ന്നുകൊള്ളും എന്ന യാന്ത്രികവാദത്തെയാണ് കേരളത്തിലെ ഭരണവര്‍ഗ്ഗ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥ രൂപപ്പെട്ടത് വര്‍ണ്ണത്തിന്റെയും ജാതിയുടെ യും അടിസ്ഥാനത്തിലാണ് എന്ന കാഴ്ചപ്പാടു വികസിക്കാത്ത തുകൊണ്ട് ഇതിനെതിരായ സമരത്തെ ത്വരിതപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി തയ്യാറായില്ല. ജാതി ഒരു യാഥാര്‍ത്ഥ്യമാ ണെന്നും അതിനെ വോട്ടുബാങ്ക് എന്ന നിലയില്‍ നിലനിര്‍ത്തുന്ന മൂന്നാംതരം രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ തുടര്‍ന്നുപോരുന്നത്. 

ഇത്തരത്തിലുള്ള പരാജയങ്ങളിലൂടെ സംഭവിച്ചത് രാഷ്ട്രീയത്തി ന്റെ മതവല്‍ക്കരണമായിരുന്നു. മതം സ്വത്വവാദത്തിലേക്കു തിരിഞ്ഞതോടെ രാഷ്ട്രീയമായ സമവാക്യങ്ങള്‍ രൂപംകൊള്ളാന്‍ തുടങ്ങി. മതം കച്ചവട സ്ഥാ പനങ്ങളെന്ന നിലയിലും ഇടനിലക്കാര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനു കൂട്ടുനിന്നത് ഭരണവര്‍ഗ്ഗ രാഷ്ട്രീയപാര്‍ട്ടിക്കാരാണ്. വോട്ടിനു വേണ്ടി അനധികൃതമായി സ്‌കൂളുകളും കോളേജുകളും ആശുപത്രികളും മെഡിക്കല്‍ കോളേജുകളും അനുവദിച്ചു കൊടുക്കുകയും സര്‍ക്കാര്‍വക ഭൂമി സൗജന്യമായി കൊടുക്കു കയുംവഴി ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമാണ് സൃഷ്ടിച്ചത്. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൊടുക്കുന്ന സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റുകള്‍ കോടികള്‍ വാങ്ങി നിയമനം നടത്തുന്നതും സംവരണ മാനദണ്ഡങ്ങളെ കാറ്റില്‍പ്പറത്തി സ്വസമുദായാംഗങ്ങളെ സഹായിക്കുന്നതും നിയമവിരുദ്ധമായ നടപടികളാണ്. ഇത്തരം പശ്ചാത്തലങ്ങളെ ഉപയോഗപ്പെടുത്താനും വലിയ കൊള്ള മുതലുകള്‍ സംരക്ഷിക്കാനുമാണ് ആള്‍ദൈവങ്ങളെ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. മാഫിയാ കേന്ദ്രങ്ങളായും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ആസ്ഥാനങ്ങളായും ഇവിടങ്ങള്‍ മാറുന്നുണ്ട്. അതോടൊപ്പം വിശ്വാസ കേന്ദ്രങ്ങള്‍ക്ക് തീര്‍ത്ഥാടന ത്തിന്റെ ഭാഗമായി കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ആണ്ടിലാണ്ടില്‍ ശബരിമല വികസനത്തിനുവേണ്ടി കോടികള്‍ മുടക്കുകയും അതിന്റെ മറവില്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും ആവാസ വ്യവസ്ഥ യെത്തന്നെ തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ദേവസ്വംബോര്‍ഡിലെ വരുമാനത്തിലെ നല്ലൊരംശവും കൊള്ളയടിക്കപ്പെടുകയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ കള്ളക്കളിയിലൂടെ വളര്‍ന്നു വരുന്നത് മത തീവ്രവാദമാണ്. ഇത്തരത്തിലാണ് മതത്തിനു വളരാനും ആധിപത്യത്തിലെത്താനും കഴിഞ്ഞത്.

നവോത്ഥാന കേരളം എന്തായിരുന്നോ മുന്നോട്ടുവച്ചത് അതിനു നേര്‍ വിപരീത പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിനു തീപിടിച്ചപ്പോള്‍ ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്നു പറഞ്ഞ കോണ്‍ഗ്ര സിന്റെ മുഖ്യമന്ത്രിയായിരുന്ന സി കേശവനിരുന്ന കസേരയിലി രുന്നാണ് പിന്നീടുവന്ന മുഖ്യമന്ത്രിമാര്‍ ജാതിയെ പരിപോഷി പ്പിച്ചതും മത തീവ്രവാദത്തിന് വഴിമരുന്നിട്ടുകൊടുത്തതും. മതനിരപേക്ഷത എന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് മതത്തിനു ഭരണത്തില്‍ ഇടപെടാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. നവോത്ഥാനത്തെ തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം വര്‍ത്തമാനകാലം പുതിയ കൊളോണിയല്‍ കൊള്ളയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചിട്ട് പതിറ്റാണ്ടുകളായി. ഈ പതിറ്റാണ്ടിനിടയ്ക്കാണ് മതതീവ്രവാദം ശക്തിപ്പെട്ടതെന്നു കാണാം. പുരോഗമനാശയങ്ങളോട് എക്കാലവും അസഹിഷ്ണുത കാണിക്കുന്ന മതങ്ങള്‍ക്ക് മനുഷ്യത്വം എന്താണെന്ന തിരിച്ചറിവു പോലും നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ ദിവസവും വായിച്ചുകൊണ്ടിരിക്കുകയാണ്.

ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത ആര്‍ എസ്സ് എസ്സ് നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് തീവ്ര ഹിന്ദുത്വ നിലപാടാണ്. 1950 ല്‍ ഭരണഘടനാ നിര്‍മ്മാണ വേളയില്‍ മനുസ്മൃതിയെ ഇന്ത്യന്‍ ഭരണഘടനയാക്കി നിലനിര്‍ത്ത ണമെന്നും കാവിക്കൊടി ദേശീയ പതാകയാക്ക ണമെന്നുള്ള നിലപാടാണ് ആര്‍ എസ്സ് എസ്സ് മുന്നോട്ടുവച്ചത്. ആര്‍ എസ്സ് എസ്സിനെ സംബന്ധിച്ചിടത്തോളം ദേശീയത എന്നാല്‍ ഹിന്ദു ദേശീയതയാണ്. ഹിന്ദു ദേശീയതയെന്നാല്‍ സവര്‍ണ്ണദേശീയതയാണ്. ഇത് പ്രത്യക്ഷമായിത്തന്നെയാണ് വിചാരധാര മുന്നോട്ടുവയ്ക്കു ന്നത്. ഇതിനെ ആദര്‍ശവല്‍ക്കരിക്കുന്നത് ഹിറ്റ്‌ലറുടെ ജര്‍മ്മനിയെ ചൂണ്ടിക്കാട്ടിയാണ്. 

ഹിന്ദു ദേശീയതയെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ മുഖ്യ ശത്രുവായി അവര്‍ കാണുന്നത് ഇസ്ലാമിനെയാണ്. ഈ ഇസ്ലാം വിരുദ്ധതയുടെ പ്രഭവകേന്ദ്രം അമേരിക്കയാണ്. ഇസ്ലാം വെറുപ്പു പ്രചരിപ്പിക്കുന്നതിന്റെ അച്ചുതണ്ട് അതി സമ്പന്നരായ മൗലികവാദികളും രാഷ്ട്രീയ ലക്ഷ്യമുള്ള ബിനാമികളും ഇസ്ലാം വിരുദ്ധരും മറ്റു തല്‍പ്പര കക്ഷികളുമാണ്. ഇക്കഴിഞ്ഞ ദശാബ്ദ ത്തില്‍ നാലുകോടി ഡോളര്‍ ഇസ്ലാം വിരുദ്ധ പ്രചരണത്തിനായി ഫണ്ടുചെയ്യപ്പെട്ടിട്ടുണ്ട്. 

ഫണ്ടു നല്‍കിയ പ്രമുഖര്‍

1 ഡോണേഴ്‌സ് കാപ്പിറ്റല്‍ ഫണ്ട്
2 റിച്ചാര്‍ഡ് മേലോന്‍ സ്‌കൈഫ് ഫൗണ്ടേഷന്‍
3 ലിണ്ടെ ആന്‍ഡ് ഹാരിബ്രാഡ്‌ലി ഫൗണ്ടേഷന്‍
4 ന്യൂട്ടന്‍ ഡി ആന്‍ഡ് ഷല്ലെ എഫ് ബെക്കര്‍ ഫൗണ്ടേഷന്‍ ആന്റ് ചാരിറ്റബിള്‍ ഫണ്ട്.
5 റസ്സല്‍ ബറി ഫൗണ്ടേഷന്‍
6 ആന്‍ങ്കറേജ് ചാരിറ്റബിള്‍ ഫണ്ട് ആന്റ് വില്യം റോബെന്‍ വാല്‍ഡ്ഫാമിലി ഫണ്ട്
7 ഫെയര്‍ ബ്രൂക്ക് ഫൗണ്ടേഷന്‍

ഇത്തരത്തിലുള്ള നിരവധി ഫണ്ടുകളാണ് രാജ്യത്തെ ശിഥിലീക രിക്കാന്‍വേണ്ടി, അക്രമ പ്രവര്‍ത്തനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന കേരളത്തിന്റെ ചരിത്രത്തിനു വിലങ്ങുതടിയായി വന്നുവീണത് 59 ല്‍ നടന്ന വിമോചന സമരം എന്ന ആഭാസ സമരത്തിന് സി ഐ എയുടെ ഫണ്ടായിരുന്നു എന്ന് ഇന്നു നാം വായിക്കുന്നു. അതിന്റെ തുടര്‍ച്ചയെന്ന നിലയിലല്ലാതെ സാമൂഹ്യ ക്രമത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ കേരള സമൂഹത്തിനായില്ല എന്നതാണു വസ്തുത. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലുണ്ടായ അമിത വിശ്വാസമാണ് ഒരു കാരണമായി വന്നത്. ഇതിനിടയില്‍ ആധുനികതയുടെ കുത്തൊഴുക്കും വിദേശപ്പണത്തിന്റെ ധാരാളിത്തവും കേരള സമൂഹത്തെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതുവഴി തൊഴില്‍ മേഖലകള്‍ പുരോഗമിച്ചെങ്കിലും ക്രമേണ അത് കൂടുതല്‍ ദോഷകരമായി ബാധിക്കാന്‍ തുടങ്ങി. ഹരിതവിപ്ലവം കൊണ്ടെത്തിച്ചത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയെയാണ്. പുതിയ കാര്‍ഷിക വ്യവസായ സംരംഭങ്ങള്‍ക്കുപകരം കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് ബിസിനസിനായും അഗ്രി ബിസ്സിനസിനായും ഫ്‌ളാറ്റു നിര്‍മ്മാണത്തിനായും റിസോര്‍ട്ടു മാഫിയകള്‍ക്കായും ആദ്ധ്യാത്മിക മാഫിയാ സംഘങ്ങള്‍ക്കായും വീതംവച്ചു. പല രൂപത്തില്‍ ടൂറിസം പദ്ധതികളെ കൊണ്ടുവന്ന് അതൊരു തൊഴില്‍മേഖലയായി വ്യാഖ്യാനിച്ചു. കായല്‍ ടൂറിസത്തിലൂടെ മത്സ്യസമ്പത്തടക്കം ഇല്ലാതാവുകയും എവിടെയും മലിനീകര ണവും അതുവഴി നിരവധി രോഗങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. സമ്പത്തിന്റെ മേലാളിത്തം, ഒരുകാലത്തു പടിയടച്ചുപോയ ജാതികളെ തിരിച്ചുകൊണ്ടുവന്നുകൊണ്ടിരിക്കുന്നു. നവോത്ഥാനം ഒരു പാഴ് വാക്കായി മാറിയിരിക്കുന്നു. നവോത്ഥാന നായകന്മാര്‍ എന്ന് അഭിമാനത്തോടെ കേരളം വിളിച്ചിരുന്നവര്‍ ഇന്ന് പ്രതിമകളാക്കപ്പെട്ടു. സവര്‍ണ്ണര്‍ക്ക് അടി അകലത്തില്‍ മാറി നില്‍ക്കേണ്ടിയിരുന്നവര്‍ ഹിന്ദുവിന്റെ മേല്‍ക്കുപ്പായവുമിട്ട് രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായി പിന്നാമ്പുറത്തുകൂടി ഓച്ഛാനിച്ചു നടക്കുന്നതുവരെ നമ്മുടെ നവോത്ഥാനം എത്തിയി രിക്കുന്നു.

തൊഴില്‍ മേഖല ഉല്‍പാദനപരമായി തകര്‍ച്ചയെ നേരിട്ടതു പോലെതന്നെ കലയിലെയും സാഹിത്യത്തിലെയും ആധുനികത തൊലിപ്പുറത്തുകൂടി ഊര്‍ന്നുപോയതല്ലാതെ അത് ആരെയും സ്പര്‍ശിച്ചില്ല. 'പ്രതിബദ്ധത' ഒരു അശ്ലീലവാക്കായിത്തീര്‍ന്നത് ആധുനികതയുടെ കാലത്താണ്. 'അച്ചീസാഹിത്യം'പോലെ സാഹിത്യരംഗം കൊഴുത്തു. പ്രസിദ്ധീകരണങ്ങള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍, എല്ലാം കസേരവിപ്ലവത്തിനപ്പുറത്തേക്കു വികസിച്ചില്ല. ഇതിനെയെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും വിധം കോര്‍പ്പറേറ്റുകളുടെ ആധിപത്യം സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരുന്നു. കിടപ്പാടം നഷ്ടപ്പെട്ടവരും പരമ്പരാഗതമായി കോളനികളിലും പുറംപോക്കുകളിലും കഴിഞ്ഞുപോന്നവരും, അവരുടെ സ്ഥിതി അങ്ങനെ തന്നെ തുടരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചലനരഹിതമായൊരു സമൂഹമായി മാറിത്തീരുന്ന ആധുനികതയ്ക്കു കൊടിപിടിക്കുന്നത് ഇന്നു വര്‍ഗ്ഗീയതയാണ്.

വര്‍ഗ്ഗീയത ഇന്ന് കേവലമായിട്ടല്ല നിലനില്‍ക്കുന്നത്. അത് കോര്‍പ്പറേറ്റുകളുമായി ബന്ധപ്പെട്ട്, സാമ്രാജ്യത്വവുമായി ഉല്‍ഗ്രഥിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വര്‍ഗ്ഗീയത എന്നത് കോര്‍പ്പറേറ്റ് അജണ്ടയും സാമ്രാജ്യത്വ പദ്ധതികളുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെവിടെയൊക്കെ കലാപം നടത്തണം എവിടെയെല്ലാം സ്‌ഫോടനം നടത്തണം എവിടെയെല്ലാം നുഴഞ്ഞുകയറ്റം നടത്തണം എന്നെല്ലാം തീരുമാനിക്കുന്നത് സാമ്രാജ്യത്തിനു രാജ്യത്തെ ഒറ്റുകൊടുക്കുന്ന കോര്‍പ്പറേറ്റുകളാണ് തീരുമാനിക്കുന്നത്. അതിനുവേണ്ട പണവും ആയുധങ്ങളും ആയുധ പരിശീലനങ്ങളും നടത്തുന്നതും ഇവരൊക്കെത്തന്നെയാണ്. വര്‍ഗ്ഗീയത ഈ അര്‍ത്ഥത്തില്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പു റത്തേക്കു കടന്നിരിക്കുന്നു. ഇതിന് പുത്തന്‍ സാമ്പത്തിക നയങ്ങളും ആഗോളീകരണവുമായി അടിസ്ഥാനപരമായി ബന്ധവുമുണ്ട്. അതിന് ഭൂബന്ധങ്ങളുമായും പ്രകൃതി നശീകരണവുമായി ബന്ധമുണ്ട്. അതു സൂചിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനവും പ്രസക്തമായിത്തീരുന്നു. അതുകൊണ്ട് വര്‍ഗ്ഗീയതയെ ചെറുക്കാന്‍ പ്രകൃതിസംരക്ഷണം അടക്കമുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ആധിപത്യത്തിനെതിരായ സമരങ്ങളും ഒപ്പം രാഷ്ട്രീയ സമരങ്ങളും വികസിപ്പിക്കേണ്ടതായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വീണ്ടും ഒരു നവോത്ഥാന മുന്നേറ്റം ഉയര്‍ന്നു വരേണ്ടതുണ്ട്.