"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 8, വെള്ളിയാഴ്‌ച

സിനിമ മാറ്റത്തിനുള്ള ആയുധമാകണം - അന്‍സാര്‍ എ''സിനിമ എടുക്കുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചു കളയണം'' എന്ന തലക്കെട്ടില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന 'രാജീവ് രവി'യുമായുള്ള അഭിമുഖം ശ്രീനിവാസനടക്കം സിനിമാ രംഗത്തുള്ള പലരെയും പ്രകോപിപ്പിച്ചു. അതിന്റെ കാരണം അന്വേഷിക്കുകയും അഭിമുഖത്തിലെ അഭിപ്രായങ്ങളോട് പൊതുവായി യോജിച്ചുകൊണ്ടും സിനിമ എന്തായിരിക്കണം എന്ന് അന്വേഷിക്കുകയുമാണ് ഇവിടെ.

''സിനിമ ഒരു എക്‌സ്പ്രഷന്‍ ആണ്... എനിക്ക് ആരെയും എന്റര്‍ടെയ്ന്‍ ചെയ്യാന്‍ താല്‍പര്യമില്ല''

ഏതൊരു കലയും പോലെ സിനിമയും വിനോദത്തിനുള്ളതാണ്. ആ വിനോദം യഥാര്‍ത്ഥ ആനന്ദമാകുന്നത് വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാന്‍ കഴിയുമെന്ന ബോധം കലയിലൂടെ ഉണ്ടാക്കു മ്പോഴാണ്. നമ്മുടെ വ്യവസ്ഥ എന്താണെന്നും ഏത് തരം ബന്ധങ്ങളും ബന്ധനങ്ങളുമാണ് ഇതിലുള്ളത് എന്നും കാണിച്ചു തരികയാണ് സിനിമ ചെയ്യേണ്ടത്. യാഥാര്‍ത്ഥ്യം ഇന്നതാണെ ന്നറിയുമ്പോള്‍ മാത്രമേ അതിനെ മാറ്റിത്തീര്‍ക്കാന്‍ നമുക്ക് കഴിയൂ. അതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ വെളിവാക്കുക.

ജനങ്ങള്‍ കഷ്ടപ്പെടുന്നത് അറിഞ്ഞു കഴിഞ്ഞാല്‍- അവര്‍ പട്ടിണി കിടക്കുന്നതും അവരുടെ ദുരിതങ്ങളും അറിഞ്ഞു കഴിഞ്ഞാല്‍- എങ്ങനെയാണ് നിങ്ങള്‍ക്ക് ഉത്സവങ്ങളില്‍ പങ്കാളിയാകാന്‍ കഴിയുകയെന്നാണ് രാജീവ് രവി ചോദിക്കുന്നത്. ഒരു സിനിമ നിര്‍മ്മിക്കാന്‍ ലക്ഷക്കണക്കിന് രൂപ വേണം. അപ്പുറത്ത് അറുപത് ശതമാനം മനുഷ്യരും പട്ടിണി കിടക്കുന്നു. കലാകാരന്റെ ഈ സംഘര്‍ഷം പങ്കുവയ്ക്കുകയാണ് രാജീവ് രവി. ഈപണം അവരുടെ പട്ടിണി മാറ്റാന്‍ ഉപയോഗിച്ചാല്‍ മതിയോ? അതാണോ ആവശ്യം. അത് പക്ഷെ ഭിക്ഷ കൊടുക്കുന്നത് പോലെയാവുകയേയുള്ളൂ. മറിച്ച് ആ പണം കൊണ്ട് ജനങ്ങളുടെ ദുരിതം വിളിച്ചു പറയുന്ന സിനിമ എടുക്കുകയും അത് ഭൂരിപക്ഷം പേരും അനുഭവിക്കുന്ന ദുരിതമാണെന്ന് അവരെ മനസിലാക്കിക്കുകയും ചെയ്യൂ. ഈ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് അനുഭവിപ്പിക്കുക. വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാന്‍ നമുക്ക് കഴിയുമെന്നും അതാണ് ചരിത്രം നല്‍കുന്ന പാഠമെന്നും പ്രകോപിപ്പിക്കുക. ഇത്തരത്തില്‍ സിനിമയെ കഷ്ടപ്പെടുന്നവന് വേണ്ടി ഉപയോഗിക്കുകയും അതിലൂടെ അവരുടേതാകുകയും ചെയ്യുക എന്നതാണ് ഒരു കലാകാരന്റെ സാഫല്യം. അതായത് സിനിമയെടുക്കാന്‍ ഉപയോഗിക്കുന്ന പണം അല്ലെങ്കില്‍ പണം ഉപയോഗിച്ചു ണ്ടാക്കുന്ന സിനിമ ഉപഭോഗത്തിനും കച്ചവടത്തിനുമുള്ള ചരക്ക് മാത്രമാകരുത് എന്ന് തന്നെയാണ് പറയാന്‍ ശ്രമിക്കുന്നത്. അത് സമൂഹ വിരുദ്ധമാണ്, മനുഷ്യ വിരുദ്ധമാണ്. കച്ചവട സിനിമകള്‍ മനുഷ്യരുടെ ദുരിതങ്ങളെ അങ്ങനെ തന്നെ നിലനിര്‍ത്താനും അതിലൂടെ വ്യവസ്ഥയെ സംരക്ഷിക്കാനുമാണ് സഹായിക്കുന്നത്. 

''വലിയ ഒരു ഫാക്ടറി. ഫാക്ടറിയില്‍ ജോലി നോക്കുന്ന കുറെ ആളുകള്‍. ഇവര്‍ക്ക് തുച്ഛമായ വേതനം കൊടുക്കുന്നു. ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഒരു വൈന്‍ ഷാപ്പ്, കുറച്ചു കൂടി മാറി ഒരു തിയറ്റര്‍.'' രാജീവ് രവി ഇത് പറയുമ്പോള്‍ മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വാക്കുകള്‍ ഓര്‍മ്മയിലെത്തും. അതില്‍ പറയുന്നു മതം നിങ്ങള്‍ക്ക് ആശ്വാസം തരുന്നു, എന്നാല്‍ ആ ആശ്വാസം യഥാര്‍ത്ഥമല്ല. യഥാര്‍ത്ഥ ആശ്വാസം നിങ്ങളുടെ ദുരിതങ്ങള്‍ ഇല്ലാതാകുമ്പോള്‍ ലഭിക്കു ന്നതാണ്. എന്നാല്‍ മതം മദ്യത്തെപ്പോലെ ആശ്വാസത്തിന്റെ തോന്നലുണ്ടാക്കുന്നു. ഇവിടെ സിനിമയും അതുപോലെ നിങ്ങളെ മയക്കാന്‍ വ്യവസ്ഥയ്‌ക്കെതിരെയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനെ തടയാനുള്ള ഉപകരണമായി മാറുന്നു. അതുകൊണ്ടാണ് കേവല വിനോദത്തിന് വേണ്ടി നിര്‍മ്മിക്കപ്പെടുന്ന കച്ചവട സിനിമകള്‍ ജനങ്ങളെ മയക്കുന്ന മയക്കുമരുന്നുകളാണെന്നും അത് മതത്തെ പോലെ തന്നെ ജനവിരുദ്ധമാണെന്നും പറയുന്നത്.

സിനിമ നിലനില്‍ക്കണമെന്ന ആഗ്രഹത്തില്‍ നിന്നല്ല സിനിമ എടുക്കേണ്ടത്. സിനിമ സമൂഹത്തെ മാറ്റിത്തീര്‍ക്കുന്നതിനുള്ള ഉള്‍പ്രേരകമാകുകയാണ്, ഉപകരണമാവുകയാണ് വേണ്ടത്. മൂന്നാം സിനിമയെ (Towards a Third Cinema- by Fernando Solanas and Octavio Getino) കുറിച്ചുള്ള ലേഖനത്തില്‍ സൊളാനസും ഗെറ്റിനോയും പറയുന്നത് പോലെ സാമ്രാജ്യത്വത്താല്‍ അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയ്ക്ക് സിനിമ ആയുധമാകണം. ഒന്നാം സിനിമയെയും രണ്ടാം സിനിമയെയും വൈരുദ്ധ്യാത്മ കമായി മാറ്റിത്തീര്‍ത്തുകൊണ്ടുള്ളതായിരിക്കണം മൂന്നാം സിനിമ എന്ന് ആ ലേഖനത്തില്‍ വാദിക്കുന്നു. ഇതില്‍ ഒന്നാം സിനിമയെന്നാല്‍ ഹോളിവുഡ് മുഖ്യധാര കച്ചവട സിനിമകളും രണ്ടാം സിനിമയെന്നാല്‍ യൂറോപ്യന്‍ ബൂര്‍ഷ്വാ വ്യക്തിഗത കഥാത്മക സിനിമകളുമാണ്. മൂന്നാം സിനിമയെന്നാല്‍ മൂന്നാം ലോകത്തു നിന്നുണ്ടാകുന്ന സിനിമയെന്നല്ല, ഇവിടെയും ഒന്നാം സിനിമയും (ഭൂരിപക്ഷമിറങ്ങുന്ന കച്ചവട സിനിമകള്‍) രണ്ടാം സിനിമയും (കലാ സിനിമകള്‍ എന്ന പേരില്‍ കയറ്റി അയയ്ക്കാന്‍ ഉണ്ടാക്കപ്പെടുന്ന ആര്‍ട്ട് ഹൗസ് സിനിമകള്‍) ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി മൂന്നാം സിനിമ നമുക്കില്ല എന്ന് തന്നെ പറയാം. അതിന് ഒരുപക്ഷെ തുടക്കം കുറിച്ചത് 'അമ്മ അറിയാന്‍'ലൂടെ ജോണ്‍ എബ്രഹാമാണ്.

''ജോണ്‍ എബ്രഹാം... ഇന്ത്യയിലാകെയുള്ള 
ഇന്‍ഡിപ്പെന്‍ഡന്റ് ഫിലിം മേക്കറാണ് അദ്ദേഹം''

''സിനിമയുണ്ടാക്കാന്‍ ലക്ഷക്കണക്കിന് ഡോളര്‍ ആവശ്യമാണ്. വിതരണ സംവിധാനങ്ങള്‍ ശത്രുക്കളുടെ കയ്യിലുമാണ്. ഈ അവസ്ഥയില്‍ സിനിമയെ എങ്ങനെ വിമോചിപ്പിക്കാന്‍ കഴിയും'' എന്ന് മൂന്നാം സിനിമയെക്കുറിച്ചുള്ള ലേഖനത്തില്‍ സൊളാനസും ഗെറ്റിനോയും ആലോചിക്കുന്നുണ്ട്. അത് അറുപതുകളിലാണ്. ഇന്ന് രാജീവ് രവിയെ പോലെയുള്ളവര്‍ കേരളത്തിലും അതിനെക്കുറിച്ച് ചിന്തിക്കുന്നു. ''ഹോളീവുഡ് തോട്ട് എക്‌സിബി റ്റേഴ്‌സ് ആണ് പവര്‍ പോയിന്റ് അവരാണ് നിയന്ത്രിക്കുന്നത്. ആ തിയറ്ററുകളിലേക്ക് നമ്മള്‍ സിനിമ കൊടുക്കാന്‍ പോയാല്‍ തീര്‍ന്നു.''- രാജീവ് രവി. ഇത് എണ്‍പതുകളില്‍ തന്നെ കേരളത്തില്‍ ചിന്തിക്കുകയും മറ്റൊരു ജനകീയ രീതി പ്രാവര്‍ത്തികമാക്കുകയും ചെയ്തയാളാണ് ജോണ്‍ എബ്രഹാം. സിനിമയുടെ മൂലധന കേന്ദ്രീകരണത്തില്‍ നിലനിന്ന എല്ലാ അവസ്ഥകളെയും അയാള്‍ തകര്‍ക്കുകയും ഒരു സിനിമയിലൂടെ അതിന്റെ ജനകീയമായ വശം കാണിച്ച് തരികയും ചെയ്തു. 'അമ്മ അറിയാന്‍' മൂന്നാം സിനിമയുടെ (third cinema) സര്‍ഗാത്മകമായ രൂപമായിരുന്നു. പ്രതിഭ പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതിന് പകരം ചുറ്റുമുള്ള മനുഷ്യരെ കാണുന്ന തിനും നമ്മുടെ സമരാത്മകമായ ഓര്‍മ്മകളെ വീണ്ടെടുക്കു ന്നതിനും പ്രതീക്ഷയെ രൂപപ്പെടുത്തുന്നതിനും ഉപയോഗിക്കണം എന്നാണ് ഒരുപക്ഷെ ജോണ്‍ എബ്രഹാം ആ സിനിമയലൂടെ പറയാന്‍ ശ്രമിച്ചത്. 

പണം പിരിച്ച് സിനിമ നിര്‍മ്മിക്കുക മാത്രമല്ല, സിനിമ ജനങ്ങളുടേതാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കലാരൂപമാണെന്നുമുള്ള ബോധ്യം അവരിലുണ്ടാക്കുകയും വേണം. അതിന് നിലനില്‍ക്കുന്ന എല്ലാത്തരം ജാഡകളെയും ഇല്ലാതാക്കണം. സാങ്കേതിക വിദ്യ ലളിതമായ അവസരത്തില്‍ സര്‍ഗ്ഗാത്മകതയെ ആ തരത്തില്‍ ഉപയോഗിക്കാന്‍ കഴിയണം. ജനകീയ സിനിമകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറണം. മൂലധനത്തിന്റെ കേന്ദ്രീകരണത്തെ ജനങ്ങളുടെ ചെറിയ ചെറിയ സംഭാവനകള്‍ കൊണ്ട് മറികടക്കാമെന്നും സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും ഈ പണപ്പിരിവില്‍ കൂടി ച്ചേര്‍ന്ന് കൊണ്ട് തങ്ങള്‍ താരങ്ങളല്ല, സിനിമാ പ്രവര്‍ത്തകരാ ണെന്നുമുള്ള ജനകീയ ബോധം ഉണ്ടാക്കുകയും ചെയ്തു. ഇതിന് തുടര്‍ച്ചകളുണ്ടായില്ലെങ്കിലും ഇത് ഗംഭീരമായ ഒരു പരിശ്രമം തന്നെയായിരുന്നു. ഇന്ന് നിലനില്‍ക്കുന്ന സിനിമയുടെ താരസ ങ്കല്‍പ്പങ്ങളെയും മൂലധന കേന്ദ്രീകരണത്തെയും തകര്‍ക്കാന്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഒരു പ്രസ്ഥാനം രൂപപ്പെടേണ്ട തുണ്ട്. 

''ശ്രീനിവാസന്റെ സിനിമകള്‍ എനിക്ക് ഭയങ്കര 
വെറുപ്പാണ് അന്നും ഇന്നും''

മധ്യവര്‍ഗ്ഗം പ്രധാനമായും ഉപരി വര്‍ഗ്ഗത്തിന്റെ സുഖസൗക ര്യങ്ങള്‍ക്ക് വേണ്ടി ആര്‍ത്തി കാണിക്കുന്നവരും അധഃകൃത വര്‍ഗ്ഗത്തോട് പുച്ഛമുള്ളവരുമായിരിക്കും. ഈ മധ്യവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന, ജാതീയമായി നായര്‍, നമ്പൂതിരിമാരുടെ സ്വത്വബോധത്തിന്റെ പ്രതിഫലനങ്ങളുമാ യിരുന്നു ശ്രീനിവാസന്‍ സിനിമകള്‍ കാണിച്ചിട്ടുള്ളത്. മധ്യവര്‍ഗ്ഗത്തിന്റെ അരാഷ്ട്രീയതയെ മഹത്വവല്‍ക്കരിക്കു കയായിരുന്നു ശ്രീനിവാസന്‍, പ്രത്യേകിച്ച് ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട്. നായര്‍, നമ്പൂതിരി ആകുലതകള്‍ ജനാധിപത്യ സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ശ്രീനിവാസന്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍. തങ്ങളുടെ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാഷയില്‍ പറയുന്നു എന്ന ധാരണയിലൂടെ അരാഷ്ട്രീയതയെന്ന രാഷ്ട്രീയം പറയുകയായിരുന്നു അവര്‍. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ജാതിപ്രമാണിമാരാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരെ കാണാതെ പിന്നീട് പണമുതലാളിത്ത ത്തിന്റെ കീഴില്‍ ദുരിതമനുഭവിക്കുന്നവരെയും കാണാതെ നായര്‍, നമ്പൂതിരി യുവാക്കള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രതാപത്തെ യോര്‍ത്ത് വ്യസനിക്കുന്നത് കാണിച്ചു കൊണ്ടും അവരുടെ നഷ്ടപ്രതാപത്തിന്റെ സങ്കടത്തില്‍ പങ്കുചേര്‍ന്നു കൊണ്ടും ഉണ്ടാക്കപ്പെട്ടവയാണ് മിക്ക ശ്രീനിവാസന്‍ ചിത്രങ്ങളും. 

''കുടുംബം നന്നാക്കിയിട്ട് നാടു നന്നാക്കാനിറങ്ങ്'' എന്നതായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തകരോടുള്ള ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാടുമാ രുടെ ഉപദേശം. ലോകത്തു നടക്കുന്ന പ്രശ്‌നങ്ങള്‍ കാണാന്‍ മടിക്കുന്ന മധ്യവര്‍ഗ്ഗത്തിന്, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടാക്കാതെ തന്‍കാര്യം നോക്കികളായ മധ്യവര്‍ഗ്ഗത്തിന് അത്താണിയായി ഇവരുടെ സിനിമകള്‍. തങ്ങള്‍ ചെയ്യുന്നത് അല്ലങ്കില്‍ തങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് വലിയ കാര്യമാണെന്ന് അവര്‍ക്കോരോരുത്തര്‍ക്കും തോന്നി. ഇതോടെ അവര്‍ കുറ്റബോധത്തെ മറക്കുകയും ആഹ്ലാദിക്കുകയും ചെയ്തു.

ആഗോളവല്‍ക്കരണത്തെയും എല്ലാതലത്തിലുമുള്ള അധികാര വര്‍ഗ്ഗത്തെയും എതിര്‍ത്ത രാഷ്ട്രീയ പ്രവര്‍ത്തകരെ കളിയാക്കുന്ന നിലപാടായിരുന്നു അവരുടേത്. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയ മില്ലെന്ന് അവര്‍ രാഷ്ട്രീയം പറയുകയും ചെയ്തു. ആഗോളവല്‍ക്ക രണത്തെ ചൂലു കൊണ്ട് നേരിടാമെന്നും പെട്രോളിന്റെ വിലയറിയുകയല്ല, അരിയുടെ വിലയാണ് അറിയേണ്ടതെന്നു മൊക്കെ മണ്ടത്തരം പറഞ്ഞവര്‍ മധ്യവര്‍ഗ്ഗത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള മടിയെ മഹത്വവല്‍ക്കരിക്കുകയായിരുന്നു. അവര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി കാണുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ തന്നെ ഇല്ലാതാകലാണ്. എന്നാല്‍ ആഗോളവല്‍ക്കരണം ഇവിടുത്തെ മനുഷ്യര്‍ക്ക് അല്‍പ്പമെങ്കിലും ബാക്കിയുണ്ടായിരുന്ന സാമൂഹിക സുരക്ഷിതത്വം എടുത്തു കളഞ്ഞപ്പോഴും പെട്രോളിന്റെ വില അരിയുടെ വിലയെ നിയന്ത്രിച്ചു കൊണ്ടിരിക്കുമ്പോഴും ഇവര്‍ അരാഷ്ട്രീയമെന്ന രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരെ വ്യക്തിവാദത്തെ ഉയര്‍ത്തി, എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിപരമായ സൗകര്യങ്ങള്‍ക്ക് വേണ്ടിയാകരുത് എന്ന് പറഞ്ഞവരെ കണ്ടില്ലെന്ന് നടിച്ച് മധ്യവര്‍ഗ്ഗത്തിന്റെ അരാഷ്ട്രീയത ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ശ്രീനിവാസന്‍ സിനിമകള്‍. ഒരുപക്ഷെ, തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നത്തെ ആഗോളവല്‍ക്കരണ ത്തില്‍പ്പെട്ടുഴലുന്ന മനുഷ്യര്‍ സംഘടിക്കുന്നതിന് പകരം സ്വന്തം കാര്യം നോക്കുന്ന വ്യക്തി മൗലികവാദത്തിന്റെ വക്താക്കളായതിന് ഒരു കാരണം ശ്രീനിവാസന്‍ സിനിമകളുടെ സ്വാധീനമാണെന്ന് പറയേണ്ടതുണ്ട്. അത്തരത്തില്‍ ഒരു ജീര്‍ണ്ണിച്ച വ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചവരില്‍ പ്രധാനിയെന്ന നിലയില്‍ ശ്രീനിവാസന്‍ വെറുക്കപ്പെടേണ്ടയാളാണ്. അയാളെ ജനങ്ങള്‍ അയാളുടെ നിലപാടുകളുടെ പേരില്‍ ചോദ്യം ചെയ്യേണ്ടതുമാണ്. 
''സിനിമ കൊണ്ട് വലിയ കാര്യമില്ലെന്ന് എനിക്കറിയാം, കുറെ ആളുകളെ വെറുതെ അനക്കാമെന്നാല്ലാതെ ഗുണമൊന്നുമില്ല''

സിനിമയ്ക്ക് വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാനുള്ള ശക്തിയൊന്നുമില്ല. എന്നാല്‍ സിനിമ കൂടുതലാളുകളെ സ്വാധീനിക്കുന്നു എന്നതുകൊ ണ്ട് തന്നെ അതിനെ മാറ്റിത്തീര്‍ക്കുന്നതിനുള്ള പ്രേരകശക്തിയായി ഉപയോഗിക്കണം എന്നാണ് നമ്മുടെ ആഗ്രഹം.

ഒരു വ്യവസ്ഥയില്‍പ്പെട്ടുഴലുന്ന മനുഷ്യര്‍ക്ക് ലഹരിയിലൂടെ ആശ്വാസം നല്‍കി ആ വ്യവസ്ഥയെ നിലനിര്‍ത്താന്‍ മദ്യം സഹായിക്കുന്നത് പോലെ സിനിമയും പ്രവര്‍ത്തിക്കുന്നതാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. അത്തരം സിനിമകള്‍ സാമൂഹിക വിരുദ്ധമാണെന്ന കാഴ്ചപ്പാട് പൊതുബോധമായി മാറണം. ഈ വ്യവസ്ഥയെ മാറ്റിത്തീര്‍ത്ത് സമത്വമുള്ള ഒരു വ്യവസ്ഥയുണ്ടാകുമ്പോഴേ അത് സാധ്യമാകൂ എന്ന് നമുക്കറിയാം. എന്നാലും ആ വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നിലനിര്‍ത്താ നും നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പ്രശ്‌നങ്ങളെ തുറന്ന് കാണിക്കാനും സിനിമയെ ഒരു ആയുധമായി ഉപയോഗിക്കുക തന്നെ വേണം.