"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 8, വെള്ളിയാഴ്‌ച

അപമാനകരമായ അമേരിക്കന്‍ വിധേയത്വം - ഡോ പി ജെ ജെയിംസ്


ഇന്ത്യന്‍ ജനത രണ്ടു നൂറ്റാണ്ടുകാലം ബ്രിട്ടീഷ് മുതലാളിത്ത-സാമ്രാജ്യത്വ ഭരണത്തിനെതിരെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍ ബ്രിട്ടീഷ മൂലധനത്തിന്റെ തണലില്‍ അതിന്റെ ചെരുപ്പുനക്കികളും ഇടനിലക്കാരുമായി വളര്‍ന്നുവന്ന ദല്ലാളന്‍മാരാണ് ഇന്ത്യയിലെ വന്‍കിട മുതലാളിവര്‍ഗ്ഗമെന്നുള്ളത് ചരിത്രപരമായ വസ്തുതയാണ്. ഭാഗികമായെങ്കിലം വ്യാവസായിക സ്വഭാവമുണ്ടായിരുന്ന ടാറ്റയെയും ബിര്‍ളയെയും പോലുള്ള ദല്ലാള്‍ കുത്തകകളെ മറികടന്ന് തികച്ചും ഊഹ കുത്തകകള്‍ മാത്രമായ അംബാനിയെയും അദാനിയെയും പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ കുത്തക പട്ടികയില്‍ മുന്‍പിലെത്തിയതോടെ ഇന്ത്യന്‍ ദല്ലാള്‍വര്‍ഗ്ഗത്തിന്റെ ദേശവിരുദ്ധസ്വഭാവവും സാമ്രാജ്യത്വവിധേയത്വവും പലമടങ്ങു ശക്തിപ്പെടുകയാണു ണ്ടായത്. നവഉദാരീകരണകാലത്ത് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ പലമടങ്ങു വരുന്ന തുക സാമ്രാജ്യത്വ നികുതി വെട്ടിപ്പു കേന്ദ്രങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള ഈ വര്‍ഗ്ഗത്തിന്റെ ഒന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്നു ബിജെപി. ഭാരതമാതാ വിന്റെ പേരില്‍ ചോര തിളക്കുന്നു വെന്നവകാശ പ്പെടുന്ന, അതിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെയും മര്‍ദ്ദിതരെയും ജനപക്ഷത്തു നില്‍ക്കുന്നവരെയും കടന്നാക്രമിക്കുന്ന സംഘപരി വാറും ബിജെപിയും പക്ഷെ പ്രതിനിധീകരിക്കുന്നത് നെറികെട്ട സാമ്രാജ്യത്വ, വിശേഷിച്ചും അമേരിക്കന്‍ സാമ്രാജ്യത്വ വിധേയത്വമാണെന്ന് പലയാവര്‍ത്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആര്‍എസ്എസിന്റെ എക്കാലത്തെയും പ്രമുഖ സര്‍സംഘ ചാലകായിരുന്ന ഗോള്‍വല്‍ക്കര്‍, 1971ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ലിണ്ടന്‍ ജോണ്‍സണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ കൈവശം കൊടുത്തയച്ച കത്തുമാത്രം മതി എത്രമാത്രം അമേരിക്കന്‍ പാദസേവ ചെയ്യുന്നവരാണ് സംഘപരിവാര്‍ എന്നു മനസ്സിലാക്കാന്‍. വിയറ്റ്‌നാം യുദ്ധത്തില്‍, ലോകജനതയാല്‍ അമേരിക്ക ഏറ്റവും വെറുക്കപ്പെട്ടിരുന്ന, കല്‍ക്കട്ടാ വിമാനത്താവളത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന (പിന്നീട് ലോകബാങ്ക് പ്രസിഡന്റ്) മക്‌നമറയെ കാലുകുത്താന്‍ ബംഗാളിലെ ധീരയുവത്വം അനുവദിക്കാതിരുന്ന, ലോകത്തെ ഏറ്റവും വലിയ തെമ്മാടിയും ഭീകരരാഷ്ട്രവുമായി അമേരിക്ക മുദ്രകുത്തപ്പെട്ട കാലത്ത് അമേരിക്കയുടെ ധാര്‍മ്മികതയെയും നീതിയെയും മുക്തകണ്ഠം പുകഴ്ത്തിക്കൊണ്ടുള്ള കത്തായിരുന്നു അത്. ആയതിനാല്‍ ഭാരതമാതാവിന്റെ പേരില്‍ എത്ര ഗീര്‍വാണം മുഴക്കിയാലും രാജ്യത്തെ അമേരിക്കക്ക് അടിയറ വെക്കുന്നതില്‍ ബിജെപി ഭരണത്തിന് ഒരുളുപ്പും ഉണ്ടാകില്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

ആമുഖമായി ഇത്രയും പറഞ്ഞത് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ആണവക്കു ത്തകകള്‍ക്കും യുദ്ധക്കമ്പനികള്‍ക്കും ഇന്ത്യയില്‍ ഒരു ബാധ്യതയും നിയന്ത്രണവുമില്ലാതെ കടന്നുകയറി കൊള്ളമുതലുമായി തിരിച്ചുപോകാനാവുംവിധം അമേരിക്കയോട് സമ്പൂര്‍ണ്ണ വിധേയത്വം പ്രഖ്യാപിച്ചുകൊണ്ട് മോദിയും ഒബാമയും ധാരണയിലെത്തിയ രാഷ്ട്രീയ സന്ദര്‍ഭം ചൂണ്ടിക്കാട്ടാനാണ്. ലോകത്തെ തൊഴിലാളികളുടെയും മര്‍ദ്ദിതജനതകളുടെയും ഒന്നാം നമ്പര്‍ ശത്രുവായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭരണത്ത ലവനെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി ക്ഷണിക്കുക മാത്രമല്ല, രാഷ്ട്രത്തലവന്‍മാരെ സ്വീകരിക്കുന്ന പ്രോട്ടോക്കോളുകളെല്ലാം ലംഘിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി മോദി തന്നെ വിമാനത്താവളത്തിലെത്തി ഒബാമയെ സ്വീകരിക്കുക യാണു ചെയ്തത്. എന്നുമാത്രമല്ല, പാലം വിമാനത്താവളത്തില്‍ ഒബാമയുടെ എയര്‍ ഫോഴ്‌സ് വണ്‍ ഇറങ്ങിയ നിമിഷത്തില്‍തന്നെ ഇന്ത്യന്‍ സൈനിക, പോലീസ്, രഹസ്യപ്പോലീസ് സംവിധാനങ്ങളെ പൂര്‍ണ്ണമായും സുരക്ഷിതവലയിത്തിന്റെ രണ്ടാം നിരയിലേക്ക് ആട്ടിയൊതുക്കി അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡു കളും സിഐഎ മേധാവികളും അടങ്ങുന്ന യാങ്കി സുരക്ഷാ വലയം കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒന്നുകൂടി വിശദമാക്കിയാല്‍, ഇന്ത്യന്‍ രഹസ്യപ്പോലീസ് ശിങ്കങ്ങളും കമാന്റോ സംവിധാനങ്ങളും ഡല്‍ഹി പോലീസുമെല്ലാം രംഗം അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ക്കു വിട്ടുകൊടുത്ത് സ്ഥലം കാലിയാക്കുകയാണുണ്ടായത്. ഒബാമ ഇന്ത്യയില്‍ കാലുകുത്തയതുമുതല്‍ ഒബാമയുടെ മാത്രമല്ല, മോദി ഒപ്പമുണ്ടായിരുന്നപ്പോഴുമൊക്കെ മോദിയുടെ സുരക്ഷയും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ നിയന്ത്രണത്തി ലായിരുന്നു. രാജ്പഥില്‍ വിന്യസിക്കപ്പെട്ട 50000 അടക്കം ഡല്‍ഹിയിലാകെ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട ഒരു ലക്ഷത്തോളം പോലീസ്-അര്‍ദ്ധസൈനിക ഉദ്യോഗസ്ഥന്‍മാരുടെ പ്രധാന പണി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ പൗരന്‍മാരെയും പട്ടികളെയും തെരുവില്‍നിന്നും ആട്ടിയോടിക്കുകയും കുടിവെള്ളവും മലിനജലവും മറ്റും ഒഴുകുന്ന പൈപ്പുകളുടെ ദ്വാരങ്ങള്‍ക്കുമുമ്പില്‍ കാവല്‍ നില്‍ക്കുകയുമായിരുന്നു. ഒബാമയുടെ പൊതുപരിപാടികളുടെ സമയത്ത് മധ്യ-ദക്ഷിണ ഡല്‍ഹിയില്‍ ജനങ്ങളുടെ പൊതുസാന്നിദ്ധ്യം പൂര്‍ണ്ണമായി ഒഴിവാക്കുകയും ഡല്‍ഹി നഗരത്തിന്റെ 400 കിലോമീറ്റര്‍ അര്‍ദ്ധവ്യാസം വരുന്ന വ്യോമമേഖലയില്‍ വിമാനഗതാഗതം നിരോധിക്കുകയും ചെയ്തു. സര്‍വോപരി, റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ആയെത്തുന്ന വിദേശരാഷ്ട്രത്തലവന്‍ പരേഡ് സ്ഥലത്തേക്ക് ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനത്തില്‍ സഞ്ചരി ക്കുകയെന്ന കീഴ്‌വഴക്കവും അമേരിക്കന്‍ തീരുമാനപ്രകാരം റദ്ദാക്കി. ഇന്ത്യന്‍ രാഷ്ട്രപതിയെക്കാള്‍ സുരക്ഷ ആവശ്യമുള്ള ഒബാമ സഞ്ചരിച്ചത് അമേരിക്കയില്‍നിന്നും കൊണ്ടുവന്ന കാറിലാണ്. ലോകജനതയുടെ മാത്രമല്ല, ഇന്ത്യന്‍ ജനതയുടെയും ഒന്നാം നമ്പര്‍ ശത്രുവായ സാമ്രാജ്യത്വമേധാവിക്കാണ് മോദിഭരണം പരവതാനി വിരിച്ചതെന്നതിന്റെ സൂചനകളില്‍ ചിലതു മാത്രമാണിവ.

വളരെ ചുരുക്കിപ്പറഞ്ഞാന്‍, ഒബാമയും മോദിയും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത് ആണവ-പ്രതിരോധ മേഖലകളില്‍ അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ കീഴടങ്ങി എന്നതാണ്. വണ്‍-ടു-ത്രീ കരാര്‍ എന്നറിയപ്പെട്ട സിവില്‍ ആണവ സഹകരണ കരാറില്‍ 2008ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു വെങ്കിലും ആണവദുരന്തമുണ്ടാകുന്ന പക്ഷം ആണവദാതാക്കളായ വിദേശ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്ന വ്യവസ്ഥയോടെ 2010ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആണവബാധ്യതാ നിയമം പാസ്സാക്കുകയുണ്ടായി. ആയിരക്കണക്കിനു പേരെ കൂട്ടക്കൊല ചെയ്ത യൂണിയന്‍ കാര്‍ബൈഡ് ഭോപ്പാല്‍ ദുരന്തത്തിനുശേഷം നഷ്ടപരിഹാരം നല്‍കാന്‍ പോലും ബാധ്യതയില്ലെന്നു വാദിച്ച ചരിത്രവുമായി ബന്ധപ്പെട്ട് രാജ്യത്തുയര്‍ന്നുവന്ന പൊതുവികാരത്തിന്റെ കൂടി വെളിച്ചത്തി ലായിരുന്നു അതേക്കാള്‍ കൂടുതല്‍ അപകട സാധ്യതയുള്ള ആണവനിലയത്തിന്റെ കാര്യത്തില്‍ ഇത്തരമൊരു നിയമം പാസ്സാക്കാന്‍ പാര്‍ലമെന്റ് നിര്‍ബന്ധിതമായത്. അതിന്‍പ്രകാരം, ആണവ ബാധ്യതാ നിയമത്തിലെ 17-ാം ചട്ടത്തെ അമേരിക്കന്‍ കമ്പനികള്‍ അന്നുമുതല്‍ എതിര്‍ത്തുവരികയായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപിയും ഈ നിയമത്തിന് അനുകൂലമായിരുന്നു. എന്നാല്‍ അധികാരം കയ്യില്‍ വന്നതോടെ അമേരിക്കന്‍ പാദസേവകരായ ബിജെപി തനിനിറം പുറത്തെ ടുത്തതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ അമേരിക്കക്കനുകൂലമായി തീരുമാനത്തില്‍ മാറ്റമുണ്ടായിരിക്കുന്നത്. 2014 സെപ്റ്റംബറില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചതുമുതല്‍ ഇതിനുള്ള നീക്കമാരംഭി ക്കുകയും ഇതോടകം ജനീവയിലും ലണ്ടനിലുമായി ഇന്ത്യയുടെ യും അമേരിക്കയുടെയും പ്രതിനിധികള്‍ നാലു റൗണ്ടു ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. അപകടമുണ്ടായാല്‍ അപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന ബാധ്യതയില്‍ നിന്നും അമേരിക്കന്‍ ആണവ കുത്തകകളെ ഒഴിവാക്കാനും ആണവ ഇന്‍ഷുറന്‍സ് പൂള്‍ എന്ന പേരില്‍ നിധി രൂപീകരിക്കാനും തീരുമാനിക്കുകയും ചെയ്തു. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 750 കോടി രൂപ മുടക്കാനും ബാക്കി തുക കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്താനും ആണവദുരന്തമുണ്ടായാല്‍ വിദേശ ആണവ വിതരണക്കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരം ഈ നിധിയില്‍ നിന്നും ഈടാക്കാനുമുള്ള തീരുമാനമടക്കമാണ് ഇപ്പോള്‍ ഒബാമ-മോദി സംയുക്ത പ്രസ്താവന നിലവില്‍ വിന്നിരിക്കുന്നത്. അതായത് ഇന്ത്യന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു തന്നെ നഷ്ടപരിഹാരത്തുക കണ്ടെത്തുകയെന്ന രാജ്യദ്രോഹ-ജനദ്രോഹ ഉള്ളടക്കമാണ് പതിയ ഉടമ്പടിയിലുള്ളത്. ഫുകുഷിമക്കു ശേഷം ലോകരാജ്യങ്ങള്‍ ആണവനിലയങ്ങള്‍ കയ്യൊഴിയുമ്പോള്‍ അമേരിക്കയുടെ കാലഹരണപ്പെട്ട ആണവനിലയങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ കെട്ടിവെക്കുന്ന ദേശവിരുദ്ധ ഏര്‍പ്പാടിന് നേതൃത്വം കൊടുക്കാന്‍ 'ഭാരതമാതാവിനോട് സ്‌നേഹക്കൂടുതലുള്ള' അമേരിക്കന്‍ ചെരുപ്പുനക്കികള്‍ക്കു മാത്രമെ കഴിയൂ.

അമേരിക്ക നല്‍കുന്ന ആണവസാങ്കേതികവിദ്യ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുമാത്രമാണ് ഉപയോഗിക്കുന്നതെന്നു ഉറപ്പുവരുത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍മാര്‍ ഇന്ത്യന്‍ ആണവനിലയങ്ങള്‍ പരിശോധിക്കണമെന്ന വ്യവസ്ഥ പുതിയ ഉടമ്പടിയില്‍ ഒഴിവാക്കിയിട്ടുണ്ടെന്നും മോദി ഭരണത്തിന്റെ മഹാനേട്ടമാണിതെന്നും സംഘപരിവാര്‍ ബുദ്ധിജീവികള്‍ വീമ്പിളക്കുന്നുണ്ട്. ശുദ്ധഭോഷ്‌ക്കല്ലാതെ മറ്റൊന്നുമല്ല ഇത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക്(IAEA) ഇന്ത്യന്‍ ആണവ നിലയങ്ങളില്‍ പരിശോധന നടത്താമെന്ന വ്യവസ്ഥകളില്‍ ഇന്ത്യ മുമ്പേ ഒപ്പുവെച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമടക്കം എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെയും വിദഗ്ധന്‍മാര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാരോ അമേരിക്കന്‍ ചെരുപ്പുനക്കികളോ ആകുന്ന പുത്തന്‍ കൊളോണിയല്‍ ലോകക്രമത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ഈ വാദഗതിക്കു പിന്നില്‍. അമേരിക്ക നേരിട്ടല്ല നിരവധി പുത്തന്‍ കൊളോണിയല്‍ സ്ഥാപനങ്ങളെ ഉപയോഗിച്ചാണ് അതിന്റെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ ഉറപ്പുവരുത്തുന്നതെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.

ഇന്ത്യയുടെ പ്രതിരോധ-സൈനിക മേഖലയില്‍ അമേരിക്കന്‍ ആയുധകുത്തകകള്‍ക്ക് സര്‍വതന്ത്രസ്വതന്ത്രമായ പ്രവേശനം ഉറപ്പാക്കും വിധം 2005ല്‍ ഒപ്പുവെച്ച ഇന്ത്യ-അമേരിക്ക പ്രതിരോധ ചട്ടക്കൂട് കരാര്‍ പത്തുവര്‍ഷത്തേക്കു വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള നീക്കം ആണവമേഖലയിലെന്ന പോലെ യുദ്ധോപകരണനിര്‍മ്മാണ രംഗത്തും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നേട്ടകരമാണ്. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയെ അമേരിക്കന്‍ സൈനികതാവളമാക്കുന്ന തന്ത്രപരമായ ഉടമ്പടിയും ഒബാമ-മോദി സംയുക്ത പ്രസ്താവന യില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ചൈനക്കെതിരായ അമേരിക്കന്‍ കരുനീക്കങ്ങളില്‍ ഇന്ത്യയെ വിദഗ്ധമായി ഉപയോഗിക്കുന്നതില്‍ അമേരിക്ക വിജയിച്ചിരി ക്കുന്നുവെന്നാണ്. ഇപ്പോള്‍തന്നെ തര്‍ക്കപ്രദേശമായിട്ടുള്ള ദക്ഷിണ ചൈന കടല്‍പ്രദേശത്ത് വ്യാപാരനാവിക പ്രവര്‍ത്തനങ്ങളും വ്യോമപ്രവര്‍ത്തനവും സുഗമമാക്കാന്‍ രണ്ടു രാജ്യങ്ങളും സംയുക്തമായി ശ്രമിക്കുന്ന പ്രസ്താവന ചൈനയെ അങ്ങേയറ്റം പ്രകോപിപ്പിക്കുമെന്നുമാത്രമല്ല, കൃത്യമായും അമേരിക്കന്‍ ഏറാന്‍ മൂളിയെന്ന ഇന്ത്യയുടെ അപമാനകരമായ സ്ഥിതി ഉറപ്പിക്കുന്ന തുമാണ്. അതായത് അമേരിക്കയുടെ ഇന്ത്യയിലെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ ഉറപ്പിക്കുന്നതില്‍ മാത്രമല്ല, അയല്‍ രാജ്യങ്ങളു മായി ഇന്ത്യയെ കൂടുതല്‍ ശത്രുതയിലാക്കുന്നതിലും തന്റെ ഇന്ത്യാപര്യടനത്തിലൂടെ ഒബാമ വിജയിച്ചിരിക്കുകയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ അമേരിക്കയുടെ കാലഹരണപ്പെട്ട ആയുധങ്ങളുടെ വര്‍ധിച്ച ആവശ്യക്കാരാക്കുകയെന്ന നെറികെട്ട കമ്പോള യുക്തിയും ഇതിനു പിന്നിലുണ്ട്.

ഇതോടൊപ്പം അമേരിക്ക ആവിഷ്‌ക്കരിച്ചിട്ടുള്ള കാലാവസ്ഥാ നയത്തോട് ഇന്ത്യയെ അടുപ്പിക്കാനും 2015 അവസാനം പാരീസില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യയെ വരുതിയിലാക്കുന്ന ഘടകങ്ങളും മോദി-ഒബാമ ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഗോളതാപനമടക്കം ലോകകാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യവില്ലനായിട്ടുള്ള അമേരിക്കയെ പിണക്കുന്ന ഒരു സമീപനവും മോദി ഭരണത്തിന്റെ ഭാഗത്തുനിന്നുണ്ടാ കില്ലെന്നുറപ്പാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനൊപ്പം സമ്പത്തു സമാഹരണത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായി പ്രകൃതിക്കൊള്ളയെ ഉപയോഗപ്പെടുത്തുന്ന സാമ്രാജ്യത്വ കോര്‍പ്പറേറ്റ് കുത്തകകളെ നിലക്കുനിര്‍ത്താതെ പരിസ്ഥിതി സംരക്ഷണം അസാധ്യമാണെന്ന യാഥാര്‍ത്ഥ്യം പാടേ അവഗണിക്കു ന്നതാണ് മോദി-ഒബാമ സംയുക്തപ്രസ്താവന എന്നു പറയേണ്ട തില്ലല്ലോ. ഒരു വേള, തന്റെ ഇന്ത്യാ സന്ദര്‍ശനത്തിലൂടെ ഒബാമ പെട്ടെന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ ഔഷധവി പണിയി ലും കാര്‍ഷിക വിപണിയിലും അമേരിക്കന്‍ കോര്‍പ്പ റേറ്റു കമ്പനികള്‍ക്ക് കടന്നുകയറാനാകുംവിധം ലോകവ്യാപാര സംഘടനയുടെ തീട്ടുരങ്ങള്‍ക്ക് ഇന്ത്യയെ വിധേയമാക്കിയതാണ്. സെപ്റ്റംബറിലെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തന്നെ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിലവി ലുള്ളതിന്റെ 13 ഇരട്ടിവരെ വില വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ ഔഷധ വിപണിയില്‍ കടന്നുകയറാനുള്ള തീരുമാനം ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അതേപോലെ, ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അന്തഃസത്തയെ തകര്‍ക്കുന്ന തരത്തില്‍ ലോകവ്യാപാരസംഘടന ആവശ്യപ്പെടു ന്നവിധം ഇന്ത്യയുടെ ഭക്ഷ്യ-കാര്‍ഷിക സബ്‌സിഡികള്‍ സമയബന്ധിതമായി ക്രമീകരിക്കുന്നതിനും അമേരിക്കന്‍ അഗ്രിബിസിനസ് കുത്തകകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷിക വിപണി തുറന്നു കൊടുക്കുന്നതിനും തത്വത്തില്‍ ധാരണയായതും 2014 സെപ്റ്റംബര്‍ മാസത്തിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം കൂടുതല്‍ വ്യക്തത കൈവരുത്താന്‍ തന്റെ ഇന്ത്യാപര്യടനത്തിലൂടെ ഒബാമ വിജയിച്ചിരിക്കുന്നു.

ഒട്ടുമൊത്തത്തില്‍, അമേരിക്കയുടെ സാമ്രാജ്യത്വ, ഭൗമരാഷ്ട്രീയ താല്പര്യങ്ങള്‍ക്കൊത്ത് ഇന്ത്യയെ ഏഷ്യയിലെ തന്ത്രപരമായ ജൂണിയര്‍ പങ്കാളിയെന്ന നിലയില്‍ കൂടുതല്‍ ഉറപ്പാക്കുന്നതിനും മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയുടെ ആണവ, പ്രതിരോധ, കാര്‍ഷിക, ഔഷധമടക്കം എല്ലാ മേഖലകളിലേക്കും കടന്നുകയറുന്നതിനും ഇന്ത്യാ സന്ദര്‍ശനത്തി ലൂടെ ഒബാമ അവസരമൊരുക്കിയിരിക്കുകയാണ്. ചൈനയുമാ യുള്ള അന്തര്‍-സാമ്രാജ്യത്വ വൈരുധ്യത്തില്‍ മോദി സര്‍ക്കാരിനെ പൂര്‍ണമായും അമേരിക്കന്‍ പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് ഒബാമയുടെ തന്ത്രപരമായ വിജയമായിട്ടാണ് പാശ്ചാത്യ കോര്‍പ്പറേറ്റ് മീഡിയ വിലയിരുത്തുന്നത്. പ്രസിഡന്റാ യിരിക്കെ രണ്ടാമതും ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഒബാമ മുന്‍കാലത്തെ ഏതൊരു അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെക്കാളും കൂടുതല്‍ നേട്ടങ്ങള്‍ അമേരിക്കന്‍ ഫിനാന്‍സ് മൂലധനത്തിന് ഉണ്ടാക്കി ക്കൊണ്ടാണ് തിരിച്ചുപോയത്. ഇന്ത്യയില്‍ നവഉദാരീകരണ നയങ്ങള്‍ക്കു തുടക്കമിട്ട മന്‍മോഹന്‍ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ഭരണത്തിനുപോലും അവകാശപ്പെടാന്‍ കഴിയാത്ത സമാനതകളില്ലാത്ത ഈ കൂട്ടിക്കൊടുപ്പ് തീര്‍ച്ചയായും ബിജെപി ക്കുമാത്രം അവകാശപ്പെട്ടതാണ്. ഈ കൂട്ടിക്കൊടുപ്പിന്റെ രാഷ്ട്രീയ സാമ്പത്തിക ഉള്ളടക്കത്തെയും ദേശവിരുദ്ധതയെയും മൂടിവെച്ച് ദീപസ്തംഭം മഹാശ്ചര്യം എന്ന് വാഴ്ത്താനാണ് കോര്‍പ്പറേറ്റ് മീഡിയയും ഉപരി-മധ്യവര്‍ഗ്ഗങ്ങളും ലിബറല്‍ ബുദ്ധിജീവികളും ശ്രമിച്ചത്. അതോടൊപ്പം ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ഒബാമയുടെയും ചായ അടിക്കാരനെന്ന മോദിയുടെ ഭൂതകാല ത്തെയും പരാമര്‍ശിച്ച് ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ഒബാമ-മോദി ഡീല്‍ വലിയ നേട്ടങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നതെന്ന് പരിവാര്‍ ബുദ്ധിജീവികള്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും വലിയ അവകാശവാദങ്ങള്‍ നിരത്താനും മറന്നില്ല. കോണ്‍ഗ്രസ്സും പ്രാദേശികപാര്‍ട്ടികളുമടങ്ങുന്ന പാര്‍ലമെന്ററി പ്രതിപക്ഷമാകട്ടെ ഈ കൂട്ടിക്കൊടുപ്പിന്റെ രാഷ്ട്രീയ നേട്ടം മോദി ഒറ്റക്ക് അടിച്ചെടുക്കുന്നതില്‍ ഖിന്നരും അസൂയാലുക്കളുമാണ്. ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കു ജീര്‍ണ്ണിച്ച് കോര്‍പ്പറേറ്റ്‌ വല്‍ക്കരണ ത്തിന്റെയും നവഉദാരീകരണത്തിന്റെയും നടത്തിപ്പുകാരായി അധഃപതിച്ച സിപിഐ(എം) നേതൃത്വത്തിലുള്ള കപട ഇടതുപക്ഷമാകട്ടെ, മുമ്പേതന്നെ തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞു. വനത്തിലും ഇരുട്ടിലുമായി കഴിയുന്ന മാവോയിസ്റ്റ് അരാജക വാദികളാകട്ടെ രാഷ്ട്രീയമായി അപ്രസക്തരുമാണ്. അതീവ ഗുരുതരമായ ഈ സാഹചര്യത്തില്‍, ശരിയായ ആശയവ്യക്ത തയോടെ ദേശവ്യാപകമായ ഒരു വിപ്ലവരാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കുക മാത്രമാണ് ഏകപോംവഴി. നിലവിലുള്ള സാമ്രാജ്യത്വ-ഭരണവര്‍ഗ്ഗ-കോര്‍പ്പറേറ്റ് വികസന പരിപ്രേക്ഷ്യത്തി നെതിരെ ജനപക്ഷത്തുനില്‍ക്കുന്നതും സ്ഥായിയായതും പരിസ്ഥിതി സൗഹൃദപരവും അദ്ധ്വാനിക്കുന്ന വിശാല ബഹുജനങ്ങള്‍ക്കു നിയന്ത്രണമുള്ളതുമായ ഒരു ജനകീയ ജനാധിപത്യ ബദല്‍ ഉയര്‍ന്നു വരികയെന്നതാണ് ഇതിനുള്ള മുന്നുപാധി. പ്രത്യശാസ്ത്ര-രാഷ്ട്രീയ വ്യക്തതയുള്ള ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ സിപിഐ(എംഎല്‍) ദേശവ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചത്.

@സഖാവ് മാസിക. 2015 ഫെബ്രുവരി ലക്കം.