"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 3, ഞായറാഴ്‌ച

ആര്‍ഷഭാരത സംസ്‌കാരം - ശശിക്കുട്ടന്‍ വാകത്താനം


ദയാനന്ദ സരസ്വതി, വിവേകാനന്ദന്‍, ഡോക്ടര്‍ രാധാകൃഷ്ണന്‍ മുതല്‍ (ഭാരതീയ തത്വചിന്ത) സുകുമാര്‍ അഴീക്കോടുവരെ (തത്ത്വമസി) നടത്തിയ പ്രസ്താവനകള്‍ ഇന്ത്യന്‍ ആത്മീയതയെന്ന അഴുക്കുചാലിനെ മഹത്വവല്‍ക്കരിക്കുക യാണുചെയ്തത്. ഇതുവഴി ആര്‍ഷഭാരത സംസ്‌ക്കാരമെന്ന ചാതുര്‍വര്‍ണ്ണ്യം എഴുതാതെതന്നെ വിശിഷ്ഠമാക്കപ്പെട്ടു.

ആര്‍ഷഭാരത സംസ്‌കാരമെന്ന പ്രയോഗം ജനങ്ങളുടെ ബോധത്തില്‍ തെറ്റായ സന്ദേശം എത്തിക്കുന്നതാണ്. ആര്‍ഷഭാരതം ഋഷികളുടെ ഭാരതമാണ്. ആരാണ് ഋഷികള്‍. ഭാരതീയ വിശ്വാസപ്രകാരം വൈജ്ഞാനികരംഗത്തെ പ്രതിഭകളെയാണ് ഋഷികള്‍ എന്നു സംബോധനചെയ്തത്. ആസ്തികരും നാസ്തികരും ഇതില്‍പ്പെടും. ഭൗതികവാദികളായ ചാര്‍വാകന്മാരും വൈദ്യശാസ്ത്ര ശ്രേഷ്ഠ ന്മാരായ ചരകനും ശുശ്രുതനും ധന്വന്തരിയും ജ്യോതിശാസ്ത്ര പണ്ഡിതനായ വരരുചിയും വ്യാകരണ കര്‍ത്താവായ പാണിനിയും കാമസൂത്രകാരനായ വാത്സ്യായനനും ലോകായത ദര്‍ശനത്തിന്റെ (നിരീശ്വരത്വത്തിന്റെ) ബൃഹസ്പതിയും ഋഷിമാരാണ്. ഇവരാരും വൈദികമതത്തിന്റെയോ ഹിന്ദുത്വ ത്തിന്റെയോ വക്താക്കളായിരുന്നില്ല. ഇവരാരും പുരാണങ്ങളില്‍ പറയുന്ന ഋഷികുലത്തില്‍പ്പെട്ടവരെപ്പോലെ ഉള്ളവരും (വസിഷ്ഠന്‍, വിശ്വാമിത്രന്‍, പരാശരന്‍, ശുക്രന്‍) ആയിരുന്നില്ല. 

ആര്‍ഷഭാരത സംസ്‌കാരം എന്നു വിളിക്കുന്നത് വൈദിക സംസ്‌കാരത്തെയാണ്. വൈദികസംസ്‌ക്കാരം വേദകാലത്തിന്റെ അവസാനഘട്ടത്തില്‍ രൂപപ്പെട്ട സംസ്‌കാരമാണ്. വേദകാല സംസ്‌കാരം ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ ഘടനയാണ്. ഇതു മറച്ചുവയ്ക്കുകയും ഭാരതീയ വൈജ്ഞാനിക മണ്ഡലത്തെ ഒന്നാകെ ആത്മീയതയ്ക്കു കീഴില്‍ സ്ഥാപിച്ച് ചാര്‍വ്വാക- ബുദ്ധ- ജൈന മതങ്ങളെ സവര്‍ണ്ണഹിന്ദുമതത്തിന്റെ പുരോഗമനത്തിന്റെ ഭാഗമാക്കി മാറ്റുന്ന കാപട്യമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ സന്ദേശവാഹകരായി ത്തീരുന്നതില്‍ ഇവിടുത്തെ ചരിത്രകാരന്മാര്‍ക്കും പങ്കുണ്ട്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ ശൂദ്രന്‍ എന്നിങ്ങനെ മനുഷ്യ സമൂഹത്തെ നാലായി തിരിക്കുകയും ശൂദ്രനു താഴെവരുന്നവരെ മനുഷ്യനായിപ്പോലും പരിഗണിക്കാതിരിക്കുകയും ചെയ്യുന്നതാണ് ചാതുര്‍വര്‍ണ്ണ്യം. വര്‍ണ്ണവ്യവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിയമങ്ങളാണ് സ്മൃതികള്‍, സൂത്രം എന്നപേരില്‍ അറിയ പ്പെടുന്നത്. മനുസ്മൃതി, പരാശരസ്മൃതി, ശങ്കരസ്മൃതി, ഗൗതമ ധര്‍മ്മസൂത്രം തുടങ്ങിയവയാണ് ചാതുര്‍വര്‍ണ്യത്തിന്റെ നിയമ സംഹിതകള്‍. ഇതിലൂടെ ചാതുര്‍വര്‍ണ്ണ്യം ഒരു ഭരണവ്യ വസ്ഥയായി മാറുകയായിരുന്നു. 

ഇന്ത്യാക്കാര്‍ ചരിത്രബോധം ഇല്ലാത്തവരാണെന്ന് വരുത്തി ത്തീര്‍ത്തുകൊണ്ടാണ് ബ്രിട്ടീഷുകാരനായ ജയിംസ്മില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രം (History of British India) എഴുതുന്നത്. ഇന്ത്യയുടെ ചരിത്രം അറിയുക കോളനി ഭരണത്തിന് ആവശ്യമായി വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ചരിത്ര രചന പ്രസക്തമായിത്തീരുന്നത്. 1817ല്‍ മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ജയിംസ് മില്ലിന്റെ പുസ്തകം ആര്യന്മാരുടെ വരവുമുതല്‍ തുടങ്ങുന്നു. ഇന്ത്യയുടെ നാഗരിക ജീവിതം ബ്രിട്ടീഷുകാര്‍ വരുന്നതു വരെ നിശ്ചലമായിരുന്നു എന്നാണ് ജയിംസ്മില്‍ പറയുന്നത്. ഇന്ത്യാ ചരിത്രത്തെ ഹിന്ദുകാലഘട്ടം, മുസ്ലീം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെ വേര്‍തിരിച്ചു. ക്രിസ്തുവര്‍ഷാരംഭം മുതല്‍ 12-ാം ശതകംവരെ ഹിന്ദുഘട്ടം. തുടര്‍ന്നു 18-ാം നൂറ്റാണ്ടുവരെ മുസ്ലീം ഘട്ടം. അതിനു ശേഷം ബ്രിട്ടീഷ് ഘട്ടം. എന്നിങ്ങനെയാണ് കാലഗണന. ഇന്ത്യയിലെ മുസ്ലീങ്ങള്‍ വിദേശിയരും അനാര്യന്മാരും ആണെന്ന് വരുത്തി ത്തീര്‍ക്കാന്‍ ഇതുമൂലം കഴിഞ്ഞു. ആഗോളതലത്തില്‍ ക്രിസ്തു മതവും ഇസ്ലാം മതവും തമ്മിലുള്ള വൈരുദ്ധ്യത്തെ ഇന്ത്യയില്‍ ഹിന്ദു- മുസ്ലീം വൈരാഗ്യമായി പരിവര്‍ത്തിപ്പിക്കാനും ഇതുമൂലം കഴിഞ്ഞു.

ഇന്ത്യയുടെ മധ്യകാല ചരിത്രം എഴുതിയ എച്ച്. എം. എലിയറ്റ് 1849 ല്‍ പ്രസിദ്ധീകരിച്ച The History of India As told by the Own Historians എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; ബ്രിട്ടീഷ് ഭരണത്തിന്റെ വന്‍ പ്രയോജന ത്തെക്കുറിച്ച് ഇന്ത്യാക്കാരെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യാക്കാര്‍ തുടങ്ങിവച്ച വിമര്‍ശനം അവസാനിപ്പിക്കാനുമാണ് ഇന്ത്യാ ചരിത്രരചന നടത്തുന്നത്.''

ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമായ രീതിയില്‍ ചരിത്രരചന നടത്തി യവരെ പിന്‍പറ്റി സ്വാതന്ത്ര്യാനന്തര കാലത്ത് അക്കാദമിക് പഠനങ്ങളിലും ഈ രീതി അവലംബിച്ചിരിക്കുന്നതായി കാണാം. ആധുനിക ചരിത്ര ഗവേഷകരില്‍വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതിനെ നിരാകരിച്ചുകൊണ്ടും ആര്യദ്രാവിഡ വിവാദങ്ങളെ ചരിത്രപരമായി നോക്കിക്കണ്ടും പഠനം നടത്തിയിട്ടുള്ളത്.