"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 19, ചൊവ്വാഴ്ച

പി ഡി ലൂക്കോസ്അയ്യനവര്‍ ക്രിസ്തുമതം സ്വീകരിച്ചതു കൊണ്ടാകാം 1940 ലെ ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാനുവല്‍ ഒന്നാം വാല്യത്തില്‍ ജാതിയും വര്‍ഗവും എന്ന 12 ആം അധ്യായത്തില്‍ 831 ആം പേജില്‍ അയ്യനവരെക്കുറിച്ച് സ,ൂചിപ്പിക്കുന്നത്. 1931 ലെ സെന്‍സസില്‍ 500 ഹിന്ദു ജാതികളുണ്ടെന്നു പറയുന്നു. അതില്‍ 77 ജാതിക്കാ രുടെ പേരു സെന്‍സസില്‍ ചേര്‍ത്തിട്ടുണ്ട്. ബാക്കിയുള്ള 423 ജാതിയില്‍ പെട്ടവരുടെ എണ്ണം ഒരുമിച്ചു കൂട്ടിയാല്‍ 3831 പേരേയുള്ളൂ. 77 ജാതിക്കാരുടെ സംഖ്യ വളരെ കുറവാണ്. 22 ജാതികള്‍ അയിത്തത്തിനും 14 ജാതികള്‍ അഞ്ഞൂറിനും 7 ജാതികള്‍ ഇരുനൂറിനും പിന്നെ മൂന്നെണ്ണം നൂറിനും താഴെയാണ്. ചെറിയ ഗ്രൂപ്പുകള്‍ അവരുടെ പ്രത്യേകതകള്‍ നിലനിര്‍ത്തുന്നതിനു ശ്രമിക്കുന്നതായി കാണാം. ഒരു ജാതി, പ്രത്യേക ജാതിയായി അവശേഷിക്കാത്തതിന് ഉദാഹരണമായി കാണുന്നത് 'ഐയ്യനവരാ' ണ്. കാരണം ഇവരെല്ലാം രണ്ടു തലമുറകള്‍കൊണ്ടു ക്രിസ്ത്യാനി കളായിത്തീര്‍ന്നു. മറ്റുള്ള ജാതികള്‍ ക്രിസ്ത്യാനികളായി മാറിയെങ്കിലും അവരുടേതായ പ്രത്യേകതകളോടെ തുടര്‍ന്നു കൊണ്ടിരുന്നു. 875 ആം പേജില്‍ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ സമുദായങ്ങളുടെ ജനസംഖ്യ കാണിക്കുന്നിടത്തു ഐയ്യനവര്‍ 6414 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കു ജാതിയില്ലെന്ന ധാരണയാണ് ഇന്നുള്ളത്. 1931 ലെ ഹിന്ദുക്കളായ അയ്യനവരുടെ കണക്കു അവഗണിച്ചിരിക്കുന്നു. ക്രിസ്തുമത പരിവര്‍ത്തനം നടത്തിയിരുന്ന ആദികാലത്തു, ദിവാന്‍ കൃഷ്ണറാവുവിന്റെ പ്രഖ്യാപനം മറ്റൊന്നായിരുന്നു. മതം മാറിയാലും ജാതി മാറില്ലെന്നാണ് അന്നത്തെ ഗവണ്മെന്റ് നിശ്ചയിച്ചത്. അക്കാരണത്താല്‍ ആതാതു ജാതിപ്പേരുകളില്‍ ത്തന്നെ മതം മാറിയ ക്രിസ്ത്യാനികള്‍ അറിയപ്പെട്ടിരുന്നു. ഇന്നു അത്തരക്കാരെ ഒഴിവാക്കാനായി ക്രിസ്തുമതം സ്വീകരിച്ചവര്‍ക്കു ജാതിയില്ലെന്നു നിയമം കൊണ്ടു ഗവണ്മെന്റു വേര്‍തിരിക്കുന്നു. അപ്പോഴും അക്കൂട്ടര്‍ അതാതു ജാതി ക്രിസ്ത്യാനികളായിത്തന്നെ നിലനില്ക്കുന്നുവെന്ന സത്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്. ഇവരെ മുന്നോക്ക ക്രിസ്ത്യാനികളോടൊപ്പം അംഗീകരിക്കുന്നുമില്ല.

അയ്യനവരിലാകട്ടെ ഇപ്പോഴും ഹിന്ദുക്കളും ക്രിസ്ത്യാനിക ളുമുണ്ട്. ഇവര്‍ യാതൊരു ഭേദവുമില്ലാതെ സഹകാരികളായി ജീവിക്കുന്നു. മതവ്യത്യാസം ഒരു വേര്‍തിരിവും ഉണ്ടാക്കുന്നില്ല. ഒറ്റജാതി സംഘടനയായി ഇന്നും നിലനില്ക്കുന്നു.

ജോണ്‍ യേശുദാസന്റെ കാലശേഷം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു സമുദായത്തെ നയിച്ചത് പി ഡി ലൂക്കോസ് ആണ്. നെയ്യാറ്റിന്‍കര താലൂക്കില്‍ പുന്നക്കാട് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. ഡേവിഡും നേശമ്മയും അച്ഛനമ്മമാ രായിരുന്നു. ഐബിഎസ്എ സംഘത്തില്‍ ചേര്‍ന്നു വേദാധ്യ യനവും വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. കൃശഗാത്രനായ ഇദ്ദേഹം ഒടുവില്‍ കത്തോലിക്കാ സഭയുടെ പ്രചാരകനായി ത്തീര്‍ന്നു. അപ്പോഴും സമുദായ സേവനത്തിനു കുറവുണ്ടായില്ല. മതത്തിനുള്ളിലെ ജാതിയും വേര്‍തിരിവും ആ നല്ല മനുഷ്യനേയും വേദനിപ്പിച്ചു. ഹിന്ദു സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും അതേപടി ക്രിസ്തുമതത്തിലും നടമാടി. ജാതിപ്പള്ളികളും ഉയര്‍ന്നു തുടങ്ങി. അക്കാരണകൊണ്ടുതന്നെ അയ്യനവരേയും പ്രത്യേകം സംഘടിപ്പിക്കേണ്ടത് ആവശ്യമായി വന്നു. അശ്രാന്ത പരിശ്രമം കൊണ്ട് ഇവരുടെ ഐക്യം ദൃഢമാക്കി. ഊര്‍ജസ്വലതയുള്ള ഒരു സമൂഹമായി ശക്തിയാര്‍ജി ച്ചു മുന്നേറി. ഫാദര്‍ ഇല്‍ദ ഫോണ്‍സിന്റെ അന്തേവാസിയായി., ഉപദേശിമാരുടെ തലവനായി പല സ്ഥലങ്ങളിലും സഞ്ചരിച്ച് സഭാവികസനത്തിനായി പ്രവര്‍ത്തിച്ച കൂട്ടത്തില്‍ അയ്യനവര്‍ സമുദായോദ്ധാരണവും തുടര്‍ന്നുവന്നു. അങ്ങനെ വിവിധ കേന്ദ്രങ്ങളില്‍ പ്രാദേശിക സംഘങ്ങള്‍ക്കു രൂപം കൊടുത്ത് ജനങ്ങളെ ഉദ്ബുദ്ധരാക്കി. ആര്‍ഭാടപൂര്‍ണമായ ഘോഷയാത്രയും പൊതുയോഗങ്ങളും അന്നു സുലഭമായിരുന്നു. വെറും ഒരു സൈക്കിളിന്റെ സഹായവും, ഉപദേശി ജോലിയില്‍ നിന്നും ലഭിച്ച തുച്ഛവരുമാനവും കൈമുതലാക്കി ക്കൊണ്ടാണ് അദ്ദേഹം സമുദായത്തെ പോഷിപ്പിച്ചത്. യാത്രാക്ലേശം തെല്ലും കൂസാതെ യുള്ള സേവനം. നയചാതുരി യോടുകൂടിയ പെരുമാറ്റം. എല്ലാ വിഭാഗം ജനങ്ങളുടേയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായ ഒരു നേതാവ്.

ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ കാലത്തു സമ്പൂര്‍ണ മായ ഒരു മെമ്മോറാണ്ടം പി ഡി യും കൂട്ടരും ഗവണ്മെന്റിനു സമര്‍പ്പിച്ചു. സമുദായ സംഘടനയെ ജോയിന്റ് സ്‌റ്റോക്കു കമ്പനി ആക്ടിന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സമുദായ പ്രവര്‍ത്തകരെ ദിവാന്റെ മുമ്പില്‍ ഹാജരാക്കി തെളിവു നല്കി. 1949 ല്‍ 'സമസ്ത തിരുവിതാംകൂര്‍ ഐയ്യനവര്‍ മഹാജനസംഘം' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് സമുദായ സംഘടനയെ ഉറപ്പിച്ചു. ഒരു ബൈലയും ഉണ്ടായി. പിന്നീട് ആ ബൈലയനുസരിച്ചുള്ള ഭരണക്രമമാണ് തുടര്‍ന്നു വരുന്നത്.

അദ്ദേഹം മറ്റൊന്നുകൂടെ സമുദായത്തിനുവേണ്ടി ചെയ്തു. നെയ്യാറ്റിന്‍കര താലൂക്കിലുള്ള പെരുമ്പഴത്തൂര്‍ എന്ന സ്ഥലത്തു സ്വന്തം ഭൂമി നല്കി ഗവണ്മെന്റിന്റെ സഹായത്തോടെ ഒരു ഗ്രന്ഥശാല സ്ഥാപിച്ചു. അതുമാത്രമാണ് അയ്യനവരുടെ ഒരേയൊരു പൊതുസ്ഥാപനം. ഇന്ന് അത് ലൈബ്രറിയായും സംഘം ഹെഡ് ആഫീസായും പ്രവര്‍ത്തിച്ചു വരുന്നു. മറ്റൊന്നും തന്നെ ഇന്നുവരെ ഈ സമുദായത്തിന്റേതായി പടുത്തുയര്‍ത്തുവാന്‍ പിന്‍ഗാമി കള്‍ക്കു കഴിയാതെ പോയി. സാമ്പത്തികമായി ഇത്രമാത്രം പിന്നോക്കം നില്ക്കുന്നവരാണ് ഇക്കൂട്ടര്‍. പി ഡി ലൂക്കോസ് പ്രസിഡന്റായി ഭരണനേതൃത്വം വഹിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്നത് കരക്കാട് ഈനോസായിരുന്നു. പി ഡി യുടെ ജീവിതകാലം 26-8-1987 മുതല്‍ 20-4-1955 വരെയാണ്.

ജോണ്‍ യേശുദാസന്‍ 1930 ജൂണ്‍ 17 നു കാലയവനികക്കുള്ളില്‍ അന്തര്‍ധാനം ചെയ്തപ്പോള്‍, അദ്ദേഹം ഊട്ടിവളര്‍ത്തിയ സമുദായ സംഘടനയെ കാത്തു സൂക്ഷിക്കേണ്ട ഭാരം സ്വാഭാവികമായും പി ഡി യുടെ ചുമലില്‍ അര്‍പ്പിതമായി. ജീവിതാന്ത്യം വരെ അചഞ്ചലമായി നടത്തിയ ആ കൃത്യനിര്‍വഹണം - സ്തുത്യര്‍ഹ മായ സമുദായ സേവനം - പിന്‍ഗാമികള്‍ക്കു മാര്‍ഗദീപം തന്നെയായിരുന്നു. ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ച ഒരു വടവൃക്ഷം പോലെ ഈ സമുദായത്തെ നിലനിര്‍ത്തിയ ആ സമുദായപ്രേമിയായ പി ഡി യെ അയ്യനവര്‍ക്കു മറക്കാന്‍ കഴിയുകയില്ല.
----------------------------------
കടപ്പാട്: എം എല്‍ ചോലയില്‍ എഴുതി 1984 ല്‍ എം ലോപസ് പ്രസിദ്ധീകരിച്ച 'അയ്യനവര്‍' ന്നെ പുസ്തകം.