"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 11, തിങ്കളാഴ്‌ച

പെരുമ്പളം മാധവന്‍


വേമ്പനാട്ട് കായലിലെ പെരുമ്പളം ദ്വീപില്‍ 1934 ലാണ് മാധവന്‍ ജനിച്ചത്. ഈ തുരുത്ത് ആലപ്പുഴ എറണാകുളം കോട്ടയം ജില്ലാ അതിര്‍ത്തിയില്‍, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്നു. വൈക്കം സത്യാഗ്രത്തില്‍ പങ്കെടുത്ത ഏക ദലിതനായ ആമചാടി തേവന്‍ ജനിച്ചത് ഈ ദ്വീപിലാണ്.

മാധവന്റെ അച്ഛന്‍: പെരുമ്പളത്ത് കൈതവളപ്പില്‍ കണ്ണന്‍. അമ്മ: കൊച്ചുപെണ്ണ്.

കാഞ്ഞിരമറ്റം സെ. ഇംഗ്നേഷ്യസ് ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായ ശേഷം മാധവന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ ഡോക്ക് ലേബര്‍ ബോര്‍ഡില്‍ ക്ലാര്‍ക്കായി സേവനം ആരംഭിച്ചു. ജോലി ലഭിച്ചതിന് ശേഷം എറണാകുളം ജില്ലയുടെ ഭാഗത്ത് പൂത്തോട്ടയില്‍ വന്ന് മാധവന്റെ കുടുംബം സ്ഥിരതാ മസമാക്കി. 1992 ല്‍ വെല്‍ഫെയര്‍ ഓഫീസറായി സര്‍വീസില്‍ നിന്നും പിരിഞ്ഞു.

ദലിത് സാഹിത്യം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് ഒരു സംഘത്തിലും പെടാതെ ഒറ്റക്ക് നിന്ന് സാഹിത്യ പ്രവര്‍ത്തനം നടത്തിയ സര്‍ഗധനനാണ് മാധവന്‍. ചെളി, അവര്‍ണായനം, പരമ്പര, അഴിമുഖം, അറബിക്കടലിന്റെ റാണി, പരാജിതര്‍ എന്നീ നോവലുകളും മുഴക്കം എന്ന കവിതാസമാഹാരവും മാധവന്റേതായി സാഹിത്യ ലോകത്തിന് ലഭ്യമായിട്ടുണ്ട്. കൃതികളുടെ പേരുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്, അവയൊക്കെയും ദലിതരെ സാമൂഹ്യ ചരിത്രത്തില്‍ നിര്‍ണയി ച്ചതിനുള്ള ലിഖിത രേഖകള്‍ കൂടിയാണ് അവകള്‍ എന്ന വസ്തുതയാണ്. എന്നിട്ടും കവിയൂര്‍ മുരളി 'ദലിത് സാഹിത്യം' എന്ന കൃതിയിലോ, മറ്റുള്ളവര്‍ തയാറാക്കിയിട്ടുള്ള ഗവേഷണ പ്രബന്ധങ്ങളിലോ പെരുമ്പളം മാധവനെ കുറിച്ച് പരാമര്‍ശ ങ്ങളൊന്നും നല്കാത്തിനു കാരണം കേട്ടുകേള്‍വി പോലും ഇല്ലാത്തു കൊണ്ടാകുമോ? 

റിട്ടയര്‍ ചെയ്തശേഷം 1994 ലാണ് 'പരാജിതര്‍' എഴുതുന്നത്. മീന്‍ തപ്പിപ്പിടിക്കുന്ന പുലയ വനിതകളെക്കുറിച്ചുള്ളതാണ് ഈ കൃതി. യാതൊരു തൊഴിലുപകരണവും കൂടാതെ, വെറുംകൈക്ക് മാരകമായി പരിക്കേല്പിക്കുന്ന മീനുകളെ പോലും പിടിക്കുന്ന ഈ ജനവിഭാഗത്തിന്റെ ശേഷികളെക്കുറിച്ചും ഇന്നുവരെയും പഠന ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. അതേക്കുറിച്ച് അല്പമെ ങ്കിലും അറിവുനല്കുന്ന ഏകകൃതി പെരുമ്പളം മാധവന്റെ 'പരാജിതര്‍' ആണ് എന്ന കാര്യത്തില്‍ സംശയമില്ല. അംബേ ഡ്കര്‍ ഭവന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 

പുസ്തകത്തിന്റെ ആമുഖത്തില്‍ പെരുമ്പളം മാധവന്‍ ഇങ്ങനെ കുറിച്ചു: 'പ്രായമേറി ചാകാറായ കന്നുകാലികളെ വല്ലവരും ഭക്ഷണാവശ്യത്തിനായി കൊന്നാല്‍ രാജ്യത്താകമാനം പ്രതിഷേ ധവും യുദ്ധകാഹളവും മുഴക്കുന്നു. എന്നാല്‍ ദരിദ്രരായ ദലിതരേയും താണജാതികളേയും അകാരണമായി ഉന്നതജാതിക്കാര്‍ തല്ലിക്കൊന്നാല്‍ പ്രതിഷേധിക്കാന്‍കൂടി ഇവിടെ ആളില്ലാതായി രിക്കുന്നു. അതാണ് ഇന്ത്യ. എല്ലാം പുഴുക്കളായിരിക്കാം!

സമ്പന്നവര്‍ഗത്തിന്റെ പ്രതികാരത്തിനിരയായും ദാരിദ്ര്യം കൊണ്ടും ചൂഷണംകൊണ്ടും ചത്തൊടുങ്ങുന്ന ദലിതരുടെ ഭൂമിയില്‍ ഇളനീരിനു പകരം ഞാനീ ഗ്രന്ഥം സമര്‍പ്പിക്കട്ടെ.'

തിരുവല്ല കല്ലൂപ്പാറ വി കെ ഗോവിന്ദന്റെ മകള്‍ ജാനകി ടീച്ചറാണ് മാധവന്റെ ജീവിതപങ്കാളി. മക്കള്‍: മാലതി, മിനി, ജയമാധുരി.

പെരുമ്പളം മാധവന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ചു.