"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

വാഷിംങ്ടണ്‍ ഭീകരതാവിരുദ്ധ സമ്മേളനം2015 ഫെബ്രുവരി 18-19 തീയതികളിലായി ഒബാമ ഭരണകൂടം വൈറ്റ്ഹൗസില്‍ വിളിച്ചുകൂട്ടിയ ആക്രമോത്സുകതീവ്രവാദ (violent extremism) ത്തിനെതിരായ സമ്മേളനത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. വര്‍ത്തമാന ലോകത്തില്‍, ആഗോളഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുഖ്യസ്‌പോണ്‍സറും ഗുണഭോക്താവു മായിട്ടുള്ള അമേരിക്കന്‍ സാമ്രാജ്യത്വം ആഗോള ഭീകരതാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നേതൃത്വം ഉറപ്പിക്കുന്നതിനുവേണ്ടി വിളിച്ചുകൂട്ടിയതായിരുന്നു ഈ സമ്മേളനം.

രണ്ടാം ലോകയുദ്ധാനന്തരമുള്ള പുത്തന്‍ കൊളോണിയല്‍ ഘട്ടത്തില്‍ ഒരു മൂന്നാം ലോകയുദ്ധം ഉണ്ടായില്ലെങ്കിലും രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടതേക്കാള്‍ കൂടുതലാളുകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അമേരിക്ക കക്ഷിയാ യിട്ടുള്ള കടന്നാക്രമണങ്ങളുടെയും പ്രാദേശിക യുദ്ധങ്ങളുടെയും ഫലമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 1975ല്‍ അവസാനിച്ച വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക കെട്ടഴിച്ചുവിട്ട ഭീകരപ്രവര്‍ത്തനങ്ങളുടെയും കടന്നാക്രമണ ങ്ങളുടെയും ഫലമായി ദശലക്ഷക്കണക്കിനുപേര്‍ കൊല്ലപ്പെട്ടു. 1980കളുടെ അവസാനം സോവിയറ്റ് യൂണിയന്‍ ശിഥിലമായി തകരുന്നതിനും ശീതയുദ്ധം അവസാനിക്കുന്നതിനും അടിയന്തര കാരണമായി ചൂണ്ടിക്കാട്ടാറുള്ളത് 1980കളില്‍ അഫ്ഗാനിസ്ഥാനില്‍ മുജാഹിദീനുകള്‍ക്ക് ആയുധവും പണവും നല്‍കി അമേരിക്ക നടപ്പാക്കിയ ഭീകരപ്രവര്‍ത്തനമാണ്. കുറഞ്ഞ പക്ഷം 50,000 കോടി ഡോളര്‍ (3 ലക്ഷം കോടി രൂപക്കു തുല്യം) ഇക്കാര്യ ത്തിനായി 1980കളില്‍ മാത്രം അമേരിക്ക ചെലവഴിച്ചു. എന്നാല്‍ ശീതയുദ്ധം അവസാനിച്ചതിനുശേഷം 1990കള്‍ മുതലുള്ള നവഉദാരീകരണ-ശീതയുദ്ധാനന്തര കാലത്ത് എല്ലാത്തരം ഭീകരവാദത്തെയും സ്വന്തം സാമ്രാജ്യതാല്പര്യത്തിനായി അമേരിക്ക ഉപയോഗപ്പെടുത്തി. കമ്മ്യൂണിസത്തിനെതിരായ ആഗോളയുദ്ധത്തില്‍ ഫലപ്രദമായ പ്രത്യശാസ്ത്ര രാഷ്ട്രീയ ഉപകരണമായി ഇസ്ലാമിക ഭീകരവാദത്തെ അമേരിക്ക പോഷിപ്പിച്ചതിന്റെ ഉപോല്പന്നങ്ങളാണ് താലിബാനും അല്‍കൈ്വദയും ബോക്കോഹറാമും ഐഎസുമെല്ലാമെന്ന് ഇന്ന് പകല്‍പോലെ വ്യക്തമാണ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ എണ്ണതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പിന്തിരിപ്പന്‍ മതമൗലികവാദ സൗദിഭരണത്തെയും സയണിസ്റ്റ് ഇസ്രായേലിനെയും വിദഗ്ധമായി ഉപയോഗപ്പെടുത്തിയും എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ഉപയോഗപ്പെടുത്തി പശ്ചിമേഷ്യന്‍ രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥാപനങ്ങളെയും നിയമവാഴ്ചയെയും അമേരിക്ക ശിഥിലീകരിച്ചു താറുമാറാക്കി. അടുത്ത കാലത്ത് സിറിയയില്‍ രണ്ടു ലക്ഷം പേരുടെ കൂട്ടക്കൊലയിലേക്കു നയിച്ച സംഭവ വികാസങ്ങളില്‍ നിന്നും അമേരിക്കയ്ക്ക് കൈ കഴുകാനാവില്ല. ഇപ്പോള്‍ ഐഎസ് എന്ന ഭീകരവാദപ്രസ്ഥാനം നടത്തിക്കൊ ണ്ടിരിക്കുന്ന കൂട്ടക്കൊലകളുടെ ചരിത്രസാഹചര്യം പരിശോധി ച്ചാലും ഇതുതന്നെയാണ് വ്യക്തമാകുക.

ഈ സാഹചര്യത്തില്‍ ആഗോള ഭീകരതാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും അവയുടെ നേതൃത്വത്തില്‍ സ്വയം വീണ്ടും പ്രതിഷ്ഠിക്കാനും ഐക്യരാഷ്ട്രസഭ പോലുള്ള സാര്‍വദേശീയ രാഷ്ട്രീയ സംവിധാനങ്ങളെ ഈ പ്രക്രിയയില്‍ വെറും നോക്കു കുത്തിയാക്കാനുമുള്ള ഒബാമ ഭരണനീക്കം അപലപനീയമാണ്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറപിടിച്ച് അന്നുമുതല്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ഇറാഖ് ഭരണാധികാരി സദ്ദാം ഹൂസൈന്‍ അടക്കമുള്ളവരെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് കൊലപ്പെടുത്തി യതടക്കം അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുദിനം ശക്തിപ്പെടു ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭ അമേരിക്കന്‍ റബര്‍സ്റ്റാമ്പ് ആണെന്ന യാഥാര്‍ത്ഥ്യം അംഗീകരി ക്കുമ്പോള്‍തന്നെ, അതിന്റെ ലേബലിലായിരുന്നു ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെങ്കില്‍ ഭാഗികമായെങ്കിലും കിട്ടുമായിരുന്ന സ്വീകാര്യത, അമേരിക്കന്‍ ചെരുപ്പുനക്കികളായ ഇന്ത്യയിലെയും മറ്റും ഭരണനേതൃത്വങ്ങളെ ജൂണിയര്‍ പങ്കാളികളാക്കി നടത്തുന്ന ഏകപക്ഷീയമായ നീക്കങ്ങളിലൂടെ നഷ്ടപ്പെട്ടിരിക്കുന്നു. അടുത്തകാലം വരെ അമേരിക്കന്‍ ഭീകരവാദ പട്ടികയില്‍ പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന അല്‍കൈ്വദയുടെ സ്ഥാപകന്മാരില്‍ പലരും അമേരിക്കന്‍ ഭരണകൂടവും സിഐഎ പോലുള്ള അതിന്റെ ചാരസംഘടനകളും പരിശീലിപ്പിച്ച വരാണെന്ന വസ്തുത രാഷ്ട്രീയ നിരീക്ഷകര്‍ക്കെല്ലാമറിയാം. എന്തിനധികം, ഇന്നു ലോകത്തെ ഏറ്റവും ഭീകരമായ സംഘടനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഎസിന്റെ നേതാക്കന്മാര്‍ക്ക് 2012ല്‍ ജോര്‍ദ്ദാനിലെ ഒരു രഹസ്യ ക്യാമ്പില്‍വെച്ച് സിഐഎയും അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സസ് കമാന്റും പരിശീലനം നല്‍കിയിരുന്നുവെന്ന വാര്‍ത്ത ഈയിടെ പുറത്തുവരികയുണ്ടായി. ഇന്നിപ്പോള്‍ അറിവായി രിക്കുന്നത്അമേ രിക്കന്‍-നാറ്റോ പിന്തുണയുള്ള സിറിയന്‍ കലാപകാരികള്‍ സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന്റെ ഭാഗമായി നടത്തിയ നൃശംസമായ മനുഷ്യക്കുരുതികളില്‍നിന്നും പരിശീലനം സിദ്ധിച്ചവരാണ് ഐഎസ് ഭീകരരെന്നാണ്. അതായത്, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ, സിറിയ, ഉക്രൈന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോള്‍ വേരൂന്നിയിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങളെ വളര്‍ത്തി പോഷിപ്പിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഇസ്ലാമിക ലോകം എന്നു വിവക്ഷിക്കപ്പെടുന്ന പ്രദേശങ്ങളുടെ അതിര്‍ത്തികളെ മറികടന്ന് ഇതര ഭൗമമേഖലകളിലേക്കും അമേരിക്കന്‍ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ആഗോളഭീകരവാദം വ്യാപിക്കുന്ന അത്യന്തം ഗുരുതരമായ സന്ദര്‍ഭമാണിത്.

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുകയും സാമ്രാജ്യത്വശക്തിയായ നവാഗത ചൈനയുമായി കടുത്തമത്സര ത്തിലേര്‍പ്പെടാന്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് മൂലധനം നിര്‍ബ ന്ധിതമാകുകയും ചെയ്യുമ്പോള്‍ ഈ പ്രക്രിയ ഭീകരവാദ ശക്തികളെ ഓരോ പ്രദേശത്തിന്റെ സമൂര്‍ത്ത സാഹചര്യത്തിന് അനുസൃതമായി വളര്‍ത്തി പ്രോത്സാഹിപ്പിക്കേണ്ടത് അമേരി ക്കയുടെ സാമ്രാജ്യത്വ ദൗത്യമായി മാറുന്നു. ലിബിയയില്‍ 21 ക്രിസ്തീയ വിശ്വാസികളെഐഎസ് കഴുത്തറുത്തതിലൂടെ മധ്യകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന മതയുദ്ധത്തിലേക്ക് മാനവരാശിയെ തള്ളിവിടാനാണ് പിന്തിരിപ്പന്‍ശക്തികളും മൂലധനകേന്ദ്രങ്ങളും ശ്രമിക്കുന്നത്. ഇതിന് അറുതി വരുത്താനല്ല, ഇവയില്‍ നിന്നെല്ലാം മുതലെടുത്തുകൊണ്ട് വിതക്കുന്നവന്‍ തന്നെ കൊയ്യുന്നു എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുമാറ് സ്വന്തം സാമ്രാജ്യത്വതാല്പര്യങ്ങള്‍ സംരക്ഷിച്ച് വളര്‍ത്താനാണ് അമേരിക്ക ഇക്കഴിഞ്ഞ ദിവസം തന്റെ ശിങ്കിടികളെ കൂട്ടി ഭീകരതാ വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചത്.

@സഖാവ് മാസിക. 2015 mമാര്‍ച്ച്‌ ലക്കം.