"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 1, വെള്ളിയാഴ്‌ച

മഹാനായ അയ്യന്‍കാളി: പണിമുടക്കു സമരം I - ദലിത്ബന്ധു എന്‍ കെ ജോസ്


പിന്നീടാണ് ചരിത്രപ്രസിദ്ധമായ കാര്‍ഷികപണിമുടക്ക് നടന്നത്. അതേപ്പറ്റി ഇന്നും വളരെയധികം തെറ്റിദ്ധാരണയുണ്ട്. ഈ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ തിരുവനന്തപുരം റേഡിയോ നിലയം പോലും പ്രസ്തുത പണിമുടക്കിന്റെ ലക്ഷ്യത്തെപ്പറ്റി തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്. കെ.പി.എം.എസ്സിനെപ്പോലെയുള്ള പുലയരുടെ ശക്തമായ സംഘടനകള്‍പോലും അതിന്റെ കാലം തെറ്റി ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് കാര്‍ഷിക പണിമുടക്ക്? എന്നാണ് അതു നടന്നത്? എന്നതെല്ലാം കൂടുതല്‍ അന്വേഷണ വിധേയമാക്കേണ്ടതാണ്. കാര്‍ഷിക പണികളാണ് നിര്‍ത്തി വയ്ക്കപ്പെട്ടത്. അതുകൊണ്ടാണ് അത് കാര്‍ഷിക പണിമുടക്കായത്. പക്ഷെ പണി നിര്‍ത്തിയത് കാര്‍ഷികരംഗത്തെ ഏതെങ്കിലുമൊരു കാര്യം നേടിയെടുക്കുവാനല്ല. മറിച്ച് വിദ്യാഭ്യാസാവകാശങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. വിദ്യാലയം സ്ഥാപിക്കുകയല്ല, പുലയക്കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കുവാനുള്ള അവകാശം നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. ആ രംഗത്ത് മുടക്കാന്‍ അവര്‍ക്ക് പണിയൊന്നുമില്ലാ യിരുന്നു. ആകെക്കൂടി പുലയന് അന്നുണ്ടായിരുന്ന പണി നെല്‍പ്പാടങ്ങളിലെയും കൃഷിയിടങ്ങളിലെയും വേലയാണ്. അതിനാല്‍ അതു മുടക്കി. അങ്ങിനെയാണ് കാര്‍ഷിക പണിമുടക്കായത്. അല്ലെങ്കില്‍ വിദ്യാഭ്യാസബന്ദാവുമായിരുന്നു. 

കാര്‍ഷിക പണിമുടക്കെന്ന പേര് അതിനെ ഇനിയും തെറ്റിദ്ധരിക്കാന്‍ കാരണമാകും. അതുകൊണ്ടാണ് ഈ അധ്യായത്തിന് പണിമുടക്കെന്നു മാത്രം പേരുകൊടുത്തത്. സര്‍ക്കാരിന്റെ അനുവാദം ലഭിച്ചിട്ടും പുലയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതി തിരുവിതാംകൂര്‍ ഒട്ടാകെ നിലവില്‍ വന്നു. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് നടപ്പാക്കാതിരിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചത്. അത് ഒളിക്കുകയാണ് ചെയ്തത്. ദിവാന്‍ ഒരു ബ്രാഹ്മണനാണെങ്കിലും കടുത്ത നായര്‍ വിരോധിയായിരുന്നു. സ്വദേശാഭിമാനി കെ. രാകൃഷ്ണപിള്ളയെപ്പോലുള്ള നായന്മാരെല്ലാവരും ദിവാനെതിരായിരുന്നു. വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ഡോ. മിച്ചല്‍ അയിത്തത്തെപ്പറ്റി അജ്ഞനായിരുന്നു. അതിന്റെയെല്ലാം ഫലമായിട്ടാണ് ഓര്‍ഡിനന്‍സ് തന്നെ ഉണ്ടായത്. 1907 ഒക്‌ടോബര്‍ 24-ാം തീയതിയാണ് പി.രാജഗോപാലാചാരി ദിവാനായി ചാര്‍ജ്ജെടുത്തത്. അദ്ദേഹത്തിന്റെ ആദ്യത്തെ ഭരണപരിഷ്‌ക്കാരം ഇതാകാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ പക്കല്‍ പലപ്രാവശ്യം അപേക്ഷകള്‍ കൊടുത്തതിന്റെ ഫലമായി അയിത്തജാതി കുട്ടികള്‍ക്ക് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവുമുണ്ടായി. അതു പ്രാദേശിക ഉദ്യോഗസ്ഥന്മാര്‍ മറച്ചുവച്ചു നടപ്പാക്കാതിരുന്നതിനു ശേഷം വീണ്ടും അപേക്ഷയും മെമ്മോറാണ്ടവും കൊടുത്ത് രണ്ടാമതും ഉത്തരവു പുറപ്പെടുവിച്ചപ്പോഴാണ് അതില്‍ പ്രതിഷേധിച്ചുകൊണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഡിറ്റോറിയല്‍ എഴുതിയത്. അത് 1910 മാര്‍ച്ച് 2-ാം തീയതിയാണ്. അതിനുശേഷമായിരിക്കണം പണിമുടക്കുസമരം അയ്യന്‍കാളി പ്രഖ്യാപിച്ചത്.

അതിനുമുമ്പ് അയിത്തക്കാര്‍ എണ്ണത്തില്‍ കൂടുതലുള്ളതും ശാരീരികമായി ഏറ്റുമുട്ടുന്നതിന് കഴിവുള്ളതുമായ ചില മേഖലകളില്‍ മാത്രം ബലമായി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷെ അങ്ങനെയുള്ള സ്‌കൂളില്‍ പഠനം നടക്കാതെവന്നു. ഒന്നുകില്‍ അദ്ധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകാതെ യായി. അല്ലെങ്കില്‍ മറ്റുവിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ചു. ചില സ്‌കൂളുകള്‍ അഗ്നിക്കിരയാക്കു കയും ചെയ്തു. ഊരൂട്ടമ്പലം സ്‌കൂളില്‍ പഞ്ചമി എന്ന വിദ്യാര്‍ത്ഥിനിയെ അയ്യന്‍കാളിതന്നെ ചേര്‍ക്കാന്‍ കൊണ്ടുചെന്നു. അന്ന് പ്രജാസഭമെമ്പറായിരുന്ന അയ്യന്‍കാളിയും ആ കുട്ടിയും സ്‌കൂളിന്റെ വരാന്തയില്‍ പ്രവേശിപ്പിച്ചതിനാല്‍ സ്‌കൂള്‍ അയിത്തമായി. അയ്യന്‍കാളി പ്രവേശിച്ചിട്ടും അസംബ്ലി മന്ദിരം അയിത്തമായില്ല. അന്ന് അസംബ്ലി കൂടിക്കൊണ്ടിരുന്നത് വി.ജെ.ടി ഹാളിലായിരുന്നു. അന്നു രാത്രി ആ സ്‌കൂള്‍ തീവച്ചു നശിപ്പിക്കപ്പെട്ടു. അത് 1912 നുശേഷം നടന്ന സംഭവമാണ്. 1911 ഡിസംബറിലാണ് അയ്യന്‍കാളി നിയമസഭാ മെമ്പറാകുന്നത്. അതെത്തുടര്‍ന്നാണ് തൊണ്ണൂറാമാണ്ടു ലഹള അല്ലെങ്കില്‍ ഊരുട്ടമ്പലം ലഹള നടന്നത്. മലയാള വര്‍ഷം 1090 ലാണ് ആ സംഭവം നടന്നത്. അതുകൊണ്ടാണ് അതിനെ തൊണ്ണൂറാമാണ്ട് ലഹള എന്നു പറയുന്നത്. അത് ഇംഗ്ലീഷ് വര്‍ഷം 1915 ആണ്. അതു കഴിഞ്ഞിട്ടാണ് കാര്‍ഷിക പണിമുടക്ക് നടന്നത്. കാര്‍ഷിക പണിമുടക്ക് അവസാനിച്ചത് അയിത്തജാതി കുട്ടികളുടെ സ്‌കൂള്‍പ്രവേശനം അംഗീകരിച്ചുകൊണ്ടാണ്. ആ ഒത്തുതീര്‍പ്പിനു ശേഷവും പിന്നെ ഒരു ഊരൂട്ടമ്പലം ലഹളയുടെ ആവശ്യമില്ലല്ലോ. അതിനാല്‍ കാര്‍ഷികപണിമുടക്ക് നടന്നത് 1914-15 വര്‍ഷത്തിലാണെ ന്നൂഹിക്കാം.

അങ്ങനെയുള്ള പശ്ചാത്തലത്തില്‍ ഇനിയും സ്വീകരിക്കേണ്ട നടപടി എന്താണെന്ന് അയ്യന്‍കാളി തലപുകഞ്ഞാലോചിച്ചു. സ്‌കൂളുകള്‍ സര്‍ക്കാരിന്‍േറതാണ്. സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അനുവദിച്ചു. വീണ്ടും സര്‍ക്കാരില്‍ നിവേദനം നടത്തുന്നതില്‍ അര്‍ത്ഥമില്ല. വളരെ നിര്‍ബന്ധിച്ചാല്‍ ഒരു സര്‍ക്കുലര്‍കൂടി സര്‍ക്കാര്‍അയച്ചെന്നിരിക്കും. അതും സവര്‍ണ്ണ ഉദ്യോഗസ്ഥര്‍ ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കും. ഉദ്യേഗസ്ഥന്മാരും അദ്ധ്യാപ കരും സവര്‍ണ്ണരായ നാട്ടുകാരും പുലയക്കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുത് എന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഒരു ദിവാനോ വിദ്യാഭ്യാസ ഡയറക്ടറോ വിചാരിച്ചാല്‍ കാര്യമായി ഒന്നും നടക്കുകയില്ല. പുലയക്കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി ഒരിക്കല്‍ വിദ്യാഭ്യാഭ്യാസ ഡയറക്ടര്‍ മിച്ചല്‍ തന്നെ സ്ഥലത്ത് എത്തിയപ്പോള്‍ അദ്ദേഹം സ്‌കൂള്‍ കെട്ടിടത്തിനുള്ളിലാ യിരുന്നപ്പോള്‍ പുറത്തുകിടന്ന അദ്ദേഹം വന്ന വാഹനം സവര്‍ണ്ണര്‍ തീവച്ചു.

ആ പരിതസ്ഥിതിയിലാണ് അയ്യന്‍കാളിയിലെ ധിഷണാശക്തിയും നേതൃത്വവും സടകുടഞ്ഞ് എഴുന്നേറ്റത്. സര്‍ക്കാരിന്റെ ഓര്‍ഡര്‍ നടപ്പാക്കാന്‍ ജീവനക്കാര്‍ തയ്യാറല്ലെങ്കില്‍ അവരെക്കൊണ്ട് അത് നടപ്പിലാക്കാന്‍ വേറെ മാര്‍ഗ്ഗം അന്വേഷിക്കണം. അദ്ദേഹം വേറെ മാര്‍ഗ്ഗം അന്വേഷിച്ചു. അന്നുവരെ ഭാരതം കണ്ടിട്ടില്ലാത്ത മാര്‍ഗ്ഗം. അത് അദ്ദേഹം സ്വീകരിച്ചു. സാധുജനങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പി ക്കാന്‍ സവര്‍ണ്ണര്‍ അനുവദിക്കാ ത്തതിന്റെ ഒരു പ്രധാനകാരണമായി അവര്‍ പറയുന്നത് പുലയര്‍ പള്ളിക്കൂടത്തില്‍ പ്പോയാല്‍ പിന്നെ പാടത്തെപണി ആരു ചെയ്യും? പാടത്ത് പുലയരില്ലെ ങ്കില്‍ നെല്‍കൃഷി നശിക്കും. സവര്‍ണ്ണര്‍ പട്ടിണിയാകും. അറുപതു വര്‍ഷം മുമ്പ് അടിമത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മിഷനറിമാര്‍ സര്‍ക്കാരിലേയ്ക്ക് മെമ്മോറാണ്ടം കൊടുത്തപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞതും അതാണ്. അടിമകള്‍ ഇല്ലാതായാല്‍ പിന്നെ വയലിലെ പണി ആരു ചെയ്യും? നെല്ല് ഉണ്ടാകുകയില്ല. സവര്‍ണ്ണര്‍ പട്ടിണിയാകും, രാജ്യം നശിക്കും. അതുതന്നെയാണ് ഇപ്പോഴും സ്ഥിതി.

അന്ന് അടിമത്തം അവസാനിപ്പിച്ചെങ്കിലും അവരെ അടിയാള രാക്കി മാറ്റി, അടിമയെക്കൊണ്ടെന്നപോലെ പണിയെടുപ്പിക്കാന്‍ കഴിഞ്ഞു. ഇന്ന് അതല്ല സ്ഥിതി. അവര്‍ക്കു വിദ്യാഭ്യാസം ലഭിച്ചാല്‍ പിന്നെ അവര്‍ അടിയാളരാകുകയില്ല. സര്‍ക്കാര്‍ ഉദ്യോഗം അന്വേഷിക്കും. ക്രൈസ്തവ മിഷനറിമാര്‍ സ്ഥാപിച്ചു നടത്തിവരുന്ന പള്ളിക്കൂടങ്ങളില്‍ പഠിക്കുന്നത് അധികവും പുലയക്കുട്ടികളും പറയക്കുട്ടികളുമാണ്. അവരാരും പള്ളിക്കൂടം വിട്ടുകഴിഞ്ഞു പിന്നെ പാടത്തേയ്ക്ക് എത്തിനോക്കിയിട്ടില്ല. അവരില്‍ പലരേയും മിഷനറിമാര്‍ സിലോണിലേയ്ക്ക് ജോലിക്കയച്ചു. മറ്റുചിലര്‍ക്ക് മിഷനറിമാര്‍തന്നെ അധ്യാപക രായും ഉപദേശികളായും ജോലികൊടുത്തു. ചിലര്‍ക്ക് സര്‍ക്കാര്‍ ജോലിതന്നെ തരപ്പെട്ടു. പുലയര്‍ പഠിക്കുന്നതിനാല്‍ ആ സ്‌കൂളിനെപുലപ്പള്ളിക്കൂടം എന്നാണ് പറയുന്നതുതന്നെ. പുലയര്‍ പഠിക്കുന്നതുകൊണ്ട് ആ സ്‌കൂളിലേയ്ക്ക് സവര്‍ണ്ണക്കുട്ടികള്‍ പോകാറില്ല. ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളും പുലപ്പള്ളിക്കൂട ങ്ങളാക്കണമെന്നാണ് അവര്‍ നിര്‍ബന്ധിക്കുന്നത് എന്നെല്ലാമാണ് സവര്‍ണ്ണരുടെ വാദഗതി.

അതിനുള്ള മറുപടി അയ്യന്‍കാളി കണ്ടെത്തി. പുലയക്കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ത്തില്ലെങ്കിലും സവര്‍ണ്ണരെ പട്ടിണിക്കിടാമോ എന്ന് അയ്യന്‍കാളി ഒരു ശ്രമം നടത്തിനോക്കി. പഠിച്ചില്ലെങ്കിലും പുലയര്‍ പാടത്തെ പണി ചെയ്യാതിരുന്നാല്‍ സവര്‍ണ്ണര്‍ പട്ടിണി കിടക്കേണ്ടിവരും. സവര്‍ണ്ണരുടെ പട്ടിണി മാറ്റാന്‍ പുലയക്കുട്ടി കളെ സ്‌കൂളില്‍ ചേര്‍ക്കാതിരു ന്നതുകൊണ്ടു മാത്രമായില്ല എന്ന് അവരെ ബോധ്യപ്പെടുത്തണം. അതിനാണ് അയ്യന്‍കാളി സാധുജനങ്ങളോട് പ്രഖ്യാപിച്ചത്, മേലില്‍ ആരും പാടത്തെ പണിക്ക് പോകരുത് എന്ന്. പുലയക്കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാതെ സവര്‍ണ്ണര്‍ ഉണ്ണുന്നത് ഒന്നു കാണട്ടെ. അവര്‍ക്ക് ചോറുണ്ണാന്‍വേണ്ടിയാണല്ലോ അവര്‍ണ്ണക്കുട്ടികള്‍ സ്‌കൂളില്‍ പോകേണ്ട എന്നു പറയുന്നത്.

സാധുജനങ്ങളുടെ കുട്ടികള്‍ക്ക് പള്ളിക്കൂടങ്ങളില്‍ സൈ്വര്യമായി രുന്നു പഠിക്കാനനുവദിക്കുന്നതുവരെ കര്‍ഷകത്തൊഴിലാളികളാരും പാടത്തു പണി എടുക്കരുത് എന്ന് അയ്യന്‍കാളി പ്രഖ്യാപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ അത്തരം ഒരു പ്രഖ്യാപനം അതിനുമുമ്പ് ആരും നടത്തിയിട്ടില്ല. ആ ധൈര്യം ഒരു നേതാവിനും ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍ പോലും അത് ആദ്യപ്രഖ്യാപന മായിരുന്നു. അദ്യമായി പ്രഖ്യാപിക്കപ്പെട്ട പണിമുടക്കു സമരം. ഇത്രയും ഉന്നതമായ ഒരു ലക്ഷ്യത്തിനുവേണ്ടി പിന്നീടൊരിക്കലും തൊഴിലാളികളാരും ഇവിടെ പണിമുടക്കിയിട്ടില്ല. ഇന്ന് ചിലര്‍ കാര്‍ഷികപണിമുടക്കിന്റെ ലക്ഷ്യം കൂലിക്കൂടുതലും എട്ടുമണി ക്കൂര്‍ പണിയും ഒരു ഒഴിവും മറ്റുമാണ് എന്നു പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.13 പുലയനായ അയ്യന്‍കാളി ഇത്രയും ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി സമരം ചെയ്യുമോ എന്നതായിരിക്കും അവരുടെ ചിന്ത. 'കെട്ടിലമ്മ തുള്ളിയാല്‍ കൊട്ടിലകം വരെ.' പുലയനായ അയ്യന്‍കാളി സമരം ചെയ്താല്‍ അത് കൂലിക്കൂടു തലിനു വേണ്ടിയായിരിക്കും. അയ്യന്‍കാളിയെപ്പറ്റി പഠിക്കാതെ അയ്യന്‍കാളിയെക്കുറിച്ച് എഴുതാന്‍ ശ്രമിച്ചതിന്റെ ഫലമാണത്. ഗാന്ധിയുടെ സഹനസമരം അന്ന് ഇന്ത്യയില്‍ പ്രചരിച്ചിരുന്നില്ല. 1915-20 കാലത്താണ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് പ്രത്യക്ഷപ്പെട്ടതുതന്നെ. 1924 ലെ വൈക്കം സത്യാഗ്രഹമാ യിരുന്നുവല്ലൊ കേരളത്തില്‍ ആദ്യം നടന്ന ഗാന്ധിയന്‍ സത്യാഗ്രഹ സമരം. തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതുവരെ തങ്ങള്‍ ഈ സ്‌കൂള്‍ വാതില്‍ക്കല്‍ കുത്തിയിരിക്കും എന്നു പറഞ്ഞ് അയ്യന്‍കാളി ഒരു സത്യാഗ്രഹം തുടങ്ങിയിരുന്നെങ്കില്‍ അയ്യന്‍കാളിയുടെ കാലം കഴിഞ്ഞാലും ആ സത്യാഗ്രഹം അവസാനിക്കുമായിരുന്നില്ല. ഗാന്ധി തന്നെ നേതൃത്വം കൊടുത്ത വൈക്കം സത്യാഗ്രഹം ഒരു കരയിലെത്തിക്കുവാന്‍ 603 ദിവസം വേണ്ടിവന്നു. അത് കാര്‍ഷിക പണിമുടക്കിന് ഒരു ദശാബ്ദത്തിനുശേഷമാണ്.

അന്ന് അയ്യന്‍കാളിക്ക് തന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ ഒരു സംഘടനപോലുമുണ്ടായിരുന്നില്ല. 1914 ലാണ് കാര്‍ഷിക പണിമുടക്ക് നടന്നത് 1907 ലാണ് സാധുജന പരിപാലന സംഘം സ്ഥാപിക്കുന്നത്. ഏഴുവര്‍ഷം കൊണ്ട് അതൊരു കെട്ടുറപ്പുള്ള സംഘടനയായി വളര്‍ന്നിരുന്നില്ല. സാധുജനപരിപാലന സംഘത്തിന് കെട്ടുറപ്പുണ്ടാകുന്നത് കാര്‍ഷികപണിമുടക്കിലൂടെയാണ്. 

കാര്‍ഷിക പണിമുടക്ക് നടന്നത് 1907 ലാണ് എന്ന് ആരോപിച്ചു കൊണ്ട് അതിന്റെ ശതവാര്‍ഷിക 2007-ല്‍ ഇവിടെ ചില സംഘടനകള്‍ ആഘോഷിച്ചു. അവര്‍ക്ക് എവിടെ നിന്നും ആ വിവരം ലഭിച്ചു എന്ന് അറിഞ്ഞുകൂടാ. അതിന്റെ ഉറവിടം ഇവരാരും ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. 1907 ല്‍ നടന്നത് സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണമാണ്. അത് ശക്തമായ ഒരു സംഘടനയായി വളരാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഒരിക്കല്‍ക്കൂടി പറയുകയാണ് സാധുജനപരിപാലന സംഘത്തിന്റെ വളര്‍ച്ചയുടെ പിന്നിലെ പ്രധാന പ്രേരകശക്തി കാര്‍ഷിക പണിമുടക്കാണ്. കാര്‍ഷിക പണിമുടക്കു വിജയിച്ച തിന്റെ കാരണം സാധുജന പരിപാലന സംഘമാണ്. അതുരണ്ടും പരസ്പര പൂരകങ്ങളായിരുന്നു. ബുദ്ധന്‍ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ സന്ദേശം അറിയാതെയാണെങ്കിലും അയ്യന്‍കാളി നടപ്പാക്കുകയായിരുന്നു.

'ബുദ്ധം ശരണം ഗഛാമി
ധര്‍മ്മം ശരണം ഗഛാമി
സംഘം ശരണം ഗഛാമി'

ഡോക്ടര്‍ അംബേദ്ക്കര്‍ അയ്യന്‍കാളിക്കുശേഷമാണെങ്കിലും അയ്യന്‍കാളിയെ അറിയാതെ തന്നെ അതാവര്‍ത്തിച്ചു. Educate, Agitate, Organise. ആദ്യം ബോധവല്‍ക്കരണം നേടുക. പിന്നെ ധര്‍മ്മം ചെയ്യുക അഥവാ സമരം ചെയ്യുക. പിന്നെ സംഘടിക്കുക. ബോധവല്‍ക്കരണ ത്തിനുവേണ്ടിയുള്ള സമരത്തിലൂടെ അയ്യന്‍ കാളിസംഘടന കെട്ടിപ്പടുത്തു.

കമ്മ്യൂണിസ്റ്റ് ആശയങ്ങളും സംഘടനാരീതിയും തൊഴിലാളി സംഘടനകളും അവരുടെ അവകാശവാദങ്ങളും പണിമുടക്ക് സമ്പ്രദായങ്ങളും കേരളത്തില്‍ അന്ന് കേട്ടിട്ടുപോലുമുണ്ടാ യിരുന്നില്ല. കാറല്‍മാര്‍ക്‌സിനെപ്പറ്റി മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയത് 1912 ലാണ്. 1917 ലാണ് റഷ്യയില്‍ ഒക്‌ടോബര്‍ വിപ്ലവം നടന്നത്. 1937 ലാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി സ്ഥാപിതമായത്.14

തൊഴിലാളി സംഘടനകള്‍ രൂപംകൊള്ളുന്നതിനുമുമ്പ് തൊഴില്‍ സമരം നടത്തിയ തൊഴിലാളി പ്രവര്‍ത്തകനായിരുന്നു അയ്യന്‍കാളി. കാറല്‍മാര്‍ക്‌സിനെയും ലെനിനെയും മറ്റും പറ്റി കേള്‍ക്കാതെ തന്നെ അതേ ആശയങ്ങള്‍ അതിനുമുമ്പേ കേരളത്തില്‍ നടപ്പാക്കിയ നേതാവും ചിന്തകനുമായിരുന്നു അയ്യന്‍കാളി. കാറല്‍മാര്‍ക്‌സ് ഒരു ചിന്തകനായിരുന്നു. ലെനിന്‍ ഒരു ചിന്തകനും സംഘാടകനുമായിരുന്നു. അയ്യന്‍കാളി ഒരു ചിന്തകനും സംഘാടകനും വിപ്ലവകാരിയുമായിരുന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ പണിമുടക്കു നടത്തിയ തൊഴിലാളി നേതാവെന്ന ഒരേ ഒരു കാരണത്താല്‍ അയ്യന്‍കാളി ഇന്ത്യന്‍ നേതാക്കളില്‍ സമുന്നതനും എക്കാലവും സ്മരിക്കപ്പെടേണ്ട വനും ആദരിക്കപ്പെടേണ്ടവനുമാണ് എന്നതില്‍ തര്‍ക്കമില്ല. ഒരുപക്ഷേ ബാലഗംഗാധര തിലകനെ 1908 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബോംബെയില്‍ വച്ച് അറസ്റ്റുചെയ്തപ്പോള്‍ അവിടുത്തെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കാണ് ഇതിനു മുമ്പുള്ളത്. ഇ.എം.എസും., പി.കൃഷ്ണപിള്ളയും മറ്റും അന്ന് കേവലം ബാലന്മാരായിരുന്നു. ഈ.എം. എസിന് അന്ന് വയസ്സ് 6. അദ്ദേഹം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതാവായതിനുശേഷം അനേകം പണിമുടക്കുസമരങ്ങള്‍ക്കു നേതൃത്വം വഹിച്ചിട്ടുണ്ട്. പരാജയപ്പെട്ടതും വിജയിച്ചതുമായ അനേകം പണിമുടക്കുകള്‍ ഇവിടെ നടന്നിട്ടുണ്ട്. പ്രസ്തുത സമരങ്ങളിലൂടെയാണ് ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതും. പിന്നെ അദ്ദേഹം അതിന്റെ ചരിത്രം എഴുതി. പക്ഷേ അതിലൊന്നിലും കേരളത്തിലെ ആദ്യത്തെ പണിമുടക്കിനെപ്പറ്റിയോ അതു നടത്തിയ ആളെപ്പറ്റിയോ ഒരു വാക്കുപോലുമില്ല. അദ്ദേഹം മാതൃകയാക്കി എന്നവകാശപ്പെടാവുന്ന റഷ്യയിലെയും ജര്‍മ്മനിയിലെയും മറ്റും പണിമുടക്കുകള്‍ നടന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അയ്യന്‍കാളി തന്റെ പണിമുടക്കു സമരം പ്രഖ്യാപിച്ചത്. അതിനെപ്പറ്റി കേരളീയനായ ഇ.എം.എസ് കേട്ടിട്ടില്ല എന്നുപറയുമ്പോള്‍ ആ കമ്യൂണിസ്റ്റുകാരന്റെ ചരിത്ര പാപ്പരത്തമാണ് വിളിച്ചോതുന്നത്. അദ്ദേഹം അനേകം ചരിത്രഗ്രന്ഥങ്ങള്‍രചിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിന്റെ തെക്കേക്കോണില്‍ അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ നടന്ന സംഭവവികാസംപോലും അറിയാത്ത ചരിത്രകാരനായിരുന്നു അദ്ദേഹം എന്നു പറയേണ്ടിവന്നതില്‍ നാണമുണ്ട്. ആ ചരിത്രഗ്രന്ഥങ്ങളുടെ വിശ്വാസ്യത എത്രയോ പരിമിതം. പിന്നെ അദ്ദേഹം എഴുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന ഗ്രന്ഥത്തില്‍ അയ്യന്‍കാളിയുടെ പേരു പോലുമില്ല. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരന്‍ അയ്യന്‍കാളിയാണ് എന്ന് മുന്‍ കേരളാ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ മേനി പറയാറുണ്ട്. അയ്യന്‍കാളി കമ്യൂണിസ്റ്റു കാരനായിരുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് അയ്യന്‍കാളിയുടെ ജനങ്ങളിലാണ്.