"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 2, ശനിയാഴ്‌ച

മഹാനായ അയ്യന്‍കാളി: പണിമുടക്കു സമരം II - ദലിത് ബന്ധു എന്‍ കെ ജോസ്


ഏതെങ്കിലും ഒരു പ്രത്യേക ഗ്രന്ഥമോ മുന്‍ഗാമികളുടെ മാതൃകയോ അല്ല അയ്യന്‍കാളിയെ നയിച്ചിരുന്നത് എന്നതിന് ഇതുതന്നെ വ്യക്തമായ തെളിവാണ്. സമയം ആവശ്യപ്പെട്ടതാണ് അദ്ദേഹം ചെയ്തത്. സന്ദര്‍ഭത്തിനൊത്ത് ഉയരുവാന്‍ കഴിവുള്ള നേതാവായിരുന്നു അദ്ദേഹം. വെറും രാഷ്ട്രീയ നേതാവോ സാമൂഹ്യപരിഷ്‌കര്‍ത്താവോ ആയിരുന്നില്ല അദ്ദേഹം. അദ്ദേഹം ഒരു ചിന്തകനായിരുന്നു. ഋഷിയായിരുന്നു. സത്യദര്‍ശിയായിരുന്നു. സത്യദര്‍ശനത്തിനു വേണ്ടി ജീവിതം ഹോമിക്കുന്ന ആരും ഋഷിയാണ്. അദ്ദേഹം ജീവിതം ഹോമിച്ചു. തന്റെ ജനത്തിന്റെ അധഃകൃതാവസ്ഥയുടെ സത്യമായ കാരണം ദര്‍ശിക്കാനും അതിനു പരിഹാരം കണ്ടെത്തുവാനും വേണ്ടി അദ്ദേഹം ജീവിതം ഹോമിച്ചു. അദ്ദേഹം സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല, എഴുതിയിട്ടില്ല. സ്വന്തക്കാരേയും ബന്ധുക്കളെയും പരീക്ഷണത്തിന്റെ എലിക്കുഞ്ഞുങ്ങളാക്കിയില്ല, ഗിനിപ്പന്നികളാ ക്കിയില്ല എന്നതെല്ലാം ശരിയാണ്. പക്ഷെ ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും അദ്ദേഹത്തിന് തന്റെ ജനത്തിന്റെ ഉയര്‍ച്ച എന്ന ഒരേയൊരു വിഷയം മാത്രമേ മനസ്സിലുണ്ടായിരു ന്നുള്ളൂ. അതേപ്പറ്റി ധ്യാനിച്ചു പുതിയ മാനത്തില്‍ എത്തിച്ചേരുകയായിരുന്നു അദ്ദേഹം ചെയ്തത്. അതിനാല്‍ അദ്ദേഹത്തിന് ആരേയും അനുകരിക്കേണ്ട ആവശ്യമുണ്ടായി രുന്നില്ല. ശങ്കരാചാര്യര്‍ എന്ന പ്രഗത്ഭനായ ഋഷിയെ ഭാരതം ഇനിയും അറിഞ്ഞിട്ടില്ല. എന്നാണ് പലരും ഇന്ന് പരാതിപ്പെടു ന്നത്.15 എന്നാല്‍ സ്വന്തം ജനത്തിന് വേണ്ടി ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും ചിന്തിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്ത അയ്യന്‍കാളി എന്ന ഋഷിയെ ഭാരതം ഇതേവരെ അറിഞ്ഞില്ല. കേരളംപോലും കേട്ടില്ല. അദ്ദേഹം ധ്യാനിച്ചു കൊണ്ടു നടന്ന ആ ജനം ഇനിയും ഇവിടത്തെ ഉന്നത വിഭാഗമായില്ലഎന്നതാണ് അതിന്റെ അതിന്റ കാരണം.

കര്‍ഷകത്തൊഴിലാളികള്‍ ആരും പാടത്തു പണിചെയ്യേണ്ട എന്ന അയ്യന്‍കാളിയുടെ പ്രഖ്യാപനത്തെ സവര്‍ണ്ണര്‍ പുച്ഛിച്ചുതള്ളി. എന്നും എവിടെയും തൊഴിലാളി സമരങ്ങളോട് മുതലാളിമാര്‍ സ്വീകരിക്കുന്ന അടവ് ആദ്യമായി അവരും സ്വീകരിച്ചു. ഒരു നീണ്ട പണിമുടക്ക് അസംഘടിതരായ പ്രസ്തുത പുലയരെ സംബന്ധിച്ചിട ത്തോളം അസാധ്യമാണെന്ന് അവര്‍ കരുതിയി രിക്കണം. ദിവസങ്ങള്‍ ക്കുള്ളില്‍ അവര്‍ പാടത്തു പണിക്ക് എത്തിച്ചേരുമെന്നും അവര്‍ ധരിച്ചിരിക്കണം. ദിവസങ്ങള്‍ തള്ളിനീക്കുവാനുള്ള ആഹാരം അവരുടെ കുടിലുകള ിലുണ്ടായിരുന്നില്ല എന്ന് ജന്മികള്‍ക്കറിയാം. അന്നന്നത്തെ ജീവിതത്തിനു പോലും മതിയാകാത്ത കൂലിയാണ് അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും തങ്ങളുടെ കുട്ടികള്‍ പട്ടിണിയില്‍ കിടന്ന് പിടയുന്നത് കാണുമ്പോള്‍ മാതാപിതാക്കള്‍ താനെ പാടത്തിറങ്ങും എന്ന് സവര്‍ണ്ണര്‍ സ്വപ്നംകണ്ടു കാത്തിരുന്നു.

പക്ഷേ അനുഭവം മറിച്ചായിരുന്നു. പട്ടിണി രൂക്ഷമായപ്പോള്‍ പുലയര്‍ പോയത് അടുത്തുള്ള കായലുകളിലേയ്ക്കും നദികളിലേയ്ക്കും തോടുകളിലേയ്ക്കും സമുദ്രത്തിലേക്കു മായിരുന്നു; വയലിലേക്കായിരു ന്നില്ല. മത്സ്യം പിടിച്ചുതിന്നും കിഴങ്ങുകള്‍ പറിച്ചുതിന്നും അവര്‍ ജീവിച്ചു. താളും തകരയും ഭക്ഷിച്ചു കഴിഞ്ഞുകൂടി. വനത്തില്‍പ്പോയി കായ്കനികള്‍ പറിച്ചുതിന്നും കിഴങ്ങുകള്‍ മാന്തിത്തിന്നും വേട്ടയാടിയും വിശപ്പടക്കാന്‍ അവര്‍ ശ്രമിച്ചു. മണ്ണിന്റെയും കാടിന്റെയും മക്കള്‍ മണ്ണിലേക്കും കാട്ടിലേയ്ക്കും തിരിഞ്ഞു. സമരം മുന്നോട്ടുതന്നെ പോയി. അയ്യന്‍കാളി പുലയരുടെ ഹൃദയത്തില്‍ സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ ശക്തി ആര്‍ക്കും നേരത്തെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അവരിലു ണ്ടായ ദൃഢനിശ്ചയവും ആവേശവും സവര്‍ണ്ണര്‍ അറിഞ്ഞിരുന്നില്ല. തമ്പുരാനേ എന്നുവിളിച്ചു മടങ്ങിവരും എന്ന് പ്രതീക്ഷിച്ച് പൂമുഖത്ത് കാത്തിരുന്ന സവര്‍ണ്ണര്‍ നിരാശരായി. പണിമുടക്കിയ സ്ഥലങ്ങളിലെ ങ്കിലും അയിത്തക്കാരുടെ കാണപ്പെട്ട ദൈവമായി രുന്നു അയ്യന്‍കാളി എന്നു വ്യക്തമായി. സ്വന്തം കുഞ്ഞുങ്ങള്‍ വിശന്നുപൊരിഞ്ഞു കരയുമ്പോള്‍ ജന്‍മിയുടെ പാടത്തേക്ക് കുതിയ്ക്കാന്‍ പലരുടെയും കാലുകള്‍ തരിച്ചതാണ്. പക്ഷേ തങ്ങളുടെ ദൈവം, കാണപ്പെട്ട ദൈവം, തങ്ങളുടെ നന്‍മക്ക്‌വേണ്ടി നല്‍കിയ കല്പനയാണ്, അതു പാലിക്കണം. അവ ലംഘിക്കണമെന്നു പറയുന്ന സാത്താന്റെ ഉപദേശങ്ങളൊന്നും അവരുടെയിടയില്‍ വിലപ്പോയില്ല. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്1914 കാലഘട്ടത്തില്‍ തെക്കന്‍ തിരുവിതാം കൂറിലെ പുലയരുടെ ജീവിതരീതി എന്തായിരുന്നു എന്നാണ് ആ പണിമുടക്ക് കാണിക്കുന്നത്. താളും തകരയും കിഴങ്ങും കടല്‍ മത്സ്യവും കൊണ്ട് മാത്രം ഒരു വര്‍ഷം കഴിയാന്‍ തക്കകഴിവ് അവര്‍ക്കുണ്ടായിരുന്നു. പണിമുടക്ക് കാലത്തിനു മുമ്പത്തെ അവരുടെ ജീവിതം അതിനോട് ഏറെ പൊരുത്തപ്പെടുന്നതാ യിരുന്നു. അപ്പോള്‍ അന്ന് എത്രമാത്രം അവര്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നു ചിന്തിക്കുക.

കണ്ടള, കണിയാപുരം, പള്ളിച്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലെയും മടവൂര്‍പാറ മുതല്‍ വിഴിഞ്ഞംവരെയും നീണ്ടുകിടന്ന വയലുകളിലെയും മൊത്തം നാഞ്ചിനാട്ടില്‍ മുഴുവന്‍ തന്നെയും കൃഷിപ്പണി ഒന്നും നടക്കാതെയായി. തിരുവിതാംകൂറിന്റെ നെല്ലറയാണ് തകര്‍ന്നത്. കുട്ടനാടന്‍ പാടശേഖരങ്ങള്‍ ഇന്നത്തെ പ്പോലെ അന്ന് മുഴുവന്‍ കൃഷിസ്ഥലങ്ങളായിരുന്നില്ല. മുരിക്കന്റെ കായലുകള്‍ ഒന്നു പോലും അന്നു കുത്തിയിരുന്നില്ല. അതെല്ലാം അതിനും വളരെക്കാലത്തിനു ശേഷം ചിത്തിരതിരുനാള്‍ രാജാവിന്റെ കാലത്തും അമ്മറാണിയുടെ കാലത്തും മറ്റുമാണ് നടന്നത്. അങ്ങനെയാണല്ലോ ആ കായലുകള്‍ക്ക് ആ പേര് ഉണ്ടായതുതന്നെ. മൂലംതിരുനാള്‍ രാജാവിന്റെ കാലത്ത് ഒരു കായലും കൃഷിക്ക് ഉണ്ടായില്ല. മൂലംതിരുനാള്‍ മരിക്കുന്നത് 1924 ജൂലൈയിലാണ്. തിരുവിതാംകൂറില്‍ ആവശ്യമുള്ള നെല്ലിന്റെ പകുതിയും അന്ന് നാഞ്ചിനാട്ടില്‍നിന്നാണ് ലഭിക്കേണ്ടിയിരുന്നത്.

പുലയര്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഉറച്ചുതന്നെ നിന്നു. ഒരു കരിങ്കാലിപോലും ഉണ്ടായില്ല. സമരം സമ്പൂര്‍ണ്ണ വിജയമായിരുന്നു. അതു പോലെ വിജയകരമായ മറ്റൊരു സമരം പിന്നെ എന്നെങ്കിലും കേരളത്തില്‍ നടന്നിട്ടുണ്ടോ എന്നും സംശയമാണ്. മാര്‍ക്‌സിയന്‍ സിദ്ധാന്തവും വര്‍ഗ്ഗസമരവും തെഴിലാളികളുടെ സംഘടിതശക്തിയും ഒന്നും അറിഞ്ഞിട്ടില്ലാത്ത നേതാക്കളാണ് വിജയം സമ്പാദിച്ചു കൊടുത്തത്. അത് അവരുടെ ജീവിത പ്രശ്‌നമായിരുന്നു; തൊഴിലാളികളു ടെയും നേതാവിന്റെ യും ജീവിക്കാനുള്ള അഭിവാഞ്ച അതിലുണ്ടായി രുന്നു. അതിന്റെ പ്രേരണയിലുള്ള ഐക്യബോധം അവര്‍ക്ക് ലഭിച്ചു. നേതൃത്വ ത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. നേതൃത്വം അവരെ വഞ്ചിച്ചില്ല. അയ്യന്‍കാളിപ്പട എന്നാണ് അന്നവര്‍ അറിയപ്പെട്ടി രുന്നത്.

അരി അന്ന് സവര്‍ണ്ണരുടെ പ്രധാന ആഹാരമായിരുന്നു. അവര്‍ണ്ണര്‍, പ്രത്യേകിച്ചും ദലിതര്‍, വളരെ അപൂര്‍വ്വമായി മാത്രം കഴിച്ചിരുന്ന ആഹാരവുമായിരുന്നു അരി. താളും തകരയും കിഴങ്ങുകളും മത്സ്യവും കൊണ്ടാണ് അവര്‍ ജീവിച്ചിരുന്നത്. ഈഴവരും അതുപോലുള്ള അയിത്ത ജാതിക്കാരും ദലിതരോളംപോലും അരി ആഹരിച്ചിരുന്നില്ല. അതിന്റെ പ്രധാന കാരണം അവര്‍ക്ക് അതു ലഭ്യമായിരുന്നില്ല എന്നതാണ്. അതിനു കൊടുക്കേണ്ടിവരുന്ന വില അവര്‍ക്കു താങ്ങാവുന്നതാ യിരുന്നില്ല. പാടത്തെ പണി ഈഴവര്‍ക്ക് നിഷിദ്ധമായി രുന്നു. അതു ചേറിലും ചെളിയിലുമുള്ളതാണ്. അതിനാല്‍ പണിക്കൂലിയായി അവര്‍ക്കു നെല്ലും ലഭിച്ചിരുന്നില്ല. ഒന്നാം ലോകമഹായുദ്ധ കാലത്തും അതിനു ശേഷവുമായി ചകിരിക്കും കയറിനും കൊപ്രയ്ക്കും എണ്ണയ്ക്കും പ്രിയം വര്‍ദ്ധിച്ചപ്പോള്‍ ഈഴവര്‍ പതിവായി ഒരു നേരം കഞ്ഞിയും വിശേഷദിവസങ്ങളില്‍ ചോറും കഴിക്കാന്‍ തുടങ്ങി. അതോടുകൂടിയാണ് ഇവിടെ അരിക്കു പ്രിയം വര്‍ദ്ധിക്കുകയും ബര്‍മ്മാഅരി ഇറക്കുമതി ചെയ്യാന്‍ തുടങ്ങുകയും ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബര്‍മ്മ ജപ്പാന്‍കാര്‍ കീഴടിക്കിയപ്പോള്‍ ബര്‍മ്മാ അരിയുടെ വരവും നിന്നു. അതില്‍ നിന്നും ആ കാലങ്ങളില്‍ തിരുവിതാം കൂറില്‍ വിളയിച്ചുകൊണ്ടിരുന്ന നെല്ലിന്റെ ഒരു ഏകദേശകണക്ക് ഊഹിക്കാവുന്നതാണ്. അരി കേരളത്തിന്റെ മുഖ്യ ഭക്ഷണമാണ് എന്ന് പറയാറുണ്ടായിരുന്നുവെങ്കിലും അത് ജനത്തിന്റെ വളരെകുറഞ്ഞ ഒരു ശതമാനത്തിന്റെ മാത്രം മുഖ്യ ഭക്ഷണമാ യിരുന്നു. എല്ലാ 'മുഖ്യ'ങ്ങളും അങ്ങിനെയാണ്. മുഖ്യം നിശ്ചയിക്കുന്നത് സവര്‍ണ്ണനെ മാത്രം നോക്കിയാണ്. മുഖ്യധാര എന്നു പറഞ്ഞാല്‍ സവര്‍ണ്ണര്‍ മാത്രമാണ് എന്നാണര്‍ത്ഥം. ഇന്നും അത് അങ്ങനെ തന്നെ. അരിയാഹാരം കഴിക്കാതെ ദിവസങ്ങളും മാസങ്ങളുമല്ല, വര്‍ഷങ്ങള്‍ തന്നെ കഴിച്ചുകൂട്ടാന്‍ ദലിതര്‍ക്കു കഴിഞ്ഞത് അതുകൊണ്ടാണ്.

അതിനാല്‍ അന്ന് ഒന്നാം ലോകമഹായുദ്ധത്തിനും മുമ്പ് ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ നാഞ്ചിനാട്ടിലെ നെല്‍കൃഷി നശിക്കുന്നതുകൊണ്ടുള്ള ദോഷം പ്രധാനമായും സവര്‍ണ്ണരെയാണ് ബാധിച്ചിരുന്നത്. അയ്യന്‍കാളി അഴിച്ചുവിട്ട സമരം കൊള്ളേ ണ്ടിടത്തു തന്നെയാണ് കൊണ്ടത്.

ഏതാനും ദിവസം കാത്തിരുന്നിട്ടും ഫലം കാണാത്ത ജന്‍മിമാര്‍ പുത്തലത്ത് കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ സംഘടിച്ച് പാടത്ത് പണിക്കിറങ്ങി. 12 നായന്‍മാര്‍ ആദ്യദിവസം പണിതു. പക്ഷെ കൃഷിപ്പണി നടന്നില്ല; ഇന്നും പല ജന്‍മിമാരും പയറ്റി പരാജയപ്പെടുന്നതിന്റെ ആദ്യ അനുഭവം. വിമോചനസമരകാ ലത്ത് കുട്ടനാട്ടിലെ ജന്മിമാരും അതു പയറ്റി നോക്കിയതാണ്. കൃഷിപ്പണിയിലുണ്ടായ സ്തംഭനാവസ്ഥ പ്രശ്‌നങ്ങളെ വല്ലാതെ കുഴച്ചുമറിച്ചു. ഫാക്ടറിപോലെ പൂട്ടിയിടാവുന്നതല്ലല്ലൊ കൃഷിയിറക്കിയ പാടങ്ങള്‍. ഓരോ ദിവസവും അതിനു വിലപ്പെട്ടതാണ്. ഭരണകൂടവും പ്രശ്‌നങ്ങളെ ഉറ്റുനോക്കിക്കൊണ്ടി രിക്കുകയായിരുന്നു. അഭൂതപൂര്‍വ്വമായ ആ സംഘടിതശക്തിയെ അടിച്ചമര്‍ത്താനാവുകയില്ല എന്നു കണ്ട ഭരണകൂടം പ്രശ്‌നപരി ഹാരം ആരാഞ്ഞു. നാട്ടുനടപ്പു മനസ്സിലാക്കിയ ദിവാന്‍ പി.രാജഗോപാലാചാരി പ്രശ്‌നം പരിഹരിക്കാന്‍ അനുരഞ്ജ നമാണ് നല്ലതെന്നു കണ്ടു. അതിലേയ്ക്ക് അന്നത്തെ ഫസ്റ്റ് ക്ലാസ്സ് മജിസ്രേട്ടായിരുന്ന കണ്ടള ശ്രീനാഗംപിള്ളയെ നിയോഗിച്ചു. അദ്ദേഹമാകട്ടെ പണിമുടക്കിന്റെയും കുഴപ്പങ്ങളുടെയും മൂലകാരണമായ വിദ്യാഭ്യാസ വിഷയംതന്നെ കൈകാര്യം ചെയ്തു. അധഃകൃതരുടെ കുട്ടികള്‍ക്ക് വിദ്യാലയ പ്രവേശനം ഉറപ്പുവരുത്തുകയും നായന്മാരുടെ നിലപാടുകളെ അവഗണി ക്കുകയും ചെയ്തു. പുലയരെ സംബന്ധിച്ചി ടത്തോളം അഭികാമ്യമായ ഒരു വ്യവസ്ഥ ഉണ്ടാക്കിക്കൊണ്ടാണ് ആ പണിമുടക്ക് അവസാനിച്ചത്. പ്രധാനമായും പുലയക്കുട്ടികള്‍ക്ക് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ അനുവാദം ലഭിച്ചു.

ഒരു പക്ഷെ തിരുവിതാംകൂറിലെ എന്നല്ലാ കേരളത്തിലെതന്നെ ആദ്യത്തെ വിജയകരമായ പണിമുടക്കുസമരം അതായിരുന്നു. അയ്യന്‍കാളിയുടെ ആ പരീക്ഷണം ഭാവിയിലെ എല്ലാ സമരങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശകമായിരുന്നു. ചണ്ഡാലരുടെ ഐക്യം വിപുലമായ രീതിയില്‍ പരീക്ഷിച്ചു വിജയം വരിക്കാന്‍ കഴിഞ്ഞതും, ചണ്ഡാലര്‍ക്ക് അവരുടെ ശക്തിയെപ്പറ്റിത്തന്നെ ബോധ്യപ്പെടുവാന്‍ കഴിഞ്ഞതും ആ പണിമുടക്ക് കൊണ്ടാണ്. ഇന്നും ചണ്ഡാലര്‍ക്ക് ആവശ്യമായിട്ടുള്ളത് ഐക്യമാണ് അന്ന് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഉണ്ടായതുപോലുള്ള ഐക്യം. അതുപോലെ തന്നെ സ്വന്തം ശക്തിയെപ്പറ്റിയുള്ള ബോധവും അവര്‍ക്കാവശ്യമാണ്. ഈ കേരളത്തില്‍ പോലും ദലിതര്‍ സംഘടിച്ചാല്‍ കേരളം ദലിതരുടെ കൈയ്യിരിക്കും. അക്കാര്യത്തില്‍ ഒരു സംശയത്തിനും അവകാശമില്ല.

അടുത്ത അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നതുപോലെ പുലയക്കുട്ടി കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രത്തില്‍ മുഖപ്രസംഗം എഴുതിയത് 1910 മാര്‍ച്ച് 2-ാം തീയതിയാണ്. അത് ഏത് ഓര്‍ഡിനന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് എഴുതിയതെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. 1909 സെപ്റ്റംബര്‍ 10-ാം തീയതി 4405/822 എന്ന ഓര്‍ഡിനന്‍സ് കാണുന്നുണ്ട്. 1907 ല്‍ അയ്യന്‍കാളി കാര്‍ഷികപണിമുടക്കു നടത്തി സാധുജനപ രിപാലന സംഘത്തിന്റെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതില്‍ വിജയിച്ചുവെങ്കില്‍ പിന്നെ രണ്ടു വര്‍ഷത്തി നുശേഷം അപ്രകാരംആ ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്താണ്? വണ്ടി കടന്നുപോയിക്കഴിഞ്ഞതിനുശേഷം കൈകാണിച്ചതുകൊണ്ട് എന്തുഫലം? കാര്‍ഷിക പണിമുടക്ക് വിജയകരമായി പര്യവസാ നിച്ചതിനുശേഷം അങ്ങനെയൊരു വിമര്‍ശനത്തിനു പ്രസക്തി യുണ്ടോ?

'ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നയം' എന്നാണ് രാമകൃഷ്ണ പിള്ള അതേപ്പറ്റി പറയുന്നത്. അതിനാല്‍ അതിനുമുമ്പ് അങ്ങിനെയൊരു നയം ഉണ്ടായിരുന്നില്ല. സവര്‍ണ്ണജാതിക്കാര്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയിത്തജാതിക്കാരെ ചേര്‍ക്കുന്നതിന് അനുവാദം കൊടുക്കുന്നതാണ് 'ആ നയം'. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കാത്തതുകൊണ്ടാണ് കാര്‍ഷികപണിമുടക്കു നടത്തിയത്. പണിമുടക്ക് സര്‍ക്കാരിനെതിരായിട്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്കും സവര്‍ണ്ണര്‍ക്കും എതിരായിട്ടായിരുന്നു. 1907 ല്‍ പണിമുടക്കു നടത്തിയെങ്കില്‍ 1908 ല്‍ അതു വിജയിച്ചുവെന്നും അതിനുശേഷം പിന്നെ 1910 ല്‍ രാമകൃഷ്ണപിള്ള അതിനെ വിമര്‍ശിച്ചുവെന്നും പറയുന്നത് യുക്തിരഹിതമല്ലേ. അതിനാല്‍ പണിമുടക്ക് ഗവണ്‍മെന്റിന്റെ ഓര്‍ഡിനന്‍സിനും അതിനെതി രെയുള്ള രാമകൃഷ്ണപിള്ളയുടെ വിമര്‍ശനത്തിനും ശേഷം എന്നെങ്കിലുമായിരിക്കണം. അത് 1913 ലാണ് എന്നാണ് ചെന്താ രശ്ശേരി പറയുന്നത്. 

അയ്യന്‍കാളിയെ നിയമസഭയിലേയ്ക്ക് നോമിനേറ്റുചെയ്യുന്നതിനു മുമ്പ് ദലിതരെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ടായിരുന്നത് സുഭാഷിണി പത്രാധിപര്‍ കെ. ഗോവിന്ദപ്പിള്ളയായിരുന്നു. അദ്ദേഹം 1911 ഫെബ്രുവരി 13-ാം തീയതി സഭയില്‍ ചെയ്ത പ്രസംഗത്തില്‍ ഒരു ഭാഗത്തു പറയുന്നു, 'മറ്റു സമുദായങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമോ അവകാശങ്ങളോ ഈ സമുദായത്തിന് സ്വപ്നം കാണാന്‍ സാധിക്കുന്നില്ല. പ്രത്യേകിച്ചും വിദ്യാഭ്യാസ വിഷയത്തില്‍. ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുലയരെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായി ട്ടുകൂടി അവര്‍ക്ക് സ്‌കൂള്‍ വരാന്തയില്‍പ്പോലും കേറാന്‍ കഴിയുന്നില്ല. ഈ സങ്കടം പരിഹരിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം സ്‌കൂളുകളോ ...'.16 1907 ല്‍ പണിമുടക്കു നടത്തി വിദ്യാഭ്യാസാവകാശം നേടിയെടുത്തുവെങ്കില്‍പ്പിന്നെ 1911 ല്‍ ഇങ്ങനെ നിയമസഭയ്ക്കു ള്ളില്‍ പ്രസംഗിക്കുമോ?

സര്‍ക്കാരിന്റെ അനുവാദം നേടിയെടുത്തതിനു ശേഷവും ചണ്ഡു ലക്കുട്ടികശക്ക് സ്‌കൂളില്‍ പ്രവേശിക്കുവാനുള്ള സാമൂഹ്യാവ കാശം നേടിയെടുത്തതിന്റെ കഥയാണത്. അന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാലും സവര്‍ണ്ണര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. സവര്‍ണ്ണര്‍ ബ്രാഹ്മണിസത്തിന്റെ സംരക്ഷക രായി രുന്നു. ബ്രാഹ്മണര്‍ സര്‍ക്കാരിനും മുകളിലായിരുന്നു. സര്‍ക്കാരിന്റെ ഉദ്ദ്യോഗസ്ഥന്‍മാരെല്ലാ വരും തന്നെ സവര്‍ണ്ണരാ യിരുന്നു. രാജാവിനു പലപ്പോഴും പലകാര്യ ങ്ങളിലും ബ്രിട്ടീഷ് ഗവണ്‍മെന്റെിനെയും അവരുടെ ഇവിടുത്തെ ഏജന്റായ റസിഡണ്ടിനെയും അനുസരിക്കേണ്ടി യിരുന്നതുകൊണ്ട് ഉദ്യോഗസ്ഥന്‍മാരോളം സവര്‍ണ്ണതാല്പര്യം സംരക്ഷിക്കുക സാധ്യമായിരുന്നില്ല. ആ കുറവാണ് ഉദ്യോഗസ്ഥന്‍മാര്‍ പരിഹരിച്ചു കൊണ്ടിരുന്നത്. രാജ്യം ഭരിച്ചുകൊണ്ടിരുന്നത് രാജാവാണെങ്കിലും രാജാവല്ല കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത്. ബ്രാഹ്മണിസവും ബ്രാഹ്മണിസത്തിന്റെ ഉദ്യോഗസ്ഥ സവര്‍ണ്ണ മേധാവികളുമായിരുന്നു.

ഇന്നും രാജ്യത്തിന്റെ സ്ഥിതി ഏതാണ്ട്അതുതന്നെയാണ്. അയോധ്യാപ്രശ്‌നത്തില്‍ കോടതിവിധി എന്തായിരുന്നാലും തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുക എന്ന തങ്ങളുടെ നിലപാടില്‍ നിന്നും ഒട്ടും പിന്നോക്കം പോകുകയില്ല എന്നു മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന തിന്റെ അര്‍ത്ഥമെന്താണ്? കോടതിയും നീതിന്യായവുമൊന്നും തങ്ങളെ ബാധിക്കുകയില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതിനു ശേഷവും അങ്ങനെ ചെയ്തവര്‍ സ്വതന്ത്രരായി നടക്കുന്നതിന്റെ അര്‍ത്ഥമെ ന്താണ്? ഭരണഘടന യുടെ ഈ നിഷേധം പുഞ്ചിരിച്ചുകൊണ്ട് നോക്കിനില്‍ക്കുന്ന ഭരണാധികാരികളുടെ ലക്ഷ്യമെന്ത്? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ തിരുവിതാംകൂറിലെ ബ്രാഹ്മണിസ്റ്റു കളില്‍നിന്നും ഒട്ടും മാറ്റം വന്നവരല്ല ഇന്നത്തെ അഖിലേന്ത്യാ ബ്രാഹ്മണിസ്റ്റുകള്‍. അതിനര്‍ത്ഥം അയ്യന്‍കാളിയുടെ കാലത്ത് ദലിതര്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിലേക്ക് ഇന്ത്യയിലെ ദലിതര്‍ മടങ്ങിപ്പോയികൊണ്ടി രിക്കുകയാണ് എന്നത്രേ. 

കാര്‍ഷിക പണിമുടക്കിന്റെ വിജയകരമായ പരിസമാപ്തിക്കു ശേഷം ഒട്ടേറെ കള്ളക്കേസുകള്‍ അയ്യന്‍കാളിയുടെ അനുയായി കളുടെ മേല്‍ പോലീസ് ചാര്‍ജ്ജുചെയ്തു. അയ്യന്‍കാളിയുടെ തലയ്ക്ക് സവര്‍ണ്ണര്‍ വില നിശ്ചയിച്ചു . അയ്യന്‍കാളിയെ ഒറ്റപ്പെടുത്തുവാന്‍വേണ്ടി യാക്കൂബ് ചട്ടമ്പി എന്ന് പേരെടുത്ത ഒരു അനുയായിയെ പോലിസ് അകാരണമായി തടങ്കലില്‍വച്ചു. അയ്യന്‍കാളി പോലീസ് സ്‌റ്റേഷന്റെ വാതില്‍ക്കല്‍ അയാളെ വിട്ടയക്കുന്നതുവരെ കുത്തിയിരുന്ന് അയാളെ മോചിപ്പിച്ചു. ഘെരാവോ. അയ്യന്‍കാളി ആദ്യം പണിമുടക്കിനു നേതൃത്വം കൊടുത്ത ആള്‍ മാത്രമല്ല, ഇന്ത്യയില്‍ ആദ്യം ഘെരാവൊ നടത്തിയതും അദ്ദേഹം തന്നെയാണ്. പോലീസ് സ്‌റ്റേഷന്റെ വാതിക്കല്‍ പ്രജാ സഭാമെമ്പര്‍ (എം. എല്‍.സി) കുത്തിയിരുന്നു കാര്യം സാധിക്കുന്നതല്ലെയഥാര്‍ത്ഥ ഘെരാവോ?

1913 ല്‍ 2000 അവര്‍ണ്ണക്കുട്ടികള്‍ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന തിരുവിതാംകൂറില്‍ (മിഷനറിമാരുടെ പള്ളിക്കൂ ടങ്ങളില്‍) 1916 ല്‍ 10916 കുട്ടികളും 1917 ല്‍ 17753 കുട്ടികളും വിദ്യാലയത്തില്‍ പോകുന്ന നിലവന്നത് പ്രസ്തുത സമരത്തിന്റെ വിജയത്തിന്റെ ഫലമാണ്. നാലുവര്‍ഷം കൊണ്ട് അവരുടെ സംഖ്യ എട്ടിരട്ടിക്ക് മേലായി.17 1913 കഴിഞ്ഞ് പിന്നെ 'മിതവാദി' കണക്കുപറയുന്നത് 1916 ലേതാണ്. 1914-15 ല്‍ കുട്ടികള്‍ പഴയ സംഖ്യതന്നെ ആയിരിക്കാം. മാറ്റം ഉണ്ടാകുന്നത് 1916 ലാണ്. 1914 ല്‍ സമരം നടന്നുവെന്നതിന് അതും മതിയായ തെളിവാണ്. സമരഫലമായി അവര്‍ണ്ണകുട്ടികളെ ക്ലാസ്സില്‍ സവര്‍ണ്ണര്‍ക്കുട്ടി കള്‍ക്ക് ഒപ്പം ഇരുത്തേണ്ടിവന്നു. എങ്കിലും ചില യാഥാസ്ഥിതി കകേന്ദ്രങ്ങളിലെ സ്‌കൂളുകളില്‍ പുലയകുട്ടികള്‍ക്കുള്ള ബഞ്ചിന്റെ കാല് മണ്ണില്‍ കുഴിച്ചുതാഴ്ത്തി അവരെ പൊക്കം കുറഞ്ഞ ബെഞ്ചിലിരുത്തി തൃപ്തിയടഞ്ഞു.

എന്നാല്‍ അന്ന് അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനു വേറെയും ഒട്ടേറെ തടസ്സുണ്ടായിരുന്നു. സ്‌കൂളിലെ ഫീസ് കൊടുക്കുക എന്നത് രക്ഷാകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതി ലേറെയായിരുന്നു. ഫീസിളവോ മറ്റ് ആനുകൂല്യ ങ്ങളോ ഒന്നും അവര്‍ക്കില്ലായിരുന്നു. പ്രൈമറി ക്ലസുകളിലും അന്നു ഫീസുണ്ടായിരുന്നു. അതിനാല്‍ പലരും വിദ്യാഭ്യാസം ഉപേക്ഷിച്ചു.

അയ്യന്‍കാളി വീണ്ടും ദിവാനെ ചെന്നുകണ്ടു. സമരത്തിനു മുമ്പുതന്നെ അതിനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചിരുന്നു. 1910 ലാണ് ആദ്യത്തെ നിവേദനം സമര്‍പ്പിച്ചത്. അന്നത്തെ വിദ്യാഭ്യാസഡയറക്ടര്‍ ഡോ. ഏ. സി. മിച്ചലിനെ അതു സംബന്ധിച്ചുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ദിവാന്‍ ചുമതലപ്പെടുത്തി. മിച്ചല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനവ ര്‍ഗ്ഗങ്ങളുടെ ഫീസിളവിന് അനുകൂലമായിരുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന്‌രൂപാ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. രൂപയുടെ മൂല്യം വളരെ കൂടിയിരുന്ന അക്കാലത്ത് ഒരു പ്രൈമറിസ്‌കൂള്‍ അദ്ധ്യാപകന്റെ ശമ്പളത്തോടെപ്പമുള്ള തുക കൈപ്പറ്റികൊണ്ടാണ് അന്ന് ഓരോ അവര്‍ണ്ണ വിദ്യാര്‍ത്ഥിയും പഠനം തുടര്‍ന്നത്. ഏതു സവര്‍ണ്ണ അദ്ധ്യാപകന്റെ ക്ലാസ്സിലും അദ്ധ്യാപകനു തുല്യമായ പാരിതോഷികം വാങ്ങിക്കൊണ്ട് ഏതു സവര്‍ണ്ണ വിദ്യാര്‍ത്ഥിക്കും ഒപ്പമിരുന്നു വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമാണ് അയ്യന്‍കാളി നേടിയെടുത്തത്. അങ്ങിനെയാണ് പണിമുടക്ക് പൂര്‍ണ്ണ വിജയത്തിലെത്തിയത്.