"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എ ക്ക് അയച്ച കത്തുകള്‍ 1 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍

ഇ കണ്ണന്‍ എംഎല്‍എ 

കേരള സംസ്ഥാനമായി പുനസംഘടിപ്പിക്കപ്പെട്ട ഈ പ്രദേശത്ത് അധിവസി ച്ചിരുന്ന അസ്പൃശ്യരുടെ പ്രശ്‌നങ്ങള്‍ അംബേഡ്കര്‍ അറിഞ്ഞിരുന്നത് മലബാര്‍ സംസ്ഥാനത്തെ എംഎല്‍എ ആയിരുന്ന ഈ കണ്ണന്‍ അയച്ചുകൊടുത്ത കത്തുകള്‍ മുഖേനയാണ്. പഠനാവശ്യങ്ങള്‍ക്കും മറ്റുമായി വിദേശത്തായിരുന്ന കാലഘട്ടത്തില്‍ പോലും അംബേഡ്കര്‍ ആ കത്തുകള്‍ക്കെല്ലാം മറുപടി അയച്ചിരുന്നുവെന്ന വസ്തുത അദ്ദേഹത്തിന്റെ മഹത്വത്തിനുള്ള മറ്റൊരു നിദര്‍ശനമാണ്. ഇ കണ്ണന്‍ എംഎല്‍എ അന്തരിച്ചപ്പോള്‍, അംബേഡ്കര്‍ അയച്ചുകൊടുത്ത മറുപടിക്കത്തുകള്‍ സമാഹരിച്ച്, ജീവിതപങ്കാളിയായിരുന്ന ദ്രൗപദി ദേവി ജാഥവ്, ചിതാഭസ്മം കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്യാന്‍ കൊണ്ടു പോയ വഴിമധ്യേ തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഇ കണ്ണന്റെ ഉറ്റ ചങ്ങാതിയായ സി സി കുഞ്ഞനെ ഏല്‍പിച്ചു. സി സി കുഞ്ഞന്‍ ഈയിടെ ആ കത്തുകള്‍ക്ക് ആമുഖം എഴുതിച്ചേര്‍ത്ത്, ഡിറ്റിപി എടുത്ത് പുസ്തക രൂപത്തിലാക്കുകയുണ്ടായി. രണ്ട് പ്രതികളേ പ്രസ്തുത പുസ്തകത്തിന് ഉണ്ടായിട്ടുള്ളൂ. ഒരെണ്ണം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്തെ ത്തിയപ്പോള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചു. ഒരു ദുഃഖയാഥാര്‍ത്ഥ്യമെന്തെന്നാല്‍, അംബേഡ്കര്‍ എഴുതിയ കത്തുകളുടെ അസ്സല്‍ ഡിറ്റിപി സെന്റെറില്‍ വെച്ചു നഷ്ടപ്പെട്ടു എന്നതാണ്. അംബേഡ്കര്‍ അയച്ച ഈ മറുപടിക്കത്തുകളില്‍ നിന്ന് എന്തൊക്കെ പ്രശ്‌നങ്ങളാണ് ഇ കണ്ണന്‍ എഴുതി അറിയിച്ചിരുന്നതെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ. ചില കത്തുകള്‍ ഡോ. അംബേഡ്കര്‍ തന്റെ കൃതികളില്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളത് സമ്പൂര്‍ണ കൃതികളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടല്ലോ.

ഈ കത്തുകളും ഇ കണ്ണന്‍ എംഎല്‍എയുടെ ഒരു ഫോട്ടോയും ഇത്രയും നാള്‍ കാത്തുരക്ഷിച്ചതിലും അവ കൈമാറിയതിനും സി സി കുഞ്ഞനോട് കടപ്പെട്ടിരിക്കുന്നു. വയലാര്‍ ഓമനക്കുട്ടനാണ് കത്തുകള്‍ പരിഭാഷപ്പെടുത്തുന്നത്. ആദ്യത്തെ കത്ത് ചുവടെ ചേര്‍ക്കുന്നു;

ഭീം റാവു അംബേഡ്കര്‍                                                         ദാമോദര്‍ ഹാള്‍

MA., Ph.D., DSc.                                                              പരേന്‍, ബോംബെ - 12
ബാര്‍ - അറ്റ് - ലോ.                                                            1-8-1930

പ്രിയപ്പെട്ട കണ്ണന്,

താങ്കളുടെ കത്ത് ജൂലൈ 26 ആംതിയതി എനിക്ക് ലഭിച്ചു. താങ്കള്‍ നാഗ്പൂരിലേക്ക് വരികയാണെന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ദയവായി, മദ്രാസ് പ്രസിഡന്‍സിയിലുള്ള നമ്മുടെ ആളുകളെ കഴിയുന്നത്രയും താങ്കളോടൊപ്പം കൊണ്ടുവരിക.

താങ്കളുടെ പ്രസ്താവനയില്‍ ഉല്‍ച്ചേര്‍ത്തിരിക്കുന്ന ദൃഢനിശ്ചയത്തെ പരിഗണിക്കു മ്പോള്‍ എനിക്കതിനോട് ഏറെ സഹാനുഭൂതിയുണ്ട്. എന്നാല്‍ അത് നമ്മള്‍ മീറ്റിംഗിനു മുമ്പാകെ അവതരിപ്പിക്കേണ്ടതുണ്ട് എന്നതിനോടും ഭൂരിഭാഗത്തിന്റെ അഭിപ്രായ ത്തോട് യോജിക്കേണ്ടതുണ്ട് എന്നതിനോടും താങ്കള്‍ യോജിക്കുമെന്ന് ഞാന്‍ കരുതുന്നു.

സമയലാഭത്തിനു വേണ്ടി 7 ആം തിയതി വരാനായി നമ്മള്‍ തെരഞ്ഞെടുത്തിരിക്കുന്ന അത്തരം നേതാക്കന്മാരുടെ ഒരു മീറ്റിംഗ്, കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മീറ്റിംഗിന്റെ ഒരുദിവസം മുമ്പേ വിളിച്ചു ചേര്‍ത്ത്, അതിനു മുമ്പ് അവതരിപ്പിക്കേണ്ട തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന കാര്യം ഞാന്‍ താങ്കളെ അറിയിച്ചു കൊള്ളട്ടെ. അതിനാല്‍ 7 ആം തിയതി രാവിലെ തന്നെ താങ്കള്‍ക്ക് നാഗ്പൂരിലേക്ക് വരാന്‍ കഴിയുമെങ്കില്‍ ഞാന്‍ അതീവ സന്തോഷവാനായിരിക്കും.

സ്‌നേഹത്തോടെ,
താങ്കളുടെ സ്വന്തം
ബി ആര്‍ അംബേഡ്കര്‍.