"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

പി.ജെ.തങ്കപ്പന്‍ (വാഴ്ച്ചയുഗ തിരുമേനി) 1927-1984 - സരിന്ബാബു / തരുണ്‍ തങ്കച്ചന്‍1103 ചിങ്ങം 9ന് (1927 ഓഗസ്റ്റ്‌ 25) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകനായ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെയും (പൊയ്കയില്‍ അപ്പച്ചന്‍) സഹധര്‍മ്മിണി ദിവ്യ മാതാവിന്റെയും (വി.ജാനമ്മ) രണ്ടാമത്തെ പുത്രനായി ഇരവിപേരൂരില്‍ ജനിച്ചു. ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് ഹൈസ്കൂളില്‍ നിന്നും അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍റെ ശരീര വേര്‍പാടിനു ശേഷം സഭ നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നതായി കാണാം. അധികാര തര്‍ക്കങ്ങളും, സ്വത്ത് സംബന്ധമായ കേസ്സുകളും, ആഭ്യന്തര കലഹങ്ങളുമൊക്കെ സഭയെ അസ്ഥിരമാക്കുന്ന സ്ഥിതി സംജാതമായി. ഗുരുദേവന്റെ സഹധര്‍മ്മിണി ദിവ്യ മാതാവ് (വി.ജാനമ്മ) സഭയുടെ പ്രസിഡണ്ട്‌ ആവുന്നതോടെയാണ് ആഭ്യന്തരമായി ഉടലെടുത്ത ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത്. സഭയ്ക്ക് ശക്തമായ അടിത്തറ നിര്‍മ്മിച്ചെടുക്കുക എന്നതായിരുന്നു അന്ന് അടിയന്തിരമായി വേണ്ടിയിരുന്നത്. അതിനാല്‍ തിരുമേനി സഭയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

സഭയിലെ യുവജനങ്ങളുടെ ആവ്ഷിക്കാരമണ്ഡലം വികസിക്കുന്നതിനു നിരവധി കലാസാംസ്കാരിക മേഖലകളിലൂടെ അവരെ സംഘടിപ്പിച്ചു സഭയ്ക്കും സമൂഹത്തിനു മുതല്‍കൂട്ടാവുന്ന തരത്തില്‍ ഗുരുദേവ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ തിരുമേനി നേതൃത്വം നല്കി. ജീവനും ശരീരവും ഉള്‍ക്കൊള്ളുന്ന മനുഷ്യ ജന്മം സൃഷ്ടിപരതയുടെ അനസ്യൂത ഉറവിടമാണെന്നും അത് സത്യത്തിന്‍റെ നിലനില്‍പ്പിനായി നയിക്കണമെന്നും തിരുമേനി ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.

 ഇന്ന് നിലവില്‍ സഭയുടെ എല്ലാ ഭൗതികശ്രോതസുകള്‍ക്കും കാരണഭൂതനായും അതിന്‍റെ വളര്‍ച്ചയ്ക്കു അടിസ്ഥാനം പാകപ്പെടുത്തിയതും അദ്ദേഹത്തിന്റെ ഭാവനയാണ്.

യുവജനസംഘവും മഹിളാ സമാജവും

യുവജന പ്രസ്ഥാനം പി. ജോണ്‍ മെമ്മോറിയല്‍ യൂത്ത് ലീഗ് എന്ന പേരില്‍ അഭിവന്ദ്യ ആചാര്യ ഗുരുവിനാലാണ് (ശ്രീ കുമാര ഗുരുദേവന്റെ ആദ്യ പുത്രന്‍) ആരംഭംകുറിച്ചത്. പിന്നീട് പി. ആര്‍.ഡി.എസ്. ' യൂത്ത് ലീഗ്' എന്ന പേരില്‍ സഭയുടെ വിവിധ ശാഖകളിലൂടെ  അത് വളര്‍ത്തുകയും ചെയ്തു. 1962 ല്‍ ' യുവജനസംഘം' എന്നു പുനര്‍ നാമകരണം ചെയ്തു ഈ പ്രസ്ഥാനത്തെ വിപുലമായ പ്രവര്‍ത്തന മേഖലകളിലേക്ക് നയിച്ചത് തിരുമേനിയായിരുന്നു. യൗവ്വനത്തിന്‍റെ തുടിപ്പുകള്‍ ഒരു ജനതയുടെ  മുന്നേറ്റത്തിനു അനിവാ രക്യമാകയാല്‍ ഗുരുദേവ ആശയം പ്രചരിപ്പിക്കുന്നതിനും കാലഘട്ടത്തിന നുസരിച്ച് സഭയുടെ നെടുംതൂണായി അവ മാറേണ്ടതാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് ' യുവജനസംഘം' ആരംഭിച്ച് ലക്ഷ്യം കുറിച്ചത്.

കുഞ്ഞുളേച്ചി മാതാ1 മഹിളാസമാജം' എന്ന നാമത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ ആവ്ഷ്ക്കരിച്ചത് തിരുമേനിയുടെ ശ്രമഫലമായാണ്. ഗുരുദേവന്‍റെ ശരീര കാലങ്ങളില്‍ നിലവിലിരുന്ന " അമ്മമാരുടെ കൂട്ടായ്മ" അടിമജനതയുടെ ശിഥിലമായ ബന്ധങ്ങളെ ഒരു കുടുംബ വ്യവസ്ഥയിലേക്ക് കൊണ്ടു വന്നപ്പോള്‍ പിന്നീട് മഹിളാ സമാജ രൂപീകരണത്തോടെ  സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസതലത്തില്‍ സ്ത്രീയുടെ പങ്കാളിത്തം അനിഷ്യേധ്യമാണെന്ന് ഉത്ബോധിപ്പിക്കുകയായിരുന്നു.

അഭിവന്ദ്യ ആചാര്യ ഗുരുവിനാല്‍ ആരംഭിച്ച സ്റ്റഡി ക്ലാസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതും  കുമാരദാസ സംഘ2ത്തിന്‍റെ ഊര്‍ജ്ജിതമായ സേവനങ്ങള്‍ ഉറപ്പ് വരുത്തിയതും സഭാ പ്രവര്‍ത്തനത്തില്‍ തിരുമേനിയാല്‍ ആവിര്‍ഭവിച്ച  വികസ്വരമാനത്തെ ചൂണ്ടിക്കാട്ടുന്നവയാണ്.

ആദിയര്‍ദീപം

എഴുത്തധികാരത്തിന്‍റെ പുത്തന്‍ മാതൃക തുറന്നു കൊണ്ടായിരുന്നു പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസിദ്ധീകരണ രംഗത്ത് തുടക്കം കുറിച്ചത്. സാധുജന പരിപാലിനി, ചെരമര്‍ദൂത് പോലുള്ള ആദ്യകാല ദളിത്‌ പ്രസിദ്ധീകരണങ്ങള്‍ പ്രവര്‍ത്തന ക്ഷമമായ സാഹചര്യത്തിലാണ് ആദിയര്‍ ദീപം പ്രസിദ്ധീകരിക്ക പ്പെട്ടത്. 1963 ല്‍പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ കീഴില്‍ കോട്ടയം കേന്ദ്രമാക്കി യാണ് തിരുമേനി ആദിയര്‍ ദീപത്തിന്റെ സാരഥ്യം വഹിച്ചത്. കേവലം സ്ഥാപക പത്രാധിപരായി നിലകൊള്ളാതെ ഗുരുദേവ ആശയങ്ങള്‍  പ്രചരിപ്പിക്കുവാനും സഭയുടെയും ദലിത് വിഭാഗങ്ങളുടെയും അവസ്ഥകളെ ലോകത്തെ അറിയിക്കുവാന്‍ മാസികയെ പ്രാപ്തമാക്കിയിരുന്നു. 1963 നവംബര്‍ 15ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.എം.പി.ഗോവിന്ദന്‍ നായരാണ് പ്രഥമ ലക്കം പ്രകാശനം ചെയ്തത്. സഭയുടെ മുഖപത്രം ആയി നില്‍ക്കുമ്പോഴും നിരവധി മുഖ്യധാരാ എഴുത്ത്കാരും കവികളും ആദിയര്‍ ദീപത്തിനു വേണ്ടി തൂലിക ചലിപ്പിച്ചത് മാസികയുടെ ജനാധിപത്യ സ്വഭാവത്തെയും ബഹുസ്വരതയെയുമാണ്‌ ചൂണ്ടികാട്ടുന്നത്. അതിനു ഉദാഹരണമാണ് 1969ല്‍ ആദിയര്‍ ദീപം വാര്‍ഷിക പതിപ്പില്‍ കെ.പി.കേശവ മേനോന്‍ എഴുതിയ അംബേദ്‌ക്കറുടെ ജീവചരിത്രം.മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്ര ലേഖനവും ആദിയര്‍ ദീപത്തിന്റെ ആദ്യകാല പതിപ്പുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ജോസഫ് ഇടമറുക്, ഇളംകുളം കുഞ്ഞന്‍പിള്ള, ശൂരനാട്ട് കുഞ്ഞന്‍പിള്ള തുടങ്ങി അന്ന് ജീവിച്ചിരുന്ന പ്രമുഖരായവരുടെ രചനകള്‍ അക്കാലത്ത് മാസികയിലൂടെ അച്ചടിച്ചു പുറത്തുവന്നു എന്നത് ശ്രദ്ധേയമാണ്. ഭാരതദീപം എന്ന പത്രത്തിന്‍റെയും ആദിയര്‍ദീപത്തിന്‍റെയും ഇംഗ്ലീഷ് പതിപ്പിന്‍റെയും പ്രാരംഭ ജോലികള്‍ വാഴ്ച്ചയുഗ തിരുമേനിയുടെ അധ്യക്ഷതയില്‍ ആരംഭിച്ചിരുന്നു. അഭിവന്ദ്യ ആചാര്യ ഗുരുവിന്‍റെയും തിരുമേനിയുടെയും രചനകള്‍ പുറത്തു വന്നത്  ആദിയര്‍ദീപത്തിലൂടെയാണ്.

 തിരുമേനി നിരവധി തവണ ആദിയര്‍ദീപത്തിലൂടെ ദളിതര്‍ക്ക് വേണ്ടി ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നതായി അദ്ധേഹത്തിന്റെ പത്രാധിപക്കുറിപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. കൊളനിവല്‍ക്കരണത്തില്‍ പത്ത് സെന്റ്‌ ഭൂമിയും വീടിനും പകരം രണ്ടേക്കര്‍ ഭൂമിയും വീടും നല്‍കണമെന്നും അവിടെ കൃഷിക്കായി സൗജന്യ വളങ്ങള്‍, വിദ്യാഭ്യാസ സൗകര്യം,കുടില്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള സഹായം സര്‍ക്കാര്‍ നല്‍കണമെന്ന് ആദിയര്‍ദീപത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. അനവധി സംഘടനകള്‍ക്ക് കീഴില്‍ ദളിതര്‍ ആശക്തരാണെന്നും ഒരു പൊതു സംഘടനക്ക് കീഴില്‍ ഏവരും ഒന്നിച്ചെന്കിലെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിനായി തിരുവനന്തപുരം കേന്ദ്രീകരിച്ച് ചില സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാലവ ലക്ഷ്യം കാണാതെ പൊയി. പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്റെ ജീവചരിത്രം ആദ്യമായി ആദിയര്‍ ദീപത്തിലാണ് പ്രസിദ്ധീകരിച്ചത്. തിരുമേനിയുടെ അശ്രാന്ത പരിശ്രമ ഫലമായിട്ടാണ് ജീവചരിത്രം പൂര്ത്തീകരിക്കുവാനായത്. തിരുമേനി തയ്യാറാക്കിയ ജീവചരിത്രത്തെ ആധാരമാക്കിയാണ് മറ്റ് ജീവചരിത്രങ്ങള്‍ രചിക്കപ്പെട്ടത്. റ്റി.എച്ച്.പി. ചെന്താരശ്ശേരി, കെ.കെ.കൊച്ച്,പി.ജി.സനല്‍ മോഹന്‍,സാറാ ജോസഫ്‌ തൊട്ട് ഉണ്ണി.ആര്‍ വരെയുള്ളവര്‍ മാത്രമല്ല നിലവില്‍ പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവനെയും ഗുരുദേവ ദാര്ശനീകതയെയും അപഗ്രഥിക്കുന്നവരുടെ ഏറ്റവും വലിയ സ്രോതസ്സ് ആദിയര്‍ ദീപമാണ്.

ആചാര്യ കലാക്ഷേത്രം

ഗുരുദേവ ശരീര കാലത്ത് പാട്ടുകളിലൂടെ വാമൊഴിയായി പകര്‍ന്ന സത്യദര്‍ശനങ്ങള്‍ക്ക് കലാപരമായ മാനം നല്‍കി വ്യാഖ്യാനിച്ചത് ഈ കാലത്താണ്. സംഗീത പരിഷ്ക്കാരങ്ങള്‍, നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍ തുടങ്ങിയ വിവിധ കലകളിലൂടെ ആവിഷ്ക്കാര സ്വാതന്ത്ര്യം സര്‍ഗ്ഗശേഷിയും പ്രഖ്യാപിച്ചു കൊണ്ട് ഗുരുദേവ സത്യം ജനതയുടെ അന്തര്‍ധാരയിലെത്തിച്ചത് തിരുമേനിയുടെ ആശയുടെയും ആഗ്രഹത്തിന്‍റെയും ഭാഗമായാണ്.
ഗുരുദേവ ജന്മദിന സ്മാരക സ്റ്റേജ് പൂര്‍ത്തിയാക്കി സഭയ്ക്ക് സ്വന്തമായി ശബ്ദസംവിധാനം ഏര്‍പ്പെടുത്തിയതും ഈ പ്രവര്‍ത്തനത്തിന്‍റെ ചുവടു പിടിച്ചായിരുന്നു. സംഗീതം, ചിത്രരചന , നാടകങ്ങള്‍ എന്നിവയ്ക്കു പ്രത്യേക ക്യാമ്പുകള്‍ രൂപീകരിച്ച് വിവിധ സ്റ്റേജുകളില്‍ അരങ്ങേറുക വഴി സര്‍ഗ്ഗശേഷിയുടെ പുതിയ ഉറവകള്‍ തുറക്കുകയായിരുന്നു. " സ്വര്‍ഗ്ഗം ഭൂമിയിലാണ്" " ഇന്നല്ലെങ്കില്‍ നാളെ" ' പുതിയ വെളിച്ചം' തുടങ്ങിയ നാടകങ്ങള്‍ രചിച്ചു ആവിഷ്കരിച്ചതു വഴി പൂര്‍വ്വ - വര്‍ത്തമാനകാലങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

ഛായാ ചിത്രങ്ങള്‍

പ്രത്യക്ഷ രക്ഷാ ദൈവസഭ ഉപയോഗിക്കുന്നതും പ്രാചാരത്തിലുള്ളതുമായ ഗുരുദേവ ഛായാചിത്രവും ളേച്ചിമാതാ ഛായാചിത്രവും ആവിഷ്ക്കരിച്ചത് തിരുമേനിയുടെ നിര്‍ദ്ധേശ പ്രകാരമാണ്. അതിനു വേണ്ടുന്ന സാങ്കേതിക സഹായവും തത്വവുമേകി വേണ്ടുന്ന രീതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. സഭയിലെ ജനങ്ങള്‍ക്ക് അക്കാലത്ത് അന്യമായിരുന്ന ചിത്രകലാ ജ്ഞാനം വേണ്ടുന്ന പരിശീലനം ഏര്‍പ്പെടുത്തി നേടിയെടുക്കുവാന്‍ സഹായകമായത് തിരുമേനിയുടെ കൃത്യമായ ഇടപെടലുകളായിരുന്നു. ഇന്ന് ഇരവേരി വിശുദ്ധ മണ്ഡപത്തില്‍ വച്ചിരിക്കുന്ന ഗുരുദേവന്‍റെ ഛായാചിത്രവും മന്ദിരങ്ങളിലും ഭവനങ്ങളിലും ഉപയോഗി ക്കുന്ന ഗുരുദേവന്‍റെയും ളേച്ചിമാതാവിന്റെയും ഛായചിത്രങ്ങള്‍ യാഥാര്‍ത്ഥ്യമായത് ഇപ്രകാരമാണ്. ആദിയര്‍ദീപത്തിനും  ആചാര്യ കലാക്ഷ്രേത്രത്തിലും തനതായ മുദ്രകള്‍ രൂപകല്പന ചെയ്യുന്നതിലും ആശയാവിഷ്ക്കാരത്തിലും തിരുമേനിയുടെ ജ്ഞാനമാണ് അടിസ്ഥാനമാ യിട്ടുള്ളത്.

ഛായാ ചിത്രരചനകളിലും വിവിധമുദ്രകളുടെ രചനകള്‍ നിര്‍വ്വഹിച്ച ആര്‍ട്ടിസ്റ്റ് സി.അപ്പുവും ആര്‍ട്ടിസ്റ്റ് ജോണ്‍, കെ.എസ്. വിജയകുമാര്‍, കെ.ബി. ആര്‍ ബാബു തുടങ്ങിയവര്‍ക്ക് പ്രചോദനവും  നിര്‍ദ്ധേശവും നല്‍കിയിരുന്നു.

അടിമസ്മാരക സതംഭം

പി.ആര്‍.ഡി.എസിന്‍റെ അടിസ്ഥാന വിഷയങ്ങളിലൊന്നാണ് അടിമവിഷയം. അതു കൂടാതെ സഭയെ അവതരിപ്പിക്കാനാവുകയുമില്ല. അടിമയില്‍ നിന്ന് ഗുരുബോധത്തിലേക്കും അധികാരത്തിലേക്കും നയിക്കപ്പെട്ടപ്പോള്‍ പൂര്‍വ്വാവസ്ഥയുടെ സ്മാരകം അനിവാര്യമാണ്. അടിമാനുഭവത്തിന് ചരിത്രം രേഖപ്പെടുത്തുവാനും, ആ യാതനകള്‍ നാമാവിശേഷമായ ആത്മാക്കളുടെ സ്മരണ നിലനിര്‍ത്തുന്നതാണ്. അടിമ സ്മാരക സതംഭം അതിന്‍റെ രൂപകല്പന നിര്‍മ്മിതി എന്നിവ തിരുമേനിയുടെ സംഭാവനയാണ്. ഇരവിപേരൂരിലെ വിശുദ്ധ മണ്ഡപത്തിനുമുന്നിലെ കൊടിമരം യാഥാര്‍ത്ഥ്യമാകാന്‍ കാരണ മായതും വാഴ്ച്ചയുഗ തിരുമേനിയാണ്.

ളേച്ചി മാതാ മണ്ഡപത്തിനു വേണ്ടുന്ന സ്ഥലം വാങ്ങുവാന്‍ ഫണ്ടു രൂപീക രിച്ചതും അതിന്‍റെ എല്ലാ നടപടികള്‍ക്കും നേതൃത്വം നല്‍കി ജന്മസ്ഥാനത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിയ ജ്ഞാന ഉറവിടമായിരുന്നു തിരുമേനി..

വരും തലമുറക്ക് തന്റെ ശരീരം കാണാന്‍ പറ്റും വിധം സൂക്ഷിക്കണം എന്ന് ശരീര വേര്‍പാടിന് മുന്പ് ശ്രീ കുമാര ഗുരുദേവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അത് സാധ്യമായിരുന്നില്ല. അതിനാല്‍  1969 ല്‍ അഭിവന്ദ്യ ആചാര്യ ഗുരുവിന്‍റെ ശരീരമാറ്റത്തോടനുബന്ധിച്ച് ഗുരുദേവനോട്‌ സാദ്രിശ്യമുള്ള ആ ശരീരം കണ്ണാടി പേടകത്തില്‍ സൂക്ഷിക്കാനും തലമുറകള്‍ക്ക് ആചാര്യന്‍റെ ശരീരം ദര്‍ശിക്കാന്‍ തക്ക വിധത്തില്‍ അഭിഷേകം ചെയ്തത് വാഴ്ച്ചയുഗ തിരുമേനിയുടെ നിര്‍ദേശപ്രകാരമായിരുന്നു. അദ്ധേഹത്തിന്റെ ഇത്തരം കര്‍മ്മോന്മുഖമായ ഇടപെടലുകള്‍ സഭയ്ക്കും സഭാജനങ്ങള്‍ക്കും വിവിധങ്ങളായ മാറ്റങ്ങളും മുന്നേറ്റങ്ങളും സാധ്യമാക്കാന്‍ ഇടയാക്കി.
പ്രത്യക്ഷ രക്ഷാ ദൈവ സഭയെ സാമുഹികവും രാഷ്ട്രീയവും കലാപരവും അധ്യാത്മികവുമായ വിധത്തില്‍ നവീകരിക്കുകയും പരിഷ്ക്കരിക്കുകയും ചെയ്തത് തിരുമേനിയാണ്. കേവലം വിശ്വാസ പ്രസ്ഥാനമായി കാണാതെ സാമൂഹിക പ്രസ്ഥാനമായി കണ്ടാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്. സഭയുടെ ഔദ്യോഗിക രംഗത്ത് യുവജന സംഘത്തിന്റെ പ്രസിഡണ്ട്‌ ആയും,  ഹൈകൗണ്‍സില്‍ ചെയര്‍മാനായും, പിന്നീട് അടിയന്തിര സന്ദര്‍ഭത്തില്‍ ആക്ടിംഗ് പ്രസിഡന്‍റ് ആയും, ആദിയര്‍ ദീപത്തിന്റെ പത്രാധിപരായും സ്തുത്യര്ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1984 ജനുവരി 13ന് അദ്ദേഹത്തിന്റെ ശരീരം വേര്പെട്ടു.

ളേച്ചി മാതാവ്‌ : ശ്രീ കുമാര ഗുരുദേവന്റെ മാതാവ്‌
കുമാര ദാസ സംഘം : പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ പോഷക വിഭാഗം

തയ്യാറാക്കിയത്: സരിന്ബാബു / തരുണ്‍ തങ്കച്ചന്‍
.

ഗ്രന്ഥസൂചിക

വിവിധ ആദിയര്‍ ദീപം പതിപ്പുകള്‍
വിവിധ സര്‍ക്കുലറുകള്‍
വി.വി.സ്വാമി/ഇ.വി.അനില്‍ : പ്രത്യക്ഷ രക്ഷാ ദൈവ സഭ : ഓര്‍മ്മ പാട്ട് ചരിത്ര രേഖകള്‍
തരുണ്‍.റ്റി. : മാധ്യമ വഴികളും നിര്‍മ്മിച്ചെടുത്ത എഴുത്തിടവും (ആചാര്യജ്യോതിസ്സ് ഉത്സവ പതിപ്പ് 2014)
വി.വി.സ്വാമി : ജ്ഞാനമാര്‍ഗ്ഗത്തിന്റെ ആവിഷ്ക്കാര രൂപങ്ങള്‍ (ആചാര്യജ്യോതിസ്സ് പ്രത്യേക പതിപ്പ് 2013)
വിവരങ്ങള്‍ നല്‍കിയവര്‍
കലാലയം തങ്കപ്പന്‍ (കരിമല)
കെ.ബി.ആര്‍.ബാബു (കോട്ടയം)
റ്റി.സി.കുഞ്ഞുമോന്‍ (കോട്ടയം)