"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എ ക്ക് അയച്ച കത്തുകള്‍: 2 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍


ഭീം റാവു അംബേഡ്കര്‍                                                                     ദാമോഗര്‍ ഹാള്‍,
M A, Ph.D, DSc, Bar - At - Law,                                                               പരേല്‍, ബോംബെ 12,
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൊണ്‍സില്‍,                          17 - ആഗസ്റ്റ് - 1930
ബോംബെ


പ്രിയപ്പെട്ട കണ്ണന്,

നാഗ്പൂരില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കഴിയുന്നത്രയും വേഗം താങ്കള്‍ക്ക് ഒരു കത്ത് എഴുതാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിരി ക്കുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, എന്റെ ഉദ്ദേശ്യം സാധിക്കാന്‍ പിന്നേയും ഒരാഴ്ച കൂടിയെടുത്തു. രണ്ടു കാരണങ്ങള്‍കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഒന്നാമത് ഞാന്‍ തിരിച്ചു വന്നതിനു ശേഷം എനിക്കുണ്ടായ ജോലിത്തിരക്ക്. മറ്റേത്, നാളെ മാത്രം ബോംബേയിലേക്ക് എത്തിച്ചേരുന്ന മിസ്റ്റര്‍ രാജ്‌ഭോജിന്റെ കൈവശമായിരുന്നു പുതിയ പ്രതിനിധികളുടെ മേല്‍വിലാസം എന്നുള്ളതുമാണ്. ആയതിനാല്‍ താങ്കളുടെ പുതിയ മേല്‍വിലാസമുള്ള ആ പേപ്പര്‍ സമയത്തിന് എനിക്ക് ലഭ്യാമായിരുന്നില്ല.

കത്തെഴുതാന്‍ താമസിച്ചു പോയെങ്കിലും ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ സഹിച്ച് താങ്കള്‍ നാഗ്പൂരില്‍ എന്നിച്ചേര്‍ന്നതിന് ഞാന്‍ താങ്കളോട് നന്ദി പറയുന്നു. നമ്മുടെ സമ്മേളനങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും അത് താങ്കളെ പോലെയുള്ള പൊതുപ്രവര്‍ത്തകരുടെ സഹകരണം ഒന്നുകൊണ്ടു മാത്രമാണ്. നമ്മളുടെ കൂട്ടായ പരിശ്രമത്താല്‍, മര്‍ദ്ദിതജനതയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള സമ്മേളനങ്ങള്‍ വിജയത്തിലെത്തിക്കാന്‍ നമുക്കു കഴിയുമെന്ന കാര്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്.

ഇത്തരം ഒരു നീക്കത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ അതിശയോക്തി കലര്‍ന്നതല്ലെന്ന വസ്തുത നിങ്ങളില്‍ പലരും ഇക്കാര്യത്തില്‍ പങ്കുവെച്ച കാഴ്ചപ്പാടുകളില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു.

നമ്മുടെ കേന്ദ്ര സംഘടന ഒരു സമ്പൂര്‍ണ വിജയമാക്കി മാറ്റുന്ന കാര്യത്തില്‍ ഞാന്‍ അതീവ തല്പരനാണ്. മദ്രാസ് പ്രസിഡന്‍സിയിലെ എല്ലാ സംഘടനാ നേതാക്കന്മാരോടും നിരന്തരം ബന്ധപ്പെട്ടിരിക്കുവാനും അവരുടെ ഐക്യം ഉറപ്പാക്കുവാനും ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരേയും ഒരേ കുടക്കീഴില്‍ അണിനിരത്തുവാനും പരസ്പരം സഹകരിപ്പിക്കുവാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന കാര്യത്തില്‍ താങ്ങള്‍ക്കുള്ള ശേഷിയില്‍ ഞാന്‍ അതീവ സംതൃപ്തനാണ്. അതിന് താങ്കള്‍ക്കുള്ള സ്വാതന്ത്ര്യം ആവുന്നത്ര വിനിയോഗിച്ച് ആ ചുമതല പൂര്‍ത്തിയാക്കുക.

ജനറല്‍ സെക്രട്ടറി സ്ഥാനമേറ്റിട്ട് താങ്കള്‍ കടമകള്‍ നിര്‍വഹിച്ച് തുടങ്ങിയോ? നമ്മുടെ കൂടെയുള്ളവരെല്ലാം വലിയവരാണ്. അവരുടെയെല്ലാം സ്വാതന്ത്ര്യ മോഹങ്ങള്‍ നിറവേറ്റാന്‍ താങ്കള്‍ക്കു കഴിയുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്.

ഏറെ സ്‌നേഹാദരങ്ങളോടെ,
ആത്മാര്‍ത്ഥതയോടെ താങ്കളുടെ സ്വന്തം
ബി ആര്‍ അംബേഡ്കര്‍