"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

സഹോദരന്‍ അയ്യപ്പന്‍ - സാമൂഹികമാറ്റത്തിന്റെ ചാലകശക്തി - ടി സി സുബ്രഹ്മണ്യന്‍


ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഭാഗമായി കേരളീയ സാമൂഹ്യ വ്യവസ്ഥയില്‍ 20-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം വരെ നില നിന്നിരുന്ന വിഭജിത ജാതികളും നൂറ്റി മുപ്പതോളം വരുന്ന ഉപജാതികളും ചിട്ടപ്പെടുത്തിയ അയിത്തം, (തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയില്‍പ്പെട്ടതുപോലും ദോഷം)ജ്യാത്യാടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം, അന്ധവിശ്വാസം തുടങ്ങിയ ദുരാചാരങ്ങള്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാവിധത്തില്‍ ഭീകരമായിരുന്നു കേരളത്തില്‍. ഇപ്രകാരം സങ്കല്‍പ്പിക്കാന്‍പോലും അസാദ്ധ്യമായ ചരിത്രഘട്ടത്തില്‍ അതു ശരിയായി വിലയിരുത്തുന്നതിനും പ്രതിരോധിക്കാനും നേതൃത്വം നല്‍കിയ സാമൂഹ്യ വിപ്ലവകാരിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍. ജാതിക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ഭൗതിക സാഹചര്യങ്ങളേയും ജ്ഞാനമണ്ഡലത്തേയും സാമൂഹ്യ മാറ്റത്തിനുള്ള ഉപാധികളായി ഏറ്റെടുത്ത സഹോദരന്‍ അയ്യപ്പന്‍ ആധുനിക കേരളത്തിന്റെ നവോത്ഥാനത്തില്‍ ചാലക ശക്തിയായചരിത്ര പുരുഷന്മാരില്‍ പ്രഥമഗണനീയനാണ്. അരനൂറ്റാണ്ടുകാലം നീണ്ടുനിന്ന സാമൂഹ്യ പുനര്‍നിര്‍മ്മിതിയുടെ കാലഘട്ടത്തില്‍ തന്റെ ജീവിതം തന്നെയാണ് സന്ദേശമെന്ന് സഹോദരന്‍ അയ്യപ്പന്‍ സ്വന്തം കര്‍മ്മമണ്ഡലംകൊണ്ട് കേരളീയര്‍ക്ക് അനുകരണീയ മാതൃകയായി. അയ്യപ്പന്‍, സഹോദരന്‍ അയ്യപ്പനായും പുലയനയ്യപ്പനായും മാറിയ ചരിത്ര മുഹൂര്‍ത്തങ്ങളില്‍ (കാര്‍ഷിക സംസ്‌കാരത്തിന്റെ ഉദാത്ത മാതൃകയായ പുലയനെന്ന ജാതിപ്പേര് തനിക്കു ചാര്‍ത്തിക്കിട്ടിയ സാമൂഹ്യ അംഗീകാരമായി അയ്യപ്പന്‍ സ്വീകരിച്ചു. അതില്‍ അഭിമാനം കൊണ്ടു.) ജാതി പിശാചുകള്‍ക്കും ബ്രാഹ്മണ്യത്തിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കുമെതിരെ ''ജാതിവേണ്ട,  മതംവേണ്ട, ദൈവംവേണ്ട മനുഷ്യന്എന്ന വിപ്ലവകരമായ തന്റെ ജീവിത സന്ദേശം നല്‍കിയ അയ്യപ്പന്‍ തന്റെ ഗുരുവായ ശ്രീനാരായണ ഗുരുവിന്റെ 'ഒരു ജാതി, ഒരുമതം, ഒരുദൈവം എന്ന സന്ദേശത്തെ വിപ്ലവകരമായി പുനര്‍വാര്‍ത്തെടുക്കുകയായിരുന്നു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള പ്രത്യേക അറകളില്‍ വിഭജിതമായ ജാതിക്കൂട്ടങ്ങളെ അതേപടി സംരക്ഷിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ നിയന്ത്രണത്തിന്റെ റിമോര്‍ട്ടു കണ്‍ട്രോള്‍ സ്വന്തം വരുതിയിലാക്കാന്‍ ശ്രമിക്കുന്ന സംഘികാലഘട്ടത്തില്‍ സഹോദരന്‍ അയ്യപ്പന്റെ ജീവിതം, ദര്‍ശനം, കര്‍മ്മ മണ്ഡലം എന്നിവയുടെ പ്രസക്തി അതിര്‍വരമ്പുകള്‍ക്ക് അതീതമാണ്. 2017 മെയ് 29ന് പന്തിഭോജനത്തിന്റെ ശതാബ്ദി വര്‍ഷം കടന്നു വരുന്ന ഈ സന്ദര്‍ഭത്തില്‍ സഹോദരന്‍ അയ്യപ്പനെ വീണ്ടെടുക്കേണ്ടത് സംഘപരിവാര ആശയ പരിസരത്തെ പ്രതിരോധിക്കാന്‍ അനിവാര്യമാണ്.

1889ആഗസ്റ്റ് 22-ാം തീയതി കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും ഒന്‍പതു മക്കളില്‍ ഏറ്റവും ഇളയ സന്താനമായി അയ്യപ്പന്‍ ജനിച്ചു. ജന്മസ്ഥലമായ ചെറായിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പറവൂര്‍ ഇംഗ്ലീഷ് സ്‌ക്കൂളില്‍ 5-ാം ക്ലാസില്‍ ചേര്‍ന്നു. അവിടെ അദ്ധ്യാപകനായിരുന്ന രാമവര്‍മ്മ തമ്പുരാന്‍ അയ്യപ്പന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചു. മെട്രിക്കുലേഷന്‍ പരീക്ഷ പാസായതിനു ശേഷം കോഴിക്കോട്ട് ബി ഇ എം കോളേജില്‍ (പിന്നീട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്)ചേര്‍ന്നു. ലോജിക്, സംസ്‌കൃതം, മലയാളം എന്നിവ ഐശ്ചിക വിഷയമായെടുത്തു. അവിടെനിന്ന് ഇന്റര്‍മീഡിയറ്റ് പാസായതിനു ശേഷം മദ്രാസിലെ ക്രിസ്ത്യന്‍ കോളേജില്‍ തത്വശാസ്ത്രം ഐശ്ചിക വിഷയമായെടുത്ത് ബി എ യ്ക്കു ചേര്‍ന്നെങ്കിലും തുടര്‍ന്നു പഠിച്ചില്ല. പിന്നീടു പഠിച്ചതു പ്രസിഡന്‍സികോളേജില്‍. സാമ്പത്തിക പ്രയാസം മൂലം സംസ്‌കൃതം ഓണേഴ്‌സ് പഠനം ഇടക്കുവച്ചു നിര്‍ത്തി. നാട്ടിലേക്കു മടങ്ങി.

പിന്നീട് ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തു പഠനം തുടര്‍ന്നു. അന്ന് തിരുവനന്തപുരത്തു താമസിക്കുന്ന മഹാകവി കുമാരനാശാനു നല്‍കാന്‍ ഗുരു ഒരു കത്തെഴുതി കൊടുത്തു. അയ്യപ്പന് നൂറു രൂപ കൊടുക്കണമെന്ന് അതില്‍ എഴുതിയിരുന്നു. കുമാരനാശാന്‍ കൊടുത്ത നൂറു രൂപ പഠനത്തിനുപകരിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്)ചേര്‍ന്ന് പഠനം തുടര്‍ന്നു. ആശാനുമായുള്ള നിരന്തര സമ്പര്‍ക്കത്തിന് ഇത് ഇടനല്‍കി. ബി എ ഫൈനല്‍ പരീക്ഷ എഴുതി ഗുരുവിനെ സന്ദര്‍ശിച്ചതിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ അയ്യപ്പന്‍ ഗുരുവിന്റെ ആശയങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന തിന്റെ ആദ്യ ചുവടുവയ്പ്പായി മിശ്രഭോജനം എന്ന മഹാവിപ്ലവമായി മാറിയ സാമൂഹ്യ പരിവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അവിടെനിന്നാരംഭിച്ച പ്രവര്‍ത്തനങ്ങളുടെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന് സഹോദരന്‍ മാസിക (പിന്നീടു വാരിക)യിലൂടെ ജാതി, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെയും സ്ഥിതി സമത്വത്തിനു വേണ്ടിയും ദീര്‍ഘകാലം പോരാടി. 39കൊല്ലം പത്രം പ്രസിദ്ധീകരിച്ചു. രണ്ടുദശകത്തിലേറെക്കാലം കൊച്ചി അസംബ്ലിയില്‍ അംഗമായി സേവനം അനുഷ്ഠിച്ചു. ചരിത്രം രേഖപ്പെടുത്തിയ നിരവധി സാമൂഹ്യ നേട്ടങ്ങള്‍ക്കായി അസംബ്ലിയില്‍ ശബ്ദമുയര്‍ത്തിയ സഹോദരന്‍ കൊച്ചിയിലും തിരുക്കൊച്ചിയിലും മന്ത്രിയായും സേവനമനുഷ്ഠിച്ചു. സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍കൃതരായ ജനവിഭാഗങ്ങളെ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ള സമൂഹസൃഷ്ടിക്കായി ത്യാഗനിര്‍ഭരമായ സേവനം നടത്തിയ സഹോദരന്‍ അയ്യപ്പന്‍ 1968 മാര്‍ച്ച് 6ന് ജീവിതാന്ത്യംവരെ തന്റെ നിസ്വാര്‍ത്ഥമായ പോരാട്ടം തുടര്‍ന്നു.