"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

പിണറായി സര്‍ക്കാരിന്റെ വികസന അജണ്ടയും നയപ്രഖ്യാപനവും - നിരീക്ഷകന്‍


ഉമ്മന്‍ സര്‍ക്കാരിനെതിരായ അടങ്ങാത്ത ജനരോഷവും ബിജെപി കേരളത്തില്‍ അക്കൗണ്ടു തുറക്കുന്നതെസംബന്ധിച്ച് മതേതര - മതന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായ ഭയാശങ്കകളെ അവഗണിച്ച കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തിനു കിട്ടിയ തിരിച്ചടിയുമാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചതെന്ന് പൊതുവെ അംഗീകരി ക്കപ്പെട്ടിരിക്കുന്നു. അതായത് സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതു മുന്നണിയുടെ നയസമീപനത്തിനുള്ള അംഗീകാരമെന്നതിനപ്പുറം പ്രധാനമായും യുഡിഎഫിനെതിരായ നിഷേധ വോട്ടുകള്‍ മുതലാക്കാന്‍ കഴിഞ്ഞതാണ് അതിനെ അധികാരത്തിലെത്തിച്ചത്. ആയതിനാല്‍ നയഉദാരവല്‍ക്കരണത്തിന്റെയും കോര്‍പ്പറേറ്റ് പ്രീണനത്തിന്റെയും കാര്യത്തില്‍ യുഡിഎഫിന്റെ തുടര്‍ച്ചയും ഒരുവേള അതിന്റെ വികാസവുമായി പിണറായി സര്‍ക്കാര്‍ മാറുന്നത് സ്വാഭാവികമാണ്.

സാമ്പത്തിക നയങ്ങളിലും വിദ്യാഭ്യാസ - ആരോഗ്യാദികളടങ്ങുന്ന സാമൂഹ്യ സേവന രംഗങ്ങളിലും പരിസ്ഥിതി മേഖലയിലും സാംസ്‌കാരിക മണ്ഡലത്തിലുമെല്ലാം നവ ഉദാരനയങ്ങള്‍ സംജാതമാക്കിയ വിപത്തുകള്‍ അവഗണിച്ച് ഭരണവര്‍ഗ്ഗ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസ്സും മറ്റും അടിച്ചേല്‍പിക്കുന്ന അതേ നയങ്ങള്‍ 'വികസന'മായി കൊണ്ടാടുന്ന സമീപനമാണ് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിപിഐ(എം) പിന്തുടരുന്നത്. നന്ദിഗ്രാമിലും സിംഗൂരിലും പ്രകടമായതുപോലെ, കോര്‍പ്പറേറ്റുകളുടെ ഊഹമൂലധന - റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങള്‍ക്കുവേണ്ടി കര്‍ഷക ജനതയുടെ ഭൂമി പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ 34 വര്‍ഷത്തെ തുടര്‍ച്ചയായ അതിന്റെ ഭരണത്തിന് അറുതിവരുത്തുകയാണുണ്ടായത്. ഇപ്രാവശ്യത്തെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താന്‍ സിപിഐ(എം) നടത്തിയ നീക്കം പ്രതിപക്ഷ നേതൃത്വപദവിപോലും അതിനു നഷ്ടമാക്കിയിരിക്കുന്നു. തമിഴ്‌നാട്ടിലാകട്ടെ, അവസരവാദനീക്കങ്ങള്‍ മുമ്പുണ്ടായിരുന്ന ഒരു ഡസന്‍ സീറ്റുകള്‍ പോലും ഇല്ലാതാക്കിയിരിക്കുന്നു. അഖിലേന്ത്യാതലത്തിലു ണ്ടായിട്ടുള്ള ഈ കനത്ത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ചതെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരമേറ്റ ഇടതുമുന്നണി സര്‍ക്കാര്‍ അനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിച്ച് ഒരു ജനപക്ഷവികസന സമീപനം സ്വീകരിച്ചേക്കുമെന്ന് കരുതുക സ്വാഭാവികമാണെങ്കിലും അത്തരം ആഗ്രഹ ചിന്തകള്‍ വ്യാമോഹം മാത്രമാണെന്നാണ് ഒരു മാസത്തെ പിണറായി സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നത്.

കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധമുള്ള അഴിമതികളുടെയും ഭരണസിരാകേന്ദ്രം തന്നെ അവയുടെ പ്രഭവകേന്ദ്രമായതിന്റെയും ചിത്രമാണ് ഉമ്മന്‍ചാണ്ടി ഭരണത്തിന്റേത്. 'അതിവേഗം ബഹുദൂരം' എന്ന ജനപ്രീതി മുദ്രാവാക്യത്തിന്റെ പുകമറയില്‍ ഭൂമാഫിയകളുടെയും കയ്യേറ്റ - ക്വാറി - റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയുമെല്ലാം താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത്. ആത്യന്തികമായി, ഇപ്പോഴത്തെ മോദി സര്‍ക്കാരും മുന്‍ യുപിഎ സര്‍ക്കാരും ആവിഷ്‌ക്കരിച്ചു നടപ്പാക്കിയിട്ടുള്ള അതേ കോര്‍പ്പറേറ്റ് അജണ്ട തന്നെയാണിത്. അഴിമതി ഇതില്‍ അന്തര്‍ലീനമാണ്. എന്നാല്‍, നാലാം കേരളപഠന കോണ്‍ഗ്രസ്സിലൂടെയും നവകേരള മാര്‍ച്ചിലൂടെയും മറ്റും സിപിഐ(എം) തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മുന്നോട്ടു വെച്ചത് അഴിമതിക്കു കാരണമായ ഇതേ നവലിബറല്‍ അജണ്ട കൂടുതല്‍ ഫലപ്രദമായി, യുഡിഎഫിനെക്കാള്‍ മികവോടെ നടപ്പാക്കുമെന്നാണ്. അതായത്, 40 ലക്ഷത്തോളം വരുന്ന ഭൂരഹിതരും പാര്‍പ്പിടരഹിതരുമായ ദളിത് - ആദിവാസി വിഭാഗങ്ങളുടെയും കോളനി - പുറമ്പോക്കു നിവാസികളുടെയും ഭൂരാഹിത്യവും പാര്‍പ്പിട രാഹിത്യവും പരിഹരിക്കു ന്നതേ സംബന്ധിച്ചോ, യുഡിഎഫില്‍ നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ - ആരോഗ്യാദി മേഖലകള്‍ ജനകീയവല്‍ക്കരിക്കു ന്നതെപ്പറ്റിയോ, തോട്ടം, കച്ചവട - വ്യാപാര മേഖലകളടക്കം വിപുലമായ കേരളത്തിലെ അസംഘടിത മേഖലയില്‍ മിനിമം കൂലി 500 രൂപയെങ്കിലും ആക്കേണ്ടതെ സംബന്ധിച്ചോ, അധികാരക്കൈമാറ്റത്തിനു ശേഷവും വിദേശികളും അവരുടെ ബിനാമികളും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അഞ്ചര ലക്ഷത്തോളം ഏക്കര്‍ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരുടെയും വിശാലജന വിഭാഗങ്ങളുടെയും താല്പര്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടതോ സംബന്ധിച്ചോ ഒരു നിലപാടും എല്‍ഡിഎഫ് അതിന്റെ മാനിഫെസ്റ്റോയില്‍ മുന്നോട്ടു വെച്ചില്ല. മറിച്ച്, ജനങ്ങളുടെ ഉപജീവനവും അവാസവ്യവസ്ഥയും നഷ്ടപ്പെടുത്തുന്നതും കൊടിയ പരിസ്ഥിതി വിനാശത്തിലേക്ക് കേരളത്തെ തള്ളിവിടുന്നതുമായ അതിരപ്പിള്ളി വിഴിഞ്ഞം പദ്ധതികള്‍, പിപിപി മാതൃകയില്‍ റോഡുകളും അതിവേഗ പാതകളും മറ്റുമാണ് എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഐ(എം) തുടക്കം മുതല്‍ മുന്നോട്ടു വച്ചത്. മുഖ്യമന്ത്രി പദമേറ്റയുടന്‍ ഡെല്‍ഹിയിലെത്തി മോദിയെ മുഖം കാണിച്ച് പുറത്തു വന്നതിനു ശേഷം നടത്തിയ പത്രസമ്മേളനം ഇക്കാര്യമാണ് അടിവരയിടുകയും ചെയ്തത്.

ഏറെ ശ്രദ്ധേയമായത് സിപിഐ(എം) ഇതുവരെ എതിര്‍ത്തുപോന്ന ചരക്കുസേവന നികുതി (ജിഎസ്ടി) ക്കനുകൂലമായി ഡെല്‍ഹിയില്‍ വെച്ചു തന്നെ മുഖ്യമന്ത്രി പിണറായി നടത്തിയ പ്രസ്താവനയാണ്. ലോകബാങ്കും നാണയനിധിയും അടങ്ങുന്ന സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ പിന്‍ബലത്തില്‍ ലോകരാജ്യങ്ങളുടെമേല്‍ ആഗോളകോര്‍പ്പറേറ്റ് കുത്തകകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വിനാശകാരിയായ നവഉദാര നികുതി പരിഷ്‌കാരമാണ് ജിഎസ്ടി. ആഗോള മൂലധന വ്യവസ്ഥയുമായി രാജ്യങ്ങളെ ഉദ്ഗ്രഥിക്കുന്ന സമഗ്രമായ പരോഷനികുതി യെന്ന നിലയില്‍ മാത്രമല്ല, നികുതി ഭാരം മുഴുവന്‍ സാധാരണ ജനങ്ങളുടെ ചുലിലേക്കു തള്ളി പ്രത്യക്ഷ നികുതികളായ കോര്‍പ്പറേറ്റ് - ആദായനികുതി കള്‍ കുറച്ച് സമ്പന്നന്മാരെ നികുതിയില്‍ നിന്നു രക്ഷപെടുത്തുകയെന്നതും ഇതിന്റെ അജണ്ടയാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ഈ നികുതി പരിഷ്‌കാരത്തിലൂടെ ദേശീയ വരുമാനം രണ്ടു ട്രില്യണ്‍ (രണ്ടു ലക്ഷം കോടി) ഡോളര്‍ വര്‍ദ്ധിക്കുമെന്നാണ് ലോകബാങ്കടക്കമുള്ള സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഇതിന്റെ നേട്ടം മുഴുവന്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്കായിരിക്കും. നിലവിലുള്ള അന്തര്‍സംസ്ഥാന നികുതി വ്യത്യാസങ്ങളെല്ലാം ഒഴിവാക്കി ഇന്ത്യയെ ഒരു ഏകീകൃത വിപണിയാക്കി ഉദ്ഗ്രഥിക്കാന്‍ ലക്ഷ്യമിടുന്ന ഈ നവഉദാര നികുതി പരിഷ്‌കാരം ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനവും സംസ്ഥാന ങ്ങളുടെ വിഭവ സമാഹരണ സാധ്യതകള്‍ എന്നേക്കും ഇല്ലാതാക്കുന്നതുമാണ്. ജിഎസ്ടി നടപ്പാക്കുന്നതുവഴിയുണ്ടാക്കുന്ന നികുതി നഷ്ടം പരിഹരിക്കാനാ വശ്യമായ പണം ഗ്രാന്റായി അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ കുറക്കുകയെന്ന തന്ത്രമാണ് മോദി പറയുന്നത്. തമിഴ്‌നാടൊഴിച്ച് എല്ലാ സംസ്ഥാനസര്‍ക്കാരുകളും ഈ കെണിയില്‍ വീണുകഴിഞ്ഞു. നവഉദാര - കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ വക്താക്കളായ ബിജെപിക്കും കോണ്‍ഗ്രസ്സിനുമൊപ്പം സിപിഐ(എം) നയിക്കുന്ന കേരള സര്‍ക്കാരും ജിഎസ്ടി നടപ്പാക്കുമെന്നാണ് പിണറായിയും തോമസ് ഐസക്കും പറയുന്നത്. ഈയിനത്തില്‍ കേന്ദ്രത്തില്‍ നിന്നു കിട്ടാന്‍ പോകുന്ന പണമുപയോഗിച്ച് ദേശീയ പാത നിര്‍മ്മാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരി ക്കാമെന്നും പിണറായി പ്രസ്താവിച്ചതായി അറിയുന്നു. ഏറ്റവും ശ്രദ്ധേയമാ യിട്ടുള്ളത് ലോകരാജ്യങ്ങള്‍ക്കുമേല്‍ ജിഎസ്ടി അടിച്ചേല്‍പ്പി ക്കുന്ന അമേരിക്ക, ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് കണ്ട് സ്വന്തം രാജ്യത്ത് അതു നിരോധിച്ചിരിക്കുകയാണെന്ന് മാത്രമല്ല, പരോക്ഷ നികുതികളുടെ മുഴുവന്‍ അധികാരവും സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമാക്കി യിരിക്കുകയുമാണെന്നതാണ്.

നവഉദാരവല്‍ക്കരണത്തോടുള്ള പിണറായി ഭരണത്തിന്റെ ആഭിമുഖ്യം ഏറ്റവുമധികം പ്രകടമായിട്ടുള്ള മറ്റൊരു മേഖല പിപിപി (പൊതു - സ്വകാര്യ - പങ്കാളിത്ത) പദ്ധതികളാണ്. നവഉദാര കാലത്തെ കോര്‍പ്പറേറ്റ് സമ്പത്ത് സമാഹരണത്തിന്റെ മുഖ്യഉപാധികളിലൊന്നായിട്ടാണ് പിപിപി / ബിഒടി പദ്ധതികള്‍ വിലയിരുത്തപ്പെടുന്നത്. റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകള്‍ക്കുപുറമെ വിദ്യാഭ്യാസ - ആരോഗ്യാദികളടങ്ങുന്ന സേവന മേഖലകളിലേക്കുകൂടി പിപിപി പദ്ധതികള്‍ വ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പിപിപി / ബിഒടി വിപണിയായി കോര്‍പ്പറേറ്റ് കുത്തകകള്‍ അംഗീകരിക്കുന്നതില്‍ അഭിമാനം കണ്ടെത്തണമെന്നാണ് തന്റെ ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. ടാറ്റാ, ബിര്‍ള തുടങ്ങിയ ഇന്ത്യയിലെ പരമ്പരാഗത കുത്തകകളെ കടത്തിവെട്ടി അംബാനി ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുത്തകയായതും ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തേക്ക് ആദരിച്ചാനയിക്കുന്ന അദാനി ഗുജറാത്തിലെ മോദി ഭരണകാലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ സമ്പത്ത് 13 ഇരട്ടി കണ്ടു വര്‍ദ്ധിപ്പിച്ചതും പ്രധാനമായും പിപിപി പദ്ധതികളിലൂടെയാണ്. രാജ്യത്തി ന്റെ ഭൂമിയും പ്രകൃതി വിഭവങ്ങളും അടക്കമുള്ള പൊതു സമ്പത്ത് കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കുന്ന, കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും മര്‍ദ്ദിത - പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെയും തൊഴിലില്‍ നിന്നും ആവാസ വ്യവസ്ഥയില്‍ നിന്നും കുടിയൊഴിപ്പിക്കുന്ന, ചേരികള്‍ വളര്‍ത്തുന്ന, തൊഴിലില്ലായ്മ അതിരൂക്ഷമാക്കുന്ന, പരിസ്ഥിതി വിനാശം സൃഷ്ടിക്കുന്ന, സര്‍വോപരി പോതുമേഖലാ ബാങ്കുകളില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള ദശലക്ഷക്കണക്കിനു കോടി രൂപ കോര്‍പ്പറേറ്റ് കുത്തകകളിലേക്ക് കൈമാറുന്ന പിപിപി പദ്ധതികള്‍ സാമ്പത്തിക മാന്ദ്യത്തിനു കാരണമാണെന്നു പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. അടുത്ത കാലത്ത് ബാങ്കുകളുടെ 'കിട്ടാക്കടം' 8.5 ലക്ഷം കോടി രൂപയിലേക്കുയര്‍ന്ന തിന്റെ മുഖ്യകാരണം അംബാനിമാരുടെയും അദാനിമാരുടെയും മല്യമാരുടെയും പിപിപി പദ്ധതികളാണെന്ന് ഈയിടെ റിസര്‍വ് ബാങ്ക് തന്നെ നിരീക്ഷിക്കുകയുണ്ടായി. നാലുവരിപ്പാതക്ക് 15 മീറ്ററും അനുബന്ധാവശ്യ ങ്ങള്‍ക്ക് 15 മീറ്ററുമടക്കം 30 മീറ്റര്‍ വീതി ദേശീയ പാത നിര്‍മ്മാണത്തിന് ആവശ്യത്തിലധികമായിരിക്കെ, മോദി സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റ് കുത്തകകളുടെയും കേരളത്തിലെ ബിഒടി ലോബിയുടെയും സമ്മര്‍ദ്ദ ങ്ങള്‍ക്ക് കീഴടങ്ങി 45 മീറ്ററില്‍ പിപിപി റോഡുകള്‍ വേണമെന്ന പിണറായി യുടെ പിടിവാശി അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് ആഭിമുഖ്യത്തിന്റെ മകുടോദാഹരണമാണ്. നാട്ടില്‍ ലഭ്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും ലഭ്യമല്ലാത്തവ ചരടുകളില്ലാതെ ലോകകമ്പോളത്തില്‍ നിന്നു വിലയ്ക്കു വാങ്ങിയും പ്രതിവര്‍ഷം ലക്ഷം കോടി രൂപ കവിയുന്ന പ്രവാസി മലയാളി നിക്ഷേപവും കേരളത്തിലെ ബാങ്കുകളിലെ പണവും ഇവിടുത്തെ വിദഗ്ധ - അവിദഗ്ധ അദ്ധ്വാനവും പ്രകൃതിവിഭവങ്ങളും പരിസ്ഥിതി - സൗഹൃദ - ജനപക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുപയോഗപ്പെടുത്തിയും തൊഴിലവസര ങ്ങളും ആഭ്യന്തരഡിമാന്റും വര്‍ദ്ധിപ്പിച്ചും അതിന്റെ ഭാഗമായി ഗതാഗത മുന്‍ഗണനാക്രമങ്ങള്‍ നിര്‍ണയിച്ചും മുന്നോട്ടു പോകണ്ടതിനുപകരം പിപിപി പദ്ധതികളോടും വിദേശ മൂലധനത്തോടുമുള്ള പിണറായി സര്‍ക്കാരിന്റെ അടങ്ങാത്ത കമ്പം അപമാനകരമാണെന്നു സൂചിപ്പിക്കാതെ വയ്യ. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനകം കേരളത്തിലേക്കു കടന്നു വന്ന വിദേശ നിക്ഷേപം 102 കോടി ഡോളര്‍ മാത്രമായിരുന്നെന്നും തൊട്ടടുത്ത സംസ്ഥാനത്ത് 27000 കോടി രൂപ വിദേശ നിക്ഷേപമായി വന്നുവെന്നും പഠന കോണ്‍ഗ്രസ്സിലെ നയ പ്രഖ്യാപനത്തില്‍ പരിതപിക്കുകയും വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് ചുവപ്പു പരവതാനി വിരിക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരണമെന്നു വാദിക്കുകയും ചെയ്ത പിണറായി മുഖ്യമന്ത്രി പദം ഏറ്റതോടെ മോദിയുടെയും ഉമ്മന്റെയും കുമ്മന്റെയും പാതയെ തന്നെയാണ് ആശ്ലേഷിച്ചിരിക്കുന്നത്.

'വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണം' എന്നതാണ് പരിസ്ഥിതിയോടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപിത സമീപനം. പരിസ്ഥിതിയോടുള്ള കോര്‍പ്പറേറ്റ് സമീപനം തന്നെയാണിത്. സമ്പത്ത് ഏതാനും കോര്‍പ്പറേറ്റുകളിലും മാഫിയകളിലും കേന്ദ്രീകരിക്കുന്നതും ബഹുഭൂരിപക്ഷത്തെ പാപ്പരീകരിക്കുന്നതുമായ 'മുഖ്യധാര വികസന'ത്തില്‍ പരിസ്ഥിതി സംരക്ഷണം അസാധ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് വര്‍ത്തമാന ലോകത്തെ കേന്ദ്രരാഷ്ട്രീയ വിഷയമായി പരിസ്ഥിതിയുടെ പ്രശ്‌നം വളര്‍ന്നു വന്നിട്ടുള്ളത്. പരിസ്ഥിതിയെയും പ്രകൃതിയെയും ലാഭസമാഹരണത്തിനായി മുച്ചൂടും കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റ് - ഊഹമൂലധനത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാതെ, ഒരു ഭാഗത്ത് അതിന് ചുവപ്പു പരവതാനി വിരിക്കുകയും മറുഭാഗത്ത് ജൈവകൃഷിയും മാലിന്യ നിര്‍മ്മാര്‍ജ്ജനവും അഭ്യസിക്കുകയും ചെയ്താല്‍ പരിസ്ഥിതി സംരക്ഷണ മായി എന്നുവാദിക്കുകയും ചെയ്യുന്നത് കൊടുങ്കാറ്റിനെ പഴമുറം കൊണ്ട് തടുക്കാമെന്ന് പറയുന്നതുപോലെയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് - റിസോര്‍ട്ട് - ക്വാറി - കയ്യേറ്റ മാഫിയകളുമായി ബാന്ധവം നിലനിര്‍ത്തി, അഥവാ കോര്‍പ്പറേറ്റ് സമ്പത്ത് സമാഹരണത്തോ ടൊപ്പം പരിസ്ഥിതിയും സംരക്ഷിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച സിപിഐ(എം) അവകാശ വാദങ്ങള്‍ എത്രമാത്രം അര്‍ത്ഥരഹിതമാണെന്ന് പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കോര്‍പ്പറേറ്റ് - മത - കയ്യേറ്റമാഫിയ കളുമായി സഹകരിച്ച് അത് നടത്തിയ ഹര്‍ത്താലിലൂടെ വ്യക്തമായതാണ്. ഇതിന്റെ ഭാഗമായിട്ടുതന്നെയാണ് ഐക്യരാഷ്ട്രസഭയുടെ 'റെഡ് ഡേറ്റാ' ബുക്കില്‍ അതീവ പരിസ്ഥിതി ദുര്‍ബലമെന്ന് അടയാളപ്പെടുത്തപ്പെട്ട അതിരപ്പിള്ളിയില്‍ തന്നെ വൈദ്യുതി പദ്ധതി വേണമെന്ന് പിടിവാശിയും അതിരപ്പിള്ളില്‍ഒരുയൂണിറ്റു വൈദ്യുതിക്കുവേണ്ടിവരുന്ന ചെലവിന്റെ മൂന്നിലൊന്നിന് നിലവില്‍ സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി (അതു പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്നല്ല) ഉല്പാദിപ്പിക്കാമെന്നിരിക്കെ, അവശേഷിക്കുന്ന കാടുകളും ജൈവവൈവിധ്യവും ആദിവാസികളുടെ ആവാസവ്യവസ്ഥയുമൊക്കെ തകര്‍ത്തേ 'വികസനം' കൊണ്ടു വരാനാകൂ എന്നവാശി മുതലാളിത്ത യാന്ത്രിക കാഴ്ചപ്പാടല്ലാതെ മറ്റൊന്നുമല്ല.

മുഖ്യധാര വികസനത്തില്‍ നിന്ന് അതായത്, കൊട്ടിഘോഷിക്കപ്പെടുന്ന കേരളമോഡലിന് പുറത്ത് നിര്‍ത്തപ്പെട്ട ദളിത് - ആദിവാസി ജനതയോടും പാര്‍ശ്വവല്‍കൃതരോടും ഇതേ യാന്ത്രിക സമീപനം തന്നെയാണ് പുതിയ സര്‍ക്കാരിനുള്ളതെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ഭൂബന്ധങ്ങളും ജാതിവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെ അവഗണിച്ചുകൊണ്ടു നടപ്പാക്കിയ ഭൂപരിഷ്‌കരണം മണ്ണിന്റെ മക്കളെ 26000 - ഓളം കോളനികളിലേക്കും റോഡ് - പുറമ്പോക്ക് - കനാല്‍ തീരങ്ങളിലേക്കും ഒതുക്കി ഭൂമി പ്രധാനമായും ഒരു പുത്തന്‍ ഭൂവുടമാവര്‍ഗ്ഗത്തില്‍ നിക്ഷിപ്തമാക്കിയ കേരള ഭൂപരിഷ്‌കരണം മഹത്തായിരുന്നു വെന്ന് ഇപ്പോഴും സിപിഐ(എം) നേതൃത്വം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. മൂന്നു സെന്റുകാരെവരെ ഭൂവുടമകളായി പരിഗണിച്ചാലും 45 ലക്ഷത്തോളം പേര്‍ കേരളത്തില്‍ ഭൂരഹിതരും പാര്‍പ്പിടരഹിതരുമാണ്. ഇപ്രകാരം ഭൂരഹിതരായ പാര്‍ശ്വവല്‍കൃതരുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നു വ്യത്യസ്തമായ ഒരു സമീപനവും എല്‍ഡിഎഫ് ഭരണത്തിനില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ, ഒരുപക്ഷേ എല്ലാറ്റിനുമുപരി ദളിത് - ആദിവാസി പ്രശ്‌നത്തിലാണ് എല്‍ഡിഎഫ് - യുഡിഎഫ് സമവായം മുഴച്ചുനില്‍ക്കുന്നത്. ജിഷ വധത്തോടുള്ള ഇരുമുന്നണികളുടെയും സമീപനമാണ് ഒടുവിലത്തെ ഉദാഹരണം. യുഡിഎഫ് ഭരണത്തില്‍ തെളിവുകള്‍ നശിപ്പിച്ച പോലീസുകാരെ വിചാരണക്കു വിധേയമാക്കി തെളിവുകള്‍ കണ്ടെത്തുന്നതിനു പകരം അദികാരത്തിലെത്തിയപ്പോള്‍ അവരെ സംരക്ഷിക്കുകയാണ് സിപിഐ(എം) ചെയ്തിരിക്കുന്നത്.

പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും പൊതുവിതരണ ത്തിലും അധിഷ്ഠിതമായ ഉയര്‍ന്ന സാമൂഹിക വികസന സൂചികകളുടെ പേരിലായിരുന്നല്ലോ 'കേരള മോഡല്‍' എന്ന പ്രയോഗം 1980 കളുടെ ആരംഭം മുതല്‍ നിലവില്‍ വന്നത്. എന്നാല്‍ 90 കളിലാരംഭിച്ച നവഉദാരനയങ്ങളോടെ അത് അപ്രസക്തമാകുകയും ചെയ്തു. 90 കളുടെ തുടക്കത്തില്‍ ലോകബാ ങ്കിന്റെ ഡിപിഇപിയും സ്വാശ്രയക്കോളേജുകളും ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്തേക്ക് നവഉദാരീകരണം കടത്തിക്കൊണ്ടുവരാന്‍ കരുണാകര - ആന്റണി സര്‍ക്കാരുകള്‍ നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതില്‍സിപിഐ(എം)ഉം അതിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകളും മുമ്പന്തിയിലുണ്ടായിരുന്നു. വിരോധാഭാസ മെന്നു പറയട്ടെ, 1996 ല്‍ അധികാരത്തിലേക്കു വന്ന നയനാര്‍ സര്‍ക്കാര്‍ ഇതേ നയങ്ങള്‍ കെട്ടഴിച്ചു വിട്ടതിലൂടെ 'അനാദായകര'മായ സ്‌കൂളുകള്‍ വ്യാപകമാകുകയും ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസം കോര്‍പ്പറേറ്റ് വിദ്യാഭ്യാസമാഫിയയുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. ലോകബാങ്കിന്റെ ഡിപിഇപിയുടെ നടത്തിപ്പുകാരായ ബുദ്ധിജീവികളുടെ മക്കള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ ആശ്രയിച്ചപ്പോള്‍, പാര്‍ശ്വവല്‍കൃതരും ദരിദ്രരും ആശ്രയിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരും അദ്ധ്യയന സൗകര്യങ്ങളും ഇല്ലാതായി. മലാപ്പറമ്പ് സ്‌കൂളിന്റെ, അല്ലെങ്കില്‍ രണ്ടോ മൂന്നോ സ്‌കൂളുകളുടെ പ്രശ്‌നമായി മാധ്യമചര്‍ച്ചകള്‍ ചുരുങ്ങുമ്പോള്‍ ആറായിരത്തോളം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് ചര്‍ച്ചയാകുന്നതേയില്ല. വാസ്തവത്തില്‍, ഭൂമിയുടെ കാര്യത്തിലെന്നപോലെ, കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയുടെ നിര്‍ണായക ഭാഗം കയ്യടക്കിയിരിക്കുന്നത് 1959 ലെ വിമോചന സമര നായകരും ഭൂപരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കളു മായവരുടെ പിന്‍മുറക്കാരാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അദ്ധ്യാപകരെ നിയമിക്കാനുള്ള അധികാരം ഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കുന്ന വിദ്യാഭ്യാസ ബില്ലിലെ 11-ാം വകുപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടും ഭരണഘടനാപരമായ സംവരണതത്വങ്ങളൊന്നും പാലിക്കാതെ നിയമനക്കോഴയിലൂടെ മത - സമുദായ മേലങ്കിയണിഞ്ഞ വിദ്യാഭ്യാസ കച്ചവടക്കാര്‍ സഹസ്രകോടികള്‍ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ ഒരു നടപടിയുമില്ല. മറ്റെല്ലാ കാര്യങ്ങളിലും കണ്ടുവരുന്ന യുഡിഎഫ് - എല്‍ഡിഎഫ് സമവായം ഈ വിഷയത്തിലും സമ്പൂര്‍ണ്ണമാണെന്ന് കാണാം. ''ശിശുകേന്ദ്രിത'' വിദ്യാഭ്യാസത്തെപറ്റിയും മറ്റും വാചാലനാകുന്ന പുതിയ വിദ്യാഭ്യാസ മന്ത്രിക്ക് ഈ രംഗത്തെ കോര്‍പ്പറേറ്റ്‌വല്‍ക്കരണവും കച്ചവടവല്‍ക്കരണവും അവസാനിപ്പി ക്കുന്നതേപ്പറ്റിയോ, മത - ജാതി ഇടപെടല്‍ ഇല്ലാതാക്കി മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതേപ്പറ്റിയോ നിലപാടൊ ന്നുമില്ല.

ഭൂപരിഷ്‌കരണത്തിന്റെ കാര്യത്തില്‍ ജാതിയും ഭൂമിയും തമ്മിലുള്ള ബന്ധം അവഗണിച്ചതും വിദേശികള്‍ കയ്യടക്കിയ ഭൂമി വീണ്ടെടുക്കാത്തതുമടക്കം ഗുരുതരമായ പാളിച്ചകളുണ്ടായപ്പോഴും ഭരണവ്യവസ്ഥക്കകത്തും നിയമസംവിധാനങ്ങള്‍ക്കകത്തും നിന്നുകൊണ്ട് 1957 ലെ ഇടതു സര്‍ക്കാര്‍ കൈകൊണ്ട ജനപക്ഷകാഴ്ചപ്പാടുകളെപ്പറ്റി ആലോചിക്കാന്‍ പോലുമാകാത്തവിധം ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് പക്ഷത്തേക്ക് ചുവടുമാറിക്കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിനും ഹിന്ദുത്വഫാസിസത്തിനുമെതിരായ ജനകീയ രോഷത്തിലൂടെ അധികാരത്തിലെത്തിയ എല്‍ഡിഎഫ്ഭരണത്തിന്റെ മുന്‍ഗണനാക്രമങ്ങള്‍ ജനകീയ താല്പര്യങ്ങളെയല്ല സേവിക്കുന്നതെന്നു വ്യക്തമായിക്കഴിഞ്ഞു. ആവാസവ്യവസ്ഥയില്‍ നിന്നുള്ള കുടിയൊഴിപ്പിക്കലിനെ ചെറുക്കുക, ബിഒടി / പിപിപി പദ്ധതികളെ എതിര്‍ക്കുക, ക്വാറി മാഫിയകളെ വിമര്‍ശിക്കുക, ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള മര്‍ദ്ദിതരുടെ പക്ഷത്തു നിലയുറപ്പിക്കുക, പോലീസ് അതിക്രമങ്ങളെ ചോദ്യം ചെയ്യുക തുടങ്ങിയവയെല്ലാം വികസനവിരുദ്ധമെന്നും പരിസ്ഥിതി മൗലിക വാദമെന്നും തീവ്രവാദമെന്നും മുദ്രകുത്തപ്പെടുന്നതിന് പിണറായി ഭരണത്തിലും മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ഇപ്രകാരം, ജനങ്ങളെ ബാധിക്കുന്ന മുന്‍ഗണനാക്രമങ്ങളെയെല്ലാം അവഗണിക്കുന്നതും അടിസ്ഥാനപരമായി കോര്‍പ്പറേറ്റ് താല്പര്യങ്ങളെ പിന്‍പറ്റുന്നതുമാണ് ഇക്കഴിഞ്ഞദിവസം കേരള നിയമസഭയില്‍ അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ഇതിലെ പരമപ്രധാനമായ ഊന്നല്‍ വന്‍തോതില്‍ സ്വകാര്യമൂലധനവും വിദേശമൂലധനവും ആകര്‍ഷിച്ചുകൊണ്ട് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം ലോകോത്തോരനിലവാരത്തിലെത്തിക്കുകയാണ്. ദീര്‍ഘകാല നിക്ഷേപം ആവശ്യമുള്ളതും യുക്തിസഹമായ ലാഭം കൊണ്ട് തൃപ്തിയടയുന്നതുമായ വ്യവസായ മൂലധനമല്ല, മറിച്ച് വളരെ പെട്ടെന്ന് ലാഭമെടുത്തു കടന്നുപോകാന്‍ തയ്യാറുള്ള ഊഹമൂലധനത്തിന്റെ ആധിപത്യമാണ് രാജ്യത്തെയും വിദേശത്തെയും ഇന്നത്തെ സ്ഥിതി. തന്നിമിത്തം മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യാ' പദ്ധതിയടക്കം തികഞ്ഞ പരാജയമായിരിക്കുമ്പോള്‍ ചെങ്കൊടി പിടിച്ചുകൊണ്ട് (ചൈനയിലും മറ്റും നടക്കുന്ന മാതിരി) ഇവിടെ പ്രഖ്യാപിച്ചിട്ടുള്ള ഈ 'മോദി വല്‍ക്കരണം' വ്യാമോഹമായിരിക്കുമെന്നു പറയാതെവയ്യ. എന്നാല്‍ തൊഴിലവകാശ ങ്ങളെയും പരിസ്ഥിതി നിയമങ്ങളെയും മാനിച്ചു കൊണ്ട് ഇത് നടപ്പാക്കുമെന്നുകൂടി നയപ്രഖ്യാപനം പറയുമ്പോള്‍ 'കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നതു എടുക്കാമെന്നു' പറയുന്നതിലപ്പുറ മൊന്നുമില്ല. വിഴിഞ്ഞത്തിന്റെയും ദേശീയപാതയുടെയും അതിരപ്പിള്ളി യുടെയും മറ്റും കാര്യത്തില്‍ നിലപാടുകള്‍ വന്നിരിക്കെ, കാര്യങ്ങള്‍ ഏതു വഴിക്കാണു നീങ്ങുകയെന്നും വ്യക്തമാണ്. പരിസ്ഥിതി നിയമങ്ങളും ജനാധിപത്യാവകാശങ്ങളും തൊഴിലവകാശങ്ങളും അംഗീകരിച്ചുകൊണ്ട് നിക്ഷേപം നടത്താന്‍ മൂലധനം തയ്യാറല്ലാത്തതാണ് അമേരിക്കയും യൂറോപ്പും ചൈനയുമെല്ലാം നേരിടുന്ന പ്രതിസന്ധിയെന്നു തിരിച്ചറിയാതെ കാലഹരണപ്പെട്ട മുതലാളിത്ത വികസനത്തോടുള്ള യാന്ത്രിക സമീപനമാണ് നയപ്രഖ്യാപനത്തിലെ കാതല്‍. നവഉദാരക്രമത്തിനപ്പുറത്തേക്കു ചിന്തിക്കാന്‍ കഴിയാത്തവര്‍ക്ക് ഇതല്ലാതെ മറ്റൊന്നും മുന്നോട്ടുവെക്കാ നില്ലെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ഈ സാഹചര്യത്തില്‍, കോര്‍പ്പറേറ്റ് മുതലാളിത്തം അതിന്റെ സമ്പത്തു സമാഹരണത്തിലും ലാഭേച്ഛയിലും അധിഷ്ഠിതമായി ആവിഷ്‌ക്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുഖ്യധാര 'വികസന'ത്തില്‍ നിന്നു വ്യത്യസ്തമായി 'എന്ത്, എങ്ങനെ, ആര്‍ക്കുവേണ്ടി' വികസനമെന്ന ഏറ്റവും ലളിതമായ കാര്യങ്ങളില്‍ നിന്നു തന്നെ സംവാദങ്ങള്‍ ആരംഭിക്കേണ്ടി യിരിക്കുന്നു. ഉല്പാദന മേഖലകളെ അപേക്ഷിച്ച് ഊഹമേഖലകളുടെ വികാസത്തിലും നിരന്തരം ശക്തിപ്പെടുന്ന പ്രകൃതിവിഭവക്കൊള്ളയിലും തൊഴിലില്ലായ്മയിലും അസമത്വത്തിലും സര്‍വോപരി ഉദ്യോഗസ്ഥമേധാ വിത്വത്തിലും ഊന്നുന്ന മുഖ്യധാര വികസനവും വിശാല ജനവിഭാഗങ്ങളുടെ താല്പര്യങ്ങളില്‍ അധിഷ്ഠിതമായ ജനകീയ വികസനവും ഒത്തുപോകുന്നതല്ല. അഭൂതപൂര്‍വ്വമായ കോര്‍പ്പറേറ്റ് സമ്പത്തു കേന്ദ്രീകരണത്തിനു കാരണമായിട്ടുള്ള മുഖ്യധാര വികസനം ചരിത്രത്തിലൊരിക്കലു മുണ്ടായിട്ടില്ലാത്ത അസമത്വങ്ങള്‍ക്കും പരിസ്ഥിതി വിനാശത്തിനും മര്‍ദ്ദിത ജനങ്ങളുടെ പാര്‍ശ്വവല്‍ക്കരണത്തിനും ഉദ്യോഗസ്ഥ മേധാവിത്വത്തിനും ജനാധിപത്യാവകാശ നിഷേധത്തിനും സാംസ്‌കാരിക ജീര്‍ണതകള്‍ക്കും വഴിവെച്ചുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂണിയനടക്കം മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും ഇപ്പോള്‍ മുതലാളിത്ത - കോര്‍പ്പറേറ്റ് പാതയെ ആശ്ലേഷിച്ചു കഴിഞ്ഞ ചൈനയുടെയും, 34 വര്‍ഷത്തെ ബംഗാളിലെ സിപിഐ(എം) മുന്നണി ഭരണത്തിന്റെയും എന്തിനധികം ഇപ്പോഴത്തെ ബ്രെക്‌സിറ്റ് സംഭവവികാസങ്ങളില്‍ നിന്നടക്കം പാഠങ്ങള്‍ പഠിക്കാതെ ഇടതുപക്ഷത്തിന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാവില്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. കോര്‍പ്പറേറ്റുകളല്ല, മറിച്ച് ജനങ്ങളാണ് വികസനത്തിന്റെ ചാലകശക്തിയും ലക്ഷ്യവുമെന്നു തിരിച്ചറിയണം. ഓരോ ജനതയുടെയും പ്രദേശത്തിന്റെയും സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനു സൃതമായി സാമ്പത്തികവും സാംസ്‌കാരികവും പരിസ്ഥിതിപരവുമായ തനതു സവിശേഷതകള്‍ പരിഗണനയിലെടുക്കുന്ന ഒരു വികസന പരിപ്രക്ഷ്യമാണ് ആവിഷ്‌ക്കരിക്കപ്പെടേണ്ടത്. എല്ലാറ്റിനുമുപരി നയതീരുമാനത്തിന്റെയും നടത്തിപ്പിന്റെയും കാര്യത്തില്‍ ജനങ്ങളുടെ മുന്‍കൈയും രാഷ്ട്രീയാധികാരവും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ഈ ദിശയില്‍ ഒരു ജനപക്ഷ വികസന ബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തെ നയിക്കുന്ന യാന്ത്രികവാദ സമീപനങ്ങള്‍ക്ക് ഒട്ടും കഴിയില്ലെന്ന് ആവര്‍ത്തിച്ചു പറയേണ്ടതില്ല.