"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജെ.എന്‍.യു വില്‍ നടക്കുന്നതിന്റെ ഉള്ളുകള്ളികള്‍ - പി.എ. കുട്ടപ്പന്‍


ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ദളിതനായ ശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കൊലപാതകം കാമ്പസ് ലോകത്തും രാജ്യത്തും അങ്ങേയറ്റം ഭീതി പരത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണത്തിലൂടെ പൊതു മനസ്സാക്ഷിക്കു മുന്നില്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം വളരെ പ്രധാനപ്പെട്ട രാഷ്ട്രീയമാണ്. ''എന്റെ ജാതിയാണ് എന്റെ മരണത്തിന് കാരണം'' എന്ന് അദ്ദേഹം കുറിച്ചു വച്ചിരിക്കുന്നു. രോഹിത് വെമുലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന പ്രതിഷേധങ്ങള്‍ ജെഎന്‍യുവിലും കേന്ദ്ര ഭരണകൂടത്തിലും സവര്‍ണ്ണ ഫാസിസ്റ്റുകള്‍ക്കും അസഹിഷ്ണുത യുണ്ടാക്കിക്കൊണ്ട് മുന്നോട്ടു പോകുന്നതു തടയാന്‍ ലക്ഷ്യം വച്ചു കൊണ്ട് സംഘപരിവാര്‍ വിദ്യാര്‍ത്ഥികളെ പ്രതിഷേധ സമരങ്ങളില്‍ കയറ്റി വിട്ട് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചു കൊണ്ട് ദേശദ്രോഹ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച് വിഷയം വഴി തിരിച്ചുവിടുന്നതില്‍ കേന്ദ്രഭരണകൂടം സവര്‍ണ്ണ പക്ഷനിലപാട് ഉറപ്പിച്ചിരിക്കുകയാണ്. രോഹിത് വെമുല ശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥിയും, തന്റെ സമുദായചരിത്രത്തെ പുനര്‍വാര്‍ത്തെടുക്കുന്നതില്‍ അംബേദ്കറിസത്തിനുള്ള അതിപ്രധാനമായ പങ്കിനെക്കുറിച്ചും തികഞ്ഞ ബോധവാനായിരുന്നു. തന്റെ മുന്നോട്ടുള്ള പഠനത്തിന് കിട്ടിക്കൊണ്ടിരുന്ന സ്റ്റൈപ്പന്റ് തടയുകയും തന്നെപ്പോലെയുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ട് വരാതിരിക്കുന്നതിന് തടസ്സം നില്‍ക്കുകയും ചെയ്യുന്ന സവര്‍ണ്ണ ഫാസിസ്റ്റ് നിലപാടുകള്‍ക്കും ചെയ്തികള്‍ക്കുമെതിരായി കാമ്പസ് രാഷ്ട്രീയത്തെ മാറ്റി മറിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച വിദ്യാര്‍ത്ഥിയായിരുന്നു രോഹിത് വെമുല. അതു തന്നെയാണ് ഭരണകൂടത്തെ ചൊടിപ്പിച്ചതും, രോഹിത് വെമുല തന്റെ മരണത്തിലൂടെ ഉയര്‍ത്തിപ്പിടിച്ച അംബേദ്കറിസം എന്ന അതിമഹത്തായ പ്രത്യയശാസ്ത്ര ത്തെയും അതിന്റെ പ്രാധന്യത്തേയും അപ്രസക്തമാക്കിക്കൊണ്ടാണ് ബോധപൂര്‍വ്വം ഇടതുപക്ഷ ബ്രാഹ്മണിക്കല്‍ വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധ സമരങ്ങള്‍ക്ക് ആക്കം കൂട്ടിയത്. അവരെ സംബന്ധിച്ചിടത്തോളം അംബേദ്കറിസം കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ അതിനെതിരായ മറ്റു മര്‍ഗ്ഗങ്ങള്‍ കെണ്ടത്തിയേ തീരൂ. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ കുകൊണ്ട് നടത്തുന്ന അപഹാസ്യമായ പൊറാട്ടു നാടകങ്ങള്‍ സംഘപരിവാറിന്റെ അജണ്ടക്കുനുസരിച്ചും ബ്രാഹ്മണിക്കല്‍ ലോബിയുടെ തീട്ടൂരങ്ങള്‍ക്കുമനുസരിച്ചുള്ള തിരക്കഥയാണിത്. ഈ തിരക്കഥയിലെ നടന്മാരായി മുന്നേറുകയാണ് കനയ്യ അടുക്കമുള്ള രാജ്യദ്രേഹ കുറ്റാരോ പിതരായ വിദ്യാര്‍ത്ഥികള്‍. ഇവിടെ ഒത്തു തീര്‍പ്പുകള്‍ക്ക് ഇടതു പക്ഷം സന്നദ്ധരായിരിക്കുന്നുവെന്ന് വ്യക്തമാണ്. അതിന്റെ തെളിവാണ് കേരളത്തിലെ കാമ്പസ്സുകളിലെ മൗനം. അതുകൊണ്ടാണ് രോഹിത് വെമുല ഉയര്‍ത്തിയ അതിപ്രധാനമായ രാഷ്ട്രീയം ചര്‍ച്ചയാകാത്തതും. രോഹിത് വെമുല ചിത്രത്തില്‍ നിന്ന് മാറ്റപ്പെടുന്നതും.

ജെഎന്‍യു വില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടന്നുവെന്നും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയെന്നു പറയുന്നതും സംഘപരിവാര്‍ തീരുമാനമാണ്. അഫ്‌സല്‍ ഗുരുവിന്റെ പ്രേതം ഇവരെ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കാരണം അഫ്‌സല്‍ഗുരുവിന്റെ വധം '' നിയമവിധേയമാക്കപ്പെട്ട'' ഭരണകൂട ഭീകരതയുടെ പ്രതിഫലനമായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ഇന്ത്യയിലെ ഇടതുപക്ഷം അനുകൂലിക്കുകയാണ് ചെയ്തത്. അതു കൊണ്ടു തന്നെ ഭരണകൂടഭീകരതയെ അവര്‍ക്ക് ശരിയായ രീതിയില്‍ എതിര്‍ക്കാന്‍ കഴിയില്ല. എന്തിനും ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടു വയ്ക്കുന്നവരാണ് ഇടതുപക്ഷം. ഇന്ത്യന്‍ ദേശീയതയും, ഹിന്ദു ദേശീയതയും അടിസ്ഥാനപരമായി മനുവാദ സിദ്ധാന്തത്തിലധിഷ്ഠിത മായിരിക്കുമ്പോള്‍ പോലും അതിന്റെ നടത്തിപ്പുകളില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിട്ടില്ലാത്ത ഇടതു പക്ഷം പ്രത്യേകിച്ച് സി.പി.ഐ(എം) ഇന്ത്യന്‍ ദേശീയതയും ഹിന്ദു ദേശീയതയും രണ്ടും രണ്ടാണെന്ന് വിലയിരുത്തുന്നവരും പ്രസംഗിക്കുന്നവരുമാണ്. ദേശീയതയെക്കുറിച്ചുള്ള യാന്ത്രികമായ നിഗമനങ്ങളും സവര്‍ണ പക്ഷ നിര്‍വചനങ്ങളും ഉയര്‍ത്തിക്കൊണ്ട് അതില്‍ മനം മയങ്ങി അവരുടെ തന്നെ ലെനിനിസ്റ്റ് നിലപാടുകള്‍ കയ്യൊഴിഞ്ഞ് മുന്നോട്ടുപോകുന്നവര്‍ക്ക് മാര്‍ക്‌സിനേക്കാള്‍ വലിയ മഹാനായി ഗാന്ധിയെ വാഴ്ത്തപ്പെടേണ്ടി വരുന്നത് സ്വാഭവികം മാത്രം. ആര്‍.എസ്.എസ്‌നെ എതിര്‍ക്കുവാന്‍ ഗാന്ധിവധം എന്ന ഒറ്റമൂലിയില്‍ കടിച്ചുതൂങ്ങി തെറ്റായ ചരിത്രം വ്യാഖ്യാനിച്ച് ഉണ്ടയുരുട്ടി തങ്ങളുടെ അണികളുടെ അണ്ണാക്കിലേക്ക് തള്ളിക്കയറ്റുമ്പോള്‍ അതിന്റെ രുചി അനുഭവിക്കുന്നത് ആര്‍.എസ്.എസ് എന്ന ഭീകര സംഘടനയാണ്. ശരിയായ ജനാധിപത്യ മതേതര ദേശീയ സങ്കല്പങ്ങള്‍ ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്ന തിലൂടെയാണ് രൂപം കൊള്ളുക. ദേശീയതയെ സംബന്ധിച്ച ലെനിനിസ്റ്റ് നിലപാട് പാടെ തള്ളിക്കളഞ്ഞുകൊണ്ട് ബ്രാഹ്മണിക്കല്‍ നിലപാട് ഉയര്‍ത്തുകയാണ് ഇടതുപക്ഷം. ജനാധിപത്യത്തിനെതിരെ ഇന്ത്യ മുഴുവന്‍ പ്രചാരണം നടത്തി രാമരാജ്യം സാക്ഷാത്കരിക്കാന്‍ കയ്യില്‍ ഭഗവദ്ഗീതയും ചുണ്ടില്‍ രാമമന്ത്രവും ജപിച്ചു നടന്നിരുന്ന ഗാന്ധിയെ രാഷ്ട്രപിതാവായി മഹത്വവല്‍ക്കരിക്കുന്നത് ബ്രാഹ്മണിക്കല്‍ സിദ്ധാന്തങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ഗാന്ധിക്കു പകരം ഗോഡ്‌സെയെ വാഴിക്കാന്‍ വെമ്പുന്ന ആര്‍.എസ്.എസ്. ന്റെ നിലപാടും വ്യത്യസ്തമല്ല. ദളിത് വിരുദ്ധ നിലപാടില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച ഗാന്ധിയെന്ന പിടിവാശിക്കാരന്‍ ദളിതുകള്‍ക്കനുകൂലമായ ഭരണഘടനാ പരമായ അവകാശ സംരക്ഷണത്തേയും, രാഷ്ട്രീയാധികാരത്തേയും എതിര്‍ത്ത ഗാന്ധി സവര്‍ണ പക്ഷത്ത് നിലയുറപ്പിച്ച ആളാണ്. ഇതിനെതിരെ അംബേദ്കര്‍ ഗാന്ധിയുമായി ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സമരത്തിലായിരുന്നു. വട്ടമേശസമ്മേളനത്തിലും പൂനാ കരാറിലും ഇത് പ്രകടമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ടു കൊണ്ടായി രുന്നില്ല ഗാന്ധി ഏര്‍വാദ ജയിലില്‍ മരണം വരെ നിരാഹാരം കിടന്നത്. ദളിതുകള്‍ക്ക് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വോട്ടവകാശത്തി നെതിരെയായിരുന്നു അത്. ഒരു ദളിത് ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥിയെന്ന നിലയില്‍ രോഹിത് വെമുല ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ കര്‍ക്കശമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ഇന്നലെകളെ വിസ്മരിക്കുവാനും ഇന്നിനെ ആശ്ലേഷിക്കുവാനും ആഹ്വാനം ചെയ്യുന്ന ബ്രാഹ്മണിക്കല്‍ നിലപാടുയര്‍ത്തി അവര്‍ണ്ണപക്ഷ ചരിത്രത്തെ നിരാകരിക്കുന്ന, അംബേദ്കറിസത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്തെ കക്ഷിരാഷ്ട്രീയം വ്യവസ്ഥാപിത ഇടതുപക്ഷവും സ്വീകരിച്ചിരിക്കു ന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രോഹിത് വെമുലയുടെ കൊലപാതകത്തോടും അതുയര്‍ത്തിയിട്ടുള്ള രാഷ്ട്രീയത്തോടുമുള്ള ഇടതുപക്ഷത്തിന്റെ വിമുഖതയും കേരളത്തിലെ കലാലയങ്ങള്‍ നിശ്ശബ്ദമാക്ക പ്പെട്ടതിലൂടെയും തെളിയുന്നത്. സ്വന്തം പ്രസ്ഥാനത്തിന്റെ നേതാവിനെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടയ്ക്കുമ്പോഴും നിസ്സംഗത പുലര്‍ത്തി ഹിന്ദുത്വ ശക്തികളോട് രാജിയായിക്കൊണ്ട് വിദ്യാര്‍ത്ഥി സമൂഹം മൗനത്തിലാക്കപ്പെട്ടത് വോട്ടുരാഷ്ട്രീയത്തിന്റെ സ്വാഭാവികമായ അധ.പതനമല്ലാതെ മറ്റെന്തു പറയാനാണ്. 

പി.എ. കുട്ടപ്പന്‍ 8593915983