"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഘാതകനെ ശിക്ഷിച്ചാല്‍ മാത്രം ജിഷക്കു നീതി ലഭിക്കുമോ? - ബിജോയ് ഡേവിഡ് പരുമല


രാഷ്ട്രം, ജനങ്ങളില്‍ ദുര്‍ബലവിഭാഗങ്ങളുടെ പ്രത്യേകിച്ച് പട്ടികജാതിക്കാരുടെയും പട്ടികഗോത്രവര്‍ഗ്ഗങ്ങളുടെയും വിദ്യാഭ്യാസവും സാമ്പത്തികവുമായ താല്‍പര്യങ്ങളെ പ്രത്യേക ശ്രദ്ധയോടുകൂടി അഭിവൃദ്ധിപ്പെടുത്തേണ്ടതും അവരെ സാമൂഹികമായ അനീതിയില്‍നിന്നും ചൂഷണത്തില്‍ നിന്നും രക്ഷിക്കേണ്ടതുമാകുന്നു. (ഇന്ത്യന്‍ ഭരണഘടന)

ജാതിരഹിതമായ കേരളം എന്ന വിവക്ഷയെ തകിടംമറിച്ചുകൊണ്ട് മലയാളിയുടെ കാപട്യങ്ങളുടെ മുഖം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജിഷയുടെ കൊലപാതകം, കലബുര്‍ഗിയിലെ നഴ്‌സിങ്ങ്‌കോളേജില്‍ നിറത്തിന്റയും ജാതിയുടെയും പേരില്‍ റാഗിങ്ങിനിരയായ അശ്വതി, നിരന്തരം ജാതി അധിക്ഷേപങ്ങള്‍ക്കും ഇരയായി നിവര്‍ത്തിയില്ലാതെ പ്രതികരിച്ച് ജയിലിലടക്കപ്പെട്ട അര്‍ച്ചനയും അഖിലയും, തൃപ്പൂണിത്തുറ RLVകോളേജില്‍ SFI ക്കാരുടെ ജാതീയ പീഢനത്തിനിരയായ പെണ്‍കുട്ടി, പത്തനം തിട്ട കാര്‍മല്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ജാതിപീഢനത്താല്‍ ആത്മഹത്യയില്‍ അഭയം തേടിയ വിദ്യാര്‍ത്ഥി, പത്തുവര്‍ഷക്കാലമായി നിരന്തരം ജാതിവിവേചന ത്തിനിരയായിക്കൊ ണ്ടിരിക്കുന്ന ചിത്രലേഖ, അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര സംഭവങ്ങളാണ് സാംസ്‌ക്കാരിക പുരോഗമന കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

കേരള സമൂഹം ദളിത് ജനതയോട് പുലര്‍ത്തിവരുന്ന മനോഭാവം എത്രകണ്ടു പുരോഗമനപരമാണെന്ന ചോദ്യം ഇവിടെ ഉയര്‍ത്തപ്പെടുകയാണ്. ജാതിരഹിത കേരളം എന്ന മിത്തിനെ ഇനിയെങ്കിലും ഉപേക്ഷിച്ച് നാം യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങേണ്ടതല്ലേ? ഇവയൊക്കെ ഒറ്റപ്പെട്ടവമായി എഴുതിത്തള്ളുന്ന പിന്തിരിപ്പന്‍ നിലപാടുകള്‍ക്കൊപ്പം പുരോഗമനകാരികളും ജനാധിപത്യവാദികളും മനുഷ്യസ്‌നേഹികളും നിലകൊള്ളുന്നത് നീതിയുക്തമല്ല. ഇത്തരം അസുഖകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് പൊതു സമൂഹവും സര്‍ക്കാരുമാണ്. ജിഷയുടെ കൊലപാതകികളെ കണ്ടെത്തി ശിക്ഷവാങ്ങിക്കൊടു ക്കുന്നതോടുകൂടി അവസാനിക്കുന്നതല്ല, ജിഷക്കു നീതി ലഭിക്കുന്നതിനുള്ള നടപടികള്‍. അരക്ഷിതമായ സാഹചര്യത്തില്‍ പട്ടിണിയും ദാരിദ്യവും ഭക്ഷിച്ച് ജീവിക്കുവാന്‍ ഇടയാക്കുന്നതില്‍ സര്‍ക്കാരിനും മാറിമാറി കേരളം ഭരിച്ച സി പി എം, കോണ്‍ഗ്രസ് മുതലായ ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ക്കുമാണ് പൂര്‍ണ്ണമായ ഉത്തരവാദിത്വം. സ്വന്തമായി വീടില്ലാതെ, സ്വന്തമായി ഭൂമിയില്ലാതെ ജീവിക്കുന്ന മൂന്നുലക്ഷത്തിലധികം കുടുംബങ്ങള്‍ മന്ത്രിസഭയുടെ ദയവുകാത്ത് വികസിത കേരളത്തിന്റെ റോഡിറമ്പുകളില്‍, തോടുമടകളില്‍, റയില്‍വേ പറമ്പുകളില്‍, കനാല്‍ ബണ്ടുകളില്‍ കഴിഞ്ഞുകൂടുന്നുണ്ട്. അവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ഭൂമിയും സുരക്ഷിതമായി കിടന്നുറങ്ങാനുള്ള ഭവനങ്ങളും, നല്ല വിദ്യാഭ്യാസവും ഭക്ഷണവും തൊഴിലും നല്‍കുന്നതിലൂടെ മാത്രമേ ഇനിയൊരു ജിഷ ഉണ്ടാകാത്ത തരത്തില്‍ നീതി നടപ്പിലാക്കി എന്നു പറയുവാന്‍ സാധിക്കുകയുള്ളു.

ഐക്യപ്പെടുന്ന ഇടതുവലതു താല്‍പര്യങ്ങള്‍
ബഹുമുഖ സമരങ്ങള്‍ക്കൊണ്ട് മുഖരിതമാകാന്‍ കാരണമായ ജിഷയുടെ കൊലപാതകം കേരളത്തിനേല്‍പ്പിച്ച ആഘാതം ചെറുതല്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരായ സി പി ഐ(എം) കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ജനങ്ങളോടുള്ള അവഗണനാപൂര്‍വ്വമായ സമീപനത്തെ തുറന്നു കാട്ടുവാന്‍കൂടി ഈ സംഭവം ഇടയാക്കി. അറിഞ്ഞോ അറിയാതെയോ ജിഷ സംഭവുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഈ രണ്ടു പാര്‍ട്ടികളുടേയും നേതാക്കള്‍ ശത്രുതാപൂര്‍വ്വം പെരുമാറിയിട്ടുണ്ട് എന്ന് പൊതുജനം വിശ്വസിക്കുന്നതിനെ തെറ്റുപറയാന്‍ കഴിയുകയില്ല. നിരാലംബരായ ഈ കുടുംബത്തോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ ഈ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നതാണ് വസ്തുതകള്‍ പഠിപ്പിക്കുന്നത്. കേസിന്റെ പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചവരുത്തുകയും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ കാരണമാകുകയും ചെയ്ത പെരുമ്പാവൂര്‍ഡി വൈ എസ് പി, കുറുപ്പുംപടി സര്‍ക്കിള്‍, എസ് ഐ എന്നിവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ കോണ്‍ഗ്രസ് സര്‍ക്കാരും ഇപ്പോഴത്തെ ഇടതു സര്‍ക്കാരും തയ്യാറായില്ല. ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും വിഷയത്തില്‍ സി പി ഐ എം നും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. ഇതിന്റെ കാരണം, വ്യക്തിയുടേതെന്നപോലെ സാമൂഹ്യ വിഭാഗത്തിന്റെ ദിശാബോധവും പ്രത്യശാസ്ത്ര- രാഷ്ട്രീയ നിലപാടുകളും തീരുമാനിക്കപ്പെടുന്നത് നിശ്ചിതമായ താല്‍പര്യങ്ങളിലാണ് എന്നതാണ്.


രോഹിത് വെമുലയുടെയും ജിഷയുടെയും പേരില്‍ ദളിതരുടെ നേതൃത്വത്തില്‍ വ്യാപകമായി നടത്തപ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും സാംസ്‌ക്കാരിക കേരളത്തെ ജാതീയമായി ധ്രുവീകരിക്കാന്‍ കാരണമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ഇത് പാര്‍ട്ടി അണികള്‍ക്കും പുരോഗമന പ്രവര്‍ത്തകര്‍ക്കുമുള്ള കൃത്യമായ സന്ദേശമായിരുന്നുവെന്ന് വായിച്ചെടുക്കാന്‍ സാധിക്കും. കാരണം, മുന്‍പില്ലാത്തവിധം സി പി ഐ എം ലെ ദളിതര്‍ രോഹിത് വെമുലയുടെ വിഷയത്തില്‍ അനുഭാവം പ്രകടിപ്പിക്കുകയും ചില ബോധ്യങ്ങളിലേക്ക് വഴിമാറുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷമുണ്ടായ ജിഷയുടെ കൊലപാതകത്തെ രാഷ്ട്രീയായുധമാക്കാന്‍ സി പി എം തെരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടി നിയന്ത്രണത്തിനു പുറത്ത് ദളിതരായ സഖാക്കള്‍ ജിഷയുടെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും പൊതു സമൂഹത്തിന്റെയും ദളിത് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തത് കൈവിട്ട കളിയാണെന്ന് പാര്‍ട്ടി നേതൃത്വത്തിനു ബോധ്യംവന്നു. പാര്‍ട്ടിക്കു പുറത്തു നടക്കുന്ന സമരങ്ങള്‍ മുന്നേറ്റമായി രൂപം പ്രാപിച്ചാല്‍ പാര്‍ട്ടിക്കകത്തു അലയൊലികള്‍ ഉണ്ടാകാനുള്ള സാധ്യത തിരിച്ചറിയുകയും ചെയ്തു. ജിഷയുടെ വധത്തില്‍ പ്രതിക്ഷേധിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ 'ഊരും പേരും മില്ലാത്തവ'രുടെ ഹര്‍ത്താല്‍ എന്ന് ഇതിന്റെ ഭാഗമായിട്ടാണ് കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചത്. തുടര്‍ന്ന് അധികാരത്തില്‍ വന്നതിനുശേഷം പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയിലെ ധ്വനി തിരിച്ചറിഞ്ഞ സഖാക്കള്‍ ജാതിയെ പ്രോത്സാഹിപ്പിക്കുന്ന സമരത്തിലേര്‍പ്പെട്ടല്ലോ എന്ന കുറ്റബോധത്തോടെ മാളത്തിലൊളിച്ചു. ജിഷയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി വോട്ടു നേടിയാണ് സി പിഐ(എം)ഉം ഇടതുപക്ഷവും അധികാരത്തിലേറിയത്. മുത്തങ്ങ സമരത്തില്‍ ഇതേ നിലപാട് അനുവര്‍ത്തിച്ചിരുന്ന അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദിവാസികളോട് മുഖംതിരിച്ചത് കേരളം കണ്ടതാണ്. അതേപോലെതന്നെ ജിഷയുടെ മരണത്തിലേക്കു നയിച്ച സാമൂഹ്യ സാഹചര്യങ്ങളിലേക്ക് കണ്ണോടിക്കാന്‍പോലും ഇടതു സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ജാതിയെന്നു പറയുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ അത്, ഉണ്ടേ എന്ന് അംഗീകരിക്കുവാനോ, അഡ്രസ് ചെയ്യുവാനോ ഇവര്‍ തയ്യാറല്ല. നവോത്ഥാനാനന്തര കേരളത്തില്‍ ജാതിവിവേചനങ്ങളില്ല എന്നാണ് ഇവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഇക്കാര്യത്തിലും കോണ്‍ഗ്രസും സി പി ഐ(എം)ഉം ഒരേ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. സാമ്പത്തിക പുരോഗതിയിലൂടെ ജാതിവൈരുദ്ധ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കോണ്‍ഗ്രസും വര്‍ഗ്ഗസമരത്തിലൂടെ ജാതിപ്രശ്‌നം പരിഹരിക്കപ്പെടുമെന്നും സി പി ഐ (എം) ഉം ഇപ്പോഴും ധരിക്കുന്നു. ഇത് തികച്ചും വരേണ്യമായ ഒരു സങ്കല്‍പ്പമാണ്. നവോത്ഥാന ഇടതു കേരളത്തില്‍ ജാതിയുടെ സംഘര്‍ഷം സാധ്യമാകുകയില്ല എന്ന് സൈദ്ധാന്തികനായ എം എന്‍ വിജയനും, കത്തിക്കരിഞ്ഞുപോയ നക്ഷത്രഗോളത്തിന്റെ ആകാശവീഥിയില്‍ അവശേഷിക്കുന്ന രശ്മി സഞ്ചയം പോലെ ജാതിബോധം അവശേഷിക്കുന്നുവെന്ന് ചരിത്രകാരനായ എം ജി എസ് നാരായണനും സൈദ്ധാന്തികമായി സമര്‍ത്ഥിച്ചപ്പോള്‍, ഭൗതികാസ്പദമില്ലാത്ത ബോധമണ്ഡലത്തിലെ ഒരു പ്രപര്‍ത്തനമായി ജാതി ചുരുങ്ങിയെന്ന് ഇടതുപക്ഷം നിലപാടെടുത്തു. അതുകൊണ്ട് ഇത്തരം യുക്തിഭംഗങ്ങളുടെ ഭാഗമാകാതെ ദളിതരും ആദിവാസികളും സ്ത്രീകളും അടങ്ങുന്ന പാര്‍ശ്വവര്‍കൃത ജനങ്ങളോട് ഭരണഘടനാപരമായ നീതി നിര്‍വ്വഹിക്കുന്നതില്‍ ആത്മാര്‍ത്ഥത കാട്ടുകയും ജാതീയ വിവേചനത്തിന്റെ നാരായവേരുകള്‍ ഉള്ളടങ്ങിയിട്ടുള്ള ജാതി എന്ന പ്രശ്‌നത്തെ പ്രശ്‌നവല്‍ക്കരിക്കുകയും ജാതിരഹിത സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ജിഷയോടു നീതി പുലര്‍ത്താന്‍ കഴിയുകയുള്ളു.