"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സി എസ് മുരളികേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്ത് മൂന്ന് ദശകക്കാലത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന സി എസ് മുരളി വൈപ്പിന്‍ നായരമ്പലം ചിരട്ടപ്പുരക്കല്‍ ശങ്കരന്‍ കുഞ്ഞിന്റേയും കായംകുളം പറത്തൂര്‍ പടീറ്റതില്‍ ലക്ഷ്മിക്കുട്ടി യുടേയും മൂത്ത മകനായി 1965 മെയ് ഒന്നാം തിയതി കായംകുളം ജനറല്‍ ആശുപത്രിയില്‍ ജനിച്ചു. 5 വയസുമുതല്‍ പഠിച്ചതും വളര്‍ന്നതും അച്ഛന്റെ നാടായ നായരമ്പലത്ത് ആയിരുന്നു. പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം നായര മ്പലം ദേവീ വിലാസം സ്‌കൂളില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നായരമ്പലം ഭഗവതിവിലാസം ഹൈസ്‌കൂളിലായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ നായരമ്പലം ഗ്രാമീണ വായന ശാലയുടെ ലൈബ്രറേറിയന്‍, സെക്രട്ടറി എന്നീ നിലകളില്‍ പൊതുപ്രവര്‍ത്തന രംഗത്തു വന്ന സി എസ് മുരളി, 1982 ലെ വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണ വായനശാല സെക്രട്ടറിയായിരുന്ന കെ ബി ഗുഹന്‍ വഴി വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 83 - 85 കാലയളവില്‍ മാല്യങ്കര എസ് എന്‍ എം കോളേജില്‍ ടി സി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ വിപ്ലവവിദ്യാര്‍ത്ഥി സംഘടന (RSO) പ്രവര്‍ത്തനം. 85 - 87 കാലയളവില്‍ പി എസ് രാജഗോപാലന്റെ നേതൃത്വ ത്തില്‍ ഉണ്ടായിരുന്ന യുവജനവേദി എറണാകുളം ജില്ലാ സംഘാടക കമ്മിറ്റിയംഗം. 87 ലെ പാര്‍ട്ടി പിളര്‍പ്പിനു ശേഷം കെ വേണു അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന CRC, CPI (ML) എന്ന സംഘടനയുടെ വൈപ്പിന്‍ ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയുണ്ടായി. 91 ല്‍ കളമശേരിയില്‍ ലോകബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ച സമരത്തിന് നേതൃത്വം കൊടുത്തതിനെ തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി ജയിലില്‍ അടക്കപ്പെട്ടു.

കേരളത്തിലെ വിപ്ലവ ദലിത് പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച അധസ്ഥിത നവോത്ഥാന മുന്നണിയുടെ എറണാകുളം ജില്ലാ കണ്‍വീനര്‍, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയുണ്ടായി. 1989 ല്‍ വൈക്കത്ത് മനുസ്മൃതി കത്തിക്കല്‍ സമരം, 1992 ല്‍ എറണാകുളത്ത് പുത്രകാമേഷ്ടി യാഗം മുടക്കല്‍ സമരം എന്നിവക്കു കെ എം സലിംകുമാറി നൊപ്പം നേതൃത്വപരമായ പങ്കുവഹിച്ചു.

മേല്‍ സൂചിപ്പിച്ച പ്രസ്ഥാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും നടത്തിയ നിരവധി വിദ്യാര്‍ത്ഥി, യുവജന, ട്രേഡ് യൂണിയന്‍, സാമുദായിക സമരങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കുകയുണ്ടായി. മാത്രമല്ല സി ടി സുകുമാരന്‍ IAS ന്റെ കൊലപാതകം CBI അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തിയ വി കെ ബാബു MLA നേതൃത്വം നല്കിയ ആക്ഷന്‍ കൗണ്‍സിലിന്റെ ജോയിന്റ് കണ്‍വീനര്‍ എന്ന നിലയില്‍ 1993 ഡിസംബര്‍ 14 മുതല്‍ ജനുവരി 1 ആം തിയതി വരെ സി ടി സുകുമാരന്‍ IAS ന്റെ കൊലപാതകം CBI അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ 16 ദിവസം നടത്തിയ അനിശ്ചിതകാല നിരാഹാര സമരം ഏറെ ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. CRC, CPI (ML) പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മുഴുവന്‍ സമയ ദലിത് സംഘടനാ പ്രവര്‍ത്തകനായി മാറി. ദലിത് പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ സമരം നടത്തിയ, ഡോ. എം എ കുട്ടപ്പന്‍ MLA നേതൃത്വം നലികിയ ആക്ഷന്‍ കൗണ്‍സിലിന്റെ ജോയിന്റ് കണ്‍വീനര്‍ എന്ന നിലയില്‍ സമരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതും സി എസ് മുരളിയായിരുന്നു.

തൊണ്ണൂറുകളില്‍ വൈപ്പില്‍ കാര്‍ഷിക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ വൈപ്പിന്‍ കരയില്‍ കാര്‍ഷിക തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്തു. വൈപ്പിന്‍ കരയിലെ പൊക്കാളിപ്പാടങ്ങള്‍ തരിശിട്ടു ചെമ്മീന്‍ വാറ്റു കേന്ദ്രങ്ങളായി മാറ്റുന്നതിനെതിരെ, പറവൂര്‍ ടൗണ്‍ഹാളില്‍ പൊക്കാളി നിലവികസന അതോറിട്ടി ഉത്ഘാടനം ചെയ്യാനെത്തിയ കൃഷിവകുപ്പു മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലിനെതിരെ സ്റ്റേജില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ചു പ്രതിഷേധി ച്ചപ്പോള്‍ വീണ്ടും കസ്റ്റഡി മര്‍ദ്ദനം ഏറ്റു. വൈപ്പിന്‍ കരയിലെ പൊക്കാളിപ്പാടങ്ങള്‍ തരിശിടുന്നതിനെതിരെ അഡ്വ. കെ എസ് മധുസൂദനന്റെ സഹായത്തോടുകൂടി ഹൈക്കോടതി, കേരള ലാന്റ് ട്രൈബ്യൂണല്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തിയ വ്യവഹാരങ്ങളില്‍ വിജയം. ആയിരക്കണക്കിന് ഏക്കര്‍ വരുന്ന അനധികൃത ചെമ്മീന്‍ വാറ്റു കേന്ദ്രങ്ങളില്‍ 'വിളവെടുപ്പു ത്സവ സമരം' നടത്തിയതിന്റെ പേരില്‍ നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ടു.


എറണാകുളം അംബേഡ്കര്‍ സ്റ്റഡി സര്‍ക്കിള്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എറണാകുളം സെ. തെരേസാസ് കോളേജില്‍ ദലിത് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ജാതിവിവേചനം (പ്രത്യേകം ഡോര്‍മെറ്ററികള്‍ സ്ഥാപിച്ച് ദലിത് വിദ്യാര്‍ത്ഥിനികളെ മാറ്റിപ്പാര്‍പ്പിച്ച സംഭവം) ഉണ്ടായപ്പോള്‍ പ്രക്ഷോഭം സംഘടി പ്പിച്ചു. 2003 ല്‍ കൊച്ചി താലൂക്കിലെ കണക്കന്‍ / വേട്ടുവന്‍ വിവാദം പരിഹരിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു വിജയിച്ചു. തുടര്‍ന്ന് 2003 മുതല്‍കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ കൊച്ചി താലൂക്ക് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. എം എ കുട്ടപ്പന്‍ MLA യുടെയും വിവിധ സാമുദായിക സംഘടനാ നേതാക്കളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറിയായി 5 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. വ്യക്തിപരവും സംഘടനാപരവു മായ കാരണങ്ങളാല്‍ ആ ബന്ധം ഉപേക്ഷിച്ച് സാമുദായിക സംഘടനാ പ്രവര്‍ത്തന രംഗത്തേക്കു തന്നെ മടങ്ങിവന്നു. 2009 മുതല്‍ കേരള ദലിത് മഹാസഭ എറണാകുളം ജില്ലാ പ്രസിഡന്റാ യും, 2012 മുതല്‍ കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റാ യും പ്രവര്‍ത്തിക്കുന്നു.