"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ദളിതന്‍ എന്തുകൊണ്ട് ദളിതനായി ത്തന്നെ ഇന്നും നിലനില്‍ക്കുന്നു - പി. എസ്. സത്യപാല്‍


ഒരു ജനതയെ വിദ്യാഹീനരാക്കിയാല്‍ അവരുടെ പുരോഗതിയെ എന്നെന്നേയ്ക്കുമായി തളച്ചിടാന്‍ സാധിക്കും. വിദ്യയുടെ സുഗമമായ സമ്പാദനത്തിന് വിശപ്പിനെക്കുറിച്ചു ചിന്തിക്കേണ്ടാത്ത ഒരവസ്ഥയും കാലാനുസൃതമായ പഠനത്തിനുളള അന്തരീക്ഷവും ഉണ്ടായിരിക്കണം. വിശന്നു വലയുന്ന ഒരു വ്യക്തിക്ക് പഠനത്തിനളള ഏകാഗ്രത ലഭ്യമാകാന്‍ സാധ്യതയില്ല. പക്ഷേ സഹനത്തിലൂടെ മേല്‍പ്പറഞ്ഞ ഘടകത്തെ അതിജീവിക്കുന്നവര്‍ ഉണ്ടാകാം. അങ്ങനെയുളളവര്‍ക്ക് പഠനത്തിനുളള അന്തരീക്ഷം സംജാതമാക്കാതിരുന്നാല്‍ കുറെയൊക്കെ പിന്തിരിപ്പിക്കാന്‍ സാധിക്കും. മുകളില്‍ പറഞ്ഞിരിക്കുന്ന ഘടകത്തേയും അതിജീവിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ നിയമനിര്‍മ്മാണത്തിലൂടെ അതിനെ നേരിടാം. മേല്‍പ്പറഞ്ഞ ഘടകങ്ങളെ ശരിക്കും പ്രയോജനപ്പെടുത്തിയാണ് ആര്യന്മാര്‍ ഇന്ത്യയിലെ ദളിതുവിഭാഗങ്ങളെ വാര്‍ത്തെടുത്തത്. മനുസ്മൃതി പോലുളള ഗ്രന്ഥങ്ങള്‍ നിയമനിര്‍മ്മാണത്തിന്റെ ആവശ്യം സാക്ഷാത്ക്കരിച്ച പ്പോള്‍ ദൈവികഗ്രന്ഥങ്ങള്‍ ആ നിയമങ്ങളെ അലംഘനീയ മാക്കിത്തീര്‍ത്തു. ആയുധബലമുളളവന്റെ അടിമയായിത്തീരാ നാണ്അതില്ലാത്ത വന്റെ വിധി. ഇപ്പോള്‍ അമേരിക്കയുടെ താല്‍പ്പര്യം ലോകത്തിന്റെ മൊത്തം താല്‍പ്പര്യമായിത്തീ രുന്നതും മേല്‍പ്പറഞ്ഞ നിയമത്തിന്റെ അടിസ്ഥാനത്തി ലാണ്. പഠിക്കുന്നതിനുളള എല്ലാ മാര്‍ഗ്ഗങ്ങളും അടച്ചിട്ടും വില്ലാളിവീരനായി തീര്‍ന്നഏകലവ്യനെ മറക്കാന്‍ ഭാരതജനതയ്ക്കാവില്ല. സര്‍വ്വ പ്രോത്സാഹനവും എല്ലാ മാര്‍ഗ്ഗത്തിലൂടെയും നിര്‍ല്ലോഭം അനുഭവിച്ചു പഠിച്ച അര്‍ജ്ജൂനന്‍ ദ്രോണര്‍ക്കു മുമ്പില്‍ പൊഴിച്ച കണ്ണീരില്‍ ഏകലവ്യന്റെ വ്യക്തിപ്രഭാവത്തിന്റെ വ്യക്തത ഭംഗിയായി നിഴലിക്കുന്നുണ്ട്. ഗുരുദക്ഷിണ ആവശ്യപ്പെടാന്‍ യോഗ്യതയില്ലാതിരുന്നിട്ടും പെരുവിരല്‍ ഗുരുദക്ഷിണയായി ചോദിച്ചുവാങ്ങുന്ന ദ്രോണര്‍ ദളിതനെ ദളിതനായിത്തന്നെ നിലനിര്‍ത്തണം എന്നു മനസ്സാ ആഗ്രഹിച്ചിരുന്നതായി കാണാം.

സ്വസമൂഹത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെക്കുറിച്ച് ശരിയായ ധാരണ ഇല്ലാതാക്കാന്‍ഉതകുന്ന സമീപനങ്ങള്‍ അവലംബിക്കുകയാണ് രണ്ടാമത്തെ മാര്‍ഗ്ഗം. മഹാനായ അയ്യന്‍കാളിയെക്കുറിച്ച് സവര്‍ണ്ണനറിയാവുന്നത്ര കാര്യങ്ങള്‍ പോലും അവര്‍ണ്ണനറിഞ്ഞുകൂടാ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സെക്രട്ടറിയും പുന്നപ്ര വയലാര്‍ സമരത്തിന്റെ ധീരനേതാവുമായിരുന്ന സഖാവ് കെ.വി. പത്രോസ് ചരിത്രത്തില്‍ നിന്ന് പുറന്തളളപ്പെട്ടത് ദളിതനായിരുന്നതു കൊണ്ട് മാത്രമാണ്. പുന്നപ്ര വയലാര്‍ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരില്‍ ഭൂരിഭാഗവും ദളിതര്‍ ആയിരുന്നിട്ടും ചരിത്രത്തിന്റെ ഭാഗമാകാന്‍ അവരെ അനുവദിച്ചില്ല. സഖാവ് കെ. വി. പത്രോസിന് അര്‍ഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നുവെങ്കില്‍ വീട്ടിലിരുന്നു കമ്മ്യൂണിസം പ്രചരിപ്പിച്ച സവര്‍ണ്ണ കമ്മ്യൂണിസ്റ്റുകളുടെ പേരുകള്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യാന്‍ സാധിക്കില്ലായി രുന്നു. ഇന്ത്യയുടെ കാലാവസ്ഥയ്ക്കനുയോജ്യമായ കമ്മ്യൂണിസം ഇവിടെ നടപ്പിലാക്കിയാല്‍ മതിയെന്ന് അടിവരയിട്ടു പറഞ്ഞ കേരളത്തിന്റെ കമ്മ്യൂണിസ്റ്റാചാര്യന്‍ ദളിത സമുഹം എന്നും പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടു തന്നെ നില്‍ക്കണം എന്ന് ആഗ്രഹിച്ചിരുന്നതായി കാണാം. സര്‍വ്വലോകത്തൊ ഴിലാളികളുടെ ക്ഷേമ ഐശ്വര്യങ്ങള്‍മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 3 സെന്റ് മുതല്‍ 5 സെന്റ് വരെ കൊടുത്തു കമ്മ്യൂണിസം നടപ്പിലാക്കിയാല്‍ മതിയെന്ന് തീരുമാനമെടുത്തെങ്കില്‍ ആ തീരുമാനത്തിന്റെ ഗുണഭോക്താ ക്കളില്‍ 99% വും ദളിതര്‍ ആയതുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ വലിയ വിദ്യാഭ്യാസം ഒന്നും ആവശ്യമില്ല. 3 സെന്റ് മുതല്‍ 5 സെന്റെ വരെ കൊടുത്തു ചെറിയ തുണ്ടു ഭൂമികളില്‍ തളയ്ക്കപ്പെട്ടവരായി, വിധേയരാകാന്‍ വിധിക്കപ്പെട്ടവരായി നിലനിര്‍ത്തുന്നതി നോടൊപ്പം തമ്മില്‍ കലഹം സൃഷ്ടിച്ചു പൊരുത്തപ്പെടാന്‍ സാദ്ധ്യതയില്ലാത്തവരായി നിലനിര്‍ത്തു കയെന്നതാണ് കോളനികളുടെ ഉളളടക്കം. സഖാവേ എന്നൊരു വിളിയില്‍ സോഷ്യലിസം വന്നതായി ദളിതു മൂഢന്മാര്‍ കരുതിക്കൊളളും. വികസനത്തിന്റെ പേരു പറഞ്ഞു മുതലാളിക്കു കൊടുത്താല്‍ അധികാരത്തില്‍ നിന്നു പോയാലും ശിഷ്ടകാലം അവരില്‍ നിന്ന് വേണ്ടതുസംഘടിപ്പിച്ചു ജീവിക്കാമെന്ന് സോഷ്യലിസത്തിന്റെ വക്താക്കള്‍ക്ക് നന്നായറിയാം. കോണ്‍ഗ്രസുകാര്‍ മുതലാളിമാര്‍ക്കുവേണ്ടി ജന്മമെടുത്തവ രായതുകൊണ്ട് അവരെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ബി.ജെ.പി. ദളിതനെ മനുഷ്യഗണത്തില്‍പ്പെടുത്തിയിട്ടില്ല. പഞ്ചമനില്‍പ്പെട്ടവന് ചാതൂര്‍വണ്ണ്യത്തില്‍ അവസാനത്തേതിന്റെ അടുത്തു നില്‍ക്കാനുളള യോഗ്യതപോലു മില്ലല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഏതു രാഷ്ട്രീയപാര്‍ട്ടിക്കാരനായാലും ദളിതനെ ദളിതനായിത്തന്നെ മാറ്റി നിര്‍ത്തും.


കായികാഭ്യാസത്തില്‍ തച്ചോളി ഒതേനന് തുല്യനായിരുന്ന തേവര്‍ വെളളന്‍ എന്ന പുലയനെക്കുറിച്ച് അറിയാവുന്ന ദളിതര്‍ വിരലിലെണ്ണാന്‍ പോലുമില്ല. ആത്മാഭിമാന ത്തോടെ ഓര്‍ക്കാന്‍ ഒന്നുമില്ലാത്തവന്‍ അടിമയാണ്. പഠിക്കാനുളള അവസരം നിഷേധിച്ചപ്പോള്‍ മുന്‍ഗാമികളെപ്പറ്റി ആത്മാഭിമാനത്തോടെ പറയാന്‍ സാധിക്കുന്നതൊന്നും മനസ്സില്‍ ഇല്ലാത്ത, തീര്‍ത്തും ശുന്യമായ മനസ്സിന്റെ ഉടമകളാക്കി മാറ്റുകയാണ് ചെയ്തത്. മറിച്ചായിരുന്നു എങ്കില്‍ അയ്യന്‍കാളിയും സഖാവ് കെ.വി. പത്രോസും തേവര്‍വെളളനും ദളിതു സമൂഹത്തിന്റെമൊത്തം കഥയിലെ വീരനായകന്മാരായി മുന്‍തലമുറകള്‍ മുതല്‍ വിലസുമായിരുന്നു. ഗ്രഹണം ബാധിച്ചാല്‍ അധികസമയത്തേക്ക് മറച്ചുവയ്ക്കാന്‍ സാധിക്കില്ല എന്നു പറയുന്നതുപോലെ നമ്മുടെ വീര പുരുഷന്മാര്‍ മറ നീക്കി പുറത്തു വന്നു തുടങ്ങി. തികഞ്ഞ നമസ്‌ക്കരണം നടത്തിയില്ലായിരുന്നുവെങ്കില്‍ സവര്‍ണ്ണനായകരില്‍ പലരുടേയും റോള്‍ മേല്‍പ്പറഞ്ഞ മഹാത്മാക്കള്‍ക്കു പിന്നിലാകുമായിരുന്നു.

ജന്മം കൊണ്ടു ബ്രാഹ്മണനല്ലാത്തവന്‍ കര്‍മ്മം കൊണ്ട് ബ്രാഹ്മണനായിത്തീരാമെന്ന തത്വത്തിന്റെ പിന്‍ബലത്തില്‍ പൂണൂലണിയേണ്ടി വന്നവരാണ് വാല്മീകി, വ്യാസന്‍ മുതല്‍പേര്‍. അവരെ പൂണൂലണിയിച്ചപ്പോള്‍ ബ്രഹ്മണ വര്‍ഗ്ഗം രണ്ടു കാര്യങ്ങള്‍ ഒന്നിച്ചു സാധിച്ചു. വ്യക്തിപ്രഭാവമുളളവരെ സ്വവര്‍ഗ്ഗത്തിലാക്കാനും അവര്‍ണ്ണന് ആത്മാഭിമാന ത്തോടെ പറയാന്‍ പറ്റുന്ന പേരുകള്‍ അവരുടെ ലിസ്റ്റില്‍ നിന്ന് എടുത്തുമാറ്റാനും ശ്രേഷ്ഠ വ്യക്തിയെ നിര്‍വീര്യനാക്കാനും നിര്‍വീര്യനെ ശ്രേഷ്ഠനാക്കാനും കുറേപ്പേര്‍ സംഘടിച്ചു ശ്രമിച്ചാല്‍ സാധിക്കും എന്നതിന്റെ ഉദാഹണമാണ് മഹാഭാരത്തിലെ കര്‍ണ്ണനും അര്‍ജ്ജൂനനും ഉന്നതകുലജാതനായ കര്‍ണ്ണന്റെ അവസ്ഥ അതായിരുന്നുവെങ്കില്‍ ദളിതന്റെ അവസ്ഥ എന്തായിരുന്നിരിക്കണം. ദളിതനു അവസരം കൊടുക്കാതിരിക്കുന്ന കാര്യത്തില്‍ സവര്‍ണ്ണവര്‍ഗ്ഗം എന്നുംജാഗ്രത പുലര്‍ത്തിയിരുന്നതായി കാണാം. അവസരം കിട്ടിയാല്‍ ദളിതനും മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നതിനുളള ഉദാഹരണമാണ് മഹാനായ അംബേദ്കര്‍. മഹാത്മാ ഗാന്ധിക്ക് ലഭ്യമായ അവസരങ്ങള്‍ തുലോം വ്യത്യസ്തമല്ലാത്ത അളവില്‍ മഹാനായ അംബേദ്കര്‍ക്ക് ലഭ്യമായിരുന്നുവെങ്കില്‍ ആരു മുന്‍പന്‍ ആകുമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കാലത്തിന്റെ കുത്തൊഴുക്കില്‍ സാമ്പത്തിക അസമത്വത്തില്‍പ്പെട്ടു പിന്നോക്കം പോകേണ്ടിവന്ന ചില സവര്‍ണ്ണര്‍ ജാതിചിന്തയ്ക്കതീതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജാതിചന്തയ്ക്കതീതതതമായി പ്രവര്‍ത്തിക്കുന്ന സന്മനസ്സുകളായ ചുരുക്കം ചില സവര്‍ണ്ണരു മുണ്ട്. പക്ഷേ അങ്ങനെയുളളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ജാതി മഹത്വവും ഹീനത്വവും ദൈവനിശ്ചയമാണെന്നും അതിനെ ഖണ്ഡിക്കാന്‍ സാദ്ധ്യമല്ലെന്നും സകലജാതികളും അതിനെ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും കഥകളിലൂടെയും മാദ്ധ്യമ പ്രവര്‍ത്തനത്തിലൂടെയും ദിവസവും ഓര്‍മ്മപ്പെടുത്തിയും ഖണ്ഡിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ നിലവിലുളള ഭരണസംവിധാനങ്ങളുടെ പിന്‍ബലത്തില്‍ കടുത്ത ശിക്ഷ നല്‍കിക്കൊണ്ടും ജാതിഭ്രാന്തന്മര്‍ അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ദളിതു ബാലികയുടെ നിഴല്‍ ദളിതനല്ലാത്തവന്റെ മേല്‍പതിഞ്ഞതിന്റെ പേരിലുളള കടുത്ത ശിക്ഷ ഈ അഭിപ്രായത്തെ ശരി വയ്ക്കുന്നതാണ്.

മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ പോയി കറുത്ത വര്‍ഗ്ഗക്കാരുടെ മോചനത്തി നായി അഹോരാത്രം പ്രവര്‍ത്തിച്ചു. വര്‍ണ്ണ വിവേചനത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്തു ലോകത്തിന്റെ പ്രശംസയ്ക്കു പാത്രീഭൂതനായി. പക്ഷേ അത്തരത്തില്‍ അദ്ദേഹത്തെ ചിന്തിപ്പിച്ച ഘടകം എന്തായിരുന്നു? ഇന്ത്യയിലെ വെളളക്കാരന്‍ ആഫ്രിക്കയിലെത്തിയപ്പോള്‍ സായിപ്പിന്റെ മുമ്പില്‍ കറുത്ത വര്‍ഗ്ഗക്കാരനായി. ഇന്ത്യയിലെ വെളുത്ത വര്‍ഗ്ഗക്കാരന്‍ സായിപ്പിന്റെ കണ്ണില്‍ കറുത്ത വര്‍ക്കാരനാ കുന്നതും വര്‍ണ്ണവിവേചനത്തിനിരായകുന്നതുംഅദ്ദേഹത്തിനു സഹിച്ചില്ല. അല്ലാതെ ദക്ഷിണാഫ്രിക്ക യിലെ പാവപ്പെട്ട കറുത്ത വര്‍ഗ്ഗക്കാരെ വര്‍ണ്ണവിവേചന ത്തില്‍ നിന്നു രക്ഷപ്പെടുത്താനായിരുന്നില്ല ഗാന്ധിജിയുടെ ഉദ്യമം. ചെയ്ത പ്രവര്‍ത്തിയോട് ആത്മാര്‍ത്ഥ യുണ്ടായിരുന്നു എങ്കില്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം വര്‍ണ്ണവിവേചനത്തിനെ തിരായ സമരം ഇന്ത്യയില്‍ നിന്നും തന്നെ തുടങ്ങുമായിരുന്നു. ദളിതന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഡോ. ബി.ആര്‍ അംബേദ്കറുടെ ആശയങ്ങളോട് യോജിച്ചുപ്രവര്‍ത്തി ക്കുമായിരുന്നു. വെങ്ങാന്നൂരെത്തി അയ്യന്‍കാളിയെ കാണാന്‍ സന്മനസ്സ് കാണിച്ചത് അദ്ദേഹത്തിന്റെ മഹത്വം. സഹനത്തിന്റെയും നിസ്സഹകരണത്തിന്റെയും ശക്തി കൊണ്ട് വെളളക്കാരന്റെ ആയുധബലത്തെ മറികടന്നതും അദ്ദേഹത്തിന്റെ മഹത്വത്തിനുദാഹരണം തന്നെ. എന്നാല്‍ ദളിതനുവേണ്ടി അദ്ദേഹം പൊഴിച്ച കണ്ണീര്‍ മുതലക്കണ്ണീരാണ്. സംവരണ മണ്ഡലങ്ങളില്‍ നിന്നു മത്സരിക്കുന്ന ദളിതു സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനുളള അവകാശം ദളിതര്‍ക്കു മാത്രമാക്കണം എന്ന് അംബേദ്ക്കര്‍ വാദിച്ചപ്പോള്‍ അങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു ഗാന്ധിജി. ഫലമോ? ഏതു ദളിതന്‍ ജയിക്കണം എന്നത് ദളിതനല്ലാത്തവന്‍ നിശ്ചയിക്കും എന്ന അവസ്ഥയിലെത്തി. ദളിതനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റിലും അസംബ്ലിയിലു സ്വതന്ത്രമായി അവതരിപ്പിക്കാന്‍ ദളിതു പ്രതിനിധികള്‍ക്ക് അവകാശമില്ല. രാഷ്ട്രീപാര്‍ട്ടികള്‍ക്കു വേണ്ടി കൈപൊക്കുക, നിയമപരമായി ലഭിക്കാവുന്ന വേതനം കൈപ്പറ്റുക. ഇത്രമാത്രമേ നിലവിലുളള സംവിധാനത്തില്‍ ദളിതു പ്രതിനിധികള്‍ക്ക് സാദ്ധ്യമാകൂ. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ അവതരിപ്പിച്ച ആശയം അനുസരിച്ചായിരുന്നു എങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളോടു കടപ്പാടില്ലാത്ത, ജയിക്കാന്‍ സവര്‍ണ്ണന്റെ വോട്ടിന്റെ ബലം വേണ്ടാത്ത, ദളിതന്റെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ കെല്‍പ്പുളള ദളിതു പ്രതിനിധികളേ സഭയില്‍ ഉണ്ടാകുമായിരുന്നുളളൂ. അംബേദ്ക്കറുടെ ആശയം അട്ടിമറിച്ച പ്പോള്‍ ഗാന്ധിജി നേടിയത് ചാതുര്‍വര്‍ണ്ണ്യ ത്തില്‍ അധിഷ്ഠിതമായ ഇന്ത്യെയെയാണ്.

ഒരടവും ഫലിക്കുന്നില്ല എന്നു കണ്ടാല്‍ ഭിക്ഷ യാചിക്കാനും അതിന്റെ പിന്‍ബല ത്താല്‍ വേരുറപ്പിച്ച് സമയം അനുകൂലമാകുമ്പോള്‍ ഭിക്ഷ കൊടുത്തവനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനും സവര്‍ണ്ണന്‍ മടിച്ചിരുന്നില്ല എന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് മഹാബലിയുടെ കഥ. ഭിക്ഷ യാചിച്ചു വരുന്നവനു പോലും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ബഹുമാനവും സ്വാതന്ത്ര്യ വും കൊടുത്തു നാശത്തിന്റെ വക്കില്‍ എത്തിയിട്ടും സവര്‍ണ്ണന്‍ ഏതെങ്കിലും പ്രസ്ഥാനവുമായി വന്നാല്‍ യാതൊരു മടിയും കൂടാതെ അതില്‍ ചേരാനും എന്തു ത്യാഗവും ചെയ്യാനും തയ്യാറുളള ഒരു സമൂഹമായി ദളിതുവര്‍ഗ്ഗം ഇന്നും നിലകൊളളുന്നതാണ് അത്ഭുതം. സ്വന്തം സ്ഥാപനത്തിനു ഒരു പേരു കണ്ടുപിടിക്കണ മെങ്കില്‍പ്പോലും സവര്‍ണ്ണനെ പ്രീതിപ്പെടുത്തുന്നതോ സവര്‍ണ്ണനില്‍ തന്റെ പാണ്ഡിത്യത്തെപ്പറ്റി മതിപ്പുളവാക്കു ന്നതോ ആയിരിക്കണം ആ പേരെന്നു കരുതുന്നവരാണ് ദളിതു ബുദ്ധിജീവികള്‍ എന്നു പറയേണ്ടി വരും വെങ്ങാന്നൂ രിലെ പാഞ്ചജന്യത്തിന്റെ കഥ കേട്ടാല്‍. ആര്യന്മാരുടെ കടന്നാക്രമണത്തിനു മുമ്പ് ദളിതന് മഹത്തായൊരു ചരിത്രമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന്റെ മഹത്വം നമ്മെ മനസ്സിലാക്കിയ വര്‍ ഉണ്ടായിരുന്നു. ധീരമായി പൊരുതിയ നായകന്മാര്‍ ഉണ്ടായിരുന്നു. അവരുടേയും മഹാത്മാ അയ്യന്‍കാളിയുടെയും സ്മരണ നമ്മില്‍ ഉണര്‍ത്താന്‍ പറ്റിയ ഏതെങ്കിലും ഒരു വാക്ക് ഉപയോഗിക്കുന്നതിനു പകരം ചാതുര്‍വ്വണ്ണ്യം അരക്കിട്ടു റപ്പിക്കാന്‍ ജന്മമെടുത്ത ദശാവതാരദൈവത്തിന്റെ ശംഖിന്റെ പേര് ജാതി വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി പോരാടിയ അയ്യന്‍കാളി യുടെ സ്മാരത്തിനിട്ടത് ഒട്ടും ശരിയായില്ല എന്നാണെന്റെ പക്ഷം.

മുഖ്യധാരയില്‍ ഇടം നേടുന്നതിനുളള ദളിതന്റെ നെട്ടോട്ടത്തിന്റെ ഗുണഭോക്താക്കള്‍ സവര്‍ണ്ണരാണ്. സവര്‍ണ്ണന്‍ തുടങ്ങി വയ്ക്കുന്ന ഏതു പ്രസ്ഥാനത്തിലും ഇടം നേടാന്‍ ദളിതര്‍ ശ്രമിക്കാറുണ്ട്. കാര്യങ്ങള്‍ വിശകലനം ചെയ്തു സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുന്ന ദളിതര്‍ സമാനചിന്താഗതിക്കാരായ സഹജീവികളുടെ പ്രോത്സാഹന ത്താല്‍ പെട്ടെന്ന് പ്രശസ്തരായിത്തീരുന്നതു കാണാം. പക്ഷേ വളര്‍ച്ചയുടെ ആദ്യഘട്ടം കഴിഞ്ഞാല്‍ ഉടന്‍ സവര്‍ണ്ണമന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ. മാര്‍ മുതലായവരെ ക്ഷണിച്ചുവരുത്തി അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിലും വേദി പങ്കിടുന്നതിലും അത്യുല്‍സാഹം കാണിക്കുന്നതായും കാണാം. ക്ഷണിതാവായി വരുന്ന സവര്‍ണ്ണന്റെ വാക്കുകള്‍ കേട്ടു കയ്യടിക്കുന്ന ദളിതു മഹാസമുദ്രം അറിയുന്നില്ല. സ്വന്തം വിയര്‍പ്പിന്റെ വില കൊണ്ടു തയ്യാറാക്കിയ സ്റ്റേജില്‍ നിന്ന് പ്രസംഗിക്കുന്ന ആ വ്യക്തി പോസ്റ്റര്‍ ഒട്ടിക്കാനും ജാഥയില്‍ അണിചേരാനും കേള്‍ക്കുന്ന എന്തിനും കൈയ്യടിക്കാനും സ്റ്റേജ് കെട്ടിക്കൊടുക്കാനുളള ജനമായിട്ടു മാത്രമേ ദളിതനെ കണ്ടിട്ടുളളൂ. ഇപ്പോഴും കാണുന്നുളളുവെന്ന കാര്യം. ദളിതനെ വേണ്ടാത്ത തുല്യനായിക്കാണാന്‍ ഇഷ്ടപ്പെടാത്തവനുവേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് സ്വന്തം പ്രയത്‌നങ്ങള്‍ സ്വന്തകാര്യത്തിനായി പ്രയോജനപ്പെടുത്തിയാല്‍ വരുംകാലങ്ങളില്‍ ദളിതനും ആദരണീയനാകും. ദളിതന്‍ S.N.D.P.പോലുളള പ്രസ്ഥാന ങ്ങളെ കണ്ടുപഠിക്കണം. മുഖ്യധാരയില്‍ ചേരാനുളള അര്‍ഹത അവര്‍ നേടിയെടുത്തു കഴിഞ്ഞു. അപകര്‍ഷതാ ബോധം വെടിഞ്ഞ് ഏതുകാര്യവും സ്വന്തമായി ചെയ്യാനുളള കെല്‍പ്പ് സമ്പാദിക്കുകയാണ് ദളിതു സംഘടനകള്‍ ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ മുഖ്യാധാരയില്‍ എത്തിച്ചേരാനുളള മാര്‍ഗ്ഗത്തില്‍ അവനു പ്രവേശിക്കാന്‍ സാധിക്കൂ. സവര്‍ണ്ണന്റെ ഉപദേശ ങ്ങള്‍ക്ക് കാതുകൊടുക്കാതെ ദളിത് ഐക്യം ഊട്ടിയുറപ്പിച്ച് മുന്നേറിയാല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാം. അല്ലെങ്കില്‍ എക്കാലവും ദളിതനായിത്തന്നെ നിലകൊള്ളേണ്ടിവരും. 


പി. എസ്. സത്യപാല്‍ 9496272489