"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

വരച്ചും അലഞ്ഞും നീറിയൊടുങ്ങിയ പോരാളികൊറിയയിലെ പടംപിടുത്തക്കാരുടെ മൂപ്പനാണ് ഇം കോണ്‍ - ടയ്ക്ക്. കേരളത്തിലെ ശരാശി കാഴ്ചക്കാര്‍ക്കെല്ലാം അദ്ദേഹത്തെ നന്നായറിയാം. 25 ആണ്ടുകള്‍ക്കു മുമ്പ് കേരളത്തിലെ നാട്ടിന്‍ പറങ്ങളിലെല്ലാമുള്ള കൊട്ടകകളില്‍ വരെ തകര്‍ത്തുവാരി ഓടിയ 'സറോഗേറ്റ് വുമണ്‍'ന്റെ തീര്‍പ്പുകാരനെ അങ്ങനെയങ്ങ് മറന്നുകളയാന്‍ തക്കതായ പിടിപ്പുകേടൊന്നും മലയാളിക്കില്ലല്ലോ. അതിലൂടെ കാഴ്ചകാണുന്നതില്‍ മലയാളിക്കുള്ള വകതിരിവില്ലായ്മയാണ് വെളിപ്പെട്ടതെന്ന കാര്യം തരം പോലെ മറച്ചുവെക്കാം. ഇണചേരുന്നതിന്റെ തുറന്ന കാഴ്ചകള്‍ ആ സിനിമയില്‍ പരക്കെയുണ്ടെന്ന തെറ്റായ മുന്നറിവാണ് ആ വന്‍പിച്ച വരേവേല്‍പ്പിന് പിന്നിലുണ്ടായിരുന്നത്. സറോഗറ്റ് വുമണിലീടെ ഇം കോണ്‍ - ടയ്ക്ക് മുന്നോട്ടുവെച്ച, മനുഷ്യവകാശപ്പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്ന കാഴ്ചകളെ പക്ഷെ, ആരും വകവെച്ചില്ല! പക്ഷെ ഇം കോണ്‍ - ടയ്ക്ക് പോരാട്ടം തുടരുകതന്നെ ചെയ്തു. 2000 ല്‍ കാന്‍ മേളയില്‍ വെച്ച് അയാള്‍ തീര്‍ത്ത ചി - ഹ്വാ - സ്യൂന്‍ മികച്ച പടം കാഴ്ചവെക്കുന്നവരിലെ മിടുക്കന്മാര്‍ക്കുള്ള അവാര്‍ഡിനായി തെരഞ്ഞെടുക്കുകയുണ്ടായി. അക്കൊല്ലം മികച്ച പടമായി തെരഞ്ഞെടുത്തിരുന്നത്, മനുഷ്യാവകാശങ്ങള്‍ തടയപ്പെട്ടിരുന്ന കറുത്ത നാളുകളിലെ മരവിപ്പിക്കുന്ന ഒര്‍മകളുടെ കാഴ്ചയൊരുക്കമായ റൊമാന്‍ പൊളാന്‍സ്‌കിയുടെ 'ദി പിയാനിസ്റ്റ്' എന്ന പടത്തിനായിരുന്നല്ലോ.

ചി - ഹ്വാ - സ്യൂന്‍ എന്നാല്‍ ''നിറം പിടിപ്പിച്ച തീനാളങ്ങള്‍ എന്നത്രേ. ആസ്‌ത്രേലിയ യിലെ പോള്‍ കോക്‌സിനോടും മെക്‌സിക്കോയിലെ പോള്‍ ലീഡക്കിനോടും റഷ്യയിലെ ആേ്രന്ദ തര്‍ക്കോവ്‌സ്‌കിയോടും കിടപിടിക്കാന്‍ തക്ക ഉള്‍ക്കരുത്തനായ ഇം കോണ്‍ - ടയ്ക് അവരെപ്പോലെ തന്നെ തന്റെ നാട്ടുകാരനായ ഒരു പടംവരപ്പു കാരന് ഏറ്റിട്ടുള്ള യാതനകളേയും അവന്‍ കഴിഞ്ഞുകൂടിയിരുന്ന നീറുന്ന നാളുകളെയു മാണ് വെളിപ്പെടുത്തുന്നത്. ജപ്പാന്‍കാരും ചൈനക്കാരും കടന്നുകയറി കയ്യടക്കിവെക്കുകയും അവരോടൊത്ത് അഴിമതിവീരന്മാരായ നാട്ടരചന്മാരും ചേര്‍ന്ന് കുത്തി കുളംതോണ്ടിയ കൊറിയന്‍ ദേശീയത എന്നത് വീണ്ടെടുക്കാന്‍ കഴിയാത്ത ചുറ്റുപാടുകളിലായിരുന്നു. പിറന്നമണ്ണില്‍ പടംവരപ്പിലും ചായം തേപ്പിലും ദേശികരീതി എന്നത് പടച്ചെടുക്കാന്‍ ഉള്ളുകൊണ്ടും ഉടലുകൊണ്ടും പാടുപെട്ട ജാങ് സ്യൂങ് - അപ് എന്നൊരു പാവത്താന്‍ പലവട്ടം തോല്പിക്കാന്‍ പാടുപെടുന്നതിന്റെ നേര്‍കാഴ്ചകളാണ് ചിഹ് - ഹ്വാ - സ്യൂന്റെ തുടര്‍ച്ചകളില്‍ നിറയുന്നത്. തര്‍ക്കോവ്‌സ്‌കിയുടെ ആേ്രന്ദ റൂബ്ലേവിനെ പോലെ സ്യൂങ് അപിനേയും കുറിച്ച് കുറച്ച് അറിവുകള്‍ മാത്രമേ നിലവിലുള്ളൂ. ഹോളണ്ടില്‍ പിറന്ന് ആസ്‌ത്രേലിയയില്‍ കഴിഞ്ഞുവരുന്ന പോള്‍ കോക്‌സ് കാഴ്ചയൊരുക്കിയ 'വിന്‍സന്റ് വാന്‍ ഗോഗി'ന്റെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള അറിവുകള്‍ ഇന്നത്തെ തലമുറ വായിച്ചെടുത്തിട്ടുള്ളതാണ്. പോള്‍ ലീഡക്കിന്റെ ഫ്രീദാ കാലോയും ഒരുപാട് പുസ്തകങ്ങളിലൂടെ ഇപ്പോള്‍ വായിച്ചറിയാന്‍ പറ്റുന്ന ഒരു പടംവരപ്പുകാരിയാണ്. ഈ അടുത്തിടെ ജൂലിയ ടൈമര്‍ എന്നൊരു അമേരിക്കക്കാരി ഫ്രീദ എന്ന പേരില്‍ത്തന്നെ അവരെപ്പറ്റി വീണ്ടും ഒരു പടം എടുത്തിരുന്നു. അത്രയൊന്നും അറിയപ്പെടാന്‍ നീക്കിയിരിപ്പുകളില്ലാത്ത ആേ്രന്ദ റൂബ്ലേവും സ്യൂങ് - അപും താന്താങ്ങള്‍ കഴിഞ്ഞുകൂടിയ നാടുകളുടേയും നാളുകളുടേയും ഇരകളായിരുന്നുവെന്നാണ് തര്‍ക്കോവ്‌സ്‌കിയും ഇം കോന്‍ - ടയ്ക്കും പറഞ്ഞുതരുന്നത്. ഇരു പടങ്ങള്‍ക്കും തമ്മില്‍ ഇരുപത്തഞ്ച് ആണ്ടുകളുടെ അകലമാണുള്ളത്.

ചൈനയില്‍ നിന്നുള്ള മട്ടുകളും മാതിരികളുംകടന്നുകയറി തരിപ്പണമാക്കിയതായിരുന്നു അന്നത്തെ കൊറിയന്‍ പടംവരപ്പ് മൊത്തത്തില്‍. അതിലേറെയും നന്നായി വിറ്റഴിക്കപ്പെടുന്നതിനായി ഒരുക്കിയ, തുറന്നതും ഇണചേരുന്നതും ഒക്കെയായ ഉടല്‍കാഴ്ചകളുടേത് മാത്രമായിരുന്നു. അതിനിടയില്‍ നിന്നു തനതായൊരു കൊറിയന്‍ പടംവരപ്പു മാതിരിയെ ഉരുത്തിരിച്ചു കൊണ്ടുവരാന്‍ സ്യൂങ് - അപ് നന്നായി പാടുപെട്ടു.

തെരുവിലേക്ക് ചവിട്ടിയെറിയപ്പെട്ടൊരു കൊച്ചു കുട്ടിയായിട്ടാണ് സ്യൂങ് - അപ് പടത്തില്‍ മുന്നേ കാണപ്പെടുന്നത്. ചുരുട്ടിപ്പിടിച്ച കടലാസില്‍ വരച്ച പടങ്ങള്‍ കട്ടുകൊണ്ടു വന്നതാണെന്നു കുറ്റപ്പെടുത്തി എരവാളികളുടെ തലവനാണ് സ്യൂങ് - അപിനെ ഇങ്ങനെ ചെയ്തത്. അയാള്‍ സ്യൂങ് - അപിന്റെ കുഞ്ഞുപെങ്ങളെ പിഴപ്പിച്ചു. സങ്കടം തീരാത്ത അവളെ പടങ്ങള്‍ വരച്ചുകാട്ടി സ്യൂങ് - അപ് ആശ്വസിപ്പിക്കു മായിരുന്നു. ഈ 'കുറ്റവാളിക്കുട്ടി' ചവിട്ടേറ്റു വീണുകിടക്കുന്ന തെരുവില്‍ നിന്നുമാണ് പടംവരയുടെ കൊറിയന്‍ പള്ളിക്കൂടത്തിലേക്കുള്ള നടവഴിയാരംഭിക്കുന്നത്. അവിടെ നിന്നും സ്യൂങ് - അപിനെ കിം എന്നൊരു ആശാന്‍ എടുത്തു വളര്‍ത്തി, തന്റെ കൂട്ടുകാരന്‍ നടത്തുന്ന പടംവരപ്പു പള്ളിക്കൂടത്തില്‍ കൊണ്ടുചെന്നാക്കി. അവിടെയും സ്യൂങ് - അപ് ഒറ്റപ്പെട്ടു. പടംവരയില്‍ മറ്റാര്‍ക്കുമില്ലാത്ത മിടുക്കു കണ്ടറിഞ്ഞ് കളരിയാശാന്‍ സ്യൂങ് - അപിന് മറ്റു ജോലികളൊന്നും ഏല്പിച്ചിരുന്നില്ല. ഇതില്‍ ദുരമൂത്ത മറ്റു കുട്ടികള്‍ ഒത്തു ചേര്‍ന്ന് സ്യൂങ് - അപിനെ വളഞ്ഞുവെച്ചു തല്ലി.

എത്രയെല്ലാം കുറ്റപ്പെടുത്തിയിട്ടും പുറത്താക്കിയിട്ടും കൊറിയന്‍ ദേശികതയെ വരച്ചെടുത്ത ഒന്നാമത്തെ പടംവരപ്പുകാരനായി സ്യൂങ് - അപ് ഉയര്‍ന്നു വരുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ചെളിവെള്ളം തളംകെട്ടിയ നെല്പാടങ്ങളും പാറകള്‍ മുറുക്കിപ്പടുത്ത മലമടക്കുകളും കിളികള്‍ ചേക്കേറുന്ന പീച്ചുമരച്ചില്ലകള്‍ വിടര്‍ത്തി നില്ക്കുന്ന തൊടികളിലൂടെയുമെല്ലാം ചുറ്റിനടന്ന സ്യൂങ് - അപ് പടംവരയില്‍ കൊറിയന്‍ വഴികള്‍ വെട്ടിത്തെളിച്ചു. ജപ്പാനില്‍ നിന്ന് കടന്നുകയറിയ പടപ്പോരുകാര്‍ തലങ്ങും വിലങ്ങും കവാത്തു നടത്തുന്ന കമ്പോളത്തെരുവുകളും കത്തോലിക്കന്‍ മിഷനറിമാരുടെ അറുത്ത തലകള്‍ തൂങ്ങുന്ന മുക്കാലികള്‍ നിറഞ്ഞു നില്ക്കുന്ന കൊലക്കളങ്ങള്‍ താണ്ടുകയും ചെയ്ത സ്യൂങ് - അപ് വരച്ചുചേര്‍ത്ത പടങ്ങളൊക്കെയും മനുഷ്യാവകാശങ്ങള്‍ തകര്‍ക്കുന്ന പിന്‍തിരിപ്പന്മാര്‍ക്കെതിരായ കരുത്തേറിയ താക്കീതുകളായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

അതിനിടെ പലവട്ടം തോല്പിക്കപ്പെട്ടു. അടുപ്പം തോന്നിയ ഒരു പെണ്ണിനെ മറ്റൊരുത്തന്‍ വേള്‍ക്കുന്നത് നോക്കിനില്‍ക്കുവാന്‍ ഇടയാകേണ്ടി വന്നു. പിറവിയിലേ പാടുകേടുകാരിയായിരുന്ന അവള്‍ പെട്ടെന്നു തന്നെ മരിച്ചു പോയി. കൂടെ പൊറുത്ത മറ്റൊരു പെണ്ണുമായി ഏറെനാള്‍ ഒത്തുപോകാനും കഴിഞ്ഞില്ല. കൊട്ടാരത്തിന്റെ ചുമരുകള്‍ മോടിപിടിപ്പിക്കുന്നതിനായി നാടുവാഴികളുടെ പിണിയാളുകള്‍ വന്ന് സ്യൂങ് - അപിനെ പിടിച്ചുകെട്ടി കൊണ്ടുപോകാറുമുണ്ടായിരുന്നു. ചൈനയില്‍ നിന്നും കൊണ്ടുവന്ന, ഇണചേരുന്നതിന്റെ പടങ്ങള്‍ നിറച്ചുമുള്ളൊരു പുസ്തകം പകര്‍ത്തി യെടുക്കാന്‍ പറഞ്ഞ് ഒരാളത് വെച്ചുനീട്ടിയെങ്കിലും സ്യൂങ് - അപ് അത് തള്ളിക്കളഞ്ഞു. ശരിയായില്ലെന്നു തോന്നിയ വരച്ച പടങ്ങലെല്ലാം വലിച്ചു കീറി. എല്ലാ നെറികേടു കളേയും എതിര്‍ത്ത സ്യൂങ് - അപ് കുടിച്ചു ലക്കുകെട്ട് പുരപ്പുറത്തു കയറിനിന്ന് അലറിവിളിച്ചു..... വെന്തും ഉരുകിയും ആരോരുമറിയാതെ എവിടെയോ പോയൊടുങ്ങി - കുറച്ചു പടങ്ങള്‍ മാത്രം ബാക്കിവെച്ചുകൊണ്ട്.

കലക്കിയ ചായത്തില്‍ മുഴുവന്‍ മുക്കിയ ബ്രഷ് കടലാസില്‍ തൂത്തുവരക്കുന്ന ഏര്‍പ്പാടുകാരനാണ് സ്യൂങ് - അപ്. മുഴുപ്പു തോന്നിപ്പിക്കുന്ന തടിച്ചതും നേര്‍ത്തതുമായ വരകളുടെ ഏറ്റക്കുറച്ചിലുകള്‍ വേണ്ടിടത്തു ചേര്‍ക്കുന്നു. നിറങ്ങള്‍ വേണ്ടപ്പോള്‍ ഈ വരകള്‍ക്കകത്ത് ചായം തേക്കാറാണ് പതിവ്. നിഴലു വേണ്ടിടത്ത് കട്ടയില്‍ ചായം തേക്കുന്നതും വെളിച്ചം വീഴുന്നിടത്ത് ഇളം നിറം കൊടുക്കുന്നതും കാണ്മാനില്ല. ഇതിനെല്ലാം പുറമേ സ്യൂങ് - അപിന്റെ മികവും താന്‍പോരിമയുമായി എല്ലാവരും ഓര്‍ത്തുവെക്കുന്നത്, ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള പടം അതിന്‍പടി പകര്‍ത്തിവെക്കു ന്നതിനുള്ള കഴിവിനെയാണ്. ചൈനയില്‍ നിന്നും വന്നെത്തിയ ഒരു പടം സ്യൂങ് - അപ് പകര്‍ത്തിവെച്ചത് പള്ളിക്കൂടം നടത്തിപ്പുകാരാല്‍ കണ്ടുപിടിക്കപ്പെടുകയും അത് കട്ടെടുത്തതാണെന്ന കുറ്റം ചുമത്തി പിഴ ഈടാക്കുവാന്‍ ഒരുമ്പെടുകയും ചെയ്തുവെങ്കിലും ആ അതിരുകവിഞ്ഞ പടുതയില്‍ അമ്പരന്ന അവര്‍ അതില്‍ നിന്ന് പിന്‍തിരിയുകയായിരുന്നു. ഇങ്ങനെ സ്യൂങ് - അപ് പകര്‍ത്തിവെച്ച ഒട്ടേറെ പടങ്ങളില്‍ നിന്ന് കണ്ടുകിട്ടിയിട്ടുള്ളവ കൊറിയയില്‍ കേടുപാടു പറ്റാതെ കാത്തുവെ ച്ചിട്ടുണ്ട്. അത്തരം പടങ്ങളില്‍ സ്യൂങ് - അപിന് പകര്‍ത്താന്‍ കഴിയാതിരുന്നിട്ടുള്ളത് കുത്തിയിട്ടുള്ള അച്ചകളോ അരചന്മാര്‍ പതിപ്പിക്കാറുള്ള അടയാളങ്ങളോ മാത്രമാണ്. കറുത്ത നിറത്തോടാണ് സ്യൂങ് - അപ് ന് ഇണക്കക്കൂടുതല്‍ എന്നു വേണം കരുതാന്‍. ചുവപ്പും മഞ്ഞയും കുറച്ചൊക്കെ ചേര്‍ത്തുകാണുന്നുണ്ട്. വരമൊഴികള്‍ വശങ്ങളില്‍ എഴുതിച്ചേര്‍ക്കുന്നതും അന്നത്തെ ഏര്‍പ്പാടുകളില്‍ നിന്ന് പകര്‍ന്നു കിട്ടിയതാകണം.

കിളികളുടേയും ചില്ലകളുടേയും പുഴകളുടേയും പൂക്കളുടേയും തോഴനായ സ്യൂങ് - അപ് എന്ന അലഞ്ഞ ആ കലാപകാരി കടന്നുപോയ ഇട - നാളുകളുടെ പകര്‍ത്തിവെപ്പാണ് ഇം കോന്‍ - ടയ്ക്ക് തീര്‍ത്ത ഈ സിനിമ. അത്തരം ഉള്ളിലുടക്കുന്ന കാഴ്ചകളുടെ കൂടിച്ചേരലാണ് ചി - ഹ്വാ സ്യൂങ്‌ന്റെ കാഴ്ചകളെ കുറ്റമറ്റതാക്കുന്നത്. വെന്തുനീറി നടന്ന പോരാളി വെണ്ണീറായി മാറുന്നത് കാഴ്ചയൊരുക്കിയതിലെ മിടുക്കൊന്നുമതി ഇങ്ങനെ കണക്കാക്കാന്‍.

കാഴ്ചയൊരുക്കുന്നതിലുള്ള തന്റേടത്തില്‍ ഇം കോന്‍ - ടയ്ക്ക് പുലര്‍ത്തുന്ന കൂസലില്ലായ്മ യാണ് അയാളെ വേറിട്ടു നിര്‍ത്തുന്നത്. നാടിനും നാട്ടാര്‍ക്കും നേരിടേണ്ടിവരാറുള്ള പിന്‍തിരിപ്പന്‍ നടപടികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതിനുള്ള ശേഷി അയാള്‍ ഒരുക്കിത്തരുന്ന കാഴ്ചകള്‍ക്കുണ്ടെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പൂക്കളുടേയും പുഴകളുടേയും പുറംപോക്കുകളുടേയും നൊമ്പരങ്ങളും ചെറുത്തു നില്പുകളും വെളിച്ചത്ത് കൊണ്ടുവരാന്‍ പുറപ്പെട്ട വെള്ളിത്തിരയുടെ പോരാളിയാണ് ഇം കോന്‍ - ടയ്ക് എന്നുകണ്ടെത്താന്‍ ഏറെയൊന്നും ചികയേണ്ടതില്ല.

* സമീക്ഷ വാരിക. 2005 നവംബര്‍ ലക്കം.