"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

തിരഞ്ഞെടുപ്പ്: ഉല്‍സവലഹരിയില്‍ കോളനികള്‍ - സൂര്യ മുരുക്കുംപുഴകേരളത്തില്‍ ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പാണ് മുമ്പില്‍ വന്നുചേരുന്നത്. ഹിന്ദുക്കളുടെ അമ്പല ഉല്‍സവവും, ക്രിസ്ത്യാനികളുടെ പള്ളിപെരുന്നാളും മുസ്ലീങ്ങളുടെ ചന്ദനക്കുടവും പോലെ എന്റെ കോളനിനിവാസികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഉത്സവമാണ് ഞങ്ങളുടെ കോളനികളില്‍ അരങ്ങേറുന്നത്. കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്സ്, ബി.ജെ.പി പാര്‍ട്ടികളാണ് ഈ ഉത്സവ മാമാങ്കത്തിനു പ്രോത്സാഹനം നടത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍. തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ കഠിനംകുളം കായലിനോട് തൊട്ടുരുമി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുരുക്കുംപുഴ. മുണ്ടയ്ക്കല്‍, മുല്ലശ്ശേരി തലമുക്ക് എന്നീ കോളനികളാണ് പ്രധാനമായി ഉള്ളത് ഭൂരിപക്ഷ ജനത പട്ടികവിഭാഗങ്ങളാണ്. മീന്‍പിടുത്തവും തൊണ്ട് തല്ലലും കയറു പിരിക്കലുമായി കഴിയുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗമാണ് ഏറെ പേരും. വശ്യതയാര്‍ന്ന ഈ ഗ്രാമം സിനിമകളും സീരിയലുകളും ഇടംപിടിച്ചിട്ടുള്ളതും ഈ അടുത്ത കാലത്ത് പ്രസക്തമായി തീര്‍ന്ന സെല്ലുലോയ്ഡ് എന്ന സിനിമയില്‍ പട്ടികജാതിക്കാരിയായ റോസി എന്ന ദുരന്തകഥാപാത്രത്തിന്റെ ജീവിതം ഏറെ കുറെ ചിത്രീകരിച്ചതും ഈ പ്രദേശങ്ങളിലാണ്.

കോളനികളിലൊന്നായ മുണ്ടയ്ക്കല്‍ കോളനിയിലാണ് എന്റെ ജനനവും ബാല്യവും വിദ്യാഭ്യാസവും പൂര്‍ത്തിയാക്കപ്പെട്ടത്. കേരളത്തിലെ ഒട്ടനവധി കോളനികളില്‍ ഒന്നു മാത്രമാകാം ഇത്. പക്ഷെ ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ തൊട്ടറിഞ്ഞ കോളനികളൊന്നും ഇതില്‍ നിന്നും വ്യത്യസ്തമല്ല. എന്റെ കുട്ടിക്കാലം മുതല്‍ ഈ കോളനിയിലെ ഇലക്ഷന്‍ ഒരു ഉത്സവമായാണ് തോന്നിയത്. അത് ത്രിതല പഞ്ചായത്തോ, നിയമസഭയോ, പാര്‍ലമെന്റ് ഇലക്ഷനോ എന്ന് വേര്‍തിരിവൊന്നു മുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പാണോ അതൊരു ഉല്‍സവമായിരുന്നു.


അമ്മയും സഹോദരങ്ങളും അടങ്ങുന്നതാണ് എന്റെ കുടുംബം. അമ്മ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റുകാരി, മൂത്ത ചേട്ടന്‍ നേരെ എതിരും. കോണ്‍ഗ്രസുകാരന്‍. ഇളയ സഹോദരന്‍ ഒരു ആര്‍.എസ്സ്.എസ്സുകാരനും. ഒരു വീട്ടില്‍ പാര്‍ട്ടിക്കാര്‍ മൂന്നായി. അന്ന് പാര്‍ട്ടികളെക്കുറിച്ചോ തിരഞ്ഞെടുപ്പിനെക്കുറിച്ചോ ഒന്നും അറിയാത്തതുകൊണ്ട് എനിക്ക് മാത്രമില്ലായിരുന്നു പറയാനൊരു പാര്‍ട്ടി. അമ്മയോട് അന്നൊക്കെ ഞാന്‍ തിരക്കാറുണ്ട ് അമ്മയെ ആരാണ് കമ്മ്യൂണിസ്റ്റുകാരിയാക്കിയതെന്ന് അമ്മ പറയും അച്ഛനാണെന്ന് അണ്ണനെആരാണ് കോണ്‍ഗ്രസുകാരനാക്കിയതെന്ന് കേട്ടാല്‍ പറയും അവന്‍ തന്നത്താന്‍ പോയതാണെന്ന്. പിന്നെ കൊച്ചണ്ണന്റെ കാര്യം പറയാനുണ്ടോ അദ്ദേഹവും സ്വന്ത ഇഷ്ടപ്രകാരം പോയതാവാം. തിരഞ്ഞെടുപ്പായാല്‍ പിന്നെ അവര്‍ രണ്ടാളും വല്ലാത്ത തിരക്കിലാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ചിഹ്നങ്ങളും അടങ്ങുന്ന പോസ്റ്ററുകള്‍ ഒട്ടിക്കുന്നതാണ് ആ തിരക്കുകള്‍. ആ പോസ്റ്റര്‍ പ്രചരണം മതിലുകളില്‍ മാത്രമല്ല കോളനികളിലെ വീടായ വീടുകളിലും കതകുകളിലും കക്കൂസുകളിലെ ചുവരുകളില്‍വരെ ചെന്നെത്തി നില്‍ക്കുന്നു. കോളനികളിലേക്കുള്ള റോഡുകളും മരക്കൊന്വുകളും ഇലക്ട്രിക് പോസ്റ്റുകളും കൊടിതോരണങ്ങള്‍ കൊണ്ടും ബോര്‍ ഡുകള്‍കൊണ്ടും നിറയ്ക്കപ്പെടും. ഇതെല്ലാം വളരെ പാടുപെട്ട് അലങ്കരിക്കുന്നതും അതൊരു അഭിമാനമായി കാണുന്നതും കുട്ടികളായ ഞങ്ങള്‍ വളര കൗതുകത്തോടെ നോക്കി നില്‍ക്കും. ഞങ്ങള്‍ ഇതിനിടയില്‍ രക്ഷിതാക്കളുടെ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെപോലെ ആക്കും. അനൗണ്‍സുമെന്റുകള്‍ വരുമ്പോള്‍ ഞങ്ങള്‍ തങ്ങളില്‍ കളിയാക്കിയും ജയ് വിളിച്ചും കൊടികഷ്ണങ്ങള്‍ കോര്‍ത്തിണക്കി മാലയുണ്ടാക്കി സ്ഥാനാര്‍ത്ഥി വരുന്നതായി അഭിനയിച്ച് മാലയിട്ടു കളിക്കും. ചിലപ്പോഴൊക്കെ മുതിര്‍ന്നവരെപ്പോലെ. ഇതിനോടനുബന്ധിച്ച് ഞങ്ങളുടെ കോളനിയിലെ ചായക്കടയില്‍ രസകരമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്താറുണ്ട്. വലിയ നേതാക്കളൊന്നും കാണാറില്ല. അവിടെ സ്ഥിരമായി ചായ കുടിക്കാന്‍ വരുന്നവര്‍ അച്ഛനും മകനും മാമനും മരുമകനും അങ്ങനെതുടങ്ങുന്ന ബന്ധുക്കളും ഞങ്ങളുടെ പാര്‍ട്ടികളുടേയും നേതാക്കളുടേയും മേന്‍മകളും വീരസാഹസികതകളും പറഞ്ഞ് നേരം കളയുന്നതും സ്ഥിരം ഏര്‍പ്പാടാണ്. പുലര്‍ച്ചേ നാലു മണിയ്ക്ക് തുടങ്ങുന്ന ചര്‍ച്ച രാത്രി പത്തും പന്ത്രണ്ടും മണിവരെ തുടരും ഇതില്‍ ചിലരൊക്കെ തിരഞ്ഞെടുപ്പു ജ്വരം പിടിച്ച് പണിക്കും പോകാറില്ല. തിരഞ്ഞെടുപ്പായാല്‍ പിന്നെ ഒരുമിച്ച് കൂലിവേല ചെയ്യുന്നവരും മരണത്തിലും കല്യാണത്തിലും ഒരുമിച്ച് സഹകരിക്കുന്നവരും അന്നുവരെയും തോളില്‍ കൈയിട്ട് നടന്നവരും പിന്നെ പക്ഷം തിരിഞ്ഞും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി തര്‍ക്കിച്ചും കലഹിച്ചും അടിപിടികൂടിയും ശത്രുക്കളാകുന്ന കാഴ്ചകളും ഇവിടെയുണ്ട്. (നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഈ കലഹം ഇല്ലേയില്ല) കോളനികള്‍ക്ക് ഉല്‍സവ ലഹരിയുടെ കൊഴുപ്പ് കൂട്ടുന്നതിനു വേണ്ടിയുള്ള അനൗണ്‍സുമെന്റുകളാണ് പിന്നെയുള്ളത്. പാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇല്ലാത്ത മേന്‍മകളും വോട്ടഭ്യര്‍ത്ഥനകളും സിനിമാഗാനങ്ങളെ പാരഡികളാക്കി ക്കൊണ്ടു ജനങ്ങളെ വിഡ്ഢികളാക്കുന്ന കാതടപ്പിക്കുന്ന പ്രചാരങ്ങളാണ് വാഹനപ്രചാരണമായി നടക്കുന്നത്. അടുത്തത് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള വരവേല്‍പാണ.് അതും തുറന്ന വാഹനത്തില്‍ കോളനിയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലായിടത്തും പോയി ആളെക്കൂട്ടും. വെറുതെ ഒന്നു പോയ് നിന്നാല്‍ മതിയാകും. ആ നില്‍ക്കുന്നതില്‍ ഏതെങ്കിലും കുഞ്ഞിനെക്കൊണ്ടോ പ്രായമായ തള്ളമാരെക്കൊണ്ടോ ഒരു മാലയിടിയിക്കണം. ഇതൊക്കെയാണ് പിന്നെ നടക്കുന്നത്. ഇങ്ങനെമാലയിടാന്‍ അവിടെ കൂടുന്നവര്‍ തന്നെ തിരക്കും കൂട്ടാറുണ്ട്. നേതാവിന് മാലയിടാനുള്ള അവസരം അവര്‍ അഭിമാനത്തോടെയും സംതൃപ്തിയോടെയും വിനിയോഗിക്കുന്നതും കാണാം. നേതാവിന്റെ നന്ദി പ്രസംഗവും കാപട്യം നിറഞ്ഞ പുഞ്ചിരിയും പിന്നെ കൈകള്‍ വീശിക്കൊണ്ട് വീണ്ടും പരിചയം പുതുക്കലും നടക്കും. സ്ഥാനാര്‍ത്ഥിയുടെ കഴുത്തില്‍ കുന്നു കൂടുന്ന തോര്‍ത്തുകളും ഹാരങ്ങളും പാവം കോളനി നിവാസികള്‍ക്കുംവേണ്ടി സ്ഥാനാര്‍ത്ഥി തന്നെ എറിഞ്ഞു കൊടുക്കും. അത് ആര്‍ത്തിയോടെ അടിപിടികൂടിയാണ് കോളനിനിവാസികള്‍ ഏറ്റുവാങ്ങുന്നത്.ഒരു ട്രോഫി കിട്ടിയ സന്തോഷത്തില്‍ സ്ഥാനാര്‍ത്ഥി തങ്ങളെ നോക്കി ചിരിച്ചും കൈകാണിച്ചും നേരിട്ട് വന്ന് വോട്ട് ചോദിച്ച് തുടങ്ങിയ ചെറിയ ചെറിയസന്തോഷങ്ങള്‍ക്ക് വേണ്ടി പ്രചരണത്തില്‍ പറയാറുള്ള വിലയേറിയ വോട്ടുകള്‍ കൊടുക്കുന്ന നിഷ്‌ക്കളങ്കരായ മനുഷ്യര്‍. കോളനിയിലെ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥിയുടെ ശാരീരികഭംഗി അതായത് അയാള്‍കാണാന്‍ സിനിമാ നടനെ പോലിരിക്കുന്നു എന്ന് പറഞ്ഞ് വോട്ടു ചെയ്ത അനുഭവം എന്നെ അതിശയപ്പെടുത്തി. പകുതിപ്പേര്‍ വോട്ടു ചെയ്യുന്നത് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ചെറുതും വൃത്തിഹീനവുമായ വീടുകളില്‍ കയറി ഇറങ്ങി വോട്ടു ചോദിക്കുന്നത് കണ്ട് പാവം കണക്കാക്കി നമ്മളെ തിരക്കി വന്നല്ലോ എന്നു പറഞ്ഞും വോട്ടു കൊടുക്കും. പിന്നൊരു കൂട്ടരുണ്ട് തങ്ങളുടെ രക്തത്തിലലിഞ്ഞുപോയി അതുകൊണ്ട് പാര്‍ട്ടിയ്ക്ക് മാത്രം വോട്ടു കൊടുക്കുന്നവര്‍. അവര്‍ക്ക് നാടിന്റെ വികസനമോ തങ്ങളുടെ വികസനമോ ഒരു പ്രശ്‌നമല്ല. അപ്പനപ്പൂപ്പന്‍മാരില്‍ നിന്നും പിന്‍തുടര്‍ച്ചാവകാശമായി കിട്ടിയ പാര്‍ട്ടികള്‍ക്ക് വോട്ടു നല്‍കിയ ആത്മാഭിമാനത്തിലാണവര്‍. സ്ഥാനാര്‍ത്ഥി കോളനി സന്ദര്‍ശനം കഴിഞ്ഞു പോയാല്‍ പിന്നെ അടുത്ത തിരക്ക് വോട്ടര്‍ സ്ലിപ്പ് തയ്യാറാക്കുന്നതാണ്. മത്സരിക്കുന്നത് കോളനി നിവാസിയല്ലെങ്കിലുംഅതിനുവേണ്ടി അദ്ധ്വാനിക്കാന്‍ കോളനിയിലെ ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ തയ്യാറാണ്. ഓരോ കുടുംബത്തിനും വേണ്ട സ്ലിപ്പുകള്‍ വീട്ടു നമ്പര്‍, ബൂത്തു നമ്പര്‍ അങ്ങനെക്രമം തെറ്റാതെ എഴുതി പിന്‍ ചെയ്ത് അടുക്കി കൊടുക്കും.. അതു വലിയ ഒരു ഉത്തരവാദിത്തത്തോടെ ചെയ്യും. ജീവിതത്തില്‍ ആദ്യമായി എന്തോ വലിയ കാര്യം ചെയ്ത പോലെയാണ്. പിന്നെ ചേച്ചിമാരുടെ ഭാവങ്ങള്‍. എനിക്ക് തോന്നുന്നത് നമ്മുടെ അപ്പനപ്പൂപ്പന്‍മാരില്‍ പാര്‍ട്ടിക്കാര്‍ ചാപ്പ കുത്തുന്നത് പഠിച്ചോ തത്വശാസ്ത്രങ്ങളുടെ ആ വചനങ്ങള്‍ പ്രസംഗിച്ചിട്ടോ ആവില്ല ഇതുപോലുള്ള സന്തോഷങ്ങളിലൂടെ ഉല്‍സവങ്ങളിലൂടെ നമ്മുടെ ചിന്തകളില്‍ ഇടം പിടിക്കുകയാണ്. ഞാന്‍ സ്ലിപ്പെഴുതിയ, മാലയിട്ട സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണം എന്ന പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും തോന്നലാവാം നാളെ പാര്‍ട്ടിക്കാരുടെ വോട്ടായ് മാറുന്നത്. കാലക്രമത്തില്‍ രക്തത്തിലലിഞ്ഞുപോയി എന്ന കൊമ്പന്‍ വായാടിക്ക് തുടക്കം കുറിക്കുന്നത്. തിരഞ്ഞെടുപ്പിന് സമാപനം കുറിക്കാനെന്നോണം കൊട്ടിക്കലാശം എന്ന വലിയ ഒരാഘോഷം കൂടിയാകുമ്പോള്‍ കോളനിക്കാര്‍ സംതൃപ്തരാണ്. കാരണം ഇതിനോടകം കോളനിയെ രാഷ്ട്രീയക്കാര്‍ മദ്യം കൊണ്ട് നിറച്ചിരിക്കും. പൊതുസ്ഥലങ്ങളില്‍ വളരെ പരിഹാസ്യമര്‍ഹിക്കുന്ന രീതിയില്‍ നൃത്തം ചെയ്യുന്നത് കോളനിക്കാര്‍ മാത്രമായും ഇലക്ഷനോടനുബന്ധിച്ച് കാര്യങ്ങളിലും കോളനിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രോത്‌സാഹനം ലഭിക്കുന്ന മേഖല കൊട്ടിക്കലാശം മാത്രമാണ.് അമ്മ നിന്നാലും സഹോദരി നിന്നാലും തുടയറ്റം മുണ്ടു പൊക്കി കെട്ടി കാലുപൊക്കിക്കളിക്കുന്ന കോളനിയിലെ യുവകോമളന്‍മാര്‍അവര്‍ അതിനെഒരു വലിയ ഒരാഘോഷമാക്കി തീര്‍ക്കും. അതു കഴിയുന്ന ദിവസങ്ങളിലാണ് ശരിക്കും ഇലക്ഷന്‍ പ്രചരണം നടക്കുന്നത്. പണം കൊടുത്തും മദ്യം കൊടുത്തും വ്യക്തി വിദ്വേഷം മറന്ന് വോട്ട് വാങ്ങാന്‍ രാഷ്ട്രീയ കച്ചവടക്കാര്‍ എത്തും. കോളനിയിലെ ചിന്താശേഷി അല്‍പം ഉയര്‍ന്ന ആളുകളുടെ വീട്ടില്‍ അവര്‍ വന്ന് ഉറപ്പിക്കും. അഞ്ചുവര്‍ഷം ഓരോ ആള്‍ക്കാരുടെയും തലയുടെ വില മറ്റു സാമുദായിക സംഘടനകളോട് വില പേശുന്നത് പോലെ കഠിനമാകില്ല.

തെരഞ്ഞെടുപ്പിന്റെ അന്ന് കാലത്ത് പാര്‍ട്ടിയുടെ പ്രാദേശികനേതാക്കള്‍ കോളനിയില്‍ വരും, ചാവാന്‍ കിടക്കുന്ന അമ്മൂമ്മയുണ്ടെങ്കില്‍ അവരെയും പൊക്കിയെടുത്ത് കൊണ്ട് പോകും. അതിനെക്കാള്‍ തമാശ ചിലര്‍ക്ക് ചില ശീലങ്ങളുണ്ട്. വെളുപ്പാന്‍കാലത്ത് പോയി കാത്തിരുന്ന് ആദ്യത്തെ വോട്ട് കുത്തുന്ന രീതി. അതിന്റെ വീരസ്യംപറഞ്ഞ് സ്വയം നെളിയും. അന്നേ ദിവസം ഓരോരുത്തരും രാജാവും റാണിയുമാണെന്ന് അന്ന് പത്രങ്ങള്‍ എഴുതും. എന്റെ കാഴ്ചയില്‍ അത് ശരിയായിരുന്നു. ബിരിയാണിയും മറ്റ് വിഭവ സമൃദ്ധമായ ആഹാരങ്ങളും മദ്യവും പോകാന്‍ വണ്ടിയും എന്നുവേണ്ട, എല്ലാം കിട്ടും. അപ്പോള്‍ രാജാവും റാണിയുമല്ലേ? വൈകുന്നേരം അഞ്ചു മണിവരെ പ്രാദേശിക നേതാക്കള്‍ കോളനിയില്‍ ചുറ്റിത്തിരിയും. ആരെങ്കിലും വോട്ട് ചെയ്യാനണ്ടോന്ന് അന്വേഷിച്ച്, ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് പാര്‍ട്ടി നേതാക്കള്‍ അവിടെ നിന്നും പോകുന്നത്. അന്ന് ആറ് മണിയോടുകൂടി പത്ത് പന്ത്രണ്ട് ദിവസത്തെ ഉല്‍സവത്തിന് കൊടിയിറങ്ങും. കച്ചവടക്കാര്‍ ഒഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ ഞങ്ങളുടെ കോളനിയുടെ റോഡുകള്‍ കിടക്കും. നശിച്ചും നശിക്കാതെയും നില്‍ക്കുന്ന കോടി തോരണങ്ങളും സ്ഥാനാര്‍ത്ഥിമാരുടെ വില കൂടിയ ബോര്‍ഡുകളും ഒരുഊര്‍ജവുമില്ലാതെ നില്‍ക്കും. ഇവിടെ അവസാനിച്ചു എന്നു കരുതണ്ട. ഇനിയും ഒരു ചെറിയ കാര്യം കൂടിയുണ്ട്. വിധിയറിയല്‍. അതിനു മുന്നോടിയായി ചായക്കടയില്‍ തങ്ങളില്‍ വാതുവയ്ക്കുന്ന ഒരു രീതിയുണ്ട്. അവര്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് മുന്‍കൂട്ടി പറയുകയും പന്തയം വയ്ക്കുകയും ചെയ്യും. രണ്ട് പേര്‍ ചേര്‍ന്നാവും ചെയ്യുക. പിന്നെ അത് ആറും ഏഴും പേര്‍ ചേരുന്ന ടീമാകും. വിധി പറയുന്ന അന്ന് കോളനിയില്‍ ഇന്നത്തെപ്പോലെ ടി.വി. ഇല്ലായിരുന്നു, റേഡിയോ ആയിരുന്നു. ചായക്കടയില്‍ വന്നിരുന്ന് റേഡിയോ ഓണാക്കി കാതോര്‍ത്തിരിക്കും. വിധി പറയുമ്പോള്‍ ഇവരുടെ നെഞ്ചിടിപ്പുകള്‍ ഉയരുന്നത് അവരുടെ മുഖത്ത് കാണാനാവും. വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ വാതുവെച്ച് തോറ്റ ആള്‍ പന്തയ കാശുകൊടുക്കണം, മിണ്ടാതെയും ഇരിക്കണം. ഉടന്‍ തന്നെ ആട്ടോയില്‍ അണ്ണന്‍മാര്‍ കൂകി വിളിച്ച് ആഹ്‌ളാദപ്രകടനം നടത്തും. പുറകില്‍ തുറന്ന ജീപ്പില്‍പ്രവര്‍ത്തകരോടൊപ്പം സ്ഥാനാര്‍ത്ഥിയും എത്തും. വിജയഹാരമണി യിക്കും. അതീവ സന്തോഷവാനായി അയാള്‍ മടങ്ങും. കോളനിക്കാര്‍ തങ്ങളുടെ പഴയ ജീവിതത്തിലേക്കും.....നേതാവ് പറഞ്ഞ വാക്കുകള്‍ പാലിക്കുന്നുണ്ടോ നാടിന്റേയോ തങ്ങളുടേയോ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊന്നും തിരക്കാതെ തങ്ങളുടെ കൊച്ചു കൊച്ചു തിരക്കുകളിലേക്ക് അവര്‍ തിരിച്ചു നടക്കു. അടുത്ത പ്രാവശ്യവും ഒരു വോട്ടുണ്ട് അത് ആര്‍ക്കെങ്കിലും കൊടുക്കണം. വോട്ടല്ലേ കൈയില്‍ വയ്ക്കാനൊക്കോ?

വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. തിരഞ്ഞെടുപ്പിനെ വളരെ ഉത്സാഹപൂര്‍വ്വം വരവേറ്റ ഞങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ തന്നെയാണ്. ആ കോളനിയിലെ എല്ലാവരും തിരഞ്ഞെടുപ്പിനെ നോക്കി കണ്ടത്. ഇന്നും നോക്കി കാണുന്നതും.