"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

നവകേരളമന്ന: കോര്‍പ്പറേറ്റുകളുടെസ്വപ്‌നം - മോചിതമോഹനന്‍യു ഡി ഫ് കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പിലാക്കിയ വികസനങ്ങളുടെ അടിസ്ഥാന നയങ്ങളില്‍ മൗലികമായ ഒരു വിയോജിപ്പും പ്രകടിപ്പിക്കാത്ത എല്‍ ഡി എഫ് കോര്‍പ്പറേറ്റുകളുടെ സ്വപ്നഭൂമിയാക്കി കേരളത്തെ മാറ്റാനുളള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യു ഡി എഫിന് നടപ്പിലാക്കാന്‍ കഴിയാത്ത വികസനം എല്‍ ഡി എഫിന് കഴിയുമെന്ന ബദല്‍ പരിപാടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ മുമ്പോട്ടുവെച്ചത് . നവഉദാര വ്യവസ്ഥ ഉറപ്പ് നല്‍കുന്ന കോര്‍പ്പറേറ്റ് വികസനത്തില്‍ നിന്ന് വ്യസ്തമായ ഒരു കാഴ്ചപ്പാടും എല്‍ ഡി എഫിന്റെ പ്രകടനപത്രികയിലുണ്ടായിരുന്നില്ല. പദ്ധതികള്‍ അഴിമതി രഹിതമായി നടപ്പിലാക്കുമെന്ന ഒരു ഉറപ്പ് മാത്രമാണ് വേറിട്ട് നിന്നത്. അത് കുറുപ്പിന്റെ ഉറപ്പ് മാത്രം. കാരണം നവലിബറല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റുകള്‍ നേതൃത്വം നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ രാഷ്ട്രീയ നേത്യത്വങ്ങള്‍ക്കും ട്രേഡ് യൂണിയനു കള്‍ക്കും ലഭിക്കുന്ന കോടികളുടെ കമ്മീഷന്‍ സ്വീകരിക്കാത്ത ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയിലില്ല. സി പി എമ്മും അതില്‍ നിന്ന് ഭിന്നമല്ലെന്ന് തെളിയിച്ച എത്രയോ സംഭവങ്ങള്‍.

ആഗോളവ്ത്ക്കരണത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടു ത്തണമെന്ന നിലപാടുളള പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ വികസനനയങ്ങളുടെ കാതല്‍ എന്തായിരിക്കും? ആരുടെ വികസനമായിരിക്കും അത് നടപ്പിലാക്കുക? പശ്ചിമബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യ നടപ്പിലാക്കിയ കോര്‍പ്പറേറ്റ് വികസനത്തിന്റെ ചുഴലിയില്‍ തകര്‍ന്ന് തരിപ്പണമായ സി പി എം മ്മിന്റെ അനുഭവം അല്പം ജാഗ്രത പാലിക്കാന്‍ പിണറായി വിജയനെ നിര്‍ബന്ധിതനാക്കിയേക്കും. എങ്കിലും നവലിബറല്‍ കാഴ്ചപ്പാട് ഉപേക്ഷിച്ചു കൊണ്ടുളള വികസനമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞു. യു ഡി എഫിനേക്കളും കൂടുതല്‍ കരുത്തോടെയും ഭംഗിയോടെയും ആഗോളികരണ നയങ്ങള്‍ കേരളത്തിന്റെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ ശേഷിയുളള ഒരു ടീമിനെ ഉണ്ടാക്കുന്നതില്‍ പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ എത്രയോ മുന്നിലാണ്. പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ നിലപാടുകള്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് കേരളീയര്‍ക്ക് ബോധ്യപ്പെട്ടിട്ടുളളതാണ്. (ഉദാ: വിദ്യാഭ്യാസം, വ്യവസായം, കൃഷി, തദ്ദേശ സ്വയംഭരണം, ഗതാഗതം തുടങ്ങിയവ.)

കോര്‍പ്പറേഷറ്റുകള്‍ നടത്തുന്ന സാമ്പത്തിക ചൂഷണത്തിന്റെയും കൊളളയുടേയും ഭീകരത മറച്ച് വെച്ച് വര്‍ഗ്ഗീയ ഫാസിസത്തിന്റെ ഭീഷണി ആവര്‍ത്തിച്ചാവര്‍ത്തിച്ച് മതന്യുനപക്ഷങ്ങളെ ആശങ്കയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ സര്‍ക്കാരിന് കേരളത്തിന്റെ ആവശ്യങ്ങളുടെ മുന്‍ഗണനയല്ല പ്രധാനം; മറിച്ച് ധനകാര്യ മൂലധനശക്തികളുടെ ആവശ്യങ്ങളാണ്. അവയെ കേരളത്തിന്റെ മൊത്തം ആവശ്യങ്ങളായി എല്‍ ഡി എഫ് തെറ്റായി അവതരിപ്പിക്കുന്നു. അതായത് കോര്‍പ്പറേറ്റ് ശക്തികളുടെ പദ്ധതികള്‍ വിജയിപ്പിക്കാനുളള പശ്ചാത്തല സൗകര്യ ഒരുക്കുകയാണ് സി പിഎമ്മും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വികസനം വന്‍ പ്രതിസന്ധി യിലാണ്. ധനിക -ദരിദ്ര വിഭാഗത്തിലെ വിടവ് ഭീമമായ വിധത്തില്‍ കൂടിക്കണ്ടിരിക്കുന്നു. ആഗോള മൂലധനത്തിന്റെ നാശോന്മുഖ വികസനം 56% ദരിദ്രരെ സ്യഷ്ടിച്ചു കഴിഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതരസംസ്ഥാന ങ്ങളെ ആശ്രയിച്ച് ജീവിക്കേണ്ട ഗതികെട്ട അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചു. സമ്പത്തും വിഭവങ്ങളും അധികാരങ്ങളും ഏതാനും ചിലരുടെ കൈകളില്‍ കേന്ദ്രീകരിക്കുകയും അവര്‍ പറയുന്നതും നടപ്പിലാക്കുന്ന തുമാണ് വികസനമെന്ന വിശ്വാസം പൊതു സമൂഹത്തില്‍ വ്യാപിക്കുകയും ചെയ്തു. ഭൂപരിഷ്‌കരണത്തിന്റെ ഫലമായി കേരളത്തില്‍ 26000 ഓളം കോളനികളിലേക്ക് ഒതുക്കപ്പെട്ട ഹതഭാഗ്യരായ ദളിതര്‍ക്ക് നവകേരള ത്തിന്റെ വികസന ഭൂപടത്തില്‍ ഒരു സ്ഥാനവുമില്ല. കടപ്പുറം നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളും കാട് നഷ്ടപ്പെട്ട ആദിവാസികളും നവകേരള ത്തിന്റെ അജണ്ടയിലില്ല. പിണറായി വിജയന്‍ അധികാരമേറ്റ് കുറച്ച് ദിസവങ്ങള്‍ക്ക് ശേഷം മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ മുന്‍പേജില്‍ ബാനര്‍ തലകെട്ടുമായി ഒരു വാര്‍ത്ത വന്നു. കിടപ്പാടമില്ലാത്ത ഒരമ്മയും മകനും രാത്രി ഗുരുവായൂര്‍ക്ഷേത്ര പരിസരത്ത് അഭയം പ്രാപിച്ച് മകനെ തെരുവ് വിളക്കിനു കൂടെയിരുത്തി പഠിപ്പിക്കുന്നതും പിറ്റേന്ന് മകനെ കണ്ടശ്ശാങ്കടവിലെ സ്‌കൂളിലാക്കി അമ്മ വീട്ടുജോലിക്കു പോകുന്നതും. വൈകുന്നേരം തിരിച്ച് ഗുരുവായുരിലെത്തുന്നു. ദുരിതങ്ങളോട് ഏറ്റുമുട്ടി മകനെ പഠിപ്പിച്ചിരുന്ന അമ്മയുടെ ദയനീയ സ്ഥിതി വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. ഇത് വായിക്കാനിടയായ മുഖ്യമന്ത്രി ഉടനെ വിഷയത്തില്‍ ഇടപെട്ട് ജില്ലാകളക്ടര്‍ മുഖേന അമ്മയും മകനും വീട് ലഭിക്കാനുളള നടപടികള്‍ കൈക്കൊളളുകയും ചെയ്തു. (ഇത് വാര്‍ത്തയുടെ ഇംപാക്റ്റ്) അമ്മയും മകനും ഇപ്പോള്‍ താല്ക്കാലികമായി ലഭിച്ച വാടക വീട്ടിലാണ്. അമ്മക്കും മകനും കയറികിടക്കാന്‍ ഒരിടം കിട്ടിയത് നല്ലകാര്യം. ആരും അതിനെ തളളി പറയുന്നില്ല. പക്ഷെ ഈ പ്രശ്‌നം ഉയര്‍ത്തുന്ന ഏറ്റവും അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ ചോദ്യമുണ്ട്. കയറികിടക്കാന്‍ ഒരു കൂരപോലുമില്ലാത്ത ലക്ഷകണക്കിനാളുകള്‍ കേരളത്തിലുണ്ട്. ഏതെങ്കിലും ഒരു മന്ത്രിയുടെ സഹതാപം കൊണ്ട് പരിഹരിക്കേണ്ടതാണോ കേരളത്തിന്റെ പാര്‍പ്പിടപ്രശ്‌നം?. ആവാസയോഗ്യമായ 11 ലക്ഷം വീടുകള്‍ ആള്‍ താമസിമില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. അതേ സമയം 7 ലക്ഷത്തോളം പേര്‍ക്ക് അന്തിയുറങ്ങാനിടമില്ല. നവകേരളത്തില്‍ ഇവരുടെ സ്ഥാനം എവിടെയാണ്?

പ്രകൃതി വിഭവങ്ങള്‍ അനന്തമാണെന്നും അതുകൊണ്ട് അവ വേണ്ട വിധം പ്രയോജനപ്പെടുത്തി രാജ്യത്തിന് നേട്ടവും ലാഭവും പുരോഗതിയും ഉണ്ടാക്കിയെടുക്കുന്നതാണ് ശരിയായ ആസുത്രണമെന്നുമുള്ളത് നിയോക്ലാസിക്കല്‍ സാമ്പത്തിക ദര്‍ശനമാണ്. ലാഭത്തില്‍ അധിഷ്ഠിതമായ ഈ ഭരണം മനുഷ്യനെ ഭയരഹിതമായ മത്സരത്തിലേക്കും ചൂഷണത്തി ലേക്കും കീഴ്‌പ്പെടുത്തുന്നതിലേക്കു നയിക്കും. മനുഷ്യനെ ഭിന്നിപ്പിച്ച് നിര്‍ത്തി കമ്പോളത്തെ ശക്തിപ്പെടുത്തുകയെന്ന കോര്‍പ്പറേറ്റ് തന്ത്രം നടപ്പിലാക്കാന്‍ 'നവകേരള' ബുദ്ധി ജീവികളും ആസുത്രണവിദഗ്ധരും ടെക്‌നോക്രാറ്റുകളും പിണറായി വിജയന്റെ പിന്നില്‍ അണിനിരന്ന് കഴിഞ്ഞു. 45 മീറ്റര്‍ വീതിയില്‍ കേരളത്തിലെ ദേശിയ പാതകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുമാനം കോര്‍പ്പറേറ്റുകളുടേതാണ്, മുഖ്യമന്ത്രിയുടേതല്ല. തീരുമാനം നടപ്പിലാക്കാന്‍ ഭരണകൂടത്തിന്റെ ആയുധങ്ങള്‍ വേണ്ടപോലെ ഉപയോഗിക്കാന്‍ നേതൃത്വം നല്‍കുകയെന്ന രാഷ്ട്രീയ ദൗത്യം നിറവേറ്റാന്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ കരുത്തന്‍ പിണറായി വിജയനാണെന്ന് നവലിബറല്‍ -ധനകാര്യ മൂലധനശക്തികളും റിയല്‍ എസ്റ്റേറ്റ് മാഫിയയും ശരിയായി മനസ്സിലാക്കിയിട്ടുണ്ട്. പാതയോരങ്ങളെ ആശ്രയിച്ച് ജീവിതം കെട്ടിപ്പൊക്കുക എന്നത് മനുഷ്യസംസ്‌ക്കാരത്തിന്റെ ഒരു പ്രധാന സവിശേഷയാണ്. വഴിയോരങ്ങളില്‍ നൂറ്റാണ്ടുകളിലൂടെ കെട്ടിപൊക്കിയ ലക്ഷകണക്കിനാളുകളുടെ ജീവിതമാണ് ഏതോ കോര്‍പ്പറേറ്റ് ഭീമനുവേണ്ടി അടിച്ച് തകര്‍ക്കാന്‍ കരുക്കള്‍ നീക്കുന്നത്. ഇരകളുടെ നഷ്ടത്തിനും വേദനക്കും നവകേരളത്തില്‍ സ്ഥാനമില്ല. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ നവകേരളം കെട്ടിപ്പെടുക്കാന്‍ അജണ്ടകള്‍ തയ്യാറാവുകയാണ്. ജനങ്ങളുടെ നികുതി ഉണ്ടാവും പ്രകൃതി വിഭവങ്ങളും ഭൂമിയും പൊതുമേഖലബാങ്കുകളിലെ നിക്ഷേപവും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി കേരളത്തെ സ്വര്‍ഗ്ഗമാക്കുമെന്ന് ഭരണവര്‍ഗ്ഗമായി അധഃപതിച്ച സി.പി.എം തീരുമാനിച്ചുകഴിഞ്ഞു. കേരളത്തിന്റെ വിഭവസാധ്യതകളെ സംബന്ധിച്ച ധാരണകളോ, പാരിസ്ഥിതിക സങ്കീര്‍ണ്ണതകളോ, തൊഴിലും കിടപ്പാടവും നഷ്ടപ്പെടുന്നതോ പരിഗണനാവിഷയങ്ങളല്ല.

കൊക്കക്കോളെ, പെപ്‌സി, എല്‍എന്‍ജി, വിമാനത്താവളങ്ങള്‍, വിഴിഞ്ഞം, ചുങ്കപ്പാത, അതിവേഗപാത, ടാറ്റ, ഹാരിസണ്‍, പോബ്‌സണ്‍ എന്നീ കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി, 17000 കരിങ്കല്‍ ക്വാറികള്‍, പശ്ചിമഘട്ടത്തിന്റെ തകര്‍ച്ച, വിദ്യാഭ്യാസ - ചികിത്സ - ഭക്തി - കച്ചവടം, കള്ളപ്പണം, സ്വര്‍ണക്കടത്ത്, സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍, പലിശമാഫിയക്കാരുടെ പിടിയിലമര്‍ന്ന് ആത്മഹത്യ യിലെത്തുന്ന കുടുംബങ്ങള്‍, തുടങ്ങിയ ദുരന്തങ്ങളുടെ തീച്ചൂളകള്‍ കേരളത്തെ ഭസ്മമാക്കുകയാണ്. അത്യന്തം ഗുരുതരമായ ഈ സന്ദര്‍ഭത്തില്‍, ഈയിടെ തൃശൂരില്‍ ഒരു സമിനാറില്‍ പങ്കടുത്തുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍ ഉന്നയിച്ച ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഇതായിരുന്നു അവരുടെ ചോദ്യം: അംബാനിമാരേയും അദാനിമാരേയും കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന തീരുമാനമെടുക്കാന്‍ ഇടതുപക്ഷ ത്തിന് കഴിയുമോ? ഇല്ല എന്ന ഉത്തരത്തിനാണ് സാധ്യത. ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നു വരുന്ന ബദലുകള്‍ക്കു മാത്രമേ ഈ ചോദ്യത്തിന് ഉത്തരം സൃഷ്ടിക്കാനാവൂ. അതിനു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളാണ് വരും നാളുകളില്‍ ശക്തിപ്പെടേണ്ടത്.