"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

തോല്പിക്കപ്പെട്ടവരുടെ ചന്ദ്രിക


ലോകചലച്ചിത്ര ഭൂപടത്തില്‍ ശ്രീലങ്ക സ്വന്തം രാജ്യം വരച്ചു ചേര്‍ത്തിട്ട് നാളേറെയായി. പക്ഷെ അവിടെ പൊട്ടിക്കുന്ന ബോംബുകളുടെ എണ്ണത്തിലും തകരുന്ന ശിരസുകളുടെ അതിവേഗത്തിലുമുള്ള അതികാഴ്ചയില്‍ ഈ കൊച്ചു രാജ്യത്തിന്റെ ചലച്ചിത്ര സാക്ഷ്യം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ശ്രീലങ്ക എന്നാല്‍ അതൊരു സിംഹ - പുലി പോരാട്ടം നടക്കുന്ന അങ്കത്തറ മാത്രമായി നിരീക്ഷിക്കപ്പെട്ടു. രാജ്യത്തിന് പുറത്ത് ഇങ്ങനെ അവമതിക്കപ്പെട്ട ലങ്കയെ വീണ്ടെടുക്കുവാന്‍ അവിടെയുള്ള കലാ - കായിക പ്രതിഭകള്‍ അതികഠിനം യന്തിക്കുകയാണ്. ക്രിക്കറ്റില്‍ അവരെ തോല്‍പ്പിക്കാന്‍ കഴിയാത്തതും ട്രാക്കില്‍ ചുവടുവെക്കുന്ന ലങ്കന്‍ പാദങ്ങള്‍ ഏഷ്യന്‍ മുന്നേറ്റമാകുന്നതും കായികരംഗത്തെ അനിഷേധ്യതയാകുമ്പോള്‍ ലങ്കന്‍ ചലച്ചിത്രങ്ങള്‍ മേളകളിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാകുന്നത് ഈ വീണ്ടെടുപ്പിന്റെ കലാരംഗത്തുള്ള ഭാഗധേയത്വമാകുന്നു.

ദേശീയതയില്‍ വന്നുപെട്ട ആന്തരിക സംഘര്‍ഷങ്ങളുടെ അര്‍ത്ഥരാഹിത്യം വിശകലനം ചെയ്യുകയാണ് അശോക ഹണ്ടഗാമയും കൂട്ടരും 'ദിസ് ഈസ് മൈ മൂണ്‍' എന്ന സിനിമയിലൂടെ. സിംഹള - തമിഴ് വൈരുധ്യം സംജാതമായതിന്റെ സൈദ്ധാന്തിക അന്വേഷണമല്ല ഈ സിനിമ. മറിച്ച് ഭിന്നത, അത് വൈദേശിക മായാലും വംശീയമായാലും സമായോജനം ഒരു അസാധ്യതയല്ല എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് പൂര്‍വ സങ്കീര്‍ണതകളെ ഇടക്കുവെച്ച് നിര്‍ത്തി, യുദ്ധകാലത്തുനിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ലങ്കയുടെ സാമൂഹ്യ നിര്‍മിതിയില്‍ ഭൂപരമെന്നതിനേക്കാള്‍ ഉപരിയായി അതിനെ, അമാനവീകരിക്കുന്ന പ്രത്യയശാസ്ത്ര നിര്‍മിതികളൊന്നും പിന്നണിയില്‍ നിലനില്ക്കുന്നില്ലെന്നു കാണാം.

'ദേശീയത ആത്മനിഷ്ഠവും മനഃശാസ്ത്രപരവുമായ ഒരു അനുഭൂതിയാണ്; ഏകത്വമെന്ന സംയോജിത വികാരത്തിന്റെ അനുഭൂതിയാണത്; അതുള്ളവര്‍ക്ക് തങ്ങള്‍ ഉറ്റവരായ ബന്ധുമിത്രാദികളാണെന്ന് തോന്നും'. ദേശീയതയെക്കുറിച്ച് ഡോ. അംബേഡ്കര്‍ക്കുള്ള കാഴ്ചപ്പാടിന്റെ അഭ്രാഖ്യാനമാണ് ഹണ്ടഗാമ നിര്‍വഹിക്കുന്നത്. ജനതയുടെ ഭൂപരവും സ്വത്വപരവുമായ സവിശേഷതകള്‍ അംഗീകരിച്ചു കഴിയുമ്പോള്‍ താത്കാലിക പരിഹാരാര്‍ത്ഥം സ്വീകരിക്കുന്ന സമായോജനത്തേക്കാള്‍ നല്ലത് ശാശ്വതമായ സമത കൈവരുത്തുകയാണ് വേണ്ടതെന്ന കാഴ്ചപ്പാടിന് ഈ സിനിമ ഊന്നല്‍ നല്കുന്നു.

സര്‍ക്കാര്‍ സേനയും തമിഴ് സേനാനികളും തമ്മില്‍ ഉഗ്ര പോരാട്ടം നടക്കുന്ന വടക്കന്‍ യുദ്ധമുന്നണിയിലെ ബങ്കറിലൊന്നില്‍ തനിക്കു ചുറ്റും നടക്കുന്ന ബോംബു സ്‌ഫോടന ത്തിലും നരഹത്യയിലും വിഹ്വലനായ ഒരു സര്‍ക്കാര്‍ ഭടന്‍ ഒളിച്ചിരിക്കുകയായിരുന്നു. യുദ്ധമേഖലയില്‍ അകപ്പെട്ട ഭയചകിതയായ ഒരു ഗ്രാമീണ തമിഴ് പെണ്‍കൊടി ഈ ബങ്കറിലേക്ക് വീണു. ജീവന്‍ നിലനിര്‍ത്തുന്നതിനായി ആ ഭടന്റെ ബലാത്കാരത്തിന് അവള്‍ വഴങ്ങി. രണ്ടു ദിവസം കഴിഞ്ഞ് യുദ്ധമുന്നണി വിട്ട് അയാള്‍ തന്റെ ഗ്രാമത്തിലേക്ക് ഒളിച്ചോടി. ആ തമിഴ് പെണ്‍കുട്ടിയും അയാളുടെ പിന്നാലെ കൂടുന്നു.

കെടുതികളും, വരള്‍ച്ചമൂലം കലപ്പയോട് കീഴടങ്ങാത്ത മണ്ണിനോട് മല്ലിടുന്ന മനുഷ്യരും ചേര്‍ന്ന യുദ്ധ വികൃത ഗ്രാമമാണ് അവര്‍ക്കവിടെ കാണാന്‍ കഴിയുന്നത്. പട്ടിണി, വ്യഭിചാരം, തൊഴിലില്ലായ്മ തുടങ്ങിയ യുദ്ധജന്യ ക്ഷുദ്രശക്തികള്‍ ഗ്രാമത്തില്‍ കുടിയേറിയിരിക്കുന്നു. സാഹദര്യം തുടങ്ങിയ സമൃദ്ധമായ നന്മകള്‍ നാട്ടിന്‍ പുറത്തുനിന്ന് ഒഴിഞ്ഞു പോയി. തൊഴിലില്ലാത്തവരെയെല്ലാം യുദ്ധമുന്നണിയിലേക്ക് എടുക്കുമെന്നും യുദ്ധത്തില്‍ മരിച്ചാല്‍ വലിയൊരു തുക നഷ്ടപരിഹാരമായി കിട്ടുമെന്നുമുള്ള യുദ്ധസിദ്ധാ ന്തങ്ങളുടെ വ്യവസായവത്കൃത നിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് അവിടെയുള്ള യുവാക്കളെല്ലാം. ജയിച്ചാലോ രാജ്യംകിട്ടും, മരിച്ചാലോ സ്വര്‍ഗം കിട്ടും രണ്ടും ഒരു യോദ്ധാവിനെ സംബന്ധിച്ചിടത്തോളം സ്വീകാര്യം തന്നെ, അതുകൊണ്ട് യുദ്ധം ക്ഷത്രിയന്റെ മഹത്തായ കര്‍മം. എന്ന് ഭാസന്റെ കര്‍ണഭാരം നാടകത്തില്‍ പറയുന്നതു പോലെ എക്കാലവും എവിടെയും അധികാരികളുടെ യുദ്ധ വ്യവസായത്തില്‍ വിപണനം ചെയ്യപ്പെടുന്നത് അടിയാളരുടെ ജീവിതങ്ങളാണല്ലോ!


ഈ ഭടന്റെ ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ് ശവപ്പെട്ടിയിലായിരുന്നുവെങ്കില്‍ വലിയൊരു തുക നഷ്ടപരിഹാരമായി ലഭിക്കുമായിരുന്നു. ഒറ്റക്കായിരുന്നുവെങ്കില്‍ നാട്ടിലുള്ള കാമുകിയെ വിവാഹം കഴിക്കുകയുമാകാമായിരുന്നു. അയാള്‍ വന്നിരിക്കുന്ന തോ, പണ്ടേ താറുമാറായ ഗ്രാമീണ ജീവിതത്തെ ഒന്നുകൂടി സംഘര്‍ഷപൂരിതമാക്കി ക്കൊണ്ട് ഒരു തമിഴ് യുവതിയുമായി യുദ്ധ മുന്നണിയില്‍ നിന്ന് ഒളിച്ചോടിയാണ്. ശമ്പളമില്ല, നഷ്ടപരിഹാരത്തുകയില്ല, ഒരു ദുശ്ശകുനത്തെ നാട്ടിലെത്തിക്കുകയും ചെയ്തു. അങ്ങനെ അയാളുടെ തിരിച്ചുവരവ് ഒരു തരത്തിലും ലാഭകരമായില്ല.

ഇയാളുടെ കാമുകിയാകട്ടെ സ്വന്തം സഹോദരന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രേമിക്കുന്നതും വിവാഹം കഴിക്കുവാന്‍ താത്പര്യം കാണിക്കുന്നതിനേയും എതിര്‍ക്കുന്നു. യുദ്ധമുന്നണിയില്‍ എത്താന്‍ സാധ്യതയുള്ള സോഹദരന്‍ അവിടെവെച്ചു മരിച്ചാല്‍ ലഭിക്കാവുന്ന നഷ്ടപരിഹാരത്തുക മറ്റൊരു പെണ്‍കുട്ടിയിലേക്കു പോകുന്നതിലുള്ള മനോവിഷമമാണ് അവള്‍ക്ക്. ഒരു യോദ്ധാവല്ലാത്ത ആണ്‍പിറന്നവന്‍ മരിച്ചു പോയതുകൊണ്ട് അനാഥയായിത്തീര്‍ന്ന മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ മരണം ഒരര്‍ത്ഥത്തിലും തനിക്ക് ഗുണം ചെയ്യാതിരുന്നതുകൊണ്ട് ഒളിച്ചോടിവന്ന ഈ ഭടനെ വിവാഹം കഴിച്ചു 'ജീവിക്കുവാന്‍' ആഗ്രഹിക്കുകയാണ്. ഇയാളെ യുദ്ധമുന്നണിയിലേക്ക് തിരിച്ചെടുത്താല്‍ ലഭിക്കുന്ന ശമ്പളത്തിലോ, മരിച്ചാല്‍ ലഭിക്കുന്ന ചാവുകാശിലോ മാത്രമാണ് അവളുടെ പ്രതീക്ഷ. ഇങ്ങനെ എല്ലാത്തരം മാനവ മൂല്യങ്ങളേയും യുദ്ധകാല പരിസരം വിപണനച്ചരക്കായി ചുരുക്കിയെടുക്കുന്നതിന്റെ ദാരുണമായ ദൃശ്യങ്ങള്‍ ശാഖീയമായി വരച്ചു ചേര്‍ത്തിട്ടുണ്ട് ഹണ്ടഗാമ. അസൂയ, കാമം, ഒറ്റ്, വിദ്വേഷം എന്നിങ്ങനെയുള്ള യുദ്ധജന്യ മാരകങ്ങള്‍ സമൂര്‍ത്തമായി മല്ലടിക്കുന്ന അവസ്ഥയില്‍ ആ തമിഴ് പെണ്‍കുട്ടിയുടെ വയറ്റില്‍ പട്ടാളക്കാരന്റെ കുഞ്ഞ് വളരുന്നു എന്നറിയുന്നത് സംഘര്‍ഷങ്ങളെ അതിന്റെ സമഗ്രതയില്‍ ഉദാത്തതരമാക്കി! സര്‍വനാശവാഹ കമായ യുദ്ധത്തിന്റെ പ്രചണ്ഡത മനസിലാണ്ട ഗ്രാമത്തിലേക്ക് മോചനത്തിന്റെ വെണ്‍കിരണങ്ങള്‍ ഇത്തിരിയെങ്കിലും എത്തിക്കുവാന്‍ അവിടെ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന സ്ത്രീകളുടെ സാര്‍വസാഹോദര്യത്തിനോ കുട്ടികളുടെ നിഷ്‌കളങ്കതക്കോ മാത്രമേ കഴിയൂ. സ്‌നേഹത്തിന്റെ ആ നിറനിലാവില്‍ മാത്രമേ, വെടിക്കോപ്പുകള്‍ക്കും പ്രത്യയശാസ്ത്ര വൈതരണികള്‍ക്കുമപ്പുറം മനുഷ്യനെ അവന് കാണാന്‍ കഴിയൂ.

'ഓരോ സിംഹളനിലും ഒരു തമിഴനുണ്ട്, ഓരോ തമിഴനിലും ഒരു സിംഹളനുണ്ട്' എന്ന ലങ്കന്‍ കവി പരാക്രമ കൊടിത്തുവാക്കുവിന്റെ വാക്കുകള്‍ രചനയിലുടനീളമ അനുസ്മരിപ്പിക്കുന്ന ഹണ്ടഗാമ സാക്ഷാത്കാരത്തിലുടനീളം ധീരമായ ഈ മികവ് പുലര്‍ത്തിയിട്ടുണ്ട്. അനായാസ കാഴ്ചയിലൂടെ ആഭിരാമ്യം പ്രദാനം ചെയ്യുന്ന വിവരണാത്മക രീതിയല്ല 'ദിസ് ഈസ് മൈ മൂണി'ന്റേത്. പത്രറിപ്പോര്‍ട്ടര്‍മാര്‍ നല്കുന്നതരത്തിലുള്ള വിവരണങ്ങള്‍ക്ക് ലങ്കന്‍ അവസ്ഥയെ അഭിവ്യഞ്ജിപ്പിക്കുവാന്‍ സാധ്യമല്ലാത്തതുകൊണ്ട് സാമ്പ്രദായിക സങ്കേതങ്ങളില്‍ നിന്ന് വേറിട്ടൊരു രീതിയാണ് ആഖ്യാനത്തിന് അവലംബിച്ചിരിക്കുന്നത്. അതുകൊണ്ട് കാഴ്ചയുടെ സാഹസികാനുഭൂതി നല്കുന്നു ഈ സിനിമ. കാഴ്ചക്കപ്പുറം ശൂന്യതയേകുന്ന യഥാതഥരീതി പല സിനിമകളുടേയും ബലഹീനതയാകുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി കാഴ്ചക്കുശേഷവും പ്രക്ഷകനെ പിന്തുടരുന്ന ദൃശ്യനൈരന്തര്യം ഇതിന്റെ മേന്മയാണ് ഉപയോഗിച്ച നിറത്തില്‍, ഭാഷണത്തില്‍, കഥാപാത്രങ്ങളുടെ പരുക്കന്‍ ആകാരവിശേഷത്തില്‍, പ്രശ്‌നസ്ഥലികളില്‍, സെക്‌സില്‍ എല്ലാം ഈ ഗുണം ദര്‍ശിക്കാം. കാഴ്ചക്കാരന്റെ മൃദുല വികാരങ്ങള്‍ക്ക് ഉത്തേജനം നല്കുന്ന മേമ്പോടിയായല്ല സെക്‌സ് ദൃശ്യങ്ങള്‍ പ്രയോഗിച്ചിരിക്കുന്നത്. ചലച്ചിത്ര ഗാത്രത്തിനു പോഷണം നല്കുന്നതും ഗോത്രത്തനിമയില്‍ നിന്ന് ഉത്പന്നവുമായ, അനിവാര്യ സന്ദര്‍ഭത്തില്‍ ഉചിതമായി സന്നിവേശിപ്പിച്ച വന്യമനോഹരമായ അനുഭവമാണ് ഇതില്‍ സെക്‌സ്. ഇന്ത്യന്‍ സിനിമകളിലെ സെന്‍സര്‍ നിയമങ്ങള്‍ക്കുള്ളില്‍ കിടന്നു കാണിക്കുന്ന കോപ്രായങ്ങളില്‍ നിന്ന് വേറിട്ട കലാപരമായ ഒരു മാനം ഇതിനുണ്ട്. ആര്‍ട്ടായാലും കോമേഴ്‌സ്യലായാലും ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ മുഖ്യാംശത്തെ കരുപ്പിടിപ്പിക്കുന്ന സൂക്ഷ്മതയില്‍ ശ്രദ്ധിക്കാതെ ഉപരിപ്ലവമായ സൈദ്ധാന്തിക വിജയത്തിനു വേണ്ടി അധ്വാനവിമുക്ത രീതികളുമായി രമ്യതയിലാകാറാണ് പതിവ്. എഡിറ്റിങ്ങിന്റെ സൗകര്യത്തിനായി നടീനടന്മാരുടെ വ്‌സ്ത്രങ്ങള്‍ ഓരോ ഷോട്ടിലും മാറ്റുക, ഒരു ചിത്രത്തിന് മൊത്തം വേണ്ട ക്ലോസപ്പുകള്‍ ഒരുമിച്ചെടുത്ത് പലയിടത്തായി ചേര്‍ക്കുക തുടങ്ങിയ എളുപ്പവഴികള്‍ ഏതായാലും ലങ്കന്‍ ചിത്രങ്ങളില്‍ കാണാനില്ല. ഇരുളടഞ്ഞ വര്‍ത്തമാന കാലാവസ്ഥയെ സൂചിപ്പിക്കുന്നതിന് സാക്ഷാല്‍ ബ്ലാക്ക് ആന്റ് വൈറ്റ് ഫിലിം തന്നെ വര്‍ണങ്ങള്‍ക്കിടയില്‍ തിരുകി എളുപ്പത്തില്‍ കാര്യംകഴിക്കുന്ന മടിയന്മാരുടെ പാനലിലും ഹണ്ടഗാമയെ ഉള്‍പ്പെടുത്താനാവില്ല. നല്ല സിനിമകള്‍ അധ്വാനത്തിന്റെ പരിണിത ഫലംകൂടിയാണല്ലോ.

സംഭഷണത്തിലൂടെ കഥ പറഞ്ഞുപോകുക എന്ന കലാവിഹീനകൃത്യവും ചലച്ചിത്രകാരനെന്ന നിലയില്‍ ഹണ്ടഗാമ നിര്‍വഹിച്ചിട്ടില്ല. അര്‍ത്ഥഗര്‍ഭ മൗനം വാചാലമായി സംവദിക്കുന്ന അഭ്രകഥനമാണ് ഈ സിനിമയുടെ മറ്റൊരു ഗുണവൈശിഷ്ഠ്യം. മൗനത്തിലിടകലര്‍ത്തിയ തീക്ഷ്ണമായ നോട്ടങ്ങളും, ചര്‍വണം ചെയ്യുന്ന ചുണ്ടുകളും, ശബ്ദ - ദൃശ്യ മാപനങ്ങള്‍ക്ക് ആവിഷ്‌കരിക്കുവാന്‍ കഴിയാത്ത അര്‍ത്ഥ തലങ്ങളൊരുക്കുന്നു. 'എനിക്കെന്ത് പുതിയതായി ചെയ്യാനാകും? എന്നതാണ് പരീക്ഷണവ്യഗ്രനായ ഒരു സിനിമാ സംവിധായകന് സ്വയം ചോദിക്കുവാനുള്ളത്, അവന്‍ സര്‍വഥാ ജാഗ്രത പുലര്‍ത്തണം' എന്ന ഋത്വിക് ഘട്ടക്കിന്റെ വീക്ഷണമനു സരിച്ചുള്ള ജാഗ്രത്തായ സമീപനം ദിസ് ഈസ് മൈ മൂണിലുടനീളമുണ്ട്.

കലാസംവിധാനം കേവലമായൊരു നിര്‍വഹണത്തിലുപരിയായി പ്രതിബദ്ധത യുള്ളൊരു പ്രതിഭാധനന്റെ മഹത്തായ ചുമതലയാണെന്ന പ്രഖ്യാപനം ഈ സിനിമയില്‍ പ്രാവര്‍ത്തികമാക്കുന്നത് കാണാം. മണ്‍കുടിലുകള്‍, വരണ്ടഭൂമി, നിര്‍ജീവ പരിസരം എന്നിവ ചേര്‍ത്ത് സന്ദര്‍ഭത്തിനൊരുക്കുന്ന അര്‍ത്ഥസംപുഷ്ടി അതിവിപുല മാണ്. ആദ്യ സീനുകള്‍ തിയേറ്റര്‍ നല്കുന്ന അഭൗമഭംഗി ആനയിച്ചുവെങ്കിലും അത് ഒരു അനിവാര്യതയായിരുന്നു. പഴുതുകളില്ലാത്ത ചിത്രാന്ത്യം ഹണ്ടഗാമ ചരനയില്‍ പുലര്‍ത്തിയ സാങ്കേതികത്തികവിന് മറ്റൊരുദാഹരണമാണ്.

വാനവവാദികളുടെ യുദ്ധത്തില്‍ വെന്ത മനം നടീനടന്മാരുടെ മുഖത്തുനിന്ന് വായിച്ചെ ടുക്കാം. അവസാന ഷോട്ടില്‍ നിശ്ചലമാക്കിക്കാണിക്കുന്ന പിഞ്ചു കുഞ്ഞിന്റെ മുഖത്തുമാത്രമേ ഒരു പുഞ്ചിരി ദര്‍ശിക്കാനാവുന്നുള്ളൂ. വിഘടനവെറിയന്മാര്‍ക്കെല്ലാമുള്ള താക്കീതാണ് ഈ പാല്പുഞ്ചിരി. അത്, തോല്പിക്കപ്പെട്ടവരുടെ ചന്ദ്രികയാണ്!

- കണ്ണന്‍ മേലോത്ത്
(സമീക്ഷ മാസിക. 2001 ജൂലൈ ലക്കം)