"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

വിദ്യാഭ്യാസത്തിനു വേണ്ടി ചരിത്രത്തില്‍ ആദ്യമായി വിപ്ലവം നടത്തിയ ഒരു ജനത - കുന്നുകുഴി എസ് മണി


വിദ്യാഭ്യാസം നേടിയെടുക്കുന്നതിനുവേണ്ടി ലോകചരിത്രത്തില്‍ ആദ്യമായി സവര്‍ണരോട് വിപ്ലവ സമാനമായ പ്രക്ഷോഭം നയിക്കേണ്ടിവന്ന ഒരു ജനതയാണ് പുലയര്‍. തൊണൂറ്റി ആറ് ആടി തീണ്ടല്‍ ദൂരെ മാറിനിന്നു കൊണ്ടു വേണമായിരുന്നു പുലയര്‍ക്ക് ജീവിതം നയിക്കേണ്ടിയിരുന്നത്. അത്രയ്ക്കും അശുദ്ധരായിരുന്ന ഈ ജനതയെക്കുറിച്ച് ലോകചരിത്രത്തിലൊന്നും രേഖപ്പെടുത്തിക്കാണുന്നില്ല. ഈ ജനസാമാന്യത്തിന്റെ അസാമാന്യമായ ജീവിത സംക്രമണങ്ങള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡില്‍ ഇനിയെങ്കിലും രേഖപ്പെടുത്തിവയ്‌ക്കേണ്ടതാണ്. ഹൈന്ദവരുടേതെന്ന് പറയുന്ന വേദേതിഹാസങ്ങളില്‍ ഒന്നിലും പുലയന് ഇത്രയേറെ അശുദ്ധി കല്പിച്ചിട്ടുള്ളതായി പറയുന്നില്ല. പക്ഷെ ആ വേദേതിഹാസങ്ങള്‍ ചുമന്നു കൊണ്ടു നടക്കുന്നവരും ദിവസം മുഴുവനും ഉരുക്കഴിക്കുന്നവരും ആണ് ഈ അശുദ്ധി കല്പിതം നടത്തിയിട്ടുള്ളത്. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പുലയര്‍ സഞ്ചാരസ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും, അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ സവര്‍ണ്ണര്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതേണ്ടിവന്നത്. അവരുടെ നിരന്തരമായ പ്രക്ഷോഭമാണ് കേരളത്തിലെ എല്ലാ അവര്‍ണ ജാതികള്‍ക്കം അവകാശങ്ങള്‍ നേടിയെടുക്കാന്‍ കാരണമായത്. പക്ഷെ മറ്റ് അവര്‍ണ ജാതികളാരും തന്നെ അയ്യന്‍കാളിയോടൊപ്പമോ, പുലയജനതയോടൊപ്പമോ പ്രക്ഷോഭം നയിക്കാന്‍ തയ്യാറായിരുന്നില്ല എന്നതും മറ്റൊരു ചരിത്രമാണ്. അയ്യന്‍കാളി തന്റെ യുവത്വ കാലം മുഴുവന്‍ വിദ്യാലയ പ്രവേശന 'ലഹള' കള്‍ക്കായിട്ടാണ് വിനിയോഗിച്ചത്. അയ്യന്‍കാളിയും സംഘവും സാധുജനപരിപാലന സംഘം വഴി അയിത്തമാക്കപ്പെട്ട് മലീമസമാക്കിയ ഒരു ജനതയുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ പോരാട്ടങ്ങളെയാണ് പില്‍ക്കാല ചരിത്രകാരന്മാര്‍ 'ലഹള' കള്‍ എന്ന പേരില്‍ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ ലഹളകള്‍ വിപ്ലവ സമാനമായ പോരാട്ടങ്ങളായിരുന്നു. ചെത്തു തുരുമ്പിച്ച സവര്‍ണ നീതിശാസ്ത്രങ്ങളെ അയ്യന്‍കാളിയെന്ന യുഗപുരുഷന്‍ തകര്‍ത്തു തരിപ്പണമാക്കുകയും വെല്ലുവിളിക്കുകയും ചെയ്തു.

അതുകൊണ്ടാണ് വി.കെ.നാരായണനെപ്പോലുള്ള ഈ നൂറ്റാണ്ടിലെ എഴുത്തുകാര്‍ അയ്യന്‍കാളിയെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ തയ്യാറായത്. 'വിധിയിലൂടെ നിഷേധം എന്നതായിരുന്നു അയ്യന്‍കാളിയുടെ കര്‍മ്മ ശൈലി. 'വിധി' എന്നതിന് ഇവിടെ എടുക്കേണ്ട അര്‍ത്ഥം നേരെയുള്ളത്, കാര്യത്തിന്റെ രീതി, മറ്റൊന്നുമായി താരതമ്യം ചെയ്യാനില്ലാത്തത്, ഉയര്‍ന്ന സ്ഥാനിക ശക്തി എന്നിങ്ങനെയാണ്. നിഷേധം എന്നതിന്റെ നേരേ എതിരാണ് വിധി എന്നത്. അടിയന്തിരമായും അനിവാര്യമായും ഇവിടെ അനുവര്‍ത്തിക്കേണ്ടത് അയ്യന്‍കാളിക്കു ബോധ്യമായി: നിഷേധിക്കുക എന്നതു തന്നെ. എന്നാല്‍ യുവത്വത്തരിപ്പാല്‍ എടുത്തുചാടി ഒരു നിഷേധിയാവാന്‍ അദ്ദേഹം തുനിഞ്ഞില്ല. വിധിയിലൂടെ സാധിക്കുന്ന നിഷേധത്തിനു മാത്രമേ ദൃഢവും സ്ഥായിയും ആയ ഫലപരിണതയുണ്ടാവൂ എന്ന് അദ്ദേഹം നിരന്തരം കാട്ടിത്തന്നു'. 1 പുലയര്‍ തുടങ്ങിയ അവര്‍ണരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യാന്‍ അനുവദിച്ചാല്‍ പാടത്ത് പിന്നെ കൃഷിപ്പണികള്‍ക്ക് ആളുകളെ കിട്ടുകയില്ലെന്ന് സവര്‍ണര്‍ വല്ലാതെ ഭയന്നു. ഈ ഭയം കാരണമാണ് വിദ്യാലയ പ്രവേശന കാര്യത്തില്‍ നിന്നും അവര്‍ണരെ എന്തുവിലകൊടുത്തും ജന്മിമാഫിയ സംഘം തടഞ്ഞു നിറുത്തിക്കൊണ്ടിരുന്നത്. സവര്‍ണരുടെ ഈ നിലപാടിനെ അംഗീകരിക്കുന്നില്ലെങ്കിലും ഇതിനൊരു മറുശം ഉണ്ടായിരുന്ന കാര്യം നിഷേധിക്കാന്‍ ഒരുക്കുകയില്ല. നെല്‍ക്കൃഷി മേഖലയില്‍ നിന്നും അയിത്ത ജാതിക്കാര്‍ വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിച്ചതോടെ സംഘടിതമായി ഉള്‍വലിഞ്ഞതായി കാണാം. കുലത്തൊഴിലായ നെല്‍കൃഷി ഉപേക്ഷിച്ചുപോയതിന്റെ തിക്താനുഭവം വളരെ വലുതായിരുന്നു. നെല്‍കൃഷി കണ്ടെത്തി നടപ്പിലാക്കിയ പുലയന്റെ കുലത്തൊഴിലിന് ലഭിക്കേണ്ടിയിരുന്ന ബാംബു കോര്‍പ്പറേഷനെപ്പോലെയുള്ള ഒരു നെല്‍ക്കൃഷി കോര്‍പ്പറേഷന്‍ ഈ ജനവിഭാഗത്തിന് നഷ്ടമായിരിക്കുന്നു. മാത്രമല്ല നെല്‍കൃഷി മുഴുവന്‍ കൃഷി ഡിപ്പാര്‍ട്ടുമെന്റിന്റെ പൊതുസ്വത്തായി മാറ്റുകയും അവിടെനിന്നും യഥാര്‍ത്ഥം നെല്‍കൃഷിക്കാരായിരുന്ന പുലയരെ മുച്ചൂടും ഒഴിപ്പിച്ചു വിടുകയും ചെയ്തിരുന്നു. അതിന്റെ ദുരന്തം പേറുന്നതും ഡിപ്പാര്‍ട്ടുമെന്റു തന്നെ. രാസവളങ്ങളുടെയും സങ്കരയിനം വിത്തുകളുടെയും പ്രയോഗവും ദുരന്തം വിതയ്ക്കുന്ന ജനിതകമാറ്റം ഉണ്ടാക്കുന്ന കീടനാശിനികളുടെയും പിന്നാലെ ഒച്ചുപോലെ ഇഴയുന്ന ഡിപ്പാര്‍ട്ടുമെന്റിന് പുലയന്റെ നെല്‍കൃഷി രീതി ഇനിയും കണ്ടെത്താനായിട്ടില്ല.

1907-ല്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചതോടെ അവശ സമുദായത്തിന്റെ ഉദ്ധ്വാരണം സാധ്യമാക്കാന്‍ സംഘടനയിലൂടെ സാധ്യമാണെന്ന തിരിച്ചറിവ് അയ്യന്‍കാളിക്കുണ്ടായി. സെക്രട്ടറി തോമസ് വാധ്യാരുമായി ആലോചിച്ച് അവശസമുദായത്തില്‍പ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിന് നിലവിലുള്ള പള്ളിക്കൂടങ്ങളില്‍ അനുവാദം തരുകയോ അല്ലെങ്കില്‍ ആയതിലേയ്ക്ക് പ്രത്യേകം സര്‍ക്കാര്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുകിട്ടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയ്യന്‍കാളി ദിവാന്‍ജിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും അപേക്ഷകള്‍ കൊടുത്തു. ഇതിന്റെ ഫലമായി അയ്യന്‍കാളി പുതുവല്‍വിളാകത്ത് സ്ഥാപിച്ച കുടിപള്ളിക്കൂടം പ്രൈമറി സ്‌കൂളാക്കി മാറ്റി. 'വെങ്ങാനൂരില്‍ സ്ഥാപിക്കപ്പെട്ട പ്രൈമറിസ്‌കൂളില്‍ ഒന്നും, രണ്ടും ക്ലാസുകള്‍ മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളൂ. അതിനു മേല്‍ ക്ലാസുകളില്‍ പഠിക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് നെയ്യാറ്റിന്‍കര ടൗണ്‍ പള്ളിക്കൂടം പുലപള്ളിക്കൂടമായി മാറ്റി പ്രതിഷ്ഠിച്ചു'. 2 ഇതു കൊണ്ടൊന്നും ആ കാലത്ത് കാര്യമായ പ്രയോജനം വിദ്യാലയ പ്രവേശന കാര്യത്തില്‍ സംഭവിച്ചില്ല. പിന്നെയും അയ്യന്‍കാളി അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. അങ്ങിനെയാണ് 1907 ജൂണില്‍ പുലയകുട്ടികള്‍ക്ക് പ്രവേശനം നല്‍കുവാന്‍ ഉത്തരവുണ്ടായത്. പക്ഷെ സവര്‍ണന്മാരായ ഉദ്യോഗസ്ഥന്മാര്‍ അത് പൂഴ്ത്തിവെയ്ക്കുകയും ഈഴവകുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തുപോന്നു. പക്ഷെ ദിവാന്‍ വി.പി.മാധവരായരുമായി ഏറെ ബന്ധം സ്ഥാപിച്ചിരുന്ന അയ്യന്‍കാളി ഉത്തരവിലെ സവര്‍ണകള്ളക്കളി മനസ്സിലാക്കുകയും ദിവാനില്‍ നിന്നും ഉത്തരവിന്റെ കോപ്പി സമ്പാദിക്കുകയും ചെയ്തു. ഈ ഉത്തരവുമായിട്ടാണ് ഏതാനും പുലയകുട്ടികളെ കൂട്ടി അയ്യന്‍കാളിയും സംഘവും വെങ്ങാനൂര്‍ ചാവടി നട സര്‍ക്കാര്‍ സ്‌കൂളില്‍ എത്തി തങ്ങളുടെ കുട്ടികളെയും ഇവിടെ പഠിക്കാന്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അയ്യന്‍കാളിയോടൊപ്പം ഉണ്ടായിരുന്നത് കഞ്ചറവിളാകം കൊച്ചപ്പി, അയ്യന്‍, മഞ്ചാംകുഴി വേലായുധന്‍, വിശാഖന്‍, പപ്പു മാനേജര്‍, തേവന്‍ എന്നിവരായിരുന്നു. ഇവരുമായി ചേര്‍ന്ന് അയ്യന്‍കാളി സ്‌കൂള്‍ വരാന്തയില്‍ കയറി. അപ്പോഴേയ്ക്കും സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഏതാനും സവര്‍ണദ്ധ്യാപകരും പുറത്തുവന്ന് പള്ളിക്കൂടത്തില്‍ കയറുന്നതിനെ എതിര്‍ത്തു നില്ക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സംഭവമറിഞ്ഞെ ത്തിയ സവര്‍ണര്‍ അയ്യന്‍കാളിയേയും സംഘത്തേയും അടിച്ചോടിക്കാന്‍ ശ്രമം നടത്തി. സവര്‍ണ കുട്ടികള്‍ വാതിലില്‍ കൂടിയും ജനാലവഴിയും ചാടിഓടി ആകെ ബഹളമയമായി തീര്‍ന്നു വെങ്ങാനൂര്‍ ജംഗ്ഷന്‍. ഒടുവില്‍ പൊരിഞ്ഞ സംഘട്ടനം തന്നെ ഇരുഭാഗത്തും നടന്നു. സവര്‍ണമാടമ്പിമാര്‍ പുലയരുടെ അടിയുടെയും ഇടിയുടെയും ചൂടും ചൂരും നന്നായി അനുഭവിച്ചു. പലരും പിന്തിരിഞ്ഞോടി. അന്നത്തെ സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ പില്‍ക്കാലത്ത് ആ സംഭവം വിവരിച്ചിട്ടുണ്ട്. അവര്‍ പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞതുകൊണ്ട് അതിന് മുതിരുന്നില്ല. പിന്നീട് അയ്യന്‍കാളിയും സംഘവും കുട്ടികളെയും കൊണ്ട് മടങ്ങിപ്പോയി.


എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കുക തന്നെ വേണമെന്ന വാശിയോടെ അയ്യന്‍കാളിയും സംഘവും തീരുമാനമെടുത്തു. ചാവടി നട ഗവ.സ്‌കൂളിലെ അധികൃതരുടെ നിലപാടിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് അയ്യന്‍കാളി വീണ്ടും ദിവാന്‍ വി.പി.മാധവരായ രെയും വിദ്യാഭ്യാസ ഡയറക്ടര്‍ എ.സി.മിച്ചല്‍സായ്പിനെയും നേരിട്ടു കണ്ട് നിവേദനം കൊടുക്കുകയും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രവേശനം സംബന്ധമായി 1907-ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിഷ്‌ക്കര്‍ശിച്ചു കൊണ്ട് പുതുക്കിയ ഉത്തരവ് ഡയറക്ടര്‍ പുറത്തിറക്കിയെങ്കിലും ചാവടിനട ഗവണ്‍മെന്റ് സ്‌കൂള്‍ അധികൃതര്‍ തീര്‍ത്തു പറഞ്ഞു. അതെ സമയം അയ്യന്‍കാളിയും സംഘവും പുലയക്കുട്ടികളെ എന്തുവന്നാലും അവിടെ തന്നെ പ്രവേശിപ്പിക്കുമെന്നും വെല്ലുവിളിച്ചു. ഇതോടെ രംഗമാകെ വഷളായി. സ്‌കൂള്‍ അധികൃതരുടെ സമീപനം സര്‍ക്കാര്‍ തലത്തിലറി യുകയും ദിവാന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ.സി.മിച്ചല്‍ നേരിട്ട് സ്‌കൂളിലെത്തി പരിശോധിക്കുകയും അദ്ദേഹം രോഷാകുലനായി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയേ തീരുവെന്നും അല്ലെങ്കില്‍ സ്‌കൂളിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ ദേഷ്യത്തിന് സവര്‍ണര്‍ ഇളകിവശായി വിദ്യാഭ്യാസ ഡയറക്ടര്‍ വന്ന ഔദ്യോഗിക വാഹനമായ ജീപ്പു കത്തിച്ചു. ചരിത്രത്തിലാദ്യ മായി ഒരു സര്‍ക്കാര്‍ ജീപ്പ് തീയിട്ടു നശിപ്പിച്ചത് വിദ്യാഭ്യാസ ഡയറക്ടര്‍ മിച്ചലിന്റെതാ യിരുന്നു.

ഡോ.എ.സി.മിച്ചല്‍ സായ്പ് അയിത്തജാതിക്കാരോട് ഏറെ കാരുണ്യം കാട്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു. ആ കാര്യം സവര്‍ണര്‍ക്കും അറിയാമായിരുന്നു. അതിന്റെ പകപോക്കല്‍ കൂടിയായിരുന്നു അദ്ദേഹം സഞ്ചരിക്കുന്ന ജീപ്പു കത്തിക്കാന്‍ സവര്‍ണ മാഫിയകള്‍ തയ്യാറായത്. പക്ഷെ സവര്‍ണാധിപത്യമുണ്ടായിരുന്ന സര്‍ക്കാരിനോടും സ്‌കൂള്‍ അധികൃതരോടും ഈ കാരുണ്യത്തിന് വിലയുണ്ടായിരുന്നില്ലെന്ന തിരിച്ചറിവും വിദേശിയനായ മിച്ചലിന് നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം കുറച്ചുകാലം മിണ്ടാതിരുന്നു. 1909 ആകുമ്പോഴേയ്ക്കും ദിവാന്‍ വി.പി.മാധവരായര്‍ സ്ഥാനമൊഴിയുകയും പകരം ബ്രാഹ്മണനായ ദിവാന്‍ പി.രാജഗോപാലാചാരി നിയമിതനാവുകയും ചെയ്തു. ഇദ്ദേഹം ബ്രാഹ്മണനായിരുന്നുവെങ്കിലും കീഴാളരോട് സഹാനുഭൂതിയുള്ള ആളായിരുന്നു. പുതിയ ദിവാന്‍ എത്തിയതോടെ അയ്യന്‍കാളി അയിത്ത ജാതികുട്ടികളുടെ സ്‌കൂള്‍ പ്രവേശനകാര്യം ദിവാന്‍ജിയെ നേരില്‍ കണ്ട് പറയുകയും എത്രയും വേഗം തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുകയും ചെയ്തു. ഇതെ തുടര്‍ന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ.ഡി മിച്ചലിനോട് അവശജനങ്ങളോടെ വിദ്യാഭ്യാസ പ്രശ്‌നത്തിന് പ്രതിവിധി കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ദിവാന്‍ പി.രാജഗോപാലാചാരി ആവശ്യപ്പെട്ടു. 'ഡോ.മിച്ചല്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 'എഡ്യുക്കേഷന്‍ കോഡ്' 146-ാം വകുപ്പനുസരിച്ച് നിര്‍ദ്ധനരും പാവപ്പെട്ടവരുമായ അയിത്ത ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവിനു പുറമെ ഗവണ്‍മെന്റ് സഹായം അനുവദിച്ചു കൊടുക്കുന്നതാണെന്നും ആയതിലേയ്ക്ക് ദിവാന്‍ജിയെ കണ്ടു അപേക്ഷ ബോധിപ്പിക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ ഫലമായി ഗവണ്‍മെന്റ് തന്നെ അവശ ജനങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം മൂന്നു രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുകയുണ്ടായി'. 3 മിച്ചല്‍ സായ്പ്പിന്റെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ 1910 മാര്‍ച്ച് 1-ന് അവശ സമുദായക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ വിളംബരം വീണ്ടും പുറപ്പെടുവിച്ചു. പക്ഷെ ക്ഷേത്രങ്ങള്‍ക്കു സമീപത്തെ പള്ളിക്കൂടങ്ങള്‍ ഒഴിച്ച് മറ്റെല്ലാ സ്‌കൂളുകളിലുമായിരുന്നു ഈ വിളംബരം മൂലം പ്രവേശനം അനുവദിക്കപ്പെട്ടിരുന്നത്. പക്ഷെ അപ്പോഴും സവര്‍ണര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ അയ്യന്‍കാളി വിദ്യാഭ്യാസ ഡയറക്ടറുടെയും, പോലീസിന്റെയും സഹായത്തോടെ കുറെ കുട്ടികളെ വെങ്ങാനൂര്‍ ചാവടി നട സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. കുളത്തുമ്മേല്‍ കൊച്ചപ്പി, കുഞ്ഞുകൃഷ്ണന്‍, വേലുക്കുട്ടി, ചടയന്‍ ഗോപാലന്‍, സി.പരമേശ്വരന്‍, നാരായണന്‍, ശങ്കരന്‍, കുഞ്ഞന്‍ എന്നീ കുട്ടികള്‍ക്കാണ് പോലീസിന്റെ സഹായത്തോടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശനം സാദ്ധ്യമായത്. അപ്പോഴും ഉയര്‍ന്ന ജാതികുട്ടികള്‍ അയിത്തത്തിന്റെ പേരില്‍ മറുവശത്തു കൂടിചാടി ഓടിപ്പോയിരുന്നു.

1907-ല്‍ ഗവണ്‍മെന്റ് കര്‍ഷക തൊഴിലാളി സമരം ഒത്തു തീര്‍പ്പിലാക്കിയതിന്റെ വ്യവസ്ഥ പ്രകാരം പുറപ്പെടുവിച്ച സ്‌കൂള്‍ പ്രവേശന ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് 1910-ല്‍ സ്‌കൂള്‍ പ്രവേശന ഉത്തരവ് പുറത്തുവന്നത്. ഈ ഉത്തരവിന്‍പ്രകാരം ഈഴവ കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ച ഗവണ്‍മെന്റ് സ്‌കൂളുകളിലെയും പുലയകുട്ടികളെയും പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവ്. പക്ഷെ പുലയകുട്ടികളെപ്രവേശിപ്പിച്ച സ്‌കൂളുകളില്‍ നിന്നും ഈഴവ കുട്ടികളും ജനാലവഴി ചാടിപ്പോയിരുന്നു. ഈ ഉത്തരവു വന്നതിനു തൊട്ടടുത്ത ദിവസം ഇതിനെ ശക്തിയായി എതിര്‍ത്തു കൊണ്ട് പുരോഗമനാശയക്കാരനെന്നും കമ്മ്യൂണിസം മലയാളീകരിക്കുകയും ചെയ്ത കെ.രാമകൃഷ്ണപിള്ളയെന്ന സവര്‍ണ പ്രമാണി സ്വദേശാഭിമാനിയില്‍ ഒരു മുഖ പ്രസംഗമെഴുതി തൂലിക പടവാളാക്കുകയും പുരോഗമനവും സോഷ്യലിസവും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന രാമകൃഷ്ണപിള്ളയില്‍ നിന്നും തികച്ചും അഹന്ത നിറഞ്ഞ ഇത്തരമൊരു പ്രതികരണം അവശ ജനകോടികള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇയാളെ രാജഭരണകൂടം നാടുകടത്തുകയല്ല വേണ്ടിരുന്നത് എന്ന് തോന്നിപ്പോകുന്നു.1910 മാര്‍ച്ച് 2ന് സ്വദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ആ മുഖ പ്രസംഗം ഇങ്ങനെയാണ്:

'താണ ജാതിക്കാര്‍ എന്നും, തീണ്ടാളുകള്‍ എന്നും, തൊടരുതാത്തവര്‍ എന്നും മറ്റും പല വിധത്തില്‍ വിളിക്കപ്പെട്ടുവരുന്ന ജനങ്ങളോടൊരുമ ച്ചിരുന്നു പഠിക്കുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ വഴക്കുകൂടുമ്പോള്‍ ഈ വിഷയത്തില്‍ രണ്ടു സംഗതികള്‍ പ്രത്യേകം ഗണിക്കപ്പെടേണ്ടത് കൂട്ടിക്കലര്‍ത്തി കുഴപ്പമാക്കി വരുന്നതായി കാണുന്നുണ്ട്. ഇവ ഒന്ന് ആചാരവും മറ്റേത് വിദ്യാഗ്രഹണ കാര്യവുമാണ്. പുലയകുട്ടികളോടും പറയക്കുട്ടികളോടും മറ്റും ഒരുമിച്ചിരിക്കുവാന്‍ മറ്റുജാതിക്കാരെ അനുവദിക്കുകയില്ലെന്ന് വച്ചിരിക്കുന്നതിനെ മാറ്റാത്ത പക്ഷം ജനസമുദായത്തിന്റെ ശ്രേയസിനു ന്യൂനത ഭവിക്കുന്നതാണെന്ന് വാദിക്കുന്നവരെ സാഹസികന്മാരെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ഈ ആക്ഷേപത്തെ ഞങ്ങള്‍ അഗണ്യമെന്ന് വിചാരിക്കുന്നതേയുള്ളു. എന്നാല്‍ ആചാരകാര്യത്തില്‍ സര്‍വ്വ ജനീനമായ സമത്വം അനുവദിക്കപ്പെടണമെന്ന് വാദിക്കുന്നവര്‍ ആ ഒരു സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗ്ഗീയ യോഗ്യത വകതിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്ന ശഠിക്കുന്നത് അനുകൂലിക്കാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. ഞങ്ങള്‍ പബ്ലിക് കാര്യങ്ങളില്‍ പ്രത്യേക മൊരു ജാതിക്കാരേയോ മതക്കാരേയോ ഒരു വര്‍ഗ്ഗക്കാരേയോ അനുകൂലിച്ചോ പ്രതികൂലിച്ചോ നില്‍ക്കുന്നില്ലെങ്കിലും വിദ്യാഭ്യാസ സംബന്ധമായ ഈ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നയത്തെ അനുകൂലിക്കുന്നില്ലെന്നും ഒരു ഭേദവിചാരത്തിന്റെ ആവശ്യകത ഉണ്ടെന്നുമാണ് വാദിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നയം സാമുദായികമായ മനശാസ്ത്രത്തിനും സദാചാരശാസ്ത്രത്തിനും വിരുദ്ധമാണെന്നും ഞങ്ങള്‍ വിചാരിക്കുന്നു. ഈ നയം പുലക്കുട്ടികള്‍ക്കും പറക്കുട്ടികള്‍ക്കും ജ്ഞാനവിഷയത്തില്‍ താണവരായ മറ്റു ജാതിക്കാര്‍ക്കും എന്തെങ്കിലും ഗുണംചെയ്യുന്നതാണെങ്കില്‍ അതിനെക്കാള്‍ ഏറെ ദോഷം അവര്‍ക്കുണ്ടാകുന്നതാണെന്നും ഞങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. മനുഷ്യവര്‍ഗ്ഗത്തില്‍ ഒരാളും മറ്റൊരാളും തമ്മില്‍ ശാരീരികമായ വ്യത്യാസത്തെ ഞങ്ങള്‍ അറിയുന്നില്ല. എന്നാല്‍ അനേകം ശതാബ്ദകാലമായി പരമ്പരാസിദ്ധമായിട്ടുള്ള ബുദ്ധി സംബന്ധമായ വ്യത്യാസത്തെ വിസ്മരിക്കുവാന്‍ സാധിക്കുന്നതല്ല. എത്രയോ തലമുറകളായിബുദ്ധിയെ കൃഷിചെയ്തുവന്നിട്ടുള്ള ജാതിക്കാരേയും അതിനേക്കാള്‍ എത്രയോ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരേയും തമ്മില്‍ ബുദ്ധികൃഷികാര്യത്തില്‍ ഒന്നായിച്ചേര്‍ക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു.'' 4

ഈ ഒരൊറ്റ മുഖപ്രസംഗം വഴി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അധഃസ്ഥിത ജനതയെ മുഖമടച്ച് അടിച്ച് ആക്ഷേപിക്കുകയായിരുന്നു. പിള്ളയുടെ ഉള്ളിന്റെയുള്ളില്‍ തീവ്രതയോടെ ഉറഞ്ഞ് നിക്ഷേപിതമായിരുന്ന ജാതി വിവേചനം പെട്ടൊന്നൊരു നിമിഷം സടകുടഞ്ഞെണീറ്റു ഉറഞ്ഞു തുള്ളിയതാണ് ഈ മുഖപ്രസംഗമെന്ന കാര്യത്തില്‍ സംശയമില്ല. അതെസമയം മറ്റൊരു അയിത്ത വിഭാഗമായ ഈഴവകുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കിയപ്പോള്‍ രാമകൃഷ്ണപിള്ളയുടെ രക്തം തിളച്ചുമില്ല. സ്വദേശാഭിമാനിയില്‍ മുഖപ്രസംഗം എഴുതിയതുമില്ലെന്ന് ഓര്‍ക്കണം. പക്ഷെ പുലക്കുട്ടികളെ സവര്‍ണ കുട്ടികള്‍ക്കൊപ്പമിരുത്തിയപ്പോള്‍ മാത്രമാണ് രാമകൃഷ്ണപിള്ള എന്ന പത്രാധിപര്‍ക്ക് സഹിക്കാന്‍ മേലായത്. അപ്പോള്‍ മാത്രം പിള്ളയുടെ രക്തം തിളക്കുകയും ലാവയായി മുഖപ്രസംഗ പരുവത്തില്‍ പൊട്ടി ഒലിക്കുകയും ചെയ്തു. മാനസിക അജീര്‍ണതയുടെ കുടിലമായ അവതരണ ശൈലിയായി കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുന്ന ഉപമ വ്യാഖ്യാനിക്കപ്പെട്ടത്. മനുഷ്യ ജന്മമില്ലാത്ത ചെകുത്താന്‍ സന്തതികള്‍ക്കേ ഇത്തരമൊരു ഉപമ കണ്ടെത്താന്‍ കഴിയൂ. പില്‍ക്കാലത്ത് അജീര്‍ണം ബാധിച്ച കൂലിയെഴുത്തുകാര്‍ ഈ മുഖപ്രസംഗത്തെ സാധൂകരിക്കാന്‍ മുതിര്‍ന്നു. അങ്ങിനെയാണ് ഗോപാലകൃഷ്ണന്‍മാരും, സുനില്‍മാരും, സീതിമാരും രാമകൃഷ്ണപിള്ളയുടെ സ്തുതിപാഠക ന്മാരായി മാറിയത്. ആരെല്ലാം എന്തെല്ലാം വ്യാഖ്യാനങ്ങള്‍ കൊണ്ട് രാമകൃഷ്ണപിള്ളയുടെ അജീര്‍ണതയുടേതായ ആ മുഖപ്രസംഗം സാധൂകരണമര്‍ഹി ക്കാത്ത തെമ്മാടിത്വമായി എക്കാലത്തും വാഴ്ത്തപ്പെടും.

മുഖപ്രസംഗത്തില്‍ നിര്‍വ്യാജ്യം ഖേദം പ്രകടിപ്പിക്കാന്‍ പോലും രാമകൃഷ്ണപിള്ള തയ്യാറായില്ല. പക്ഷെ ദിവാന്‍ജിക്കെതിരെ ലേഖനമെഴുതിയ രാമകൃഷ്ണപിള്ളയെ പിന്നീട് രാജ്യദ്രോഹ കുറ്റം ചുമത്തി നാടുകടത്തുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ പുലയക്കുട്ടികള്‍ക്ക് സ്‌കൂള്‍പ്രവേശനം നേടിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയ്യന്‍കാളി നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളയ്ക്ക് മദിരാശിയിലേക്ക് കത്തെഴുതിയ തായി കാണുന്നു. അയിത്ത ജാതികുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തെ ശക്തമായി എതിര്‍ത്തിരുന്ന രാമകൃഷ്ണപിള്ളയോട് സ്‌കൂള്‍ പ്രവേശനം നേടിത്തരണമെന്ന് അയ്യന്‍കാളി എങ്ങിനെയാണ് കത്തെഴുതുന്നത്. ദുരൂഹതകള്‍ ഏറെയുള്ള ഈ കത്തിനെ സംബന്ധിച്ച് 1941 ജൂണ്‍ 18ന് മരണപ്പെടും വരെ അയ്യന്‍കാളി ആരോടും പറഞ്ഞതായി അറിവില്ല. മാത്രമല്ല കത്തെഴുതേണ്ട സെക്രട്ടറിമാരായ തോമസ് വാധ്യാരോ, കേശവന്‍ റൈട്ടറോ ഇങ്ങനെ ഒരു കത്തിനെക്കുറിച്ച് സൂചനയും നല്‍കിയിട്ടില്ല. ദീര്‍ഘകാലം കുന്നുകുഴി മുടുമ്പില്‍ വീട്ടില്‍ താമസമാക്കിയിരുന്ന കേശവന്‍ റൈട്ടറുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന കുന്നുകുഴി മണിക്ക് അത്തരമൊരു സൂചനപോലും ലഭിച്ചിരുന്നില്ല.

സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയ്ക്ക് അയ്യന്‍കാളി എഴുതിയെന്ന് അവകാശ പ്പെടുന്ന ആ കത്ത് വിശദമായ കുറിപ്പോടുകൂടി രാമകൃഷ്ണപിള്ള 1911 സെപ്തംബര്‍ മാസത്തില്‍ 'ലക്ഷ്മീവിലാസം' എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു. ആ കത്ത് ഇങ്ങനെ വായിച്ചെടുക്കാം:'

''ഇക്കഴിഞ്ഞ ഏതാനും മാസക്കാലമായി മദിരാശിയില്‍ പാര്‍ത്തു കൊണ്ടിരുന്നതിനിടയ്ക്ക് എനിക്കു കിട്ടിയിരുന്നതായ കുത്തുകളില്‍ ഒന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെട്ട വെങ്ങാനൂര്‍ എന്ന സ്ഥലത്തുള്ള പുലയ ജനങ്ങളുടെ മഹാസംഘടനയായ സാധുജന പരിപാലനസംഘത്തിന്റെ ജനറല്‍ സെക്രട്ടറി പി.അയ്യന്‍കാളി അയച്ചിട്ടുള്ളതാ യിരുന്നു. മേല്‍പ്പടി കത്തില്‍ നിന്ന് തിരുവിതാംകൂറിലെ പൊലയ സമുദായത്തില്‍ ക്രമേണ വ്യാപിച്ചു വരുന്നതായ ഒരു സങ്കടം വെളിപ്പെടുത്തുന്നതാകയാല്‍ അതിലെ ചില വാചകങ്ങളെ ഇവിടെ ഉദ്ധരിച്ചു കൊള്ളുന്നു.

''ഞങ്ങളുടെ സംഘത്തില്‍ നിന്നും ഒരാളെ ഇക്കഴിഞ്ഞ ശ്രീമൂലം പ്രജാസഭയിലേക്ക് സ്വീകരിച്ചതും 'സുഭാഷിണി' പത്രാധിപരെയാണെന്നുള്ള വിവരവും അവിടെ അറിഞ്ഞിട്ടുള്ളതാണല്ലോ. ഞങ്ങളുടെ സങ്കടങ്ങള്‍ ഒട്ടു വളരെ പ്രസ്താവിക്കേണ്ടതാ യിട്ടുണ്ടായിരുന്നു. അവയില്‍ കുറഞ്ഞൊന്നു മാത്രമേ പ്രസ്താവിക്കാന്‍ തരമുണ്ടായുള്ളൂ. ഏറ്റവും താണ നിലയില്‍ സ്ഥിതി ചെയ്തു പോരുന്നവരായ ഞങ്ങളുടെ സംഘത്തേയും ഗവണ്‍മെന്റ് സ്വീകരിച്ചതില്‍ ഞങ്ങള്‍ ഗവണ്‍മെന്റിന്റെ പേര്‍ക്ക് നന്ദിയുള്ളവരാ യിരിക്കുന്നു. ഞങ്ങളുടെ സമുദായത്തിന് വേണ്ടപ്പെട്ടതായ നന്മകള്‍ വരുത്തുന്നതിന് ഞങ്ങളില്‍ ഉല്‍കൃഷ്ട വിദ്യാഭ്യാസം ഉള്ളവരായി ഒരുത്തന്‍പോലും ഇല്ലാതിരിക്കുന്ന തിനാല്‍ ഇപ്പോള്‍ വളരെ വിഷമിക്കുന്നു. ആകയാല്‍ അവിടത്തെ സഹായത്താല്‍ ബോംബെയിലോ മദ്രാസിലോ എവിടെയെങ്കിലും സാധുക്കള്‍ക്ക് വിദ്യാഭ്യാസം ദാനമായി കൊടുക്കുന്നതിന് ധര്‍മിഷ്ഠന്മാര്‍ ഏര്‍പ്പെടുത്തിട്ടുള്ള സ്ഥാപനങ്ങളില്‍ പൊലയവര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടുകുട്ടികളെ ചേര്‍ത്തുപഠിപ്പിക്കത്തക്കവിധത്തില്‍ എഴുത്തുകുത്തു ചെയ്ത് ഒരനുഗ്രഹം വരുത്തിത്തരുമാറാകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.ഇവിടത്തെ മൂന്ന് ഹിന്ദു പൊലയുവാക്കന്മാരെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന അത്യാശയാല്‍ നെയ്യാറ്റിന്‍കര ഇംഗ്ലീഷ് സ്‌കൂളില്‍ പ്രിപ്പാറട്ടറി ക്ലാസില്‍ ചേര്‍പ്പിച്ചു. എന്നാല്‍ തക്ക സമയങ്ങളില്‍ ഫീസുകൊടുത്തു കൊള്ളുന്നതിന് സാധിക്കാതെ പോയതുകൊണ്ട് പഠിത്തം വിടേണ്ടി വന്നു. ആ യുവാക്കള്‍ പഠിക്കുന്നതിന് നല്ല വാസനാബലമുള്ളവരാണ്. എന്നാല്‍ ശേഷിക്കുറവു നിമിത്തം വളരെ വ്യസനിക്കുക യാണ് ചെയ്യുന്നത്. ബോംബെയില്‍പരേതനായ വി.ഗോകുലദാസ് ടേജ്പാള്‍ എന്നമഹാന്‍ പൊതുജനോപകാരാര്‍ത്ഥമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ബോര്‍ഡിംഗ് സ്‌കൂളില്‍ ഹിന്ദുക്കളായ രണ്ട് പൊലയ യുവാക്കന്മാരെ കൂടെ ചേര്‍പ്പിക്കുന്നതിന് സൗകര്യം വരുത്തിത്തരണമെന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

''ശ്രീ അയ്യന്‍കാളിയുടെ കത്തിലെ കാര്യങ്ങള്‍ ഏറെ പ്രധാനവും ഗൗരവപ്പെട്ടതുമായ ഒരു കാര്യത്തെ വെളിവാക്കുന്നു എന്നു പറഞ്ഞുകൊണ്ട് കെ.രാമകൃഷ്ണപിള്ള ഇപ്രകാരംഎഴുതി.

''തിരുവിതാംകൂറിലെ ജനങ്ങള്‍ക്കു സന്മനസ്സുണ്ടായാല്‍ തന്നെ പരിഹരിക്കപ്പെടാ വുന്നതായ മേല്പടി സങ്കടത്തെ മറുനാടുകളിലെ മഹാനുഭാവന്മാരുടെ മുമ്പാകെ സമര്‍പ്പിക്കണമെന്ന് മേല്പടി സംഘം സെക്രട്ടറിക്കു തോന്നിപ്പിക്കുവാന്‍ സംഗതി വരുത്തിയ അവസ്ഥകളെപ്പറ്റി അനുശോചിക്കാതെയിരുപ്പാന്‍ നിര്‍വാഹമില്ല. പൊലയന്മാര്‍ തുടങ്ങിയ അധഃകരിക്കപ്പെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിനെപ്പറ്റി എതിര്‍ത്തു പറയാന്‍ ഇക്കാലത്ത് പുറപ്പെടുന്നവര്‍ ഈ വര്‍ഷക്കാലത്ത് വലിയ നദികളില്‍ ഉണ്ടായിക്കാണുന്ന മലവെള്ളക്കുത്തുകള്‍ക്ക് എതിരെ നീന്തികയറുവാന്‍ ഉദ്യമിക്കയായിരിക്കും. വിദ്യാഭ്യാസത്താല്‍ പൊലയന്മാര്‍ തുടങ്ങിയ ജാതിക്കാരുടെസമുദായത്തിന് പരിഷ്‌ക്കാരം ഉണ്ടാക്കാന്‍ സാധിക്കുന്നു എന്നുള്ളതിനെ സമ്മതിക്കാം. എന്നാല്‍ അവരുടെ ഇടയില്‍ കണ്ടുതുടങ്ങിയിരിക്കുന്ന ആകാംക്ഷകളെയൊക്കെ ഇതുകൊണ്ടു മാത്രം സാധിക്കാന്‍ കഴിയില്ല. അവരുടെ സമുദായ ചലനത്തിന് ഉപശാന്തി വരുത്തുവാന്‍ പധാനമായ ഔഷധവും ചികിത്സയുമൊക്കെ പൊലയന്മാര്‍ക്കു മറ്റുള്ള ജാതിക്കാരോടൊപ്പം എല്ലാ പാഠശാലകളിലും പ്രവേശനം അനുവദിക്കുകയാണെന്നാണ് ചിലരുടെ പക്ഷമെന്നു തോന്നുന്നു. ഇതിനായി ഈ ചിലര്‍ പൊലയന്മാരെ സ്വാധീനപ്പെടുത്തുകയും അവര്‍ക്ക് നിര്‍ബാധമായ പ്രവേശം ഏതു പാഠശാലയിലും ലഭിക്കുവാന്‍ അവകാശം സമ്പാദിക്കുകയും ചെയ്തിരിക്കുന്നു. ഈ അവകാശസമ്പാദനത്തെ ആക്ഷേപിക്കുന്നില്ല; അത് അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ ഇത്രയും കൊണ്ട് പൊലയരുടെ സമുദായചലനത്തിന് ഉപശമനം വന്നുവോ എന്നാണ് ചോദിപ്പാനുള്ളത്. അവരുടെ ആകാംക്ഷ സമുദായകാര്യമായ ഒരു രോഗമായിരുന്നാല്‍ ഈ ചികിത്സ കൊണ്ടു ശമിക്കേണ്ടിയിരുന്നു. എന്നാല്‍ ഈ ഔഷധ പ്രയോഗത്താല്‍ രോഗം പ്രകാശിക്കുക യാണുണ്ടായിരിക്കുന്നത്. അവര്‍ക്ക് വിദ്യാഭ്യാസം സമ്പാദിക്കാനുള്ള അവകാശം അനുവദിക്കപ്പെട്ടു. അതിന്റെ ഫലമായി അവരുടെ മനസ്സില്‍ അഭിലാഷവും ഉദിച്ചു; അതിന്റെ ഉദ്ദിഷ്ടമായ പതനസ്ഥാനവും നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഉദ്ദിഷ്ട സ്ഥാനത്തേയ്ക്ക് ചെന്നു ചേരേണ്ടത് എന്ന കാര്യമാണ് പിന്നെ ശരിയായി നിര്‍ദ്ദേശിക്കപ്പെടാതെയായത്. പാഠശാലകളില്‍ മറ്റുള്ളവര്‍ക്കൊപ്പമിരുന്നു പഠിക്കാനുള്ള അവകാശം അവര്‍ ഒരു സംസ്ഥാനത്തിലെ പ്രജാസമുദായത്തില്‍ ഉള്‍പ്പെട്ടിരിക്കെക്കൊണ്ടു തന്നെ സിദ്ധമായിട്ടുള്ളതാണ്. ആ അവകാശത്തെ ഉപയോഗപ്പെടുത്തുവാന്‍ തടസ്സം നീക്കിക്കളഞ്ഞത് അവരോടു ചെയ്യേണ്ടതായ ഒരു കടമ നിര്‍വഹിക്കുകയായിരുന്നു എന്നേ പറയാനുള്ളൂ. എന്നാല്‍ ഈ അവകാശത്തെ അനുവദിച്ചപ്പോള്‍ അവര്‍ക്ക് അതിനെ അനുഭവിപ്പാന്‍തക്ക ശേഷിയുണ്ടോ എന്ന് അന്വേഷിച്ചിരുന്നാല്‍ ഇപ്പോഴത്തെ സങ്കടത്തിന് സംഗതിയില്ലായിരുന്നു. അവരുടെ സങ്കടം സമുദായാചാരകാര്യമായിട്ടായിരുന്നില്ലെന്നും ധനവിഷയമായിട്ടാകുന്നുവെന്നും ഇപ്പോള്‍ സ്പഷ്ടമായിരിക്കുന്നു. അതല്ലെങ്കില്‍ ഫീസു കൊടുപ്പാന്‍ നിര്‍വാഹമില്ലാതെ വിദ്യാര്‍ത്ഥികളെ പാഠശാലയില്‍ നിന്നു തിരിയെ വിളിപ്പിക്കേണ്ടി വരുമായിരുന്നില്ലല്ലോ. പൊലയര്‍ക്ക് മറ്റ് ജാതിക്കാരോടൊപ്പം ഇരിക്കാന്‍ അവകാശം കൊടുത്തിരിക്കുന്ന സ്ഥിതിക്ക് അവര്‍ക്കായുള്ള പ്രത്യേക പാഠശാലകള്‍ അനാവശ്യ സ്ഥാപനങ്ങളായി ഭവിക്കുന്നതാണ്. അവര്‍ക്കു കൂടെ പ്രവേശനം കിട്ടുമാറുള്ള പാഠശാലാ കെട്ടിടങ്ങള്‍ എടുപ്പാന്‍ ഗവണ്‍മെന്റ്അഥവാ വിദ്യാഭ്യാസ പ്രവര്‍ത്തന്മാര്‍ സന്നദ്ധരായിരിക്കേണ്ടി വരുന്നതുമാകുന്നു. ഈ സംഗതിയില്‍ ആര്‍ക്കും വൈരസ്യം ഉണ്ടാവാന്‍ ന്യായമില്ലാത്തതുമാണ്. എന്നാല്‍ ഈ വ്യവസ്ഥ കൊണ്ട്, കുറേ കാലങ്ങള്‍ക്ക് പൊലയന്മാര്‍ക്കുണ്ടാകാവുന്ന ഗുണങ്ങള്‍ എത്രമാത്രമുണ്ടായിരിക്കുമെന്ന് ഇപ്പോള്‍ നിര്‍ണ്ണയിച്ചു കൂടുന്നതല്ല; ദോഷങ്ങള്‍ പലതുമുണ്ടുതാനും. വളരെക്കാലമായി വിദ്യാഭ്യാസ ഗുണം കൊണ്ട് മാനവസംസ്‌കാ രത്തിന്റെ മുകള്‍ പടവുകളിലെത്തിയിരിക്കുന്ന കൂട്ടരോട് ആ വിഷയത്തില്‍ താണ പടവുകളില്‍ നില്ക്കുന്നവരേയും കൂട്ടിപ്പിടിച്ച് ഒപ്പം നിറുത്തിയാല്‍ ഇവര്‍ക്കുണ്ടാകാവുന്ന ക്ലേശങ്ങള്‍ മാനസികമായുള്ളവതന്നേയും വന്‍പിച്ചവയായിരിക്കുന്നതാണ്. രണ്ടുകൂട്ടരും ഗ്രഹണധാരണ ശക്തിയില്‍ തുല്യം നില്‍ക്കുകയില്ലെന്നു കുലപാരമ്പര്യ പ്രാധാന്യത്തില്‍ വിശ്വസിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ പാരമ്പര്യ തത്വം സ്വീകാര്യമല്ല എന്നു വാദിക്കുന്നവര്‍ പറയുന്നതായ പരിസരപ്രാധാന്യത്തെ ആലോചിക്കുമ്പോഴും പൊലയന്മാര്‍ക്ക് ഈ കൂട്ടിച്ചേര്‍പ്പുകൊണ്ട് ഉണ്ടാകാവുന്ന ദോഷത്തെ എളുപ്പം ഗ്രഹിപ്പാന്‍ കഴിയുന്നതാണ്. ഒരുവന്‍ എത്ര തന്നെ നികൃഷ്ടമായ സ്ഥിതിയില്‍ ജനിച്ചിരുന്നാലും അവന്റെ വളര്‍ച്ച നല്ലതായ പരിസരങ്ങള്‍ക്കകമേ ആയിരുന്നാല്‍ അവന്റെ കലപാരമ്പര്യത്തെ നിരസിക്കാമെന്നാണല്ലോ ഇവര്‍ പറയുന്നത്. പൊലയക്കുട്ടികളുടെ പരിസരങ്ങള്‍ക്ക് എന്തെങ്കിലും പരിഷ്‌ക്കാരം സിദ്ധിച്ചിട്ടുണ്ടോ? ഒരു പൊലയക്കുട്ടി പാഠശാല വിട്ട് അവന്റെ ഗൃഹത്തിലേക്ക് മടങ്ങിച്ചെന്നാല്‍ അവന്റെ സഹവാസവും സംസര്‍ഗ്ഗവും പഴയ ആളുകളുമായിട്ടും പഴയ സ്ഥിതിയിലും തന്നെയാണ്. ആ പരിസരങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെങ്കില്‍ അവന്റെ കുടുംബത്തിനു ധനാഭിവൃദ്ധി ഉണ്ടായിരിക്കണം. ഈ സംഗതിയില്‍ പൊലയരുടെ നിലമെച്ചപ്പെട്ടിട്ടുണ്ടോ?

ധനപുഷ്ടിയുള്ള മറ്റു ജാതിക്കാരുടെ കുട്ടികളുമായി ഒന്നിച്ചിരുന്നു പഠിപ്പാന്‍ പൊലയര്‍ക്ക് അനുവാദം നല്‍കി; എന്നാല്‍ മറ്റു കുട്ടികള്‍ക്കൊപ്പം ശുഭമായ വസ്ത്രങ്ങളും ദിനംപ്രതി വര്‍ദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍ മുതലായവയും യഥാക്രമം മസ്തിഷ്‌ക പോഷകമായ ആഹാരവും ലഭിപ്പാന്‍ പൊലയക്കുട്ടിക്കു പണശക്തിയുണ്ടോ എന്ന് ആലോചിച്ചതേയില്ല. ഇതിന് ഇപ്പോള്‍ പൊലയരുടെ കാര്യങ്ങളില്‍ സൂത്രധാരിത്വം വഹിക്കുന്നവര്‍ എന്തെങ്കിലും ധനശേഖരം ചെയ്തിട്ടുമില്ല; ചെയ്യുന്നുമില്ല. ഇവര്‍ അവരെ രാജ്യകാര്യ സംബന്ധമായ കക്ഷിബലത്തിന്റെ അപേക്ഷാര്‍ത്ഥം കൈവശപ്പെടു ത്തിയിരിക്കുകയാണെന്നാണ് ശങ്കിക്കപ്പെടേണ്ടിയിരിക്കുന്നത്. പൊലയരുടെ സങ്കടം ധനകാര്യമായിട്ടുളളതാണ്. അതില്‍ മോക്ഷം ലഭിച്ചല്ലാതെ അവരുടെ സമുദായം വാസ്തവമായ അഭിവൃദ്ധിയില്‍ പ്രവേശിക്കയില്ല. ഇതിലേയ്ക്ക് എന്താണ് ചെയ്യേണ്ടത്. ഒരു രാജ്യത്തിലെ മുതലെടുപ്പ് വര്‍ദ്ധിക്കുന്നതായി കണ്ടതു കൊണ്ടുമാത്രം ആ രാജ്യത്തില്‍ പ്രജകള്‍ ക്ഷേമമായി നിത്യവൃത്തികഴിക്കുന്നുവെന്ന് അനുമാനിക്കാന്‍ മാര്‍ഗ്ഗമില്ല. നാട്ടില്‍ മുമ്പത്തേക്കാളധികം പ്രതാപമേറിയ എടുപ്പുകള്‍ പൊന്തിവരുന്നതു കൊണ്ടോ അധികം സുഖോപഭോഗ സാധനങ്ങള്‍ ചെലവാകുന്നതു കൊണ്ടോ ജനസമൂഹത്തിലെങ്ങും ധനം ധാരാളം പരക്കുന്നുണ്ടെന്നു പറഞ്ഞു കൂടാ. ധനം മുമ്പുതന്നെ പണശക്തിയുണ്ടായി രുന്നവരുടേയോ അല്ലെങ്കില്‍ അധികാര ശക്തിയുള്ളവരുടേയോ ചുറ്റും ഒന്നായിക്കൂടുന്നു എന്ന് വേണമെങ്കില്‍ പറയാം. ജനസമുദായത്തിന്റെ ഭൂരിപക്ഷവും മുതലെടുപ്പു വിഷയത്തില്‍ അതിലേയ്ക്കു സഹായിക്കുന്നതായ വ്യവസായങ്ങളില്‍ഏര്‍പ്പെട്ടിരിക്കുന്ന കൂലിപ്പണിക്കാരാണ്. ഇവര്‍ക്ക് ഐശ്വര്യവര്‍ദ്ധന ഉണ്ടായിട്ടുണ്ടോ? ഇവരുടെ ഇടയില്‍ ഭൂസ്വത്ത് വര്‍ദ്ധിച്ചിട്ടുണ്ടോ? ഇവരുടെ കുടിലുകള്‍ വെണ്‍മാടങ്ങളായിത്തീര്‍ന്നിട്ടുണ്ടോ? പ്രകൃതത്തില്‍ കൃഷിപ്പണിക്കാരായ പൊലയന്മാര്‍ക്ക് മുപ്പതോ അമ്പതോ കൊല്ലങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന മാതിരിമണ്‍കുടിലുകളും ഗൃഹോപകരണങ്ങളുമല്ലാതെ പരിഷ്‌ക്കരിക്ക പ്പെട്ട ഗൃഹങ്ങളും സാമാനങ്ങളും ഉണ്ടോ? അവരുടെ ഭാഗധേയത്തിനു മാറ്റം ഉണ്ടായിക്കാണുന്നില്ല. ഇതിനുള്ള ഹേതു എന്തായിരിക്കാം? ഇവര്‍ മിത ശീലന്മാരല്ലാ ഞ്ഞിട്ടും ധനമത്തന്മാര്‍ മിതവ്യയ ശീലം ധനമത്തന്മാര്‍ക്ക് പ്രായേണദുര്‍ല്ലഭമാകുന്നു. പൊലയന്മാര്‍ തുടങ്ങിയ കൂലിവേലക്കാര്‍ക്ക് ഇപ്പോള്‍ ക്രമേണ വര്‍ദ്ധിച്ചു വരുന്ന ഉപജീവനച്ചെലവും കഴിച്ച് എന്തെങ്കിലും സമ്പാദ്യം വെപ്പാന്‍ കഴിയാത്ത പ്രകാരം അവര്‍ക്ക് കിട്ടി വരുന്ന പ്രതിഫലം അത്ര ചുരുങ്ങിയിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഉണ്ണുവാനും ഉടുക്കുവാനും വേണ്ട സാധനങ്ങള്‍ക്ക് വിലക്കയറുകയും പാര്‍ക്കാന്‍ വേണ്ട ഗൃഹം ആരോഗ്യാവഹമായ വിധത്തില്‍ പണിയുന്നതിന് ധാരാളംപണം ചെലവ് ചെയ്യേണ്ടിവരുകയും ചെയ്യുമ്പോള്‍ പൊലയന്മാരുടെ ഇപ്പോഴത്തെപണിക്കൂലികൊണ്ട് അവയൊക്കെ തൃപ്തികരമായി നിര്‍വഹിപ്പാന്‍ സാധ്യമല്ല. പിന്നെയാണോ അവര്‍ക്ക് വിദ്യാഭ്യാസവകുപ്പിലെ പരിഷ്‌കാരങ്ങള്‍ അനുസരിച്ച് പാഠശാലകളില്‍ പോയി മറ്റുള്ളവരോടൊപ്പം പണം ചെലവാക്കി പഠിപ്പാന്‍ കഴിയുന്നത്? പൊലയന്മാര്‍ക്ക് വിദ്യാഭ്യാസത്തില്‍ മനഃപരിഷ്‌കാരവും സമുദായാഭിവൃദ്ധിയും ഉണ്ടാകണമെന്ന് യഥാര്‍ത്ഥമായി ആഗ്രഹിക്കുന്ന യജമാനന്മാര്‍ ചെയ്യേണ്ടത് അവര്‍ക്ക് പ്രത്യേകം ചില വിശേഷ സൗജന്യങ്ങള്‍ കൊടുക്കയല്ല, സമുദായത്തിനാകെ ഗുണമായിത്തീരുമാറ് അവരുടെ ആദായം ജാസ്തിയായി കൊടുക്കുയാണ്. ഈ ഒരു കാര്യം ആവശ്യം ചെയ്തില്ലെങ്കില്‍ പൊലയരെ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം ചെയ്യിച്ചു വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ ഈര്‍ഷ്യ തോന്നീട്ടു ഫലമൊന്നുമില്ലെന്ന് ധരിക്കേണ്ടതാകുന്നു. അതിനാല്‍ പൊലയരുടെ ധനസംബന്ധമായ സങ്കടത്തെ കണ്ടറിയാതെ അവര്‍ക്ക് സമുദായാചാര സംബന്ധമായ പ്രസാദങ്ങള്‍ കൊടുത്തതു കൊണ്ടുമാത്രം അവരുടെ യജമാനന്മാരുടെ കര്‍ത്തവ്യം നിറവേറ്റിയതായി വരികയില്ലെന്ന് അറിയുമെന്നു വിശ്വസിക്കുന്നു.'' 5 ഈ കത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നതാണ്. 1911 സെപ്തംബറില്‍ ലക്ഷ്മീവിലാസം മാസികയില്‍ രാമകൃഷ്ണപിള്ള വിശദീകരണ കുറിപ്പോടെ പ്രസിദ്ധീകരിച്ച അയ്യന്‍കാളിയുടെ കത്തില്‍ രണ്ടു മാസം കഴിഞ്ഞ് ഡിസംബര്‍ 11ന്റെ ഗസറ്റില്‍ അയ്യന്‍കാളിയെ പ്രജാസഭമെമ്പറായി നോമിനേറ്റ് ചെയ്ത കാര്യം രേഖപ്പെടുത്തിയിരിക്കുന്നത് അത്ഭുതകരമായിരിക്കുന്നു. മാത്രമല്ല 1910-ല്‍ സ്വദേശാഭിമാനിയില്‍ പുലയക്കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തെ മുച്ചൂടും എതിര്‍ത്തുകൊണ്ട് മുഖപ്രസംഗം എഴുതിയ രാമകൃഷ്ണപിള്ള തന്നെ അതിന് ബദലായി അയ്യന്‍കാളി എഴുതിയതെന്നു പറഞ്ഞ് വിശദീകരണത്തോടെ ലക്ഷ്മിവിലാസത്തില്‍ കത്തെഴുതിയത് വ്യാജമാണ്. പ്രജാസഭമെമ്പറാകും മുന്‍പുതന്നെ മെമ്പറായ വിവരം ആശ്ചര്യകരമായ വസ്തുതയാണ്. മാത്രമല്ല അയ്യന്‍കാളി എഴുതിയെന്നു പറയുന്ന കത്തിനേക്കാള്‍ പ്രാധാന്യം രാമകൃഷ്ണപിള്ളയുടെ മുഖപ്രസംഗത്തെ മൂടിവയ്ക്കാനുള്ള ഒരു കുമ്പസാരം കൂടിയാണ് ലക്ഷ്മിവിലാസത്തിലെ കത്തെന്നതില്‍ തര്‍ക്കമില്ല. രാമകൃഷ്ണപിള്ളയുടെ അതിവിദഗ്ദ്ധമായ മലക്കം മറിച്ചില്‍ ഈ കത്തില്‍ പ്രകടമാണ്. അതു കൊണ്ടാണ് ആ കത്ത് പൂര്‍ണമായി തന്നെ ഇവിടെ ചേര്‍ത്തത്. കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുന്ന ഉപമ പ്രയോഗിച്ച രാമകൃഷ്ണപിള്ളയോട് 1911 ലെ കത്തില്‍ അയ്യന്‍കാളി ബോര്‍ഡിംഗ് സ്‌കൂളില്‍ ഹിന്ദുക്കളായ രണ്ട് പുലയയുവാക്കളെ ചേര്‍പ്പിക്കുന്ന തരത്തില്‍ കത്തെഴുതുമോ? സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഇത്തരം നുണക്കത്തിന്റെ സമ്പൂര്‍ണമായ ഉറവിടം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്നെയാണെന്നതില്‍ സംശയമില്ല. കത്തിലെ വിശദീകരണത്തില്‍ ഉടനീളം രാമകൃഷ്ണപിള്ള കിടന്ന് ഉരുളുകയും പുരളുകയും നീന്തിത്തുടിക്കുകയും ചെയ്യുന്നുമുണ്ട്. ഇതൊന്നും വ്യക്തമായി മനസ്സിലാക്കാതെയാണ് ചില ചരിത്രകാരന്മാര്‍ സ്വദേശാഭിമാനിയെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കല്‍ രാമകൃഷ്ണപിള്ളയുടെ വീടു സന്ദര്‍ശിച്ച അയ്യന്‍കാളിക്ക് അദ്ദേഹത്തിന്റെ ഭൃത്യനില്‍ നിന്നും ക്രൂരമായ ജാതിയത അനുഭവിക്കേണ്ടിവന്നിരുന്നുവെന്ന കാര്യം സ്മരണീയമാണ്.

സഹായഗ്രന്ഥങ്ങള്‍:
1. അയ്യന്‍കാളി: വിധിയുടെ നിഷേധം-വി.കെ.നാരായണന്‍ (റിട്ടേ.പബ്ലിക് റിലേഷന്‍ ആഫീസര്‍) ആള്‍ ഇന്ത്യ റേഡിയോവില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്നും.
2. അയ്യന്‍കാളി സ്മാരക ഗ്രന്ഥം- (1974) വെങ്ങാനൂര്‍ സുരേന്ദ്രന്‍, പേജ്.26
3. അയ്യന്‍കാളി സ്മാരക ഗ്രന്ഥം- (1984 ആഗസ്റ്റ് 12-18) ലക്കം. 22 പേജ്.31
5. മാതൃഭൂമി ആഴ്ചപ്പതിപ്പ് (1984 ആഗസ്റ്റ് 12-18) ലക്കം 22, പേജ്. 29-31.