"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ചരിത്രം തിരുത്തിയ കര്‍ഷകത്തൊഴിലാളി പണിമുടക്ക്: കുന്നുകുഴി എസ് മണി


വിദ്യാലയ പ്രവേശനം മുന്‍നിറുത്തി അയ്യന്‍കാളി നയിച്ച കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്കിനെ സംബന്ധിച്ച് ഒട്ടേറെ അബദ്ധധാരണകള്‍ ഇപ്പോള്‍ തന്നെ നമ്മുടെ ചരിത്രകാരന്മാര്‍ക്കിടയില്‍ നിലവിലുണ്ട്. ഒന്നാമത് അയ്യന്‍കാളി നേതൃത്വം നല്‍കി നയിച്ച ഈ കാര്‍ഷിക സമരം നടന്ന വര്‍ഷം പലരും പലവിധത്തിലാണ് പറഞ്ഞു കാണുന്നത്. അതില്‍ അയ്യന്‍കാളിയുടെ ആദ്യ ചരിത്രകാരനെന്ന് പറയുന്ന ടി.എച്ച്.പി.ചെന്താരശ്ശേരി ഏറ്റവും ഒടുവിലായി സി.ഐ.സി.സി ബുക്ക് ഹൗസ് വഴിപ്രസിദ്ധീകരിച്ച 'കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യന്‍കാളി' എന്ന ഗ്രന്ഥത്തില്‍ 1913 ജൂണ്‍ മാസത്തില്‍ ആരംഭിച്ച പണിമുടക്കു സമരം 1914 മെയ് മാസത്തില്‍ അവസാനിച്ചുവെന്നാണ് പറയുന്നത്. അതെ സമയം അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങളില്‍ വ്യത്യസ്തങ്ങളായ വര്‍ഷങ്ങളാണ് പറഞ്ഞിരിക്കുന്നത്. കൂടാതെ കൂലിക്കൂടുതല്‍, സഞ്ചാര സ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി യാണ് കാര്‍ഷിക പണിമുടക്കു സമരം നടത്തിയതെന്നും പറയുന്നുണ്ട്. ഇതിന് അദ്ദേഹം നിരത്തുന്ന തെളിവ് പെരിനാട് കലാപത്തിനൊടുവില്‍ കൊല്ലം റെയില്‍വേസ്റ്റേഷന്‍ മൈതാനത്ത് ചേര്‍ന്ന യോഗത്തില്‍ അയ്യന്‍കാളി പ്രസംഗമദ്ധ്യേ കര്‍ഷകത്തൊഴിലാളി സമരത്തെക്കുറിച്ചു പറഞ്ഞത് മിതവാദി റിപ്പോര്‍ട്ടു ചെയ്തിരുന്നതാണ്. മിതവാദി വ്യക്തമായിട്ടൊന്നും ആ പ്രസംഗത്തെ ക്കുറിച്ചു പറയുകയോ വര്‍ഷം വ്യക്തമാകുകയോ ചെയ്തിട്ടില്ലെങ്കിലും ചെന്താരശ്ശേരി 1913 ജൂണ്‍ മുതല്‍ 1914 മെയ് വരെ കര്‍ഷകത്തൊഴിലാളി പണിമുടക്കു നടത്തിയെന്നാണ് പറയുന്നത്. ഇത് അക്ഷരം പ്രതി തെറ്റാണ്. എന്നാല്‍ മറ്റൊരു ചരിത്രകാരനായ സി.അഭിമന്യു അയ്യന്‍കാളി നടത്തിയ കാര്‍ഷിക സമരം 1907 ല്‍ ആരംഭിച്ചുവെന്നു മാത്രം പറയുന്നുണ്ട്. ഈ ചരിത്രകാരന്മാരെ അനുകരിച്ച് ലേഖനമെഴുതുന്നവരും ചരിത്രമെഴുതുന്നവരും കാര്‍ഷിക സമരത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിപ്പോരുന്നത്. ഇത് വരും തലമുറകളേയും ചരിത്രപഠിതാ ക്കളേയും വഴിതെറ്റിക്കുന്നതിനാലാണ് ഇതിവിടെ പ്രത്യേകം എടുത്തുപറയാന്‍ കാരണമായത്.

1904-ല്‍ വിദ്യാലയ സ്ഥാപനത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് വിദ്യാലയ പ്രവേശനത്തിലൂന്നി അയ്യന്‍കാളി മഹത്തായ കാര്‍ഷിക സമരത്തിന് ആഹ്വാനം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയിത്ത വിഭാഗം കുട്ടികള്‍ക്ക് പ്രവേശനമേ നല്‍കുന്നില്ല. പക്ഷെ സ്വന്തമായൊരു സ്‌കൂള്‍ സ്ഥാപിച്ചിട്ടും അതിനെതിരെയും സവര്‍ണന്‍മാര്‍ ഉറഞ്ഞു തുള്ളുന്നതു കണ്ടപ്പോഴാണ് ഗത്യന്തരമില്ലാതെ നെല്‍പ്പാടങ്ങളിലെ കൃഷിപ്പണികള്‍ നിറുത്തിവയ്ക്കാന്‍ അയ്യന്‍കാളി തയ്യാറായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെപ്രാരംഭത്തില്‍ നിരക്ഷരനായ അയ്യന്‍കാളി നേതൃത്വം കൊടുത്ത് കേരളം കണ്ട വിശേഷപ്പെട്ട സമരമായി ചരിത്രം രേഖപ്പെടുത്തുന്ന ഒന്നാണ് കാണായ നെല്‍പ്പാടങ്ങളില്‍ മുട്ടിപ്പുല്ലുകിളിര്‍പ്പിച്ച് നടത്തിയ കര്‍ഷകത്തൊഴിലാളി പണിമുടക്കു സമരം. ഇത്തരമൊരു സമരം തിരുവിതാംകൂറില്‍ ആദ്യമായിട്ടാണ് ജനങ്ങള്‍ കാണുന്നത്. ആ സമരത്തിന്റെ ശതാബ്ദി പിന്നിടുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയാതെ ചരിത്രകാരന്മാര്‍ ഇരുട്ടില്‍ തപ്പുകയാണ്.

കേരളത്തിലെ കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ ആദ്യത്തേതായിരുന്നു അയ്യന്‍ കാളി നയിച്ച സമരമെന്നാണ് ചരിത്രകാരന്മാര്‍ പറഞ്ഞുവെയ്ക്കുന്നത്. സമരത്തിന്റെ വര്‍ഷഗണനപോലെ തന്നെ സമരവും തെറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. തിരുവിതാംകൂറിന്റെ വ്യക്തമായ ചരിത്രം പഠിക്കാതെയാണ് പലരും അയ്യന്‍കാളി ചരിത്രം എഴുതാന്‍ തയ്യാറെടുക്കുന്നത്. അതുകൊണ്ടാണ് തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്കും ചരിത്ര രചനകള്‍ വായനക്കാരെ വഴിതെറ്റിക്കുന്നത്. അയ്യന്‍കാളി വിദ്യാലയപ്രവേശനം അനുവദിക്കുന്നതിനു വേണ്ടി കാര്‍ഷിക പണിമുടക്കു സമരം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ടിനു മുന്‍പ് എന്നു പറഞ്ഞാല്‍ നൂറ്റി ഒന്‍പത് വര്‍ഷം മുമ്പ് കൊല്ലം ജില്ലയിലെ മണ്ണടിയിലെ കാമ്പിത്താനെതിരെ അവിടത്തെ പുലയ കര്‍ഷകരായ കൃഷിവലന്മാര്‍ നടത്തിയ പണിമുടക്കായിരുന്നു ആദ്യത്തെ കര്‍ഷകപണിമുടക്കു സമരം. രണ്ടാമത്തേത് കായംകുളത്തിന് വടക്ക് പത്തിയൂരില്‍ കീഴാള സ്ത്രീകള്‍ക്ക് വസ്ത്രമുടുക്കാന്‍ വേണ്ടി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ കര്‍ഷകത്തൊഴിലാളി പണിമുടക്കു സമരമായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ കര്‍ഷകത്തൊഴിലാളി പണിമുടക്കു നടത്തുമ്പോള്‍ അയ്യന്‍കാളിക്കന്ന് വെറും മൂന്നു വയസ്സായിരുന്നു പ്രായം. ഇതനുസരിച്ചു നോക്കുമ്പോള്‍ അയ്യന്‍കാളി 1904-ല്‍ ആരംഭിച്ച കര്‍ഷകത്തൊഴിലാളി പണിമുടക്ക് മൂന്നാമത്തേതായിരുന്നു.


ദേശമടക്കിവാണിരുന്ന ചില മാടമ്പിമാരായിരുന്നു ദേശത്തലവന്മാര്‍. രാജാധികാര ത്തിനു പോലും ഈ ദേശാധിപന്മാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് കൊല്ലം ജില്ലയിലെ മണ്ണടിമാടമ്പിക്കുണ്ടായിരുന്ന സവിശേഷത. 'ഈ മാടമ്പി മണ്ണടിക്ഷേത്രത്തിലെ ദൈവത്തിന്റെ പ്രതിപുരുഷനായി അരുളപ്പാടുകള്‍ നല്‍കുന്ന ആളുമാണ്. ഈ മഹാമാടമ്പിയുടെ പേരായിരുന്നു കാമ്പിത്താനെന്ന്. 1 ഈ മാടമ്പി സ്വേച്ഛാധിപത്യത്തിന്റെ ആള്‍രൂപം കൂടിയായിരുന്നു. ദൈവസ്ഥാനങ്ങളുടെയും ദൈവസ്ഥാനങ്ങളുടെ വന്‍പിച്ച ഭൂസ്വത്തുക്കളുടെയും അധിപനും ഭരണാധികാരിയു മായിരുന്നു. അയാള്‍ക്കിഷ്ടമുള്ള നികുതികള്‍ പല പേരുകളില്‍ ജനങ്ങളില്‍ നിന്ന് പ്രത്യേകിച്ചും കീഴാളരില്‍ നിന്നും പിരിച്ചെടുത്തിരുന്നു. അവയില്‍ ചിലതാണ് 'പുരുഷാന്തരം (മരണ നികുതി), രക്ഷാഭോഗം, പാശിപ്പാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെതറിക്കടമൈ, ചാവുകാണിക്ക, അടിമപ്പണം, തലപ്പണം, മൂലപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലിമറ്റാന്‍ പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ഏഴ, കോഴ,ചങ്ങാത്തം, പൊളിച്ചെഴുത്ത്, ആണ്ടുകാഴ്ച, മീശക്കാഴ്ച, മോനിപ്പൊന്ന്, ദത്തുകാണിക്ക 2 എന്നിവയാണ് രാജാധികാരത്തില്‍ സമാന്തര ഭരണാധികാരികളായ മാടമ്പിമാര്‍ കൈയ്ക്കലാക്കിയിരുന്നത്. പട്ടാഴി 'ചെമ്പുപട്ടയത്തില്‍ നിന്നും കാമ്പിത്താന്‍ മണ്ണടി ഭഗവതിയുടെ കണ്ടു കൃഷിഭൂമിയില്‍ നടത്തിയ കരണവും പതിവും മറ്റുമാണ്പ്രക്ഷോഭണത്തിന്റെ യഥാര്‍ത്ഥ കാരണമെന്നു വ്യക്തമാകുന്നുണ്ട ല്ലോ. കുടിയാന്മാരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പലതരത്തിലുള്ള പിരിവുകള്‍ നടത്തുക ജന്മിക്കു വഴങ്ങാത്ത കുടിയാന്മാരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ മര്‍ദ്ദന വിധാനങ്ങളെ ചെറുക്കുവാന്‍ വേണ്ടിയാണ് നാട്ടുകാര്‍ സമരം പ്രഖ്യാപിച്ചതും'3

ഫ്യൂഡല്‍ സാമ്പത്തിക ഘടനയുടെ നെടും തൂണായിരുന്ന കൊല്ലം ജില്ലയിലെ മണ്ണടിയിലെ മാടമ്പിയായ കാമ്പിത്താനെതിരെ 1783 മുതല്‍ 1795 വരെ 12 വര്‍ഷക്കാലം അവിടത്തെ കുടിയന്മാരായ പുലയര്‍ നടത്തിയ കര്‍ഷകത്തൊഴിലാളി പണിമുടക്കാണ് അടിമത്വത്തിനെതിരെ ആവേശകരമായി നടന്ന ആദ്യത്തെ ജനകീയ വിസ്‌ഫോടനം. വിദേശ ശക്തികള്‍ക്കെതിരെ പൊരുതി സ്വയം ഹോമിച്ച വേലുത്ത മ്പിദളവായുടെ അന്ത്യം കണ്ട് ചുമന്ന മണ്ണടി ക്ഷേത്രത്തിനു സമീപത്തായിരുന്നു 18-ാം നൂറ്റാണ്ടിലെ ഐതിഹാസികമായ ഈ കര്‍ഷക പണിമുടക്ക് സമരത്തിന് വേദിയായത്.

രണ്ടാമത്തെ കാര്‍ഷികത്തൊഴിലാളി പണിമുടക്കിന് വേദിയായത് കായംകുളത്തിന് വടക്ക് പത്തിയൂരിലാണ്. ഇതും കൊല്ലം ജില്ലയില്‍ തന്നെയാണ്. അരുവിപ്പുറത്ത് ശ്രീനാരായണഗുരു ഈഴവശിവനെ പ്രതിഷ്ഠിക്കുന്നതിന് 35 വര്‍ഷം മുന്‍പ് 1888-ല്‍ മംഗലം ഇടയ്‌ക്കോട് ജ്ഞാനേശ്വരം ക്ഷേത്രത്തില്‍ ഈഴവശിവനെപ്രതിഷ്ഠിച്ച് രാജപ്രമുഖനെപ്പോലും വെല്ലുവിളിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് ഈ കര്‍ഷകത്തൊഴിലാളി പണിമുടക്കിന്റെ സൂത്രധാരന്‍. ആ കാലത്ത് ഈഴവരാദി കീഴാള സ്ത്രീകള്‍ക്ക് മുട്ടിനു താഴെ മുണ്ടിറക്കി ഉടുക്കുന്നത് കുറ്റകരമായിരുന്നു. ജന്മിമാര്‍ക്ക് കൃഷിത്തൊഴിലാളി പെണ്ണുങ്ങളായ ഈഴവത്തികളുടെയും പുലച്ചികളുടെയും കൊഴുത്ത തുടകള്‍ കണ്ട് ആസ്വദിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു വേണ്ടാതിനം നടപ്പാക്കിയിരുന്നത്. മാറു മറയ്ക്കാന്‍ പാടില്ലയെന്നതിന്റെ പിന്നിലും ജന്മിമാരുടെ കാമക്കടിയായിരുന്നല്ലോ. എന്നാല്‍ കായംകുളത്തിന് വടക്ക് പത്തിയൂരിലെ ഒരു ഈഴവ സ്ത്രീ കരയുള്ള മുണ്ട് മുട്ടിനു വളരെ താഴ്ത്തി ഉടുത്ത് വയല്‍ വരമ്പിലൂടെ നടന്നുവന്നു. ഇതു കണ്ട സവര്‍ണ പ്രമാണിക്കത് രസിച്ചില്ല. നാട്ടു നടപ്പ് ലംഘിച്ച ആ സ്ത്രീയെ അയാള്‍ കണക്കറ്റ് അധിക്ഷേപിക്കുകയും മുണ്ടഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ പണിക്കര്‍ അതിയായി ക്ഷോഭിക്കുകയും ജന്മിമാരുടെ നെല്‍കൃഷി പ്പണികള്‍ ചെയ്തിരുന്ന സ്ത്രീകളെയും പുരുഷന്മാരേയും സംഘടിപ്പിച്ച് കൃഷിപ്പണികള്‍ നിറുത്തി വയ്പിച്ചു. 1866-ല്‍ പത്തിയൂരിലെ കര്‍ഷകര്‍ പണിമുടക്കാരംഭിച്ചതോടെ തമ്പ്രാക്കന്മാര്‍ പരുങ്ങലിലായി. സമരം നടത്തിയ കര്‍ഷകര്‍ക്ക് വേലായുധപ്പണിക്കര്‍ അന്നന്നത്തെ ചെലവിനുള്ള തുക കൊടുത്തു കൊണ്ടിരുന്നു. അതുകൊണ്ട് കര്‍ഷകരാരും പട്ടിണികിടക്കേണ്ടിവന്നില്ല. ജന്മിമാര്‍ സംഘടിച്ച് അന്യ ദിക്കില്‍ നിന്നും കൃഷിവല ന്മാരെ കൊണ്ടുവന്നുവെങ്കിലും അനധികൃതമായി ആരെങ്കിലും നെല്‍പ്പാടത്തിറങ്ങിയാല്‍ കൊന്ന് കൊലവിളിക്കുമെന്ന് വേലായുധപ്പണിക്കര്‍ പ്രഖ്യാപിച്ചതോടെ ജന്മിമാര്‍ മുട്ടുമടക്കി. അവഹേളിച്ച ഈഴവ സ്ത്രീക്ക് ആ ജന്മി മുണ്ടുവാങ്ങി നല്‍കി പത്തിയൂരിലെ കര്‍ഷക പണിമുടക്കു സമരം അവസാനിപ്പിച്ചു. അയ്യന്‍കാളി ആരംഭിച്ച കര്‍ഷക ത്തൊഴിലാളി പണിമുടക്കിനെ സംബന്ധിച്ച തെറ്റിദ്ധാരണ നീക്കാനാണ് ഈ രണ്ട് കര്‍ഷകത്തൊഴിലാളി സമരങ്ങളെക്കുറിച്ചും ഇവിടെ പരാമര്‍ശം വേണ്ടിവന്നത്.

എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലബാറില്‍ നടന്ന ഭൂസമരങ്ങള്‍ കേരളത്തിലെ ജന്മിത്വ നാടുവാഴികള്‍ക്കെതിരെ അലയടിച്ച സമരങ്ങളല്ല ബ്രിട്ടീഷുകാര്‍ക്കെതിരെ ജന്മി മാടമ്പി കൂട്ടങ്ങള്‍ നടത്തിയ കലാപങ്ങളാണ് കാര്‍ഷിക സമരങ്ങളെന്ന ലേബല്‍ ഒട്ടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതൊന്നും യഥാര്‍ത്ഥ കര്‍ഷകത്തൊഴിലാളി സമരങ്ങളായിരുന്നില്ലെന്ന് അവയുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ അയിത്തജാതികുട്ടികളുടെ സ്‌കൂള്‍ പ്രവേശനം ഒരു കീറാമുട്ടിയായി പരിണമിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ സി.വി.രാമന്‍പിള്ളയുടെയും മള്ളൂര്‍ എസ്.ഗോവിന്ദപ്പിള്ളയുടെയും നേതൃത്വത്തില്‍ അന്നത്തെ ദിവാന്‍ വി.പി.മാധവറാവുവിനെ ചെന്നുകണ്ട് ഈ സവര്‍ണ നിവേദക സംഘം പിന്നോക്ക അയിത്ത വിഭാഗങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ ശ്രദ്ധിക്കാന്‍ ദിവാനെ ഉപദേശിക്കുകയുണ്ടായെന്ന് 1904-ജൂലായ് 29ന്റെ മദ്രാസ് മെയില്‍ പത്രത്തില്‍ റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചിരുന്നു.' 4 ഇതേകാലത്തു തന്നെയായിരുന്നു അയ്യന്‍കാളിയും സംഘവും വെങ്ങാനൂര്‍ പുതുവല്‍വിളാകത്ത് കുടിപള്ളിക്കൂടം നിര്‍മ്മിച്ചത്. പക്ഷെ സവര്‍ണ മാടമ്പിമാര്‍ അത് തീവച്ചു നശിപ്പിച്ചു. നിരവധി പ്രാവശ്യം നശിപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. സ്വന്തമായി ഒരു സ്‌കൂള്‍ സ്ഥാപിച്ച് അയിത്തജാതി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്താനോ, ഗവണ്‍മെന്റ് സ്‌കൂളുകളില്‍ കീഴാളകുട്ടികളെ പ്രവേശിപ്പിക്കാനോ സവര്‍ണര്‍ തയ്യാറാകാത്ത സന്ദര്‍ഭത്തിലാണ് കൃഷിപ്പണികള്‍ നിറുത്തിവച്ച് സമരം നടത്തുവാനുള്ള ഉള്‍പ്രേരണ അയ്യന്‍കാളിയില്‍ അങ്കുരിച്ചത്. തന്റെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ മേലില്‍ മേലളന്മാരായ നായന്മാര്‍ ഭക്ഷണവും കഴിക്കണ്ടെന്ന തീരുമാനത്തോടെയാണ് നെല്‍പ്പാടങ്ങളില്‍ നെല്‍കൃഷിക്കുപകരം മുട്ടിപ്പുല്ലുകിളിര്‍പ്പിക്കുമെന്ന് ധീരനായ അയ്യന്‍കാളി പ്രഖ്യാപിച്ചത്. 1904 സെപ്തംബറില്‍ പുലയ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള അയിത്ത ജാതിക്കാരെ കൃഷിപ്പണികള്‍ മുഴുവന്‍ നിറുത്തി വയ്ക്കാന്‍ വെങ്ങാനൂര്‍ ഏലായിലെ നെല്‍പ്പാടങ്ങളില്‍ എത്തി അയ്യന്‍കാളി ആവശ്യപ്പെടുകയും ആജ്ഞാപിക്കുകയും ചെയ്തു. അതോടെ കാര്‍ഷിക മേഖലകളിലെ പണികള്‍ ഒന്നാകെ സ്തംഭിച്ചു. വയലേലകളില്‍ നിന്നും കര്‍ഷകര്‍ ഒന്നൊഴിയാതെ മടങ്ങിപ്പോയി. ശൂന്യമായ നെല്‍പ്പാടങ്ങള്‍ മാത്രം അവശേഷിച്ചു.

പുലയര്‍ തുടങ്ങിയ തൊഴിലാളികള്‍ പാടത്തും പറമ്പത്തും പണിമുടക്കാരംഭിച്ചതോടെ തെക്കന്‍ തിരുവിതാംകൂറിലെങ്ങും ജന്മിമാരും അവരുടെ മാടമ്പി സംഘവും ചേര്‍ന്ന് കര്‍ഷകര്‍ക്കെതിരെ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു. മര്‍ദ്ദനത്തിന് മര്‍ദ്ദനം അതായിരുന്നു അയ്യന്‍കാളിയുടെ തത്വം. അതനുസരിച്ച് മാടമ്പിപ്പടയെ പലേടത്തും തിരിച്ചും മര്‍ദ്ദിച്ച സംഭവങ്ങളുണ്ടായി. സമ്പത്തും സാമ്പത്തികശേഷിയും ഏറെയുണ്ടായിരുന്ന മാടമ്പിമാരോട് മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്ന കര്‍ഷകര്‍ക്ക് അവരെ പ്പോലെ എതിര്‍ത്തു നില്‍ക്കാന്‍ അന്ന് കഴിയുമായിരുന്നില്ല. ആരോഗ്യകാര്യത്തിലും ജന്മിമാര്‍ മുന്നിലായിരുന്നു. നേരം പുലരും മുന്‍പേ പഴംകഞ്ഞിയും കുടിച്ച് നെല്‍പ്പാ ടത്തും പറമ്പിലും ജോലിക്കെത്തുന്ന കീഴാളരെ നേരം അന്തിയാവോളം ജോലിചെ യ്യിക്കുന്ന വ്യവസ്ഥിതിയില്‍ ദിവസം മുഴുവനായി വിശ്രമരഹിതമായി ജോലിചെയ്ത് ക്ഷീണിച്ച് പേക്കോലമായ അവര്‍ക്ക് ഉണ്ടുറങ്ങി സുഖിച്ച് ഭോഗിച്ചു കഴിയുന്ന തമ്പ്രാക്കന്മാരോട് എങ്ങിനെയാണ് എതിരിട്ടു നില്ക്കാന്‍ കഴിയുക. ജന്മിമാര്‍ മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചതോടെ കാര്‍ഷികരംഗമാകെ വഷളായി. എന്തുതന്നെ സംഭവിച്ചാലും ഞങ്ങടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കാതെ സമരത്തില്‍ നിന്നും പിന്തിരിയുന്ന പ്രശ്‌നമില്ലെന്ന് ഉശിരോടെ അയ്യന്‍കാളിയും പ്രഖ്യാപിച്ചു. അയ്യന്‍കാ ളിപ്പടയും കര്‍ഷക കുടികളിലെത്തി അവര്‍ക്ക് വീര്യം പകര്‍ന്നു. ഒന്നുകൊണ്ടും സമരത്തില്‍ നിന്നും പിന്മാറരുതെന്നും പണിമുടക്കു സമരം ജീവന്‍ കൊടുത്തായാലും വിജയിപ്പിക്കണമെന്ന് ഉത്‌ബോധിപ്പിച്ചു. വിദ്യാലയ പ്രവേശനം ഉറപ്പുവരുത്താതെ സമര രംഗത്തുനിന്നും നിഷ്‌ക്രമിക്കാന്‍ പാടില്ലെന്ന അയ്യന്‍കാളിയുടെ നിര്‍ദ്ദേശത്തെ പട്ടിണിയിലാണ്ട കര്‍ഷകത്തൊഴിലാളികള്‍ സര്‍വ്വാത്മന സ്വീകരിക്കുകയും അവര്‍ക്കത് പുത്തന്‍ ഉണര്‍വേകുകയും ചെയ്തു. കണ്ടല, പള്ളിച്ചല്‍, മടവൂര്‍പാറ, ബാലരാമപുരം, വെങ്ങാനൂര്‍, വിഴിഞ്ഞം, പാച്ചല്ലൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍ കൃഷിയിറക്കാതെ തരിശായിക്കിടന്നു. ദാരിദ്ര്യവും, രോഗവും, പട്ടിണിയും കര്‍ഷകത്തൊഴിലാളികുടുംബങ്ങളെ കാര്‍ന്നുതിന്നുവെങ്കിലും സമരമാര്‍ഗ്ഗത്തില്‍ നിന്നും അവര്‍ വ്യതിചലിച്ചില്ല. യഥാര്‍ത്ഥത്തില്‍ നെല്‍പ്പാടങ്ങളില്‍ 'മുട്ടിപ്പുല്ലു' കിളിര്‍ത്തു തുടങ്ങി. അയ്യന്‍കാളി സമരാരംഭത്തിനു മുന്‍പു പ്രഖ്യാപിച്ച കാണായവയലെല്ലാം 'മുട്ടിപ്പുല്ലു' കിളിര്‍ത്തു തുടങ്ങി. ഈ സന്ദര്‍ഭത്തിലാണ് മുട്ടിപ്പുല്ലിനെക്കുറിച്ച് വി.കെ.നാരായണന്‍ ഗ്രന്ഥലോകത്തില്‍ എഴുതിയ 'അയ്യന്‍കാളി ആവിഷ്‌ക്കരിച്ച നവോത്ഥാന ഉപകരണങ്ങള്‍' എന്ന സംഘ സംവാദ ലേഖനത്തില്‍ ഇങ്ങനെ വിവരിക്കുന്നത്: 'മുട്ടിപ്പുല്ല് എന്നത് നവോത്ഥാന ചരിത്രത്തില്‍ അയ്യന്‍കാളിയുടെ സംഭാവനയായ ഒരു ഉപകരണം ആണ്- വാങ്മയ ഉപകരണം. അക്ഷരം പഠിക്കാന്‍ അയിത്ത ജാതിക്കാര്‍ സ്വന്തമായി കെട്ടിയുണ്ടാക്കിയ സ്‌കൂള്‍ തീവയ്ക്കപ്പെടുന്നു. അവര്‍ണര്‍ സാക്ഷരരായാല്‍ പാടത്തെ പണിക്ക് ആളുകളെ കിട്ടാതാകുമെന്നായിരുന്നു വരേണ്യരുടെ ചിന്ത. അവരങ്ങനെ അവര്‍ണര്‍ക്കു നേരെ പള്ളിക്കൂടം മുടക്ക് പ്രയോഗിച്ചപ്പോള്‍ അയ്യന്‍കാളി പ്രഖ്യാപിച്ചു: 'പഠിക്കാന്‍ എന്റെ കുഞ്ഞുങ്ങളെ സമ്മതിച്ചില്ലെങ്കില്‍ ഇക്കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു കുരുപ്പിക്കും' പണിമുടക്ക് എന്നോ സംഘടിത തൊഴിലാളി പ്രസ്ഥാനം എന്നോ കേട്ടുകേള്‍വി പോലുമില്ലാതിരുന്നു അന്ന്, അക്ഷരം മുട്ടിക്കുന്നവര്‍ക്കുനേരെ മുട്ടിപ്പുല്ലു നീട്ടിക്കാട്ടി ആരംഭിച്ച കര്‍ഷകത്തൊ ഴിലാളി പണിമുടക്ക് മൂന്നാണ്ടു നീണ്ടുനിന്നു. 5

നെല്‍പ്പാടങ്ങളില്‍ മുട്ടിപ്പുല്ലു കിളിര്‍ക്കുകയും പറമ്പുകളില്‍ വെട്ടും കിളയലുമില്ലാതെ കാടും പടലും കയറിക്കിടന്നു. അയ്യന്‍കാളിയും അനുചരണസംഘവും അടങ്ങി ഒതുങ്ങിയിരുന്നില്ല. വില്ലുവണ്ടിയില്‍ സമരമേഖലകളിലെത്തി പട്ടിണിയും ദുരിതവും പേറുന്ന തന്റെ ജനങ്ങളെകണ്ടു അവരെ സമാശ്വസിപ്പിച്ചു. ദുരിതത്തിന് ആശ്വാസമേകാന്‍ വിഴിഞ്ഞത്തും വലിയതുറയുമെത്തി മത്സ്യത്തൊഴിലാളിയെ കണ്ട് സംഭാഷണം നടത്തി കര്‍ഷകത്തൊഴിലാളികളെ കൂടി മത്സ്യബന്ധനത്തിന് കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങിനെ മുക്കുവര്‍ അയ്യന്‍കാളിയെ സഹായിക്കാന്‍ തയ്യാറായി. അവര്‍ കര്‍ഷകരെ മത്സ്യബന്ധനത്തിനു കൂടെ കൂട്ടി. തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കുമെല്ലാം തെല്ലൊരു ആശ്വാസം അങ്ങിനെ ലഭിച്ചു. പണിമുടക്കു സമരം പന്തിയല്ലെന്നു മനസ്സിലാക്കിയ ഭരണകൂടം പ്രശ്‌നപരിഹാരത്തിന് എന്തു ചെയ്യണമെന്ന് ആലോചനകള്‍ ആരംഭിച്ചു. ഈ കാലത്താണ് മഹാകവി കുമാരനാശാന്റെയും, ശ്രീനാരായണഗുരുവിന്റെയും നേതൃത്വത്തില്‍ അരുവിപ്പുറം കേന്ദ്രമാക്കി ശ്രീനാരായണപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ചത്. ഇത് കീഴാള ജനതയുടെ സംഘടനാ രംഗത്തെ വന്‍ കുതിപ്പായി കണക്കാക്കുന്നു. 1904-ല്‍ തന്നെയായിരുന്നു ശ്രീനാരായണ പരിപാലനയോഗത്തിന്റെ സ്ഥാപനവും നടന്നത്. ഇതോടെ പുലയര്‍ തുടങ്ങിയ അയിത്ത ജാതിക്കാരിലും സ്വയം സംഘടിക്കേണ്ട ആവശ്യം ഉരുത്തിരിഞ്ഞുവെങ്കിലും കാര്‍ഷിക സമരം നടക്കുന്ന പശ്ചാത്തലത്തില്‍ അയ്യന്‍കാളി തല്‍ക്കാലം അതിനു മുതിര്‍ന്നില്ല. അപ്പോഴേയ്ക്കും വി.പി.മാധവറാവു തിരുവിതാംകൂറില്‍ ദിവാനായി നിയമിതനായി. അദ്ദേഹം ചാര്‍ജ്ജെടുത്ത ഉടനെ 1905-ല്‍ പല സര്‍ക്കാര്‍ സ്‌കൂളുകളും ഈഴവ കുട്ടികള്‍ക്കായി തുറന്നു കൊടുത്തു. എന്നാല്‍ ദിവാന്റെ ഈ നടപടി സവര്‍ണര്‍ക്ക് അശേഷം രസിച്ചില്ല. സവര്‍ണര്‍ പ്രത്യേകിച്ചും നായന്മാര്‍ ഈഴവ കുട്ടികളുടെ വിദ്യാലയ പ്രവേശനത്തെ ബലംപ്രയോഗിച്ച് തടയാന്‍ ശ്രമിച്ചത് തിരുവിതാംകൂറിലെങ്ങും നായരീഴവ സംഘട്ടനങ്ങള്‍ക്ക് വഴിയൊരുക്കി. അതെ സമയം തെക്കന്‍ തിരുവിതാംകൂറിലെങ്ങും അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്നുവന്ന കര്‍ഷകത്തൊഴിലാളി പണിമുടക്കു സമരവും അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇത് കണക്കിലെടുത്ത് 1906-ല്‍ പുലയര്‍ക്ക് വേണമെങ്കില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ച് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ അറിയിപ്പിനെത്തുടര്‍ന്ന് പുതുവല്‍വിളാകത്തെ കുടിപള്ളിക്കൂടം വലിയ സ്‌കൂളാക്കി മാറ്റുകയും കൈതമുക്കു സ്വദേശിയായ പരമേശ്വരന്‍പിള്ളയെന്ന സവര്‍ണദ്ധ്യാപകനെ അയ്യന്‍കാളി പള്ളിക്കൂടത്തില്‍ അദ്ധ്യാപകനായി നിയമിക്കുകയും ചെയ്തു. അദ്ദേഹം അവര്‍ണ കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറായി എത്തിയെങ്കിലും സവര്‍ണര്‍ വീണ്ടും കലാപത്തിനൊരുങ്ങി. പക്ഷെ പരമേശ്വരന്‍പിള്ളപിടിച്ചുനിന്നു. കാര്‍ഷികപണിമുടക്കു സമരം നടക്കുന്നതിനാല്‍ സവര്‍ണര്‍ കലാപത്തില്‍ നിന്നും സാവകാശം ഒഴിഞ്ഞുമാറുകയായിരുന്നു.

പട്ടിണിയും രോഗവുംകൊണ്ട് കര്‍ഷത്തൊഴിലാളി കുടുംബങ്ങള്‍ ഏറെ കഷ്ടപ്പെട്ടു വെങ്കിലും അന്തിമ വിജയം തങ്ങള്‍ക്കാണെന്ന ഉറച്ചവിശ്വാസത്തോടെ അവര്‍ സമരത്തില്‍ ഉറച്ചുനിന്നു. ഈ സന്ദര്‍ഭത്തില്‍ ജന്മിമാര്‍ പുത്തലത്തു കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും 12 നായന്മാരെ വെങ്ങാനൂരിലെ പാടശേഖരത്തില്‍ നിലംപൂട്ടാനും മരമടിക്കാനും ഞാറുനടാനും നിയോഗിച്ചു. പക്ഷെ നായന്മാര്‍ക്ക് ശീലമില്ലാത്ത പണിയായതുകൊണ്ട് അവര്‍ പാടത്തു നിന്നും കരയ്ക്കു കയറിയതോടെ ജന്മിമാരുടെ ആ ശ്രമവും പാളിപ്പോയി. സംഘടിതമായ ഈ കര്‍ഷകത്തൊഴിലാളി പണുമുടക്കുസമരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനൊരുങ്ങി. ദിവാന്‍ വി.പി.മാധവറാവു അന്നത്തെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടായ കണ്ടളനാഗം പിള്ളയെ നിയോഗിച്ചു. നാഗന്‍പിള്ള സവര്‍ണരുമായും അയ്യന്‍കാളിയുമായി കൂടി ആലോചിക്കുകയും നായന്മാരായ ജന്മിമാരുടെ മ്ലേച്ഛമായ നിലപാടിനെ എതിര്‍ക്കുകയും അയിത്ത ജാതികുട്ടികളുടെ വിദ്യാലയപ്രവേശനം അവരുടെ സഞ്ചാര സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുകയും ചെയ്തതോടെ ഏകദേശം മൂന്നു വര്‍ഷത്തോളം നീണ്ടുനിന്ന അയ്യന്‍കാളിയുടെ ഐതിഹാസികമായ കാര്‍ഷിക പണിമുടക്കു സമരം 1907-ല്‍ അവസാനിച്ചു. അതോടെ മുട്ടിപ്പുല്ല് കിളിര്‍ത്ത തരിശായ നെല്‍പ്പാടങ്ങള്‍ സജീവങ്ങളായി. കാര്‍ഷികപ്പണികള്‍ കൊണ്ട് വയലേലകള്‍ ശബ്ദമുഖരിതമായി. കാറല്‍മാര്‍ക്‌സിന്റെയും എംഗല്‍സി ന്റെയും പ്രത്യേകയശാസ്ത്രമായ കമ്മ്യൂണിസം കേരളത്തില്‍ കടന്നുവരുന്നതിന് മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പാണ് അയ്യന്‍കാളിയെന്ന നിരക്ഷരന്‍ തെക്കന്‍ തിരുവിതാംകൂറിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയ കര്‍ഷകത്തൊഴിലാളി പണിമുടക്കു സമരത്തിന് ആഹ്വാനം നടത്തിയതെന്ന പ്രത്യേകതയും ഇതിനുണ്ട്. മാത്രമല്ല ഇവിടത്തെ ജന്മിത്വത്തെ പരിഭ്രാന്തിയില്‍ ആഴ്ത്തുകയും ഭക്ഷ്യോല്പാദന പ്രക്രിയയെ കീഴ്‌മേല്‍ മറിക്കുകയും ചെയ്ത ഒന്നായിരുന്നു ഈ കര്‍ഷകത്തൊഴിലാളി പണിമുടക്കെന്നത് ഇന്ത്യാചരിത്രത്തിലെ മഹത്തായ സംഭവമായി എക്കാലവും വാഴ്ത്തപ്പെടുകയും ചെയ്യുന്നു. പക്ഷെ പില്‍ക്കാലത്ത് ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റുകാരന്‍ ഇത്തരമൊരു സമരം നടന്നതായി പോലും നടിച്ചില്ല. കാരണം ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനേ അയ്യന്‍കാളിയെന്ന വിപ്ലവകാരിയെ അംഗീകരിക്കാന്‍ കഴിയൂ. ഈ കാര്‍ഷിക പണിമുടക്ക് അവസാനിപ്പിച്ചു കൊണ്ട് കണ്ടലനാഗന്‍ പിള്ളയുടെ നേതൃത്വത്തിലുണ്ടാക്കിയ എഗ്രിമെന്റ് വ്യവസ്ഥകള്‍ പ്രകാരമാണ് പുലയര്‍ തുടങ്ങിയവര്‍ക്ക് 1907-ല്‍ സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ദിവാന്‍ എസ്.രാജഗോപാലാചാരിയാണ് ഈ ഉത്തരവിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിവാന്‍ പദം രാജിവച്ച് ഒഴിയുന്നതിന് ഒരുമാസം മുന്‍പ് ജൂണ്‍മാസ ത്തിലായിരുന്നു ഈ ഉത്തരവു പുറത്തു വന്നതെങ്കിലും സവര്‍ണ ഉദ്യോഗസ്ഥന്മാര്‍ ഈ ഉത്തരവ് പൂഴ്ത്തിവയ്ക്കുകയായിരുന്നു ചെയ്തത്.

ഈ സന്ദര്‍ഭത്തില്‍ അയിത്ത ജാതിക്കാരുടെ സാമൂഹ്യ അവശത മുതലെടുത്ത് ക്രിസ്ത്യന്‍ സംഘം വ്യാപകമായി മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരുന്നു. ലണ്ടന്‍ മിഷന്‍ സൊസൈറ്റി, രക്ഷാസൈന്യമെന്ന സാല്‍വേഷന്‍ ആര്‍മി, പൊന്തക്കോസ്തുമിഷന്‍ സംഘങ്ങള്‍ എന്നിവര്‍ തെക്കന്‍ തിരുവിതാംകൂറിലുടനീളം ചില ആനുകൂല്യങ്ങള്‍ നല്‍കി കീഴാളവിഭാഗങ്ങളില്‍പ്പെട്ട പുലയര്‍, പറയര്‍, കൊറവര്‍, ഈഴവര്‍, നാടാര്‍ തുടങ്ങിയവരെ വ്യാപകമായിക്രിസ്ത്യാനി മതത്തില്‍ ചേര്‍ത്തിരുന്നത് അയ്യന്‍കാളിയെ വല്ലാതെ ക്ഷോഭിപ്പിച്ചു. അയ്യന്‍കാളി ജനിക്കും മുന്‍പുതന്നെ വിദേശമിഷനറി പ്രവര്‍ത്തകര്‍ കേരളത്തിലുടനീളം മതപരിവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. നസ്രാണികള്‍, മാര്‍ത്തോമക്കാര്‍, സുറിയാനികള്‍ തുടങ്ങിയ വിദേശ മിഷനറികൂട്ടങ്ങള്‍ കാല്‍കടന്ന് കേരളതീരത്തെത്തും മുന്‍പേ ഇവിടെ ഉണ്ടായിരുന്ന സവര്‍ണ ക്രിസത്യാനികളാണ്. സവര്‍ണരില്‍ നിന്നും സ്വര്‍ഗ്ഗരാജ്യം പിടിച്ചെടുക്കാന്‍ മാര്‍ഗ്ഗംകൂടിയവരെന്നാണ് ഇവരെക്കുറിച്ച് പറയുന്നത്. ഇവര്‍ മുന്തിയ ക്രിസ്ത്യാനികളും സവര്‍ണരെക്കാള്‍ അയിത്തം അവര്‍ണര്‍ക്ക് കല്പിക്കുന്നവരുമാണ്. ഇത്തരം വൃത്തികെട്ട മനുഷ്യജന്മങ്ങളെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളമെന്ന കൊച്ചുരാജ്യം പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ വിദേശമിഷനറിമാര്‍ക്കും സ്വദേശിമിഷനറിമാര്‍ക്കും മതപരിവര്‍ത്തനം മുതല്‍ മനഃപ്പരിവര്‍ത്തനം വരെ നടത്താന്‍ കഴിയുന്ന വളക്കൂറുണ്ടായിരുന്ന പുത്തന്‍മണ്ണായിരുന്നു. ഈ മണ്ണില്‍ ചവിട്ടി നിന്നു കൊണ്ടായിരുന്നു അയ്യന്‍കാളി സവര്‍ണജന്മങ്ങളോട് സന്ധിയില്ലാതെ പോരാടിയത്. ക്രൈസ്തവ സംഘങ്ങള്‍ അവര്‍ണര്‍ക്ക് സ്‌കൂള്‍ പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രധാരണ സ്വാതന്ത്ര്യം എന്നിവ നല്‍കിക്കൊണ്ടാണ് കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയത്. വ്യാപകമായ ഈ മതപരിവര്‍ത്തനത്തിനു കാരണം ഇവിടത്തെ സവര്‍ണ-ജന്മിനാടുവാഴിത്ത ജന്മങ്ങള്‍ കാട്ടിയ ദുരാചാരങ്ങളാണ്. മനുഷ്യനെ മനുഷ്യനായി കാണാതെ അറവുമാടുകളെയെ ന്നോണമാണ് സവര്‍ണര്‍ അവര്‍ണരോടു പെരുമാറിയത്. കേരളത്തിലെ മതപരിവര്‍ത്തനത്തിന്റെ പ്രധാന കാരണം സവര്‍ണ മേധാവിത്വവും ജന്മിവാഴ്ച യുമാണ്.

ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ തത്തമംഗലം പുത്തന്‍വീട്ടില്‍ രാമനാഥമേനോന്‍ എന്ന സദാനന്ദസ്വാമികള്‍ മതപരിവര്‍ത്തനം തടയുവാന്‍ വേണ്ടിയുള്ള മറുമരുന്നുമായി തിരുവനന്തപുരത്തെത്തിയത്. മതത്തെ മതം കൊണ്ടുതന്നെ നേരിടാനായിരുന്നു സദാനന്ദസ്വാമികളുടെ പദ്ധതി. മണക്കാട്ടെത്തിയ അദ്ദേഹം 'ബ്രഹ്മനിഷ്ഠാമഠം' സ്ഥാപിച്ച് ചിത് സമ്മേളനങ്ങള്‍ നടത്തി വന്നു. ഇതിനിടെ അയ്യന്‍കാളിയുടെ മാതാവ് മാലയുടെ സഹോദരിയും കുടുംബവും ജാതിയ ഉച്ചനീചത്വങ്ങളിലും അനാചാരങ്ങളിലും നിന്നും രക്ഷപ്പെടുവാന്‍ ക്രിസ്തുമതം സ്വീകരിച്ചു. സഹോദരി മകനായ തോമസ് വാദ്യാര്‍ രക്ഷാ സൈന്യത്തിന്റെ ചുമന്ന കോട്ടും ധരിച്ച് സദാനന്ദസ്വാമികളുടെ പ്രസംഗം സ്രവിച്ചു. വിവരം അയ്യന്‍കാളിയേയും അറിയിച്ചു. ഒടുവില്‍ അയ്യന്‍കാളിയും സംഘവും കിഴക്കേക്കോട്ടയുടെ മുന്‍വശത്തെ വിശാലമായ വയല്‍വരമ്പിലെത്തി മാറിനിന്ന് സ്വാമികളുടെ പ്രസംഗം കേട്ടു. അതോടെ സദാനന്ദസ്വാമികളുടെ ആരാധകനായി അയ്യന്‍കാളി മാറി. തിരുവനന്തപുരത്ത് കവടിയാറില്‍ വിപുലമായ ഒരു ഹൈന്ദവസമ്മേളനം നടന്നു. മുഖ്യ പ്രഭാഷകന്‍ സദാനന്ദസ്വാമികളായിരുന്നു. ഈ സമ്മേളനത്തില്‍ തോമസ് വാദ്യാര്‍ വേഷപ്രഛ ന്നനായി എത്തി ഏഴുദിവസവും പ്രഭാഷണം കേട്ടു. ഹിന്ദു-ക്രിസ്ത്യന്‍ ദുരിതങ്ങളെക്കുറിച്ച് തോമസ് വാദ്യാര്‍ ഒരു നിവേദനം സ്വാമിജിക്കു കൊടുക്കുകയും വെങ്ങാനൂരിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. സ്വാമിജി സന്തോഷപൂര്‍വ്വം ആ ക്ഷണം സ്വീകരിച്ചു.

വെങ്ങാനൂരിലെത്തിയ സദാനന്ദസ്വാമികള്‍ പുലയരുടെ ഒരു യോഗം പാച്ചല്ലൂരിനു സമീപം അയ്യന്‍കാളിയുടെ സഹായത്തോടെ വിളിച്ചുചേര്‍ത്തു. ഇതിനകം പുലയരുടെ നേതാവായി അംഗീകാരം പിടിച്ചുപറ്റിയ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ അവിടെവച്ച് സ്വാമികളുടെ ബ്രഹ്മനിഷ്ഠാമഠത്തിന്റെ ഒരു ചിത് സഭ രൂപീകരിച്ചു. തുടര്‍ന്ന് അവര്‍ണരുടെ മതപരിവര്‍ത്തനത്തിന്റെ ഉഗ്രത നേരില്‍ കണ്ട് ബോദ്ധ്യപ്പെടുന്നതിനായി സദാനന്ദസ്വാമികളും അയ്യന്‍കാളിയും തിരുവിതാംകൂറിലെ നിരവധി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ബോദ്ധ്യപ്പെട്ടു. സാമൂഹ്യ പ്രതിബദ്ധയെ ഒരു ജനതയില്‍ നിന്നും ഇല്ലായ്മ ചെയ്യുന്ന ഈ മതപരിവര്‍ത്തനം ഉയര്‍ത്തുന്ന സ്ഥിതിവിശേഷം നാടുവാഴുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെ കണ്ട് ഉണര്‍ത്തിക്കാന്‍ സ്വാമിജി തയ്യാറെടുത്തു. മറ്റൊരു വസ്തുത കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതായിട്ടുണ്ട്. തിരുവിതാംകൂറിലെത്തിയ വിദേശ ക്രിസ്ത്യന്‍മിഷനറി കൂട്ടങ്ങള്‍ക്ക് പള്ളിപണിയാനും, സ്‌കൂളുകള്‍ കെട്ടാനുമുള്ള സ്ഥലവും സാമ്പത്തിക സഹായവും നല്‍കി പ്രോത്സാഹിപ്പിച്ചത് തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരായി രുന്നുവെന്ന വസ്തുത കൂടി കണക്കിലെടുക്കണം. ഒരര്‍ത്ഥത്തില്‍ കീഴാള ജനങ്ങളെ മതപരിവര്‍ത്തനത്തിന് വിദേശ മിഷനറിമാര്‍ക്കു മുന്‍പില്‍ എറിഞ്ഞു കൊടുത്തതും അവര്‍ക്കതിനുവേണ്ട ഒത്താശചെയ്തുകൊടുത്തതും തിരുവിതാംകൂര്‍ ഭരിച്ചിരുന്ന പൊന്നുതമ്പുരാക്കന്മാരാണ്. പിന്നെ അവര്‍ണരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞിട്ടെന്താണ് കാര്യം. പക്ഷെ അയിത്തംതുടങ്ങിയ അനാചാരങ്ങള്‍ അനുഭവിക്കുന്ന ആ കറുത്ത ജനതയെ ഒരു നോക്കെങ്കിലും കാണാന്‍ ഈ മഹാരാജാക്കന്മാര്‍ ആരും തന്നെ തയ്യാറായിരുന്നില്ല. അവസാന ചേരരാജാവിന്റെ ചിത്രം രഹസ്യമാക്കി വച്ച് പൂജിക്കുന്ന രാജാക്കന്മാര്‍ പോലും അതിനു തയ്യാറായതായി രേഖകളില്ല. ശ്രീ പത്മനാഭനെ സാക്ഷിനിറുത്തി പ്രജാക്ഷേമ തല്പരരരായി രാജ്യസേവനം നടത്തുന്ന രാജാക്കന്മാര്‍ നാട്ടിലെ പ്രജകളായ കീഴാള വിഭാഗത്തെ തൃക്കണ്‍പാര്‍ക്കാത്തത് ശ്രീപത്മനാഭനോട് കാട്ടിയിരുന്ന ലംഘനമായിരുന്നു. അരിയിട്ടുവാഴ്ചയും ഹിരണ്യഗര്‍ഭവും നടത്തിയവര്‍ കീഴാള വിഭാഗത്തെ എന്നും മ്ലേച്ഛരായിട്ടാണ് കണ്ടിരുന്നത്.

ഒരിക്കല്‍ ഒരു പൂജയെടുപ്പു ദിവസം അയ്യന്‍കാളിയും സംഘവും പൂജപ്പുരയിലേക്കുള്ള ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ എഴുന്നള്ളത്ത് കാണാന്‍ വെങ്ങാനൂരില്‍ നിന്നും ജാഥയായി പുറപ്പെട്ടു വന്നു. മുന്നില്‍ വന്ന ഒരാള്‍ തലയില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഒരു വലിയ പടം വച്ചിരുന്നു. മഹാരാജാവിന്റെ പടം മുന്നിലുള്ളതുകൊണ്ട് സവര്‍ണര്‍ ജാഥയെ ആക്രമിക്കുകയില്ലെന്ന് സദാനന്ദസ്വാമികള്‍ പറഞ്ഞതനുസരിച്ചാണ് അങ്ങിനെ വന്നത്. രാജാവിന്റെ ചിത്രത്തെ ആക്രമിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമായി തീരുമായിരുന്നു. ജാഥയെ പല സ്ഥലത്തുവച്ചും സവര്‍ണര്‍ കല്ലേറു നടത്തിയിരുന്നു. ജാഥക്കാര്‍ പ്രകോപനം സൃഷ്ടിക്കാതെ കിഴക്കേക്കോട്ടയില്‍ എത്തിച്ചേര്‍ന്നു. ഈ ജാഥയില്‍ സദാനന്ദസ്വാമികളുടെ സംഘത്തില്‍പ്പെട്ട ചില അനുചരുമുണ്ടായിരുന്നു. ജാഥാംഗങ്ങള്‍ കുറച്ചകലെ മാറി പെരുമാട്ടുകാളി പുലയിക്ക് ആയ് രാജാവ് മഹേന്ദ്രന്‍വര്‍മ്മന്‍ ഒന്നാമന്‍ ഇഷ്ടദാനം നല്‍കിയ പുത്തരിക്കണ്ട ത്തിന്റെ ഒരു വരമ്പ് കോട്ടവാതിലിനുമുന്നില്‍ വന്നു കയറുന്നുണ്ട്. ആ വയല്‍ വരമ്പില്‍ ജാഥാംഗങ്ങള്‍ അയ്യന്‍കാളിക്കൊപ്പം നിലയുറപ്പിച്ചു നിന്നു.
 ശ്രീപത്മനാഭസ്വാമി ക്ഷേത്രമുറ്റത്തു നിന്നും രാജാവിന്റെ എഴുന്നെള്ളത്ത് പൂജപ്പുരയ്ക്കു പറപ്പെട്ടു. ആറ് വെള്ളക്കുതിരകളെ പൂട്ടിയ ആ സ്വര്‍ണ്ണരഥത്തില്‍ എല്ലാ രാജകീയ പ്രൗഡിയോടും കൂടി ശ്രീമൂലം തിരുനാള്‍ എഴുന്നെള്ളി അയ്യന്‍കാളിയും അയിത്ത ജാതിക്കാരായ കറുത്ത മനുഷ്യരും ശ്രീമൂലം തിരുനാളിനെ കണ്‍കുളിര്‍ക്കെ കണ്ടു. മഹാരാജനും അന്നാദ്യമായി വയല്‍ വരമ്പില്‍ നിന്നിരുന്ന കറുത്തവരായ ഏഴജാതികളേയും തൃക്കണ്‍ പാര്‍ത്തു. ഈ കൂടിക്കാഴ്ചയെ സംബന്ധിച്ച് പണ്ടുള്ളവര്‍ പാടിപ്പതിഞ്ഞ ഒരു വരി ഗാനം ഈ ലേഖകന്റെ ഓര്‍മ്മയില്‍ നിന്നും ഇവിടെ പകര്‍ത്താം.

'പുത്തരിക്കണ്ടത്തിന്റെ കിഴക്കേ വരമ്പില്‍ നിന്ന്-
അര്‍ദ്ധരാപതിമൂലംതിരുമേനിയെ കണ്ടു....'

വയല്‍ വരമ്പില്‍ നിന്നും കരയ്ക്കു കയറി അയ്യന്‍കാളിയും സംഘവും കോട്ടവാതിലിനു സമീപമെത്തുമ്പോള്‍ താടിനീട്ടി വളര്‍ത്തിയ കറുത്ത നിറമാര്‍ന്ന വൈശ്യവത്തായ ഒരു സ്വാമിജിയെ കണ്ടു. അത് മറ്റാരുമായിരുന്നില്ല ചട്ടമ്പിസ്വാമികള്‍ക്കും, ശ്രീനാരായണ ഗുരുവിനും സന്യാസം പകര്‍ന്നു കൊടുത്ത സാക്ഷാല്‍ അയ്യാഗുരുവായിരുന്നു. അയ്യാഗുരുവിനെ കണ്ടമാത്രയില്‍ അയ്യന്‍കാളി തൊഴുതു.

'കാളീ, ഉനക്കു സൗഖ്യം താനയ്യാ?'
'താനേ സ്വാമീ'
'ഉന്നുടൈയ ഫോട്ടോ രാജാക്കന്മാര്‍ വയ്ക്കപോറ
ഉനക്ക് പ്രജാസഭയിലും പോകലാമേ...'

അയ്യാസ്വാമിയുടെ ആരാധകനായിരുന്ന അയ്യന്‍കാളിയുടെ ആ സുഹൃത് ബന്ധം സ്വാമികളുടെ മരണം വരെ നീണ്ടുനിന്നു. അയ്യാസ്വാമി തൈയ്ക്കാട് നടത്തിയ പന്തി ഭോജങ്ങളില്‍ അയ്യന്‍കാളി സംബന്ധിച്ചിരുന്നു. പാണ്ടിപ്പറയസമുദായക്കാരനായ അയ്യാസ്വാമിയുടെ ആ പ്രവചനങ്ങള്‍ പില്‍ക്കാലത്ത് അയ്യന്‍കാളിയുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായി ഭവിച്ചതായി കാണാം. അയ്യന്‍കാളി പ്രജാസഭയില്‍ മെമ്പറാവുകയും മരണശേഷം മാവേലിക്കരയിലും വെങ്ങാനൂരില്‍ ചിത്രകൂടത്തിലും ശ്രീ ചിത്തിരതിരു നാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് അയ്യന്‍കാളി സ്മാരകങ്ങളും ഫോട്ടോകളും ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. പക്ഷെ വെള്ളയമ്പലം സ്‌ക്വയറില്‍ അയ്യന്‍കാളി പ്രതിമ സ്ഥാപിച്ച ശേഷം അതെ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് മരണം വരെ വെള്ളയമ്പലം വഴിയാത്ര ചെയ്തിട്ടില്ല. കാരണം ഇന്നും അജ്ഞാതമാണ്.

അയ്യന്‍കാളിയും ജാഥാംഗങ്ങളും വെങ്ങാനൂരിലേയ്ക്ക് മടക്കയാത്ര ആരംഭിച്ചു. മണക്കാട് ജംഗ്ഷനില്‍ വച്ച് അവിടെ സംഘടിതരായി നിന്ന സവര്‍ണ വെറിയന്മാര്‍ അയ്യന്‍കാളി യുടെയും സംഘത്തിന്റെയും നേരെ ചാടി വീണു അടിതുടങ്ങി. അയ്യന്‍കാളിയും സന്നദ്ധസംഘവും കരുതി തന്നെയാണ് വന്നതും. ഒടുവില്‍ പൊരിഞ്ഞ സംഘട്ടനം നടന്നു. സംഭവശേഷം നേരെ പോകുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കുകാരണമാവുമെന്ന് കരുതി അയ്യന്‍കാളിയും സന്നദ്ധ സംഘവും വലിയതുറ കടപ്പുറത്തെത്തി മുക്കുവരുടെ സഹായത്തോടെ ചാളത്തടിയില്‍ വിഴിഞ്ഞത്തെത്തി വീടുകളിലേയ്ക്കു മടങ്ങിപ്പോയി.

സഹായഗ്രന്ഥങ്ങള്‍:

1. 'കേരള ചരിത്രത്തിലെ വിസ്മൃതാദ്ധ്യായങ്ങള്‍' - അടൂര്‍ രാമചന്ദ്രന്‍ നായര്‍ പേജ് 120
2. 'കേരള ചരിത്രത്തിലെ വിസ്മൃതാദ്ധ്യായങ്ങള്‍' - അടൂര്‍ രാമചന്ദ്രന്‍ നായര്‍ പേജ് 118
3. 'കേരള ചരിത്രത്തിലെ വിസ്മൃതാദ്ധ്യായങ്ങള്‍' - അടൂര്‍ രാമചന്ദ്രന്‍ നായര്‍ പേജ് 125
4. മദ്രാസ് മെയില്‍ (1904 ജൂലായ് 29)
5. അയ്യന്‍കാളി ആവിഷ്‌ക്കരിച്ച നവോത്ഥാന ഉപകരണങ്ങള്‍- വി.കെ.നാരായണന്‍-ഗ്രന്ഥലോകം 2003 ഏപ്രില്‍-പേജ് 67, 68.