"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ചാങ്ദിയോ ഭാവന്‍ റാവു ഖൈര്‍മോദ്: ജീവിതം അംബേഡ്കറുടെ ആത്മകഥക്ക് സമര്‍പിതം


ഭരണഘടനാശില്പിയായ ഡോ. അംബേഡ്കറുടെ ജീവചരിത്രം അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ തയ്യാറാക്കിയ മറാത്തി എഴുത്തുകാരനാണ് ചാങ്ദിയോ ഭാവന്‍ റാവു ഖൈര്‍മോദ്. ചിന്തോദ്ദീപകങ്ങളായ മറ്റ് ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുള്ള ചാങ്ദിയോയുടെ ഏറ്റവും മികച്ച സൃഷ്ടിയായി ഈ ജീവചരിത്രകൃതി വിലയിരു ത്തപ്പെടുന്നു. അംബേഡ്കറുടെ ജീവിതകാലത്ത് അദ്ദേഹവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് രചന നിര്‍വഹിക്കപ്പെട്ട ഈ കൃതി ജീവചരിത്രം എന്നതിനേക്കാള്‍ ഉപരി 'ആത്മകഥ' എന്ന നിലയിലാണ് വിശേഷിപ്പിച്ചതും പ്രസിദ്ധപ്പെടുത്തിയതും. 15 വാല്യങ്ങളിലായി 'ഡോ. ഭീംറാവു റാംജി അംബേഡ്കര്‍ ചരിത' (Autobiography of Dr. Bhimrao Ramji Ambedkar) എന്ന് അറിയപ്പെടുന്ന പ്രസ്തുത ഗ്രന്ഥം മറ്റൊരു ചരിത്ര നിര്‍മിതി കൂടിയാണ്. ഈ മഹത്തായ പദ്ധതി ചാങ്ദിയോ ആരംഭിക്കുന്നത് 1923 ലാണ്. അവസാന വാല്യം പ്രസിദ്ധീകരിക്കപ്പെട്ടതാകട്ടെ 1971 ല്‍ ചാങ്ദിയോ അന്തരിക്കുന്നതിന് തൊട്ടു മുമ്പും. എന്നാല്‍ 1952 ല്‍ പ്രസിദ്ധീകരിച്ച ആദ്യവാല്യം മാത്രമാണ് അംബേഡ്കറുടെ ജീവിത കാലത്ത് പുറത്തിറക്കാനായിരുന്നത്. ചാങ്ദിയോയുടെ ജീവിതകാലത്താകട്ടെ ആദ്യ 5 വാല്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാനായുള്ളൂ. 6 ആം വാല്യത്തിന്റെ പണിപ്പുരയില്‍ മുഴുകവേ ഹൃദ്രോഗം പിടിപെട്ട ചാങ്ദിയോ അന്തരിച്ചു. ഉന്നത വിദ്യാഭ്യസം നേടിയിരുന്ന ചാങ്ദിയോയുടെ പ്രിയ സഹയാത്രിക ദ്വാരകാഭായിയാണ് മറ്റു വാല്യങ്ങള്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള വാല്യങ്ങള്‍ സുഗാവ് പ്രകാശന്‍ഉം പിന്നീട് മഹാരാഷ്ട്ര സ്റ്റേറ്റ് കള്‍ച്ചറല്‍ കൗണ്‍സിലും പ്രസിദ്ധീകരിച്ചു.

മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഉള്‍പ്പെട്ട ഖത്താവ് താലൂക്കിലെ പഞ്ചാവാദ് എന്ന ഗ്രാമത്തില്‍ 1904 ജൂലൈ 15 നാണ് ചാങ്ദിയോ ജനിച്ചത്. സത്താരയിലുള്ള ന്യൂ ഇംഗ്ലീഷ് സ്‌കൂളില്‍ വിദ്യാഭ്യാസം തുടങ്ങി. ഏറെ താമസിയാതെ ചാങ്ദിയോ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി എന്ന സത്‌പേരിന് ഉടമയായി. ചരിത്ര വിഷയത്തിലും, ഇംഗ്ലീഷ് , മറാത്തി എന്നീ ഭാഷകളിലുമായിരുന്നു ചാങ്ദിയോവിന് താത്പര്യം. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ അക്കാലത്ത്, ശാര്‍ദ്ദൂലവിക്രീഡിതം വൃത്തത്തില്‍ 12 ശ്ലോകങ്ങളുള്ള ഒരു കവിത ചാങ്ദിയോ എഴുതി. ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന ഒരു കവിതയായിരുന്നു അത്. നാരായന്‍ കൃഷ്ണാജി അതവാലെയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന 'കേരള കാലിക' എന്ന പ്രസിദ്ധീകരണം ഈ കവിത ഒന്നാം സ്ഥാനത്തിന് തെരഞ്ഞെടുത്തുകൊണ്ട് ചാങ്ദിയോവിന് സമ്മാനം നല്‍കി. ചാങ്ദിയോ പിന്നീട് അംബേഡ്കറുടെ മൂത്ത സഹോദരന്‍ ബാലറാമിനോടൊപ്പം മുംബെയിലെ അന്നത്തെ മികച്ച വിദ്യാലയമായ എള്‍ഫിസ്റ്റണ്‍ ഹൈസ്‌കൂളില്‍ ആറാം സ്റ്റാന്റേര്‍ഡില്‍ ചേര്‍ന്ന് പഠിച്ചു.

അംബേഡ്കര്‍ ഇംഗ്ലണ്ടില്‍ നിന്നും ഉപരിപഠനം കഴിഞ്ഞുവന്നപ്പോള്‍ ''ബഹിഷ്‌കൃത്' ഭാരത് എന്ന വാരികയുടെ പ്രസിദ്ധീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മുംബെയിലായിരുന്നു വാരികയുടെ ഓഫീസ് തുറന്നിരുന്നത്. മുംബെയിലെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അംബേഡ്കറെ നിരന്തരം സന്ദര്‍ശിക്കുകയും രാത്രികാലങ്ങളില്‍ ആ ഓഫീസില്‍ത്തന്നെ ഉറങ്ങുകയും പതിവാക്കി. അവരില്‍ ഒരാള്‍ ചാങ്ദിയോ ആയിരുന്നു. അംബേഡ്കര്‍ക്കു വേണ്ട അസൈന്‍മെന്റുകളും ലേഖനങ്ങളും തയാറാക്കുന്നതില്‍ ചാങ്ദിയോ അങ്ങേയറ്റം സഹായിച്ചു. ബാബാ സാഹിബ് ഡോ. അംബേഡ്കര്‍ തന്റെ അടുത്തുവന്നിരുന്ന വിദ്യാര്‍ത്ഥികളുടെ മെന്ററായി മാറുകയായിരുന്നു! അംബേഡ്കറല്ലാതെ മറ്റൊരാളും ഇത്രക്ക് ഉന്നത വിദ്യാഭ്യാസം നേടിയതായിട്ട് അസ്പൃശ്യരുടെ ഇടയില്‍ ഉണ്ടായിരുന്നിട്ടില്ലല്ലോ. എല്ലാവര്‍ക്കും അംബേഡ്കര്‍ ആര്‍ജിച്ച വിദ്യാഭ്യാസ ശേഷികളോട് അങ്ങേയറ്റം ബഹുമാനമായിരുന്നു. ചാങ്ദിയോക്ക് ഒരു സവിശേഷ പരിഗണന അംബേഡ്കറുടെ അടുത്തുനിന്നും ലഭിച്ചിരുന്നു. അംബേഡ്കറുടെ അഗാധമായ പാണ്ഡിത്യവും ഉന്നതമായ ചിന്താശേഷിയും അവിരാമമായ പ്രവര്‍ത്തനോന്മുഖതയും ചാങ്ദിയോവില്‍ അളവറ്റ സ്വാധീനം ചെലുത്തി. ആ ഘട്ടത്തിലാണ് ബാബാസാഹിന്റെ ജീവചരിത്രം എഴുതണമെന്നുള്ള താത്പര്യം ചാങ്ദിയോവില്‍ ജനിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ ചാങ്ദിയോയുടെ രചന പൂര്‍ണമായും അംബേഡ്കറുടെ ആത്മകഥതന്നെയാണ്! സഹവര്‍ത്തിത്വത്തിന് പുറമേ അംബേഡ്കറുടെ ലേഖനങ്ങളുടെ വായനയില്‍ നിന്നും ആര്‍ജിച്ച കരുത്തിനൊപ്പം അദ്ദേഹത്തിന്റെ പ്രേരണകൂടി ഈ മഹാസംഭവം വിജയത്തിലെത്തിക്കുന്നതിന് ചാങ്ദിയോവിന് തുണയായി.


ഇംഗ്ലീഷ് ജീവചരിത്ര സാഹിത്യത്തിന് കനത്ത സംഭാവനയായി മാറിയ, ജെയിംസ് ബോസ് വെല്‍ തയാറാക്കിയ ഡോ. ജോണ്‍സന്റെ ജീവചരിത്ര കൃതിയെ മാതൃകയാക്കി സ്വീകരിച്ചുകൊണ്ടാണ് ചാങ്ദിയോ അംബേഡ്കറുടെ ജീവചരിത്ര രചന നിര്‍വഹിച്ചത്. 20 വര്‍ഷമെടുത്താണ് ബോസ് വെല്‍ തന്റെ കൃതി പൂര്‍ത്തിയാക്കിയത്. ഡോ. ജോണ്‍സണുമായുള്ള സംഭാഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളത്രയും സ്മരണയില്‍ സൂക്ഷിച്ച്, നിരീക്ഷിച്ച്, അപഗ്രഥിച്ച് പഠിച്ച്, വളരെ കൃത്യമായി ശേഷികള്‍ വ്യയം ചെയ്തുകൊണ്ടുള്ള ഒരു നിര്‍വഹണമായിരുന്നു ആ രചന. ചാങ്ദിയോ അംബേഡ്കറുടെ പ്രതിദിന കുറിപ്പുകളും അദ്ദേഹം അയക്കുന്ന കത്തുകളും പ്രഗത്ഭമതികളില്‍ നിന്ന് ലഭിക്കുന്ന മറുപടികളും കൃത്യമായി പഠിച്ച്, വിവിധ ഇന്‍സ്റ്റിട്ട്യൂട്ടുകളില്‍ നിന്നും അംബേഡ്കറെ കുറിച്ച് ലഭിക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം സമാഹരിച്ചും, നിരന്തരം സംഭാഷണത്തിലേര്‍പ്പെട്ടും പ്രോത്സാഹ ജനകമായി അദ്ദേഹം നല്കുന്ന വിരണങ്ങള്‍ എഴുതിയെടുത്തും സഹവസിച്ചും സഹയാത്ര ചെയ്തും കൊണ്ട് നാളേറെ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തന്റെ ജീവചരിത്ര രചന സാധ്യമാക്കിയത്. അതിനിടയില്‍ ആ മഹാനായ ജീവചരിത്രകാരന്‍, ചാങ്ദിയോ ഖൈര്‍മോദ് തന്റെ ബി എയും പാസ്സായി! ഉടനെ ബ്രിട്ടീഷ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ജോലിയും ലഭിച്ചു. അന്ന് അസ്പൃശ്യരുടെ ഇടയില്‍ നിന്നും ഇത്തരം ഉയര്‍ന്ന ജോലി ലഭിക്കുന്ന ആദ്യത്തെയാളും ചാങ്ദിയോയായിരുന്നു. ജോലിയിലിരിക്കുമ്പോഴാണ്, അടിയായ്മയുടെ മൂലകാരണമായ അസ്പൃശ്യതയെ നീക്കം ചെയ്യുന്നതിന് തുണയേകുന്ന വലിയൊരു സമരായുധമായി ഉപയോഗിക്കാന്‍ അംബേഡ്കറുടെ ജീവചരിത്രം ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന ഘട്ടമെത്തിയത്. തന്റെ ജീവചരിത്ര രചന സത്യസന്ധവും നീതിപൂര്‍വകവുമായി രിക്കണമെന്നതു മാത്രമേ ബാബാസാഹിബിന് ഇക്കാര്യത്തില്‍ തന്റേതായ ഒരു അഭിപ്രായം മുന്നോട്ടു വെക്കുവാന്‍ ഉണ്ടായിരുന്നുള്ളൂ.

9000 ല്‍ ഏറെ പേജുകളുള്ള ഈ പുസ്തകം പുറത്തുവന്നതോടെയാണ് അസ്പൃശ്യര്‍ക്ക് അവരുടെ രാഷ്ട്രീയവും സാമൂഹികവുമായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു കിട്ടിയതും സ്വാഭിമാനമുള്ള ഒരു മാര്‍ഗരേഖ രൂപപ്പെട്ടതും. യഥാര്‍ത്ഥ വസ്തുക്കളുടെ പകര്‍പ്പുകള്‍ ചേര്‍ത്ത് ബലപ്പെടുത്തിയും വിവരണങ്ങളുടെ നേര്‍മകൊണ്ടും വീക്ഷണങ്ങളിലെ മൗലികതകൊണ്ടും അംബേഡ്കറുടെ പുനര്‍നിര്‍മിതി തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഈ കൃതി. അംബേഡ്കറുടെ കുടുംബപശ്ചാത്തലം, ജനനം, വിദേശ വിദ്യാഭ്യാസകാലം, ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, പോരാട്ടത്തിന്റെ ആദ്യ നാളുകള്‍, മഹദിലെ ചൗധര്‍ കുളത്തിലെ കുടിനീര് സമരം, അസ്പൃശ്യരുടെ പ്രസ്ഥാനം, വട്ടമേശ സമ്മേളനത്തിലെ ഹിന്ദി ഭാഷയിലെ ചര്‍ച്ചകള്, അസ്പൃശ്യരുടെ രാഷ്ട്രീയ - സാമൂഹ്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനം, സാമൂഹിക പ്രസ്ഥാനത്തിന്റെ ചരിത്രം, വൈസ്രോയ് കൗണ്‍സിലിന്റെ മന്ത്രിമാര്‍, മഹാത്മാ ഗാന്ധിയുമായിട്ടുള്ള തര്‍ക്കങ്ങള്, ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയിലുള്ള സംഭാവനകള്, മതം മാറുന്നതായുള്ള പ്രഖ്യാപനം, ഭരണഘടനാ നിര്‍മാണം, ഭരണഘടനയെ കുറിച്ചുള്ള പ്രസംഗങ്ങള്‍, ഹിന്ദു കോഡ് ബില്‍, നെഹ്‌റു ഗവണ്മെന്റില്‍ നിന്നുള്ള രാജി തുടങ്ങിയ എല്ലാ ഘട്ടങ്ങളും ക്രമമായും വിശദമായും വ്യക്തമായും ചാങ്ദിയോ ജീവചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മഹാന്റെ ജീവചരിത്ര ഗ്രന്ഥത്തിലുപരി, ഒരു ദേശിക ജനതയുടെ പോരാട്ടത്തിന്റെ ചരിത്രവും മാര്‍ഗരേഖയും ഉള്ളടങ്ങുന്ന ഈ കൃതി കഥാപുരുഷനായ ഡോ. ബി ആര്‍ അംബേഡ്കറുടെ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറെ ഏറ്റുവാങ്ങിയ ശേഷമാണ് പ്രസിദ്ധീകൃതമാകുന്നത്.

ഇന്ത്യിലെ തന്നെ അതിമഹത്തായ (മെഗാ) ഈ ജീവചരിത്രകൃതി ആ ശാഖക്കു മാത്രമല്ല, മറാത്തി സാഹിത്യത്തിനു തന്നെ ചാങ്ദിയോ നല്കിയ കനത്ത സംഭാവനയായി പരിഗണിക്കപ്പെടുന്നു. മുതിര്‍ന്ന എഴുത്തുകാരനായ എന്‍ ആര്‍ പഥക് ഈ കൃതിയെ കുറിച്ച് എഴുതി : 'ചാങ്ദിയോ എഴുതിയിരിക്കുന്ന ഈ കൃതി വെറും ഒരു ജീവചരിത്ര കൃതി മാത്രമല്ല, അംബേഡ്കര്‍ എന്നു പറയുന്ന ആവലിയ മനുഷ്യന്‍ തന്റെ ആളുകളുടെ മുന്നില്‍ വെക്കുന്ന ആധുനിക മഹാരാഷ്ട്രയുടെ ചരിത്രകൃതിയാണിത്. ആര് ഈ കൃതി വായിച്ചാലും അത് പൂര്‍ത്തീകരിക്കുന്നതിനായി ചാങ്ദിയോ സഹിച്ച കഠിനമായ യാതനകളേയും അദ്ദേഹത്തിന് ഈ സംഭവത്തോടു ണ്ടായിരുന്ന ഒടുങ്ങാത്ത ഇച്ഛാശക്തിയേയും അര്‍പണ ബോധത്തേയും അനുസ്മരിക്കാതിരിക്കില്ല. ഈ കൃതിയില്‍ ഉള്ളടങ്ങുന്ന വിലമതിക്കാനാവാത്ത വിവരണങ്ങള് മഹാരാഷ്ട്രയുടെ സമൂഹിക സമത്വ സമരചരിത്രത്തെ സംബന്ധിച്ച അറിവിന്റെ ഉറവിടങ്ങളാണ്. തീര്‍ച്ചയായും ഈ കൃതി മറാത്തി സാഹിത്യത്തിലെ ജീവചരിത്ര ശാഖക്ക് നല്കിയിരിക്കുന്നത് വിലയേറിയ സംഭാവനയാണ്.'

ഏതാണ്ട് ജീവിതകാലത്തുടനീളം പ്രയത്‌നിച്ച് സാക്ഷാത്കരിച്ച ഈ ജീവചരിത്ര കൃതിക്ക് പുറമേ ചാങ്ദിയോ ഏതാനും സ്വതന്ത്ര കൃതികളും രചിച്ചിട്ടുണ്ട്. രണ്ടു വാല്യങ്ങളിലായി, സാമൂഹിക വിഷയങ്ങളെ ആധാരമാക്കിയ കവിതാ സമാഹാരം 'പട്ടീല്‍ പ്രതാപ്' (1940), 'അമൃത്‌നാക്' (1929) എന്നിവ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച വയാണ്. പിന്നീട് വിദ്യാഭ്യാസം നേടുന്നതിനും സാമൂഹിക അവബോധം സൃഷ്ടിക്കുന്ന തിന് വേണ്ടിയും, ജാതി ഉന്മൂലനത്തിനും ഹിന്ദുമതത്തിലെ പ്രഹേളികകളെക്കുറിച്ചും ഒട്ടേറെ സ്‌തോഭജനകമായ ലേഖനങ്ങള്‍ മഹാരാഷ്ട്രയിലെ ആനുകാലികങ്ങളില്‍ എഴുതി. 'ശൂദ്ര് പൂര്‍വി കോന്‍ ഹോത്തേ?' (ആരാണ് യഥാര്‍ത്ഥത്തില്‍ അസ്പൃശ്യര്‍ - 1951), 'ഹിന്ദു സ്ത്രിയാംചേ ഉന്നതി അനി അവനതി' (റെയ്‌സ് ആന്റ് ഫാള്‍ ഓഫ് ഹിന്ദു വുമണ്‍), 'ഘടനീവാരീല്‍ നീത് ഭാഷണേ' (ത്രീ സ്പീച്ചസ് ഓണ്‍ അവര്‍ കോണ്‍സ്റ്റിറ്റി യൂഷന്‍) എന്നീ കൃതികളുടെ വിവര്‍ത്തനവും ചാങ്ദിയോ നിര്‍വഹിച്ചിട്ടുണ്ട്.

മറ്റൊരു പ്രകാരത്തില്‍ ചാങ്ദിയോയുടെ ഈ കൃതി മറാത്തി സാഹിത്യത്തിലെ വിപ്ലവം തന്നെയായിരുന്നു. സാഹിത്യത്തിനും സമൂഹത്തിനും അന്നുവരെ പരിചിതനല്ലാത്ത ഒരു അസ്ൃശ്യന്റേതാണല്ലോ ഈ ചരിത്രകൃതിയില്‍ വെളിപ്പെടുത്തുന്ന ജീവിതം! ബഹിഷ്‌കൃതന്റെ ജീവിതമെന്തെന്നും അവന്റെ ശേഷികളെന്തെന്നും സാഹിത്യലോകം അറിഞ്ഞതുപോലെ സാമാന്യ ലോകവും ആദ്യമായി അറിയുകയായിരുന്നു. ആ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴികാട്ടിയതും വെട്ടം തെളിക്കുകയും ചെയ്തത് അംബേഡ്കറുടെ ജീവചരിത്രകൃതിയാണ്. ആ ചരിത്ര നിയോഗം ഉത്തരവാദിത്വത്തോടെയും ഭംഗിയായും ചെയ്തു തീര്‍ത്ത ചാങ്ദിയോ ഭാവന്‍ റാവു ഖൈര്‍മോദിനോട് പോരാളികളുടെ വംശം എക്കാലവും കടപ്പെട്ടിരിക്കുന്നു.