"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

തെരഞ്ഞെടുപ്പ് കാലം നുണയുടെ പെരുമഴക്കാലം - അജിത് നന്തന്‍കോട്


വോട്ടിംഗ് യന്ത്രം നിന്റെ കൈയ്യിലല്ലേ തരുന്നത്; പിന്നെ എന്തുകൊ ണ്ടാണ് നിനക്കു വേണ്ടി നീ വോട്ട് ചെയ്യാത്തത്!
-കല്ലറ സുകുമാരന്‍

നമ്മുടെ സംസ്ഥാനത്തെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന 14-ാം നിയമസഭ തെരഞ്ഞെടുപ്പാണ് 2016 മേയ് 16 ന് നടക്കുന്നത്. 1956 നവംബര്‍ 1 ന് രൂപീകൃതമായ കേരളമെന്ന ഭാഷാ സംസ്ഥാനം ഉണ്ടായ കാലം മുതല്‍ ഇവിടത്തെ സാധാരണപ്പെട്ടവരെ ജനാധിപത്യ മൂല്യങ്ങളും പൗരബോധ മുള്ളവരാക്കി തീര്‍ക്കുന്നതിനു പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടി വിദ്യകളും നുണ പ്രചരണങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും മുന്നില്‍ നിരത്തി വോട്ടുകള്‍ തട്ടിയെടുക്കുന്ന കബളിപ്പിക്കലാണ് ഇവിടെ ഭരിച്ചു കൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനു ഇവര്‍ പറയുന്നത് അടവു നയതന്ത്രങ്ങള്‍ എന്നാണ് ഈ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കായി പ്രകടനപത്രികകള്‍ ഇറക്കുക, വടക്കു നിന്നും തെക്കോട്ട് യാത്രകള്‍ നടത്തുക, അഴകൊഴമ്പന്‍ പ്രസ്താവനകള്‍ ഇറക്കുക, കവല പ്രസംഗങ്ങള്‍ നടത്തുക, വര്‍ണ്ണശബളവും കൂറ്റന്‍ കട്ടൗട്ടുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുക കൊടി തോരണങ്ങള്‍ കെട്ടി ഉയര്‍ത്തുകയും ചെയ്യുന്നത് ഇതിന്റെയൊക്കെ ഭാഗങ്ങളാണ്. ഇത്തരം പാര്‍ട്ടികള്‍ അധികാരത്തില്‍ വന്ന കാലം തൊട്ട് പ്രകടനപത്രികയില്‍ പറയുന്ന വാഗ്ദാനങ്ങള്‍ ഒന്നും തന്നെ ചെയ്യാതിരിക്കുകയും പ്രസംഗിച്ചു നടന്നത് ജലരേഖയായി മാറുന്നതും വര്‍ഷങ്ങളായി നമ്മുടെ കണ്‍മുമ്പില്‍ നടന്നു കൊണ്ടിരിക്കുന്ന പതിവു കലാപരിപാടികള്‍ മാത്രമാണ.് ഇവിടെ സാധാരണപ്പെട്ടവര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കാല്‍ഗതിക്ക് മറുഗതി ഇല്ലാത്തവരായ ഭൂരിപക്ഷം പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും മറ്റു ദരിദ്രപിന്നോക്ക വിഭാഗങ്ങളാണ്. കേരളം പിറവി കൊണ്ട ആദ്യത്തെ തെരഞ്ഞെടുപ്പു കാലം തൊട്ട് നമുക്കൊന്ന് പരിശോധിക്കാം. ആദ്യത്തെ തട്ടിപ്പ് നടന്നത് ഈ അടുത്ത കാലത്ത് അന്തരിച്ച കവി ഒ.എന്‍.വി കുറുപ്പ് എഴുതിയ കവിതയിലെ രണ്ടു വരികളാണ്.പട്ടികജാതിക്കാരായ പാവങ്ങളെ പറ്റിക്കാന്‍ തെരഞ്ഞെടുത്തത് 'നമ്മളു കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്നു പറഞ്ഞാല്‍ പട്ടികജാതിക്കാര്‍ പണിയെടുക്കുന്ന വയലുകളെല്ലാം അവര്‍ക്ക് സ്വന്തമാകും എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ അപ്പനപ്പുപ്പന്മാരില്‍ നിന്നു തുടങ്ങി ഇപ്പോഴത്തെ തലമുറയിലെത്തിയിട്ടും സ്വന്തമായി കൃഷി ചെയ്ത് ഒരു കതിര്‍മണി നെല്‍കതിരു പോലും ഈ പാവങ്ങള്‍ക്ക് സ്വന്തമായി കിട്ടിയില്ലെന്നു മാത്രമല്ല വയലുകള്‍ തരിശിട്ടും നികത്തി തെങ്ങും റബ്ബറും വാഴയും നട്ടും മണിമാളികകള്‍ കെട്ടിപൊക്കിയും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൈമാറിയതിലൂടെ ന്യൂജനറേഷന് വയലുകള്‍ കാണിച്ചു കൊടുക്കണമെങ്കില്‍ പഴയ മലയാള സിനിമകളോ ഫോട്ടോകളോ ചിത്രങ്ങളോ കാണിച്ചു കൊടുക്കേണ്ട ഗതികേടിലാണ്. കൂടാതെ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളും കിളയലുകാരുടെയും വംശങ്ങള്‍ തന്നെ ഇപ്പോള്‍ കുറ്റി അറ്റു പോകുന്ന അവസ്ഥയിലുമായി. ഇത് ഇവിടം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ പറ്റിച്ച പണിയാണ്. പട്ടികജാതിക്കാര്‍ക്ക് കൃഷി ഭൂമി നല്‍കാത്തവര്‍ പിന്നീടു കൊണ്ടു വന്നത് ഭൂപരിഷ്‌ക്കരണ നിയമമാണ് അതായത് 3 സെന്റും 5 സെന്റും 10 സെന്റുമാണ് ഈ പാവങ്ങള്‍ക്ക് കേരളത്തില്‍ നല്‍കിയത്. മാത്രമല്ല യഥാര്‍ത്ഥ മണ്ണിന്റെ അവകാശികളെ കുടികിടപ്പുകാരാക്കി മാറ്റി കാലം കഴിഞ്ഞതോടെ ഒരു സെന്റും 2 സെന്റുമുള്ള 27,000 (ഇരുപത്തി ഏഴായിരം) പട്ടികജാതി കോളനികളിലും 5000(അയ്യായിരം) ആദിവാസി കോളനികളിലുമായി ചുരുക്കി ഇപ്പോള്‍ നേരേ ചൊവ്വേ കിടന്നുറങ്ങുവാനോ നിവര്‍ന്നു നില്‍ക്കാന്‍ ഇടമില്ലാത്തവരാക്കി ഈ പാര്‍ട്ടി പരിഷകള്‍ എല്ലാം ചേര്‍ന്ന് മാറ്റി. ഇതിനു ശേഷം പട്ടികജാതിക്കാരെ പുരോഗതിയില്‍ എത്തിക്കാന്‍ തെങ്ങിന്‍ തൈയ്യും വാഴക്കന്നും തേക്കും മാഞ്ചിയവും മഹാഗണിയും നല്‍കുന്ന കാര്‍ഷിക പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ കൂടെ ഇവ നട്ടു വളര്‍ത്താനും കുഴി എടുക്കാനും തടമെടുക്കുവാനും കൂന്താലിയും വെട്ടുകത്തിയും പിക്കാസ്സും നല്‍കി ഇത്തരം ആയുധങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ കോളനികളില്‍ സ്വന്തം സഹോദരങ്ങളെ തമ്മിലടിപ്പിച്ച് കലാപങ്ങള്‍ കൂട്ടാന്‍ പിന്നില്‍ മറഞ്ഞിരുന്ന് പ്രവര്‍ത്തിപ്പിച്ചത് പഴയ തലമുറയിലെ ചിലരെങ്കിലും മറന്നു കാണാന്‍ ഇടയില്ല. മരിച്ചടക്കാന്‍ സ്ഥലമില്ലാത്തവര്‍ ഈ തൈകള്‍ പുരയിടവും പറമ്പുമുള്ള മറ്റു സമുദായങ്ങള്‍ക്ക് തുച്ഛമായ വിലയ്ക്കു വിറ്റും അവര്‍ക്കും വേണ്ടാതെ വന്നപ്പോള്‍ ശേഷിച്ചവ പണക്കാരുടെ മട്ടുപ്പാവു വീടുകളുടെ മുമ്പില്‍ ഭംഗിക്കു വേണ്ടി പൂച്ചട്ടികളിലും തൊണ്ടുകളിലും ഓര്‍ക്കിഡും, ആന്തൂറിയവും കെട്ടിതൂക്കി വളര്‍ത്തുന്നതു പോലെ ഉറികളില്‍ കെട്ടിതൂക്കി ഉണക്കി വളര്‍ത്തി ഉപേക്ഷിക്കേണ്ടി വന്നു. ഈ പദ്ധതിയിലൂടെ ഒരു തെങ്ങു പോലും നട്ടുവളര്‍ത്തി ദലിതന്‍ തേങ്ങാ പറിച്ച് ചമ്മന്തി അരച്ചു കൂട്ടാന്‍ ഭാഗ്യം കിട്ടിയില്ല. ഇനിയെങ്കിലും ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ ദയവു ചെയ്ത് ബോണ്‍സായി ആയി വളര്‍ത്തികൊടുത്താല്‍ കൊള്ളാമെന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. കോടിക്കണക്കിനു രൂപ ചിലവിട്ടു നടത്തിയ പദ്ധതികളില്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗപ്രമാണിമാര്‍ക്കും കോടികള്‍ കീശയിലാക്കി എന്നുള്ളതാണ് ഇതിന്റെ നേട്ടങ്ങളായി വന്നുഭവിച്ചത്.

1996 ല്‍ കൊണ്ടു വന്ന ജനകീയാസൂത്രണമാണ് പിന്നീടു വന്നത്. ഇതിന്റെ ഭാഗമായി പട്ടികജാതി കുടുംബങ്ങള്‍ക്ക് ആട്ടിന്‍ കുട്ടികളും മച്ചിപശുവും കൊടുക്കുന്ന പദ്ധതിയാണ് പിന്നീട് നടപ്പിലാക്കിയത്.

തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടു വന്ന ആടുകളാണ് ഇതിനായി തെരഞ്ഞെടു ത്തത് കാഴ്ചയില്‍ നാടന്‍ പട്ടിയുടെ വലിപ്പമേ ഇവയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പുല്ലും തോലും (കുഴയും) തിന്നാന്‍ കിട്ടാതെ പേപ്പറുകളും പ്ലാസ്റ്റിക്കുകളും സിനിമാ പോസ്റ്ററുകളും തിന്നു ജീവിച്ചവ പട്ടികജാതിക്കാര്‍ കൊടുത്ത തോലും പിണ്ണാക്കുവെള്ളമോ തിന്നാല്‍ കൂട്ടാക്കിയില്ല നിവര്‍ത്തി കെട്ടപ്പോള്‍ ആട് കച്ചവടക്കാര്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലും തോലും ചതയുമില്ലാത്ത ഈ ആടുകളെ വാങ്ങാന്‍ കച്ചവടക്കാര്‍ തയ്യാറായില്ല. ഏതാനും ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോള്‍ ആടുകള്‍ ചത്തൊടുങ്ങി. ഈ ആടു വിതരണത്തിലൂടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും തുച്ഛമായ വിലയ്ക്കു വാങ്ങി ഇരട്ടിയുടെ ഇരട്ടി വില കണക്കുകളില്‍ കാണിച്ച് ലക്ഷങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡുമെമ്പര്‍മാരും ചോട്ടാനേതാക്കളും കുട്ടിസഖാക്കളും അടിച്ചുമാറ്റി. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ നേതാക്കള്‍ പില്‍ക്കാലത്ത് ലക്ഷപ്രഭുക്കളും മണി മാളികളും ഉണ്ടാക്കിയതും ഈ പണമായിരുന്നു.

ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മണ്ണും വീടും പദ്ധതിയുടെ കാര്യം തന്നെ നോക്കാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മുനിസി പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പട്ടികജാതി ക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 5 സെന്റാണ് വാങ്ങി നല്‍കേണ്ടത്. ഇപ്പോള്‍ ഒരു സെന്റിന് അന്‍പതിനായിരം രൂപയ്ക്ക് താഴെയുള്ള 3 സെന്റ് ഭൂമിയാണ് ലഭിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ 3 സെന്റും കോര്‍പ്പറേഷനില്‍ ഒന്നര സെന്റു ഭൂമിക്കായി നാലര ലക്ഷം രൂപ ( 4,50,000) യാണ് വകയിരിത്തി യിരിക്കുന്നത്. ഭൂമികള്‍ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഇക്കാലത്ത് പട്ടികജാതിക്കാര്‍ വീടു വച്ച് കയറി കിടക്കാന്‍ പെടാപാടുപെടുകയാണ്. ഇനി അടുത്തു നിലവില്‍ വരുന്ന വേറൊരു പദ്ധതിയാണ് പാട്ട ഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്നത് സമ്പന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ തരിശായും ഉപയോഗശൂന്യമായും വര്‍ഷങ്ങളായി കിടക്കുന്ന ഭൂമി കൃഷിയ്ക്ക് ഉപയോഗപ്രദമാക്കുന്നതിന് പട്ടികജാതിക്കാര്‍ക്ക് പട്ടികജാതി ഫണ്ടില്‍ നിന്നും ലോണുകള്‍ കൊടത്തു നടത്തുന്ന സംരംഭം ഒന്നു രണ്ടു കൃഷി നടത്തി കഴിയുമ്പോള്‍ ഭൂമിയുടെ പാട്ടകാലാവധി തീരുകയും സവര്‍ണ്ണരുടെ ഭൂമി പൊന്നു വിളയിക്കുന്ന പരുവത്തില്‍ എത്തിച്ചേരുകയും ചെയ്യും ഇതിലൂടെയും പട്ടികജാതിക്കാര്‍ക്ക് കഷ്ടനഷ്ടങ്ങളായിരിക്കും വന്നു ചേരുന്നത് മുകളില്‍ വിവരിച്ച രാഷ്ട്രീയ അപചയങ്ങളും ഗുണം പിടിക്കാത്ത പദ്ധതികളുമാണ് ജനകീയ സര്‍ക്കാരുടെ പേരില്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കും വന്നു ചേര്‍ന്നിട്ടുള്ള ദാരിദ്ര്യ പിന്നോക്കാവസ്ഥ 14-ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പറ്റിപ്പുകളാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നമുക്ക് ഇപ്പോള്‍ പ്രതീക്ഷിക്കേണ്ടത്. ഇവര്‍ പടച്ചുണ്ടാക്കുന്ന നുണയുടെ രാഷ്ട്രീയ പെരുമഴയില്‍ നമ്മുടെ ചിന്തകള്‍ ഒലിച്ചു പോകാതെ നോക്കേണ്ടതും കൂടാതെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ട്രീയവു മായി മുന്നേറാനുള്ള ശ്രമങ്ങളാണ് നമുക്ക് വേണ്ടത്.