"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വ്യവസ്ഥാപിത ജീവിതത്തിലേക്കുള്ള തുടക്കം; സ്ഥലനാമങ്ങള്‍ - ശശിക്കുട്ടന്‍ വാകത്താനം


കേരളത്തിലെ ഗ്രാമവ്യവസ്ഥ രൂപപ്പെടുത്തിയത് കേരളത്തിന്റെ ഭൂമിശാസ്ത്രഘടനയും അസംസ്‌കൃത വിഭങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനവുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ സമൂഹങ്ങളുംനിലവില്‍ വന്നു കഴിഞ്ഞിരുന്നു. തോടുകള്‍ നദികള്‍ ജലാശയങ്ങള്‍ ഇവകളാല്‍ വേര്‍തിരിക്കപ്പെട്ട പ്രദേശങ്ങളെ 'അക്കര', 'ഇക്കര'. 'മുട്ടം', 'വക്കം' ഇതുപോലെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതാണ്. മുട്ടത്തുകര, പാത്താമുട്ടം, തേട്ടുവക്കം ഇവ ഓരോഗ്രാമത്തിന്റെയും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതാണ ്. കുന്ന്, കാട്, കുഴി, ചിറ എന്നിവയും ഓരോ അധിവാസമാത്രയോടൊപ്പം വരുന്നവയാണ്. 

ഓരോ അധിവാസമാത്രയും നാടോടി സംസ്‌കൃതിയില്‍ നിന്നും സ്ഥിരവാസത്തിലെത്തുന്നതോടെ രൂപം കൊണ്ടതാണ്. കൃഷിക്കനു യോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതോടെയാണ് ആ പ്രദേശത്ത് താമസം തുടങ്ങുന്നത്. കാടുവെട്ടിച്ചുട്ട് കൃഷി നടത്തുകയും വിളവെടുപ്പുകഴിയുന്നതോടെ അവിടെനിന്നും മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്യുന്ന രീതി (പുനം കൃഷി)ഒരു സാമൂഹ്യ വിതരണ ക്രമത്തേയും അതില്‍ ചില ആചാരരീതികളെയും നിക്ഷേപിക്കുന്നതായി കാണാം. ഇത്തരം ജീവിതരീതി ഒരിക്കല്‍ ഉപേക്ഷിച്ചിടത്തേക്കു തന്നെ തിരിച്ചെ ത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചില ചിഹ്നങ്ങള്‍ അവര്‍ സ്ഥാപിക്കപ്പെടുന്നു. അതില്‍ ഒന്നാണ് ശവസംസ്‌കാരം. ഇത്തരം നാടോടി സംസ്‌കൃതിയുടെ അവസാനമാണ് കുടിയിലേ ക്കെത്തിയത്. കുടി, ചിറ, കുന്ന്, കാട്, കുഴി, കരി, പറമ്പ്, പുരയിടം എന്നിങ്ങനെ കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി തൊട്ടുനില്‍ക്കുന്ന സ്ഥലനാമങ്ങള്‍ ചരിത്രത്തിലേക്കുള്ള വാതിലു കളാണ്. ഇതു പ്രധാനമായും തൊഴില്‍കൂട്ടായ്മയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് നമ്പൂതിരിയുടെ ആധിപത്യ ത്തെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ തൊഴില്‍കൂട്ടായ്മയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് മറന്നുപോവുകയാണ്. ഇവരുടെ ആവാസകേന്ദ്രങ്ങളില്‍ അവരുടെ ആരാധനാസ്ഥലങ്ങളും അവര്‍ക്ക് ആരാധനാവിഗ്രഹങ്ങളും ഉണ്ടായിരുന്നു. മുത്തപ്പന്‍, മുത്തിയമ്മ, മാതേവന്‍, കണ്ഠാകര്‍ണന്‍, ചാത്തന്‍, ചാമുണ്ടി, ചിത്തന്‍, അരത്തന്‍, ശാസ്താവ്, സുബ്രഹ്മണ്യന്‍, ഒറ്റമുലച്ചി, പേച്ചിയമ്മ, മറുത, ഭദ്രകാളി തുടങ്ങി ഓരോ ഗോത്രത്തിനും ഓരോ ദൈവങ്ങളും അവര്‍ക്ക് അവരുടെ കുടിക്കുള്ളില്‍ കാവുകളോ 'മടപ്പുര'കളോ 'കോട്ട'ങ്ങളോ ഉണ്ടായിരുന്നു. ഇവയൊക്കെത്ത ന്നെയാണ് ബ്രാഹ്മണാധിപത്യത്തോടെയും ക്രൈസ്തവ വല്‍ക്കര ണത്തോടെയും അവരുടെ കേന്ദ്രങ്ങളായി മാറിയത്. ഇന്നും പ്രശസ്തമായ പലക്ഷേത്രങ്ങളുടെയും പള്ളികളുടെയും സമീപത്ത് ഇത്തരം ചെറു ക്ഷേത്രങ്ങളും കാണാം. കണ്ണൂരിലെ മുത്തപ്പന്‍ പോലെ മലയാറ്റൂരുണ്ടായിരുന്ന മുത്തപ്പന്‍ സ്ഥാനമാകാം ഇന്നത്തെ മലയാറ്റൂരിലേത്. വൈക്കം ക്ഷേത്രത്തിനു വടക്കുവ ശത്തായി (കാലായ്ക്കല്‍ ക്ഷേത്രം. ഇവിടെ തടിനേരുക എന്ന വിശിഷ്ഠമായ ഒരു നേര്‍ച്ചയുണ്ട്) ഇപ്പോഴും ഉള്ളാടന്മാരുടെ 'വലിയച്ഛ'ന്റെ ഒരു ആരാധനാലയമുണ്ട്. തെക്കുവശത്തായി ഒരു ഭദ്രകാളീ ക്ഷേത്രവുമുണ്ട്. ഇത്തരം ആരാധനാലയങ്ങളിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചിലതെല്ലാം നീറ്റില്‍ ഒഴുക്കുകയും ചെയ്തിട്ടുണ്ട്. അവ കണ്ടെത്തി അതെല്ലാം ബുദ്ധവിഗ്രഹ മാണെന്നു പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിനൊരു ബുദ്ധമത പാരമ്പര്യമുണ്ടായിരുന്നു എന്നു സ്ഥാപിക്കാനുള്ള ശ്രമവും നടത്തിവരുന്നുണ്ട്. 

കേരളത്തിലെ സാമൂഹ്യ ഘടന രൂപംകൊള്ളുന്നതിന്റെ ആദ്യരൂപ മായി തറയെ കണക്കാക്കുന്നവരുണ്ട്. ഗോത്രവര്‍ഗ്ഗ ത്തിന്റെ അടിസ്ഥാന ഘടനയായ 'തറ'യില്‍നിന്നുള്ള വേര്‍തിരി യലാണ് കുടി എന്നുപറയുമ്പോള്‍ തറയുമായി ബന്ധപ്പെട്ട തറവാടുകള്‍ സമൂഹത്തിലെ സവര്‍ണരുടെയാ കുന്നതെങ്ങനെ യെന്നൊരുസംശയവും നിവില്‍വരും. അതുപോലെതന്നെ തറക്കൂട്ടങ്ങള്‍ ആരുടേതാണ്. ക്ഷേത്രങ്ങളില്‍നിന്നും ചില പള്ളികളില്‍നിന്നും ആഢ്യഗൃഹങ്ങളില്‍നിന്നും തറയവകാശം എന്നപേരില്‍ ഇവിടുത്തെ ചില ജാതിസമൂഹങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ പണ്ടു ലഭിച്ചിരുന്നു.

കുടി
കുലഗോത്രഘടനയില്‍ നിന്നും ഗ്രാമീണ സംസ്‌കൃതിയിലേക്കുള്ള പരിവര്‍ത്തനമാണ് 'കുടി' രൂപപ്പെടുത്തിയത്. ഒരേതരം തൊഴിലെടുത്തു ജീവിക്കുന്നവര്‍ ഒത്തുചേരുന്ന പ്രദേശത്തെയാണ് കുടി എന്നു വിളിച്ചിരുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയായിരുന്നു ഇത്തരത്തിലുള്ള കേന്ദ്രീകരണത്തില്‍ കൊണ്ടെത്തിച്ചത്. കലം മെനയാന്‍ അനുയോജ്യമായ മണ്ണ് ലഭിക്കുന്നിടത്താണ് കുശവന്മാര്‍ കുടിവെയ്ക്കുന്നത്. മൂശക്ക് അനുയോജ്യമായ മണ്ണുലഭിക്കുന്നിടത്തായിരിക്കും മൂശാരിക്കുടി ഉണ്ടാവുക. കുടിക്കുപകരം കൊവ്വലാണ് ഉത്തരകേരളത്തില്‍ (മൂശാരി കൊവ്വല്‍) ഇരുമ്പയിരിന്റെ സാന്നിദ്ധ്യമുള്ള സ്ഥല ങ്ങളോ, ഇരുമ്പയിര് കൊണ്ടുവരാന്‍ സൗകര്യമുള്ള സ്ഥലങ്ങളോ ആയിരിക്കും കൊല്ലക്കുടിയുടേത്. പുതിയ ക്ഷേത്രം പണി ആരംഭിക്കുന്നിടത്താണ് കല്ലന്മാരും ആശാരിമാരും താമസിക്കുന്നത്. അവിടം പിന്നീട് കല്ലക്കുടിയും ആശാരിക്കുടിയുമായി. തട്ടാന്മാ രുടേത് തട്ടാക്കുടി. ചെമ്പുപണി കേരളത്തില്‍ ഒരു കാലത്ത് വ്യാപകമായിരുന്നെങ്കിലും ഇതില്‍ പാരമ്പര്യാവകാശം ഇല്ലാതിരുന്നതിനാല്‍ 'ചെമ്പോട്ടിക്കുടി' എന്നൊന്ന് ഇല്ലായിരുന്നു. മൂശാരിമാരും കല്ലന്മാരും സ്വര്‍ണ്ണപ്പണി ചെയ്യുന്നതുപോലെ ഇവര്‍ തന്നെ ചെമ്പുപണിയും ചെയ്തിരുന്നു. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ ചെമ്പോട്ടിക്കുന്ന് ഇരുമ്പുസംസ്‌കൃതിയുടെ പ്രധാന കേന്ദ്രമായിരുന്നു. ഏഴിമലയിലെ കുതിരക്കല്ല് എന്ന സ്ഥലത്തെ കക്കാംപാറ കക്കോട്ടികളുടെ പ്രദേശമാണ്. കല്ല് കരിങ്കല്ല് എന്നിവയില്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നവരായിരുന്നു ഇവര്‍. ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ തൊഴില്‍ കൂട്ടായ്മ കളെക്കൊണ്ട് ആവശ്യമുള്ളതിനാല്‍ ഇവര്‍ക്ക് പ്രാധാന്യമു ണ്ടായി.രുന്നു. പുതിയ ഗ്രാമങ്ങള്‍ രൂപം കൊള്ളുമ്പോള്‍ മാത്രമാണ് ഈ തൊഴില്‍ വിഭാഗങ്ങളെ പറിച്ചു നടുന്നത്. (തരിസാപ്പള്ളി പട്ടയം)സാങ്കേതിക വൈദഗ്ധ്യം ഏറെ വേണ്ടി വരുന്ന തൊഴില്‍ ആയതിനാല്‍ പാരമ്പര്യം പ്രധാന ഘടകമായി തീര്‍ന്നു. കുശവക്കുടി, കൊല്ലക്കുടി, ആശാരിക്കുടി, മൂശാരിക്കുടി, തട്ടാക്കുടി, കല്ലക്കുടി തുടങ്ങിയ കുടികള്‍ കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക - സാംസ്‌കാരിക ചരിത്രത്തിലെ പ്രധാന ഘടകമായി നിലനില്‍ക്കുന്നു. തരിസാപ്പള്ളിപട്ടയത്തില്‍ പുന്നത്തലപ്പതിയും പൂളക്കുടിപ്പതിയും എന്നു പരാമര്‍ശിക്കുന്ന രണ്ടു കച്ചവട സംഘങ്ങളുണ്ട്. കുടികളിലെ ദൈവങ്ങളെ കുടിപതി എന്നു വിളിച്ചിരുന്നു.

പറമ്പ്, പുരയിടം

കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെയും തൊഴിലിന്റെയും വികാസം കച്ചവടത്തെ പ്രോത്സാഹിപ്പിച്ചു. സ്വത്തുകേന്ദ്രീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍ ഇവയിലൂടെ ഗ്രാമങ്ങള്‍ വികസിച്ചു. പുതിയ ഗ്രാമങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങി. അതോടെ തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. വേലന്‍, കണിയാന്‍, ചക്കാലന്‍, വാണിയന്‍ തുടങ്ങിയ വിഭാഗങ്ങള്‍ മറ്റു തൊഴില്‍ വിഭാഗങ്ങള്‍ക്കൊപ്പം സമൂഹത്തില്‍ പ്രാധാന്യം നേടി. ക്ഷേത്രജീവനക്കാരുടെയും അവരുടെ 'വിരുത്തിഭൂമി'യും കരമൊഴിവായിക്കൊടുത്തത് ഇക്കാലത്താണ്. പറമ്പ് പുരയിടം കൂടാതെ വാര്യം (വാര്യന്മാര്‍ താമസിച്ചിരുന്നിടം) 'ഇടം' നായര്‍ പ്രമാണിമാരുടെയും നമ്പൂതിരിമാരുടെയും സ്ഥലങ്ങളുമായിരുന്നു. (തെക്കേടം, വടക്കേടം, ഇടത്തില്‍, ഇടമന) ആശാരിപ്പറമ്പ്, മൂശാരിപ്പറമ്പ്, തട്ടാംപറമ്പ്, വാണിയം പറമ്പ്, വേലം പറമ്പ്, നങ്ങാ പറമ്പ് (ചാക്യാന്മാരുടെ ഭാര്യമാരാണ് നങ്ങ്യാര്‍) എന്ന് പറയുന്നതിനു പകരം ഉത്തരകേരളത്തില്‍ തൊടി, കണ്ടി, ഏത്ത് (കൊല്ലന്റേത്ത്) എന്നിങ്ങനെ വിളിച്ചിരുന്നു. 

കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയില്‍ രാഷ്ട്രീയ മാറ്റമുണ്ടാ കുന്നത് ഇക്കാലത്താണ്. കാര്‍ഷികപ്രധാനമായ പ്രദേശങ്ങളില്‍ ബ്രാഹ്മണര്‍ കുടിയേറുകയും അവിടങ്ങളില്‍ ആധിപത്യത്തി ലെത്തുകയും ചെയ്തു. ബ്രാഹ്മണാധിപത്യത്തെ രാഷ്ട്രീയമായി ഏകീകരിക്കുന്നതിന് പെരുമാള്‍ ഭരണം സഹായകമായി. ഇത് ഫ്യൂഡല്‍ ബന്ധങ്ങളില്‍ എത്തി. ഭൂമിക്കുമേല്‍ പണ്ടില്ലാതിരുന്ന അധികാരം ഇവരില്‍ വന്നുചേര്‍ന്നു. ക്ഷേത്രകേന്ദ്രീകൃത ജീവിതം നയിച്ചിരുന്നതിനാല്‍ സ്വത്തുക്കളില്‍ വലിയൊരു ഭാഗം ക്ഷേത്രങ്ങള്‍ക്കായും നീക്കിവെച്ചു. ഭൂമി അധികവും ഇങ്ങനെ ബ്രഹ്മസ്വവും ദേവസ്വവുമായിത്തീര്‍ന്നു. കേരളത്തിലെ പല കച്ചങ്ങളും (നിയമം)ക്ഷേത്രത്തിനുവേണ്ടിയുള്ളതായിരുന്നു. തിരുവല്ലാ ചേപ്പേടില്‍ ബ്രാഹ്മണരെ ഊട്ടാന്‍വേണ്ടി 12634ഏക്കര്‍ ഭൂമിമാറ്റിവച്ചിരുന്നതായി കാണുന്നു. കവിയൂരിന് 202 ഏക്കര്‍, തൃക്കടിത്താനത്തിന് ഊട്ടിനുമാത്രം 36 ഏക്കര്‍, തൃക്കാക്കരയില്‍ 142 ഏക്കര്‍. നെടുംപുറം തളിയിലേക്ക് ചേര്‍ന്ന 160 ഏക്കറിന്റെ കണക്കും ലിഖിതത്തിലുണ്ട്.

ഇത്തരത്തില്‍ ഭൂമി സ്വന്തമാക്കിയതുവഴി സമ്പത്തു കൊള്ളയടി ക്കപ്പെടുകയും അത് ഒരു വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീക രിക്കപ്പെടുകയും ചെയ്തതുമൂലം സാങ്കേതിക വളര്‍ച്ചതടയപ്പെട്ടു. അപ്പോഴും ലഭ്യതയുടെ അടിസ്ഥാനത്തിലും അദ്ധ്വാനഭാരം സ്വയം ഏറ്റെടുത്തുകൊണ്ടും പണിയെടുക്കാന്‍ എല്ലാത്തരം തൊഴിലാളി കളും സന്നദ്ധരായിരുന്നു.