"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സ്വര്‍ണ നിയന്ത്രണ ചട്ടം ആര്‍ക്കാണു ഗുണം ചെയ്തത് - ശശിക്കുട്ടന്‍ വാകത്താനം


കേരളത്തിലെ സ്വര്‍ണതൊഴിലാളികളുടെ തലയില്‍ ഇടിത്തീ പോലെ വന്നു വീണതാണ് സ്വര്‍ണനിയന്ത്രണ ചട്ടം. സ്വര്‍ണ നിയന്ത്രണ ചട്ടം നിലവില്‍ വരികയും പലപ്പോഴായി പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്തതിലൂടെ തൊഴിലില്ലാതാക്കപ്പെട്ട ജനവിഭാഗമാണ് പരമ്പരാഗത മേഖലയില്‍ പണിയെടുത്തിരുന്ന സ്വര്‍ണ തൊഴിലാളികള്‍. നിലവില്‍ വന്ന സ്വര്‍ണ നിയന്ത്രണ ചട്ടങ്ങള്‍ എല്ലാം തന്നെ ഇവിടുത്തെ സ്വര്‍ണ മുതലാളിമാരെ പ്രീണിപ്പിക്കുന്നതിനും കള്ളക്കടത്തു വര്‍ദ്ധിപ്പിക്കുന്നതിനും മാത്രമാണ് ഉതകുന്നതെന്നു കണക്കുകള്‍ ബോധ്യപ്പെടുത്തിത്തരുന്നു.

ലോകത്താകെയുള്ള സ്വര്‍ണശേഖരം 1,71,300 ടണ്‍ ആണ്. അതിന്റെ ആറില്‍ ഒന്ന് അതായത് 25000 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ സ്വകാര്യ വ്യക്തികളുടെ കയ്യിലുണ്ട്. ഇങ്ങനെ സ്വകാര്യ വ്യക്തികളുടെ കയ്യില്‍ സ്വര്‍ണം കെട്ടിക്കിടക്കുമ്പോഴും വീണ്ടും വീണ്ടും സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിലൂടെ അനുഭവപ്പെടുന്ന സാമ്പത്തിക ദുരന്തം അറുതിയില്ലാതെ തുടരുകയാണ്. ഇന്ത്യയിലെ വ്യാപാരശിഷ്ട പ്രതിസന്ധിക്ക് പ്രധാനകാരണം സ്വര്‍ണ ഇറക്കുമതിയാണ്.

രാജ്യത്ത് 35 കോടിയോളം മധ്യവര്‍ഗ്ഗ കുടുംബങ്ങളാണുള്ളത്. ഇവര്‍ ഓരോ വര്‍ഷവും ഒരു കുടുംബം 25 ഗ്രാം സ്വര്‍ണം വാങ്ങുമെന്ന കണക്കുകൂട്ടലാണ് സ്വര്‍ണക്കച്ചവടത്തെ നിലനിര്‍ത്തുന്നത്. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചില്‍ കാര്‍ഷിക വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് ഒരു കാലത്ത് നിലനിന്നി രുന്നതെങ്കില്‍ ഇന്നു കാര്‍ഷിക വ്യവസായ മേഖലയുടെ സ്തംഭനത്തിലും വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നു. സ്വര്‍ണത്തിന്റെ വിലകുതിച്ചു കയറിക്കൊണ്ടിരിക്കുമ്പോഴും കള്ളക്കടത്ത് അനുസ്യൂതം നടക്കുമ്പോഴും സ്വര്‍ണ ഇറക്കുമതിയില്‍ കുറവുണ്ടാകുന്നില്ല. അതുവഴി ഉണ്ടാകുന്ന വ്യാപാരശിഷ്ട പ്രതിസന്ധി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇറക്കുമതി ചെലവ് വ്യാപാരശിഷ്ട പ്രതിസന്ധിക്ക് കാരണമാകുന്നു. ഇതുമുലം വിദേശ നാണയത്തിനായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളേയും വിദേശ നിക്ഷേപകരേയും ആശ്രയിക്കേണ്ടിവരുന്നു. അതുപോലെ ജനക്ഷേമത്തിനായി ഉപയോഗിക്കേണ്ടി വരുന്ന സമ്പാദ്യം ഉല്‍പാദനക്ഷമമല്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപിക്കേണ്ടിവരുന്നു. കള്ളപ്പണവും കുഴല്‍പ്പണവും വര്‍ദ്ധിക്കുന്നതിന് സ്വര്‍ണം കാരണമാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണം വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് 1968ല്‍ ഇന്ത്യാഗവണ്‍മെന്റ് പാസാക്കുകയും പിന്നീട് റദ്ദു ചെയ്യുകുയം ചെയ്ത നിയമമാണ് സ്വര്‍ണ നിയന്ത്രണ നിയമം. സ്വര്‍ണത്തിന്റെ വന്‍തോതിലുള്ള ഉപഭോഗവും, കുറഞ്ഞ തോതിലുള്ള നിര്‍മ്മാണവും ഇറക്കുമതിയും നയിച്ചത് രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്കും വിദേശ വിനിമയത്തിന്റെ തകര്‍ച്ചയിലേക്കു മായിരുന്നു. ഇത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനു കാരണമായി.

1962ലെ ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തിന്റെ സമയത്താണ് വിദേശ വിനിമയച്ചോര്‍ച്ച ശ്രദ്ധയാകര്‍ഷിച്ചത്. ഇതിനെത്തുടര്‍ന്ന് ധനമന്ത്രിയായിരുന്ന മൊറാര്‍ജിദേശായി സ്വര്‍ണനിയന്ത്രണ നിയമം കൊണ്ടുവരികയും എല്ലാ ബാങ്കുകളും നല്‍കിയ സ്വര്‍ണവായ്പ തിരികെ വാങ്ങുകയും മുന്‍പോട്ടുള്ള സ്വര്‍ണ വ്യാപാരം നിര്‍ത്തലാക്കുകയും ചെയ്തു. 1963ല്‍ 14 കാരറ്റിനു മുകളില്‍ മൂല്യമുള്ള സ്വര്‍ണ ഉല്പാദനം നിര്‍ത്തലാക്കി. 1965ല്‍ നികുതി ഒഴിവാക്കിയ ഗോള്‍ഡ് ബോണ്ട് സ്‌കീം കൊണ്ടുവരികയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം നല്‍കിയില്ല. തുടര്‍ന്ന് മൊറാര്‍ജിദേശായി ഗോള്‍ഡ് കണ്‍ട്രോള്‍ ആക്റ്റ് അവതരിപ്പിക്കുകയും സ്വര്‍ണം കട്ടികളായും നാണയമായും സ്വന്തമാക്കുന്നത് നിരോധിച്ചു. കട്ടികളായും നാണയങ്ങളായുമുള്ള സ്വര്‍ണം ആഭരണങ്ങളാക്കാന്‍ അനുവദിച്ചു. തൊഴിലാളികളുടെ എണ്ണമനുസരിച്ച് സ്വര്‍ണവ്യാപാരികള്‍ 2 കിലോയില്‍ കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. അതോടൊപ്പം വ്യാപാരികള്‍ തമ്മിലുള്ള വ്യാപാരവും നിരോധിച്ചു. സ്വര്‍ണ ഉപഭോഗത്തെ നിയന്ത്രിച്ച് വിദേശ വിനിമയത്തെ സംരക്ഷിക്കാമെന്ന മൊറാര്‍ജിയുടെ നീക്കം പൊളിയുകയും ഈ നിയമം നേരായുള്ള സ്വര്‍ണ വ്യാപാരത്തെ തകര്‍ക്കുകയും പണത്താല്‍ നിയന്ത്രിക്കപ്പെടുന്ന മറ്റൊരു മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെടുകയും ചെയ്തു. സ്വര്‍ണ കള്ളക്കടത്ത് വിപുലമായി. അനൗദ്യോഗികമായ വില്‍പനയുംവ്യാപാരികള്‍ തമ്മിലുള്ള കച്ചവടവും വ്യാപകമായി. ഈ സാഹചര്യത്തിനൊത്തു യോജിച്ചുപോകാന്‍ അസംഘടിതരായ തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല. സ്വതന്ത്രമായി പണിയെടുക്കാനുള്ള സ്വാതന്ത്ര്യം ഇവര്‍ക്ക് ഇല്ലാതായി. സ്വര്‍ണം കയ്യില്‍ വയ്ക്കാന്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ് ലൈസന്‍സ് ലഭിച്ചത്. ലൈസന്‍സുള്ളവരെത്തന്നെ അധികാരികള്‍ നിരന്തരം പീഢിപ്പിച്ചു കൊണ്ടുമിരുന്നു. ഇവരെ ആശ്രയിച്ചു പണിയെടുപ്പിച്ചുകൊണ്ടിരുന്നവര്‍ അതുമൂലം കേസില്‍പ്പെട്ടാല്‍ അവരെ സഹായിക്കാന്‍ കട ഉടമകള്‍ തയ്യാറായതുമില്ല. ഈ പശ്ചാത്തലത്തില്‍ ഇവര്‍ക്കിടയില്‍ ഇടനിലക്കാര്‍ എന്നൊരു വിഭാഗം രൂപംകൊണ്ടു. ഇവര്‍ കച്ചവടക്കാര്‍ക്കും തൊഴിലാളി കള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് അനധികൃതമായ ചില നീക്കുപോക്കുകള്‍ പോലീസുകാരുമായിബന്ധപ്പെട്ടുണ്ടാക്കി. അതോടെ ചൂഷണം വര്‍ദ്ധിക്കു കയും ചെയ്തു. തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി പണിയെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലവില്‍ വന്നു. ഇതോടെ ചരിത്രത്തിലാദ്യമായി 1965 ജൂലായ് 22ന് കരിദിനമായി സ്വര്‍ണത്തൊഴിലാളികള്‍ ആചരിച്ചു. (രാധാകൃഷ്ണന്‍ ചങ്ങനാശേരി)

1990ല്‍ ഉണ്ടായ വിദേശ വിനിമയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യാഗവണ്‍മെന്റ് 40 ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയപ്പെടുത്തി സമ്പദ്‌വ്യവസ്ഥ യെ രക്ഷിച്ചു. 1990ലെ പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായ ഉദാരീകരണത്തിലൂടെ ധനമന്ത്രിയായിരുന്ന മധുദന്തവാദെ 10 ഗ്രാമിന് 250 രൂപ നിരക്കില്‍ സ്വര്‍ണ ഇറക്കുമതി ഉദാരീകരിച്ചു. കള്ളസ്വര്‍ണം കൊണ്ടുവരുന്നതിനെ നിരുത്സാഹപ്പെടുത്താനും നികുതി ലഭ്യമാക്കുന്ന തിനും വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതുവഴി 1992ല്‍ 1105 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. ഇതുകൊണ്ടും കള്ളക്കടത്തു നിയന്ത്രി ക്കാനായില്ല. 1968-1995 കാലത്ത് 10-217 ടണ്‍വരെ ഒരുവര്‍ഷം ഇന്ത്യയിലേക്കു വരികയുണ്ടായി. 1980 ല്‍ 9 മെട്രിക് ടണ്‍ സ്വര്‍ണ മാണ് കൊണ്ടുവന്നത്. 1999ല്‍ ഗോള്‍ഡ് ഡവലപ്‌മെന്റ് സ്‌കീം കൊണ്ടുവന്നു. സ്വര്‍ണം നിക്ഷേപിക്കുന്ന തിനു പകരമായി രൂപ കൊടുത്തു. ഇറക്കുമതി കുറക്കുക എന്നതാണു ലക്ഷ്യം വച്ചിരുന്നതെങ്കിലും ഈ തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു. 2012 ല്‍ സ്വര്‍ണത്തിനു കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. കസ്റ്റംസ് ഡ്യൂട്ടി വരുമാനം വര്‍ദ്ധിച്ചപ്പോഴും സ്വര്‍ണ ഇറക്കുമതി നിയന്ത്രണാതീതമായി.

ഇറക്കുമതിക്കാരുടെയും കയറ്റുമതിക്കാരുടെയും വരുമാനത്തിന്റെ ഒഴുക്ക് നിര്‍ണയിക്കുന്നതും സ്വര്‍ണ ഇറക്കുമതിയാണ്. വിദേശത്തുനിന്നുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് എത്തുന്നത് സ്വര്‍ണ ഇറക്കുമതിയിലൂടെയാണ്. ഈ സ്വര്‍ണം ഇന്ത്യന്‍ രൂപയായി മാറുന്നതോടൊപ്പം ഇന്ത്യയില്‍നിന്നും സ്വര്‍ണത്തിനുള്ള ആവശ്യകത നികത്താനും കഴിയുന്നു. ഈ ദുഷ്പ്രവണത ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ഏകദേശം 3 ശതമാനത്തോളം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച സ്വര്‍ണ ഇറക്കുമതി മരവിപ്പിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വര്‍ണനിയന്ത്രണ ചട്ടം നിലവില്‍ വന്നതു മുതല്‍ ആഗോളീകരണത്തിന്റെ ഇക്കാലം വരെ പരമ്പരാഗത സ്വര്‍ണത്തൊഴിലാളി മേഖലയില്‍നിന്നും തൊഴില്‍ നഷ്ടപ്പെട്ടവരായി ഓരോരുത്തരും ഒഴിഞ്ഞുപോവുകയായിരുന്നു. കുടുംബസമേതം ആത്മഹത്യ ചെയ്തവര്‍ നൂറുകണക്കിനായി വര്‍ദ്ധിച്ചു കൊണ്ടുമിരുന്നു.

സ്വര്‍ണ വിപണി അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോഴും വിപണയില്‍ ശക്തമായി ഇടപെടാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സ്റ്റോക്കു തിട്ടപ്പെടുത്തുന്ന കാര്യത്തിലും സ്വര്‍ണത്തിന്റെ പരിശുദ്ധി നിര്‍ണയിക്കുന്ന കാര്യത്തിലും ബില്ലില്ലാതെ കച്ചവടം നടത്തുന്നതിലും നിയന്ത്രണങ്ങളൊന്നുമില്ല. ആകട മുദ്രയുടെ പേരില്‍ ജ്വല്ലറി ഉടമകള്‍ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ശ്രമിക്കുമ്പോള്‍ അതു നിര്‍ബന്ധമില്ലെന്നാണ് വാണിജ്യനികുതിവകുപ്പു പറയുന്നത്.(വിവരാവകാശം) ജ്വല്ലറികളില്‍ എത്ര സ്റ്റോക്കുണ്ടെന്നോ എവിടെ നിന്നാണു സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതെന്നോ പറയാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ക്കു കഴിയുന്നില്ല. വാറ്റുനിയമപ്രകാരം സ്റ്റോക്കു ചെയ്യാവുന്ന സ്വര്‍ണത്തിനു പരിധി നിശ്ചയിച്ചിട്ടില്ല. സ്റ്റോക്കും മറ്റു കാര്യങ്ങളും വ്യാപാരികളുടെ ബിസിനസ് സംബന്ധിച്ച കാര്യങ്ങളായ തിനാല്‍ അവരുടെ അനുമതിയോടുകൂടിയേ പുറത്ത് പറയാന്‍ കഴിയുക യുള്ളു. 2005 ലെ വിവരാവകാശ നിയമം സെക്ഷന്‍ 8(ഡി) പറയുന്നു. സ്റ്റോക്കു സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ കാണിക്കുന്നത് അവര്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ കാണിക്കുന്ന കമ്പയിന്‍സ്/പര്‍ച്ചേസിങ്ങ് രേഖകള്‍ വാണിജ്യവകുപ്പിലെ അസിസ്റ്റന്റ് വിഭാഗമാണ് പരിശോധി ക്കുന്നത്. ചുരുക്കത്തില്‍ വാണിജ്യത്തെ സംബന്ധിക്കുന്ന ഒരു നിയമവും സ്വര്‍ണക്കടക്കാര്‍ക്കു ബാധകമല്ല എന്നു ചുരുക്കം. (വിവരാവകാശം)

സര്‍ക്കാര്‍ കണക്കുപ്രകാരം 5 ലക്ഷത്തിലേറെ വിറ്റുവരവുള്ള കേരളത്തിലെ 5870 ജ്വല്ലറികളില്‍ നിന്നും 30,000 കോടി രൂപയുടെ സ്വര്‍ണക്കച്ചവടം പ്രതിവര്‍ഷം കേരളത്തില്‍ നടക്കുന്നു. വില്‍പ്പന നികുതിയുടെ അടിസ്ഥാ നത്തില്‍ 2000 കോടിയെങ്കിലും പിരിക്കണമെന്നിരിക്കെ 200 കോടി രൂപമാത്ര മാണ് പിരിക്കുന്നത്.

ഒരു കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്വര്‍ണവ്യാപാരിയുടെ നികുതി മുന്‍വര്‍ഷത്തേതിന്റെ 115 ശതമാനമായും മൂന്നു വര്‍ഷമായികോമ്പൗണ്ടു നികുതി അടച്ചുവരുന്ന വ്യാപാരിക്ക് 120 ശതമാനമായും നികുതി കുറച്ചു. ഈ ഇളവിന് മുന്‍കാല പ്രാബല്യം നല്‍കിയതോടെ ചെറിയ പട്ടണത്തിലെ വന്‍കിട ജ്വല്ലറിയുടെ ശാഖക്കുപോലും 25 ലക്ഷം വരെ അടച്ച നികുതി സര്‍ക്കാര്‍ തിരിച്ചുനല്‍കി. സംസ്ഥാനത്തുടനീളം ശാഖകളുള്ള ജ്വല്ലറികള്‍ക്ക് കോടികളാണ് തിരിച്ചുകിട്ടിയത്. നികുതി അടക്കുന്നതിലും വന്‍തോതില്‍ ഇളവു കിട്ടി.

സ്വര്‍ണ വിപണി വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുമ്പോഴും സ്വര്‍ണ ഉപഭോഗം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിലെ പരമ്പരാഗത സ്വര്‍ണതൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിരിക്കുന്നു. പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍ ഇല്ലാതെ തന്നെ സ്വര്‍ണവ്യാപാരം നടത്താന്‍ കഴിയും എന്ന നിലയില്‍ സാങ്കേതികവിദ്യ വളര്‍ന്നു കഴിഞ്ഞു. കമ്പ്യൂട്ടര്‍ ഡിസൈനി ങ്ങും മിഷ്യന്‍ കട്ടിങ്ങും കൂടുതല്‍ ആഭരണങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നതിനാല്‍ സ്വര്‍ണക്കടകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉടമള്‍ നിര്‍ബന്ധിതരാവുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നും കുറഞ്ഞ പണിക്കൂലിയിലും സ്വര്‍ണവിലക്കുറവിലും (കേരളത്തിനു പുറത്ത് പവന് 1000 രൂപയില്‍ അധികം വിലക്കുറവുണ്ട്). ആഭരണങ്ങള്‍ വന്നുചേരുന്നു. കാരറ്റ് നിര്‍ണയിക്കുന്നതിലും തൂക്കത്തിലെ തട്ടിപ്പും ഉപഭോക്താവിന് അജ്ഞാതമായതിനാല്‍ ഏറെ കബളിപ്പിക്കപ്പെടുന്നു. പലപ്പോഴും ത്രാസുകള്‍ സീല്‍ ചെയ്യപ്പെടാറില്ലെന്നും സീല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് കടയില്‍ പ്രദര്‍ശിപ്പിക്കണമെന്നുമുള്ള കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അറിയണ മെന്നില്ല.