"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

'ബ്രെക്‌സിറ്റ്' : അനിവാര്യമാക്കിയത് നവലിബറലിസം - പി. ജെ ജയിംസ്


'ബ്രെക്‌സിറ്റി'യുടെ യൂറോപ്പിലെ രണ്ടാമത്തെയും ലോകത്തെ അഞ്ചാമത്തെ യുംസാമ്പത്തിക ശക്തിയായ ബ്രിട്ടണ്‍ പുറത്തേക്കു പോകുമ്പോള്‍ അവിചാരിതവും വിശദീകരിക്കാനാവാത്തതുമായ പ്രഹേളികയായിട്ടാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അതിനെ വിലയിരുത്തുന്നത്. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശക്രമത്തെയും ഫിനാന്‍സ് മൂലധനത്തിന്റെ ചലനക്രമങ്ങളെയും നിര്‍ദിഷ്ഠ ചരിത്ര സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ഒറ്റദിവസം കൊണ്ടുണ്ടായ ഒരു പ്രതിഭാസമല്ല ഇപ്പോഴത്തേതെന്നു മനസ്സിലാകും. രണ്ടാം ലോകയുദ്ധം പഴയ രീതിയിലുള്ള കോളനി വല്‍ക്കരണത്തിന് വിരാമമിടുകയും അപകേളനീകരണത്തിലൂടെ പുത്തന്‍ കോളനിവല്‍ക്കരണത്തിലേക്കു നീങ്ങാന്‍ സാമ്രാജ്യത്വത്തെ നിര്‍ബന്ധിതമാക്കുകയും ചെയ്തപ്പോള്‍ ലോകാധിപത്യത്തിലേക്കു വന്ന അമേരിക്ക 'ശീതയുദ്ധം' കെട്ടഴിച്ചുവിട്ടുകൊണ്ട് സോവിയറ്റ് യൂണിയനും സോഷ്യലിസത്തിനുമെതിരെ മുന്നോട്ടു വന്നതിനൊപ്പം യൂറോപ്പില്‍ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനും യൂറോപ്യന്‍ രാജ്യങ്ങളെയാകമാനം ലോകമുതലാളിത്തത്തിനു കീഴില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനും മുന്‍കൈ എടുത്തു. മാര്‍ഷല്‍ പദ്ധതി എന്ന പേരില്‍ ദശലക്ഷക്കണക്കിനു കോടി ഡോളര്‍ യൂറോപ്പിലേക്കൊ ഴുക്കുകയും യുദ്ധം മൂലം തകര്‍ന്നുപോയ യൂറോപ്യന്‍ രാജ്യങ്ങളെ യൂറോപ്യന്‍ സാമ്പത്തിക സമൂഹമെന്നും യൂറോപ്യന്‍ പൊതുവിപണിയെന്ന പേരിലും മറ്റും പുനഃസംഘടിപ്പിക്കാന്‍ നേതൃത്വം കൊടുക്കുകയും ചെയ്തു. ഇത് ഒരു ഭാഗത്ത് അമേരിക്കയുടെ മൂലധനനിക്ഷേപം പലമടങ്ങ് വര്‍ദ്ധിപ്പിക്കുകയും മറുഭാഗത്ത് ഒരു ഏകീകൃത മുതലാളിത്ത കോട്ടയായി യൂറോപ്പിനെ നിലനിര്‍ത്തുകയും ചെയ്തു. നാറ്റോയെന്ന സൈനികസഖ്യം രൂപീകരിച്ചുകൊണ്ട് സോവിയറ്റ് യൂണിയനെതിരെ മുതലാളിത്ത യൂറോപ്പിനാവശ്യമായ സൈനിക കവചം ഒരുക്കുകയും ചെയ്തു. 1990 കളുടെ തുടക്കത്തില്‍ ബെര്‍ലിന്‍ മതില്‍ തകരുകയും സോവിയറ്റ് യൂണിയന്റെ പതനത്തോടൊപ്പം അതിന്റെ ഉപഗ്രഹങ്ങളായ കിഴക്കന്‍ യൂറോപ്യന്‍ രാജജ്യങ്ങള്‍ പലതും മുതലാളിത്ത യൂറോപ്പിന്റെ ഭാഗമാകുകയും നവഉദാരനയം ആധിപത്യ ത്തിലേക്കു വരികയും ചെയ്ത സന്ദര്‍ഭത്തിലാണ് 28 രാജ്യങ്ങള്‍ ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ 1993 ല്‍ ഔപചാരികമായി നിലവില്‍ വന്നത്. 


വാസ്തവത്തില്‍,  ഫിനാന്‍സ് മൂലധനത്തിന്റെ അഖിലയൂറോപ്യന്‍ (pan - European) താല്പര്യങ്ങളില്‍ നിന്ന് ആറു ദശാബ്ദങ്ങള്‍ക്കു മുമ്പ് ആരംഭിച്ച് നവഉദാരനയങ്ങളിലൂടെ കൂടുതല്‍ ഉദ്ഗ്രഥിച്ച പ്രക്രിയ മുതലാളിത്ത വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ വര്‍ത്തമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തുടര്‍ന്നു പോകില്ലെന്ന യാഥാര്‍ത്ഥ്യമാണ് ബ്രെക്‌സിറ്റിലൂടെ ഇപ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്. സോഷ്യലിസത്തിനെതിരെ ഒരു പ്രത്യയശാസ്ത്ര ആയുധമായി കെയ്‌നീഷ്യന്‍ ക്ഷേമരാഷ്ട്രം വിഭാവനം ചെയ്തുകൊണ്ടും ഉല്പാദന- തൊഴില്‍ മേഖലകള്‍ വികസിപ്പിച്ചുകൊണ്ടും തൊഴിലാളികള്‍ക്കും അദ്ധ്വാനിക്കുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും പല യൂറോപ്യന്‍ രാജ്യങ്ങളിലും സ്ത്രീകള്‍ക്കു വോട്ടവകാശം ഉറപ്പാക്കിക്കൊണ്ടും (ഉദാഹരണത്തിന് ഫ്രഞ്ചു വിപ്ലവത്തിന്റെ നാടായ ഫ്രാന്‍സില്‍ 1945 ല്‍ മാത്രമാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം ഉറപ്പായത്) രണ്ടാം ലോകയുദ്ധാനന്തരമുള്ള കാല്‍നൂറ്റാണ്ടുകാലം മുതലാളിത്തം പ്രക്ഷേപിച്ച 'സുവര്‍ണയുഗ'ത്തിന്റെ ചരിത്രസന്ദര്‍ഭത്തിലാണ് ഏകീകൃത മുതലാളിത്ത യൂറോപ്പ് എന്ന ആശയം യൂറോപ്യന്‍ ഫിനാന്‍സ് കുത്തകകളും ഭരണവര്‍ഗ്ഗങ്ങളും സ്ഥാപിച്ചെടുത്തത്. ഇക്കാലയളവില്‍, അമേരിക്കന്‍ - യൂറോപ്യന്‍ ഫിനാന്‍സ് കുത്തകകള്‍ യൂറോപ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെയും ലോക ജനതയെയും വിധേയമാക്കിയ കൊള്ളയും സമ്പത്തു സമാഹരണവും ക്ഷേമരാഷ്ട്രത്തിന്റെ മുഖം മൂടിക്കുള്ളില്‍ വിദഗ്ധമായി മറക്കപ്പെട്ടു. കോര്‍പ്പറേറ്റ് - ആദായനികുതികളും ഭരണകൂടത്തിന്റെ സാമൂഹ്യച്ചെലവുകളും ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന സ്‌കാന്റിനേവിയന്‍ രാജ്യങ്ങളാകട്ടെ മാതൃകാ ക്ഷേമരാഷ്ട്രങ്ങളായി കൊണ്ടാടപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു ന്യൂനപക്ഷത്തിലും പ്രത്യേക കേന്ദ്രങ്ങളിലും സമ്പത്തു കേന്ദ്രീകരി ക്കുകയും ബഹുഭൂരിപക്ഷത്തെയും പാപ്പരീകരിക്കുകയുമെന്ന മൂലധനത്തിന്റെ അനിവാര്യനിയമങ്ങളും ജനങ്ങളുടെ ക്രയശേഷിയില്ലായ്മയും ലാഭനിരക്കിലെ ഇടിവും എഴുപതുകളോടെ ക്ഷേമരാഷ്ട്രം കുഴിച്ചുമൂടാന്‍ മുതലാളിത്തത്തെ പ്രേരിപ്പിച്ചു. കുപ്രസിദ്ധമായ താച്ചറുടെ നയങ്ങള്‍ ഇതിനു ശക്തിപകരുകയും താച്ചറിസം യൂറോപ്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ പ്രത്യയശാസ്ത്രമാകുകയും ചെയ്തു. തൊഴിലാളികളുടെയും വിശാല ജനവിഭാഗങ്ങളുടെയും ക്ഷേമപദ്ധതികളും ജനാധിപത്യാവകാശങ്ങളും ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും കവര്‍ന്നെടുക്കപ്പെട്ടു. തൊഴിലാളി പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തി 'ഉരുക്കു വനിത'യെന്ന പ്രശസ്തി പിടിച്ചു പറ്റിയ താച്ചറുടെ ചുവടുപിടിച്ച് മധ്യ - ഇടതു പക്ഷമെന്നറിയപ്പെട്ടിരുന്ന ലേബര്‍ പാര്‍ട്ടി മധ്യ - വലതും ക്രമേണ വലതുപക്ഷവുമായി പരിണമിച്ചു. കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ക്കശമായ നിയമങ്ങള്‍ നിലവില്‍ വന്നു. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച മുതലാളിത്ത യൂറോപ്പിനെപ്പറ്റിയുള്ള ഭരണവര്‍ഗ്ഗ വ്യാമോഹങ്ങള്‍ക്ക് ശക്തിപകരുകയും കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നുള്ള കൂലി കുറഞ്ഞ അദ്ധ്വാനശേഷിയെ മുതലാക്കി ജര്‍മ്മനി യൂറോപ്യന്‍ 'പവര്‍ഹൗസാ'യി ശക്തിപ്പെടുകയും ചെയ്തു. അതേസമയം, നവഉദാരനയങ്ങള്‍ എല്ലായിടത്തും ശക്തിപ്പെട്ടതോടെ ഉല്പാദനമേഖലകളെ അപേക്ഷിച്ച് പെട്ടെന്ന് സമ്പത്തു സമാഹരിക്കാവുന്ന റിയല്‍ എസ്റ്റേറ്റ്- ഊഹ - ധനകാര്യ മേഖലകളിലേക്ക് കോര്‍പ്പറേറ്റ് മൂലധനം ചേക്കേറി. തൊഴിലില്ലായ്മ പെരുകി. തൊഴിലാളികളുടെയും വിശാല ജനവിഭാഗങ്ങളുടെയും കുടിയേറ്റക്കാരുടെയും ജീവിതം ദുസ്സഹമായി. യൂറോപ്യന്‍ യൂണിയനിലെ ദുര്‍ബല കണ്ണിയായ ഗ്രീസ്, സൈപ്രസ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടക്കെണിയിലാകുകയും പ്രധാനമായും ജര്‍മ്മനിയുടെ നിയന്ത്രണത്തിലുള്ള യൂറോപ്യന്‍ ബാങ്കുകളുടെയും ധനകാര്യകോര്‍പ്പ റേഷനുകളുടെയും സര്‍വോപരി ഐഎംഎഫിന്റെയും ആശ്രിതരാകുകയും ചെയ്തു. 


2007 - 08 ല്‍ ഭവനവായ്പാ പ്രതിസന്ധിയിലൂടെയും വാള്‍സ്ട്രീറ്റ് തകര്‍ച്ചയിലൂടെയും അമേരിക്കയിലാരംഭിച്ച് ലോകമെങ്ങും പടര്‍ന്ന് ലോകത്തെ രണ്ടാമത്തെ മുതലാളിത്ത ശക്തിയായ ചൈനയെ അടക്കം ബാധിച്ച സാമ്പത്തിക പ്രതിസന്ധി രാജ്യങ്ങളുടെ ''കടപ്രതിസന്ധി'' (sovereign debtcrisis) എന്ന പേരില്‍ ഏറ്റവുമധികം ഉലച്ചത് യൂറോപ്യന്‍ യൂണിയനെയാണെന്നു കാണാം. മറ്റെല്ലായിടത്തുമെന്നപോലെ, ''ഉത്തേജക പാക്കേജുകള്‍'' (stimulus packages) എന്ന പേരില്‍ ട്രില്യണ്‍ കണക്കിനു (ഒരു ട്രില്യണ്‍ = ലക്ഷം കോടി) യൂറോയാണ് കോര്‍പ്പറേറ്റ് കുത്തകകളിലേക്കൊ ഴുക്കിയത്. ഇതിന്റെ ഭാരം മുവുവന്‍ തൊഴിലാളികളും അദ്ധ്വാനിക്കുന്ന ബഹുജനങ്ങളും പേറേണ്ടി വന്നു. ജനങ്ങള്‍ക്കിടയിലും പ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വങ്ങള്‍ അഭൂതപൂര്‍വ്വമായി. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്റെ ചുറ്റുവട്ട രാജ്യങ്ങള്‍ അഥവാ ദുര്‍ബലകണ്ണികള്‍ എന്നറിയപ്പെട്ടവ പാപ്പരായപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും പോലുള്ള 'കേന്ദ്ര'ങ്ങളിലേക്കും പ്രതിസന്ധി ക്രമേണ പടര്‍ന്നു. 


യൂറോപ്യന്‍ പ്രതിസ ന്ധിയെ രൂക്ഷമാക്കുന്നതില്‍ നിരവധി 'ബാഹ്യ' ഘടകങ്ങളും പങ്കു വഹിച്ചു. നാറ്റോയെ ഉപയോഗിച്ച് ഈയടുത്ത കാലത്ത് ഉക്രൈയിനിലും സമീപപ്രദേശങ്ങളിലും അമേരിക്ക നടത്തിയ ഇടപെടലുകള്‍ യൂറോപ്പിലാകെമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. 1980 കളിലെ അഫ്ഗാന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായി ഇറാഖിലും പശ്ചിമേഷ്യയിലുടെനീളവും വടക്കേ ആഫ്രിക്കയിലും അമേരിക്കയും യൂറോപ്യന്‍ ശക്തികളും നടത്തിയ കൊള്ളയും സൈനികാക്രമണവും കൂട്ടക്കൊലകളും കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളില്‍ 6.5 കോടി മനുഷ്യരെയാണ് അഭയാര്‍ത്ഥികളാക്കിയത്. യൂറോപ്പിനെ ലക്ഷ്യമാക്കിയുള്ള ഇവരുടെപലായനത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 30000 പേര്‍ മുങ്ങിമരിക്കുകയുണ്ടായി. നവഉദാര സാമ്പത്തിക - സൈനിക നയങ്ങള്‍ ഇപ്രകാരം യൂറോപ്പിലേക്ക് അഭൂതപൂര്‍വ്വമായ അഭയാര്‍ത്ഥി പ്രവാഹത്തിനു കാരണമാ ക്കിയിരിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക - സൈനിക നയങ്ങള്‍ തിരുത്തിക്കൊണ്ടും പുനരധിവാസപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടും ഇതിനു പരിഹാരം കാണാന്‍ വര്‍ഗ്ഗപരമായ കാരണങ്ങളാല്‍ തയ്യാറല്ലാത്ത യൂറോപ്യന്‍ കോര്‍പ്പറേറ്റ് മൂലധനവും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നവനാസി- ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ കയറൂരിവിട്ട് അഭയാര്‍ത്ഥികളെയും തൊഴിലാളികളെയും ഒതുക്കാനാണ് ശ്രമിക്കുന്നത്. ഈയിടെ ബ്രിട്ടീഷ് ലേബര്‍ എംപിയായിരുന്ന ജോ കോക്‌സിനെ കൊലപ്പെടുത്തിയതടക്കം എണ്ണമറ്റ സംഭവങ്ങള്‍ നവഫാസിസവും തീവ്ര - സങ്കുചിത ദേശിയ വാദവും യൂറോപ്പിലാകകെമാനം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.

എടുത്തു പറയേണ്ട മറ്റൊരു ഘടകം വര്‍ദ്ധിച്ചു വരുന്ന 'ഇസ്ലാമോഫോബിയ' ആണ്. പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും സ്വന്തം മൂലധന താല്പര്യങ്ങള്‍ക്കായി ദശലക്ഷക്കണക്കിനു മനുഷ്യരെയാണ് യൂറോപ്യന്‍ സാമ്രാജ്യവാദികളുടെ ഒത്താശയോടെ അമേരിക്ക കൊന്നൊടുക്കിയത്.എണ്ണമറ്റ സര്‍ക്കാരുകളെ ഈ പ്രക്രിയയില്‍ അട്ടിമറിച്ച് സമൂഹങ്ങളെയാകെ ശിഥിലീകരിച്ചു നാമാവശേഷമാക്കി. ഈ സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി താലിബാനും അല്‍കൈ്വദയും ബൊക്കോ ഹറാമും മുതല്‍ ഐ എ എസ് വരെയുളള മതഭീകരപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുത്തു. താല്ക്കാലിക ഉപയോഗം കഴിഞ്ഞപ്പോള്‍ ഇവക്കെതിരെ തന്നെ തിരിഞ്ഞു. അടുത്ത കാലത്തെ യുറോപ്പിലെയും അമേരിക്കയിലെയും ഭീകരാക്രമണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ ട്രംപ് മുതല്‍ യൂറോപ്പിലെ നവനാസികള്‍ വരെ ഇസ്ലാം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും മുഖമുദ്രമാക്കിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന മുറക്ക് കോര്‍പ്പറേറ്റ് മൂലധനശക്തികള്‍, അവരുടെ ഭരണകൂടങ്ങള്‍ ജനകീയ രോഷത്തെ വഴിതിരിച്ചു വിടാന്‍ കുടിയേറ്റവിരുദ്ധതയും മത -വംശീയതയും സങ്കുചിത -തീവ്രദേശിയതയുമെല്ലാം വേണ്ട ചേരുവയില്‍ ഫലപ്രദമായി ഉപയോഗിക്കുകയാണിത്. വലതുപക്ഷത്തിനൊപ്പം രാഷ്ട്രീയവ്യക്തയില്ലാത്ത കപട ഇടതു പക്ഷവും ഈ ഭരണവര്‍ഗ്ഗ വ്യതിചലന തന്ത്രത്തില്‍ കുടുങ്ങിയതിന്റെ സൂചനകളാണ് ബ്രിട്ടനില്‍ നിന്നും മറ്റുമുളള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഇതിന്നിപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഒരു ഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ പുറത്തു വരുന്നതിനുളള രാഷ്ട്രീയ തീരുമാനമെടുക്കുമ്പോള്‍, അതു ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു വഴിത്തിരിവെന്നതിനൊപ്പം 2008 മുതല്‍ ലോകമുതലാളിത്തം നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധി കൂടുതല്‍ വിനാശകരമായ ഒരു തലത്തിലേക്കു കടക്കുന്നതിനെ അടയാളപ്പെടുത്തുക കൂടിയാണു ചെയ്യുന്നത്. യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെയും കോമണ്‍ മാര്‍ക്കറ്റിന്റെയും തുടര്‍ച്ചയായി 1993 ലെ മാസ്ട്രിച്ച് ഉടമ്പടിയാല്‍ നിലവില്‍ വന്നതും 28 രാജ്യങ്ങളും 50 കോടി ആളുകളും ആഗോള ജി ഡി പി യുടെ 24 ശതമാനം ഉള്‍ക്കൊളളുന്നതുമായ യൂറോപ്യന്‍ യൂണിയന് അതിജീവിക്കാനാവാത്തവിധം അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ രൂക്ഷമായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജര്‍മനിയും ജനങ്ങളെ കൊളളയടിക്കുന്നതില്‍ അതുമായി മത്സരിക്കുന്നതിന് പരിമിതികള്‍ നേരിടുന്ന ബ്രിട്ടീഷ് കോര്‍പ്പറേറ്റുകളും തമ്മിലുളള വൈരുദ്ധ്യമാണ് ഇപ്പോഴത്തെ ബ്രെക്‌സിറ്റിന്റെ പിന്നിലെ ഘടകം. തീര്‍ച്ചയായും, യൂറോപ്യന്‍ കോര്‍പ്പറേറ്റ് ഉദ്ഗ്രഥനത്തില്‍ പങ്കെടുത്തുകൊണ്ടു നേട്ടമുണ്ടാക്കണമെന്ന പക്ഷക്കാരും സജീവമാണ്. ഇവര്‍ക്കിടയിലെ വൈരുദ്ധ്യത്തില്‍ തൊഴിലാളികളിലും മധ്യവര്‍ഗ്ഗങ്ങളിലും ഇസ്ലാമോഫോബിയയും കുടിയേറ്റ വിരുദ്ധതയും വംശീയ -പോപുലിസ്റ്റ് മുദ്രാവാക്യങ്ങളിലൂടെ സന്നിവേശിപ്പിച്ച് ബ്രെക്‌സിറ്റിന് അനുകൂലമാക്കിയതാണ് ഹിതപരിശോധനയിലൂടെ ഉണ്ടായത്. ഒരുവേള യൂറോപ്യന്‍ ഉദ്ഗ്രദനത്തിന്റെ വക്താക്കളെക്കാള്‍ താരതമ്യേന തീവ്രവലതു നയങ്ങളുടെ വക്താക്കളാണ് വിട്ടുപോക്കിനു വേണ്ടി നിലകൊളളുന്നവരെന്നും രണ്ടു ഭരണ വര്‍ഗ്ഗ വിഭാഗങ്ങളും തമ്മിലുളള അന്തരം അളവു പരം മാത്രമാണന്നും ഗുണപരമല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. എന്നാലതേ സമയം, ബ്രെക്‌സിറ്റ് യുറോപ്യന്‍ മൂലധന കേന്ദ്രങ്ങളെ മാത്രമല്ല , ആഗോള ഫിനാന്‍സ് വ്യവസ്ഥയെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്.ലോകമെങ്ങുമുളള ഓഹരി നാണയ വിപണികള്‍ ഉലയുക മാത്രമല്ല, ഒറ്റദിസവം കൊണ്ട് ട്രില്യണ്‍ കണക്കിന് ഡോളറാണ് സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നഷ്ടമായത്. ഈയവസരത്തിലും നാറ്റോയില്‍ ബ്രിട്ടനെ പിടിച്ചു നിര്‍ത്തി തങ്ങളുടെ യൂറോപ്യന്‍ പശ്ചിമേഷ്യന്‍ താല്പര്യങ്ങള്‍ ഉറപ്പു വരുത്താനാണ് അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

വളരെ ചുരുക്കത്തില്‍, ബ്രെറ്റ്‌സിനു പുറകെ ബ്രെക്‌സിറ്റും(ഫ്രാന്‍സ്)െനറ്റ്‌സിറ്റും (നെതര്‍ലന്റ്‌സ്) സാധ്യമാകുംവിധം ദേശീയ സങ്കുചിത വാദം ശക്തിപ്പെടുകയും യൂറോപ്പിലാകെമാനം നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്യുമ്പോള്‍, യൂറോപ്യന്‍ യൂണിയനില്‍ നിലവില്‍ വന്നതും അതു ശിഥിലമാകുന്നതും രണ്ടു വ്യത്യസ്ത ചരിത്ര സാഹചര്യങ്ങളിലെ ഫിനാന്‍സ് മൂലധനത്തിന്റെ തന്നെ ചലനക്രമങ്ങളിലൂടെയാണെന്നു ള്ള തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ഇടതുപക്ഷ ത്തിന്റെ പ്രത്യയശാസ്ത്ര - രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും അപകോളനീകരണത്തിന്റെയും ക്ഷേമരാഷ്ട്രത്തിന്റെയും 'സുവര്‍ണയുഗ' ത്തിന്റെയും ശീതയുദ്ധത്തിന്റെയുമെല്ലാം ചരിത്ര പശ്ചാത്തലവുംതുടര്‍ച്ചയുമാണ് യൂറേപ്യന്‍ യൂണിയനുള്ള ഭൗതിക സാഹചര്യം ഒരുക്കിയതെങ്കില്‍ ഇവയെല്ലാം നവഉദാരീകരണത്തിനു വഴിമാറിയ വര്‍ത്തമാന ഘട്ടത്തില്‍ യൂറോപ്യന്‍ ഉല്‍ഗ്രന്ഥനത്തിനുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്‌ക്കാരിക ഘടകങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ 'വിടുതല്‍ വാദി'കളുടെയും 'ഉല്‍ഗ്രഥന വാദി'കളുടെയും പിന്തിരിപ്പന്‍ അവസരവാദപരമായി ഇഴയുന്ന ലേബര്‍ പാര്‍ട്ടി പോലുളള വ്യവസ്ഥാപിത കക്ഷികളില്‍ നിന്നുംകപട ഇടതുപക്ഷത്തില്‍നിന്നും കുതറിമാറി മൂലധനവ്യവ്സ്ഥക്കും നവഉദാര കോര്‍പ്പറേറ്റ് നയങ്ങള്‍ക്കുമെതിരെ ഒരു രാഷ്ട്രീയ ബദല്‍ മുന്നോട്ടുവെച്ച് സ്വതന്ത്രമുന്‍കൈ വളര്‍ത്തിയെടുക്കാനും തൊഴിലാളി വര്‍ഗ്ഗവും പാര്‍ശ്വവല്‍കൃത-മര്‍ദിതവിഭാഗങ്ങളും പുരോഗമന ജനാധിപത്യ ശക്തികളുമെല്ലാമടങ്ങുന്ന ഒരു പുതിയ യൂറോപ്പ് കെട്ടിപ്പടുക്കാനും മുന്നിട്ടിറിങ്ങുകയല്ലാതെ മറ്റു കുറുക്കു വഴികളൊന്നുമില്ല.