"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

സ്വര്‍ണം: പണിക്കൂലിയില്ലാത്ത തൊഴില്‍ - ശശിക്കുട്ടന്‍ വാകത്താനം



ലോകത്ത് പണിക്കൂലി ഇല്ലാത്ത ഏക തൊഴില്‍ സ്വര്‍ണപ്പണിമാത്രമാണ് എന്ന നിലയിലാണ് സ്വര്‍ണവ്യാപാരികളുടെ പരസ്യം. പഴയ കൈമാറ്റ വ്യവസ്ഥയില്‍നിന്നും നാണയ വ്യവസ്ഥയിലേക്കു ലോകം മാറിയത് അറിഞ്ഞില്ല എന്നാണ് പണിക്കൂലി സൗജന്യം എന്നു പരസ്യപ്പെടുത്തി ക്കൊണ്ട് സ്വര്‍ണാഭരണങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്നത് എന്നു തോന്നിപ്പോകും. മറ്റെന്തിനേക്കാളും കൂടുതല്‍ പണിക്കൂലിയാണ് സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കാന്‍ കാരണമെന്ന ധ്വനിയും ഇതിലുണ്ട്. പണിക്കൂലി മാത്രമല്ല പണിക്കുറവും ചിലര്‍ സൗജന്യമാക്കുന്നു. പണിയിലുണ്ടാകുന്ന നഷ്ടം എങ്ങനെയാണ് ഉപഭോക്താക്കളെ ബാധിക്കുന്നത്. ആഭരണവ്യവസായത്തിലെ ഇത്തരം മായക്കാഴ്ചകളുടെ തിളക്കത്തില്‍ ഇതൊന്നും ഉപഭോക്താക്കള്‍ അറിയുന്നില്ല എന്നുവേണം കരുതാന്‍. അത്തരത്തിലാണ് പരസ്യം.

ബ്രിട്ടീഷുകാരുടെ കാലത്ത് ഫാക്ടറി തൊഴിലാളികള്‍ക്ക് കൊടുത്തിരുന്ന വേതനത്തിന് 'പട്ടിണി കൂലി' എന്നാണു പറഞ്ഞിരുന്നത്. എന്നാലും തൊണ്ടുതല്ലുന്നതിനും കയറു പിരിക്കുന്നതിനും പട്ടുനെയ്യുന്നതിനും കൂലിയുണ്ടായിരുന്നു. ആസ്ഥാനത്ത് ഇവിടെയിതാ ലോകത്തിലെ ഏറ്റവും വിലക്കൂടിയ വസ്തു പണിയുന്നതിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും കൂലിയില്ല.

പണ്ട് സ്വര്‍ണത്തൊഴിലാളികള്‍ക്ക് കടക്കാരന്‍ പണിക്കൂലി ആയിരുന്നില്ല കൊടുത്തിരുന്നത്. ആഭരണം പണിയുമ്പോള്‍ ഉണ്ടാകുന്ന പണിക്കുറവാ യിരുന്നു കൂലിയായി കണക്കാക്കിയിരുന്നത്. പുറത്തുനിന്നും ആഭരണം വരാന്‍ തുടങ്ങിയതോടെ ഇതും കച്ചവടക്കാരനു ലാഭമായി. അതോടെ സ്വര്‍ണപ്പണിക്കാരുടെ ആവശ്യവും ഇല്ലെന്നായി.

ലോകത്തുള്ള ഏതൊരു വസ്തുവിന്റെ വിലയും മനുഷ്യാദ്ധ്വാനത്തിലാണ് അളക്കപ്പെടുന്നത്. അസംസ്‌കൃത വസ്തുവിന്റെ ലഭ്യത, ഉല്‍പ്പന്നത്തിലേ ക്കെത്താനുള്ള മനുഷ്യാദ്ധ്വാനം, അതിനുവേണ്ടിവരുന്ന ഇതര ഊര്‍ജ്ജം ഇവയെല്ലാം കൂടിവരുന്നതാണ് ആ വസ്തുവിന്റെ വില. ആ വസ്തു കൈമാറ്റം ചെയ്തു വരുമ്പോഴുണ്ടാകുന്ന ലാഭമാണ് മിച്ചമൂല്യം. ഇത്തരത്തിലുണ്ടാക്കുന്ന ലാഭത്തിനു പുറത്ത് ആ അദ്ധ്വാനത്തിന് കൂലിയില്ല എന്ന പരസ്യ പ്രസ്താവന നിയമ വിരുദ്ധവും തൊഴിലാളിയെ അപമാനിക്കുന്നതും അവനെ വിലക്കു വാങ്ങിക്കുന്നതിനും തുല്യമാണ്.

പ്ലാറ്റിനം കഴിഞ്ഞാല്‍ ലോകത്തേറ്റവും വിലയുള്ളതും നിക്ഷേപ വസ്തു എന്ന നിലയില്‍ മനുഷ്യര്‍ സൂക്ഷിക്കുന്നതുമാണ് സ്വര്‍ണം.(നിക്ഷേപ വസ്തു എന്ന നിലയില്‍ സ്വര്‍ണത്തിന് പഴയ പ്രാധാന്യം ഇപ്പോഴില്ല) ഭാരതീയരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം വിലപ്പിടിപ്പുള്ള വസ്തു എന്നതിലുപരി ആരാധ്യവസ്തു കൂടിയാണ്. അങ്ങനെയുള്ള ഒരു വസ്തുവിന് പണിക്കൂലി സൗജന്യം എന്നു പരസ്യപ്പെടുത്തുമ്പോള്‍ അതു പണിയുന്ന തൊഴിലാളി എങ്ങനെയാണ് ഉപജീവനം നടത്തുന്നത്. അഥവാ ഈ തൊഴിലാളി പഴയതുപോലെ അടിമയായി പണിയെടുക്കുകയും ഉടമക്കു തോന്നിയതു കൊടുക്കുകയുമാണോ ചെയ്യുന്നത്. അഥവാ പണിക്കൂലി സൗജന്യമായി ക്കൊടുക്കുകവഴി കട ഉടമ സ്വര്‍ണപ്പണിക്കാരുടെയും ഉപഭോക്താക്കളു ടെയും മുന്നില്‍ ഉദാര മനസ്‌ക്കനായി ത്തീരുകയും ചെയ്യുന്ന മറ്റൊരു തന്ത്രവും ഇവിടെ പ്രയോഗിക്കുന്നു. കച്ചവട തന്ത്രം എന്ന നിലയില്‍ ഉപഭോക്താക്കളെ ഈ വിധത്തില്‍ പരസ്യമായി കബളിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.

ഇതോടൊപ്പം പണിക്കൂലിയും പണിക്കുറവും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന മറ്റൊരു തന്ത്രവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്വര്‍ണാഭരണം വാങ്ങാനാണ് ജനങ്ങള്‍ എത്തുന്നത്. അവിടെ സ്വര്‍ണത്തിന്റെ വിലയുടെ കൂട്ടത്തില്‍ പണിക്കൂലിയും പണിക്കുറവും കൂട്ടിച്ചേര്‍ത്താണ് വിലവാങ്ങുന്നത്. ഒരുലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങുമ്പോള്‍ 20 ശതമാനക്കണക്കില്‍ 1,20,000രൂപ വരെ (20%) കൊടുക്കേണ്ടി വരുന്നു. (ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് മുപ്പത് മുപ്പത്തഞ്ച് ശതമാനംവരെ ഈടാക്കുന്നുണ്ട്.) നാട്ടിലുള്ള സ്വര്‍ണപ്പണിക്കാ രെക്കൊണ്ടു പണിയിച്ചാല്‍ ഒരുലക്ഷം രൂപയുടെ ആഭരണത്തിന് പണിക്കൂലിയും പണിക്കുറവും കൂട്ടിയാല്‍ പരമാവധി 3500 രൂപയില്‍ കൂടുതല്‍ ആകുകയില്ലെന്ന് കോട്ടയത്തെ സ്വര്‍ണപ്പണിക്കാരനും കട ഉടമയുമായ എഴുമാവില്‍ അശോകന്‍ പറയുന്നു. ചിലര്‍ 20 ശതമാനം എടുക്കുമ്പോള്‍ മറ്റുചിലര്‍ 15 ശതമാനമേ എടുക്കുന്നുള്ളു. ഒരുലക്ഷത്തിനു 20 ശതമാനം വെച്ച് രണ്ടു ലക്ഷമാകുമ്പോള്‍ ആത് 40 ശതമാനമാകും ഇത്തരത്തിലാണ് പണിക്കൂലി കൂട്ടിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണത്തിന്റെ മാറ്റിലും പ്രകടമായ വ്യത്യാസം വരുന്നുണ്ട്. 916 എന്ന ലേബലില്‍ വലിയ കബളിപ്പിക്കലും ഈ മേഖലയില്‍ നടക്കുന്നു. മറ്റൊരു കച്ചവടത്തിലും ഇത്തരം തന്ത്രം പ്രയോഗിക്കുന്നില്ല.

കേരളത്തിലെ സ്വര്‍ണ വ്യവസായ രംഗം അനുദിനം പുഷ്ടിപ്പെട്ടു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത 6000 സ്വര്‍ണക്കടകള്‍ കേരളത്തിലുണ്ട്. അതിലെത്രയോ കൂടുതലാണ് സ്വര്‍ണ കടകളുടെ എണ്ണം. രജിസ്റ്റര്‍ചെയ്ത കടകള്‍ വഴി ഒരു വര്‍ഷം 90 ടണ്ണിലധികം സ്വര്‍ണം വില്‍പന നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക നിഗമനം.(കൃത്യമായ കണക്കുകള്‍ തരാന്‍ ഔദ്യോഗിക കക്ഷികള്‍ക്കു പോലും കഴിയുന്നില്ല. അത്തരത്തില്‍ ഒരു സങ്കീര്‍ണ്ണത സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കച്ചവടത്തിനു രഹസ്യ സ്വഭാവം ഉള്ളതിനാല്‍ ചില കാര്യങ്ങളുടെ വിവരം കൊടുക്കാന്‍ പാടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി.)

തട്ടാന്മാരെ ഇരുത്തി പഴയ രീതിയില്‍ സ്വര്‍ണം ഉരുക്കി കമ്പി വലിച്ച് അടകല്ലില്‍ വെച്ച് അടിച്ച് ആഭരണം ഉണ്ടാക്കുകയല്ല ഇപ്പോള്‍ ചെയ്യുന്നത്. കമ്പ്യൂട്ടര്‍ ഡിസൈനിങ്ങിലൂടെ പുതിയതരം ആഭരണം യന്ത്ര സംവിധാന ത്തി ലൂടെയാണ് പുറത്തിറക്കി ക്കൊണ്ടിരിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് പവന്‍ കണക്കിന് ആഭരണങ്ങള്‍ പുറത്തുവരുന്നു. തൃശൂര്‍ മാത്രം കേന്ദ്രീക രിച്ച് (കേരളത്തിലെ സ്വര്‍ണ നഗരമാണ് തൃശൂര്‍) ഇത്തരത്തില്‍ 3000 ത്തോളം സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റുണ്ട്. അവിടങ്ങളിലായി 40,000 ത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. നേരിട്ടും അല്ലാതെയും 2,00,000 ത്തോളം പേര്‍ക്ക് ഈ മേഖലയില്‍ ഇപ്പോള്‍ പണിയുണ്ട്. ബംഗാള്‍, ബീഹാര്‍, മഹാരാ ഷ്ട്ര, ഒറീസ എന്നിവിടങ്ങളിലുള്ള വരാണ് അധികവും പണിയെടുക്കുന്നത്. പരമ്പരാഗത മേഖലയില്‍നിന്നും ഇവിടെ പണിയെടുക്കുന്നവര്‍ നാമമാത്രമാണ്.

പണിക്കൂലിയും പണിക്കുറവും ഒഴിവാക്കി വാങ്ങുന്ന സ്വര്‍ണാഭരണം വില്‍ക്കാന്‍ ചെല്ലുമ്പോള്‍ 10,000 രൂപയുടെ ആഭരണത്തില്‍ നിന്നും പണിക്കൂലിയും തേയ്മാനവും പഴക്കവും കണക്കാക്കി കുറച്ചുകഴിയുമ്പോള്‍ കിട്ടുന്നത് 7000 ത്തിനടുത്തു തുക മാത്രമായിരിക്കും.

ജ്വല്ലറികള്‍ എന്നാല്‍ ആഭരണ കച്ചവടം നടത്തുന്ന സ്ഥാപനമാണ്. അതിനു പണിക്കൂലി ഇല്ലെന്നു പറയുന്നതു തന്നെയാണ് ആദ്യത്തെ കബളിപ്പിക്കല്‍. സ്വര്‍ണത്തിന്റെ മാര്‍ക്കറ്റു വിലയുടെ കൂട്ടത്തില്‍ (അതാകട്ടെ രാവിലെയും വൈകിട്ടും വില മാറിക്കൊണ്ടിരിക്കുകയും ചെയ്യും) പണിക്കൂലിയും ടാക്‌സും ആഭരണത്തിന്റെ ഫാഷനിലെ ഡിമാന്റും കൂടിച്ചേര്‍ന്നതാണ് അതിന്റെ വില. രണ്ടോ മൂന്നോ പവന്‍ പണിയുന്ന തട്ടാന്മാരെ കള്ളന്മാരെന്നു മുദ്രകുത്തുന്നവര്‍ വന്‍കിടക്കാരനുമുന്നില്‍ ഭക്തിപുരസരം ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ച നിത്യേനയെന്നവണ്ണം നമ്മുടെ കണ്‍മുന്നിലുണ്ട്.

ലോകത്തിലെ വലിയ കച്ചവടക്കാരായ വാള്‍മാര്‍ട്ട്, ജെ സി പെന്നി അതുപോലുള്ളവരും ഇന്ത്യന്‍ ആഭരണങ്ങളെ താല്‍പര്യപൂര്‍വ്വം സ്വീകരിക്കുന്നവരാണ്. മറ്റുരാജ്യങ്ങളില്‍നിന്നും കിട്ടുന്നതിനെക്കാള്‍ ഇന്ത്യയില്‍ നിന്നുമുള്ള ആഭരണങ്ങള്‍ ഡിസൈനിങ്ങിലുള്ള ആകര്‍ഷണീയത യുള്ളതിനാല്‍ കൂടുതല്‍ ലാഭം കിട്ടുന്നതാണ്. ലോകത്തിലെ വന്‍കിടക്കാരോടടു മത്സരിക്കാന്‍ കഴിയും വിധം കേരളത്തിലെ കുത്തകകളും വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നൂറുകണക്കിനു സ്ഥാപനങ്ങള്‍ ഒരേ സമയം തുറക്കാന്‍ കേരളത്തിലെ ചില സ്വര്‍ണ വ്യാപാരികള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞിട്ടുണ്ട്.

കുറഞ്ഞ കൂലിയും ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യവുമാണ് കേരളത്തിലെ സ്വര്‍ണാഭരണ വ്യവസായത്തിന്റെ ആകര്‍ഷണത്തിനു കാരണം. സ്വര്‍ണാഭരണത്തിന് ആകര്‍ഷണീയത സൃഷ്ടിച്ചത് ഇവിടുത്തെ പരമ്പരാഗത തൊഴിലാളികളാണ്. ഓരോ ജാതിക്കാര്‍ക്കും പ്രത്യേകതരം ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുകവഴി ആയിരക്കണക്കിനു മോഡലുകളാണ് കേരളത്തില്‍ നിലവിലുള്ളത്. അതിന്മേല്‍ നടത്തുന്ന പരിഷ്‌ക്കരണത്തിന് ഏറെ അപ്പുറത്തേക്കൊന്നും ഇന്നത്തെ ഫാഷന്‍ മുന്നോട്ടു പോകുന്നുമില്ല. അപ്പോഴും പരമ്പരാഗത തൊഴിലാളികളെ വിലയില്ലാത്ത വരായികാണുന്ന സാംസ്‌ക്കാരിക ശൂന്യതയാണ് സ്വര്‍ണ വ്യവസായികള്‍ പ്രകടിപ്പിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് പണിക്കൂലി സൗജന്യം എന്ന പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കച്ചവടം.