"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

വ്യവസ്ഥാപിത ജീവിതത്തിലേക്കുള്ള തുടക്കം; നാട്, കുടിയേറ്റങ്ങള്‍ - ശശിക്കുട്ടന്‍ വാകത്താനംകുടി, പറമ്പ്, ഇടം, കുന്ന്, കാട് എല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയെ നാട് എന്നു പറയുന്നു. മദ്ധ്യകാലത്തോടെയാണ് നാട് പ്രസക്തമായിത്തീരുന്നത്. ക്രിസ്തു 1347 ല്‍ 12 നാടുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. കോലത്തുനാട്, പുറകിഴാനാട്, ഏറാനാട്, വള്ളുവനാട്, നെടുംപുറയൂര്‍നാട്, പെരുംപടപ്പ്, കാക്കരനാട്, വെമ്പൊലിനാട്, കുട്ടനാട്, തിരുവാറ്റുവായ്‌നാട്, ഓടനാട്, വേണാട് എന്നിങ്ങനെയുള്ള നാടുകളിലെ ഭരണാധികാരികളെ നാടുവാഴികള്‍, നാടുവാഴി സ്വരൂപങ്ങള്‍ എന്നിങ്ങനെ വിളിച്ചുപോന്നു. കേരളത്തിലെ പല നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെയും - ക്ഷേത്രങ്ങള്‍, കോവിലകങ്ങള്‍, കൊട്ടാരങ്ങള്‍, പള്ളികള്‍, അങ്ങാടികള്‍ ഇവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും വികസിച്ചതും ഈ കാലത്തായിരുന്നു. 

കുടിയേറ്റങ്ങള്‍

കുടിയേറ്റങ്ങള്‍ കേവലമായ ഒരു മാറ്റിപ്പാര്‍പ്പു മാത്രമല്ല. അത് പുനരുല്‍പാദനവും പുനര്‍ നിര്‍മ്മാണവുമാണ്.തദ്ദേശവാസികളുമായുള്ള സാംസ്‌ക്കാരികവും സാമൂഹികവുമായ സമന്വയം പുതിയ ദിശാബോധം സൃഷ്ടിക്കുന്നു. ജ്ഞാനരൂപങ്ങള്‍ക്ക് പുതിയ ഭാഷ്യങ്ങള്‍ ഉണ്ടാകുന്നു. ഉല്‍പാദനപ്രവര്‍ത്തനത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ആരാധനയും വിശ്വാസവും പരിവര്‍ത്തിക്കപ്പെടുന്നു. അതുവഴി പുതിയൊരു സമൂഹം രൂപപ്പെടുന്നു. 

ഈജിപ്ത്, റോം, സിറിയ, അറബിനാടുകള്‍ ഇവിടങ്ങളില്‍നിന്നും കച്ചവടക്കാര്‍ കേരളത്തില്‍ വരികയും വനവിഭവങ്ങളും കുരുമുളകും മറ്റുല്‍പാദിതവസ്തുക്കളും അസംസ്‌കൃത വിഭവങ്ങളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കച്ചവടക്കാരോടൊപ്പം വന്ന മിഷനറിമാരാണ് ജൂതന്മാരെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഇവിടെ കൊണ്ടുവന്നത്. ആരാധനാസമ്പ്രദായത്തിന് പ്രാമുഖ്യമില്ലാതിരുന്നിടത്തേക്ക് അരാധനാസമ്പ്രദായത്തെ സ്ഥാപിച്ചടത് ഈ വിഭാഗങ്ങളായിരുന്നു. പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ ഇവിടോക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്തു. കച്ചവടസംഘങ്ങളുമായുള്ള ഇവരുടെ ബാന്ധവം പാശ്ചാത്യ വാണിജ്യബന്ധങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കാനിടയായി

കേരളത്തിലെ ഭരണാധികാരികള്‍ക്കോ സാധാരണ തൊഴിലാളികള്‍ക്കോവാണിജ്യത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. വാണിജ്യത്തിലൂടെ സമ്പത്തുണ്ടാക്കാമെന്നോ അത് നാടിന്റെ അഭിവൃദ്ധിക്ക് ഉപയോഗിക്കാമെന്നോ കരുതുന്ന രാജാക്കന്മാരും കേരളത്തിലുണ്ടായിരുന്നില്ല. രാജാവിനെ പ്രീണിപ്പിക്കുന്ന കച്ചവടക്കാര്‍ക്ക് രാജകീയപദവിയും ഭൂമിയും കൊടുത്തിരുന്നു. കച്ചവടക്കാര്‍ സമ്പത്തു സ്വരുക്കൂട്ടുകയും അധികാരികളായി മാറുകയും ചെയ്തു. ക്രൈസ്തവ കച്ചവടക്കാര്‍ക്കു കൊടുത്ത അധികാരം പോര്‍ട്ടുഗീസ് വാഴ്ചയിലേക്കാണ് കേരളത്തെ കൊണ്ടുപോയത്. 15-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ സാമൂതിരി പെരുമ്പടമ്പു രാജാവിനെ തുരത്തിയപ്പോള്‍ പെരുമ്പടപ്പിനു തിരിച്ചുവരാന്‍ വ്യവസ്ഥവച്ചത് കുരുമുളകു കച്ചവടത്തില്‍നിന്ന് നസ്രാണികളെ മാറ്റി നിര്‍ത്തണമെന്നും തല്‍സ്ഥാനത്ത് മുസ്ലീംകച്ചവടക്കാരെ വെയ്ക്കണമെന്നുമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ കച്ചവരംഗത്തെ മുസ്ലീം ആധിപത്യം തകര്‍ക്കുകയായിരുന്നു അവര്‍ ലക്ഷ്യംവച്ചത്.

18-ാം നൂറ്റാണ്ടുവരെയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഇന്ത്യയിലേക്കുള്ള വാണിജ്യപാത കണ്ടെത്തുന്നതിന് വിദേശിയര്‍ മത്സരിച്ചുകൊണ്ടിരുന്നു. 1492 മുതല്‍ 1930 വരെയുള്ള ലോകത്തിലെ സ്വര്‍ണ്ണ ഉല്‍പാദനത്തിന്റെ 14 ശതമാനവും ഇന്ത്യയില്‍ എത്തിയിരുന്നു എന്നാണ് ബാങ്ക് ഫോര്‍ ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ് കണക്കാക്കിയിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ ഈ കടന്നു വരവ് കേരളത്തിന്റെ സാമ്പത്തിക നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. കാര്‍ഷിക - കൈത്തൊഴില്‍ മേഖലയിലെ വികാസവും അതുവഴിയുണ്ടായ ഉല്‍പാദന വര്‍ദ്ധനവും പ്രകൃതി വിഭവങ്ങളും കൊണ്ട് ഇന്ത്യ സമൃദ്ധമായിരുന്നു. കച്ചവടസംഘങ്ങള്‍ കേരളത്തില്‍ തമ്പടിക്കാന്‍ ഇടയാക്കിയ പശ്ചാത്തലവും ഇതായിരുന്നു. കച്ചവടസംഘങ്ങള്‍ക്ക് രാജകീയപദവിയും ഭൂമിയും തൊഴിലാളികളെ അടിമയായും കൊടുത്തിരുന്നു. ഇതിന്റെ രേഖകളാണ് നരാസാപ്പള്ളിപട്ടയം (849) വിരരാഘവപ്പട്ടയം (1225) എന്നിവ. കേരളത്തിന്റെ തെക്കേ അറ്റംവരെയുള്ള കച്ചവടസംഘങ്ങളെക്കുറിച്ചും ചാത്തന്‍ വടുകന്‍, ഇരവിചാത്തന്‍ എന്നീ കച്ചവടസംഘത്തലവന്മാരെക്കുറിച്ചും കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കച്ചവടസംഘങ്ങള്‍ വഴിയാണ് കേരളത്തില്‍ ലോഹങ്ങള്‍ വന്നുചേര്‍ന്നത്. വിശ്വകര്‍മ്മര്‍ എന്നു വിളിക്കപ്പെടുന്ന മൂശാരി, തട്ടാന്‍ എന്നീ വിഭാഗങ്ങള്‍ക്കും ചെമ്പുകൊട്ടി എന്നിവര്‍ക്കും തൊഴില്‍ സാധ്യത സൃഷ്ടിച്ചത് കച്ചവടത്തിലൂടെയായിരുന്നു. വാസ്തുവിദ്യ, ശില്‍പവിദ്യ പുരോഗമിച്ചതിന്റെ പിന്നിലും വിദേശബന്ധങ്ങളെ തള്ളിക്കളയാന്‍ കഴിയില്ല.