"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

നൂറുദിനം പിന്നിട്ട നിലനില്‍പ്പുസമരം - കെ.ഗുപ്തന്‍


തീരദേശവാസികളായ പട്ടികവര്‍ഗ്ഗ ജനത വൈക്കം താലൂക്കാഫീസിനു മുന്നില്‍ തുടരുന്ന രാപ്പകല്‍ നിലനില്‍പ്പുസമരം നൂറുദിനം പിന്നിട്ടിരിക്കുന്നു. ഒരു ജനതയുടെ നിലനില്‍പ്പിന് അനിവാര്യമായ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് ഈ അനിശ്ചിതകാല സഹനസമരം. വികസനത്തിന്റെ ഇരകളാക്കപ്പെട്ടവരാണ് ഈ പട്ടികവര്‍ഗ്ഗ ജനത. കായലുകളും, നദികളും, തോടുകളും ജലസമൃദ്ധമായിരുന്ന കേരളത്തില്‍ പ്രാചീനകാലം മുതല്‍ ജലഗതാഗതമായിരുന്നു സഞ്ചാരമാര്‍ഗ്ഗം. ചരക്കുകളുടെ കയറ്റിയിറക്കും ജലമാര്‍ഗ്ഗമായിരുന്നു. വള്ളം നിര്‍മ്മാണമായിരുന്നു തീരദേശ പട്ടികവര്‍ഗ്ഗ ജനതയുടെ തൊഴില്‍. വികസിത സമൂഹം ആധുനികതയിലേക്ക് നടന്നുകയറിയപ്പോള്‍ മറ്റെല്ലാ മേഖലകളിലുമുണ്ടായ പരിവര്‍ത്തനംപോലെ ചെലവുകുറഞ്ഞ ജലഗതാഗതത്തിന്റെ സ്ഥാനം വേഗതയേറിയ റോഡുഗതാഗതം കൈയ്യേറി. തത്ഫലമായി വള്ളം നിര്‍മ്മാണം എന്ന പരമ്പരാഗത തൊഴിലി ലേര്‍പ്പെട്ടിരുന്ന ഇവര്‍ തൊഴില്‍ രഹിതരായി, മാലിന്യ കേന്ദ്രങ്ങളായി മാറിയ കായലുകളും തോടുകളും പായലും, പോളയും വളര്‍ന്ന് മാരകരോഗങ്ങളുടെ ഉറവിടമായി.

സാമൂഹ്യ - സാമ്പത്തിക - വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് തീരദേശ പട്ടികവര്‍ഗ്ഗജനത. അതിനാല്‍ ഇവരുടെ ഉദ്യോഗ പങ്കാളിത്തം പോലും നാമമാത്രം. ഇവരില്‍ നിന്ന് ഒരു എം.എല്‍.എ.യോ, പഞ്ചായത്ത് ജനപ്രതിനിധി പോലുമോ ഉണ്ടായിട്ടില്ല. കാരണം ഇവര്‍ തികച്ചും ന്യൂനപക്ഷ സംഖ്യയാണ്. പട്ടികജാതിക്കാരെപ്പോലെതന്നെ ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഈ പാര്‍ശ്വവത്കൃത സമൂഹത്തിന്റേയും അടിയന്തിരാവശ്യം ഭൂമി തന്നെ. എന്നാല്‍ മാറിമാറി കേരളത്തില്‍ അധികാരത്തി ലേറുന്ന ഇടതുവലതു മുന്നണികള്‍ ഒരു സംഘടിത വോട്ടുബാങ്ക് അല്ലാത്തതിനാല്‍ ഇവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തുന്നത്. 2001 ലെ സെക്രട്ടേറിയേറ്റിനു മുമ്പിലെ കുടില്‍കെട്ടല്‍ സമരത്തിന്റെ പര്യവസാനത്തില്‍ ഭൂലഭ്യതയനുസരിച്ച് ആദിവാസികള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൃഷിഭൂമി നല്‍കുന്നതിന് ഗവണ്‍മെന്റ് ഗോത്രമഹാസഭയുമായുള്ള കരാറില്‍ ഉറപ്പുനല്‍കിയിരുന്നു. പട്ടികവര്‍ഗ്ഗ ഫണ്ട് ഉപയോഗിച്ച് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയ്ക്ക് 25 സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി നല്‍കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയും നിലവിലുണ്ട്. എന്നാല്‍ ഈ തീരദേശ പട്ടികവര്‍ഗ്ഗജനതയെ സംബന്ധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് ഒരു വ്യവസ്ഥയും കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ നടപ്പാക്കിയില്ല. വികസനത്തിന്റെ ഇരകളാക്കപ്പെട്ടവരെന്ന നിലയില്‍ തൊഴില്‍ പരിഷ്‌കരണത്തിനും ഗവണ്‍മെന്റ് തയ്യാറായില്ല.

വൈക്കം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 250 ഓളം പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഭൂരഹിതരായിട്ടുണ്ട്. ഇവര്‍ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ 27.04.2015 മുതല്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. പി.കെ.വേണുവിന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആഫീസിനു മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. 04.05.2015 ല്‍ കളക്ടറുടേയും വൈക്കം എം.എല്‍.എ. ശ്രീ. കെ.അ ജിത്തിന്റേയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂരഹിതരായ പട്ടികവിഭാഗത്തിന് ഭൂമി കണ്ടെത്തി നല്‍കുന്നതിനും ഒഴിവനുസരിച്ച് എംപ്ലോയ്‌മെന്റുവഴി താല്‍ക്കാലിക നിയമനം നല്‍കുന്നതിനും തീരുമാനമായെങ്കിലും ഏഴുമാസമായി ഒരു തുടര്‍ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ 2016 ജനുവരി 11 മുതല്‍ വൈക്കം താലൂക്കാഫീസിനു മുമ്പില്‍ വംശനാശത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ അതിജീവിതത്തിനായി ഭൂമിക്കും തൊഴിലിനുംവേണ്ടി അനിശ്ചിതകാല നിലനില്‍പ്പുസമരം ആരംഭിച്ചു. ശ്രീ.പി.കെ.വേണു ജനറല്‍ കണ്‍വീനറായി സമരസമിതിയും ശ്രീ. പി.പുഷ്‌കരന്‍ മാസ്റ്റര്‍ ചെയര്‍മാനും, ശ്രീ. കെ.ഗുപ്തന്‍ ജനറല്‍ കണ്‍വീനറുമായി ഒരു സമര സഹായ സമിതിയും രൂപീകരിച്ചു. നിലനില്‍പ്പു സമരത്തിന്റെ ഏഴാംനാള്‍ പട്ടികജാതി മോര്‍ച്ച കോട്ടയം ജില്ലാ വൈസ്പ്രസിഡന്റ് ശ്രീ. കെ.പി.ഹരി സമരപ്പന്തലില്‍ കഞ്ഞിവയ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവര്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തി. വൈക്കം എം.എല്‍.എ. ശ്രീ.കെ.അജിത്ത്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ബി.ജെ.പി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ആദിവാസി പ്രവര്‍ത്തക ശ്രീമതി അമ്മിണി അമ്പലവയല്‍, ബി.ജെ.പി.മേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍നമ്പൂതിരി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു, ആദിവാസി കല്യാണാശ്രമം സംസ്ഥാന സെക്രട്ടറി ശ്രീ. രാമനുണ്ണി, അരിപ്പ സമരനായകന്‍ ശ്രീരാമന്‍ കൊയ്യോന്‍, ആദിവാസി ഗോത്രമഹാസഭ നേതാവ് എന്‍.അശോകന്‍, കെ.പി.എം.എസ്. സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, ബി.ജെ.പി. ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ടി.ശിവദാസ്, പൗരാവകാശ പ്രവര്‍ത്തകന്‍ പി.ജെ.തോമസ്, ദീപ പ്രവര്‍ത്തകന്‍ വൈക്കം ബാബു, നവോത്ഥാന ചരിത്രപഠന കേന്ദ്രം പ്രവര്‍ത്തകന്‍ രാജന്‍ അക്കരപ്പാടം, വേമ്പനാട് കായല്‍ സംരക്ഷണസമിതി ചെയര്‍മാന്‍ കെ.എം.പൂവ്, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ലേഖ കാവാലം, ബി.എസ്.പി. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഏക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ പ്രസംഗിച്ചു. കൂടാതെ പൗരപ്രമുഖരുടേയും സാധാരണ ജനങ്ങളുടേയും നിസ്സീമമായ സഹായവും സഹകരണവുംകൊണ്ട് സമരം മുന്നേറിക്കൊണ്ടിരിക്കുന്നു.


സമരത്തിനിടെ വൈക്കം തഹസില്‍ദാരുടേയും പാലാ ആര്‍.ഡി.ഒ.യുടേയും നേതൃത്വത്തില്‍ പലവട്ട ചര്‍ച്ചകള്‍ നടന്നു. വൈക്കം താലൂക്കില്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ അനുയോജ്യമായ ഭൂമിയില്ലെന്ന സ്ഥിരം പല്ലവി റവന്യു ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ കണക്കെടുപ്പില്‍ 10186 പേര്‍ കോട്ടയം ജില്ലയില്‍ ഭൂരഹിതരാണ്. എന്നാല്‍ ജില്ലയില്‍ വന്‍തോതില്‍ ഭൂമിയുടെ കേന്ദ്രീകരണം നടക്കുന്നുണ്ട്. വൈക്കം താലൂക്കില്‍ കല്ലറ, മുണ്ടാര്‍, ഏനാദി, വാഴമന, ചെമ്പ്, മറവന്‍തുരുത്ത്, എഴുമാന്തുരുത്ത് പ്രദേശങ്ങളില്‍ നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും കാറ്റില്‍പറത്തി ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി വാങ്ങിക്കൂട്ടുന്നു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനത്തിനും രൂപമാറ്റത്തിനും വിധേയമാക്കുന്നു. ഇക്കാര്യങ്ങള്‍ പല കര്‍ഷക - പരിസ്ഥിതി സംഘടനകളും മാദ്ധ്യമങ്ങളും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെങ്കിലും ഭൂമിയുടെ കൈമാറ്റങ്ങള്‍ അനുസ്യൂതം തുടരുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടയിലാണ് വൈക്കം ചെമ്പ് പഞ്ചായത്തില്‍ അറൂതിപാടശേഖരത്തില്‍ ഒരു സ്വകാര്യ വ്യക്തി വാങ്ങിക്കൂട്ടി നെല്‍വയല്‍ നികര്‍ത്താന്‍ ഗവണ്‍മെന്റ് അനുമതി സമ്പാദിച്ച വാര്‍ത്ത പുറത്തുവരുന്നത്. സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ റിയാസ് അഹമ്മദ് എന്നയാള്‍ പേരില്‍ ചെമ്പ് വില്ലേജില്‍ 229, 258, 234, 254, 240, 241, 252, 251, 253, 235, 238, 239, 224, 228, 236 തുടങ്ങി വിവിധ സര്‍വ്വേ നമ്പരുകളിലായി 150.73 ഏക്കര്‍ വസ്തു വിവിധയാളു  കളില്‍ നിന്നും തീറാധാര പ്രകാരം വാങ്ങി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികര്‍ത്തി വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യവ്യവസായം, വിവരസാങ്കേതിക വിദ്യ എന്നിവയുള്‍പ്പെടുന്ന സമൃദ്ധി വില്ലേജ് പ്രോജക്ട് സ്ഥാപിക്കുകയാണ് ഈ സ്വകാര്യ കമ്പനിയുടെ ലക്ഷ്യം. 350 ഏക്കര്‍ വിസ്തൃതിയുള്ള കോണത്തുകരി, അറാതുകരി ബ്ലോക്കില്‍പ്പെട്ട ഈ നെല്‍വയല്‍ വേമ്പനാടുകായലിനോടു ചേര്‍ന്നും പൂക്കൈതയാറ്, മുറിഞ്ഞപുഴയാറ്, പുല്ലാന്തിയാറ് എന്നിവയാല്‍ ചുറ്റുപ്പെട്ടതും അതീവ പാരിസ്ഥിതി ദുര്‍ബ്ബലമായ ബ്രഹ്മമംഗലം നീര്‍ത്തട സമുച്ചയത്തിലുള്‍പ്പെട്ടതുമാണ്. 1989 വരെ മുണ്ടകന്‍, ഓര്‍പ്പാണി തുടങ്ങിയ നെല്‍വിത്തുകള്‍ വിതച്ച് ഈ വയലില്‍ സമൃദ്ധിയായി വിളവെടുപ്പ് നടത്തിയിരുന്നു. നാടന്‍ - കായല്‍ മത്സ്യങ്ങളുടേയും അപൂര്‍വ്വ പക്ഷികളുടേയും ജലജീവികളുടേയും ഒരു സങ്കേതം കൂടിയാണ് ഈ നെല്‍വയലും നീര്‍ത്തടങ്ങളും. ആയതിനാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്നതും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായ ഈ വയല്‍ നികര്‍ത്തിയാല്‍ ഈ പ്രദേശത്തെ ആവാസവ്യവസ്ഥ തകരുന്നതിനിടയാക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.
കേരള ഭൂപരിഷ്‌കരണ നിയമം 1963 ലെ സെക്ഷന്‍ 81 (3) പ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമിയാണ് കൈവശം വയ്ക്കാവുന്നത്. പ്ലാന്റേഷന്‍ മേഖലയില്‍ മാത്രമാണ് നിയമം ഇതിനിളവ് അനുശാസിക്കുന്നത്. 2006 മുതല്‍ ഈ ഉടമ 1963 ലെ ഭൂപരിഷ്‌കരകണ നിയമത്തിനും അനുബന്ധമായ ചട്ടങ്ങള്‍ക്കും അനുസരിച്ച് കൈവശം വയ്ക്കാവുന്ന പരിധിയിലധികം ഭൂമി ഉടമസ്ഥാവകാശപ്പെട്ട് സമ്പാദിച്ചിട്ടുള്ളതായി കാണുന്നു. ഈ കമ്പനി ഉടമസ്ഥാവകാശം സമ്പാദിച്ചിട്ടുള്ള ഭൂമിയോടു ചേര്‍ന്ന് 41 ഏക്കര്‍ 61 സെന്റ് കായല്‍ പുറംപോക്കും 4 ഏക്കര്‍ 9 സെന്റ് ചാല്‍ പുറംപോക്കും 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 2 ഏക്കര്‍ മിച്ചഭൂമിയും ഉണ്ട്. ഇതും ഈ കമ്പനി ഭൂമിയുമായി ബന്ധിച്ചാണ് കിടക്കുന്നത്. ആയതിനാല്‍ ഈ ഭൂമിയും കമ്പനിയുടേതായി മാറ്റപ്പെട്ടതായി കരുതാം. ഗവണ്‍മെന്റിന് ഈ സ്ഥാപന ഉടമ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയും നിയമപരമായ മിച്ചഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്.

വൈക്കം താലൂക്ക് വെച്ചൂര്‍ വില്ലേജില്‍ കുടവെച്ചൂര്‍ കരയില്‍ അംബികാ മാര്‍ക്കറ്റ് ജംഗ്ഷന് ഉദ്ദേശം 500 മീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗത്ത് വേമ്പാട്ടുകായലിന്റെ കല്‍ക്കെട്ടിന് കിഴക്കുവശത്ത് 50 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. ഈ ഭൂമി ഇതുവരെ രേഖാമൂലമായി ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സ്ഥലം പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമോ, തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതോ അല്ല. മറ്റു കോടതി വ്യവഹാരങ്ങളൊന്നും നിലവിലില്ലെങ്കില്‍ ഈ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാവുന്നതാണ്. ഈ താലൂക്കില്‍ ഇനിയും മറ്റു പല വില്ലേജുകളിലും സര്‍ക്കാര്‍ പുറമ്പോക്കുകള്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞു. തീരദേശവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ ഭാഗമായ പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഈ പ്രദേശത്തുനിന്നും മാറിതാമസിക്കുവാന്‍ കഴിയില്ല. എന്നാല്‍ ഭൂരഹിതരായ പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ വൈക്കം താലൂക്കില്‍ സര്‍ക്കാര്‍ ഭൂമിയില്ല എന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും റവന്യു അധികാരികള്‍. ഇത് പട്ടികജാതി പട്ടികവര്‍ഗ്ഗ ജനതയോടുള്ള തികഞ്ഞ ചതിയും വഞ്ചനയുമാണ്. ഈ വഞ്ചന തുറന്നുകാട്ടാന്‍ ഭൂമിയും പട്ടയവും ലഭിക്കുംവരെ നിലനില്‍പ്പു സമരം തുടരണമെന്നാണ് പൗരസമൂഹം ആവശ്യപ്പെടുന്നത്.

(ലേഖകന്‍ നിലനില്‍പ്പു സമര സഹായ സമിതി കണ്‍വീനറാണ്. ഫോണ്‍ 9747132791)