"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

കറുപ്പുകൊണ്ട് കലാപം കൂട്ടുക, കലാപരിപാടികൊണ്ടെന്ത്?പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിയായ പി എസ് ജയ 125 ദിവസങ്ങളായി അവതരിപ്പിച്ചുവന്ന കലാപരിപാടി, 2016 ജൂണ്‍ 6 ന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ വെച്ച് സമാപിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ നിന്നും എംഎഫ്എ ബിരുദം നേടിയിട്ടുള്ള ജയ ഇപ്പോള്‍ തൃപ്പൂണിത്തുറ യിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. 

വെളുത്ത തൊലിനിറമുള്ള ഈ കലാകാരി തന്റെ ശരീരത്തില്‍ കറുത്ത ചായം തേച്ച് പൊതുവിടങ്ങളില്‍ സാധാരണ പോലെ സഞ്ചരിച്ചാണ് ഈ കലാപരിപാടി അവതരിപ്പിച്ചത്. 2016 ഡോ. ബി ആര്‍ അംബേഡ്കറുടെ 125 ആം ജന്മവാര്‍ഷിക മായതിനാലാണ് 125 ദിവസം ഈ പരിപാടി അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. (വാസ്തവത്തില്‍ ജൂണ്‍ 6 ന് 130 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. 2016 ജനുവരി 27 ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍, കടുത്ത ജാതിപീഢയേറ്റ് ആത്മഹത്യക്ക് വിധേയനാകേണ്ടിവന്ന രോഹിത് വെമുല എന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പാണ് ഇങ്ങനെ ഒരു കലാപരിപാടി നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കലാകാരി തുറന്നു പറഞ്ഞു. കറുത്ത തൊലിനിറം പ്രതിനിധാനമാകുന്ന രോഹിത് വെമുലയുടെ സമുദായങ്ങളോടുള്ള അനുകമ്പാപൂര്‍ണ മായ സമീപനമല്ല തന്റെ കലാപരിപാടിയുടെ പിന്നിലുള്ളതെന്നും ഇതൊരു ഇസ്റ്റലേഷന്‍ ആര്‍ട്ട് മാത്രമാണെന്നും പി എസ് ജയ പ്രഖ്യാപിച്ചു. എല്ലാത്തരം കലാപരിപാടികളും കലാപ പരിപാടികളാണല്ലോ എന്ന ചോദ്യത്തിന് ഒരു മന്ദഹാസം മടക്കി ഈ കലാകാരി ആ വസ്തുതയെ അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ തന്നെ ജയയുടെ ആര്‍ട്ട് വര്‍ക്കിനെ കലാപ പരിപാടിയായി അംഗീകരിച്ചുകൊണ്ടാണ് വിമര്‍ശകരും ആസ്വാദകരും അതിനെ സമീപിച്ചത്.

കറുത്ത തൊലിനിറം

കറുത്ത തൊലിനിറം മാത്രമല്ല, ജാതിപീഢ യേല്‍ക്കുന്നതിനുള്ള കാരണം. അതൊരു ഘടകം മാത്രമാണ്. കറുപ്പു കാരണം ജാതിപീഢ യേല്‍ക്കുന്നവരോട് സമരൈക്യപ്പെടാന്‍ ഒരു പക്ഷെ വെളുത്ത തൊലിനിറമുള്ളവര്‍ക്ക് തങ്ങളുടെ മേനിയില്‍ കറുത്ത ചായം തേച്ചാല്‍ മതി എന്ന എന്ന അവരുടെ കാഴ്ചപ്പാട് വാദത്തിനു വേണ്ടി അംഗീകരിക്കാം. രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ കറുത്ത തൊലിനിറമുള്ള ആളായിരുന്നു; ജാതിപീഢയേല്‍ക്കുന്ന സമുദായക്കാരനും. സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതിഭവനില്‍ പതാകഉയര്‍ത്താന്‍ ചരടുവലിക്കുന്ന കെ ആര്‍ നാരായണന്റെ ദൃശ്യം രാജ്യമെമ്പാടും മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഈ ദൃശ്യം കണ്ട, അദ്ദേഹത്തിന്റെ ജന്മനാടുള്‍ക്കൊള്ളുന്ന സംസ്ഥാനമായ കേരളത്തിലെ പൊതു സമൂഹം രാഷ്ട്രപതിയെ അവഹേളിച്ചത് 'രാഷ്ട്രപതി തെങ്ങില്‍ കയറുകയാണ്' എന്ന് പരിഹസിച്ചു കൊണ്ടാണ്! ഇത് ഒരുതരം ജാതിപീഢ അഥവാ ഹിംസയാണ്. കെ ആര്‍ നാരായണന്‍ കറുത്ത തൊലിനിറക്കാരനാ യിരുന്നതിനാല്‍ അക്കാരണം കൊണ്ട് മാത്രം ജാതിപീഢ യേറ്റിരുന്നില്ല. പീഢിപ്പിക്കുന്നവരിലും കറുത്ത തൊലിനിറക്കാര്‍ ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ കെ ആര്‍ നാരായണനോട് സമരൈക്യപ്പെടാന്‍ വെളുത്ത തൊലിനിറക്കാ രിലാരും സ്വശരീരത്തില്‍ കറുത്ത ചായം തേച്ച് നടന്നില്ല! മറിച്ച് തെങ്ങുകയറ്റക്കാരന്‍ എന്ന പരിഹാസത്താല്‍ ജാതിപീഢയേറ്റ കെ ആര്‍ നാരായണനോട് സമരൈക്യം പ്രകടിപ്പിക്കാന്‍ തെങ്ങുകയറ്റ ക്കാരല്ലാത്ത സവര്‍ണ സമുദായത്തിലെ വളുത്ത തൊലിനിറമുള്ള വിപ്ലവകാരികളിലാരും തെങ്ങുകയറാന്‍ തയാറാകാതിരുന്ന തെന്തേ?

കലാപരിപാടി

പി എസ് ജയയുടെ പ്രവൃത്തി കേവലം ഒരു സമരപരിപാടിയല്ല കലാസൃഷ്ടികര്‍മം മാത്രമാണെന്നും കലാകാരിതന്നെ പറയുമ്പോള്‍ പോലും രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് പ്രേരണയായതിലും 125 ദിവസം തെരഞ്ഞടുത്തതിലും വിപ്ലവ പ്രവര്‍ത്തനങ്ങളുടെ അടരുകളുണ്ട്. ശരീരം തന്നെ ക്യാന്‍വാസാ ക്കി മാറ്റിയതാണ് ഈ കലയുടെ സൃഷ്ടിവൈഭവം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കലാകാരിതന്നെ സൃഷ്ടിയായി മാറുന്ന ചിത്രകലയിലെ ഒരു സവിശേഷ രീതി. കൃത്യമായ ഇടത്ത് (ശരീരം) വ്യക്തമായ സമയത്ത് (125 ദിവസം) സൃഷ്ടിച്ച ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട്. രോഹിത് വെമുല നേരിട്ട അനീതികളോട് പ്രതികരിക്കാനും അതില്‍ അംബേഡ്കറുടെ നാമധേയം സ്വീകരിക്കാനും ഒരു കലാകാരിക്ക് അവകാശമുണ്ട്. ഇത്തരം അവകാശങ്ങള്‍ വിനിയോഗിക്കാ തിരിക്കുന്നത് ധാര്‍മികമായ വഞ്ചനയാണ്. മറുവശത്ത് ആസ്വാദകനും ഇത്തം അവകാശങ്ങ ളുണ്ടെന്നതും പരിഗണിക്കേണ്ടതുണ്ട്. കലാകാരി ധാര്‍മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ ആസ്വാദകന്റെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. അതിനാല്‍ത്തെ തങ്ങള്‍ക്കുള്ള അവകാശ ലംഘനത്തിനെതിരേ ആസ്വാദകന്‍ ശബ്ദമുയര്‍ത്തുക സ്വാഭാവികം.

ജാനു, ചിത്രലേഖ

എവിടെയെല്ലാം എത്രമാത്രമാണ് ഒരു കലാകാരിയുടെ ധാര്‍മികമായ ഉത്തരവാദിത്വം പ്രകടിതമാകേണ്ടത് എന്ന ചോദ്യവും ഉയര്‍ത്തപ്പെടുന്നു. രോഹിത് വെമുല സംഭവം മുതല്‍ കലാകാരന്റെ ധാര്‍മികരോഷം സൃഷ്ടിപരമായി പ്രത്യക്ഷപ്പെടു മ്പോള്‍ അതിനു മുമ്പ് ജാതിപീഢിതര്‍ ഉണ്ടായിരുന്നിട്ടില്ല എന്നാണോ മനസിലാക്കേണ്ടത്? അവകാശ സമരമധ്യത്തില്‍ കനത്ത മര്‍ദ്ദനമേറ്റ് നീരുവീങ്ങിയ മുഖവുമായി നിന്ന ആദിവാസി യുവതി ഒരു കലാഹൃദയത്തിന്റേയും വേദനയാകാതിരുന്നത് എന്തുകൊണ്ടാണ്? ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ കത്തിക്കരി ക്കപ്പെട്ടതിനാല്‍ അലയേണ്ടിവന്ന ഒരു ദലിത് വനിത ഒരു കലാഹൃദയത്തിലും എന്തേ വേദനയുളവാക്കിയില്ല? പി എസ് ജയ എന്നല്ല, ഏതൊരു കലാകാരനും തന്റെ കലാപരമായ ധാര്‍മികതയെ സ്വയം വഞ്ചിച്ചതിലൂടെ ആസ്വാദകന്റെ അവകാശങ്ങളേയല്ലേ നിഷേധിച്ചത്? 

ജോണ്‍ ഹോവാര്‍ഡ് ഗ്രിഫിന്‍

കറുത്ത തൊലിനിറക്കാര്‍ വെളുത്ത തൊലിനിറക്കാരില്‍ നിന്ന് നേരിടുന്ന പീഢകള്‍ കണ്ട്, അതിനെതിരേ നിറംകൊണ്ട് പ്രതിഷേധിച്ച ആദ്യത്തേയും അവസാനത്തേയും മനുഷ്യസ്‌നേഹി, 1920 ല്‍ അമേരിക്കയിലെ ഡള്ളാസില്‍ ജനിച്ച ജോണ്‍ ഹോവാര്‍ഡ് ഗ്രിഫിനാണ്. വെള്ളക്കാരനായ ഗ്രിഫിന്‍ 1969 ല്‍ ചര്‍മചികിത്സ ചെയ്ത് തന്റെ നിറം കറുപ്പിച്ചു! തലമുടി വടിച്ചുകളഞ്ഞ് കറുത്തവര്‍ഗക്കാരുടേതു പോലുള്ള വിഗ്ഗും വെച്ചു കൊണ്ട് ഗ്രിഫിന്‍ നാടുനീളെ സഞ്ചരിച്ചു. 1980 ലാണ് ആ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ ആത്മകഥ 'ബ്ലാക്ക് ലൈക്ക് മി' എന്ന് അറിയപ്പെടുന്നു. അതേ പേരില്‍ സിനിമയുമുണ്ട്.

ഗ്രിഫിന്റെ വിപരിണാമം ഒരു കലാപരിപാടി യായിരുന്നില്ല. അതുകൊണ്ടു തന്നെ അത് സ്ഥലകാലങ്ങളില്‍ പരിമിതപ്പെട്ടിരു ന്നില്ല. നീഗ്രോവര്‍ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തോട് ഐക്യപ്പെടാന്‍ തനി നീഗ്രോയായി മാറുകയാണ് ഗ്രിഫിന്‍ ചെയ്തത്. ഈ സമരൈക്യം ആത്മാര്‍ത്ഥയുള്ളതാണോ എന്നു ചോദിച്ചാല്‍ ഗ്രിഫിന്റെ കയ്യില്‍ കൃത്യമായ ഉത്തരമുണ്ട്. ഇവിടെയാണ് പി എസ് ജയയുടെ കാര്യത്തില്‍ മദദുലാദേവി ശശിധരന്റെ ചോദ്യം പ്രസക്തമാകുന്നത്.

മൃദുലാദേവി ശശിധരന്‍

കറുത്ത തൊലിനിറമുള്ള ദലിതുകളോട് സമരൈക്യപ്പെടാന്‍ തയാറായ ജയക്ക്, തന്റെ സമീപനം ആത്മാര്‍ത്ഥത യുള്ളതാണെങ്കില്‍, ഒരു കറുത്ത ദലിത് യുവാവിനെ വിവാഹം കഴിച്ച് അവന്റെ കറുത്ത കുഞ്ഞിനെ പ്രസവിക്കുമോ? എന്നായിരുന്നു മൃദുല ചോദിച്ചത്. അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ചോദിച്ച നിലക്ക് മറുപടി പറയാമെന്ന് പറഞ്ഞുകൊണ്ട് വിവാഹം വേണമെന്ന് തോന്നുന്ന സന്ദര്‍ഭത്തില്‍ കറുത്തവനോ വെളുത്തവനോ, ദലിതനോ സവര്‍ണനോ എന്ന പരിഗണന നല്കില്ല എന്ന് ജയയും ഉത്തരം നല്കി. ജയയുടെ ഈ മറുപടിയിലും തന്റെ പ്രവൃത്തി ഒരു കലാപരിപാടി മാത്രമാണെന്ന് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ എല്ലാ കലാപരിപാടി കളും സമരപരിപാടികള്‍ തന്നെ ആയതുകൊണ്ട് കേവലം ഇങ്ങനെ ഒരു മറുപടി നല്കി മൃദുലയുടെ ചോദ്യത്തില്‍ നിന്ന് ജയക്ക് ഒഴിഞ്ഞുമാറാന്‍ ആകുകയില്ല.

കവി - കലാകാരന്മാരുടെ പ്രതികരണം ഒരു മാറ്റത്തെ (വിപ്ലവത്തെ ) ഉണ്ടാക്കണമെന്നില്ല. അതിന് വഴിയൊരുക്കാനും സാധിക്കില്ല. പ്രതികരണം പലപ്പോഴും വ്യാഖ്യാനങ്ങള്‍ മാത്രമായി ചുരുങ്ങുന്നു. ദുരന്തങ്ങളോടും ദാരുണ സംഭവങ്ങളോടും പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകളോടും കവി -കലാകാരന്മാര്‍ക്കുള്ള പ്രതികരണം ചിത്ര - ശില്പ - തിയേറ്റര്‍ ആര്‍ട്ട് രൂപത്തിലോ പ്രത്യക്ഷപ്പെട്ടേക്കാം. അത് ഇപ്പറയുന്ന സംഭവങ്ങളുടെ വ്യാഖ്യാന രൂപത്തിലുള്ള പ്രതികരണങ്ങള്‍ മാത്രമാണ്. രംഗവേദിയുല്‍ രോഹിത് വെമുല പുനരവതരിക്കുന്നത് നാം കാണുന്നു! അതിലപ്പുറം ആ കലാകാരന്‍ ഒന്നും ചെയ്യുന്നില്ല. രോഹിത് വെമുല നേരിട്ട ദുരന്തത്തെ ഒന്നു വ്യാഖ്യാനിക്കുക മാത്രമാണ് ആ കലാകാരന്‍ ചെയ്തത്. അതായത് രോഹിത് വെമുലയുടെ സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്ന അടിമത്തത്തില്‍ നിന്നും ശാശ്വതമായ മോചനം അവര്‍ക്കു കൊടുക്കുന്ന കാര്യത്തില്‍ ഈ കലാകാരന് യാതൊരു ഉത്തരവാദിത്വവുമില്ല. ഇവിടെ ജയയും കറുത്ത തൊലിനിറമുള്ളവരുടെ സാമൂഹിക അവസ്ഥയെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്, അതിനെ മാറ്റി മറിച്ചിട്ടില്ല. 'നാളിതുവരെയുള്ള പ്രകൃത്യാരാധകര്‍ പ്രകൃതിയെ പലതരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തിട്ടുള്ളത്, നമുക്കാവട്ടെ അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്' - കാറല്‍ മാര്‍ക്‌സ്.

മറിച്ച് കലാപകാരി ഒരു വിപ്ലവത്തെ ഉരുവാക്കും. ജോണ്‍ ഹോവാര്‍ഡ് ഗ്രിഫിന്‍ ചര്‍മ ചികിത്സ ചെയ്ത് കറുത്ത വര്‍ഗക്കാരനായി മാറിയതു കൊണ്ട് നീഗ്രോ അടിമകള്‍ വിമോചിതരായോ ന്നെ ചോദ്യം പരിഗണിക്കുന്നു. നീഗ്രോകള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ വിമോചിതരായിട്ടില്ല. പക്ഷെ തൊലിനിറത്തിന്റെ പേരിലുള്ള ഈ അവമതി അധീശവര്‍ഗം കറുത്ത വര്‍ഗക്കാരോട് കാണിക്കുന്ന കേവലമായ അനീതി മാത്രമാണെന്നുള്ള തിരിച്ചറിവിലേക്ക് പൊതുബോധത്തെ ആനയിക്കാനും തൊലിനിറത്തിന്റെ പേരില്‍ വേരുറച്ചിരുന്ന പിന്‍തിരിപ്പന്‍ പ്രാഗ്ധാരണകളെ തിരുത്താനും ഗ്രിഫിന്‍ എന്ന വിപ്ലവകാരിക്ക് കഴിഞ്ഞിട്ടുണ്ട്. വെളുത്ത തൊലിനിറക്കാരനായ ഗ്രിഫിന്‍ കറുത്ത തൊലിനിറക്കാരനായി മാറിയപ്പോഴും തന്റെ ശേഷികള്‍ക്കോ കഴിവിനോ കുറവൊന്നും സംഭവിച്ചില്ലല്ലോ!

തുല്യ ശേഷികളുള്ള ജനതയില്‍ ഒരു വിഭാഗത്തെ കഴിവും ശേഷികളും ഇല്ലാത്തവരെന്ന് മുദ്രയടിച്ച് മറുവിഭാഗത്തിന് ഇവരെ അടിച്ചമര്‍ത്താനുള്ള അധികാരം എക്കാലവും കയ്യാളുന്നതിനായി ഇന്ത്യയില്‍ വിദഗ്ധമായി ഉപയോഗിക്കപ്പെട്ടത് ജാതിവ്യവസ്ഥയാണ്. കറുത്ത തൊലിനിറം അതിന്റെ ഉപഘടകവും. എന്നാല്‍ വെള്ളക്കാരുടെ ഇടയില്‍ ഈ വിഭാഗം മറുവിഭാഗത്തെ അടിച്ചമര്‍ത്താന്‍ അതിവിദഗ്ധമായി ഉപയോഗിച്ചത് കറുത്ത തൊലിനിറത്തോടുള്ള മുന്‍ധാരണകളെ യാണ്. അയിത്തം അഥവാ അശുദ്ധി അതിന്റെ ഉപഘടകം മാത്രമാണ്താനും. അവിടെ ഇപ്പറയുന്ന ജനാധിപത്യ വിരുദ്ധമായ ഏര്‍പ്പാടുകളെ ഉച്ചാടനം ചെയ്യാന്‍ ഗ്രിഫിനു കഴിഞ്ഞെങ്കില്‍ ജാതിവ്യവസ്ഥയെ ഉച്ചാടനം ചെയ്യാന്‍ പി എസ് ജയയുടെ കലാപരിപാടിക്ക് തീരെ കഴിയുകയുമില്ല.

കലാകാരനേയും കലാപകാരിയേയും വേര്‍തിരിക്കുന്നത് സൃഷ്ടികര്‍മത്തിന് പിന്നില്‍ ചെലുത്തിയ ആത്മാര്‍ത്ഥതയുടെ അംശമാണ്.