"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

വ്യവസ്ഥാപിത ജീവിതത്തിലേക്കുള്ള തുടക്കം: ജാതിവ്യവസ്ഥ - ശശിക്കുട്ടന്‍ വാകത്താനം


ജാതിസമ്പ്രദായത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയാണ് കേരളത്തില്‍ നിലനിന്നിരുന്നത്. ജന്മിത്വം ഭൂമിക്കുമേലുള്ള അധികാരമായിരുന്നു. ഈ അധികാരമാണ് സര്‍വ്വത്തിനെയും നിയന്ത്രിച്ചത്. ജാതിവ്യവസ്ഥയെ സ്ഥാപിക്കുകവഴി ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലിനെ വിഭജിച്ചു. വര്‍ണ്ണവ്യവസ്ഥ നിലനില്‍ക്കാത്ത കേരളത്തില്‍ ജാതിക്കായിരുന്നു പ്രാമുഖ്യം. നമ്പൂതിരിമാര്‍ അവരുടെ കുടിയേറ്റത്തിലൂടെ കേരളത്തിനു സംഭാവന ചെയ്തതായിരുന്നു ഇത്. സവര്‍ണ്ണത്വത്തിന്റെ അടിസ്ഥാന പ്രമാണമായ മനുസ്മൃതി അനുസരിച്ചുള്ള ക്രമങ്ങളാണ് അവര്‍ സ്വീകരിച്ചുപോന്നത്. അത് ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലിനെ വേര്‍തിരിച്ചു.(തൊഴിലാണു ജാതിക്കു കാരണമായതെന്ന തെറ്റായ വ്യാഖ്യാനമാണ് ഇന്നും നിലനില്‍ക്കുന്നത്) ഇങ്ങനെ ജാതിയുടെ അടിസ്ഥാനത്തില്‍ അടി അകലങ്ങള്‍ കല്‍പിച്ചു. നമ്പൂതിരിക്കു വേലചെയ്യുന്ന നായര്‍ 8 അടി അകലം പാലിക്കണമായിരുന്നെങ്കില്‍ കൃഷിക്കാരായ പുലയരും പറയരും 64 അടി അകലം പാലിക്കണമായിരുന്നു. അതിനിടയില്‍വരുന്ന വിശ്വകര്‍മ്മജര്‍ 12 അടിയും ഈഴവര്‍24 അടിയും അകലമാണ് പാലിക്കേണ്ടിയിരുന്നത്. ജാതിവ്യവസ്ഥ ശ്രേണീപരമായിരുന്നതിനാല്‍ അതെല്ലാ ജാതിസമൂഹങ്ങളെയും ബാധിച്ചിരുന്നു. എല്ലാവിഭാഗങ്ങള്‍ക്കിടയിലും സവര്‍ണത്വം നിലനിന്നിന്നു. അതുകൊണ്ടുതന്നെ അതു ചോദ്യം ചെയ്യാതെ നിലനില്‍ക്കുകയും ചെയ്തു. അത് കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സാംസ്‌ക്കാരിക ഘടനയെ വളരെ പിന്നോട്ടടിച്ചു. 

കോളനിഭരണത്തോടെ കൊളോണിയന്‍ മൂലധനത്തിന്റെ സ്വാധീനം കൈത്തൊഴില്‍ മേഖലകളെ യന്ത്രവല്‍ക്കരണത്തിലേക്കെത്തിച്ചു. 1859 ല്‍ ആലപ്പുഴ കടല്‍പ്പുറത്തു സ്ഥാപിച്ച കയര്‍ ഫാക്ടറി, 1881 ല്‍ ഒരു അമേരിക്കക്കാരന്‍ കൊല്ലത്തു സ്ഥാപിച്ച തുണിമില്‍, 1883 ല്‍ കുളച്ചിലില്‍ ഒരു ഡച്ചുകുടുംബം സ്ഥാപിച്ച നീലം നിര്‍മ്മിക്കുന്ന ഫാക്ടറി തുടങ്ങി പരമ്പരാഗത മേഖലയില്‍ യന്ത്രവല്‍ക്കരണം വന്നപ്പോള്‍ പുതിയ പ്രതിസന്ധികള്‍ രൂപം കൊള്ളാന്‍ തുടങ്ങി. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, വിലവര്‍ദ്ധനവ്, വിപണിയുടെ അസ്ഥിരത, ഇതുമൂലം ഈ മേഖലകളെല്ലാം തകര്‍ച്ചയെ നേരിട്ടതൊന്നും പരിഗണിക്കാതെ കൂലിവര്‍ദ്ധനവിന്റെ പേരില്‍ നടത്തിയ സമരമാണ് പരമ്പരാഗത വ്യവസായ ശാലകള്‍ അടച്ചുപോയതെന്ന് പ്രചരിപ്പിക്കുന്നതില്‍ നവമുതലാളിമാരും അവരെ പിന്‍പറ്റുന്ന രാഷ്ട്രീയപാര്‍ട്ടിക്കാരും ആവുന്ന വിധത്തില്‍ പ്രചരണം നടത്തി. ആദ്യകാലത്തു വ്യവസായശാലകള്‍ എല്ലാം തന്നെ വിദേശിയരുടേതായിരുന്നു. ഇതൊന്നും നഷ്ടത്തിലായിരുന്നില്ല. അതോടൊപ്പം വിദേശിയര്‍ നടത്തിയ മലഞ്ചരക്കിന്റെയും തോട്ടം മേഖലയുടെയും ഓഹരി 1920 ല്‍ 80 ശതമാനത്തില്‍ നിന്ന് 1945 ല്‍ 85 ശതമാനമായി ഉയര്‍ന്നുരുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ബേപ്പൂര്‍, പരപ്പനങ്ങാടി, പൊന്നാനി, തിരൂരങ്ങാടി, തിക്കൊടി, കൊയിലാണ്ടി എന്നിവിടങ്ങള്‍ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങളായിരുന്നു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയര്‍ കയറ്റി അയച്ചിരുന്നു. കോഴിക്കോട്ടു നിന്നും കല്ലായില്‍ നിന്നും തടികയറ്റി അയച്ചിരുന്നു. ബാസല്‍ മിഷന്‍ സ്ഥാപിച്ച ഓട്ടുഫാക്ടറികളില്‍ നിന്നും ബര്‍മ്മ, സിലോണ്‍, സിങ്കപ്പൂര്‍, ആസ്‌ട്രേലിയ എന്നിവടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇത്തരത്തില്‍ വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചിരുന്ന പ്പോഴും കുറഞ്ഞ കൂലിക്കായിരുന്നു (പട്ടിണിവേതനം) തൊഴിലാളികള്‍ പണിയെടുത്തിരുന്നത്. ഈ വ്യവസായങ്ങള്‍ തുടര്‍ന്നുകൊണ്ട് പോകുന്നതിന് വിദേശത്തുള്ള ഉടമകള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. 'സ്‌കിലു'ള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനോ വ്യവസായ വളര്‍ച്ചക്കാവശ്യമായ യന്ത്രങ്ങളുടെ നിര്‍മ്മാണത്തിനോ അവയുടെ റിപ്പയറിങ്ങിന് ആവശ്യമായ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനോ ശ്രമങ്ങള്‍ നടത്തിയിരുന്നില്ല. 

ബ്രിട്ടീഷുകാരുടെ ഭരണകാലത്തും അതിനുശേഷവും വിശ്വകര്‍മ്മ ജരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ പിന്നോട്ടായിരുന്നു. 1948 ല്‍ കിറൗേെൃശഹ ജീഹശര്യ ഞലീെഹൗശേീി എന്ന വ്യവസായ വികസന രേഖ ആസൂത്രണബോര്‍ഡ് അവതരിപ്പിച്ചപ്പോഴും 1956, 1970, 1973, 1980, 1991 എന്നീവര്‍ഷങ്ങളില്‍ വ്യത്യസ്ഥങ്ങളായ വ്യവസായ നയങ്ങള്‍ ആവിഷ്‌ക്കരിച്ചപ്പോഴും നിലവിലുണ്ടായിരുന്ന കൈത്തൊഴിലാളികളെ പരിഗണിച്ചില്ല. ആസൂത്രണ വികസന പദ്ധതികളിലൂടെ വ്യവസായങ്ങള്‍ നിര്‍ണ്ണായക വളര്‍ച്ച നേടിയപ്പോള്‍ കേരളം വളരെ പിന്നോട്ടുപോയി. കേരളമോഡല്‍ എന്നപേരില്‍ പേരുകേട്ടിരുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രകൃതി വിഭവശേഷി, കൈത്തൊഴില്‍ ഇവയെല്ലാം തന്നെ താഴേക്കുപോയി.