"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

നിര്‍മാണമേഖല: ഇവിടെ ചരിത്രം കല്ലറകളില്‍ തുടങ്ങുന്നു - ശശിക്കുട്ടന്‍ വാകത്താനം


മനുഷ്യാവാസവ്യവസ്ഥ രൂപംകൊള്ളുന്നത് പ്രകൃതിയുടെ വിതരണക്രമത്തിനനു സരണമായാണ്. ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരണമായി രൂപംകൊള്ളുന്ന ജീവിവര്‍ഗ്ഗങ്ങള്‍ സസ്യങ്ങള്‍ മണ്ണിനങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടാണ് മനുഷ്യന്‍ നിലനില്‍ക്കുന്നത്. പ്രകൃതിദത്തമായ വനവും വനവിഭവങ്ങളും ഉപജീവനമാര്‍ഗ്ഗമായി ജീവിക്കുന്ന വനവാസികളും മത്സ്യം പിടിച്ചു ജീവിക്കുന്ന തീരവാസികളും ഒരുപ്രദേശത്തിന്റെ രണ്ടുതരം ജീവിത രീതികളെ പ്രതിനിധീകരിക്കുന്നു. പ്രകൃതിദത്ത ജീവിതത്തില്‍നിന്നും സ്വയംപര്യപ്ത ജീവിതത്തിലേക്കുള്ള ജീവിത വ്യാപനം ചരിത്രത്തെയും സംസ്‌ക്കാരത്തെയും രൂപപ്പെടുത്തുന്നതിന്റെ പ്രാഥമിക ഘടനയാണ്. പ്രകൃതിയോടുള്ള സമീപനം, ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ അതിനനുസരണമായി രൂപപ്പെട്ടുവരുന്ന കലാപ്രവര്‍ത്തനങ്ങള്‍ ജീവിത ശൈലി ഇവസാംസ്‌ക്കാരിക ഘടകങ്ങളായി ജീവിതത്തോടൊട്ടിനില്‍ക്കുന്നു. പ്രകൃതിയോടൊട്ടിനിന്ന കാലത്തും പാറയില്‍ കൊത്താനും ചിത്രം വരക്കാനും നടത്തിയ ശ്രമങ്ങള്‍ മനുഷ്യന്റെ ജൈവമായ ആന്തരിക ബോധത്തിന്റെ പ്രത്യുല്‍പാദന ത്വരയെയാണ് കാണിക്കുന്നത്.

കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നെന്നും സംഘകാലകൃതികളായ പതിറ്റുപ്പത്തും ചിലപ്പതികാരവും കേരളവുമായി ബന്ധമുള്ള കൃതികളാണെന്നും കണ്ടെത്തുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍മാത്രമാണ്. തുടര്‍ന്നുള്ള സംഘകാല പഠനത്തിലൂടെ തമിഴകവും കേരളവും ഒറ്റരാഷ്ട്രമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. അവിടം മുതല്‍ക്കാണ് കേരള ചരിത്രാന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തിന്റെ പ്രാഗ് ചരിത്രത്തെക്കുറിച്ചോ ചരിതത്രാതീതകാലത്തെക്കുറിച്ചോ വേണ്ടത്ര തെളിവുകള്‍ ഒന്നുംതന്നെ ലഭ്യമായിട്ടില്ല. ഉള്ളതു കല്ലറകള്‍ മാത്രമാണ്. നന്നങ്ങാടികള്‍, വീരക്കല്ല്, കുടക്കല്ല്, മുനിയറ, ചെങ്കല്ലറ, കന്മന, തൊപ്പിക്കല്ല്, നാട്ടുകല്ല്, തേരി, താഴി എന്നിങ്ങനെ വിവിധതരത്തിലുള്ള കല്ലറകള്‍ കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നായി കണ്ടുകിട്ടിയിട്ടുണ്ട്. കാര്‍ബണ്‍ ഡേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ മുനിയറകളുടെയും നന്നങ്ങാടികളുടെയുംകാലപ്പഴക്കം ബി സി 1000 മുതല്‍ എഡി 300 വരെയാണ്. കരിങ്കല്ലില്ലാത്തിടത്ത് ചെങ്കല്ലറകളും മറ്റിടങ്ങളില്‍ നന്നങ്ങാടികളും കണ്ടുവരുന്നു.

വലിയ ശിലകള്‍ എന്ന അര്‍ത്ഥത്തില്‍ മഹാശിലായുഗം (megalithic period) എന്നാണ് ഇക്കാലത്തെ ചരിത്രകാരന്മാര്‍ പരാമര്‍ശിക്കുന്നത്. ഇത്തരം കല്ലറകളില്‍നിന്നും ഇരുമ്പുകൊണ്ടുള്ള ആയുധങ്ങള്‍, ആണികള്‍, ചൂണ്ടക്കൊളുത്തുകള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഇരുമ്പുയുഗ സംസ്‌കൃതിയുമായി ബന്ധപ്പെട്ടിരു ന്നതിനാല്‍ ഇരുമ്പുയുഗം(iron age) എന്നും പരാമര്‍ശിച്ചുപോന്നു.

മനുഷ്യന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ശവം മറവുചെയ്യുന്നതിനു നടത്തിയ ശ്രമമായിരുന്നു. മുനിയറകള്‍ കരിങ്കല്‍ പാളികള്‍കൊണ്ടു തീര്‍ത്തവയാ യിരുന്നു. അത്ര ലാഘവത്തോടെ ചെയ്യാന്‍കഴിയുന്നവയായിരുന്നില്ല കുടക്കല്ലുകള്‍. മനോഹരമായി ചെത്തിയുണ്ടാക്കിയ കുടയുടെ ആകൃതിയിലുള്ള കല്ല് ചെത്തിയെടുത്ത മറ്റൊരു കല്ലിനു മുകളില്‍ സുരക്ഷിതമായി കയറ്റിവയ്ക്കുന്നു. ചെങ്കല്ലറകളാകട്ടെ ആഴത്തിലെടുത്ത കുഴിയിലേക്ക് ഇറങ്ങാന്‍ പടികള്‍ കെട്ടി അതില്‍ സുരക്ഷിതമായി ശവം മറവുചെയ്യുകയാണ് പതിവ്. ശവം മറവുചെയ്ത സ്ഥലത്തു നാട്ടിയ കല്ലില്‍ വീരാരാധനയുടെ പേരില്‍ റിലീഫ്ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. കേരളീയ റിയലിസ്റ്റിക് ശില്‍പകലയുടെയും ആദ്യമാതൃക എന്ന് ഇതിനെ വിശേഷിപ്പിക്കാവു ന്നതാണ്. ഉറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു താമസം തുടങ്ങാതിരുന്ന കാലത്താണ് ഗോത്രമുഖ്യന്മാരെയോ വീരന്മാരെയോ ആരാധ്യമായ രീതിയില്‍ മറവുചെയ്യാന്‍ തുടങ്ങുന്നത്. നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ തുടക്കം ഇവിടം മുതല്‍ക്കാണ്.