"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ചുരുക്കെഴുത്തായി മാറുന്ന വിശ്വകര്‍മ്മജരുടെ ജീവിതം - ശശിക്കുട്ടന്‍ വാകത്താനം


സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകാന്‍ നിര്‍ബന്ധിതമായ തൊഴില്‍ സമൂഹമാണ് വിശ്വകര്‍മ്മജര്‍. ഒരുകാലത്ത് തൊഴില്‍പരമായി മുന്നോട്ടു നിന്നപ്പോഴും സാമൂഹികമായി പിന്നോട്ടുനയിക്കുന്ന ഘടകങ്ങ ളായിരുന്നു അവരെ ചൂഴ്ന്നു നിന്നിരുന്നത്. ഇതിലെ പ്രധാനപ്പെട്ടഘടകം ജാതീയമായ പിന്നോക്കാവസ്ഥയായിരുന്നു. ജാതി തൊഴിലിനെ നിര്‍ണയിച്ചിരുന്നതിനാല്‍ പിന്നോക്ക ജാതിക്കാര്‍ക്ക് തൊഴിലിനു കൂലി ഉണ്ടായി രുന്നില്ല. തൊഴില്‍ ചെയ്തു കൊടുക്കേണ്ടത് ജാതിബാധ്യത യായിരുന്നു. പണി ആയുധങ്ങളുടെ ഉടമാവകാശത്തിനപ്പുറം തൊഴില്‍ ഉടമസ്ഥതയുമായി ബന്ധമില്ലാതിരുന്നതിനാല്‍ തൊഴില്‍ സ്വാതന്ത്ര്യം സാധ്യമാക്കിയതല്ലാതെ അത് സ്വത്തു സമ്പാദനത്തിലേക്ക് എത്തിയില്ല. തൊഴില്‍ സാദ്ധ്യതകള്‍ വികസിച്ചപ്പോള്‍പോലും തൊഴിലാളികളുടെ സ്വത്തു സമ്പാദനം വികസിച്ചില്ല. തൊഴില്‍ അടിമപ്പണിക്കു സമാനമായ അവസ്ഥയിലാണ് അതു കൊണ്ടെത്തിച്ചത്. ചിലര്‍ക്കെങ്കിലും തൊഴില്‍ ഉടമസ്ഥതയും സാങ്കേതിക വൈദഗ്ധ്യവും കരഗതമായെങ്കിലും സ്വത്തിന്‍മേല്‍ അധികാരം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഓരോ ഗ്രാമത്തിലും ആവശ്യമായി വരുന്ന 'കൊല്ലനും ആശാരിയും മൂശാരിയും തട്ടാനും' അവര്‍ക്ക് ആവുംവിധം പണിയെടുത്തു കൊടുക്കുന്നതിന് കൂലി ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിനു വേണ്ടിയോ പള്ളിക്കു വേണ്ടിയോ ജന്മിക്കു വേണ്ടിയോ പണിയെടുക്കുന്നത് ഊഴിയംവേല ആയിരുന്നു. പണിക്കു കൂലിക്കു പകരം പഴകിയ ഭക്ഷണമോ ജീര്‍ണിച്ച വസ്ത്രമോ(മനുസ്മൃതി124-125) വിളവെടുപ്പുസമയം നെല്ലോ പതിരോ കപ്പയോ ചക്കയോ നടുതലയോ എന്താണെന്നുവച്ചാല്‍ ഉടമയുടെ ഉദാരതക്കനുസരിച്ച മാത്രം ലഭ്യമായതായിരുന്നു കൂലി. പെരുന്നാളിനോ ഉത്സവത്തിനോ ലഭ്യമാകുന്ന അപ്പമോ പടച്ചോറോ പുറംവരിയിലെ ഒരു നേരത്തെ അന്നമോ അവകാശമായി ലഭിക്കുന്നതിനെ ആദരവോടെ കയ്യേറുന്നതും സാധാരണമായിരുന്നു. സ്വന്തമായി പണിയെടുക്കാന്‍ കഴിയുമ്പോഴും സ്വതന്ത്രമായൊരു അസ്തിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ തൊഴിലാളികള്‍ ആശ്രിതരും കൂലി അടിമകളു മായി തുടര്‍ന്നു. ഈയൊരു പാരമ്പര്യമായിരുന്നു വിശ്വകര്‍മ്മജരെ ഭരിച്ചുകൊണ്ടിരുന്നത്.

വിശ്വകര്‍മ്മജരെ സംബന്ധിച്ചിടത്തോളം മാറ്റമില്ലാത്തൊരു സാമൂഹ്യ വ്യവസ്ഥയുടെ ഉല്‍പ്പന്നമായി മാത്രം അവര്‍ ഇന്നും നിലനില്‍ക്കുന്നു. നൂറ്റാണ്ടു മുതല്‍ തുടര്‍ന്നുപോന്ന ആശ്രിതാവസ്ഥക്കിന്നും ഏറെയൊന്നും മാറ്റം വന്നിട്ടില്ല. ആശ്രിതാവസ്ഥയെ എടുത്തു മാറ്റുന്നതോടെ സ്വന്തം തട്ടകത്തുനിന്നും വളരെ ദൂരേക്കു വലിച്ചെറിയപ്പെടുന്ന കാഴ്ചയും ഇവര്‍ക്കു മുന്നിലുണ്ട്. ഒരു കാലത്ത് തന്റെ എന്നവകാശപ്പെടുന്ന തൊഴിലിടങ്ങളി ലേക്ക് മറ്റു പലരും ആധിപത്യം ചെലുത്തുന്നത് നോക്കിനില്‍ക്കേണ്ടി വരുന്നു. ഇത്, തൊഴിലിന്റെ എന്ന നിസാരവല്‍ക്കരണ ത്തിനപ്പുറം തലമുറകളിലൂടെ കൈമാറിവന്ന ഉള്ളംകയ്യിലെ ജീവിതത്തെയാണ് എടുത്തെറിയുന്നതെന്ന തിരിച്ചറിവ് വളരെക്കഴിഞ്ഞാണ് അവരുടെ മുന്നിലെത്തുന്നത്. നൂറ്റാണ്ടുകളിലൂടെ സംസ്‌കരിച്ചെടുത്ത പൊതുബോധത്തിന്റെയും അതു സൃഷ്ടിച്ചെടുത്ത സമഗ്രമായ ജീവിത വീക്ഷണത്തിന്റെയും തൊഴില്‍ സംസ്‌കാരത്തിന്റെയും ആകെ തുകയായിരുന്നു ചരിത്രം. അതു രൂപപ്പെടുത്തി എടുത്ത ചലനക്രമങ്ങളിലൂടെയാണ് ചാലുകീറി വയലുകള്‍ വിളസമൃദ്ധമായത്. കൊതുമ്പുവള്ളങ്ങളും കെട്ടുവള്ളങ്ങളും ഓടിയത്. അങ്ങാടികളും ചന്തകളും രൂപംകൊണ്ടത് സമൃദ്ധമായ ഗ്രാമങ്ങളും ഐശ്വര്യങ്ങളുടെ ഉത്സവങ്ങളും അവിടെയാണ് അരങ്ങേറിയത്.

ഈ 'ഗ്രാമസൗഭാഗ്യ'ങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ട തുരുത്തുകള്‍ക്കിടയില്‍ അകപ്പെട്ടുപോയ ജീവിതമായിരുന്നു വിശ്വകര്‍മ്മജര്‍ നയിച്ചിരുന്നത്. പാരമ്പര്യം ഒരു വശത്ത് തൊഴിലിനെ സ്ഫുടം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത് അത് കെട്ടിക്കിടന്ന ജലം പോലെ മലിനമായിക്കൊണ്ടിരുന്നു. ഒരിക്കലും അലക്കിവെളുപ്പിക്കാന്‍ കഴിയാത്തൊരു സംസ്‌കാരം അവരെ ചൂഴ്ന്നു കിടന്നു. വിശ്വാസവും ആചാരവും അടിമത്വവും വിധേയത്വവും തിരിച്ചറിയാന്‍ കഴിയാത്തവിധം അവരെ ഒറ്റപ്പെടുത്തി. കുലഗോത്ര ഘടനയുടെ അവശിഷ്ടങ്ങളില്‍നിന്നും മോചനപ്പെടാന്‍ കഴിയാതാവു മ്പോള്‍ത്തന്നെ അതിന്റെ അവശിഷ്ടങ്ങളില്‍ ആ മൂലാഗ്രം പൂണ്ടുകിടക്കുന്ന തൊഴിലിന്റെ ആത്മീയ അന്തര്‍ധാരകളില്‍ അങ്ങിനെ ഒന്നില്ലെങ്കില്‍ത്ത ന്നെ അതിനെ വച്ചൊഴിയാന്‍ കഴിയാത്തവന്റെ ആകുലതകള്‍ അവന്റെ പരിസരങ്ങളെ വിട്ടൊഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ പോലും തിരിച്ചറിയാത്തിടത്താണ് ആ ഒറ്റപ്പെടലും വിധേയത്വവും അവനെ ഒറ്റു കൊടുത്തു കൊണ്ടിരിക്കുന്നത്. മറ്റേതൊരു തൊഴിലിനെക്കാളും തൊഴിലാളിയെക്കാളും വിശ്വകര്‍മ്മജരും അവരുടെ തൊഴിലും നേരിടുന്ന പ്രതിസന്ധിയും മറ്റൊന്നല്ല.

കേരളീയ സമൂഹത്തിലെ ഏതൊരു തൊഴിലിനും ആത്മീയതയുടേതാ യൊരു അന്തര്‍ധാര നിലനില്‍ക്കുന്നുണ്ട്. പ്രകൃതിയോടുള്ള വിധേയത്വം, കടപ്പാട്, മണ്ണിനോടുള്ള ആരാധന, വിശുദ്ധിസങ്കല്‍പം, വിശുദ്ധിയിലെ വിളവ് തുടങ്ങി ആത്മാവുമായുള്ള ഒരു ഇഴുകിച്ചേരലായിരുന്നു അവരുടെ ജീവിതം. അതിലൂടെ ഉരുത്തിരിയുന്നൊരു പ്രവചന മനസ് ആകാശത്തു നോക്കി കാലാവസ്ഥ പ്രവചിക്കുന്നു. വിത്തിന്റെ ഗുണവും വിളവും പ്രവചിക്കാന്‍ കഴിയുന്നത് അനുഭവപാഠമാണ്. മൂശ ഉണ്ടാക്കുന്ന മൂശാരിയുടെ ഉള്ള് ദീര്‍ഘനിശ്വാസത്തില്‍നിന്നും മോചനപ്പെടണമെങ്കില്‍ മൂശപൊട്ടി വിഗ്രഹം പുറത്തുവരണം. സ്വര്‍ണം ഉരുക്കുന്ന തട്ടാനു സ്വര്‍ണത്തിന്റെ പരിശുദ്ധിയിലെ വിശ്വാസ്യത തന്നെയാണ് അവരുടെ തൊഴിലിനെ നിലനിര്‍ത്തുന്ന ഘടകം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഭാവിയുടെ വിശുദ്ധ പദവിയിലേക്കും സമൃദ്ധിയുടെ ഉയര്‍ന്ന പടവുകളുമാണ് ഏതൊരു വാസ്തുശില്പിയും ആര്‍ക്കു പണിതു കൊടുക്കുന്ന ഗൃഹത്തിനും വേണ്ടി അവരുടെ ഉള്ളം പകര്‍ന്നു നല്‍കുന്ന അനുഗ്രഹാശിസുകള്‍.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള ഭൂമിശാസ്ത്രപരമായ സവിശേഷത കാര്‍ഷിക മേഖലകളെ വിപുലപ്പെടുത്തുകയും അതിനനു സരണമായി കൈത്തൊഴിലുകളെ വികസിപ്പിക്കുകയും ചെയ്തു കൊണ്ടിരി ക്കുന്നു. ഇതില്‍ പ്രധാനപ്പെട്ട ഘടകമായി പാരമ്പര്യം നിലനില്‍ക്കുകയും ചെയ്തു. ഈ പാരമ്പര്യമായിരുന്നു സാങ്കേതിക വിദ്യകളെ വികസിപ്പിച്ചത്. വിദേശത്തുനിന്ന് സ്വര്‍ണ്ണവും വെള്ളിയും ചെമ്പും പിച്ചളയും രസവും കര്‍പ്പൂരവും ഇറക്കുമതി ചെയ്തതോടെയാണ് ചെമ്പുപണിയും വെള്ളോടു വ്യവസായവും സ്വര്‍ണപ്പണികളും വികസിച്ചത്. ലോകത്തെവിടെയും ഇരുമ്പ് അജ്ഞാതമായിരുന്നപ്പോള്‍ കേരളത്തില്‍ ഇരുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവായിരുന്നു കുരുമുളകിന്റെ വന്‍തോതിലുള്ള ഉല്‍പാദനത്തിലേക്ക് കേരളത്തെ നയിച്ചത്.

ഇന്ത്യയിലെത്തിയ വിദേശിയരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ കൈത്തൊഴില്‍ പാരമ്പര്യം ഒരു വെല്ലുവിളിയായിരുന്നു. ആദിവാസി ജനവിഭാഗങ്ങളില്‍ മുതല്‍ നിലനിന്നുപോന്നിരുന്ന കൈത്തൊഴില്‍ പാരമ്പര്യത്തെ തകര്‍ക്കുകയായിരുന്നു ആദ്യം മുതല്‍ക്കേ അവര്‍ ലക്ഷ്യം വച്ചിരുന്നത്. ഇന്ത്യയിലും വിദേശത്തും പ്രചാരം നേടിയിരുന്ന വിവിധ തരം പട്ടുതുണികളുടെ നിര്‍മ്മാണം, തുകല്‍ ഉല്‍പന്നങ്ങള്‍, മണ്‍പാത്രവ്യവ സായങ്ങള്‍, ഉപ്പുകുറുക്കല്‍ ചക്കര നിര്‍മ്മാണം ഇവയെ ഇല്ലാതാക്കാനു ള്ളശ്രമം, (ഇതുരണ്ടും ബ്രിട്ടീഷുകാര്‍ നിരോധിച്ചു.) ഇരുമ്പുലകളുടെ നശീകരണം, ഫര്‍ണീച്ചര്‍, ലോഹപാത്രങ്ങള്‍ ഇവയുടെ ഇറക്കുമതി ഇവയിലൂടെ നാടന്‍ ഉല്‍പ്പന്നങ്ങളുടെ മേല്‍ വിദേശികള്‍ ആധിപത്യം നേടിക്കൊണ്ടിരുന്നു. ബാസല്‍ മിഷന്റെയും സ്വകാര്യ സംരംഭകരുടെയും കടന്നുവരവ് പുതിയ വ്യവസായങ്ങള്‍ക്ക് അടിത്തറയിട്ടപ്പോള്‍ തകര്‍ന്നത് പരമ്പരാഗത കൈത്തൊഴില്‍ മേഖലകളായിരുന്നു. ബാസല്‍മിഷന്റെ കടന്നുവരവോടെ ഓടുനിര്‍മ്മാണം വ്യസായാടിസ്ഥാന ത്തിലാകുകയും ഓടുണ്ടാക്കുന്ന പരമ്പരാഗത തൊഴിലാളികളായ ഓടന്മാര്‍ അപ്രത്യക്ഷ മാകുകയും ചെയ്തു. കൊല്ലത്തെ കയര്‍-കൈത്തറി മേഖലകളില്‍ യന്ത്രസംവിധാനങ്ങള്‍ നിലവില്‍ വന്നു. കോഴിക്കോട്ടുനിന്ന് വന്‍തോതില്‍ തടി കയറ്റിക്കൊണ്ടു പോയിരുന്നതിനാല്‍ കോഴിക്കോട്ടെ പ്രധാന വ്യവസായമായിരുന്ന ഉരുക്കളുടെ നിര്‍മ്മാണവും തടിവ്യവസായവും പൂര്‍ണമായും ഇല്ലാതായി. ഓടായികള്‍ എന്നൊരു വിഭാഗം തന്നെ അപ്രത്യക്ഷമായി. വിലകുറഞ്ഞ ഇംഗ്ലീഷ് ലോഹത്തിന്റെ കടന്നുവരവോടെ പാലക്കാട്ടും സമീപ പ്രദേശങ്ങളിലുമായി നിരവധി ഉലകള്‍ നശിപ്പിക്കപ്പെട്ട തായി ബുക്കാനിന്‍ രേഖപ്പെടുത്തുന്നു. പുതിയ വ്യവസായ സംരംഭങ്ങളും തൊഴിലും പരിഗണിക്കപ്പെടുന്ന കാലത്തൊന്നും പരിഗണിക്കാതിരുന്ന വിഭാഗമായിരുന്നു വിശ്വകര്‍മ്മജര്‍. പരമ്പരാഗതമായി കയ്യില്‍വന്ന തൊഴില്‍ മൂലധനമെന്ന നിലയില്‍ നിലനിന്നിരുന്നതിനാല്‍ കാല്‍ക്കീഴിലെ മണ്ണ് ഊര്‍ന്നുപോയത് അവര്‍ അറിഞ്ഞില്ല. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വളര്‍ന്നുവരുന്ന കാലത്തിന്റെ സാദ്ധ്യതകളെ വളരെ വേഗം അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. വിദഗ്ധതൊഴിലാളി എന്ന നിലക്കുള്ള അവരുടെ തൊഴിലിടങ്ങള്‍ ഇല്ലാതാകുന്നതിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കച്ചവടവല്‍ക്കരിക്കപ്പെട്ട ജീവിതത്തിന്റെ ലാഭനഷ്ട കണക്കുകളില്‍ നിന്നുമാണ് ഉരുത്തിരിയുന്നത്.

അസംസ്‌കൃത വിഭവങ്ങള്‍ കയറ്റുമതി ചെയ്യുകയും സംസ്‌കൃത വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്ത സ്ഥാനത്ത് കൂലി കുറഞ്ഞ തൊഴിലാളിയെ ഇറക്കുമതി ചെയ്ത് കൂടുതല്‍ ലാഭമുണ്ടാക്കുന്ന തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെട്ടത് വിശ്വകര്‍മ്മജരുടെ തൊഴിലിടങ്ങളിലായിരുന്നു. വൈദഗ്ധ്യം ഏറെ വേണ്ടിവരുന്ന സ്ഥാനങ്ങളായതിനാല്‍ അത്യാവശ്യത്തിനു വിദഗ്ധതൊഴിലാ ളിയെ വച്ചുകൊണ്ട് മറ്റുള്ളവരെ സഹായികളാക്കി മാറ്റി കൂലി കുറച്ചു കൊടുത്തു ലാഭം കൊയ്യുന്ന മേഖലയായി മാറിയ പ്രധാനമേഖല ഓടുവ്യവ സായവും സ്വര്‍ണ വ്യവസായവും ആയിരുന്നു. യന്ത്ര സംവിധാനങ്ങള്‍, ആധുനിക കമ്പ്യൂട്ടര്‍ സംവിധാനം, ഫാഷന്‍ ഡിസൈനിങ്ങ് ഇവയിലൂടെ പുതിയ തലമുറ രംഗത്ത് വരുന്നതിനെ തടയിടാന്‍ എങ്ങനെയാണ് കഴിയുക എന്ന ചോദ്യത്തിന് പ്രത്യക്ഷത്തില്‍ സ്വാഭാവികതയുണ്ട്. എന്തുകൊണ്ട് ഇവിടങ്ങളിലേക്ക് പരമ്പരാഗത തൊഴിലാളികള്‍ക്ക് വന്നുകൂടാ.

ഇവിടെ മറ്റു ചില യാഥാര്‍ത്ഥ്യങ്ങളെകൂടി കൂട്ടിവായിക്കുമ്പോള്‍ മാത്രമാണ് തൊഴിലും തൊഴിലാളിയും തൊഴില്‍ ഉടമസ്ഥതയും കച്ചവടവും എന്ന ആധുനിക തൊഴില്‍ സംവിധാനത്തിലെ അര്‍ത്ഥശൂന്യത ബോധ്യപ്പെടു കയുള്ളു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മൊത്തം സ്വര്‍ണവ്യവസായം വിദേശത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണം ഉല്‍പാദിപ്പിക്കുന്നില്ല എന്നതാണ് അതിനൊരു കാരണം. ലോകത്തില്‍ ആകെ ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം പഴയ സ്വര്‍ണം ഉരുക്കി പുതിയ സ്വര്‍ണമാക്കി മാറ്റുകയും അതു വിപണിയില്‍ എത്തിക്കുകയുമാണ്. ഇതിലും കേരളം അടക്കമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ പിന്നിലാണ്. അതിനൊരു കാരണം അനുസ്യൂതം കള്ളസ്വര്‍ണം യഥേഷ്ടം കിട്ടാനുണ്ട് എന്നതുകൊണ്ടാണ്.

ഒന്നോ രണ്ടോ കിലോ സ്വര്‍ണം കൊണ്ടുവന്ന് അതു പണിത് കടകളില്‍ വച്ചുവിറ്റ് ലാഭം ഉണ്ടാക്കുന്ന മുതലാളിയല്ല ഇന്ന് സ്വര്‍ണവ്യവസായ മേഖലയിലുള്ളത്. നൂറുകണക്കിനു കിലോ സ്വര്‍ണം കള്ളക്കടത്തുവഴിയും അല്ലാതെയും പ്രതിദിനം കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണക്കടകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇന്നു നിലവില്‍ വരുന്നത്. ഇവിടെ 'കൂലിയും വിലയും ലാഭവും' അല്ല അമിതമായ ആര്‍ത്തിയും ആര്‍ത്തിയെ സാധൂകരിക്കാന്‍ അമിതമായ കൊള്ളയും എന്ന നിര്‍വചനമന്ത്രമാണ് സ്വര്‍ണക്കച്ചവടത്തെ നയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ മുതലാളിത്തബോധത്തില്‍ പുരോഗമനത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും ചില നന്മകള്‍ അവശേഷിച്ചിരുന്നെങ്കില്‍ ഇന്നത് പൂര്‍ണമായും കയ്യൊഴിയുന്നിടത്താണ് ജീവിതങ്ങള്‍തന്നെ തകിടം മറിയുന്നത്.

കേരളത്തിലെ വര്‍ത്തമാനകാല സാമ്പത്തിക രാഷ്ട്രീയ ഇടപെടലുകളാണ് സ്വര്‍ണമേഖലകളിലെ കുത്തകവല്‍ക്കരണത്തിനു വഴിവയ്ക്കുന്നത്. അതുതന്നെയാണ് പരമ്പരാഗതമേഖലയിലെ തൊഴിലാളികളെ തൊഴിലില്ലാത്തവരാക്കി പുറംതള്ളുന്നതും. സ്വര്‍ണത്തൊഴിലാളികളെ പുറത്താക്കിക്കൊണ്ട് പുത്തന്‍ അധിനിവേശത്തിന്റെ നഗ്നമായ കടന്നുകയറ്റം കുത്തകകളെ മാത്രമല്ല കുത്തകവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയാണ്. അതുവഴി ഭരണവര്‍ഗ്ഗ രാഷ്ട്രീയം പൂര്‍ണമായും തൊഴിലാളിവിരുദ്ധമായി മാറുന്നു. നൂറിലധികം നെല്‍വിത്തുകള്‍ ഉല്‍പാദിച്ചു കൃഷി നടത്തിയിരുന്ന കേരളത്തില്‍ ഹരിതവിപ്ലവം കൊണ്ടുവന്ന് കേരളത്തെ മരുഭൂമിയാക്കിയതിനു പിന്നില്‍ വലിയൊരു 'അജണ്ട' ഉണ്ടായിരുന്നു. കൃഷി നഷ്ടമാണെന്നു വരുത്തിത്തീര്‍ക്കുക വഴി ഭൂമി റിയല്‍ എസ്റ്റേറ്റ് ബിസിനസിന് ഉപയോഗിച്ചത് വന്‍ ഭൂ ഉടമകള്‍ മാത്രമായിരുന്നില്ല. ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്‍മാര്‍ക്കും താല്പര്യം മാഫിയാ ബന്ധങ്ങളോടായിരുന്നു.

മണ്ണിനോടുള്ള മനസ്സിന്റെ രതിഭാവത്തിലാണ് പെണ്ണിനോടുള്ള ആരാധനയിലെ ആത്മീയത നിലനില്‍ക്കുന്നത്. ഇവിടെ പെണ്ണിനോടും പൊന്നിനോടും ഉള്ള ആസക്തി കച്ചവടക്കണ്ണിന്റെ ലാഭേച്ഛയാണ്. ഉപഭോഗത്തിന്റെ ഉല്പന്നമായി മാത്രം കാണുന്നിടത്താണ് പെണ്ണും പൊന്നും പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. വൈദ്യുതി പ്രതിരോധം ഏറ്റവും കുറഞ്ഞ വസ്തു എന്ന നിലയില്‍ ആധുനിക ഇലക്‌ട്രോണിക ഉപകരണ നിര്‍മ്മാണത്തില്‍ സ്വര്‍ണത്തിനു വളരെയധികം പ്രാധാന്യമുണ്ട്. ഔഷധനി ര്‍മ്മാണത്തിലടക്കം സ്വര്‍ണം ഉപയോഗപ്പെടുത്തുമ്പോഴും ആ മേഖലകളിലൊന്നും ശ്രദ്ധവയ്ക്കാതെ ആഭരണവ്യവസായ രംഗത്താണ് മുതല്‍മുടക്കിക്കൊണ്ടിരിക്കുന്നത്. തൊഴിലും ജീവിതവും സംസ്‌കാരവും ഉല്‍പാദന പ്രവര്‍ത്തനവും സാമാന്യജീവിതത്തിനു സമാനമായി വികസിച്ചുവന്നിടത്താണ് ഓരോ തൊഴിലാളിയും അവരുടെ കുടുംബങ്ങളും ജീവിച്ചുപോന്നത്. പരസ്പരം കൊണ്ടും കൊടുത്തും പോന്ന ജീവിതവൃത്തി ക്കകത്തായിരുന്നു കലാപോഷണവും സാഹിത്യവും വാസ്തുവിദ്യയും അലങ്കരണ കലയും ഉത്സവങ്ങളും ആഘോഷങ്ങളും ജനജീവിതത്തെ ത്രസിപ്പിച്ചിരുന്നെങ്കില്‍ ഇന്നെല്ലാം സ്വകാര്യ വ്യക്തികളിലേക്കും കുത്തകകളിലേക്കും ഒതുങ്ങുകയാണ്. എല്ലാം 'സ്‌പോണ്‍സേര്‍ഡ്' പ്രോഗ്രാമുകളാണ്. ഇവിടെ ജീവിതം ചുരുക്കെഴുത്തായി മാറുകയാണ്.

ഇവിടങ്ങളില്‍ വിശ്വകര്‍മ്മജര്‍ കാണാതെപോയ ചില വസ്തുതകളുണ്ട്. മൂലധനവുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് അതിലൊന്ന്. ഇന്നു ലോകത്തെവിടെയും കാര്യങ്ങളെ നിയന്ത്രിക്കുന്നത് ധനമൂലധനവും അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മാഫിയാ പ്രവര്‍ത്തനങ്ങളുമാണ്. സ്വര്‍ണവും മദ്യവും മനുഷ്യക്കടത്തും നൂറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിപ്പോന്നവ ഇന്നും അനസ്യൂതം തുടര്‍ന്നു പോരുന്നു. അക്കൂട്ടത്തില്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന ഭൂമിക്കച്ചവടവും സര്‍വ്വസാധാരണ മായിരിക്കുന്നു. കാര്‍ഷികമേഖലയുടെ തകര്‍ച്ച നഗരകേന്ദ്രീകൃത ജീവിതത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിച്ചു. മൂലധനം ഭൂസ്വത്തിനെ ആശ്രയിക്കാതെ നിലനില്‍ക്കുകയും വികസിക്കുകയും ചെയ്യുന്നതിന്റെ ആരംഭമായി, അദ്ധ്വാനത്തിലും വിനിമയത്തിലും മാത്രം അധിഷ്ഠിതമായ സ്വത്തിന്റെ ആരംഭമായി അതിനെ വീക്ഷിക്കാം