"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

നമ്മുടെ വോട്ടില്‍ നമ്മുടെ ഭരണം; നിയമസഭാ തെരഞ്ഞെടുപ്പും രാജ കൊട്ടാരങ്ങളായി മാറുന്ന ദലിത് കോളനികളുംപതിവു പോലെ ദലിതര്‍ കാരുണ്യത്തിനു വേണ്ടി കൊണ്ടു നടക്കുന്ന കൈയ്യിലെ പിച്ചപാത്രം താല്ക്കാലികമായി മാറ്റവച്ച്, പഴയ കൊടിയുടെ വടി മാറ്റിയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോസ്റ്റര്‍ കക്കൂസുകളില്‍ നിന്നും ഇളക്കി മാറ്റിയും സ്വന്തം രാജകീയ വോട്ടു കൊടുക്കാന്‍ തയ്യാറെടുക്കുന്നു. ഈ അത്യാധുനിക കാലഘട്ടത്തിലും ചീഞ്ഞു നാറുന്ന ഓടയുടെ വരമ്പത്തിരുന്നും പണ്ട് തമ്പ്രാന്‍ നേതാക്കള്‍ എങ്ങനെയോ തന്റെ ദേഹത്ത് മുട്ടി എന്ന ആത്മസംതൃപ്തിയില്‍ ഇലക്ഷന്‍ ചാകരയും കാത്ത് കേരളത്തിലെ ഇരുപത്തിയേഴായിരം കോളനികള്‍ ആവേശത്തോടെ സജ്ജമായ് നില്‍ക്കുന്ന ദാരുണ അവസ്ഥയാണ് ഈ വരുന്ന പതിമൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഒരു കാരണവശാലും പൗരസമൂഹമാകാന്‍ പാടില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന ദലിതന്റെ വിജയ വോട്ട് തട്ടിയെടുക്കാന്‍ ഇതുവരെ പരീക്ഷിക്കാത്ത HIP - HOP ഡാന്‍സ് വരെ പഠിക്കാന്‍ തയ്യാറായിരിക്കുകയാണ് സാമുദായിക രാഷ്ട്രീയ നേതാക്കള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടു കുത്താന്‍ ദലിതനു പൊറോട്ടയും ബീഫ്കറിയും ആണ് കൊടുത്തിരുന്നതെങ്കില്‍ ഇപ്രാവശ്യം ബീഫ് തിന്നാല്‍ രാജ്യദ്രോഹകുറ്റമായതു കൊണ്ട് കോളിഫ്‌ളവര്‍ ബീഫാണെന്നും പറഞ്ഞ് കൊടുക്കാമെന്ന അടവു നയമാണ് സ്വീകരിച്ചിരിക്കുന്നത്. ദലിതന്റെ ജന്മാവകാശമായ ഫണ്ടുകള്‍ ഉപയോഗിച്ച് മൂന്ന് സെന്റില്‍ അഞ്ച് വര്‍ഷം കൊണ്ട് പണിതീര്‍ത്ത ജനലും വാതിലും മേല്‍കൂരയും നീല ടാര്‍പ്പാളം കൊണ്ട് മറച്ച വീട്ടില്‍ അതിനിടയില്‍ ശരീരത്തിലെ മെലാനിന്‍ കൊണ്ട് മാത്രം അതിജീവിച്ച് വിയര്‍പ്പു കൊണ്ട് ആഹാരം കഴിച്ച് പരാജിത മനസ്സുമായി കഴിഞ്ഞ തലമുറ ചീത്ത വിളിക്കുന്ന ഈ ജനാധിപത്യത്തില്‍ തന്റെ ആകെ തുകയായ വോട്ട് ചോദിക്കാന്‍ വരുന്നവര്‍ പൊട്ടി പൊളിഞ്ഞ രാജവീഥിയിലെ ഗട്ടറില്ലാത്ത സ്ഥലത്തു കൂടി നടന്നു ചെല്ലാന്‍ ബുക്കു ചെയ്യുന്ന തിരക്കിലാണ്.

വിവിധ പാര്‍ട്ടി നേതാക്കന്മാര്‍ അവര്‍ക്കറിയാം കഴിഞ്ഞ തലമുറയെപ്പോലെ പോസ്റ്ററു ഒട്ടിപ്പുകാരന്റെ മകന്‍ ഈ എച്ച്.ഡി. കാലഘട്ടത്തില്‍ പോസ്റ്റര്‍ ഒട്ടിപ്പുകാരനെസൃഷ്ടിച്ചിട്ടില്ല എന്നതുകൊണ്ട് ഇവര്‍ ഏതു നയം സ്വീകരിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. എന്തെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യേണ്ടത് നമ്മുടെ പുതുതലമുറയാണ് അവരാണെങ്കില്‍ അറുപത് വയസ്സായിട്ടും നടുവൊടിഞ്ഞു പണിയെടുക്കുന്ന തന്തയേയും തള്ളയേയും കുറിച്ചല്ല, പകുതിക്കു വച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കല്‍ കളി നിര്‍ത്തിയതിലാണ് വിഷമം. സ്വന്തം അമ്മയ്ക്ക് ഒരു തുള്ളിവെള്ളം കൊടുക്കാന്‍ അവര്‍ക്ക് നേരമില്ല. സിനിമാ നടന്മാരായ വിജയിയുടെയും സൂര്യയുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പാലഭിഷേകം ചെയ്യാനാണ് താല്‍പര്യം. പണ്ടു കാലങ്ങളില്‍ ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ കൊണ്ടു വരുന്ന മൈദ കൊണ്ട് രണ്ടപ്പം ചുട്ട് തിന്നാമായിരുന്നു. ഇന്ന് അതുമില്ല. ദലിതന്‍ പോകാത്ത പാര്‍ട്ടികളില്ല. പോയിടത്തൊക്കെ നല്ല (ലോ ലെവലില്‍) രണ്ടാം കിട പൗരത്വവും സ്വീകരിച്ച് അവശ പാര്‍ട്ടികാരായി കത്രികപ്പൂട്ടില്‍ കിടക്കുകയാണ് ഇവരാണ് ഇന്നത്തെ പാര്‍ട്ടികാരുടെ ജാഥ തൊഴിലാളികളും പ്രസംഗ തൊഴിലാളികളും. ഇവര്‍ക്ക് നന്നായിട്ടറിയാം തലമുറകളായി പാര്‍ട്ടികള്‍ക്കു വേണ്ടി ടാറുരുകിയ റോഡില്‍ മനുഷ്യ ചങ്ങലയും മനുഷ്യമതിലും ഉണ്ടാക്കിയിട്ട് എന്തു കിട്ടിയെന്ന്. പണ്ട് സ്‌പൈഡര്‍മാനെചിലന്തി കടിച്ചിട്ട് തിരിച്ച് മനുഷ്യനിലേയ്ക്ക് വരാന്‍ പറ്റാത്ത പോലെ പാര്‍ട്ടിയുടെ കൊടിയും പുതച്ച് തലയും ചൊറിഞ്ഞ് കിടന്നുറങ്ങുകയാണ്. പാവങ്ങള്‍ കിടന്നുറങ്ങട്ടേ. ഈ കാലത്തെ ബഹുഭൂരിപക്ഷം വരുന്ന പുതിയ ദലിത് തലമുറ നാലക്ഷരം പഠിച്ചിട്ടും മരുന്നിനു പോലും സാമൂഹ്യബോധം കൈവരിക്കാത്തത് ലോകാത്ഭുത പട്ടികയില്‍ ചേര്‍ക്കേവയാണ്. സമൂഹത്തില്‍ ഇത്രയും ദലിത് സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ ഫെയ്‌സ് ബുക്കിലെ പ്രൊഫൈല്‍ പിക്ച്ചര്‍ നോക്കി ഉറക്കം കളഞ്ഞ് ചാറ്റു ചെയ്ത് ആയുസ്സ് തീര്‍ക്കുകയാണ്. സംവരണാടിസ്ഥാനത്തില്‍ ജോലി കിട്ടിയവര്‍ നല്ല കാലത്ത് സ്വന്തം സമൂഹത്തെ തിരിഞ്ഞു നോക്കാതെ പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കുമ്പോള്‍ ബെഡ്‌റൂമിലിരുന്ന് ലാപ്‌ടോപ്പിലൂടെ ഇന്റര്‍നെറ്റ് വഴി സാമൂഹ്യപ്രവര്‍ത്തനം നടത്തുകയാണ്. മഴക്കാലത്ത് കൂണ്‍ മുളയ്ക്കുന്നതു പോലെ കേരളത്തില്‍ ദലിത് പ്രസ്ഥാനങ്ങള്‍ പിറന്നിട്ടും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഈ പറഞ്ഞതെല്ലാം കേരളത്തില്‍ പുസ്തകങ്ങളില്‍ കുറിക്കപ്പെടാത്ത ദലിതന്റെ പ്രശ്‌നങ്ങളാണ്. ഒന്നു രണ്ട് ഇടങ്ങളില്‍ സംഭവിക്കുന്നു എങ്കില്‍ ഇതൊരു പ്രശ്‌നമല്ല പക്ഷേ എല്ലാ കോളനികളിലുമുള്ള ദലിതനും ഇത് ജീവിതക്രമമാക്കുകയാണ്. ഇതിനുള്ള രാഷ്ട്രീയ പരിഹാരം നാം സ്വയം കണ്ടെത്തേതുണ്ട്. തദ്ദേശീയരായ എന്റെ സഹോദരങ്ങളോടു പറയാനുള്ളത് പൗരന്റെ ബലവും രാജ്യത്തിന്റെ ശക്തിയുമാണ് വോട്ട്. തന്തയേ മാറ്റി പറഞ്ഞാലും പാര്‍ട്ടി മാറ്റി പറയില്ലെന്ന് പ്രതിജ്ഞ ചെയ്ത വിവിധ പാര്‍ട്ടികള്‍ക്കു വേണ്ടി തമ്മില്‍ കടിപിടികൂടി നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ വംശഹത്യയിലേയ്ക്ക് നീങ്ങിയിരിക്കുന്നുവെങ്കില്‍ അത് അവരുടെ അറിവില്ലായ്മയില്‍ നിന്നുണ്ടായ അവസ്ഥയില്‍ പെട്ടു പോയതാണെന്നു കരുതി നമുക്ക് മറക്കാം. പകരം നാലക്ഷരം പഠിച്ച ഇന്നത്തെ നമുക്ക് നാളെയ്ക്ക് വേണ്ടി ചിന്തിച്ചു കൂടെ? മറ്റുള്ളവര്‍ അവരുടെ തലമുറയ്ക്കു വേണ്ടി സാമുദായികമായി കൂട്ടു ചേര്‍ന്ന് ആഹാരം മുതല്‍ ആത്മിയതവരെ വോട്ടിലൂടെ കെട്ടിപ്പടുത്തുയര്‍ത്തുമ്പോള്‍ നമ്മുടെ ഇടയിലെ ഉന്നതരും കൂലിവേലക്കാരും ഒരേ അളവില്‍ അപകര്‍ഷതാ ബോധത്തില്‍ വിവിധ ഉപജാതികളില്‍ (പറയന്‍, പുലയന്‍,കുറവന്‍, വേടന്‍, വേട്ടുവന്‍ തുടങ്ങിയവയില്‍) ആത്മാഭിമാനമില്ലാത്ത ശാസ്ത്രീയ അടിമകളായി പരസ്പരം പോരടിച്ച് മരിക്കുകയാണ് ഇന്നലെവരെയും നമ്മള്‍ കൂട്ടമായി വോട്ട് കൊടുത്ത് ചീരവിത്തും കോഴികുഞ്ഞും വാങ്ങിയിരുന്നുവെങ്കില്‍ ഇനിമുതല്‍ നമുക്ക് കൂട്ടമായി വോട്ട് വാങ്ങി ചീര വിത്തും കോഴികുഞ്ഞും തിരികെ കൊടുത്ത് തിരിച്ച് നടക്കാനുള്ള പ്രാപ്തിയാണ് നേടേണ്ടത്. അതിനു നമുക്ക് കഴിയും. കഴിയണം. കാരണം ഇതിലും ഭീകരമായ അന്തരീക്ഷത്തില്‍ നിന്ന് മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുകയും നിയമമാക്കുകയും ചെയ്ത മഹാത്മ യജമാന്‍ അയ്യന്‍കാളിയുടെയും ബാബ സാഹേബ് ബി.ആര്‍.അംബേദ്കറുടെയും സന്തതി പരമ്പരകളായ നമുക്ക് അത് സാധ്യമാക്കാന്‍ ഇരുവരുടെയും കല്‍പ്രതിമകള്‍ക്കു മുന്നില്‍ പൂമാലയിട്ട് പ്രാര്‍ത്ഥിക്കുകയല്ല ചെയ്യേണ്ടത് മറിച്ച് അവരുടെ കല്പനകള്‍ അനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. അത് ഈ ഭൂമി നശിക്കും കാലം വരെയും നമ്മുടെ തലമുറയെ ജീവിച്ചിരിക്കാന്‍ സഹായിക്കും ദലിതന്റെ സാമൂഹികമാറ്റം നവീകരണത്തിലൂടെയല്ല. നവോത്ഥാനത്തിലൂടെയാണെന്നുള്ള സത്യം തിരിച്ചറിഞ്ഞ് സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള മാനസിക വികാസം തന്നാല്‍ സൃഷ്ടിക്കപ്പെടട്ടേയെന്ന് ആശംസിച്ചു കൊണ്ട് ഈ 14-ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ദലിതര്‍ പങ്കെടുക്കുകയല്ല വേതണ്ട് മറിച്ച് പങ്കാളിയാവുകയാണ് വേണ്ടത്.