"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

എന്‍ ശിവരാജ്: 'ഡോ. ബി ആര്‍ അംബേഡ്കറുടെ വലംകൈ'ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേഡ്കറുടെ വലംകൈയായി പ്രവര്‍ത്തിച്ച പ്രമുഖ ദലിത് വിമോചക പ്രവര്‍ത്തകന്‍ റാവു ബഹദൂര്‍ നംശിവായം ശിവരാജ് 1892 സെപ്തംബര്‍ 22 ന് തമിഴിനാട്ടിലെ മദ്രാസ് പ്രസിഡന്‍സിയില്‍പ്പെട്ട കുഡ്ഡപ്പ നഗരത്തിലാണ് ജനിച്ചത്. ദലിത് സമുദായമായ പറയരില്‍ നിന്നും ബുദ്ധിസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മാതാപിതാക്കള്‍ക്ക് പിറന്നതിനാല്‍ ശിവരാജ് ബുദ്ധിസ്റ്റായാണ് വളര്‍ന്നത്. മാതാപിതാക്കളുടെ പൂര്‍വികഭൂമി മദ്രാസിലെ പൂനമല്ലിയാണ്.

1907 ല്‍ മെട്രിക്കുലേഷന്‍ പാസായ ശിവരാജ് 1911 ല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദം നേടി. 1915 ല്‍ നിയമബിരുദം നേടിയ ശിവരാജനെ കീഴ്ജാതിക്കാരനായതിനാല്‍ കോടതിയില്‍ പ്രാക്ടീസിന് ചേര്‍ക്കാന്‍ ആരും തയാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ശിവരാജനെ ജൂനിയറായി സ്വീകരിക്കാന്‍ മുന്നോട്ടു വന്നത് ഒരു ബ്രാഹ്മണനാണ് . തിരുവിതാംകൂര്‍ ദിവാനായിരുന്ന സാക്ഷാല്‍ സര്‍ സി പി രാമസ്വാമി അയ്യരാണ് ആ മഹാനുഭാവന്‍! (കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച സി വി കുഞ്ഞുരാമനെ കുറിച്ചുള്ള ഒരു സംഘം ലേഖകരുടെ പുസ്തകത്തില്‍, സി പി നായരുടെ ലേഖനത്തില്‍ ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ 'രാമന്‍' എന്ന് കുറിച്ചിട്ടുള്ളത് പിശക് പറ്റിയതാകാം)

അധകൃതവര്‍ഗങ്ങളുടെ സമുന്നതനായ നേതാവായി ഉയര്‍ന്നുകൊണ്ടാണ് ശിവരാജ് പൊതു സേവനരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ജസ്റ്റിസ് പാര്‍ട്ടിയെ എന്‍ ശിവരാജ് പിന്‍തുണച്ചിരുന്നു. 1945 - 46 കാലഘട്ടത്തില്‍ മദ്രാസ് കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ശേഷിയുള്ള ദലിതനായിമാറി എന്‍ ശിവരാജ്. ശിവരാജിന്റെ ശേഷികൊണ്ടാണ് മദ്രാസിലെ പ്രസിദ്ധമായ ഫുഡ്‌ബോള്‍ സ്‌റ്റേഡ്യം നിര്‍മിക്കപ്പെട്ടത്. അക്കാലത്ത് അത് തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരുന്നു. കാമരാജിന്റെ കാലത്ത് ഈ സ്റ്റേഡിയം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം എന്ന് നാമകരണം ചെയ്യപ്പെട്ടു. 1996 ല്‍ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് സ്റ്റേഡിയം പുതുക്കിപ്പണിതു.

1926 ല്‍ എന്‍ ശിവരാജ് ജസ്റ്റിസ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1937 വരെ അംഗമായി തുടര്‍ന്നു. 1937 മുതല്‍ 1945 വരെ ഇംപീരിയല്‍ ലെജിസ്ലേച്ചര്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നു.

ഡോ. അംബേഡ്കര്‍ സ്ഥാപിച്ച അസ്പൃശ്യരുടെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ ആദ്യത്തെ പ്രസിഡന്റ് റാവു ബഹദൂര്‍ എന്‍ ശിവരാജായിരുന്നു. 1942 ജൂലൈ 17 മുതല്‍ 20 വരെ നാഗ്പൂരില്‍ വെച്ചുനടന്ന എസ്സിഎഫ്‌ന്റെ ആദ്യ സമ്മേളനത്തില്‍ ഡോ. അംബേഡ്കര്‍ അധ്യക്ഷനായിരുന്നു. അന്നുമുതല്‍ 'ഡോ. അംബേഡ്കറുടെ വലംകൈ' എന്ന് എന്‍ ശിവരാജ് വിശേഷിപ്പിക്കപ്പെട്ടു. ഡോ. അംബേഡ്കറേക്കാള്‍ ഒരു വയസിന് മൂത്തത് എന്‍ ശിവരാജാണ്.

എസ്സിഎഫ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയായി പുനസംഘടിപ്പിച്ചപ്പോള്‍ അതിന്റെ ആദ്യ പ്രസിഡന്റായതും എന്‍ ശിവരാജായിരുന്നു. പാര്‍ട്ടിയുടെ നയപരിപാടിയും രൂപരേഖയും ആസൂത്രണം ചെയ്തത് ഡോ. ബി ആര്‍ അംബേഡ്കറായിരുന്നു. 1956 ല്‍ പൊടുന്നനെ ഡോ. അംബേഡ്കര്‍ പരിനിര്‍വാണം പ്രാപിച്ചതിനാല്‍ ജീവിതകാലത്ത് പാര്‍ട്ടിയുടെ സ്ഥാപനം നടന്നില്ല. അതിനാല്‍ ഭാരിച്ച ഉത്തരവാദിത്വമാണ് എന്‍ ശിവരാജിന്റെ ചുമലില്‍ വന്നുവീണത്. 1957 ല്‍ പാര്‍ട്ടി സ്ഥാപിക്കുമ്പോള്‍ അതിന്റെ സ്ഥാപകനായി ശിവരാജ് പ്രഖ്യാപിച്ചത് ഡോ. അംബേഡ്കറെയായിരുരുന്നു. അങ്ങനെ പരിനിര്‍വാണ ശേഷം ഒരു പ്രസ്ഥാനത്തിന്റെ സ്ഥാപകനായി മാറുന്ന ആദ്യത്തെ ആളായി ഡോ. ബി ആര്‍ അംബേഡ്കര്‍! 1964 സെപ്തംബര്‍ 29 ന് (ജനിച്ച തും മരിച്ചതുമായ മാസവും ദിവസവും ഒന്നു തന്നെ) പരിനിര്‍വാണം പ്രാപിക്കുന്നതുവരെ എന്‍ ശിവരാജ് ആര്‍പിഐയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു.

'ഇന്ത്യയുടെ യഥാര്‍ത്ഥ മണ്ണിന്റെ മക്കള്‍ നമ്മളാണ്. സംശുദ്ധ രക്തസഞ്ചാരമുള്ള സിരകളെ കൊണ്ടാണ് നമ്മുടെ ഉള്ളം ത്രസിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സ് ഇന്നും നമ്മുടെ അധ്വാനഫലമാണ്. നമ്മള്‍ കഠിനാധ്വാനികളും രാജ്യസ്‌നേഹികളുമാണ്. നമ്മള്‍ സഹിഷ്ണുതയുള്ളവരും വിശാല ചിന്താഗതിക്കാരും സാമൂഹികജീവിതത്തില്‍ മികച്ച കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നവരുമാണ്. നമുക്ക് നമ്മുടെ സ്വന്തം സംസ്‌കാരവും സാഹിത്യവും പാരമ്പര്യവുമുണ്ട്. നമ്മള്‍ സ്വാഭിമാ നികളും തുറന്ന മനസുള്ളവരും കാലങ്ങളായി തുടര്‍ന്നുപോരുന്ന സ്വതന്ത്രചിന്താഗതി ക്കാരുടെ ജനസഞ്ചയങ്ങളുമാണ്. ഹിന്ദുക്കളെന്ന് അവകാശപ്പെടുന്നവര്‍ നമ്മളില്‍ അസഹിഷ്ണുക്കളായിരിക്കാന്‍ കാരണം എക്കാലവും നമ്മള്‍ വെച്ചുപുലര്‍ത്തുന്ന ലോകോത്തരമായ ഈ കാഴ്ചപ്പാടാണ്...' എന്‍ ശിവരാജ് തന്റെ ജനതയെ ഉദ്‌ബോധിപ്പിച്ചു.

1952 ലും 57 ലും 62 ലും ലോക് സഭയിലേക്ക് മത്സരിച്ചു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സഖ്യകക്ഷിയായാണ് ആര്‍പി ഐ മത്സരിച്ചത്. 1957 ല്‍ വിജയിച്ച് 1962 വരെ ചെങ്ങല്‍പ്പാട്ട് മണ്ഡലത്തെ ലോക് സഭയില്‍ പ്രതിനിധീകരിച്ചു. 1962 ല്‍ ഡിഎംകെ സഖ്യത്തില്‍ തന്നെ വെല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ശിവരാജ് മത്സരിച്ചുവെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുവാനേ സാധിച്ചുള്ളൂ. അന്ന് സഖ്യം സീറ്റുകള്‍ വീതംവെച്ചത് ഡിഎംകെ ക്ക് ആറും ആര്‍പിഐക്ക് ഒന്നും എന്ന നിലക്കായിരുന്നു. എന്നാല്‍ ആറ് ഡിഎംകെ സ്ഥാനാര്‍ത്ഥികളും ജയിച്ചുകയറിയ പ്പോള്‍ ആര്‍പിഐയുടെ എന്‍ ശിവരാജന്‍ മാത്രം തോറ്റു!? ദ്രാവിഡ രാഷ്ട്രീയത്തിന് അകത്തും വര്‍ത്തിക്കുന്ന, അസ്പൃശ്യരോടുള്ള ജാതീയ വിവേചനം മറനീക്കി പുറത്തുവന്ന ഘട്ടമായിരുന്നു ആ തിരഞ്ഞെടുപ്പു കാലമെന്ന് നിരീക്ഷിക്കപ്പെടുന്നു. അക്കാലത്ത് ആര്‍പിഐയില്‍ പെടാത്ത സമുന്നതരായ ദലിത് നേതാക്കന്മാര്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ആര്യ ശങ്കരന്‍, തുടര്‍ന്നു വന്ന പള്ളികൊണ്ട എന്‍ കൃഷ്ണസ്വാമി, ജി മൂര്‍ത്തി, ശക്തിദാസന്‍, ചേപ്പന്‍, എല്‍ ഇളയപെരുമാള്‍, വൈ ബാലസുന്ദരം തുടങ്ങിയവരുടെ പേരുകള്‍ എടുത്തു പറയാവുന്നതാണ്. എന്നാല്‍ ആരും തന്നെ ഈ നേതാക്കന്മാരുടെ സാംഗത്യം അംഗീകരിച്ചിരുന്നില്ല. ആര്‍പിഐ യെ അംഗീകരിച്ച (?) ഡിഎംകെയാകട്ടെ ശിവരാജിനെ തോല്‍പ്പിച്ചുകൊണ്ട് ഉയര്‍ന്നു വന്ന അസ്പൃശ്യ രാഷ്ട്രീയ മുന്നേറ്റത്തെ ഒതുക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ ആദി - ദ്രാവിഡ പ്രസ്ഥാനത്തിലെ അടിയുറച്ച പ്രവര്‍ത്തകനായിരുന്ന വിജി വാസുദേവ പിള്ളൈയുടെ മകളും എസ്സിഎഫിന്റെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ വനിതാവിഭാഗം പ്രസിഡന്റുമായിരുന്ന മീനാംബാളെയാണ് ശിവരാജന്‍ വിവാഹം ചെയ്തത്.