"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

നിര്‍മാണമേഖല: ചരിത്രവും പരിണാമവും - ശശിക്കുട്ടന്‍ വാകത്താനംപ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം പ്രകൃതിയുമായി ഇടപഴകുമ്പോള്‍ മനുഷ്യന്‍ എത്തിച്ചേരുന്ന ബന്ധങ്ങളാണ്. പ്രകൃതിയില്‍ നിന്നും യഥേഷ്ടം സ്വീകരിക്കുന്നിടത്തുനിന്ന് പ്രകൃതിയില്‍ അദ്ധ്വാനിച്ച് ഉല്‍പാദിപ്പിച്ചതിന്റെ കൂട്ടുത്തരവാദിത്വത്തില്‍നിന്നാണ് സാമൂഹികവും സാംസ്‌ക്കാരികവുമായ ബന്ധങ്ങള്‍ വളര്‍ന്നു വരുന്നത്. കൂടുതല്‍ ഉല്‍പാദിപ്പിക്കേണ്ടിവന്നപ്പോള്‍ കൂടുതല്‍ ഭൂമി കണ്ടെത്തുകമാത്രമായിരുന്നില്ല, ഉള്ള ഭൂമിയില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു ചെയ്തത്. സാങ്കേതിക വിദ്യയുടെ കണ്ടെത്തലായിരുന്നു ഇതിനു പ്രേരിപ്പിച്ചത്. സാങ്കേതിക വിദ്യയുടെ വികാസം ഉല്‍പാദനത്തെ വര്‍ദ്ധമാനമാക്കി. ഇരുമ്പിന്റെ കണ്ടെത്തല്‍ സാങ്കേതികവിദ്യക്ക് കൂടുതല്‍ കരുത്തേകി. കൃഷിയുടെ വികാസം കാര്‍ഷിക സമ്പദ് വ്യവസ്ഥയിലൂടെ സാമൂഹിക ഘടനയെ വികസിപ്പിച്ചു. ഇത് ജനങ്ങള്‍തമ്മില്‍ പുതിയ ബന്ധങ്ങളുടെ സൃഷ്ടിക്കു കാരണമായി.

സാമൂഹിക ഘടനയുടെ വികാസത്തിലെ പ്രധാന പരിവര്‍ത്തനം അത് തൊഴില്‍ വിഭജനം സാധ്യമാക്കിയതായിരുന്നു. ഒരു രാഷ്ട്രത്തിന്റെ ഉല്‍പാദന ശക്തികള്‍ എത്രത്തോളം വികസിച്ചിട്ടുണ്ടെന്ന് ഏറ്റവും പ്രകടമായി കാണുന്നത് അതു തൊഴില്‍വിഭജനം നടപ്പിലാക്കിയിട്ടുള്ള തോതിലാണ്. തൊഴില്‍ വിഭജനത്തിന്റെ വിവിധ വികാസഘട്ടങ്ങള്‍ അതോടൊപ്പംതന്നെ സ്വത്തുടമസ്ഥതയുടെ വിവിധ ഘട്ടങ്ങള്‍കൂടിയാണ്. ഇവര്‍ ഉല്‍പാദനവുമായി നേരിട്ടു ബന്ധമില്ലാത്തവരും എന്നാല്‍ ഉല്‍പാദനത്തിന്റെ വിതരണവും വിനിമയവും ഉപഭോഗവുമായി അടുത്തു ബന്ധം പുലര്‍ത്തുന്നവരുമാണ്. ഈ ബന്ധം മറ്റൊരു ഘട്ടത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്നു. ചരിത്രപരമായി ഈ ബന്ധം വിദേശ കച്ചവടവുമായി കൂടിച്ചേര്‍ന്നു പുതിയൊരു സ്വത്തുടമാ ബന്ധം സ്ഥാപിച്ചിരുന്നു. ഈ സ്വത്തുടമസ്ഥതക്കു കീഴില്‍ പ്രധാനമായും വളര്‍ന്നുവന്നത് നാടുവാഴിത്തവും മതമായിരുന്നു. മതം സംഘടിതപ്രസ്ഥാനമായി മാറിയതോടെ മതത്തിന്റെ നിയമവും മത തത്വശാസ്ത്രവും അതിന്റെ രാഷ്ട്രീയവും, ഇതെല്ലാമായി ബന്ധപ്പെട്ട സംസ്‌ക്കാരവുമാണ് നിലവില്‍ വന്നത്.

അദ്ധ്വാനത്തിന് കൂലി ഇല്ലാതിരുന്നതിനാലും കൈമാറ്റത്തിലൂടെ (barter)അസംസ്‌കൃത വസ്തുക്കളും മറ്റും വാങ്ങുന്നതോടെ മിച്ചമില്ലാതാകുന്നു. തൊഴിലെടുക്കുന്നവര്‍ പാപ്പരീകരിക്കപ്പെടുകയും സ്വത്തുടമസ്ഥത കച്ചവടക്കാരിലും നാടുവാഴികളിലും കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. ഇത് പുതിയ തൊഴില്‍സാദ്ധ്യതക്കു കാരണമായി. ഈ തൊഴില്‍സാദ്ധ്യത കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക വിദ്യകളെ വികസിപ്പിക്കുകയും ചെയ്തുവെങ്കിലും തൊഴിലാളികള്‍ക്ക് സാമ്പത്തികമായി മെച്ചമുണ്ടായില്ല. തൊഴില്‍ ചെയ്യുക ജാതിബാദ്ധ്യതയായിരുന്നതിനാല്‍ അദ്ധ്വാനത്തിനുള്ള കൂലി പരിമിതമായിരുന്നു. മുപ്പത്തിനാലു പതിത തീണ്ടല്‍ ജാതിയിലെ ശില്‍പ ജാതികള്‍ക്ക് നിശ്ചിതവിഹിതമായ നെല്ലാണ് പ്രതിഫലമായി കൊടുത്തിരുന്നത്. കേരളത്തില്‍ കൈത്തൊഴിലിന്റെ സാദ്ധ്യത വളരുന്നതും ക്ഷേത്രവാസ്തുവിദ്യ വികസിക്കുന്നതും ഈ കാലത്താണ്. കല്ലന്‍, കൊല്ലന്‍, ആശാരി, മൂശാരി, തട്ടാന്‍, ചെമ്പുകൊട്ടി, മണിയാണ,ി ഓടായികള്‍, ചക്കാലന്‍ വാണിയന്‍ എന്നീ വിഭാഗങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നതും അവരുടെ കൂട്ടായ ജീവിതം തുടങ്ങുന്നതും ഇതോടുകൂടിയാണ്. ഓരോതരം തൊഴില്‍ ചെയ്യുന്നവരുടെ കൂട്ടായ താമസ സ്ഥലങ്ങളെയാണ് 'കുടി' എന്നു പറഞ്ഞിരുന്നത്. കുടി യെതുടര്‍ന്ന് പറമ്പ്/പുരയിടം വ്യവസ്ഥയും രൂപംകൊണ്ടു. ഇത് നാടുകളുടെ രൂപീകരണത്തിന്റെ അടിസ്ഥാന ഘടകമായി മാറി.

നാടുവാഴി ഭരണത്തിന്‍ കീഴില്‍ സമൂഹത്തിനുണ്ടായ പുരോഗതി കാര്‍ഷിക- കൈത്തൊഴിലിന്റെ പുരോഗതിയായിരുന്നു. വിദേശബന്ധങ്ങള്‍വഴി സ്വര്‍ണം, വെള്ളി, ചെമ്പ്, ഈയം, രസം, കര്‍പ്പൂരം തുടങ്ങിയവ കടല്‍ കടന്നുവരാന്‍ തുടങ്ങി. കൈത്തൊഴിന്റെ വികാസത്തിന് ഇതു കാരണമായി. കാര്‍ഷികമേഖലയിലും കൈത്തൊഴില്‍ മേഖലയിലും പരമ്പരാഗത തൊഴിലിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. തുണിനെയ്ത്ത്, കയര്‍, ചക്കര, ഉപ്പ് എന്നീ വ്യവസായങ്ങളും പുഷ്ടിപ്പെട്ടു.പതിനെട്ടാം നൂറ്റാണ്ടുവരെയെങ്കിലും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കേരളം സമ്പന്നമായിരുന്നു. ഈ സമ്പന്നത തൊഴിലാളികളെ സമ്പന്നരാക്കിയില്ല. അടിസ്ഥാനപരമായി കേരളത്തിന്റെ വികാസത്തെ പിന്നോട്ടുനയിച്ചത് ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട സാമൂഹ്യവ്യവസ്ഥയായിരുന്നു.

ഈ സാമൂഹ്യ വ്യവസ്ഥക്കത്താണ് ഇന്നു വിശ്വകര്‍മ്മജര്‍ എന്നു വിളിച്ചുവരുന്ന ഐക്കുടി കമ്മാളര്‍ ജീവിച്ചുപോന്നത്. നാങ്കുടിപ്പരിഷ, ചെറുമക്കള്‍, എന്നിങ്ങനെയും ഇക്കൂട്ടര്‍ അറിഞ്ഞുപോന്നിരുന്നു. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ചെമ്പുകൊട്ടി, കല്ലാശാരി, കല്‍തച്ചന്‍, മണിയാണി, പച്ചാളത്താന്മാര്‍, മലയന്‍,വണ്ണാന്‍, വേലന്‍, വിളക്കിത്തലവന്‍, കണിശന്‍, എന്നിവരെ ഒന്നായി കാണുകയും ചെയ്തിരുന്നു.തരിസാപ്പള്ളി പട്ടയത്തില്‍ 17ജാതി പരിഷകളുടെ കൂട്ടത്തില്‍ തച്ചന്‍, കമ്മാളന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇത്തരത്തില്‍ ജാതിവ്യവസ്ഥയില്‍ പിന്നോക്കം നില്‍ക്കുകയും ക്ഷേത്രങ്ങലള്‍, കൊട്ടാരങ്ങല്‍, കോവിലകങ്ങള്‍ ഇവ പണിയുകയും ഇവടേക്ക് ആവശ്യമായി വരുന്ന ഉപകരണങ്ങള്‍, വിഗ്രഹങ്ങള്‍ ഇവ പണിചെയ്തു കൊടുക്കുകയും വിദേശ സമ്പത്തു കേരളത്തിലേക്കു കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്ത സമൂഹത്തെ പിന്നോട്ടു തള്ളിമാറ്റുകയുമാണു ചെയ്തത്. ഇവരെ സംബന്ധിച്ചോ ഇവരുടെ തൊഴിലിലെ ശാസ്ത്ര സാങ്കേതികവിദ്യയെക്കുറിച്ചോ നാളിതുവരെ പഠനം നടത്തിയിട്ടില്ല. സിവില്‍ എന്‍ജിനീയറിങ്ങും ആര്‍ക്കിടെക്ച്ചറും ഇന്റീരിയര്‍ ഡിസൈനിങ്ങും വികസിച്ച നാട്ടില്‍ പരമ്പരാഗത വാസ്തുവിദ്യപോലും അന്യംനിന്നുപോയിരിക്കുന്നു. ഇരുമ്പുവിദ്യയുടെയും (തുരുമ്പിക്കാത്ത ഇരുമ്പ്) കൂട്ടുലോഹങ്ങളുടെ സവിശേഷതയേയും (ആറന്മുള കണ്ണാടി) വിഗ്രഹ നിര്‍മ്മാണത്തിന്റെയും ആഭരണ വ്യവസായത്തിന്റെയും തുടങ്ങി നിരവധിയായ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ഒരുകാലത്തെ തലതൊട്ടപ്പന്മാരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം ഇടപെടേണ്ടതായിട്ടുണ്ട്. തമസ്‌ക്കരിക്കപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനത്തെ ഉയര്‍ത്തി എടുക്കുകവഴി സൃഷ്ടിപരമായ പ്രവര്‍ത്തനത്തെ കൂടുതല്‍ കരുത്തോടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. അതുവഴി അവരുടെ ഭൂതകാലത്തെ വര്‍ത്തമാനകാലത്തിലേക്ക് ആനയിക്കാനും ചരിത്രപരമായ നിലനില്‍പ്പിനെ ശക്തിപ്പെടുത്താനും കഴിയും.