"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

യുദ്ധത്തിന്റെ തത്വശാസ്ത്രവും വെടിയുണ്ടയുടെ ശരീരഭാഷയുംയുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴെല്ലാം മരിച്ചുവീഴുന്നവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകകളും ഉദ്ധരിച്ച് നിരാശരായിപ്പോകുന്നവരുടെ ദൈന്യത നിരത്തി നിറച്ച് മാധ്യമങ്ങളില്‍ നിന്നൊക്കെ കാവ്യഭാഷയില്‍ വിലാപങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാറുള്ളത് പതിവായിട്ടുണ്ട്. മനുഷ്യന്‍ മനുഷ്യനെ കൊല്ലുകയെന്ന പ്രതിസംസ്‌കാരപരവും അമാനവകരവുമായ ഈ ഉന്മൂലനപ്രക്രിയക്ക് ആലങ്കാരികമായ ചില നിര്‍വചനങ്ങള്‍ നല്കാമെന്നല്ലാതെ, യുദ്ധത്തെ നിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഈവക വിലാപങ്ങള്‍ മുന്നോട്ടു വെക്കുന്നില്ല.

ഭരണകൂടത്തെ സജീവമായി നിലനിര്‍ത്തുന്ന യുദ്ധമെന്ന ശ്വാസോഛ്വാസ വ്യവസ്ഥയിലെ ജീവാണുക്കളായി സൈനികരെ ഇന്ന് വളരെയധികം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവരെ മനുഷ്യരെന്ന നിലയില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോഴാണ് കവനകലാ കോവിദന്മാര്‍ക്ക് യുദ്ധനിര്‍വചനങ്ങളില്‍ പിഴവു പറ്റുന്നത്. പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് അമാനവീകരിക്കപ്പെട്ട ശേഷമാണ് മനുഷ്യന്‍ യോദ്ധാവായി മാറുന്നത്. യുദ്ധസന്നദ്ധനായി ക്കഴിയുമ്പോഴേക്കും അവന്‍ - ആ യോദ്ധാവ് എല്ലാത്തരം മാനവ മൂല്യങ്ങളിലും അധിഷ്ഠിതമായ പൂര്‍വ ജന്മത്തില്‍ നിന്ന് അകന്ന് ക്രൂരതയുടെ മറ്റൊരു നൃശംസ്യ മണ്ഡലത്തില്‍ പ്രവേശിക്കുന്നു. അവിടെ അവന്റെ ധാര്‍മിക പ്രവൃത്തി യുദ്ധം ചെയ്യുക എന്നതു മാത്രമാണ്. ഹൈന്ദവ മതാചാര്യ സ്ഥാനത്തേക്ക് പ്രവേശിക്കുന്ന ആള്‍ തന്റെ ആശ്രമപൂര്‍വ ബന്ധങ്ങളെയെല്ലാം ഉപേക്ഷിക്കുകയും ജീവിച്ചിരിക്കുന്ന അച്ഛനമ്മമാര്‍ക്കു പോലും ബലിയര്‍പ്പിക്കയും ചെയ്യുന്നു. ഇപ്പോള്‍ അവന് ലഭിച്ചിരിക്കുന്നത് പുതിയ ജന്മമാണ്. അവിടെ അവന് ബന്ധുജന - വര്‍ഗ - ലിംഗ ഭേദമില്ല. മനുഷ്യന്‍ യോദ്ധാവായി പരിശീലിപ്പിക്കപ്പെട്ടു കഴിയുമ്പോഴും ഇത്തരം ഒരു വിപരിണാമം സംഭവിക്കുന്നു. അതായത് ഒരുവന്‍ യോദ്ധാവ് / പൊലീസ് / പട്ടാളമായി മാറിക്കഴിയുമ്പോള്‍ അവനേയും അമ്മയെന്നോ, പെങ്ങളെന്നോ ഒക്കെയുള്ള ഭേദചിന്ത തീണ്ടാറില്ല. അതുകൊണ്ടാണ് അവന് മാതൃതുല്യയായ സ്ത്രീകളുടെ അമ്മിഞ്ഞകള്‍ പിടിച്ചു ഞെരിക്കുമ്പോഴും കൗതുകത്തോടെ ഇതു നോക്കിക്കാണുന്ന പിഞ്ചു കുഞ്ഞിന്റെ തലയില്‍ ലാത്തികൊണ്ടടി ക്കുമ്പോഴും അതെല്ലാം ക്രൂരമായ പ്രവൃത്തിയാണെന്ന് തോന്നാത്തത്. പരിശീലന കേന്ദ്രത്തില്‍ വെച്ച് അവന്‍ ഹൃദിസ്ഥമാക്കിയിട്ടുള്ള സൈനിക പാഠങ്ങളാണ് അവനെ നിഷ്ഠൂരതകളുടെ പര്യായമായി പരിവര്‍ത്തിപ്പിച്ചെടുത്തത്. മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഏകവും ഉദാത്തവുമായ 'പുഞ്ചിരി' എന്ന ഗുണം ഒരു പൊലീസുകാരനിലും / പട്ടാളക്കാരനിലും കാണാന്‍ കഴിയാത്തത് പരിശീലന കേന്ദ്രത്തില്‍ വെച്ച് മനുഷ്യത്വം അവനില്‍ നിന്ന് ചോര്‍ത്തപ്പെട്ടു പോയതുകൊണ്ടാണ്.

മാനവനെ സൈനിക വത്കരിക്കുന്നതിലൂടെ ഭരണകൂടം അഭംഗുരം നടപ്പാക്കിക്കൊണ്ടിരിക്കുന്ന അമാനവവത്കരണ പരിപാടിയിലെ ഹീനതകളേയും പരിശീലന തന്ത്രങ്ങളേയും അതിന്റെ പാഠ്യപദ്ധതികളേയും വിമര്‍ശന വിധേയമാക്കുന്ന ഒരു സിനിമ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. സൈദ്ധാന്തിക വിവക്ഷകളില്‍ കുരുക്കിയിടാന്‍ കഴിയാത്ത ധിഷണാശാലികളില്‍ പ്രമുഖനായ സ്റ്റാന്‍ലി കുബ്രിക് 1987 ല്‍ എടുത്ത 'ഫുള്‍ മെറ്റല്‍ ജാക്കറ്റ്' ആണ് ആ സിനിമ. സൈനികവത്കരണത്തിലൂടെ എപ്രകാരമാണ് മാനവനെ അമാനവവത്കരിക്കുന്നതെന്ന് വിശദമായി കാണിച്ചുതരുന്നു ഈ സിനിമ. 

വിതച്ചതു കൊയ്തവന്റെ ദുരന്തഫലം അനുഭവിച്ചയാളാണ് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്‍. 1988 ല്‍ വടക്കന്‍ ഇറാഖിലെ ആയിരക്കണക്കിന് വരുന്ന കുര്‍ദ്ദുകളെ കൂട്ടക്കുരു തിക്ക് വിധേയരാക്കിയപ്പോള്‍ പാരിതോഷികമായി സദ്ദാമിന് ലഭിച്ചത് രാസായുധം നിര്‍മിക്കുന്നതിനുള്ള കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ സഹായമാണ്. അതേ രാസായുധ ങ്ങളുടെ പേരില്‍ അമേരിക്കന്‍ സേന ഇറാഖികളെ കൊന്നൊടു ക്കിയപ്പോള്‍ അന്നു കുര്‍ദ്ദുകളെ കൊന്നുകൊണ്ട് താന്‍ വിതച്ച വിത്തുകളിപ്പോള്‍ തന്റെ പാവം ജനത കൊയ്‌തെടുക്കാന്‍ വിധിക്കപ്പെടുക യായിരുന്നുവെന്ന് സദ്ദാം മറന്നുപോയി. കാരണം, അടിസ്ഥാനപരമായി സദ്ദാം ഒരു പട്ടാളക്കാരനാണ്. കുര്‍ദ്ദുകള്‍ അന്നു നേരിട്ട ദുരന്തം തന്റെ ജനത എന്നെങ്കിലും അനുഭവി ക്കേണ്ടി വന്നാലുള്ള ഫലം എന്തായിരുക്കുമെന്നു ചിന്തിക്കുന്ന തിനുള്ള ശേഷി പട്ടാളക്കുപ്പായത്തിനുള്ളിലെ സദ്ദാമിന് തീരെ ഇല്ലായിരുന്നു. കുഴപ്പം ആ കുപ്പായത്തിന്റേതാണ്. അത് അണിയുന്നവന്‍ മാനവികതയില്‍ നിന്ന് അകന്നു മാറുന്നു. അത്തരം പട്ടാളക്കുപ്പായങ്ങളുടെ അരാഷ്ട്രീയ വ്യവസ്ഥകളെ ചൂഴ്ന്നാണ് സ്റ്റാന്‍ലി കുബ്രിക് 'ഫുള്‍ മെറ്റല്‍ ജാക്കറ്റ്' കാഴ്ചയൊരുക്കിയത്.

ഒരുകൂട്ടം യുവതയെ സൈനിക പരിശീലന കേന്ദ്രത്തില്‍ വെച്ച് മാനവ രഹിതരാക്കിയ ശേഷം അധിനിവേശ യുദ്ധത്തിനായി വിയറ്റ്‌നാമിലേക്കയച്ചതും നിരാശ്രരായ വിയറ്റ്‌നാം ജനതക്കുമേല്‍ അവര്‍ നടപ്പാക്കിയ അയോധന മുറകളുടെ ക്രൂര വിളയാട്ടവും നേരിയ അളവിലെങ്കിലും തങ്ങള്‍ക്കു നേരിടേണ്ടിവന്ന വിനാശകരമായ തിരിച്ചടികളുമാണ് ഫുള്‍ മെറ്റല്‍ ജാക്കറ്റില്‍ ഇരുപാതികളിലായി ദൃശ്യവത്കരിച്ചിരിക്കുന്നത്. ഗുസ്താവ് ഹസ്‌ഫോര്‍ഡിന്റെ 'ദി ഷോര്‍ട്ട് ടൈമേഴ്‌സ്' എന്ന നോവലിനെ ആധാരമാക്കി ആവിഷ്‌കരിച്ച, എക്കാലത്തേയും മഹത്തായ ഈ യുദ്ധവിരുദ്ധ സിനിമയുടെ ആദ്യപകുതി സൈനിക പരിശീലന കേന്ദ്രത്തിലെ അമാനവവത്കരണത്തിനായി പൂപകല്പന ചെയ്യപ്പെട്ട പാഠ്യപദ്ധതികളെന്തെന്ന് വിശദമായി ചര്‍ച്ചചെയ്യുന്നു. മനസും മാംസവും മരവിപ്പിക്കുന്ന അതികഠിനവും അശാസ്ത്രീ യവുമായ പരിശീലന മുറകള്‍ വിശ്രമവും വിരാമവുമില്ലാതെ, ദിനരാത്ര ഭേദമില്ലാതെ മാനവരിലേക്ക് ചെലുത്തുകയാണ് അമാനവവത്കരണ പ്രക്രിയയിലെ ആദ്യപടി. അതിനിഷ്ഠൂരവും ഹിംസാത്മകവുമായ ഭരണകൂടതന്ത്രത്തിന്റെ ഇത്തരം ഹീനമാര്‍ഗങ്ങളില്‍ വെച്ച് അമാനവവത്കരിക്കപ്പെടാന്‍ തയാറില്ലാത്തവന് മരണം തന്നെയാണ് ശിക്ഷ. ലിയോണാര്‍ഡ് ലോറന്‍സ് എന്ന പാവം ചെറുപ്പക്കാരന്‍ അങ്ങനെയാണ് സ്വയം വെടിയേറ്റ് കൊല്ലപ്പെടുന്നത്. എതിര്‍ സ്വരങ്ങള്‍ക്ക് സ്വീകാര്യതയി ല്ലെന്നു മാത്രമല്ല ശബ്ദിക്കുന്നവന്റെ കാതുകള്‍ കടുത്ത തെറിഭാഷണം കൊണ്ട് കുത്തിപ്പൊട്ടിക്കുകയും ചെയ്യും! അല്ലെങ്കില്‍ വൃത്തികെട്ട കാഴ്ചകള്‍ കാണിച്ച് അവന്റെ കണ്ണു പൊട്ടിക്കും. 'Who is the slimy communist coack sucker down here? come over to my house and fuck my sister' ഭീകരനായ പരിശീലക മേധാവി ഗുണ്ണറി സര്‍ജന്റ് ഹാര്‍ട്ട്മാനെ അവതരിപ്പിക്കുന്ന ആര്‍ ലി എര്‍മിയാണ് ഇത്തരം നിലക്കാത്ത തെറികള്‍ കൊണ്ട് ആജ്ഞാപിക്കുന്നത്. ഇത്തരം തെറിശിബിരത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു പൊലീസുകാരന് ശ്ലീലാശ്ലീല വിവേകം തീരെയുണ്ടാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊ ണ്ടാണ് ഗര്‍ഭിണിയായ ആദിവാസി യുവതിയെ ലാത്തികൊണ്ടടി ക്കുന്നതിന് മുമ്പ് 'സഹോദരാ, നീ ഗര്‍ഭിണിയാണോ?' എന്ന് പൊലീസിന് ചോദിക്കാന്‍ കഴിയാത്തതും ഇത്തരം വീരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളമ്പുമ്പോള്‍ പൊലീസുകാരന് ഉളുപ്പില്ലാതിരിക്കുന്നതും. പ്രതിയായി പിടിക്കപ്പെടുന്നവനെ കയ്യില്‍ കിട്ടിയാലുടനെ അവന്റെ കണ്ണു കുത്തിപ്പൊട്ടിക്കുന്ന തിന്റേയും കാതു തല്ലിപ്പൊട്ടിക്കുന്നതിന്റേയും പിന്നിലെ സൈനിക മനശാസ്ത്രം ഇതാണ്. പരിശീലന കേന്ദ്രത്തില്‍ വെച്ച് പൊലീസുകാരന്റെ പഞ്ചേന്ദ്രിയങ്ങളും നിര്‍വീര്യമാക്കപ്പെട്ടിരിക്കും. 

നിലക്കുന്ന ഉച്ചസ്വരങ്ങളോ ആജ്ഞാപനങ്ങളോ, ചലിക്കാത്ത ദൃശ്യങ്ങളോ മാംസാകാരങ്ങളോ ആദ്യ പകുതിയിലെ അസാന്നിധ്യമാണ്. നിരന്തരം തെറിപറഞ്ഞ് കാത് മൂളിക്കുന്ന ഹാര്‍ട്ട്മാനെ അവതരിപ്പിക്കുന്ന ലീ എര്‍മി സാക്ഷാല്‍ ഒരു സൈനിക പരിശീലകന്‍ തന്നെയാണ്. ചില സാങ്കേതിക ഉപദേശങ്ങള്‍ക്കായി കുബ്രിക് ഇദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. ലീ എര്‍മിയുടെ പ്രകടനത്തില്‍ അതിശയിച്ചുപോയ കുബ്രിക് ഹാര്‍ട്ട്മാന്റെ റോളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു. എന്നാല്‍ ലീ എര്‍മി അഭിനയിക്കുക യുണ്ടായില്ല - ഹാര്‍ട്ടമാനായി അവതരിക്കുകതന്നെ ചെയ്തു.

യോദ്ധാക്കളാകേണ്ടുന്ന യുവാക്കളുടെ തലമുടി വടിച്ചു മാറ്റുന്നതാണ് പരിശീലന പരിപാടിയുടെ പ്രാരംഭ നടപടി. ആമുഖദൃശ്യത്തില്‍ ഇത്തരത്തില്‍ മുടി വടിച്ചുമാറ്റപ്പെടുന്ന യുവാക്കളുടെ ദൃശ്യശകലിതങ്ങളുടെ ആവര്‍ത്തനം കൊണ്ട് അലംകൃതമാണ്. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് അമാനവ വത്കരണ പ്രക്രിയയെ പരാമര്‍ശിക്കുമ്പോള്‍ അതിനെ ഹൈന്ദവമതാചാര്യ സ്ഥാനാരോഹണവുമായി താരതമ്യം ചെയ്തതിലുള്ള സാംഗത്യമിതാണ്. ഇരുപ്രക്രിയകളും ലക്ഷ്യമിടുന്നത് യുദ്ധവിരുദ്ധ വികാരങ്ങളില്‍ വെച്ച് അത്യുദാ ത്തമായ 'സാഹോദര്യ'ത്തെ ഇല്ലായ്മ ചെയ്യുന്നതിനാണ്. യുദ്ധസന്നദ്ധനായ ഒരുവനില്‍ സാഹോദര്യമെന്ന വികാരമു ണ്ടായാല്‍ ഭരണകൂടത്തിന്റെ നിഗൂഢലക്ഷ്യങ്ങള്‍ സാധ്യമാകാതെ വരും. യോദ്ധാവില്‍ അങ്കുരിക്കുവാനിടയുള്ള സാഹോദര്യത്തെ നശിപ്പിക്കുകയും യുദ്ധസാന്നിധ്യം അവനില്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായി രൂപപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും നീചമായ യുദ്ധതന്ത്രമാണ് ഭഗവത് ഗീത. ശിരോമുണ്ഡനമെന്ന ഈ ബിംബകല്പനയുടെ ചേര്‍പ്പിലൂടെ ഭഗവത് ഗീത ഉയര്‍ത്തുന്ന യുദ്ധനിലപാടുകളുടെ പ്രത്യയശാസ്ത്ര പരിസരങ്ങളിലേക്ക് കാഴ്ചയെ എത്തിക്കുന്നതിന് ഫുള്‍ മെറ്റല്‍ ജാക്കറ്റ് ഒരു സവിശേഷ അവസരമൊരുക്കുന്നു.

സിനിമയുടെ രണ്ടാം പകുതിയാകട്ടെ അമേരിക്കയുടെ നേതൃത്വ ത്തില്‍ വിയറ്റ്‌നാമില്‍ അരങ്ങേറിയ നരമേധങ്ങളുടെ നേര്‍ പകര്‍പ്പുകള്‍ കൊണ്ട് പൂരിതമാണ്. ആദ്യപകുതി ഹാര്‍ട്ട്മാന്‍ ഉച്ചരിക്കുന്ന തെറികള്‍ കൊണ്ട് മുഖരിതമായിരുന്നുവെങ്കില്‍ രണ്ടാം പകുതിയില്‍ ചീറ്റിത്തെറിക്കുന്ന ആയുധങ്ങളാണ് നിറഞ്ഞു നില്ക്കുന്നത്. യുദ്ധരംഗങ്ങളുടെ നേര്‍ ചിത്രണത്തിലൂടെ തന്നെ യുദ്ധവിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കുന്നതിനായി വിരചിക്ക പ്പെടുന്ന ചിത്രങ്ങളില്‍ വെച്ച് ലോകോത്തരമാണ് ഫുള്‍ മെറ്റല്‍ ജാക്കറ്റ് എന്ന് സൂചിപ്പിച്ചുവല്ലോ. മുമ്പ് യുദ്ധവിരുദ്ധ ചിത്രങ്ങ ളുടെ ലേബലൊട്ടിച്ച് പുറത്തിറക്കിയിരുന്ന ചിത്രങ്ങളൊക്കെയും ആധുനികമായ സ്‌പെഷ്യല്‍ ഇഫക്ടുകളും ശബ്ദതന്ത്രങ്ങളും പരീക്ഷിക്കുന്നതിനുള്ള ഉപാധിയായിരിക്കുകയും ഫലത്തിലവ യുദ്ധത്തിനനുകൂലമായ ആരാധനാ മനോഭാവം വളര്‍ത്തിയെടു ക്കുകയുമാണ് ചെയ്തിട്ടുള്ളത്.

തകരുന്ന കെട്ടിടങ്ങള്‍ക്കും കത്തുന്ന അവശിഷ്ടങ്ങള്‍ക്കും പിന്നിലുയരുന്ന കറുത്ത പുക പൂരിതമാക്കുന്ന അന്തരീക്ഷം പടര്‍ത്തുന്ന ഭീതിയാണ് ദൃശ്യതയില്‍ ഇതരസിനിമകളെ അതിശയിപ്പിക്കുന്ന മൗലികത. ഇതിനിടയിലൂടെ, വെളുത്തവന്റെ സങ്കല്പത്തിലെ ബഹിഷ്‌കൃതന്‍ - കറുത്തവനും കുറിയവനും - എത്രമാത്രം നീചനും നിന്ദ്യനുമായി നിര്‍മിക്കപ്പെടുന്നുവെന്ന് കുബ്രിക് വ്യക്തമാക്കുന്നു. ബഹിഷ്‌കൃതന്റെ ലിംഗവ്യവസ്ഥ കളേയും ശരീര - ഭാഷണ വ്യവസ്ഥകളേയും അവഹേളിക്കു മ്പോള്‍ വെളുത്തവന്‍ പുറത്തെടുക്കുന്ന ഹീനതകള്‍ ലോകത്തെ ഒരു പ്രത്യയശാസ്ത്രത്തിനും നിരക്കുന്നതല്ലെന്നു കാണാം. യുദ്ധമുന്നണിയില്‍ വെച്ച് എപ്പോഴും ശത്രുപാളയത്തിലേക്ക് പരീക്ഷണപ്പോക്ക് പോകുന്നത് എപ്പോഴും കറുത്തവനായിരിക്കും. അവന്‍ ചത്താല്‍ ആര്‍ക്കു ചേതം? വെളുത്തവന്‍ ചുമതലാ രഹിതനായിരിക്കുമ്പോള്‍ പോലും റേഡിയോ തുടങ്ങിയ വിനിമയ ഉപകരണങ്ങള്‍ ചുമക്കേണ്ട ജോലിയും കറുത്തവന്റേതു തന്നെ. മരണവേളയില്‍ പോലും വര്‍ണപരമായ അകലം പാലിക്കാന്‍ വെളുത്തവന്‍ ബദ്ധശ്രദ്ധനാണ്.

അമേരിക്കയുടെ യുദ്ധ നിലപാടുകള്‍ക്കെതിരേ ഉയരുന്ന സ്വരങ്ങള്‍ വലിയൊരു പങ്ക് ആ രാജ്യത്തെ ബഹുജനങ്ങളില്‍ നിന്നു തന്നെയാണ്. അതിനുള്ള ഒരു സാക്ഷ്യം പോലുമാണ് ഫുള്‍ മെറ്റല്‍ ജാക്കറ്റ്. 2003 ലെ ഓസ്‌കാര്‍ ദാന ചടങ്ങ് മികച്ച ചലച്ചിത്രങ്ങളെ അംഗീകരിക്കുന്നതിനുള്ള വേദി എന്നതിനേക്കാളേറെ യുദ്ധത്തി നെതിരായിട്ടുള്ള ചലച്ചിത്രകാരന്മാരുടെ പ്രതിഷേധ സ്വരം കൊണ്ടാണ് ശ്രദ്ധേയമായത്. എന്നാല്‍ ഓസ്‌കാറും അക്കാദമിയും പൂര്‍ണമായും യുദ്ധവിരുദ്ധ നിലപാടുകളെ പിന്തുണച്ചിരുന്നുവോ? അങ്ങനെയെങ്കില്‍ 70 വര്‍ഷത്തെ ജീവിതത്തിനും 20 ഓളം വരുന്ന ചെറുതും വലുതുമായ ചലച്ചിത്ര രചനകള്‍ കൊണ്ടും മാനവതയെ അങ്ങേയറ്റം ഉയര്‍ത്തുവാന്‍ ശ്രമിച്ച സ്റ്റാന്‍ലി കുബ്രിക്കിന് എന്തേ ചെറിയൊരു ഓസ്‌കാര്‍ പോലും കൊടുക്കു കയുണ്ടായില്ല. എത്രയോ മികച്ചതല്ലാത്ത സിനിമകള്‍ക്ക് മഹത്തരമെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഓസ്‌കാറുകള്‍ വാരിക്കോരി കൊടുത്തിരിക്കുന്നു. മഹാനായ ഒരു കലാകാരനോട് അനാദരവ് കാട്ടുകയും അദ്ദേഹത്തിന്റെ യുദ്ധവിരുദ്ധ നിലപാടുകളെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്ന അക്കാദമിയുടെ ഇരട്ടത്താപ്പ് മറ്റു പല അവാര്‍ഡ് നിര്‍ണയ കമ്മിറ്റികളും പഠിച്ചു വെച്ചിട്ടുണ്ട്.

*സമീക്ഷ 2003 ജൂലൈ ലക്കം.